സർവ്വകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി യും പ്രസവാവധിയും അനുവദിച്ച് ഉത്തരവായി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുവരെ ഇത്തരത്തിൽ അവധി എടുക്കേണ്ടി വരുന്നത് ഹാജർ നഷ്ടത്തിന് ഇടയാക്കുമായിരുന്നു. നിശ്ചിത ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതുന്നതിന് ഉൾപ്പെടെ അയോഗ്യത വരുമായിരുന്നു.

കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായതിന് പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് ആവശ്യമായ സാഹചര്യത്തിൽ പരമാവധി അറുപത് ദിവസത്തെ പ്രസവാവധി എടുക്കാം.

വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് വേണ്ടത്.

ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എല്ലാ സര്‍വകലാശാലകളിലും ഇത് നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

കെ വി തോമസിന് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമനം, ഉപകാരസ്മരണയ്ക്ക് ചിലവ് മാസത്തിൽ ഒരു കോടി

കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു.  കാബിനറ്റ് റാങ്കോടെയാണ് നിയമനം.ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.

5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രലസഭകളിൽ അംഗമായിരുന്നു കെ വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ വി തോമസ് പങ്കെടുത്തിരുന്നു.

കോൺഗ്രസിൽനിന്നും പുറത്താക്കി മാസങ്ങളായെങ്കിലും മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിന് സ്ഥാനങ്ങളൊന്നും നൽകിയിരുന്നില്ല.

പ്രത്യുപകാര പോസ്റ്റുകളിൽ ചോരുന്ന ഖജനാവ്

മുൻപ് ഇതേ പദവിയിൽ ഇരുന്ന സിപിഎം നേതാവ് എ.സമ്പത്തിനായി 20 മാസത്തേക്ക് ചെലവഴിച്ചത് 7.26 കോടി രൂപയാണ്. ഇതിൽ ശമ്പളമായി മാത്രം നൽകിയത് 4.62 കോടി രൂപയാണ്. ഇതു കൂടാതെ താമസം, യാത്ര, അതിഥി സൽക്കാരം എന്നീ ചെലവുകളുമുണ്ട്. ശമ്പളത്തിനു പുറമെ സമ്പത്തിനായി സർക്കാർ ചെലവഴിച്ച തുക ഇങ്ങനെ: യാത്രാ ചെലവുകൾ – 19.45 ലക്ഷം., ഓഫിസ് ചെലവുകൾ – 1.13 കോടി, ആതിഥേയ ചെലവുകൾ – 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി – 1.58 ലക്ഷം, ഇന്ധനം – 6.84 ലക്ഷം, മറ്റു ചെലവുകൾ – 98.39 ലക്ഷം..

ആറ്റിങ്ങലിലെ മുൻ എംപിയായ എ.സമ്പത്തിനെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത് പ്രതിമാസ ശമ്പളം 92,423 രൂപ അനുവദിച്ചായിരുന്നു. മന്ത്രിമാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടെയും സൗകര്യത്തോടെയുമായിരുന്നു നിയമനം. ശമ്പളം, യാത്രാബത്ത, പഴ്സനൽ സ്റ്റാഫ്, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് 7.26 കോടി രൂപ സമ്പത്തിനായി ചെലവഴിച്ചത്.

2019 ഓഗസ്റ്റിലാണ് എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പദവിയിൽ നിയമിച്ചത്. 20 മാസം സമ്പത്ത് പദവിയിൽ തുടർന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ്, ഡ്രൈവർ എന്നിവരെ സമ്പത്തിനായി അനുവദിച്ചിരുന്നു. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസ് പ്രവർത്തിച്ചത്.

വികസനത്തിനായി പ്രവർത്തിക്കും – കെ വി തോമസ്

‘സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും’ പദവിയെ പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുന്നതായി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പമാണ്. രാഷ്ട്രീയ കാഴ്ചപ്പാട് വികസനത്തിനൊപ്പമാണെന്നും തോമസ് പറഞ്ഞു. തന്റെ നിയമനം സംസ്ഥാനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം, രണ്ട് ഡി വൈ എസ് പിമാർക്ക് സസ്പെൻഷൻ

ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്ക് പൊലീസ് സേനയിൽ സസ്പെൻഷൻ.കെ.ജെ.ജോൺസൺ, എം പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ.

ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ ഇപ്പോൾ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.ആരോപണ വിധേയനായ എം. പ്രസാദ് വിജിലിൻസ് ഡിവൈഎസ്പിയാണ്.

ഗുണ്ടകളായ നിധിനും രജ്ഞിത്തും  തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി. 

നടപടി വൈകിപ്പിച്ചും ഇടനിലകൾ

ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ മൂന്ന് ദിവസമായിട്ടും തീരുമാനമായിരുന്നില്ല. ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രണ്ടുപേരേയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. 

തിരുവനന്തപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാര ചര്‍ച്ചയില്‍ ജോണ്‍സണും പ്രസാദും നേരത്തെ സസ്‌പെന്‍ഷനിലായ റെയില്‍വേ സിഐ അഭിലാഷും പങ്കെടുത്തിരുന്നുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളില്‍നിന്ന് ഇവര്‍ സാമ്പത്തിക ലാഭം നേടിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സസ്‌പെന്‍ഷനിലായ കെ.ജെ ജോണ്‍സണിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍വെച്ച് നടന്നിരുന്നു. ഈ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ഗുണ്ടാസംഘങ്ങളാണ് എന്നുള്ള വിവരവും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്.

നേരത്തെ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നാല് സിഐമാരേയും ഒരു എസ്‌ഐയേയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊലീസിലെ ക്രിമിനൽ സാന്നിധ്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും പൊലീസ് സേനയ്ക്ക് കളങ്കം ചാർത്തുന്ന സംഭവങ്ങൾ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ശുദ്ധീകരണ പ്രകിയ ശക്തമാക്കിയിരിക്കയാണ്.

കത്വ പീഡനക്കേസിൽ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ചയാൾ ജോഡോ യാത്രയുടെ മുന്നിൽ, അഭിഭാഷകയായ യുവ നേതാവ് പാർട്ടി വിട്ടു

കത്വ പീഡനത്തിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിൽ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെയാണ് ദീപികയുടെ രാജി. ട്വിറ്ററിലൂടെയാണ് അവര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച മറുകണ്ടം ചാടൽ പതിവാക്കിയ നേതാവ് ജോഡോ യാത്രയിൽ

മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക പുഷ്‌കര്‍ നാഥ് രാജി വെച്ചിരിക്കുന്നത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാല്‍ സിംഗ്. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, ചൗധരി ലാല്‍ സിംഗിനൊപ്പം വേദി പങ്കിടാനാവില്ലെന്നറിയിച്ചാണ് ദീപിക ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്.

പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ജമ്മു കാശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിച്ചയാളാണ് ലാല്‍ സിങ്, അത്തരത്തില്‍ ഒരാളുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നും ദീപിക കുറിച്ചു. ജമ്മു കശ്മീരില്‍ നിന്ന് രണ്ട് തവണ എം.പിയും മൂന്ന് തവണ എം.എല്‍.എയുമായിരുന്നു ലാല്‍ സിങ്. 2014ല്‍ ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡിപി. – ബി.ജെ.പി. സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയുമായിരുന്നു.

സര്‍ക്കാര്‍ വീഴുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 2018ല്‍ അദ്ദേഹം ബി.ജെ.പി.യില്‍ നിന്ന് രാജിവെച്ചു. 2021ലാണ് ദീപിക കോണ്‍ഗ്രസില്‍ ചേരുന്നത്. കത്വ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധ നേടിയിരുന്നു. കേസിന്റെ വിചാരണ കാശ്മീരില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റാന്‍ നിയമപോരാട്ടം നടത്തിയതിനു പിന്നില്‍ ദീപികയുമുണ്ടായിരുന്നു.

ഇന്ത്യൻ മനസാക്ഷിയെ മരവിപ്പിച്ച ക്രൂരത

ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്വ കേസ്. ബകർവാൾ നാടോടി വിഭാഗത്തിൽ പെടുന്ന കുട്ടിയെ പുരോഹിതൻ്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

2019 ജൂൺ 10-ന് കാതൂവയിൽ ബലാത്സംഗ കേസിൽ ഏഴ് മുതിർന്ന ആളുകളിൽ ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു

ങ്ങളുടെ നാട്ടിൽ താമസമാക്കിയ ബകർവാൾ നാടോടി ഇടയ ഗോത്രത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കാനാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തൽ. “60 വയസ്സുള്ള സഞ്ജി റാം, സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സാധാരണ പൗരനായ പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത പുത്രൻ വിശാല എന്നിവരാണ് കുറ്റാരോപിതർ.

മൃതപരിശോധനയിൽ ശരീരത്തിൽ ക്ലോനാസെപ്പാമിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടിക്ക് മയക്കുമരുന്ന് കൊടുത്തിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തി. കുറ്റാരോപിതരിൽ ഒരാളായ സഞ്ജി റാം കുട്ടിയെ നിരവധി ദിവസങ്ങൾ തടവിലിട്ടിരുന്നതായി ഫോറൻസിക് തെളിവുകൾ സൂചിപ്പിക്കുന്നു. ആസിഫ ബാനു പലതവണ പല പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ടതായും കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ട ശേഷം ഭാരമുള്ള കല്ലുകൊണ്ട് തലയ്ക്കടിയേറ്റതായും പരിശോധനയിൽ തെളിഞ്ഞു.

ലോകത്തെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ രാജി പ്രഖ്യാപിച്ചു

0

ലോകത്തെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിൻ്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. അടുത്ത മാസം ഏഴിന് രാജിവയ്ക്കും.കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറുന്നതായി പ്രഖ്യാപിച്ചത്. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാൻ ഊര്‍ജം ഇല്ല. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്നതിനൊപ്പം തന്നെ പാര്‍ട്ടിയിലെ സ്ഥാനവും ഒഴിയുമെന്നും വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വര്‍ഷം ഒക്ടോബര്‍ 14-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെങ്കിലും പൊതുതിരഞ്ഞെടുപ്പ് വരെ എം.പി. സ്ഥാനത്ത് തുടരുമെന്നും അവര്‍ അറിയിച്ചു.

ജസീന്ത ആർഡന്റെ ജനപ്രീതി തന്നെയാണ് ന്യൂസിലാന്‍ഡില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിച്ചത്. രണ്ടാം മന്ത്രിസഭയിലും പുതുമയാർന്ന നിരവധി കാര്യങ്ങളാണ് ജസീന്ത നടപ്പാക്കിയത്. ചരിത്രത്തിൽ ആദ്യമായി ഗേ വിഭാഗത്തിൽപ്പെട്ട ഒരാളെ ഉപപ്രധാനമന്ത്രിയാക്കി ന്യൂസിലാന്‍ഡ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഗ്രാന്‍ഡ് റോബേര്‍ട്ട്സണാണ് ഉപപ്രധാനമന്ത്രി.

ആർത്തിയില്ല അധികാരത്തിൽ കടിച്ചു തൂങ്ങലില്ല

ഇത്തരത്തില്‍ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. എപ്പോള്‍ നയിക്കണമെന്ന് അറിയണമെന്നത് പോലെ തന്നെ എപ്പോള്‍ പിന്‍മാറണമെന്ന് അറിയുന്നതും ഉത്തരവാദിത്വമാണ്. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. പദവിയോട് നീതിപുലര്‍ത്താനുള്ള വിഭവങ്ങള്‍ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. അതിനാല്‍ പദവി ഒഴിയാന്‍ സമയമായെന്നും ജസിന്ത ആര്‍ഡേണ്‍ യോഗത്തില്‍ അറിയിച്ചു.

‘ഞാന്‍ മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ്. കഴിയാവുന്നിടത്തോളം നമ്മള്‍ എല്ലാം നല്‍കുന്നു. എന്നാല്‍, എനിക്കിപ്പോള്‍ സമയമായി’- ജസിന്ത പറഞ്ഞു. കഴിഞ്ഞ വേനലവധിയില്‍ തനിക്ക് ഇനിയും സ്ഥാനത്തിരിക്കാനുള്ള ഊര്‍ജ്ജമുണ്ടോയെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍, അതില്ലെന്നാണ് മനസ്സിലായതെന്നും അവര്‍ പറഞ്ഞു.

മന്ത്രിസഭയിലെ മലയാളി വനിതയുടെ സന്നിധ്യത്തിലൂടെ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളീയർക്കും അഭിമായിരുന്നു. പ്രിയങ്കാ രാധാകൃഷ്ണനാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണ് നൽകിയിരുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല. 0 അംഗ മന്ത്രിസഭയില്‍ ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ പ്രാധാന്യം നൽകിയിരുന്നു.

120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

2017ലാണ് ജസിന്ത ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാവുന്നത്. സ്ഥാനമേറ്റടുക്കുമ്പോള്‍ 37 വയസ്സായിരുന്ന ജസിന്ത ആര്‍ഡേണ്‍ അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ്‌ ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകള്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വർണ്ണ വംശ വെറികൾ ഇല്ലാതെ വർഗ്ഗീയതയെ പുറത്ത് നിർത്തിയായിരുന്നു നിലപാടുകൾ.

അനുകമ്പ പ്രകടപ്പിച്ച ഒരാളായി വിലയിരുത്തപ്പെടുന്നതാണ് തനിക്ക് ഇഷ്ടമെന്ന് രാജ്യം നിങ്ങളെ എങ്ങനെ ഓര്‍മ്മിക്കണം എന്ന ചോദ്യത്തോട് പ്രതികരിക്കവെ അവര്‍ പറഞ്ഞു.

സമൂഹത്തിന് ഭീഷണിയാകുന്നവരെ ശിക്ഷിക്കാം; ഭീഷണി തീർക്കുന്ന വന്യമൃഗങ്ങളെ എന്തു കൊണ്ട് കൊന്നു കൂട – മാധവ് ഗാഡ്ഗിൽ

വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഇതില്‍ ആധുനിക സമൂഹത്തിന് അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടു.

ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാല്‍, അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട്, ജീവന് ഭീഷണിയായ വന്യമൃങ്ങളെ കൊന്നുകൂടാ? 1972ലെ വന്യജീവി സംരക്ഷണ നിയമം അസാധുവാക്കി, പുതിയ നിയമം കൊണ്ടുവരണം. പ്രാദേശിക ജൈവ വ്യവസ്ഥ സംരക്ഷിക്കാന്‍ തദ്ദേശീയര്‍ക്ക് അധികാരം നല്‍കുന്ന 2002ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണം.

കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത് പലതരം പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. കടുവകളെ നാടുകടത്തും എന്ന രീതിയിലുള്ള പ്രസ്താവന ട്രോളുകൾക്ക് ഇടയാക്കി. എന്നാൽ മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച ഗാഡ്ഗില്‍ ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് ലൈസന്‍സ് പ്രകാരമുള്ള വേട്ടയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഇത് യുക്തിയില്ലാത്തതും ബുദ്ധിശൂന്യമായതും ഭരണഘടനാ വിരുദ്ധവുമമാണ് ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നിയമമെന്നും ഗാഡ്ഗില്‍ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

പ്രദേശവാസികള്‍ അനുഭവിക്കുന്ന സഹനത്തിന് വന്യമൃഗങ്ങളുടെ ശരീരം അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ പോലും അനുവദിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയരുമായി പരിസ്ഥിതി- വനം മന്ത്രാലയം ചര്‍ച്ച നടത്തണം. വന്യജീവികളുടെ പെരുപ്പം കുറയ്ക്കുന്നതിന് എതിരായി നില്‍ക്കുന്നവര്‍ ജനവിരുദ്ധരായ യാഥാസ്ഥിതികരാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.

പി എസ് സി പ്രൊഫൈൽ ഇനി സ്വയം തിരുത്താം

ഇനി മുതൽ പി.എസ്.സി. പ്രൊഫൈൽ വിവരങ്ങൾ അതത് ഉദ്യോഗാർഥികൾക്ക് തന്നെ തിരുത്താം. ഇതിനുള്ള സൗകര്യം ജനുവരി 26-ന് നിലവിൽ വരുമെന്ന് പി എസ് സി അറിയിച്ചു. ഇതിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരില്ല. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ ഉദ്യോഗാർഥികൾക്ക് സ്വയം നടത്താം.

സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥി പി.എസ്.സി. ഓഫീസിൽ സന്ദർശിക്കേണ്ട ആവശ്യമില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത് തിരുത്തലുകളുടെ വിവരങ്ങൾ പി.എസ്.സി. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കും.

പ്രൊഫൈൽ മാറ്റാനും സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യാനുമായി സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്താൻ നടപടി തുടങ്ങി. തിരുത്തുന്ന വിവരം സംബന്ധിച്ചു സത്യവാങ്മൂലം കൂടി അപ്‍ലോഡ് ചെയ്യേണ്ടി വരും. നിയമന നടപടികളുടെ ഭാഗമായി ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിലോ മറ്റോ വരുമ്പോൾ രേഖകൾ പരിശോധിക്കും. വ്യാജവിവരം നൽകുന്നവരെ അയോഗ്യരാക്കും.

മാറ്റങ്ങൾ അറിഞ്ഞിരിക്കാം

നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ല. പി.എസ്.സി വെബ്സൈറ്റിൽനിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ.

പ്രതിദിനം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തിരുത്തൽ അപേക്ഷ സമർപ്പിക്കാറുള്ളത്. ദൈനംദിന ജോലികൾക്ക് പുറമെ, ഇത്തരം അപേക്ഷകൾ വൻ ജോലിഭാരം ഉദ്യോഗസ്ഥരിലുണ്ടാക്കുന്നെന്ന് കണ്ടത്തിയതോടെയാണ് പുതിയ പരിഷ്കാരം. പ്രൊഫൈലിലെ ജാതി, മതം, ലിഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ഉദ്യോഗാർഥികൾക്കുതന്നെ തിരുത്താമെന്നാണ് പ്രാഥമിക തീരുമാനം.

എന്നാൽ, ഉദ്യോഗാർഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം.

എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർഥിക്ക് അതിനു താഴെയോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും.ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും.

ഓൺലൈൻ സേവനങ്ങളും പ്രൊഫൈൽ വഴി

പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. 2023 മാ​ർ​ച്ച് ഒ​ന്നു​മു​ത​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, പ​രീ​ക്ഷ/​അ​ഭി​മു​ഖം/​പ്ര​മാ​ണ​പ​രി​ശോ​ധ​ന/​നി​യ​മ​ന​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ തീ​യ​തി​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ, തു​ള​സി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, സ്​​ക്രൈ​ബി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ, നി​യ​മ​ന പ​രി​ശോ​ധ​ന​ക്ക്​ ഫീ​സ്​ അ​ട​ക്കാ​നു​ള്ള സേ​വ​നം, ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, മ​റ്റ് പൊ​തു​പ​രാ​തി​ക​ൾ എ​ന്നി​വ പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ മൊ​ഡ്യൂ​ൾ വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും.

നി​ല​വി​ൽ ഇ-​മെ​യി​ൽ/​ത​പാ​ൽ വ​ഴി​യാ​ണ് ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. പ്രൊ​ഫൈ​ൽ വ​ഴി​യു​ള്ള പു​തി​യ മൊ​ഡ്യൂ​ൾ വ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ളി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യും. ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​വ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പ്പ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാ​നും സാ​ധി​ക്കും.

വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം, ചു​രു​ക്ക​പ്പ​ട്ടി​ക, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, അർഹത പട്ടിക അടക്കം വിശദ വിവരങ്ങൾ www.keralapsc.gov.inൽ ലഭിക്കും.

സുരങ്ക നിർമ്മാണ വിദഗ്ധൻ കുഞ്ഞമ്പു അന്തരിച്ചു

സുരങ്ക നിര്‍മാണത്തിലൂടെ പ്രശസ്തനായ കാസര്‍കോട് ബീമ്പുങ്കാല്‍ നീര്‍ക്കയ കുഞ്ഞമ്പു (74) അന്തരിച്ചു.

ജലശേഖരണ രീതിയായ ‘സുരങ്ക’ യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ അപൂര്‍വ്വം ഒരാളായിരുന്നു കുഞ്ഞമ്പു.16 വയസ്സുമുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങിയ കുഞ്ഞമ്പു അമ്പത് വര്‍ഷത്തോളം അദ്ദേഹം ഈ രംഗത്തു പ്രവർത്തിച്ചു. കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവിടങ്ങളിലുമായി ആയിരത്തിലേറെ സുരങ്കങ്ങളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്.

യുനസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പെട്ട സുരങ്കകളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവായിരുന്നു. ഈ രംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

പരേതരായ കോമന്റെയും കൊട്ടിയയുടെയും മകനാണ്. ഭാര്യ: ശാരദ, മക്കള്‍: രതീഷ്, വാസന്തി, ദയാമണി. മരുമക്കള്‍: ശ്രീധരന്‍, തമ്പാര്‍, ദിവ്യ.

എന്താണ് സുരങ്ക

ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേക്ക്​ ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസർകോട്​, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തി​​​​െൻറ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേക്ക്​ കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു. നിരവധി ആളുകൾക്കാണ് ഓരോ കൊല്ലവും ഇത് സഹായകരമാകുന്നത്. ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജലലഭ്യത നിര്‍ണയിച്ച സ്ഥലത്തി​​​​െൻറ ആഴത്തിലേക്ക്​ തുരങ്കമുണ്ടാക്കുന്നു. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. കിണറുകള്‍ ഭൂമിക്കടിയിലേക്ക്​ കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു.

ദക്ഷിണ കര്‍ണാടകം ഉൾപ്പെടുന്ന ഈ മേഖലയില്‍ തുരങ്ക നിര്‍മാണരീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത ജലശേഖരണ രീതികൾ പ്രകൃതിക്ക്​ കോട്ടം തട്ടാതെ ജലം ശേഖരിക്കാന്‍ സഹായിക്കുന്നു. കട്ടികൂടിയ ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മലഞ്ചെരിവ് തുരന്ന് വെള്ളം ശേഖരിക്കുകയായിരുന്നു പ്രായോഗികം. തുരങ്കങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ജലത്തി​​​​െൻറ ഗുണത്തിലും വലിയ വ്യത്യാസമുണ്ടെന്നും പറയപ്പെടുന്നു. അഞ്ച് കോല്‍ മുതല്‍ 240 കോല്‍ വരെ ഭൂമിയുടെ അകത്തേക്ക് തുരന്നുചെന്ന സുരങ്കകള്‍ കാസര്‍കോടുണ്ട്. ഇവ 3000ത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

ചീഞ്ഞ കോഴിയിറച്ചി; പറ്റുകാരുടെ ലിസ്റ്റിൽ വൻകിട ഹോട്ടലുകളും മാളും

കളമശ്ശേരിയിൽ 400 കിലോ ചീഞ്ഞ കോഴി ഇറച്ചി പിടികൂടിയ കേസിൽ പറ്റുകാരുടെ ലിസ്റ്റ് പുറത്തായി. ഇറച്ചി വില്പന ശാലയിൽ പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. ചില ഹോട്ടലുകളുടെ പേരു വിവരങ്ങൾ മറച്ചു വെച്ചതായി യുവജന രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.

ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടത്. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടിക അപൂർണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പട്ടിക വാർത്തയിൽ കാണിച്ചു.

ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇത് ഹോട്ടലുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു. ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ  പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്ഐയും വലിയ പ്രതിഷേധം ആരംഭിച്ചു.എന്നാൽ അപ്പോഴും പേരുകൾ പുറത്തുവിടാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നഗരസഭ. ഈ കടകളിലേക്ക് പഴകിയ ഇറച്ചി നൽകിയോ എന്ന സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭാ നിലപാട്. 

പാർട്ടി പിണങ്ങി, തമിഴ് നാടിൻ്റെ പേര് മാറ്റാൻ പറഞ്ഞിട്ടില്ലെന്ന് രാഷ്ട്രീയ ചുവട് മാറ്റി ഗവർണർ

തമിഴകം വിവാദത്തിൽ നിന്ന് നിഷേധ കുറിപ്പിറക്കി ഒഴിഞ്ഞു മാറി ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ വാർത്താകുറിപ്പിറക്കി. ഗവർണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വം അസ്വസ്ഥമായിരുന്നു. തമിഴ് സംസ്കാരത്തെ തന്നെ ചോദ്യം ചെയ്ത് ഉള്ള വോട്ടും കളയുമോ എന്ന ആശങ്ക തമിഴ് നാട് നേതൃത്വത്തിൽ ഉയർന്നു. പ്രതിഷേധം കനത്തതോടെ ഇത് കേന്ദ്രത്തിനും ബോധ്യമായി.

ആർ.എൻ.രവിക്കെതിരെ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ് ടാഗ് പ്രചാരണമടക്കം തമിഴ്നാട്ടിൽ ശക്തമായിരുന്നു.സംസ്ഥാനത്തിന്‍റെ  പേരുമാറ്റണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. തമിഴകമെന്ന വാക്ക് ഉപയോഗിച്ചതും ആ അർത്ഥത്തിലല്ല. കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാംസ്കാരിക ബന്ധത്തെ അനുസ്മരിക്കാന്‍, രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാന്ദര്‍ഭികമായാണ് തമിഴകം എന്ന വാക്ക് ഉപയോഗിച്ചത് എന്നാണ് പുതിയ വിശദീകരണം. പ്രാചീനകാലത്ത് തമിഴ്നാട് ഉണ്ടായിരുന്നില്ലെന്നും തമിഴകം എന്തായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ന്യായീകരിക്കയും ചെയ്തു.

ഗവർണർമാരെ ഉപയോഗിച്ചുള്ള കളി തമിഴ് നാട്ടിൽ പാളി

ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ അതൃപ്തിയാണ് ഗവർണറുടെ മലക്കംമറിച്ചിലിന് പിന്നിൽ. ഗവര്‍ണ്ണറുടെ സമീപകാല നടപടികളിൽ‍ ബിജെപി കേന്ദ്ര നേതൃത്വത്തിലും അതൃപ്തിയുണ്ട്. തമിഴ് വികാരത്തെ ഗവര്‍ണ്ണര്‍ മാനിച്ചില്ലെന്നും, തെക്കേ ഇന്ത്യയില്‍ പാർട്ടി വളർത്താനുള്ള ശ്രമങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ നിലപാട് തിരിച്ചടിയായെന്നുമാണ് കേന്ദ്രനേതൃത്വത്തിന്‍റെ  വിലയിരുത്തല്‍ ഉണ്ടായത്. തമിഴ് നാടിന് മേൽ മറ്റ് ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന ബോധ്യവും ഇതോടെ കൈവന്നു.

കേരള ഗവര്‍ണ്ണറും, പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറുമൊക്കെ പയറ്റുന്ന അടവുകൾ ആർക്ക് വേണ്ടിയാണ് എന്നത് വ്യക്തമായിരുന്നു. എന്നാൽ അത് സര്‍ക്കാരുകളോട് രാഷ്ട്രീയ ഏറ്റുമുട്ടലായാണ് മാറിയത്. പക്ഷെ ആർ എൻ രവി തമിഴ് വികാരം ഇളക്കി വിടുകയായിരുന്നു എന്ന വിലയിരുത്തലാണ് പാർട്ടി ദേശീയ നേതൃത്വം അങ്കലാപ്പിലായത്. ഒരാഴ്ചയോളമായി ദില്ലിയില്‍ തുടരുന്ന ഗവര്‍ണ്ണര്‍ക്ക് പ്രധാനമന്ത്രിയെയടക്കം ഇനിയും കാണാന്‍ കഴിഞ്ഞിട്ടില്ല.

ഗവര്‍ണർക്കെതിരായ പ്രതിപക്ഷ പ്രതിഷേധവും തമിഴ്നാട്ടിൽ ശക്തമായി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെ രാഷ്ട്രപതിക്ക് കത്തുനല്‍കി. സാമൂഹിക മാധ്യമങ്ങളിൽ ‘ഗെറ്റ് ഔട്ട് രവി’ കാമ്പെയ്ൻ തുടരുന്നു. കോൺഗ്രസും സിപിഎമ്മും വിസികെയുമടക്കം പ്രതിപക്ഷ കക്ഷികളുംസ്വന്തം നിലയിൽ ഗവർണർക്കെതിരെ പ്രക്ഷോഭ പരിപാടികൾ തുടങ്ങി.