നാഗലാൻഡ്, മേഘാലയ, ത്രിപുര തിരഞ്ഞെടുപ്പുകൾ ഫെബ്രുവരി 27 ന്

0

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെയും ആറ് ഇതര സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവിരയിൽ നടക്കും. ത്രിപുരയില്‍ ഫെബ്രുവരി 16-നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27-നുമായിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാർച്ച് രണ്ടിനാവും.

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി മൊത്തം 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പമാവും. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 27-ന് നിശ്ചയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

ജയമോഹന്‍

0

തമിഴിലെ പ്രശസ്ത എഴുത്തുകാരന്‍. 1962 ഏപില്‍ ഇരുപത്തിരണ്ടിന് കന്യാകുമാരി ജില്ലയിലെ തിരുവരമ്പില്‍ ജനിച്ചു.
അച്ഛന്‍: ബാഹുലേയന്‍ പിള്ള. അമ്മ: വിശാലാക്ഷി അമ്മ.

1990ല്‍ പ്രസിദ്ധീകരിച്ച റബ്ബര്‍ എന്ന നോവലാണ് ആദ്യകൃതി.
മറ്റു നോവലുകള്‍: വിഷ്ണുപുരാ, പിന്തുടരും നിഴലിന്‍ കുരങ്ങ്, കാട്, ഏഴാം ലോകം, ഇരവ്. കൊറവൈ. ഒന്‍പതു ചെറുകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യനിരൂപണത്തില്‍ ഇരുപത്തിരണ്ടു പുസ്തകങ്ങള്‍, ഏഴു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ഇന്ത്യന്‍ തത്ത്വചിന്ത, മഹാത്മാഗാന്ധിയെക്കുറിച്ചുളള സമഗാനമായ ഇന്നത്തെ ഗാന്ധി, രാഷ്ട്രീയ ചിന്തകളുടെ ഏഴു പുസ്തകങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന രചനകള്‍. നെടുമ്പാതയോരം, ഉറവിടങ്ങള്‍ എന്നിവ മലയാള കൃതികള്‍.
കസ്തൂരിമാന്‍, നാന്‍ കടവുള്‍, അങ്ങാടി തെരു, കടല്‍ എന്നീ സിനിമകളുടെ തിരക്കഥ ജയമോഹന്റേതാണ്. മുപ്പതിനായിരത്തിലധികം വായനക്കാരുള്ള jeyarmohan.in എന്ന സൈറ്റ് മാസികയില്‍ സ്ഥിരമായി എഴുതുന്നു.

പുരസ്‌കാരങ്ങള്‍: കഥ അവാര്‍ഡ് (1992), സംസ്‌കൃതി സമ്മാന്‍ (1994), പാവലര്‍ വരദരാജന്‍ അവാര്‍ഡ് (2008), കന്നട ഇലക്കിയ തോട്ടം അവാര്‍ഡ് (2010).

അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ വായിക്കാം.


നൂറ് സിംഹാസങ്ങൾ

കേരളത്തിലെ തെക്കൻ ചില്ലകളിലും തമിഴ്നാട്ടിലും ഉള്ള നായാടി എന്ന വിഭാഗം അനുഭവിച്ച കൊടിയ പീഡനങ്ങളുടെ യാതനങ്ങളുടെയും കഥയാണ് ഇത്. നായാടി വിഭാഗത്തിൽ നിന്ന് പഠിച്ചു ഉയർന്ന ഐഎഎസ് ഓഫീസറായി മാറിയ ധർമ്മപാലൻ ആണ് ഇതിലെ കഥാപാത്രം. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒഴിവാക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ.
സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്നുനൂറുസിംഹാസനങ്ങള്‍.

2009 ലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. തമിഴിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിൽ ഒന്നാണത്. “നൂറുസിംഹാസനങ്ങൾ” ലഘുലേഖകളായി പല ദളിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

[dflip id=”100014093″ ][/dflip]


ആനഡോക്ടർ

ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കും പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമ്മം. ഇതൊരു പ്രചരണകഥയാണ്. ഇന്നും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002ൽ ഡോക്ടർ കെ. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യാഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്. – ഡോ. വി. കൃഷ്ണമൂർത്തിയെക്കുറിച്ച് നോവലിസ്റ്റ്.
കാടിന്റെ ആത്മാവ് കണ്ടെത്തിയ ഡോ. കെയുടെ ജീവിതം പുരാണകഥയെ അനുസ്മരിപ്പിക്കും പോലെ അവതരിപ്പിക്കുന്നു.

[dflip id=”100014060″ ][/dflip]

തിരഞ്ഞെടുപ്പുകൾ വരുന്നു, തിരഞ്ഞെടുപ്പു പരിഗണനകളില്ലാതെ പ്രവർത്തിക്കാൻ മോഡി

തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് ബി.ജെ.പി. നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഡല്‍ഹി എന്‍.ഡി.എം.സി. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു ആവശ്യം.

ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കള്‍ എത്തിച്ചേരണം. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ തന്ത്രപൂർവ്വം വേണം സമീപിക്കാനെന്നും നിര്‍ദേശിച്ചു. കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 350 മുതിര്‍ന്ന നേതാക്കളോടായിരുന്നു നിർദ്ദേശം.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് നിർവാഹക സമിതി യോഗത്തിന്റെ ആദ്യ ദിവസം പ്രധാനമായും ചർച്ച. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവെച്ചുള്ള ഒന്‍പതിന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

18-നും 25-നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബി.ജെ.പി.യെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കർശനമാക്കാൻ നിർദ്ദേശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് യുവാക്കൾ സാക്ഷികളായിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവര്‍ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പി.യുടെ സദ്ഭരണത്തെക്കുറിച്ചുള്ള അവബോധം അവരില്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു.

വരുൺ ഗാന്ധിയെ കാണാം, പക്ഷെ ആർഎസ്എസ് ആവുന്നതിലും ഭേദം മരണമെന്ന് രാഹുൽ ഗാന്ധി

 ഇതര രാഷ്ട്രീയ ചിന്തകൾക്കും സാഹോദര്യത്തിനും ജനാധിപത്യപരമായ അംഗീകാരം പ്രഖ്യാപിക്കുമ്പോഴും ആർ എസ് എസിന് എതിരെ കടുത്ത നിലപാടുമായി രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടി. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം എന്ന് പ്രഖ്യാപിച്ചു.

സഹോദരനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധിയെ കാണാനോ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യാനോ തനിക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വരുണ്‍ ഗാന്ധി പിന്തുടരുന്ന രാഷ്ട്രീയ ആശയത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘിന് ഒപ്പം ചേർന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ മരണമാണ് താന്‍ താത്പര്യപ്പെടുന്നതെന്നും രാഹുൽ തുറന്നടിച്ചു. ബി.ജെ.പിയുടെ പ്രത്യേയശാസ്ത്ര രക്ഷിതാവാണ് ആര്‍.എസ്.എസ്. അവരുടെ ഓഫീസില്‍ പോകുന്നതിനേക്കാള്‍ നല്ലത് തലവെട്ടുന്നതാണ്. എനിക്ക് ഒരിക്കലും ആര്‍.എസ്.എസ് ഓഫീസില്‍ പോകാനാകില്ല.

പഞ്ചാബില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ പിതൃസഹോദര പുത്രനും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

“വരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്. ഭാരത് ജോഡോ യാത്രയിലേക്ക് വന്നാല്‍ ചിലപ്പോള്‍ അത് അദ്ദേഹത്തിന് പ്രശ്‌നമുണ്ടാക്കിയേക്കാം. എന്റെ ആശയം അദ്ദേഹത്തിന്റെ ആശയവുമായി ഒത്തുപോകില്ല. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണം. എന്റെ കുടുംബത്തിന് ഒരു ആശയമുണ്ട്, ഒരു ചിന്താരീതിയുണ്ട്. വരുണ്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ ആശയം ഇപ്പോഴും പിന്തുടരുന്നു. ആ ആശയത്തില്‍ അദ്ദേഹം മുഴുകിയിരിക്കുകയാണ്. പക്ഷെ, ആ ആശയം എനിക്ക് അംഗീകരിക്കാനാകുന്നതല്ല”, രാഹുല്‍ പറഞ്ഞു.

രാഹുലിനേക്കാള്‍ പത്ത് വയസ് ഇളയതാണ് വരുണ്‍ ഗാന്ധി. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്നു.

സ്കൂളുകളിൽ പുതിയ പാഠപുസ്തകം; മാറ്റം അടുത്ത വർഷം മുതൽ

കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍കമ്മിറ്റി സംയുക്ത യോഗം പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍വരാനുള്ള സമയക്രമം തീരുമാനിച്ചു. അടുത്ത വർഷം മുതലാവും പുതിയ പാഠപുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ മാസത്തോടെ ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വര്‍ഷം ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കും.

ഏതൊക്കെ ക്ലാസുകളിൽ എപ്പോഴാണ് മാറ്റം

പ്രീ സ്‌കൂള്‍, 1,3,5,7,9 ക്‌ളാസുകള്‍ക്ക് 2024-25 അക്കാദമിക വര്‍ഷവും 2,4,6,8,10 ക്ലാസുകള്‍ക്ക് 2025-26 അക്കാദമിക വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ജനുവരി 31-ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31-ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു തീരുമാനം. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പാഠ്യപദ്ധതി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി രൂപീകരികരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഇതിനായി 26 മേഖലകളുടെ അടിസ്ഥാനത്തില്‍ ഫോക്കസ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചായിരുന്നു ചർച്ചകൾ എന്ന് മന്ത്രി പറഞ്ഞു.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക്് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ടെക് പ്ലാറ്റ്ഫോമും ഒരുക്കിയിരുന്നതായും വിശദമാക്കി.

തെറ്റിദ്ധരിപ്പിക്കാൻ ശ്രമം – മന്ത്രി

ചര്‍ച്ചാ കുറിപ്പുകള്‍ അടങ്ങിയ കൈപ്പുസ്തകത്തിലെ ചില ചോദ്യങ്ങളെ സര്‍ക്കാര്‍ നയമായി തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. 2022 നവംബര്‍ 17-ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചര്‍ച്ച സംഘടിപ്പിച്ചു. പരിഷ്‌കരണ ചര്‍ച്ചയെ കുട്ടികള്‍ ആവേശപൂര്‍വം ഏറ്റെടുത്തു. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും എന്നും മന്ത്രി ശിവന്‍കുട്ടി അവകാശപ്പെട്ടു.

ഭാരത് ജോഡോ യാത്ര സമാപന ചടങ്ങിൽ ഡി രാജയും ബിനോയ് വിശ്വവും

ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് പങ്കെടുക്കുക. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ. സന്നദ്ധത അറിയിച്ചത്.

റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കായി പോരാടണം. അതിന് മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മെച്ചപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ആശയം പ്രചോദനം നല്‍കുന്നു. മഹാത്മാ ഗാന്ധി, ഡോ. ഭീംറാവു അംബേദ്കര്‍, ഭഗത് സിങ് എന്നവര്‍ സ്വപ്‌നം കണ്ട ഇന്ത്യയെ തിരിച്ചുപിടിക്കണം,’ ക്ഷണം സ്വീകരിച്ച് കൊണ്ട് ഖാർഗോയ്ക്ക് അയച്ച കത്തില്‍ രാജ പറഞ്ഞു.

സി.പി.ഐ.ക്കു പുറകേ സി.പി.എം., ഡി.എം.കെ., ജെ.ഡി.യു. തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പങ്കെടുക്കാനാണ് സാധ്യത. സി.പി.ഐ. മാത്രമാണ് നിലവില്‍ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജനുവരി 30-ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. ഇതിലേക്ക് നിലവില്‍ 23 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി, ഭാരത് രാഷ്ട്രീയ സമിതി എന്നീ പാര്‍ട്ടികളുടെയെല്ലാം സാന്നിധ്യം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. എന്നാൽ സുരക്ഷാ നിയന്ത്രണങ്ങൾ മുൻ നിർത്തി കേന്ദ്രം യാത്രയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പഴകിയ ഇറച്ചി കണ്ടെത്തിയ വില്പനശാലയുമായി 49 ഹോട്ടലുകൾക്ക് ഇടപാട്

കളമശ്ശേരിയില്‍ 400 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇടപാട് നടത്തിയ ഹോട്ടലുകളുടെ പേരു വിവരങ്ങൾ പൊലീസിന് ലഭിച്ചു. 49 ഹോട്ടലുകള്‍ക്ക് ഇവിടെ നിന്നും ഇറച്ചി വിതരണം നടത്തിയിരുന്നതായി കാണിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്ന് ലഭിച്ച അക്കൌണ്ട് ബുക്കിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

പോലീസും കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പഴകിയ ഇറച്ചി പിടികൂടിയ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് ഇറച്ചി വിതരണവും അത് സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിടുത്തു.

പ്രതിയെ ഇനിയും കണ്ടെത്തിയില്ല

പഴകിയ ഇറച്ചി വിതരണം നടത്തിയ സ്ഥാപന ഉടമ ജുനൈസ് എന്ന വ്യക്തിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിലെ ഒന്നാംപ്രതിയായ ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. കളമശ്ശേരിയും പാലാരിവട്ടവും ഉള്‍പ്പെടെ ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെനിന്ന് ഇറച്ചി കെണ്ടു പോയിട്ടുണ്ട്. ഇവയെല്ലാം പഴകിയ ഇനത്തിൽ വരുന്നതാണോ എന്നതും അന്വേഷണത്തിലാണ്.

മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന 400 കിലോ കോഴിയിറച്ചിയാണ് ഇവിടെ നിന്ന് പിടികൂടിയത്. മലിനജനം പുറത്തേക്ക് ഒഴുക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

പരിശോധനാസമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയും ഹോട്ടലുകാര്‍ ഇവിടെനിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി അവർ സമ്മതിച്ചു.

ലിംഗനിഷ്പക്ഷ യൂണിഫോമിൽ നിലപാട് എടുക്കാനാവാതെ കേന്ദ്രവും, പറയാതെ പറഞ്ഞെന്ന് വരുത്തി എൻസിഇആർടി

ആറാംക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെന്‍ഡര്‍ ന്യൂട്രല്‍) മാക്കണമെന്ന നിര്‍ദേശം നേരിട്ട് മുന്നോട്ട് വെക്കാതെ എന്‍.സി.ഇ.ആര്‍.ടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ കരടുനിര്‍ദേശത്തിൽ അവ്യക്തമായി പൊതു യൂണിഫോമിനെ കുറിച്ച് സൂചന മാത്രം നൽകി ഒതുക്കി.

ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കുകയെന്നത് പ്രയാസമാണ്. അതിനാല്‍ ലിംഗ നിഷ്പക്ഷമായ യൂണിഫോം തിരഞ്ഞെടുക്കാം എന്നാണ് നിർദ്ദേശം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഒരു ഡിസൈനര്‍ സ്ഥാപനം രൂപകല്പനചെയ്തതായിരിക്കണം യൂണിഫോം.

ലിംഗഭേദമെന്യേ പാന്റ്സും ഷര്‍ട്ടുംപോലുള്ള യൂണിഫോമുകള്‍ എല്ലാതരം സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമാണെന്ന് ചൂണ്ടികാട്ടുന്ന രീതിയിലാണ് ഇക്കാര്യത്തിലെ നിലപാട് എൻസിഇആർടി അവതരിപ്പിക്കുന്നത്. യഥാസ്ഥിതിക കക്ഷികളെ പിണക്കേണ്ടി വരുന്ന സാഹചര്യം തന്ത്രപൂർവ്വം ഒഴിവാക്കി എന്നാൽ ആധുനിക ചിന്തയ്ക്ക് ഒപ്പം നിൽക്കുന്നു എന്നു വരുത്തി മറയിടുന്ന രീതിയിലാണ് നിർദ്ദേശം. കേരളത്തിൽ ജൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നും പാരമ്പര്യ യാഥാസ്ഥിതിക വോട്ട് ബാങ്കിന് വഴങ്ങി സർക്കാർ പിന്നോക്കം പോയിരുന്നു.

ഉത്തരേന്ത്യൻ സാഹചര്യത്തിൽ ജൻഡർ ഇക്വാലിറ്റി പൊളിറ്റിക്സ് ഭരണ കക്ഷിക്കും അവർ വോട്ട് ബാങ്ക് ആക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും തിരിച്ചടിയാവും. ഇത് മുന്നിൽ കണ്ടാണ് എൻ സി ഇ ആർ ടി സൂക്ഷ്മമായി യൂണിഫോം കാര്യത്തിൽ നിലപാട് എടുക്കാതെ പറഞ്ഞ് പോകുന്നത് എന്നാണ് വിലയിരുത്തൽ.

അധ്യാപകരുള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാരുടെ നിയമനങ്ങളില്‍ ലിംഗ വിവേചനമില്ലാതെ ട്രാന്‍സ്‌ജെന്‍ഡര്‍മാരെയും നിയമിക്കണം. എല്ലാ വിദ്യാഭ്യാസസ്ഥാപനത്തിലും കോഴ്സുകളിലേക്കുമുള്ള അപേക്ഷാ ഫോമുകളില്‍ ലിംഗം അടയാളപ്പെടുത്താന്‍ ‘ട്രാന്‍സ്‌ജെന്‍ഡര്‍’ വിഭാഗം ഉള്‍പ്പെടുത്തണം. ഇവര്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം. ഇവര്‍ക്കുനേരെയുള്ള റാഗിങ് തടയാന്‍ പ്രത്യേക സമിതികള്‍ രൂപവത്കരിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, അധ്യാപകര്‍, പരിശീലനം ലഭിച്ച മനഃശാസ്ത്ര കൗണ്‍സലര്‍മാര്‍ എന്നിവര്‍ സമിതിയംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു.

ജോഡോ യാത്രയ്ക്ക് കശ്മീരിൽ സുരക്ഷാ കുരുക്ക്; കാറിൽ പൊയ്ക്കോളൂ എന്ന്….,

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ നിബന്ധനകളും മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സികള്‍. ജോഡോ യാത്രയുടെ നടത്തം മാറ്റി വേണമെങ്കിൽ യാത്ര കാറിൽ ആക്കാനാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ രാഹുലിൻ്റെ പ്രതികരണം വന്നിട്ടില്ല. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണ സാധ്യതയുള്ള ചൂണ്ടികാട്ടിയാണ് നിയന്ത്രണം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.

കശ്മീരിലാണ് യാത്രാ സമാപനം. ഇത് വലിയ രാഷ്ട്രീയ വഴിത്തിരിവാകും എന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് സുരക്ഷാ പ്രശ്നം ഉയർത്തുന്നത്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30-ന് ശ്രീനഗറില്‍ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.

പ്രതിപക്ഷത്തുള്ള 21 പാര്‍ട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്‍, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.

യാത്രാ പദ്ധതി സുരക്ഷാ ഏജൻസി വഴി

രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനനടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ മുൻനിർത്തി നിബന്ധനകൾ പുറത്തു വന്നു.

കൂടെ നടക്കുന്നവർക്കും നിബന്ധന

രാഹുലിനൊപ്പം യാത്രയില്‍ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളില്‍ നടക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിക്കുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാന്‍ഡോകള്‍ ഉണ്ടാവാറുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രാഹുലിന്റെ ഭാഗത്ത് നിന്നാണ് സുരക്ഷാ വീഴ്ചകളുണ്ടായതെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷക്രമീകരണങ്ങള്‍ മറികടന്നുവെന്നാണ് കേന്ദ്രത്തിൻ്റെ മറുപടിയില്‍ ആരോപിച്ചത്.

 തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.

റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും ചരിത്രപരമായ വ്യത്യാസങ്ങൾ അറിഞ്ഞിരിക്കണം

റിപ്പബ്ലിക് ദിനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി എങ്കിലും ഇന്ത്യ റിപ്പബ്ലിക് ആയിരുന്നില്ല. ബ്രിട്ടൻ്റെ കോളനി എന്നതില്‍ നിന്ന് മാറി ഇന്ത്യ ഒരു സ്വതന്ത്ര്യരാഷ്ട്രമായി മാറി. രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന നിലവിൽ വന്നിരുന്നില്ല. ജോര്‍ജ് ആറാമന്‍ രാജാവിനെ ആയിരുന്നു ഇന്ത്യയുടെ തലവനായി പ്രതിഷ്ഠിച്ചിരുന്നത്.

1950 ജനുവരി 26 നാണ് ഇന്ത്യ പുതുതായി എഴുതപ്പെട്ട ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായി മാറിയത്. സി രാജഗോപാലാചാരി ആയിരുന്നു ഗവര്‍ണര്‍ ജനറല്‍. ഭരണഘടന അംഗീകരിച്ചതോടെ ജനുവരി 26ന് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍റ്റു.

റിപ്പബ്ലിക് ദിന പരേഡ്

നമ്മുടെ രാജ്യത്തിന്റെ ശക്തിയും വീര്യവും പ്രദര്‍ശിപ്പിക്കുന്നതിനായി സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും ഉള്‍പ്പെടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകര്‍ഷണം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഘോഷയാത്രയും സംസ്‌കാരിക പ്രദര്‍ശനവും റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറുക പതിവാണ്

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 14നും 15നും ഇടയ്ക്കുള്ള ഒരു അര്‍ധരാത്രിയിലാണ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് രാജ്യം സ്വതന്ത്രമായത്.

നിരവധി മനുഷ്യർ ജീവന്‍ ബലികഴിച്ചും ത്യാഗങ്ങൾ സഹിച്ചും പൊരുതി നേടിയതാണ് കൊളോണിയൽ ശക്തികളിൽ നിന്നുള്ള സ്വാതന്ത്ര്യം. ത്യാഗങ്ങൾ ഓര്‍മിപ്പിക്കുന്നതിനും വര്‍ഷങ്ങള്‍ നീണ്ട സ്വാതന്ത്ര്യപ്പോരാട്ടത്തെ സ്മരിക്കുന്നതിനുമാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യുന്നു. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ പതാക ഉയരുന്നു.

ഭരണഘടന തയാറാക്കിയത്

1947 ആഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ പ്രവിശ്യാ അസംബ്ലികള്‍ തെരഞ്ഞെടുത്ത ഒരു ഭരണഘടനാ അസംബ്ലി രാജ്യത്തിനായി ഒരു ഭരണഘടനയുടെ കരട് തയാറാക്കാന്‍ ആരംഭിച്ചു. ഡോ ബി ആര്‍ അംബേദ്കറെയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നത്. അംബേദകറെയാണ് നാം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവെന്ന് വിളിക്കുന്നത്. കമ്മിറ്റി ഒരു കരട് ഭരണഘടന തയ്യാറാക്കി 1947 നവംബര്‍ 4 ന് ഭരണഘടനാ അസംബ്ലിക്ക് സമര്‍പ്പിച്ചു.

നിരവധി ആലോചനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം നിയമസഭയിലെ 308 അംഗങ്ങള്‍ 1950 ജനുവരി 24ന് ഈ കരട് രേഖയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയെഴുത്ത് പകര്‍പ്പുകളില്‍ ഒപ്പുവച്ചു. രണ്ട് ദിവസത്തിന് ശേഷം അതായത് 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. അതേദിവസം ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി ഡോ രാജേന്ദ്ര പ്രസാദ് സ്ഥാനമേല്‍ക്കുകയും ചെയ്തു.

ആമുഖം പറയുന്നതും പ്രസക്തിയും

എന്താണ് ഭരണഘടനയുടെ ആമുഖം?

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളും തത്വവും തത്വശാസ്ത്രവും വിശദീകരിക്കുന്ന ആമുഖ പ്രസ്താവനയാണ് ഇത്. ഭരണഘടന എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അത് അധികാരം നേടുന്ന ഉറവിടം ഏതെന്നും ഭരണഘടന കൈവരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തെല്ലാമെന്നും ആമുഖം സൂചിപ്പിക്കുന്നു.

ആമുഖം സൂചിപ്പിക്കുന്നത് എന്തെല്ലാം?

ഇന്ത്യയിലെ ജനങ്ങളായ നാം എന്ന് തുടക്കത്തില്‍ തന്നെ പ്രസ്താവിക്കുക വഴി ഭരണഘടന വരുന്നത് ജനങ്ങളില്‍ നിന്നാണെന്നും അവരുടെ അധികാരത്തിലാണ് ഭരണഘടന നിലകൊള്ളുന്നതെന്നും ആമുഖം സ്ഥാപിക്കുന്നു. പരമാധികാരം, സെക്കുലര്‍, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ തത്വശാസ്ത്രങ്ങളാണ് ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്നത്.

949 ഒക്ടോബര്‍ 17നാണ് ഭരണഘടനാ അസംബ്ലി ആമുഖവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1946 ഡിസംബര്‍ 13ന് ഭരണഘടനാ അസംബ്ലിയില്‍ തയാറാക്കിയ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരണഘടനയുടെ ആമുഖം. ഇത് 1947 ജനുവരി 22ന് അസംബ്ലി അംഗീകരിക്കുകയും 1949 നവംബര്‍ 26ന് ഇത് സ്വീകരിക്കുകയും ചെയ്തു. 1950 ജനുവരി 26നാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.