സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഫണ്ടില്ല

പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നത് നടപ്പായില്ല. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നിലവില്‍ അനുവദിക്കുന്നത്.

കുട്ടികൾ കൂടിയാൽ തുക പിന്നെയും കുറയും

വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസുകളിലെ കുട്ടികള്‍ക്ക് സൗജ്യവും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. 150 കുട്ടികള്‍ വരെയുളള സ്കൂള്‍ക്ക് മാത്രമാണ് എട്ട് രൂപ. 150നും അഞ്ഞൂറിനും ഇടിയിലാണ് കുട്ടികളുടെ എണ്ണമെങ്കില്‍ ഏഴ് രൂപയും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുളള സ്കൂളുകളില്‍ കുട്ടി ഒന്നിന് ആറ് രൂപയുമാണ് അനുവദിക്കുന്നത്. 

2016മുതല്‍ നല്‍കി വരുന്ന ഈ തുക പരിഷ്കരിക്കുമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമടക്കം നടത്തിയിരുന്നു. ഫലം കാണാതെ വന്നതോടെയാണ് കേരള പ്രവൈറ്റ് സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുക വര്‍ദ്ധിപ്പിക്കാത്ത പക്ഷം ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.

ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും എന്ന രീതിയില്‍ ഉച്ചഭക്ഷണം പോഷക സമൃദ്ധമാകണമെന്നതാണ് സർക്കാർ നയം. പദ്ധതിയുടെ 60 ശതമാനം കേന്ദ്രവം 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഇരു സർക്കാരുകളും സാമ്പത്തിക കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു. സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകാൻ ഇതര ഫണ്ടുകൾ ഉണ്ടാക്കാനുള്ള ബദൽ ചിന്തകളും ഇല്ല.

പാക് കറൻസിയുടെ മൂല്യം ഒറ്റദിവസം കൊണ്ട് 24 രൂപ കുറഞ്ഞു; മികച്ച പ്രകടനത്തിന് പിന്നാലെ കൂപ്പു കുത്തൽ

0

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ലോക നാണ്യ നിധിയില്‍-IMF- നിന്ന് കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞ് .

പ്രതിസന്ധി മറികടക്കാനായി ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞവര്‍ഷം ഐ എം എഫ് അനുവദിച്ച സഹായം ഉപാധി പാലിക്കാത്തതിനാൽ നൽകിയിരുന്നില്ല. ഈ 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് എക്സ്ചേഞ്ച് നിരക്കിൽ അയവ് വരുത്തിയത്.

ഐഎംഎഫില്‍ നിന്ന് സഹായം തേടുന്ന ഡോളറിനെതിരെ കൂപ്പുകുത്തിയ രാജ്യങ്ങള്‍ തങ്ങളുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതില്‍ കമ്പോള ശക്തികളെ കൂടുതല്‍ പങ്ക് വഹിക്കാന്‍ അനുവദിക്കുന്നതിന് സമ്മര്‍ദ്ദം നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ഒരു ജാമ്യം നേടിയപ്പോള്‍, ഐഎംഎഫ് ഫണ്ട് റിലീസ് വൈകിപ്പിക്കയായിരുന്നു.

ഇതുപ്രകാരം ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള നിയന്ത്രണ പരിധി പാകിസ്ഥാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ എടുത്തുകളഞ്ഞു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനുമായിരുന്നു ഐഎംഎഫ് നിർദ്ദേശിച്ചത്.

കറന്‍സി ഇടിവില്‍ രാഷ്ട്രം ഐഎംഎഫ് ആവശ്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് കാണിച്ചതിന് ശേഷം പാക്കിസ്ഥാന്റെ കെഎസ്ഇ-100 സൂചിക 2.4% ഉയര്‍ന്നിരുന്നു, അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്,

വില പിടിച്ചു നിർത്താനാവാതെ പാകിസ്ഥാൻ

രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയായി ഉയർന്നതായി റിപ്പോർട്ട് ഉണ്ട്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മികച്ച പ്രകടനം പിന്നാലെ കൂപ്പു കുത്തൽ

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായി  പാക്കിസ്ഥാൻ രൂപ ഉയർന്നു നിന്നിരുന്നു.  3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസിനെ ഉദ്ദരിച്ച് അന്ന് വാർത്തകൾ വന്നു. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് അന്ന് പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്. 

എം പി മാരുടെ ശമ്പളവും ഉദ്യോഗസ്ഥരുടെ അലവൻസുകളും തടഞ്ഞു

സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളം 15 ശതമാനത്തോളം വെട്ടിക്കുറക്കാനും എം.പിമാരുടെ വിവേചനാധികാര പദ്ധതികള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കാനും ആഢംബര വാഹനങ്ങള്‍ വാങ്ങുന്നതിനും വിദേശ സന്ദര്‍ശനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോള്‍ ഉപയോഗം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച രാജ്യത്ത് വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു.

അദാനി ഗ്രൂപ്പിൻ്റെ ഓഹരി മൂലം പെരുപ്പിച്ചത് എന്ന കണ്ടെത്തലിൽ ഉറച്ച് ഹൻഡൻബർഗ്

0

അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിാനന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എല്ലാ രേഖകളും കയ്യിലുണ്ട് എന്നും വ്യക്തമാക്കിയതിന് പിറകെ നിയമനടപടി നേരിടാനുള്ള സന്നദ്ധതയും അറിയിച്ചു. രണ്ടാമതും റിപ്പോർട്ട് വിവരങ്ങൾ വന്നതോടെ വിദേശ ഇടപെടൽ എന്ന ആരോപണം ഉന്നയിച്ച് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് അദാനി.

റിപ്പോര്‍ട്ടിന്‍റെ അവസാനം അദാനി ഗ്രൂപ്പിനോട് 88 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും മറുപടി നൽകിയിട്ടില്ല. 106 പേജുള്ള വിശദമായ റിപ്പോർട്ടിനെ  ഗവേഷണം ഒന്നും നടത്താതെ തയ്യാറാക്കിയ റിപ്പോർട്ടെന്ന് വിശേഷിപ്പിച്ച അദാനി നിലപാടും പരിഹാസ്യമെന്ന് ഉയർത്തി കാട്ടി.

അദാനി ഗ്രൂപ്പിന്‍റെ ഓഹരി തട്ടിപ്പ് എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. ചിലത് 8 ശതമാനത്തിലേറെ ഇടിവ് റിപ്പോർട്ട് ചെയ്തു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല. ഇന്ന് രണ്ടാമതൊരു വാർത്താക്കുറിപ്പിറക്കിയപ്പോൾ അത് ഹിൻഡൻബർഗ് റിസർച്ചിനുള്ള മുന്നറിയിപ്പാണ്. നിയമ നടപടി ഉറപ്പെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.

രാജ്യ സ്നേഹം മുന്നിൽ വെച്ച് അദാനിയും

ഓഹരി വിപണിയിൽ നിന്ന് 20000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റെർപ്രസസിന്‍റെ FPO നാളെ നടക്കാൻ പോവുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോർട്ട് ഉണ്ടാക്കി.വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും  വാർത്താക്കുറിപ്പിൽ പറയുന്നു.

അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്.

സംസ്ഥാനവുമായി നല്ല ബന്ധത്തിൽ, ബംഗാൾ ഗവർണറെ ഡൽഹിക്ക് വിളിപ്പിച്ചു

സംസ്ഥാന ഗവർണർ എന്ന നിലയ്ക്ക് രാഷ്ട്രീയം മറന്ന് ഒന്നിച്ചതോടെ പശ്ചിമ ബംഗാൾ ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഗവർണർ മുഖ്യമന്ത്രി ബന്ധങ്ങൾ വഷളായ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി സമവായ നിലപാട് തുടർന്നതോടെ ബി.ജെ.പി. സംസ്ഥാന നേതൃത്വം അതൃപ്തി പരസ്യമാക്കി. ഇതിന് പിന്നാലെയാണ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

ജയ് ബംഗ്ല മുദ്രാവാക്യത്തിലും അതൃപ്തി

ബംഗാളിൽ വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ സംസ്ഥാന ബി.ജെ.പി. നേതൃത്വം കടുത്ത നിലപാടിലേക്ക് മാറി. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബി.ജെ.പി. നേതൃത്വം അസ്വസ്ഥമായതിന് തുടർച്ചയായാണ് ഇത്.

ജഗ്ദീപ് ധൻകറുടെ കാലഘത്തിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് പുതിയ ഗവർണർ പ്രകടിപ്പിച്ചത്. പെർഫടക്ട് ജൻ്റിൽ മാൻ അദ്ദേഹം ബംഗാളിന് പുരോഗതിക്ക് സഹായകമാവും എന്നാണ് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തിരികെ മമതാ ബാനർജിയെ ആർട്ടിസ്റ്റിക് സീയം ഓഫ് പോയറ്റിക് സ്റ്റേറ്റ് എന്നാണ് ആനന്ദ ബോസ് വിശേഷിപ്പിച്ചത്.

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗവർണറെ കൊണ്ടു വന്ന് ഏറ്റുമുട്ടാൻ കാത്തിരുന്നവരെ നിരാശപ്പെടുത്തി

ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്‌സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എം.പി. സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ബി.ജെ.പി. നേതാക്കളാണ് ഇരുവരും.

ഗവര്‍ണര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ വഴിയല്ല നിലവിലെ ഗവര്‍ണര്‍ സ്വീകരിച്ചത്. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എം.പി. സൗഗത റോയ് പറഞ്ഞു.

ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി, കഷായത്തിൽ വിഷം കലർത്തി നൽകി – കുറ്റപത്രം സമർപ്പിച്ചു

പാറശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കാമുകി ഗ്രീഷ്‌മ വീട്ടിലേക്ക്‌ വിളിച്ച്‌ വരുത്തുകയായിരുന്നുവെന്ന്‌ കണ്ടെത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സൈനികനായ യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായാണ്‌ കഷായത്തിൽ വിഷം കലർത്തി കൊന്നതെന്നാണ് കണ്ടെത്തൽ. ഗ്രീഷ്‌മ അറസ്റ്റിലായതിന്റെ 85–-ാം ദിവസമാണ്‌ നെയ്യാറ്റിൻകര ജെഎഫ്‌സിഎം (രണ്ട്‌) കോടതിയിൽ അന്വേഷകസംഘം കുറ്റപത്രം നൽകിയത്‌.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്‌. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി പി രാശിത്താണ്‌ 65 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്‌. 27ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.ഗ്രീഷ്‌മയ്‌ക്ക്‌ പുറമെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും കേസിൽ പ്രതികളാണ്‌. അറസ്റ്റിലായി 90 ദിവസത്തിന്‌ മുമ്പ്‌ കുറ്റപത്രം നൽകിയതിനാൽ മൂവരും ജയിലിൽ കഴിഞ്ഞുവേണം വിചാരണ നേരിടാൻ. ഷാരോണിനെ പ്രലോഭിപ്പിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയത്‌ കൊലപ്പെടുത്തുകയെന്ന ലഷ്യത്തോടെയാണ്‌. ഇത്‌ തട്ടിക്കൊണ്ടുപോകലിന്‌ തുല്യമാണെന്ന് വിലയിരുത്തിയാണ്‌ ആ വകുപ്പ്‌ ചുമത്തിയിരിക്കുന്നത്‌. 

കഴിഞ്ഞ ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലിലെ വീട്ടിൽവച്ച്‌ ഗ്രീഷ്‌മ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ കുടിപ്പിച്ചത്‌. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്‌ 25ന് തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽവച്ച്‌ മരിക്കുകയുമായിരുന്നു.

റൂറൽ പൊലീസ്‌ മേധാവി ഡി ശിൽപ്പയുടെയും കേസിന്‌ മേൽനോട്ടം വഹിച്ച അഡീഷണൽ എസ്‌പി സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേകാന്വേഷക സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ്‌ ഗ്രീഷ്‌മയും അമ്മയും അമ്മാവനും കുറ്റസമ്മതം നടത്തിയത്‌. 

കോളേജിൽ പോയി വരുമ്പോൾ പലപ്പോഴും ജ്യൂസിൽ പാരസെറ്റമോൾ കലർത്തി നൽകിയിരുന്നു. അന്നും അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ്‌ വിഷം നൽകാൻ തീരുമാനിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. 

അമ്മ  സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്‌ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്‌. 

 ‘കാർപ്പിക്’ കളനാശിനിയാണ് ഷാരോണിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന്‌ ഫോറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം കലക്കിയ കുപ്പി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്‌. ഫലം വിചാരണാവേളയിൽ കോടതി പരിശോധിക്കും. 

കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ ഭരണഘടനയെ വെല്ലുവിളിക്കുന്നു- മുഖ്യമന്ത്രി

കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികളാണ് അവർ തുടരുന്നത്. പൗരത്വ നിയമം പോലുള്ളവ നടപ്പാക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ് .മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി സംഘപരിവാര്‍ ചിത്രീകരിക്കുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദളിത് കുടുംബത്തിൽ ജനിച്ചതു കൊണ്ട് മാത്രം ആളുകൾ കൊല്ലപ്പെടുന്നു.

മുത്തലാക്കിൻ്റെ പേരിൽ മുസ്ലിങ്ങളെ ജയിലിൽ അടയ്ക്കുന്ന സ്ഥിതി ഉണ്ടാക്കി. ബിജെപി നേതാക്കൾ നേരിട്ട് ന്യൂനപക്ഷങ്ങൾക്ക് എതിരെ കലാപ ആഹ്വാനം നടത്തുന്ന കാഴ്ചയാണ്. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ.

ഗാന്ധി വധം പാഠപുസ്തകങ്ങളിൽ ഗാന്ധിയുടെ മരണമായി

ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകൾ പൊട്ടിക്കാൻ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്.രാജ്യത്തെ പാഠ പുസ്തകങ്ങളിൽ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താൻ ശ്രമം തുടങ്ങിയിരിക്കുന്നു.അംബേദ്കർ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാൻ തുടങ്ങിയിരിക്കുന്നു.ഹിന്ദു എന്നതിന്‍റെ  വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ഭരണഘടനാ തകർന്നാൽ രാഷ്ട്രത്തിൻ്റെ പരമാധികാരം വരെ തകരും.വ്യക്തി സ്വാതന്ത്ര്യവും തകരും.അതിലേക്ക് പോകാതെ സംരക്ഷിക്കണം.ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരം എൽക്കുന്നവർ വരെ അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു.അതിലെ അപകടം വലുതാണ്.ലെജിസ്ലേ്ചർ എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കൻ ഉള്ള ചെക്ക് ആൻ്റ് ബാലൻസ് സംവിധാനം ഇവിടെയുണ്ട്.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും  എന്ന് ആർഎസ്എസ് പ്രഖ്യാപിച്ചതാണ്. അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി ഈ സാഹചര്യങ്ങൾ വിവരിച്ചു കൊണ്ട് ഓർമ്മപ്പെടുത്തി.

ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നു

ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന പ്രസ്താവനകൾ നടത്തുന്നു.ഭരണഘടനയുടെ അടിസ്ഥാന ഘടന ഇല്ലാതായാൽ എന്ത് സംഭവിക്കും എന്നതിന് ജർമനി ഉദാഹരണമാണ് .ഹിറ്റ്ലറുടെ കാലത്ത് ഭരണഘടനാപരമായ ചട്ടങ്ങൾ മറികടന്ന് നിയമം പാസാക്കാൻ ഹിറ്റ്ലര്‍ക്ക് അധികാരം കൈവന്നു.വസ്ത്രം, ഭാഷ, ഭക്ഷണം, എന്നിവയുടെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നു.ന്യൂനപക്ഷങ്ങൾ വിധേയ പെട്ട് ജീവിക്കേണ്ടവർ ആണ് എന്ന പ്രസ്താവന ഉത്തരവാദപ്പെട്ടവർ തന്നെ നടത്തുന്നു. ഇത് ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപം നല്‍കിയതാണ് നവോത്ഥാന സംരക്ഷണ സമിതി. ഓഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം കൂടിയായിരുന്നു ചെമ്പഴന്തിയിലെ ചടങ്ങ്.

166 കമ്മ്യൂണിറ്റികളും സാമൂഹിക സംഘടനകളും ചേര്‍ന്നാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്.


.

മതേതര സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ജല്പനമെന്ന് കെ.സുരേന്ദ്രൻ

ചെമ്പഴന്തിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം തികഞ്ഞ ജല്‍പനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയാണ്. ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ കേരളത്തില്‍ ഭരണം നടത്തുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

മുഖ്യമന്ത്രി ഭരണഘടനക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. മതേതരത്വം എന്നുള്ളത് താങ്കള്‍ക്ക് കേവലം വര്‍ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവോത്ഥാന സമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണ്- സുരേന്ദ്രന്‍ പറഞ്ഞു.

ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരള നവോത്ഥാന സമിതി തിരുവനന്തപുരം ചെമ്പഴന്തിയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ദി മോഡി ക്വസ്റ്റ്യന്‍ ഡോക്യുമെൻ്ററി വിവാദം, മാധ്യമ സ്വാതന്ത്രത്തെയും ജനാധിപത്യത്തെയും വിലമതിക്കുന്നെന്ന് യു എസ്

അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് യു.എസ് വക്താവ് എഡ്വേർഡ് പ്രൈസ്. നരേന്ദ്ര മോഡിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദം പത്ര സ്വതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും പ്രൈസ് പ്രതികരിച്ചു.

പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളുമായ ബന്ധത്തിലും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ. ബി.ബി.സി ഡോക്യുമെന്റിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേഡ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയെ കുറിച്ചറിയില്ലെന്നും എന്നാല്‍, ഊര്‍ജ്ജസ്വലമായ രണ്ടു ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും യു.എസും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും മുൻ നിർത്തിയായിരുന്നു ബി ബി സി ഡോക്യുമെൻ്ററിയോടുള്ള പ്രതികരണം.

ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നതെന്നും നേഡ് പ്രൈസ് പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ വിലക്കിയിരുന്നു.
‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്.

സുഷമ സ്വരാജ് ഗൌരവമർഹിക്കുന്ന രാഷ്ട്രീയക്കാരി ആയിരുന്നില്ലെന്ന് മുൻ യു എസ് വിദേശ സെക്രട്ടറി; ഇന്ത്യ പ്രതിഷേധം അറിയിച്ചു

0

അന്തരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കുറിച്ച് മുന്‍ യു.എസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ. പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നൽകി.

സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന രാഷ്ട്രീയക്കാരിയായി താനൊരിക്കലും കണ്ടിട്ടില്ലെന്നാണ് പോംപിയോയുടെ പുസ്തകത്തിലെ പരാമര്‍ശം. അന്തസ്സില്ലാത്ത വാക്കുകളാണ് സുഷമയെ വിശേഷിപ്പിക്കാന്‍ പോംപിയോ ഉപയോഗിച്ചിരിക്കുന്നതെന്ന് ജയ്ശങ്കര്‍ മറുപടി നൽകി.

സുഷമാ സ്വരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഞാന്‍ എപ്പോഴും അവരെ ബഹുമാനത്തോടെ കാണുന്നു. ജയ്ശങ്കര്‍ വ്യക്തമാക്കി. സുഷമയെ വിലയിരുത്താനായി അദ്ദേഹം ഉപയോഗിച്ച വാക്കുകളെ അപലപിക്കുന്നതായും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

“professional, rational, and a fierce defender of his boss and his country”.  എന്നാണ് ജയശങ്കറിനെ പുസ്തകത്തി വിശേഷിപ്പിച്ചത്. അതേ സമയം “goofball” and “heartland political hack”  എന്നീ വിശേഷണം സുഷമ സ്വരാജിനെതിരെ ഉപയോഗിച്ചു.

പോംപിയോ രചിച്ച തന്റെ പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Never Give an Inch: Fighting for the America I Love’ എന്ന ഗ്രന്ഥം ചൊവ്വാഴ്ചയാണ് പ്രകാശനം ചെയ്തത്.

ഇന്ത്യന്‍ വിദേശനയം രൂപീകരിക്കുന്നവരില്‍ സുഷമാ ഗൗരം അര്‍ഹിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് താന്‍ മോദിയുടെ വിശ്വസ്തനായ അജിത് ഡോവലുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതെന്നും പോംപിയോ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അതേസമയം നിലവിലെ വിദേശകാര്യമന്ത്രി ജയ്ശങ്കറുമായി ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സൗഹൃദത്തിലായി. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴുഭാഷകള്‍ ജയ്ശങ്കര്‍ സംസാരിക്കും. ഒരുകണക്കിന് തന്നേക്കാള്‍ മികച്ചയാളാണ് അദ്ദേഹമെന്നും പോംപിയോ പറയുന്നുണ്ട്.

2014 മുതൽ 2019 വരെ വിദേശ കാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. 2019 ഓഗസ്റ്റിൽ അന്തരിച്ചു.

ഗവർണർ പോര്, പ്രോട്ടോക്കോൾ ആഘോഷങ്ങൾ ബഹിഷ്കരിച്ച് തെലങ്കാന മുഖ്യമന്ത്രി

ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് തുടരവെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒഴിവാക്കി തെലങ്കാന. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവും കണക്കിലെടുക്കാതെ മുഖ്യമന്ത്രി പ്രതിഷേധം കനപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് ചടങ്ങ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇവയൊന്നും കണക്കിലെടുക്കാതെ ഗവർണറുമായുള്ള പ്രശ്നങ്ങള്‍ മൂലം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

ചടങ്ങിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ കത്തയച്ചിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ തനിയെ പതാക ഉയര്‍ത്തി.

ചടങ്ങുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രസംഗം വായിക്കാന്‍ അയയ്ക്കുന്ന കീഴ്‌വഴക്കവും ഇപ്രാവശ്യം ലംഘിക്കപ്പെട്ടു. ചടങ്ങിനു ദിവസങ്ങൾ മുൻപേ മുഖ്യമന്ത്രിയുടെ നിലപാടിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘സംസ്ഥാന ബജറ്റ് വരുന്നു, റിപ്പബ്ലിക് ദിനാഘോഷവും വരുന്നു, ഒരു ഗവർണർ എങ്ങനെ ബഹുമാനിക്കപ്പെടുമെന്നു നോക്കാം’, എന്നാണ് അവർ പറഞ്ഞത്. തന്റെ പക്കൽ എത്തിയിരിക്കുന്ന ബില്ലുകളെക്കുറിച്ച് തീരുമാനിക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രോട്ടോക്കോൾ എന്തിനു ലംഘിക്കുന്നെന്ന് വിശദീകരിക്കട്ടെയെന്നും തമിഴിസൈ പറഞ്ഞിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് അവര്‍ മുന്നറിയിപ്പും നൽയിരുന്നു.

2019-ലായിരുന്നു തെലങ്കാന ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ ചുമതലയേല്‍ക്കുന്നത്. ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ബന്ധം മോശമായിരുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാണിച്ച് പരേഡ് ഗ്രൗണ്ടിലെ ചടങ്ങ് സർക്കാർ ഉപേക്ഷിച്ചിരുന്നു.