വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ

സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് സർചാർജ് ഇനത്തിൽ കൂടുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക.

കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടി ഈടാക്കുന്നത്. 87.7 കോടി രൂപ ഇങ്ങനെ ഉപഭോക്താക്കളിൽ നിന്നും വസൂലാക്കും.

കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി വർധിപ്പിക്കയാണ് ചെയ്തത്.

ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മേയ് കഴിഞ്ഞും നിരക്കിൽ വർധനയുണ്ടാകും.

രണ്ടാം മോഡി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. 2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള ഇളവുകൾ ഉണ്ടായോക്കും. അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.

ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ് വിലയിരുത്തൽ. മധ്യവർഗ്ഗ വോട്ട് ബാങ്ക് നിർണ്ണായകമാണ് എന്നതിനാലാണ് ഇത്.  ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.

സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് സാമ്പത്തിക സർവെ റിപ്പോർട്ട് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആരവങ്ങളില്ലാതെ എം ശിവശങ്കർ പടിയിറങ്ങി, തിരിച്ചു വരവ് ഉടനെന്ന് വാർത്ത

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൻ്റെ പതിവ് രീതികൾ ഇല്ലാതെയായിരുന്നു പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി. പടിയിറങ്ങി എങ്കിലും ശിവശങ്കര്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്തകളുണ്ട്.

സ്പ്രിംഗ്ലര്‍ മുതൽ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിൻ്റെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിൽ 98 ദിവസം ജയിലിൽ കിടന്നു. സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിക്കയായിരുന്നു. സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം  വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്. ഇതാണ് തിരിച്ചു വരവിനുള്ള സാധ്യത ചർച്ചയിൽ എത്തിച്ചത്. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ നിലനിർത്തുക എന്നതാവും സർക്കാർ വിശദീകരണം.

ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും കയ്യിൽ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്.

കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തിൽ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകൾ, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയൽ നോട്ടങ്ങൾ, രണ്ട് ദിവസം മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നൽകിയിരുന്നു. ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പ്രതാപത്തോടെ വാണ എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനം ആരവങ്ങളില്ലാതെ പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിന്‍റെ പടിയിറങ്ങി. 

ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പ്, മാസത്തിൽ 15 മണിക്കൂർ ദേശീയ താത്പര്യമുള്ള വാർത്തകൾ നൽകിയിരിക്കണം

രാജ്യത്തെ എല്ലാ സ്വകാര്യ ടെലിവിഷന്‍ ചാനലുകളും മാര്‍ച്ച് മുതല്‍ എല്ലാ മാസവും 15 മണിക്കൂര്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അറിയിപ്പ്. ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള സമീപകാല മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉൾപ്പെടുത്തിയാണ് നിയന്ത്രണം.

മന്ത്രാലയം നല്‍കിയ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്വകാര്യ പ്രക്ഷേപകര്‍ ദിവസവും 30 മിനിറ്റ് പൊതുസേവന സംപ്രേക്ഷണം ഏറ്റെടുക്കണമെന്നാണ്. സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ ദേശീയ താല്‍പ്പര്യമുള്ള ഉള്ളടക്കം ഉള്‍പ്പെടുത്താമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഉള്ളടക്കം തുടര്‍ച്ചയായി 30 മിനിറ്റ് ആയിരിക്കേണ്ടതില്ല. അതായത് പല സമയങ്ങളിലായി ദേശീയ താത്പര്യം നൽകണം . പ്രക്ഷേപണം ചെറിയ സമയ സ്ലോട്ടുകളായി വിഭജിക്കാം, എന്നാല്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ ഇതിന് അനുവാദമില്ലെന്നും മന്ത്രാലയം അറിയിച്ചു.

എന്താണ് ദേശീയ താത്പര്യം എന്നത് ഭരണ നേതൃത്വം വ്യക്തമാക്കുന്നില്ല. എന്നാൽ പ്രക്ഷേപകര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിൻ്റെ റെക്കോര്‍ഡ് സൂക്ഷിച്ച വെക്കുകയും ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഐ ആന്‍ഡ് ബി മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ 90 ദിവസത്തേക്ക് സംപ്രേഷണം ചെയ്ത ഉള്ളടക്കത്തിന്റെ റെക്കോര്‍ഡ് സൂക്ഷിക്കും. ഇതിന് പുറമെ പ്രക്ഷേപകര്‍ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ പ്രതിമാസ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കാമ്പയിൻ ചെയ്യുന്നത് വർധിക്കുന്ന ഘട്ടത്തിലാണ് നിർദ്ദേശം. അപ്ലിങ്കിംഗ്/ഡൗണ്‍ലിങ്കിംഗ് പോളിസി ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എട്ട് വിഷയങ്ങളിലേക്കും മന്ത്രാലയം ചേര്‍ത്തിട്ടുണ്ട് – വിദ്യാഭ്യാസവും സാക്ഷരതയും; കൃഷിയും ഗ്രാമവികസനവും, ആരോഗ്യവും കുടുംബക്ഷേമവും, ശാസ്ത്ര – സാങ്കേതി, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സംരക്ഷണം, ദേശീയോദ്ഗ്രഥനം.


12 മണിക്കൂറില്‍ കൂടുതല്‍ ഭക്തി/ആത്മീയ/യോഗ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാനലുകളില്‍ നിന്ന് വിശദീകരണം തേടുമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനങ്ങളുടെ ചാനലുകളെ വിലക്കിയതിന് പിന്നാലെ

സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് കഴിഞ്ഞ വർഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. 2023 ഡിസംബറോടെ പൂർണ്ണമായും സംസ്ഥാനങ്ങൾ ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.

കേരളത്തിൽ വിക്ടേഴ്സ് ചാനലിനെ വരെ എതിരായി ബാധിക്കുന്ന ഈ നിർദ്ദേശം വിവാദങ്ങൾക്ക് ഇടവെച്ചിരുന്നു. തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാൽവി ടിവി, ആന്ധ്രാ പ്രദേശ് സർക്കാരിന്റെ ഐപി ടിവി എന്നിവയും അനിശ്ചതത്വം നേരിട്ടിരുന്നു.

കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത; തീവ്ര ന്യൂനമർദ്ദം ശ്രീലങ്കൻ തീരം തൊട്ടു

0

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 31ന് വൈകിട്ട് വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം, തുടർന്ന് പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശ മാറി ഫെബ്രുവരി ഒന്നിന് തീരം തൊടുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീമിവരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

31-01-2023 മുതൽ 04-02-2023 വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ബലാത്സംഗക്കേസിൽ ആൾ ദൈവം അസാറാമിന് ജീവപര്യന്തം

 ബലാത്സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 10,000 കോടിയിൽ അധികം രൂപ വലിവരുന്ന ആത്മീയ ലോകത്തിൻ്റെ അധിപനായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണം പതിവാക്കിയ മനുഷ്യ ദൈവം കുടുംബങ്ങൾ നിലപാട് എടുത്തതോടെ ജയിലിൽ ആവുകയായിരുന്നു.

2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചു. അസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറുപേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നു. എങ്കിലും സംശയത്തിൻ്റെ ആനുകൂല്യം നൽകി ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു.

പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് അസാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്‌ത കേസ് പോലീസ് റജിസ്ത്ര് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട അസാറാം ബാപ്പു നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നുമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2018-ലാണ് രാജസ്ഥാനിലെ കോടതി ആസാറാം ബാപ്പുവിനെ ശിക്ഷിച്ചത്. ഇതിനു പിന്നാലെ ഗുജറാത്തിലെ കേസും മുറുകി.

അതിശയ വേഗത്തിൽ ആൾ ദൈവം

എഴുപതുകളിൽ സബർമതി നദീതീരത്ത് ആശ്രമം സ്ഥാപിച്ച അസറാം നാലുപതിറ്റാണ്ടിനിടെ രാജ്യത്തിന് അകത്തും പുറത്തും 400ലേറെ ആശ്രമങ്ങളും 10,000 കോടി ആസ്‌തിയുമുള്ള ആത്മീയശൃംഖലയുടെ  അധിപനായി. പെൺകുട്ടികളെ അടിമകളെ പോലെ ആശ്രമങ്ങളിൽ താമസിപ്പിച്ചായിരുന്നു പീഡനം. ലൈംഗിക ശേഷി ഇല്ലെന്ന് പറഞ്ഞ് രക്ഷപെടാൻ നടത്തിയ ശ്രമവും കോടതി തള്ളുകയായിരുന്നു.

ആകെ 68 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. അഹമ്മദാബാദ് ചന്ദ്ഖേഡ പൊലീസ് സ്റ്റഷനിലാണ് പരാതിയിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.

അടൂർ അറിഞ്ഞിട്ടാണ് അന്വേഷണ കമ്മീഷനെ വെച്ചത്, പിന്നെന്താണ് പ്രതിഷേധ ഹേതുവെന്ന് മന്ത്രി ആർ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. അടൂരിന്‍റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്‍റെ  കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ  അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചത്. വിദ്യാർത്ഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായിട്ടാണ്. അന്വേഷണത്തിന്‍റെ  ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചു. റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസിലാക്കിവരും മുൻപെയാണ് ശങ്കർ മോഹന്‍റെ  രാജി. സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ നിര്‍ദ്ദേശിച്ചിട്ടില്ല. അടൂർ കേരളത്തിന്‍റെ  അഭിമാനമാണ്. സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,

ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ പത്രസമ്മേളനം നടത്തി വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചിരുന്നു. ”ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത് എന്നും പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷൻ വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് കൈമാറിയത്. 

കള്ളക്കടത്ത്; കരിപ്പൂരിലെ 12 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ സി ബി ഐ കുറ്റപത്രം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്തുകാരുടെ ഏജൻ്റ്മാരായി പ്രവർത്തിച്ച 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കുറ്റപത്രം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരിയിൽ നടത്തിയ റെയിഡിനെ തുടർന്നുള്ള കേസിലാണ് കുറ്റപത്രം.

കാസര്‍കോട് സ്വദേശികളായ 17 പേർ ഉൾപ്പെടെ 30 പേര്‍ക്കെതിരേയാണ് ഇതിൽ സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കസ്റ്റംസ് സൂപ്രണ്ടുമാരായ ഇ. ഗണപതി പോറ്റി, സത്യമേന്ദ്ര സിങ്, എസ്. ആശ, കെ.എം. ജോസ്,കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ യാസര്‍ അറാഫത്ത്, നരേഷ് കുമാർ, സുധീര്‍കുമാര്‍, വി.സി. മിനിമോള്‍, സഞ്ജീവ് കുമാര്‍, യോഗേഷ് ഗുപ്ത, കസ്റ്റംസ് ഹെഡ് ഹവില്‍ദാര്‍മാരായ സി. അശോകന്‍, പി.എം. ഫ്രാന്‍സിസ്, കരിപ്പൂര്‍ വിമാനത്താവളം സബ് സ്റ്റാഫ് ആയ കെ. മണി എന്നീ ഉദ്യോഗസ്ഥരാണ് പ്രതികൾ. സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍. സുരേഷ്‌കുമാറാണ് എറണാകുളം സി.ബി.ഐ. കോടതി മൂന്നില്‍ കുറ്റപത്രം സമർപ്പിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരിയിലാണ് സി.ബി.ഐ. കൊച്ചി സംഘവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് മിന്നല്‍ റെയ്ഡ് നടത്തിയത്. കള്ളക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി റെയ്ഡില്‍ ബോധ്യപ്പെട്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞവരിൽ നിന്ന് 70 ലക്ഷം രൂപയിലേറെ വരുന്ന കറന്‍സി കണ്ടെടുത്തു. വിദേശനിര്‍മിത വസ്തുക്കളും കണ്ടെടുത്തു.

ഇത് പരസ്പര ധാരണ പ്രകാരം കടത്തിയതാണ് എന്ന കണ്ടെത്തലാണ്. കുറ്റാരോപിതരായ കസ്റ്റംസുദ്യോഗസ്ഥരില്‍നിന്ന് 2.86 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളും കണ്ടെടുത്തിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു, ശങ്കർ മോഹന് പിന്തുണ

 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ജാതി വിവേചനത്തിന് എതിരായ സമരത്തിന് തുടർച്ചയായി ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരിൻ്റെ രാജി. 

ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർ്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടൂരിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. എന്നാൽ സഹകരിക്കില്ല എന്ന നിലപാടിൽ ഉറച്ചായിരുന്നു വിദ്യാർഥികൾ.

അടൂർ പറഞ്ഞത്

ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. 

”ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചു എന്നത് ശരിയല്ല എന്നും ശങ്കർ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു.

സമരക്കാർക്കും വിദ്യാർഥികൾക്കും എതിരെ ആരോപണങ്ങൾ

ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ ആകെ സ്വാധീനിച്ച് വാർത്ത പരത്താനാണ് ശ്രമിച്ചത്. ഇന്സിറ്റിട്യുറ്റിൽ ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു  സമരം. സമരത്തിന് മുമ്പ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാർത്ഥികൾ സമരം നടത്തിയത്. സമരത്തിലായിരുന്ന വിദ്യാർത്ഥികൾ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന  ധാരണയിലായിരുന്നു മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. പക്ഷെ സമരനേതാക്കൾ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയി”. ചലച്ചിത്രമേളയുടെ മറവിൽ വിദ്രോഹപരിപാടികൾ നടന്നുവെന്നും സിനിമ കാണാനല്ല, സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനാണ് വിദ്യാർത്ഥികൾ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂർ ആരോപിച്ചു. 

സർക്കാർ സമിതി ശരിവെച്ച സമര കാരണങ്ങൾ

ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍  എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചു. ഇതിന് തുടർച്ചയായി  ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു. ശങ്കർ മോഹന് പിന്തുണ പ്രഖ്യാപിച്ച് ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് അടൂരും ചെയർമാൻ സ്ഥാനമൊഴിയുന്നത്. 

“ദേശീയത ഉയർത്തി രാഷ്ട്രത്തെ കൊള്ളയടിക്കുന്നു”- അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്

തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന് ആരോപിച്ച അദാനി ഗ്രൂപ്പിന് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നൽകിയ മറുപടി രാഷ്ട്രീയ ചർച്ചയാവുന്നു. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് മറുപടി.

കാതലായ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ദേശീയത ചൂണ്ടികാണിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍പ്പോലും അത് ഒരു വഞ്ചനയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യവും മഹത്തായ ഭാവിയുള്ള ഉയര്‍ന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 413 പേജുള്ള പ്രതികരണത്തില്‍ ഇത് ഏതെങ്കിലും പ്രത്യേക കമ്പനിയ്ക്കെതിരായ അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമാണ് എന്നായിരുന്നു അദാനി ഗ്രൂപ്പ് പറഞ്ഞത്. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, വളര്‍ച്ച, ഇന്ത്യയുടെ അഭിലാഷം എന്നിവയക്കെതിരെയുള്ള നീക്കമാണെന്നായിരുന്നു അദാനി വിശദീകരണം.

ജനുവരി 24 നാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 106 പേജുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. അദാനി ഗ്രൂപ്പിന്റെ ‘അപകടമായ ഓഹരി കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും’ ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഓഹരിവിലയില്‍ ഷെല്‍ കമ്പനികള്‍ വഴി കൃത്രിമം നടക്കുന്നു. കണക്കുകള്‍ പലതും വസ്തുതാപരമല്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.