ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളോട് കോഴ വാങ്ങി, അഡ്വ. സൈബി ജോസ് കിടങ്ങൂർ കൈപ്പറ്റിയത് 72 ലക്ഷമെന്ന് കണ്ടെത്തി

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസിൻ്റെ ഗുരുതര കണ്ടെത്തൽ. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി എടുക്കാനും നിർദ്ദേശിച്ചു

പീഡന കേസിൽ 15 ലക്ഷം ഫീസ്, 5 ലക്ഷം ജഡ്ജിക്കെന്ന് കക്ഷിയോട്

72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായി .15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിരുന്നു. 

സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇയാൾ ആഡംബര ജീവിതമാണ് നയിച്ചത്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുണ്ട്. സെബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജികളുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്. 

സത്യം പുറത്തു കൊണ്ടുവരണമെന്ന് അഭിഭാഷകസംഘടനകള്‍

ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ തല്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഓള്‍ കേരള ലോയേഴ്സ് യൂണിയന്‍ കേരള ഹൈക്കോടതി കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണം നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിക്കുന്നതാണ് – എ.ഐ.എല്‍.യു. ഹൈക്കോടതി കമ്മിറ്റി സെക്രട്ടറി അഡ്വ. സി.എം. നാസര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

നിർമ്മാതാവ് ആൽവിൻ ആൻ്റണിയിൽ നിന്നാണ് ഏറ്റവം അധികം തുക കൈക്കൂലി ഇടനിലയായി വാങ്ങിയിട്ടുള്ളത്.

ആരോപണത്തില്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരാന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

സംശയത്തിന് അതീതമായി നിലകൊള്ളേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ജുഡീഷ്യറി തന്നെ ആരോപണം അന്വേഷിക്കണം എന്ന നിലപാട് സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് അഭിപ്രായപ്പെട്ടു.

ഉടന്‍ മൊഴിയെടുക്കും-സിറ്റി പോലീസ് കമ്മിഷണര്‍

ആരോപണത്തില്‍ കൈക്കൂലി നല്‍കിയതായി പറയുന്ന സിനിമാ നിര്‍മാതാവിന്റെയും ആരോപണ വിധേയനായ അഭിഭാഷകന്റെ രണ്ട് ജൂനിയര്‍മാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. ചൊവ്വാഴ്ച നോട്ടീസ് നല്‍കിത്തുടങ്ങും. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി. ക്ക് നല്‍കും. ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

കടുപ്പിച്ച് പൊലീസ്, ഗുണ്ടാലിസ്റ്റിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും തീരുമാനം

പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികള്‍ കൂടിയാണ് ഇവര്‍. പ്രതികൾ ജാമ്യ അപേക്ഷ നൽകിയിട്ടുണ്ട്. പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. 

ഒന്നിലധികം സിം കാർഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂർ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ആരിഫുമായുള്ള സൗഹൃദം ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസും പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ഫോൺ പേട്ട പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും.

ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മിൽ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവർത്തകരാവുകയായിരുന്നു. മനുഷ്യ ചങ്ങലയിൽ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഗുണ്ടാബന്ധത്തിന്‍റെ പേരിൽ ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിധിനെയും കൂട്ടുകാരെയുമാണ് പാറ്റൂരില്‍ വെച്ച് ആസിഫും ആരിഫും ചേർന്ന് ആക്രമിച്ചത്. ഈ കേസിൽ ഓം പ്രകാശ് എട്ടാം പ്രതിയാണ്. മെഡിക്കൽ കോളജിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആംബുലൻസ് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തൻപാലം രാജേഷിനെയും കുറിച്ച് സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. 

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം തുടങ്ങുന്നു

നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ വിസ്തരിക്കപ്പെടും. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.

തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.

കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാ‌ഞ്ചിന് നൽകിയ മൊഴി സായ് ശങ്കർ ആവർത്തിച്ചെന്നാണ് സൂചന. 

ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത വീണ്ടും നീക്കം തുടങ്ങി. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയില്ല. എന്നാൽ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്.

വഴിത്തിരിവായ വെളിപ്പെടുത്തൽ

കഴിഞ്ഞ നവംബറിൽ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിചാരണ കോടതി തള്ളിയിരുന്നു. കേസിൽ അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നായിരുന്നു ആവശ്യം. നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് സംവിധായകൻ ബാലചന്ദ്രമേനോന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ രാജ്യത്ത് ആദ്യമായി 26 ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

0

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ അടുത്ത ദിവസം പുറത്തിറങ്ങും ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26നു പുറത്തിറക്കാനാണ് തീരുമാനം. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്.

‘ഇന്‍കോവാക്’ 26നു പുറത്തിറക്കുമെന്നു ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു.

കന്നുകാലികളിലെ ചര്‍മമുഴ രോഗത്തിനുള്ള തദ്ദേശീയ വാക്‌സിനായ ‘ലംപി-പ്രോവാക്ഇന്‍ഡ്’ അടുത്ത മാസം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. ഭോപ്പാലില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ (ഐ ഐ എസ ്എഫ്) വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങളുടെ നാസല്‍ വാക്‌സിന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഔദ്യോഗികമായി അവതരിപ്പിക്കും,” മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ഐ ഐ എസ് എഫിന്റെ ‘ഫേസ് ടു ഫെയ്‌സ് വിത്ത് ന്യൂ ഫ്രോണ്ടിയര്‍ ഇന്‍ സയന്‍സ്’ വിഭാഗത്തില്‍ പങ്കെടുത്ത് എല്ല പറഞ്ഞു.

സര്‍ക്കാരിന് ഒരു ഷോട്ടിനു 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണു വാക്‌സിന്‍ വില്‍ക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

”ബി ബി സി ഡോക്യുമെൻ്ററി നിരോധനത്തിൽ മാധ്യമ സമീപനം ഭീരുത്വം നിറഞ്ഞത്, 200 വർഷത്തെ ഏറ്റവും മോശം നിലയിൽ”- പി സായിനാഥ്

2002-ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിൻ്റെയും അന്നത്തെ സര്‍ക്കാരിൻ്റെയും സമീപനത്തേക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ചെയ്ത നടപടിക്കെതിരെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ സായിനാഥ് പി സായ്നാഥ്. കേന്ദ്ര നീക്കം വിഷമാണെന്നും അതിനോടുള്ള മാധ്യമ സമീപനം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

200 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതില്‍ പ്രതിപക്ഷ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു. പക്ഷെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കയും ആരോപണം എന്ന നിലയിൽ വാർത്തകൾ മാറ്റി തീർക്കയും ചെയ്തു.

ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യ: ദ മോദി ക്വസ്‌ഷന്റെ ആദ്യ എപ്പിസോഡ് ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം യുട്യൂബിനോട് ഉത്തരവിട്ടിരുന്നു. യുട്യൂബിൽ ഡോക്യുമെന്ററിയുമായി ലിങ്കുള്ള 50-ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തിനോട് സ്വീകരിച്ച സമീപനത്തെക്കുറിച്ചാണ് രണ്ട് എപ്പിസോടുള്ള ഡോക്യുമെന്ററിയാണ് ബിബിസിയുടേത്. ഐടി റൂൾസ്, 2021 പ്രകാരമാണ് വീഡിയോ നീക്കം ചെയ്യാന്‍ കേന്ദ്രം അടിയന്തര ഉത്തരവ് നല്‍കിയത്.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇന്ത്യൻ എക്‌സ്പ്രസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായിനാഥിന്റെ പ്രതികരണം. “കേന്ദ്ര നടപടി വിഷം നിറഞ്ഞതാണ്. മോദിയെയോ അദ്ദേഹത്തിന്റെ സർക്കാരിനെയോ പാർട്ടികളെയോ വിമർശിക്കുന്ന എന്തും തുടച്ചുമാറ്റാൻ അവർ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.

“ഒരു വലിയ വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ഇത് ലഭ്യമല്ല,” സായ്നാഥ് പറഞ്ഞു. “എന്നാൽ ആ ഡോക്യുമെന്ററിയിലെ ഉറവിടങ്ങൾ നോക്കൂ. മുൻ വിദേശകാര്യ സെക്രട്ടറിയും യുകെ ഗവൺമെന്റിന്റെ മന്ത്രിതലത്തിലുള്ള ആളുകളുമാണ് സംസാരിക്കുന്നത്. നിങ്ങൾ (സർക്കാർ) അത് ഇല്ലാതാക്കുകയാണോ?,” അദ്ദേഹം ചോദിച്ചു.

കേന്ദ്ര നടപടിയോടുള്ള രാജ്യത്തെ വലിയ വിഭാഗം മാധ്യമങ്ങളുടെ സമീപനത്തേയും അദ്ദേഹം വിമര്‍ശിച്ചു. “ഇത് കേവലം സെൻസർഷിപ്പ് അല്ല. മാധ്യമങ്ങളിൽ, സ്വയം സെൻസർഷിപ്പ് വലിയ തോതിൽ സ്വീകരിക്കുന്നത് നാം കാണുന്നു. എന്തെങ്കിലും ചെയ്യരുതെന്ന് അവരോട് പറയേണ്ടതില്ല, വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാൻ അവർ അനുവദിക്കുന്നില്ല. അതാണ് വലിയ ദുരന്തം,” അദ്ദേഹം പറഞ്ഞു.

പൊതുമുതൽ നശിപ്പിച്ച എല്ലാ നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടിയാൽ കേരളത്തിൻ്റെ കടം വീട്ടാം- ജോയ് മാത്യു

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിൽ അകപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കുന്നതിൻ്റെ ഭാഗമായി പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.

പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്. വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്ന് ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചു. അതിൻ്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കളും കണ്ടുകെട്ടിയാല്‍ തീരാവുന്ന കടമേ ഇപ്പോൾ കേരളത്തിനുള്ളൂവെന്നും അദ്ദേഹത്തിൻ്റെ പോസ്റ്റ് വാർത്തയായി.

ജോയ് മാത്യുവിൻ്റെ കുറിപ്പ്

 പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്. അതിനും മുന്‍പേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍ തീര്‍ക്കാവുന്ന കടമേ ഇപ്പോള്‍ കേരളത്തിനുള്ളൂ- ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ.

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്.
അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും. അഭിഭാഷകര്‍ തയ്യാറാവുക,’

ആം ആദ്മിപാർട്ടി കേരള ഘടകം പിരിച്ചു വിട്ടു

ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.

2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. തിങ്കളാഴ്ച സംഘടനകാര്യ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് വിവരം കൈമാറിയത്. ഉടന്‍ തന്നെ പുതിയ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.

പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ഒന്നും ചെയ്യാനാവാതെ സംസ്ഥാന നേതൃത്വം

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. എന്നാല്‍ നിലവിലെ നേതൃത്വം ഏറെക്കുറെ നിർജ്ജീവ അവസ്ഥയിലായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ സാന്നിധ്യം ശക്തമാക്കുമ്പോഴും ഒരു ചലനവും ഇവിടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ച്‌ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സന്ദീപ് പതക്കിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് സംഘടനാ നേതൃത്വത്തില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ജുഡീഷ്യൽ കസ്റ്റഡിയിൽ

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിന് തുടർച്ചയായാണ് റിമാൻ്റ്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.  

നിലവിൽ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ റിമാൻ‍‍ഡിലാണ്.

വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാളയത്ത് വച്ച് കൻറോൺമെൻറ് പൊലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സർക്കാരിൻ്റേത് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു പി.കെ.ഫിറോസിൻറെ പ്രതികരണം.

‘ജമ്മു കശ്മീർ നേരത്തെ നാട്ടുകാർ ഭരിച്ചു ഇപ്പോൾ പുറത്തുനിന്നുള്ളവർ ഭരിക്കുന്നു; പ്രത്യേക പദവി തിരികെ കൊണ്ടുവരു’മെന്നും രാഹുൽ ഗാന്ധി

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി തിരികെകൊണ്ടുവരാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയെന്ന് രാഹുൽ ഗാന്ധി. മറ്റൊരുവിഷയവും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയേക്കാൾ വലുതല്ല.

ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ തട്ടിയെടുത്തു. സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജമ്മുവിൽ പര്യടനം തുടരുന്ന ഭാരത് ജോ‍ഡോ യാത്ര സത്വാരി ചൗക്കിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

നേരത്തെ നാട്ടുകാർ ഭരിച്ചു ഇപ്പോൾ പുറത്തു നിന്നുള്ളവർ

“നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അവകാശങ്ങൾ അവർ തട്ടിയെടുത്തു. സംസ്ഥാനപദവി പുനസ്ഥാപിക്കുന്നതിനു കോൺഗ്രസ് പാർട്ടിയുടെ പൂർണപിന്തുണ ഉറപ്പാക്കും”- രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ ജമ്മു കശ്മീർ ഭരിച്ചിരുന്നത് നാട്ടുകാർ തന്നെയാണ്, ഇന്ന് പുറത്തുനിന്നുള്ളവർ ഭരണം നടത്തുന്നു. ഭരണകൂടം നാട്ടുകാരുടെ ശബ്ദം കേൾക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

കശ്മീരി പണ്ഡിറ്റ് സംഘവുമായി രാവിലെ കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയുടെ നയങ്ങളെ തുടർന്നു തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയരുകയാണെന്നു രാഹുൽ കുറ്റപ്പെടുത്തി.

അഗ്നിവീർ സ്കീം ഇന്ത്യൻ ആർമിയെ ദുർബലപ്പെടുത്തി. ഇന്ത്യൻ ആർമിയുടെ ധാർമ്മികത ബിജെപിക്ക് മനസിലാക്കാനായിട്ടില്ലെന്നും രാഹുൽ പറഞ്ഞു. 2019 ലാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് ജമ്മുവിൽ എത്തിയത്.

ബിബിസി ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇ ഡി പരിശോധന തുടങ്ങിയേനെ എന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് വിവരിക്കുന്ന ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും നീക്കം ചെയ്യിച്ചതിന് പിന്നാലെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷം.

മേക്ക് ഇൻ ഇന്ത്യ പോലെ ബ്ലോക് ഇൻ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യപോലെ ബ്ലോക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയും രാജ്യത്തുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബിബിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയില്‍ ആയിരുന്നെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ഇപ്പോള്‍ പരിശോധനയ്ക്ക് എത്തിയിട്ടുണ്ടാവും എന്നും അദ്ദേഹം പരിഹസിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മോയിത്രയും ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്കുകള്‍ ഷെയര്‍ചെയ്തു. സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ട ട്വിറ്റര്‍ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ലെന്നും മറ്റൊരു ലിങ്ക് മൂന്ന് ദിവസം മാത്രമാണ് ലഭ്യമായതെന്നും തൃണമൂല്‍ നേതാക്കള്‍ ചൂണ്ടികാട്ടി.

ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയമാണ് യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പഠന ചിത്രത്തെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം പുച്ഛിക്കുന്നുവോ ജനങ്ങള്‍ക്ക് അത് കാണാനുള്ള ആകാംക്ഷ അതനുസരിച്ച് വര്‍ധിക്കുമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. രാജ്യത്തിന് അകത്തും പുറത്തും നടത്തുന്ന തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജ പ്രചാരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ പേരില്‍ മുന്‍ ന്യായാധിപരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളുമടക്കം 300-ലധികം പേരെ രംഗത്ത് ഇറക്കിയായിരുന്നു പ്രതിരോധം.