ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

ഗൊരഖ്പുരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐഐടി ബിരുദധാരിക്ക്‌ വധശിക്ഷ. ഗൊരഖ്‌പുർ സ്വദേശിയും 2015ൽ മുംബൈ ഐഐടി വിദ്യാർഥിയുമായിരുന്ന അഹമ്മദ് മുർതാസ അബ്ബാസിയെയാണ്‌ ശിക്ഷിച്ചത്‌. ഉത്തർപ്രദേശ്‌ തീവ്രവാദ വിരുദ്ധ സ്‌‌ക്വാഡ്‌ അന്വേഷിച്ച കേസിൽ പ്രത്യേക എൻഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

2022 ഏപ്രിൽ മൂന്നിന്‌ ഗൊരഖ്‌നാഥ് ക്ഷേത്രപരിസരത്ത് ബലമായി പ്രവേശിക്കാൻ ശ്രമിക്കുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അരിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്‌തായുള്ള കേസിലാണ്‌ ശിക്ഷ. സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ അറസ്‌റ്റിലായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌‌നാഥ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു.

പള്ളിയിൽ ചാവേർ ആക്രമണം, പെഷവാറിൽ 46 പേർ കൊല്ലപ്പെട്ടു

0

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.

പൊലീസ് ലൈന്‍സ് പ്രദേശത്തെ പള്ളിയില്‍ സുഹ്ര്‍ നിസ്‌കാരത്തിനിടെ ഉച്ചയ്ക്ക് 1.40 ഓടെയാണു സ്ഫോടനമുണ്ടായത്. മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍, സുരക്ഷാ, ആരോഗ്യ ഉദ്യോഗസ്ഥരാണു പള്ളിയിലുണ്ടായിരുന്നവരില്‍ ഏറെയും.

46 പേര്‍ മരിച്ചതായി ലേഡി റീഡിങ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, 38 പേരുടെ പട്ടികയാണു പെഷവാര്‍ പൊലീസ് പുറത്തുവിട്ടത്.
പരുക്കേറ്റവരില്‍ കൂടുതലും പൊലീസുകാരാണ്. 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി) കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടതിനോടുള്ള പ്രതികാരമാണു ചാവേര്‍ ആക്രമണമെന്നു സഹോദരന്‍ അവകാശപ്പെട്ടു. ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനിലാണ് ഉമര്‍ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന ഈ നിരോധിത സംഘടന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മുന്‍പും നിരവധി ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

രണ്ടുനില കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളി തകരുമ്പോള്‍ 260 ഓളം പേര്‍ അതിലുണ്ടായിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ”കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. നിരവധി ആളുകള്‍ അതിനടിയിലുണ്ടെന്നു കരുതുന്നു,” പൊലീസ് ഉദ്യോഗസ്ഥന്‍ സിക്കന്ദര്‍ ഖാന്‍ പറഞ്ഞു.

നിരവധി ജവാന്മാര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും പെഷവാര്‍ കാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍ (സി സി പി ഒ) മുഹമ്മദ് ഇജാസ് ഖാനെ ഉദ്ധരിച്ച് ഡോണ്‍ പത്രം പറഞ്ഞു.

സ്ഫോടനസമയത്ത് 300 മുതല്‍ 400 വരെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് ഖാന്‍ പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിച്ചതായി വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാലുനിര സുരക്ഷാ സംവിധാനം കടന്നുവേണം മസ്ജിദില്‍ പ്രവേശിക്കാന്‍.

അവശിഷ്ടങ്ങള്‍ നീക്കാനും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനും പൊലീസും പ്രദേശവാസികളും പരിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷനായ പിടിവി സംപ്രേഷണം ചെയ്തു. മസ്ജിദിന്റെ തകര്‍ന്ന മതിലിനു ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതു പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഒരു ഫൊട്ടോ കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം പെഷവാറിലെ കൊച്ച റിസാല്‍ദാര്‍ പ്രദേശത്തെ ഷിയാ പള്ളിയിലുണ്ടായ സമാനമായ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബലാത്സംഗ കേസിൽ അസറാം ബാപ്പുവിനെ കുറ്റക്കാരൻ എന്നു കണ്ടെത്തി

0

ആശ്രമ അന്തേവാസിയെ ബലാത്സം​ഗം ചെയ്‌ത‌ കേസിൽ വിവാദ ആൾദൈവം അസറാം ബാപു കുറ്റക്കാരനാണെന്ന് ​ഗാന്ധിന​ഗർ കോടതി വിധിച്ചു. ശിക്ഷ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. കേസിൽ അസറാം ബാപുവിന്റെ  ഭാര്യയും മകനും മകളുമടക്കം ആറുപേരെ വെറുതെവിട്ടു. സമാനമായ മറ്റൊരു ബലാത്സം​ഗ കേസിൽ ജോധ്പുർ സെന്റർ ജയിലിൽ ‍ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ. വീഡിയോ കോൺഫറൻസ് വഴിയാണ് അസറാം ബാപു കോടതിയിൽ ഹാജരായത്.

സൂറത്ത് സ്വദേശിയായ യുവതിയാണ് 2013ൽ അഹമ്മദാബാദിലെ ആശ്രമത്തിൽവച്ച് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയത്. 2013 ആ​ഗസ്‌ത് 13ന് രാജസ്ഥാൻ പൊലീസാണ് അസറാം ബാപുവിനെ പിടികൂടിയത്. അന്നുമുതൽ അസറാം ജയിലിലാണ്. എഴുപതുകളിൽ സബർമതി നദീതീരത്ത് ആശ്രമം സ്ഥാപിച്ച അസറാം നാലുപതിറ്റാണ്ടിനിടെ രാജ്യത്തിന് അകത്തും പുറത്തും 400ലേറെ ആശ്രമങ്ങളും 10,000 കോടി ആസ്‌തിയുമുള്ള ആത്മീയശൃംഖലയുടെ  അധിപനായി.

ഒഡിഷയിൽ ആരോഗ്യ മന്ത്രിക്ക് നേരെ എസ് ഐ വെടിയുതിർത്തു; ഗുരുതരാവസ്ഥയിൽ

ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി  വലിയ ആശുപത്രിയിലേക്ക് വ്യോമ മാർഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. സംസ്ഥാനത്ത് ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതിൽ പാർട്ടി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്.

മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. മന്ത്രിയുടെ തൊട്ടടുത്ത് നിന്ന് തുടർച്ചയായി രണ്ട് തവണ തന്റെ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗർ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം

ട്രാഫിക് നിയമ ലംഘനം ഇനി എവിടെ കണ്ടാലും കേസ്

കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ. എന്നീ തസ്തികകളിലുള്ളവര്‍ക്കാണ് കേസെടുക്കാനുള്ള അധികാരം. ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗതനിയമലംഘനങ്ങള്‍ കണ്ടാല്‍ കേസെടുക്കാനാകും.

അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താന കഴിയില്ല. എന്നാൽ നിയമ ലംഘനം കേസെടുക്കാം.

ഇരുചക്രവാഹനത്തില്‍ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്പര്‍ പ്ലേറ്റ് വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കൊക്കെ കേസെടുക്കാം.

ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണില്‍ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ കേസ് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ സന്ദേശം വാഹന ഉടമയ്ക്ക് ഉടന്‍തന്നെ എസ്.എം.എസ്. ആയി ലഭിക്കും. പിഴ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് ഓര്‍മപ്പെടുത്തല്‍ സന്ദേശംകൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് പോകും. പിന്നീട് ഓണ്‍ലൈനില്‍ അടയ്ക്കാന്‍ കഴിയില്ല.

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം പിരിച്ച സെബി ജോർജ് ഹാജരായ രണ്ടു കേസുകളിലെ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു

ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ  രണ്ട് കേസുകളിൽ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ  പ്രതികൾക്ക് ജാമ്യം നൽകിയ  ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു.

ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന്  കോടതിയെ ധരിപ്പിച്ചാണ് കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തു.

അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച്  ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടി. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ  പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ട് ഉത്തരവുകൾ  ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചത്. ഇരകളായ തങ്ങളുടെ വാദം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും നോട്ടീസ് നൽകാതെയാണ് വാദം പൂർത്തിയാക്കിയതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. റാന്നി പൊലീസ് പട്ടികജായി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹർജിക്കാരായ ബാബു , മോഹനൻ എന്നിവർ കോടതിയെ അറിയിച്ചു.

പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും  നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്നും ഹർജിക്കാർ  കോടതി അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ  2022 ഏപ്രിൽ 29 ന്  താൻ പുറപ്പെടുവിച്ച രണ്ട്  ഉത്തരവ്  പുനപരിശോധിച്ചത്. വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച്  ഒ യ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് സിആർപിസി 482 പ്രകാരം മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി  ജസ്റ്റിസ് സിയാദ് റഹ്മാൻ  അറിയിച്ചത്.

ഇന്ത്യയുടെ മൂന്നു യുദ്ധ വിമാനങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നു വീണു

രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.

ആകാശ ദൂരം 60, കിലോമീറ്റർ വ്യത്യാസത്തിലാണ് മിറാഷ്, സുഖോയ് വിഭാഗങ്ങളിൽപ്പെടുന്ന യുദ്ധ വിമാനങ്ങൾ തകർന്നത്. മധ്യപ്രദേശിലെ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റു രണ്ടു പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. ഭരത്പുരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു.

സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയർ എയര്‍ബേസിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചു, ജോഡോ യാത്ര വഴിയിൽ തടസ്സപ്പെട്ടു

മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടതായി വന്നു. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ സുരക്ഷയില്ലാതെ പ്രശ്നമുണ്ടായത്. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.  സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുല്‍ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പിഴവ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷ – രാഹുൽ

തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. 

തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതിന് എതിരായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബെനിഹാലില്‍ വെച്ച് തുരങ്കം കടക്കുന്നതിനിടെ വലിയ ആള്‍ക്കൂട്ടം ഇരച്ചെത്തിയതിനെത്തുടര്‍ന്നാണ് യാത്ര താത്കാലികമായി നിര്‍ത്തിയത്.

‘ബെനിഹാല്‍ തുരങ്കം പിന്നിട്ടതിന് പിന്നാലെ പോലീസ് സ്ഥലം വിട്ടു. ഇതിന് ആരാണ് നിര്‍ദ്ദേശം നല്‍കിയത്? ഉത്തരവാദിത്തപ്പെട്ടവര്‍ സുരക്ഷാവീഴ്ചയ്ക്ക് മറുപടി പറഞ്ഞേപറ്റൂ. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം’- സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. 15 മിനിറ്റോളം ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധിക്കും സ്ഥിരം യാത്രികള്‍ക്കും യാത്ര തുടരാന്‍ സാധിക്കില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസർവ്വീസിൽ ഹവിൽദാൽ, കേരളത്തിൽ 279 ഒഴിവ്

0

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവും പ്രതീക്ഷിക്കുന്നു. കേരളത്തിൽ 279 ഒഴിവ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡ് മാതൃകയിലുള്ള തസ്തികയാണ്

അപേക്ഷയും വിശദവിവരങ്ങളും https://ssc.nic.in/ ഈ വിലാസത്തിൽ ലഭിക്കും. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷാ കേന്ദ്രം ഉണ്ടാവും

യോഗ്യത: എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.

പ്രായം: പ്രായം 18 വയസിനും 25 നും ഇടയിൽ. ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്.

തിരഞ്ഞെടുപ്പ് :രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്ക് ഫീസില്ല.

വിജ്ഞാപനം

ശബരിമലയിൽ എത്തിയത് അരക്കോടിയിലേറെ തീർത്ഥാടകർ, വരുമാനം 351 കോടി

മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിൽ എത്തിച്ചേർന്നത് അരക്കോടിയിലേറെ തീർഥാടകർ. ഇത്രയും പേരിൽ നിന്നായി 351 കോടി രൂപ വരുമാനം ഉണ്ടായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞു. നാണയങ്ങളുടെ നാലിലൊന്ന്‌ എണ്ണി. നാണയമെണ്ണൽ അഞ്ചിന്‌ പുനരാരംഭിക്കും. ഇത്‌ ഒന്നരക്കോടിയോളം രൂപ വരും.

വരുമാനത്തിന്റെ 40 ശതമാനത്തോളം ചെലവ് ഉണ്ടായി. ദേവസ്വം ബോർഡിനു കീഴിലുള്ള 1251 ക്ഷേത്രങ്ങളിൽ 50 എണ്ണമാണ്‌ സ്വയം പര്യാപ്‌തമായിട്ടുള്ള എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽനിന്നും ഇത്തവണ തീർഥാടകരെത്തി. കുട്ടികൾക്കും പ്രായമായവർക്കും അംഗപരിമിതർക്കുമായി പ്രത്യേക ക്യൂ ഒരുക്കിയിരുന്നു. മുഴുവൻ ഭക്ഷണസാധനങ്ങളും പമ്പയിലെ ലാബിൽ പരിശോധിച്ചാണ്‌ ഉപയോഗിക്കുന്നത്‌. പണമെണ്ണാൻ സെൻസർ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്. അടുത്ത തീർഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും. ക്യൂ കോംപ്ലക്‌സ്‌ ആധുനികവൽക്കരിക്കും. റോപ്പ്‌ വേയുടെ നിർമാണത്തിന്‌ പത്തേക്കർ സ്ഥലം ആവശ്യമാവും. ഇതിനു പകരമായി വനം വകുപ്പിന്‌ ഇടുക്കിയിൽ സ്ഥലം നൽകുമെന്നും അദ്ദേഹം പറഞ്ഞു.