കാശുപിരിക്കാൻ ഉറച്ച് കേരള ബജറ്റ്; കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായ വില, മദ്യം, പെട്രോൾ, ബൈക്ക്, കാർ എല്ലാത്തിനും കൂടും

 പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കുത്തനെ കൂട്ടി. കെട്ടിട നികുതിയും വർധിപ്പിക്കും. വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു.

ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.

ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

കെട്ടിടങ്ങൾ വെറുതെ ഇട്ടാലും നികുതി

ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു. ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. അപേക്ഷാ ഫീസ്, ​കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.

ഒരു വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതിയതായി നിർമിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും നികുതിയും ചുമത്തും. ഭൂമി, കെട്ടിട നികുതി പരിഷ്കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വർധനവാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി വർധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തിൽ റോയൽറ്റി പരിഷ്കരിക്കാനും തീരുമാനമായി. 

മദ്യത്തിനും ഇന്ധനത്തിനും നികുതിക്ക് പുറമെ സെസും

500 രൂപ മുതല്‍ വിലയുള്ള മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തുന്നത്.

വാഹന വിലയും കൂടും

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കും. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കും.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സമയത്ത് ഈടാക്കുന്ന സെസില്‍ ഇരട്ടി വര്‍ധനവ് ഏര്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇപ്പോള്‍ 50 രൂപയാണ് സെസ് ഇത് 100 രൂപയായി ഉയര്‍ത്തി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപയായും മീഡിയോ മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചു.

വിലക്കയറ്റ ഭീഷണി നേരിടാന്‍ ബജറ്റില്‍ 2000 കോടി വകയിരുത്തിയിട്ടുണ്ട്‌. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു.

നികുതിയുടെ പേരിൽ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷ നേതതാവ് വിഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പ്രഖ്യാപിച്ചു . 

വിലക്കയറ്റമുണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ആശങ്കയും സതീശൻ പങ്കുവെച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെട്ടു. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വർദ്ധനവാണ് ബജറ്റിലുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. 

കിഫ്‌ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്‌ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്‌ബിയെന്നും സതീശൻ ചോദിച്ചു. നികുതി വർധിപ്പിച്ചത് സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ബജറ്റിലെ കേരളാ മോഡൽ വായ്ത്താരികൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. സർക്കാരിന് സർക്കാർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കൈ വയ്ക്കാൻ പറ്റുന്ന ഇടങ്ങളിൽ എല്ലാം സർക്കാർ കൊള്ളയടിയാണ്. ന്യായ വില കൂട്ടിയതിന് ശാസ്ത്രീയത ഇല്ല. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. 

കാറിന് തീപിടിച്ചത് എങ്ങനെ ? ദുരൂഹത തീരുന്നില്ല

0

കാര്‍ കത്തിയമര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ അവ്യക്തമായ വിശദീകരണവുമായി ഗാതാഗത വകുപ്പ്. കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നന്ന് ആയിരിക്കാം എന്നാണ് നിഗമനം. സ്വന്തം സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്നിക്കിരയായി.

ഇത്രവേഗം തീപിടിക്കുന്നത് എന്തായിരുന്നു കാറിൽ

കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.

തീ പടര്‍ന്നത് ഡാഷ് ബോഡില്‍നിന്നാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആര്‍.ടി.ഒ. പറഞ്ഞു. കാറിന്റെ ഡാഷ് ബോഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല. പ്രത്യേകം സൗണ്ട് ബോക്‌സും ക്യാമറയും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ബോഡില്‍ സാനിറ്റൈസര്‍ പോലെ എന്തെങ്കിലും വേഗം തീപ്പിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. ഫോറന്‍സിക്ക് വിഭാഗവും അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

പ്രസവ വേദനയുമായ് ……..

പ്രസവ വേദനയെത്തുടര്‍ന്ന് കുറ്റിയാട്ടൂരിലെ വീട്ടില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വ്യാഴാഴ്ച രാവിലെ 10.48-ന് ആയിരുന്നു കണ്ണൂരിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ ടി.വി. പ്രജിത്ത് (35)ഭാര്യ കെ.കെ. റീഷ (26)എന്നിവരാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

ജില്ലാ ആശുപത്രി, സംഭവസ്ഥലത്തുനിന്ന് കഷ്ടി 75 മീറ്റര്‍ അകലെയും അഗ്നിരക്ഷാ സേനാ നിലയം 40 മീറ്റര്‍ അകലെയും ഉണ്ടായിരുന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ കണ്ടുനിന്ന ആര്‍ക്കും ഒന്നും ചെയ്യാനായില്ല. നാട്ടുകാര്‍ ഓടിയെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനാ യൂണിറ്റില്‍നിന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി. ഹരിദാസന്റെയും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. ലക്ഷ്മണന്റെയും നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന പ്രജിത്തിന്റെയും മുന്‍സീറ്റിലിരുന്ന റീഷയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിയമര്‍ന്നിരുന്നു.

കുറ്റിയാട്ടൂര്‍ ബസാറിലെ കെ.കെ.വിശ്വനാഥന്റെയും ശോഭനയുടെയും മകളാണ് റീഷ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പരേതരായ ഓട്ടക്കണ്ടി ഗോപാലന്റെയും താമരവളപ്പില്‍ കൗസല്യയുടെയും മകനാണ് കരാര്‍ ജോലിക്കാരനായ പ്രജിത്ത്.

അപകട സമയത്ത് കാറില്‍ പ്രജിത്ത്-റീഷ ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി, വിശ്വനാഥന്‍, ഭാര്യ ശോഭന, വിശ്വനാഥന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ സജിന എന്നിവരും ഉണ്ടായിരുന്നു. വിശ്വനാഥന്റെ കാലില്‍ ചെറിയ പൊള്ളലേറ്റു.

വിദേശ യാത്രയിൽ സർവകാല റെക്കോഡുമായി മോഡി, സന്ദർശിച്ചത് 21 രാജ്യങ്ങൾ

2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍ 22.76 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപ ചിലവഴിച്ചു. അതോടൊപ്പം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 20,87,01,475 കോടി രൂപയും ചെലവഴിച്ചു. 2019 മുതല്‍ എസ്. ജയ്ശങ്കര്‍ 86 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

2019 മുതല്‍ രണ്ടു രാഷ്ട്രപതിമാരുടെ വിദേശ സന്ദര്‍ശനത്തിനായി 6.24 കോടിരൂപയാണ് ചെലവഴിച്ചിട്ടുള്ളത്. രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദ് 2019 മുതല്‍ ഏഴു വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2022-ല്‍ രാഷ്ട്രപതി സ്ഥാനത്തെത്തിയ ദ്രൗപദി മുര്‍മു ഇതുവരെ ഒരു വിദേശ സന്ദര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെയിലേക്കായിരുന്നു ഇത്.

യുവതിയുടെ പ്രസവത്തിനായ് ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ കത്തി, ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് ഭാര്യയുമായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.

 കുററ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.

ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.  

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ആശുപത്രിക്ക് 100 മീറ്റര്‍ മാത്രം അകലെവെച്ചാണ് തീപിടിച്ചത്. തീ ആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ രക്ഷപ്പെടാനാകാതെ ഇരുവരും അഗ്നിക്കിരയാവുകയായിരുന്നു.

ഡോർ ജാമായി, നിമിഷം കൊണ്ട് തീ പടർന്നു

ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തില്‍ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍ക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ കാറിന് ഉള്‍വശം പൂര്‍ണമായി കത്തിനശിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തീ കണ്ടതിനെ തുടര്‍ന്ന് വഴിമധ്യേ നിര്‍ത്തിയ കാര്‍ റോഡില്‍ നിന്നുകത്തുകയായിരുന്നു. മരിച്ച പ്രജിത്തും റീഷയും മുന്‍വശത്താണ് ഇരുന്നിരുന്നത്. ഇവര്‍ക്ക് പുറമേ റിഷയുടെ മാതാപിതാക്കളും ഒരുകുട്ടിയും ഉള്‍പ്പെടെ നാല് പേരും കാറിലുണ്ടായിരുന്നു. പിന്‍സീറ്റിലായിരുന്ന ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാറിന്റെ ഡാഷ്‌ബോര്‍ഡിന് മുന്‍വശത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നുകൊടുത്തത്. പിന്‍സീറ്റിലിരുന്ന നാലുപേരും ഉടന്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാല്‍ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ പ്രജിത്തും റിഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

തീ കത്തി പടർന്നു, സഹായത്തിനായ് വിളിച്ചിട്ടും അടുക്കാനാവാതെ നാട്ടുകാർ

ഓടിക്കൂടിയവരെ കൈകാട്ടി വിളിച്ച് പ്രജിത്ത് സഹായം അഭ്യര്‍ഥിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തിന് സമീപത്തേക്ക് ആര്‍ക്കും അടുക്കാനായില്ല.

അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയര്‍ സ്റ്റേഷന്‍. ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഫയര്‍ ഫോഴ്‌സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. എന്നാല്‍ തീ അതിവേഗത്തില്‍ ആളിപ്പടര്‍ന്നതിനാല്‍ വാഹനത്തില്‍നിന്ന് പുറത്തെടുക്കും മുമ്പേ തന്നെ പ്രജിത്തും റീഷയും മരിച്ചിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍വശത്തെ ഡോറ് തുറക്കാന്‍ കഴിയാത്തതാണ് രണ്ടുപേര്‍ വെന്തുമരിക്കാന്‍ കാരണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

വയനാട്ടിൽ ഭീതി വിതച്ച കടുവയുടെ ജഡം കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ

നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്നാണ് വിവരം. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി.

കടുവ ഭീതിയിലായ പ്രദേശ വാസികൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. രാത്രിയും പകലും പുറത്തിറങ്ങുന്നത് ഭയപ്പാടോടെ ആയി. ഒറ്റപ്പെട്ട തോട്ടങ്ങളിൽ ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥവരെ ഉണ്ടായി. പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 8 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.

ജനജീവിതം കടുത്ത ഭീതിയിൽ തുടരുന്നതിനിടെയാണ് കഴുത്തിൽ കുരുക്ക് മുറുകി കടുവയെ കണ്ടെത്തിയത്. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

2027 ഏഷ്യ കപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ

0

2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് തീരുമാനം പ്രഖ്യാപിച്ചത്.

സൗദിയോടൊപ്പം ടൂർണമെന്റിന്റെ നടത്തിപ്പവകാശത്തിന് വേണ്ടി ഉസ്‌ബെക്കിസ്താനും ഇന്ത്യയും ഖത്തറും ശ്രമിച്ചിരുന്നു. പക്ഷെ ടൂർണമെന്റ് നടത്തുന്നതിനായുള്ള ലേലത്തിൽ നിന്ന് ഇന്ത്യ ഡിസംബറിൽ പിൻവാങ്ങി.

ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രമുഹൂർത്തമാണെന്ന് സൗദി അറേബ്യയുടെ കായിക മന്ത്രിയും ഒളിമ്പിക് – പാരാലിമ്പിക് കമ്മിറ്റിയുടെ ചെയർമാനുമായ എച്ച്ആർഎച്ച് പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.

ഏഷ്യൻ ഫുട്ബോളിൽ മുൻ നിരയിലേക്ക് കടന്നു വരൻ ആഗ്രഹിക്കുന്ന സൗദി അറേബ്യക്ക് സുവർണാവസരമാണ് ഈ ടൂർണമെന്റ്. കഴിഞ്ഞ 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്ക് എതിരെ നേടിയ അട്ടിമറി വിജയത്തിലൂടെ ലോക ഫുട്ബോൾ ആരാധരുടെ ശ്രദ്ധ രാജ്യം ആകർഷിച്ചിരുന്നു. കൂടാതെ, കരിയറിൽ അഞ്ച് ബാലൺഡോറുകൾ നേടിയ സൂപ്പർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ലീഗിലേക്ക് എത്തിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.

റേഡിയോ ആക്ടീവ് കാപ്സ്യൂൾ ട്രക്കിൽ നിന്നും മരുഭൂമിയിൽ തെറിച്ചു വീണു, കണ്ടെത്താനായി ഒരുക്കിയത് വൻ സന്നാഹം

0

ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ മരുഭൂമിയില്‍ ട്രക്കിൽ നിന്നും തെറിച്ചു വീണ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്.

ഇതിൻ്റെ വലിപ്പം 8×6 മില്ലി മീറ്ററാണ്. സിൽവർ നിറത്തിലുള്ള കാപ്യൂൾ കണ്ടെത്താനായി ജനുവരി മുതൽ തിരിച്ചിലായിരുന്നു. 1400 കിലോ മീറ്റർ വരുന്ന പാതിയിലാണ് ഇതുമായി ട്രക്ക് സഞ്ചരിച്ചത്.

ജനുവരി 12-ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് നഷ്ടമായത്. ജനുവരി 16 ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തിയെങ്കിലും ജനുവരി 25 ന് അത് തുറന്ന് നോക്കിയപ്പോഴാണ് കാപ്സ്യൂള്‍ നഷ്ടമായതായി കണ്ടെത്തിയത്. യാത്രക്കിടെയുണ്ടായ കമ്പനം മൂലം കാപ്‌സ്യൂള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോള്‍ട്ട് അയയുകയും കാപ്‌സ്യൂള്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് നിഗമനം.

വന്‍കിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ പക്കല്‍നിന്ന് ചരക്കുനീക്കത്തിനിടെയാണ് ഇത് നഷ്ടപ്പെട്ടത്.

ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്നതിനാല്‍ വ്യാപകമായ തിരിച്ചിലിലായിരുന്നു അധികൃതര്‍. ദൈർഘ്യമേറിയ പാതയായതിനാൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വിവിധ ഏജൻസികളുടെ പിന്തുണയോടെ റേഡിയേഷന്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്താൻ കഴിഞ്ഞത്. വൻ സന്നാഹങ്ങളാണ് ഇതിനായി ഒരുക്കിയത്. നാലു ദിവസം സഞ്ചരിച്ചാണ് ട്രക്ക് നിശ്ചിത സ്ഥാനത്ത് എത്തിയത്. അതുവരെയുള്ള റോഡിൽ റേഡിയോ ആക്ടീവ് സാന്നിധ്യം തിരയാൻ വിദഗ്ധരെ നിയോഗിച്ചു.

ഇന്ദിരയുടെയും രാജീവിൻ്റെയും മരണം അപകടമരണമെന്ന് ബി ജെ പി മന്ത്രി

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിൻ്റെ കുത്തകയല്ല. രാജീവും ഇന്ദിരയും മരിച്ചത് സാധാരണ അപകടത്തിലെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രി. ബി.ജെ.പി. നേതാവു കൂടിയായ ഗണേഷ് ജോഷിയുടേതാണ് വിവാദ പ്രസ്താവനം. രാഹുലിന്റെ കശ്മീര്‍ പ്രസംഗത്തിന് മറുപടി പറയവെ ആയിരുന്നു കണ്ടെത്തൽ അവതരിപ്പിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനിടെ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചവരാണ് എന്നും പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് ഗണേഷ് ജോഷി വിശദീകരിക്കയും ചെയ്തു.

രാഹുൽ ഗാന്ധി ജോഡോ യാത്രയുടെ സമാപനത്തിൽ പിതാവും മുത്തശ്ശിയും നഷ്ടമായപ്പോൾ താൻ അനുഭവിച്ച വേദനയെ കുറിച്ച് പറഞ്ഞിരുന്നു. ആക്രണങ്ങളെ വഴിയാക്കുന്ന മോഡിയ്ക്കും അമതിഷായ്ക്കും ആർ എസ് എസ് നും ആക്രമണത്തിൻ്റെ വേദന മനസിലാവില്ല എന്നായിരുന്നു രാഹുലിൻ്റെ വാക്കുകൾ.

”സിൽവർ ലൈൻ കേരള വികസനത്തിന് അനിവാര്യം”, കേന്ദ്രാനുമതി വൈകിപ്പിക്കുന്നത് പരോക്ഷമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിയമസഭയിൽ

സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അനുമതി കാത്തിരിക്കയാണ്. കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിച്ചാവും വികസന പ്രവർത്തനം എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  

കേന്ദ്ര ബജറ്റിൻ്റെ പശ്ചാത്തലത്തിൽ സിൽവർ ലൈനോ അതിവേഗ തീവണ്ടികളോ എന്ന ചർച്ച ചില മാധ്യമങ്ങൾ ഉയർത്തിയിരുന്നു. കേരളത്തിൻ്റെ അനിവാര്യ വികസന പദ്ധതിയെ പകരം കാമ്പയിൻ കൊണ്ട് അനിശ്ചിതത്വത്തിലാക്കുന്ന ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള നിലപാട് വ്യക്തമാക്കൽ.

വികസന കുതിപ്പിന് കേരളം ഉറച്ച് തന്നെ

അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ.റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു.  പദ്ധതി കടന്ന് പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ പറഞ്ഞിരുന്നു.

ഇടത്തരം സ്ഥിരവരുമാനക്കാർക്ക് തലോടൽ, ആദായ നികുതി പരിധി ഉയർത്തി

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോഡി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ ഇടത്തരക്കാർക്ക് തലോടൽ. ഏഴ് ലക്ഷം രൂപ വരെ വാർഷിക ഇൻകം ഉള്ള സ്ഥിരം വരുമാനക്കാർക്ക് സംരക്ഷണമേകി നികുതി പരിധി ഉയർത്തി.

ആദായനികുതി വരുമാന പരിധി 2.5 ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി വർധിപ്പിച്ചു. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല.

പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്കാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിൻ്റെ ​ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് 2.5 ലക്ഷമായിരുന്ന പരിധി മൂന്നു ലക്ഷമായി വ്യത്യാസപ്പെടുത്തി.

നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ പഴയ നികുതിദായർക്ക് അഞ്ച് ശതമാനമാണ് നികുതി. ആറ് മുതൽ 9 വരെ 10 ശതമനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനമാണ് നികുതി.

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു.