ബി ബി സി ഡോക്യുമെൻ്ററി ബ്ലോക്ക് ചെയ്തത് ഗുജറാത്ത് കലാപത്തിലെ സത്യങ്ങൾ പുറത്തു വരുന്നതിൽ മോഡിയുടെ ഭയമെന്ന് കോൺഗ്രസ്

0

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ട് ഉൾക്കൊള്ളുന്ന ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യൂമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചു.

യാഥാര്‍ത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മോഡി സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നുവെന്നതില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.’21 വര്‍ഷത്തിനിപ്പുറവും 2022 ലെ കലാപത്തിൻ്റെ സത്യം പുറത്ത് വരുന്നതില്‍ നരേന്ദ്രമോഡി ഭയക്കുകയാണ്. കലാപത്തില്‍ മോഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്, ഇതിലൂടെ സ്വേച്ഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്.’ എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ സംഭവത്തോട് പ്രതികരിച്ചു.

പ്രതികരണം കടുപ്പിച്ച് കോൺഗ്രസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംഭവത്തില്‍ നരേന്ദ്രമോഡിയെ പ്രതിരോധിച്ച് രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് സെക്രട്ടറി ആഷിഷ് ദുവയും രംഗത്തെത്തിയിരുന്നു. ‘ഋഷി സുനക് ഗുജറാത്തിനെക്കുറിച്ചുള്ള ‘കൃത്യമായി ഗവേഷണം നടത്തിയ’ ബിബിസി ഡോക്യുമെന്ററി കണ്ടിട്ടുണ്ടോയെന്ന് ആഷിഷ് ദുവ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. ‘ബിജെപി സര്‍ക്കാര്‍ എത്രമാത്രം സത്യം മൂടിവയ്ക്കാന്‍ ശ്രമിച്ചാലും, ലോകം മോഡിയെ കാണുന്നത് അദ്ദേഹം യഥാര്‍ത്ഥത്തില്‍ എന്താണ്, അതുപോലെ തന്നെയാണ്.’ എന്നായിരുന്നു ഷമ ട്വീറ്റ് ചെയ്തത്.

ബി ബി സിക്ക് മറുപടി നൽകാതെ

ഡോക്യൂമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യൂമെന്ററി തയ്യാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

കക്ഷി രാഷ്ട്രീയം നാടിൻ്റെ വികസനത്തെ ബാധിക്കരുത്, പ്രതിപക്ഷത്തെ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ് എന്നാൽ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചതിനേയും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മഹാ നിക്ഷേപക സംഗമമാണ് കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.”സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ നേരിടുന്ന പ്രശ്നമാണിത്. നാടിൻ്റെ വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും കക്ഷിരാഷ്ട്രീയം ഉണ്ടാകാം. പക്ഷേ നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ഇക്കാര്യത്തിൽ പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ അവരവരുടെ കാരണത്താൽ അത് നടന്നില്ല. നാടിന്റെ വികസനത്തിന് ഒരുമയാണ് വേണ്ടത്. പക്ഷേ ഒന്നിച്ചു നിൽക്കാൻ നമുക്കാകുന്നില്ല.

നാടിന്റെ വികസനത്തിന്റെ പ്രശ്നം വരുമ്പോൾ മറ്റ് അഭിപ്രായം മാറ്റി വെച്ച് ഒന്നിച്ചു നിൽക്കണം. അതിന് നാടിനോട് പ്രതിബദ്ധതയുണ്ടാകണം. അതിനുള്ള ഹൃദയവിശാലതയുണ്ടാകണം. ഈ മനോഭാവം മാറ്റണം. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നിൽക്കുന്നു.

കേരളം കടത്തിൽ മുങ്ങി നിൽക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. 2020-ൽ കേരളത്തിൻ്റെ പൊതുകടം 29 ശതമാനമാണ്. 2021ൽ ഇത് 37 ശതമാനമായി. കേന്ദ്രത്തിൻ്റെ പൊതുകടം ഇക്കാലയളിൽ 12 ശതമാനം കൂടി. ഇതു മറച്ചുവച്ചാണ് കേരളത്തിനെതിരായ പ്രചാരണം നടക്കുന്നത്. കേരളത്തിൻ്റെ വരുമാനത്തിൽ 64 ശതമാനം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിൻ്റെ സഹായം കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നാണ് പ്രചാരണം” മുഖ്യമന്ത്രി പറഞ്ഞു.

മഹാ സംഗമത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തി റാങ്ക് ഉയർത്താനാണ്. പതിനായിരത്തോളം സംരംഭകരാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്താണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിംഗ് പട്ടികയിൽ 15-ാമതാണ് കേരളം.

ജാതി വിവേചനത്തിന് എതിരായ സമരം പടർന്നു ; ശങ്കർ മോഹൻ രാജിവെച്ചു

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു.

എന്നാൽ നിലവിലെ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജിയെന്നും അവകാശപ്പെട്ടാണ് രാജി വെച്ചത്. ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു.

ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി പരാതികൾ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ പുറത്തു വിട്ടു. മാത്രമല്ല ജീവക്കാരും ഇതേ അനുഭവങ്ങൾ പങ്കു വെച്ചു. ഇതോടെ ശങ്കർ മോഹനെ പ്രതിരോധിക്കാനാവാത്ത അവസ്ഥയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

മകൻ മയക്കുമരുന്നുമായി പിടിയിലായി, മനം നൊന്ത് അമ്മ മരിച്ചു

 ലഹരിക്കേസില്‍ മകൻ എക്‌സൈസ് പിടിയിലായ വിവരം അറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.

നാലു ഗ്രാം എം ഡി എംഎയുമായി ഇവരുടെ മകന്‍ ഷൈനോയെ ഇന്നലെ വൈകീട്ട് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഷൈനോ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടെന്ന കണ്ടെത്തലിലാണ് എക്‌സൈസ്. വിവരം അറിഞ്ഞ് സങ്കടത്തിലായി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ഉടന്‍ കയറ് കഴുത്തില്‍ നിന്ന് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എം ഡി എം എ എന്ന ചതിക്കുഴി

ഹാലൂസിനോജനായ മെസ്‌കാലിന്‍, മെത്താമെഫ്റ്റമിന്‍ എന്നിവയുടെ കെമിക്കല്‍ സ്ട്രക്ച്ചറിനോട് സാമ്യമുള്ള സിന്തറ്റിക്, സൈക്കോ ആക്ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. എംഡിഎംഎ ഉപയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ സജീവമാകും. രണ്ട് ദിവസം വരെ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. മോളി എന്നും അറിയപ്പെടുന്ന എംഡിഎംഎ, എക്സ്റ്റസി എന്നറിയപ്പെടുന്ന മറ്റൊരു ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മേമ്പൊടിയായാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.

തലച്ചോറിലെ രാസ ഘടന തകർത്ത് തുടക്കം

തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയിലാണ് നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുക. ഉയര്‍ന്ന മാനസികാവസ്ഥ, സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ ഉണ്ടാവാന്‍ കാരണമായ രാസപദാര്‍ത്ഥമാണ് സെറോടോണിന്‍. അതിനാല്‍, എംഡിഎംഎ ഉപയോഗിക്കുന്നതോടെ മൂഡിനേയും എനര്‍ജിയേയും വിശപ്പിനേയും ലൈംഗിക ഉത്തേജനത്തേയും ഉറക്കത്തേയും ഹൃദയത്തിന്റെ മിടിപ്പിനേയും രക്ത സമ്മര്‍ദ്ദത്തേയുമെല്ലാം ഇത് ബാധിക്കുന്നു.

ടാബ്ലെറ്റ്/ ക്യാപ്‌സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൊടിയായും എംഡിഎംഎ ലഭിക്കുന്നുണ്ട്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് വലിച്ചും മൂക്കിലൂടെ വലിച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വം ചില ആളുകള്‍ കുത്തിവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎയുടെ ഫലം ഉപയോഗിക്കുന്ന വ്യക്തി, ഉപയോഗിക്കുന്ന സാഹചര്യവും അന്തരീക്ഷവും ഇതിന്റെ ഫലത്തെ ആശ്രയിച്ച് മാറും.

ഉയര്‍ന്ന ആനന്ദം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാക്കും. ആദ്യത്തെ ഉപയോഗത്തില്‍ വായയിലെ തൊലി അടര്‍ന്നുപോകും. എംഡിഎംഎ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വലിയ തോതിൽ നിർജലീകരണം സംഭവിക്കും. സ്ഥിരമായി ഉപയോഗിക്കുന്നവരുടെ പല്ലുകൾ ദ്രവിച്ച് കൊഴിയും.

വിഷം കലർത്തി വീര്യം കൂട്ടുന്ന കുക്കിങ്

സ്ഥിരമായി ഉപയോഗിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാന്‍ വരെ കാരണമാവുന്നു. കേരളത്തില്‍ ഉപയോഗം കൂടിയതോടെ എംഡിഎംഎ കുക്കിംഗും വര്‍ധിച്ചതായി വിവരമുണ്ട്. മൊത്തമായി ശേഖരിക്കുന്ന എംഡിഎംഎയില്‍ നിരോധിതമായ ചില രാസപദാര്‍ഥങ്ങള്‍ കൂടി ചേര്‍ത്ത് ശക്തി വര്‍ധിപ്പിക്കുന്നതിനെയാണ് എംഡിഎംഎ കുക്കിംഗ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ അടിമകളാക്കാന്‍ ഈ കുക്കിംഗിലൂടെ സാധിക്കുന്നു.

സോഷ്യൽ മീഡിയ റീച്ച് വിറ്റ് കാശാക്കുന്നവർ ഇനി അതു കൂടി പറയാൻ ബാധ്യസ്ഥരാവും

വിവിധ ബ്രാന്‍ഡുകളില്‍ നിന്നും വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തുന്ന പരസ്യ ഏജൻ്റുമാർ വർധിച്ചതോടെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് നടത്തുന്ന ഇത്തരം പരസ്യ പ്രചാരണങ്ങൾക്ക് ഇനി വൻ തുക പിഴ നൽകേണ്ടി വരും. ഇത്തരം ഉല്പന്നങ്ങൾക്കും പണി കിട്ടും. ആറു വർഷം വരെ വിലക്ക് നേരിടും.

സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളും ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് വരികയും ചെയ്യും.

പ്രമോഷനുകള്‍ നടത്തുമ്പോള്‍ സ്‌പോന്‍സേര്‍ഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ ഉപയോഗിക്കണം.

ചെറുതല്ല കോടികൾ മറിയുന്ന ഇൻഫ്ലുവൻസേഴ്സ് മാർക്കറ്റ്

എന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍, ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും.

‘2022 ല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മാര്‍ക്കറ്റ് 1,275 കോടി രൂപയുടേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 2,800 കോടി രൂപയായി ഉയരും, ഏകദേശം 19-20% വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ‘സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍ ഒരു ലക്ഷത്തില്‍ കൂടുതലാണ്.

കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംങ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

കൈപ്പറ്റുന്നത് പലതരം ആനുകൂല്യങ്ങൾ

‘എന്‍ഡോസ്‌മെന്റ് നോ ഹൗസ്’ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രോത്സാഹനങ്ങള്‍ പണം മറ്റ് പ്രതിഫലങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, മീഡിയ ബാര്‍ട്ടറിങ്, കവറേജുകള്‍ അവാര്‍ഡുകള്‍, സൗജന്യ ഉത്പന്നങ്ങള്‍, കിഴിവുകള്‍, സമ്മാനങ്ങള്‍, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു.

മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ സർക്കാർ മുന്നോട്ട്

ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി.

ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

ക്ലബ്ബിൽ യുവതിയെ മോശമായി സ്പർശിച്ചു, ബ്രസീൽ താരം ഡാനി ആൽവെസ് ജയിലിലായി

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ ജയിലിലായി. നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് പിടികൂടിയ താരത്തെ ജയിലിലേക്ക് അയക്കാൻ കോടതി നിർദ്ദേശിക്കയായിരുന്നു. ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ പരാതി നല്‍കിയത്.

അടിവസ്ത്രം തൊട്ടു

ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തൻ്റെ അടിവസ്ത്രത്തിന് അകത്ത് തൊടാൻ ശ്രമം നടത്തി എന്നയിരുന്നു പരാതി. ക്ലബ് സെക്യൂരിറ്റിയെ അപ്പോൾ തന്നെ യുവതി വിളിച്ച് വരുത്തി പരാതി നൽകി. അവരുടെ അറിയിപ്പ് പ്രകാരമാണ് പൊലീസ് എത്തിയത്

സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇതൊന്നും കോടതി സ്വീകരിച്ചില്ല.

ഖത്തര്‍ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആല്‍വസ് ബാഴ്‌സലോണയിലെത്തിയത്. നേരത്തെ ബാഴ്‌സലോണ, യുവന്റസ് തുടങ്ങിയ മുന്‍നിര ക്ലബുകളില്‍ കളിച്ചിരുന്ന 39-കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്. സംഭവത്തിൽ ക്ലബ്ബ് അധികാരികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീലിനായി എട്ട് ഗോളുകൾ നേടിയ താരമാണ്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷനിലായ പൊലീസുകാരൻ്റെ വധ ഭീഷണി; മാഫിയ ബന്ധങ്ങൾ തൊടാനൊരുങ്ങി സർക്കാർ

 സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ വക ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് വധ ഭീഷണി. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനെതിരെ ഇതു സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദ് പരാതി നൽകി. 

സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധഭീഷണി. ഭീഷണിയും തെറി വിളിയും കേട്ട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. 

ഞെട്ടിച്ച റിപ്പോർട്ട്, ഒരു സ്റ്റേഷൻ മുഴുവൻ ഗുണ്ടാ സംബന്ധത്തിൽ

ഗുണ്ടാ ബന്ധത്തിൻറെ പേരിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ സ്വീപ്പർ ഒഴികെ ബാക്കി 31 പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. എല്ലാവരെയും സ്ഥലം മാറ്റി. ആറു പേർക്ക് സസ്പെൻഷൻ നൽകി. ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. തലസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മംഗലപുരം സ്റ്റേഷനിലാണ് അടിമുടി ശുദ്ധികലശം. ഗുണ്ടാ ബന്ധത്തിൻറെ പേരിൽ എസ്എച്ച് ഒ സജേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി. ഇന്നലെ രാത്രിയാണ് കൂട്ട നടപടിയുണ്ടായത്.

സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന 32 പേരിൽ മാറ്റമില്ലാത്തത് ഒരു സ്വീപ്പർക്ക് മാത്രമാണ്. ഗുണ്ടകളായ ഷെമീറും ഷെഫീഖും ഒരു ദിവസം തന്നെ രണ്ട് തവണ സ്റ്റേഷൻ പരിധിയിൽ വെച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞിരുന്നു.

രക്ഷപ്പെട്ട ഷെഫീഖ് മുങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലിട്ടത്. ഇതോടെയാണ് സർക്കാർ നടപടിയിലേക്ക് നീങ്ങിയത്. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാർട്ടി ആഘോഷങ്ങൾ, വിവരങ്ങൾ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുക്കൽ അടക്കം പൊലീസിൻറെ അവിശുദ്ധ ബന്ധങ്ങളുടെ വിവരങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച്- ഇൻ്റലിജൻസ് റിപ്പോർട്ടുകളിലുള്ളത്. 

 പോക്സോ കേസിലെ ഇരയെ പീഡിപ്പിച്ച് മുൻ അയിരൂർ എസ്എച്ച്ഒ ജയസനെയും രണ്ട് ബലാത്സംഗ കേസിൽ പ്രതിയായ മലയിൻകീഴ് മുൻ എസ്എച്ച് ഒ സൈജുവിനെയും ഇതുവരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സസ്പെൻഷനിലുള്ള ഇരുവരും ഒളിവിലണന്നാണ് പൊലീസ് വിശദീകരണം. അകത്തു തന്നെയാണ് സംരക്ഷണം എന്നാണ് ആരോപണം.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെൻ്ററി വിവാദത്തിൽ, നിലപാടിൽ ഉറച്ച് ബി ബി സി

ഗുജറാത്ത് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബ്രിട്ടീഷ് സര്‍ക്കാർ രേഖയടങ്ങുന്ന ഡോക്യുമെൻ്ററി സംബന്ധിച്ച് നിലപാടിൽ ഉറച്ച് ബി ബി സി. ബ്രിട്ടീഷ് സർക്കാർ നയതന്ത്ര വിശദീകരണം നൽകി എങ്കിലും ബി ബി സി വഴങ്ങിയില്ല. വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളിൽ മറുപടി പറയാന്‍ അവസരം നല്‍കിയിട്ടും ഇന്ത്യ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായില്ലെന്നും ബിബിസി നിലപാട് എടുത്തു.

പ്രതിജ്ഞാ ബദ്ധതയുടെ ഭാഗമെന്ന് മാധ്യമ സ്ഥാപനം

ഡോക്യുമെന്ററിക്കായി ഗുജറാത്ത് കലാപം നേരില്‍കണ്ട സാക്ഷികളെയും വിദഗ്ധരെയും സമീപിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. മാധ്യമ പ്രവർത്തനത്തിൻ്റെ സത്യസന്ധ നിലപാടിൻ്റെ ഭാഗമാണെന്നും ബിബിസി വിശദീകരിച്ചു.

ഡോക്യുമെന്ററിക്കെതിരേ വിദേശകാര്യ മന്ത്രാലയം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രമാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് ബി ബി സി നിലപാട് കടുപ്പിച്ചത്.

കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെൻ്ററി. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചിരുന്നു. ഇതിനെ ഖണ്ഡിച്ചാണ് വിശദീകരണം.

2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിക്ക് തീവെച്ചു കൊണ്ടാണ് ഇന്ത്യൻ മനസാക്ഷിയെ നടുക്കിയ കലാപം തുടങ്ങിയത്. ഗുജറാത്തില്‍ പടര്‍ന്ന കലാപത്തില്‍ ആയിരത്തിലേറെപ്പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ടെ ഏറ്റവും നീചമായ വർഗ്ഗീയ കൊലകളാണ് തുടർന്ന് അറങ്ങേറിയത്.

ഇതേപ്പറ്റി അന്വേഷിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് ബി.ബി.സി. ഡോക്യുമെന്ററിയില്‍ പുറത്തുവിട്ടത്. ഇത് പരസ്യപ്പെടുത്തിയിരുന്നില്ല. വംശഹത്യയുടെ സ്വഭാവമുള്ള ആസൂത്രിതമായ ആക്രമണമാണ് ഗുജറാത്തില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് തെളിവുകൾ നിരത്തി വിശദീകരിക്കുന്നു. പോലീസിനെ നിര്‍വീര്യമാക്കാനും അതുവഴി കലാപകാരികളെ അഴിച്ചുവിടാനും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ സജീവപങ്കുവഹിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആ സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, കലാപകാലത്ത് മോഡിയെ അഭിമുഖംചെയ്ത ബി.ബി.സി. ലേഖിക ജില്‍ മഗിവറിങ് തുടങ്ങിയവരുടെ അഭിമുഖം ഡോക്യുമെൻ്ററിയിലുണ്ട്.

കലാപത്തില്‍ മോഡിയുടെ പങ്ക് വ്യക്തമാക്കിയുള്ള കേസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സുപ്രീംകോടതി തള്ളിയിരുന്നു. മോദിയുടെ നിരപരാധിത്വം വെളിവാക്കുന്ന റിപ്പോർട്ടാണ് അന്വേഷണസംഘം നൽകിയിരുന്നത്. ഇത് സുപ്രീം കോടതി അംഗീകരിക്കയായിരുന്നു. മോഡിയെ കുടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് പൗരാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും വിവിധ കേസുകളിൽ അകപ്പെടുത്തുകയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു.

ഡോക്യുമെന്ററിയുടെ ലിങ്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതേസമയം, ഇന്ത്യയില്‍ യൂട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്ററി വിലക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിലാണ്. മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേഷണം ചെയ്യുക.

ഭക്ഷ്യ സുരക്ഷാ മേഖലയിൽ ഇനി ഇൻ്റലിജൻസ് കണ്ണുകൾ; സോഷ്യൽ മീഡിയയ്ക്കും കണ്ണി ചേരാം

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പ്രത്യേക പരിശോധനയ്ക്കായി ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ക്ക് ഈ സ്പെഷ്യൽ ഫോഴ്സിനാവും ഉത്തരാവാദിത്തം. മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, 2 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സോഷ്യൽ മീഡിയ വഴിയുള്ള വിവരങ്ങളും ഇൻ്റലിജൻസ് അന്വേഷണ പരിധിയിൽ വരുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിപ്പിൽ വ്യക്തമാവുന്നത്. ഇതോടെ ജനകീയ ഇടപെടുലുകൾക്ക് കൂടി സാധ്യത തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണങ്ങൾക്കും പലവിധ താത്പര്യങ്ങൾക്കും പരിമിതികൾക്കും വഴങ്ങേണ്ടി വരും എന്ന സാഹചര്യം നിലനിൽക്കെ സോഷ്യൽ മീഡിയ വിവരങ്ങളെ കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ് ജാഗ്രത വർധിപ്പിക്കും എന്ന പ്രതീക്ഷയാണ്.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല 

1. ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കല്‍.
2. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ.
3. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കല്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കല്‍, വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വില്‍പന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ആവശ്യമായ വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്‍കല്‍, കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചുമതലകള്‍ വഹിക്കല്‍ എന്നിവ.

ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര സാഹചര്യത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് ടീം അതിന്റെ അന്വേഷണം, തുടര്‍ നടപടികള്‍, റിപ്പോര്‍ട്ടിങ് എന്നിവ നടത്തേണ്ടതാണ്. ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റതാണ്. ഭക്ഷ്യ വിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മീഷണര്‍ ഓഫീസില്‍ അയക്കേണ്ടതാണ്. 6 മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതുമാണ്.