വെള്ളമില്ല, ഗംഗാ വിലാസ് ക്രൂയിസ് നദിയിൽ ഉറച്ചു; യാത്രയിൽ മാറ്റമില്ലെന്ന് വാട്ടർവേയ്സ് അതോറിറ്റി

ഇന്ത്യയുടെ ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഗംഗാ വിലാസ് ബിഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകൾക്കിടയിലാണ് നിഷേധം. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ വിലാസ് പട്‌നയിലെത്തിയിട്ടുണ്ട് എന്നാണ് അണിയിപ്പ്.

യാത്രപുറപ്പെട്ടതിൻ്റെ മൂന്നാം നാൾ തന്നെ ഗംഗാനദിയിലെ വേലിയിറക്കത്തിൽ കപ്പൽ കുടുങ്ങുയായിരുന്നു. ദ്രുതകർമ്മ സേന എത്തിയാണ് കപ്പലിൽ നിന്നും യാത്രക്കാരെ ചെറു ബോട്ടുകളിൽ കയറ്റി പുറത്തെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കൊണ്ടു പോയത്.

ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുള്ള യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു. ഗംഗാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബിഹാറിലെ ഛപ്രയിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.

ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര നദികളിലൂടെ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ക്രൂയിസിൽ ഒരു ദിവസത്തെ തുക 25000 രൂപയാണ്. 18 സ്യൂട്ടുകളിലായി 80 യാത്രക്കാർക്ക് സഞ്ചരിക്കാം. 15 ദിസവം ബംഗ്ലാദേശ് വഴിയാണ് ക്രൂയിസ് കടന്നു പോവുക. വരാണസി ദിബ്രുഗർ റൂട്ടിലായി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ്. 3200 കിലോ മീറ്ററാണ് സഞ്ചരിക്കേണ്ടത്.

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി

 സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. 

നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം.

പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് കേന്ദ്ര വിജ്ഞാപനത്തിനൊപ്പം സംസ്ഥാനം ഇപ്പോൾ നിയന്ത്രണ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും എന്ന് മന്ത്രി; മാറ്റിനിർത്തലിൽ നിന്നും നിയമ സംരക്ഷണം നൽകാമോ എന്ന് മറു ചോദ്യം

എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ആർത്തവ കാല അവധി സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങൾ നിറയുന്നതിനിടെയാണ് മന്ത്രിയുടെ കുറിപ്പ്. ആർത്തവ കാലത്ത് സ്ത്രീകളെ മാറ്റി നിർത്തുന്നത് സാമൂഹികമായി തന്നെ തുടരുന്ന ദുരവസ്ഥ ഇപ്പോഴുമുണ്ട്. ആധുനിക സമൂഹം പുരോഗമിച്ചിട്ടും ആചാര മുഖം നൽകി പ്രാകൃത വിവേചനത്തെ വിശ്വാസപരമായി ന്യായീകരിക്കുന്ന സാഹചര്യമാണ്.

ഇത്തരം ഒരു സാമൂഹിക അവസ്ഥയിൽ ആർത്തവ അവധി എന്നത് വിവേചനത്തിന് ന്യായീകരണവും പിന്തുണയും നൽകുന്നതാവും എന്ന നിലയ്ക്കാണ് കുസാററിലെ അവധിയെ വലിയ ഒരു വിഭാഗം എതിർക്കുന്നത്. എന്നാൽ ഇതിനെ പരിഷ്കരണം എന്ന നിലയ്ക്ക് സ്വീകരിച്ചാണ് മന്ത്രിയുടെ സമീപനം.

അവധി എങ്ങിനെ

വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതാവില്ല എന്നാണ് അവകാശ വാദം. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത് താത്കാലിക രാഷ്ട്രീയ മേൽക്കൈ ഉദ്ദേശിച്ച് മാത്രമാണ്. സാമൂഹിക ക്രമത്തെ പരിഗണിക്കാത്ത ജനപ്രിയ പൊടിക്കൈയാണ് എന്ന നിലയ്ക്കാണ് വിമർശനം ഉയരുന്നത്. ആർത്തവ കാലത്തെ വിവേചനം നിയമം മൂലം നിരോധിക്കുമോ എന്ന പ്രകോപനപരമായ ചോദ്യങ്ങളും ഉയരുന്നു. വിവാഹ ജീവിതത്തിൽ ലൈംഗിക ബന്ധത്തിൽ പോലും അധികാരവും വിവേചനവും ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാക്കിയിട്ടുണ്ട്. എന്നാൽ ആർത്തവം അശുദ്ധിയായി പ്രഖ്യാപിക്കുന്ന പ്രാകൃത സമീപനത്തെ കൈകാര്യം ചെയ്യുന്നതിൽ പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥ ഇപ്പോഴും അധികാരം പ്രയോഗിക്കയാണ് എന്നതാണ് വിമർശകരുടെ പക്ഷം.

മന്ത്രിയുടെ ന്യായം- എഫ് ബി പോസ്റ്റ്

ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.
ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനേതൃത്വവും സര്‍വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില്‍ ഏറ്റവും സന്തോഷം.


വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുമുണ്ട്.
ആര്‍ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില്‍ ഇനി പെണ്‍കുട്ടികള്‍ വിശ്രമിക്കട്ടെ.

കൃഷിപഠിക്കാനായി ഇസ്രയേലിലേക്ക് സർക്കാർ സംഘം; ഒരു മണ്ണ് മാന്തി എങ്കിലും കൊണ്ടു വരുമോയെന്ന് കർഷകർ

ട്രാക്റ്ററിനും നെല്ല് കൊയ്ത്ത് വിത യന്ത്രങ്ങൾക്കും എതിരെ സമരം നയിച്ച കേരളം പുത്തൻ കൃഷി സങ്കേതകങ്ങൾ കാണാനും പഠിക്കാനും ഇസ്രയേലിലേക്ക് പോകുന്നു. 20 കർഷകരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. പതിവ് പോലെ ഇതിന് എതിരെ വിമർശനങ്ങൾ മാധ്യമങ്ങൾ ഏറ്റു പിടിച്ചു. മണ്ണിൽ പണിയെടുക്കുന്നത് അറിയാവുന്ന മന്ത്രിയുടെ മുൻകൈയിൽ നടക്കുന്ന യാത്രയിൽ എന്തെങ്കിലും പ്രതീക്ഷ എങ്കിലും കൊണ്ടു വരും എന്ന കാത്തിരിപ്പിലാണ് കർഷകർ.

ട്രാക്റ്ററിനും കൊയ്ത്ത് യന്ത്രത്തിനും അപ്പുറം സാങ്കേതിക വിദ്യകൾ ഒന്നും സംഭവാന ചെയ്യാൻ പറ്റാത്ത മാടമ്പി മുറയിലാണ് കേരളത്തിലെ നിരവധിയായ കൃഷി ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ അവസ്ഥ. മണ്ണിനെയും മണ്ണിൽ പണിയെടുക്കുന്നവനെയും അറിയാത്ത ഗവേഷണ നിരീക്ഷണങ്ങൾ. തെങ്ങ് കയറുന്ന യന്ത്രം പോലും തമിഴ് നാടിൻ്റെ അത്ര മികവിൽ പരിഷ്കരിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത കർഷകർ ചൂണ്ടികാട്ടുന്നു.

ചെലവ് ചുരുക്കാനുള്ള പുത്തൻ യന്ത്ര സാങ്കേതികതകൾ വേണം, ഒറ്റയാൾ കർഷകർക്കും ലാഭകരമാവണം

കേരളത്തില്‍ കാര്‍ഷിക ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത ഇല്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. അരിയും പച്ചക്കറിയും എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കേരളത്തിന് പുറത്തുനിന്ന് വരണം. അത്തരമൊരു ദുരവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് കൃഷിവകുപ്പിന്റേത്. മന്ത്രി പി.പ്രസാദ് ഇതിന് നേതൃത്വം നൽകുമ്പോൾ ഉണരുന്ന പ്രതീക്ഷ അത്തരത്തിലാണ്.

കേരളത്തിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചിലവുകൾ വ്യത്യസ്തമാണ്. കാടു ചെത്തൽ നിലം കിളയ്ക്കൽ, ചളി കോരി ഇടൽ, വിളവെടുക്കൽ, സംസ്കരിക്കൽ, ഇടത്തട്ട് ചൂഷണങ്ങളില്ലാത്ത വിപണനം ഇവയ്ക്കെല്ലാം ഇണങ്ങുന്ന പുതിയ യന്ത്ര-സാങ്കേതിക സംവിധാനങ്ങൾ വേണം. ഇപ്പോഴത്തെ ചിലവുകൾ 25 ശതമാനം എങ്കിലുമായി കുറയണം.

ഒറ്റയാൾ കൃഷിയാണ് കേരളത്തിൽ ഏറ്റവും പുതിയ പ്രവണത. വലിയ തൊഴിലും ശമ്പളവും ഒഴിവാക്കി വരെ ആളുകൾ കൃഷിയിലേക്ക് വ്യക്തിഗതമായി എത്തുന്നു. അവരുടെ അധ്വനം തന്നെയാണ് അവരുടെ കൃഷിയിടത്തിൽ പ്രധാനം. ഇത്തരം ആളുകൾക്ക് നിലം കിളയ്ക്കാൻ പോലും ഉതകുന്ന ഒരു യന്ത്ര സംവിധാനമില്ല. ചെറു ഉപകരണങ്ങൾ ഈ രംഗത്ത് കൂടുതൽ ഉണ്ടായി വരേണ്ടതുണ്ട്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകൾ ഇവയൊന്നും തലയിൽ കയറ്റിവെക്കാൻ തത്പരരല്ല. അവരുടെ കാഴ്ചയും കാഴ്ചപ്പാടും പരിഷ്കരിക്കാൻ കൂടി മന്ത്രിക്കും യാത്രാ സംഘത്തിനും കഴിയുമോ എന്നത് പ്രധാനമാണ് എന്നാണ് കർഷകർ പറയുന്നത്.

കർഷകരെ കണ്ണ് തുറന്ന് കാണുന്നവർ വരുമോ

കൂടെ കൊണ്ടു പോകുന്ന കർഷകരിൽ ഇത്തരത്തിൽ ഒറ്റയാൾ കർഷകരും ആവശ്യമാണ്. അവരുടെ അനുഭവങ്ങളും ആവശ്യങ്ങളും മന്ത്രിയും ഉദ്യോഗസ്ഥരുമായി പങ്കുവെക്കാനുള്ള അവസരം കൂടിയായി ഇത് മാറും എന്ന പ്രതീക്ഷയാണ്.

എന്തിനാണ് കര്‍ഷകരെ കൊണ്ടുപോകുന്നത്. കൃഷി പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ പോരെ എന്ന് വിമര്‍ശിക്കുന്നവരുണ്ട്. കേരളത്തിൻ്റെ സാഹചര്യമല്ല തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലും ഒഡിഷയിലും എല്ലാം ഉള്ളത്. കേരളത്തിൽ കാലാവസ്ഥ മാത്രമാണ് അനുകൂലമായുള്ളത്. അതായത് ജല ലഭ്യത ധാരാളമാണ് എന്നു മാത്രം. ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യത കുറവും എല്ലാം ഇസ്രയേൽ പേലുള്ള രാജ്യങ്ങൾക്ക് തുല്യമാണ്.

ഏറ്റവും ചുരുങ്ങിയ ഇടത്ത് പരമാവധി സാങ്കേതിക വിദ്യാ സഹായത്തോടെ ഉല്പാദനം സാധ്യമാക്കുക എന്ന അവസരം കണ്ടെത്താനാവണം. ലാഭകരമാവുന്നില്ല എന്നതാണ് നിലവിലെ അവസ്ഥയിൽ കേരളത്തിൽ കൂടുതൽ ആളുകളും കൃഷിലേക്ക് ഇഷ്ടമുണ്ടായിട്ടും വരാത്തതും തുടരാത്തതും. ഇതു കാണാതെ ബുദ്ധി ജീവി വിമർശനങ്ങളാണ് സർക്കാരും പിന്തുടരുന്നതെന്ന് മണ്ണിൽ പണിയെടുക്കുന്നവർ അനുഭവം പങ്കുവെക്കുന്നു. കാല്പനിക കൃഷിക്കാരാണ് ഇവരിൽ ഭൂരിപക്ഷം. തമിഴ് നാട്ടിലേക്ക് നോക്കൂ എല്ലാ പച്ചക്കറികളും അവിടെ നിന്ന് വരികയല്ലെ എന്ന് വിമർശിക്കും എന്നാൽ ഒരു പച്ചമുളകിൻ തൈ പോലും ചെടിച്ചട്ടിയിൽ പോലും വളർത്താനാവില്ല.

ഇത്തരം കാല്പനിക ജൽപനങ്ങൾക്ക് അപ്പുറം കർഷകന് ലാഭകരമായ എന്ത് കൊണ്ടുവരാൻ കഴിയും. പ്രായോഗികമായി എന്തെങ്കിലും ഫലം ഉണ്ടാവുമോ എന്നാണ് ഈ യാത്രയെ കുറിച്ച് കർഷകർ ചോദിക്കുന്നത്. പ്രധാനമായും അവർക്ക് ആവശ്യം ഉല്പാദന ചിലവ് കുറയ്ക്കാവുന്ന സംവിധാനങ്ങളാണ്. കൂടുതൽ വിളവ് കണ്ടെത്താവുന്ന സാങ്കേതികതയാണ്. അവയുടെ പ്രായോഗികതയാണ്. കർഷകർ നേരിട്ട് പോകുമ്പോൾ ഈ പ്രായോഗിക പാഠങ്ങൾ നേരിട്ട് ലഭിക്കാം എന്ന് പ്രതീക്ഷയുണ്ട്.

ചിലവ് രണ്ടര കോടി, പഠന യാത്ര ഇസ്രായേലിലേക്ക്

ഇത്തവണ കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്കാണ് മന്ത്രിയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പോവുക. ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന പരിപാടിയില്‍ ഇരുപത് കര്‍ഷകരും അനുഗമിക്കുന്നുണ്ട് എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസ്സിലാക്കാനാണ് സംഘം പോകുന്നത്.

കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര.

ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു. നാച്വറല്‍ ഫാമിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ഇതേപോലെ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയ യാത്രയാണ് ഇസ്രായേലിലേക്കുള്ളത്.

കൃഷിക്ക് വേണ്ടിവരുന്ന ചിലവ് കുറച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കടം എന്നും എഴുതി തള്ളുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നില്ല. അതിന് പകരമാണ് പുതുമാതൃകകള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ പുറത്തുനിന്നുള്ള പച്ചക്കറി ഉള്‍പ്പെടെയുള്ള ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമം വിജയം കാണുമോയെന്ന് കണ്ടറിയണം

തുടർ യാത്രകളും അനുവദിക്കുമോ

ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കും. പരമാവധി 20 കര്‍ഷകരെയും കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍ സംഘമാണ് പോകുന്നത്. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.

ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് രണ്ട് കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, അവിടുത്തെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ചിലവ്. ഒരു കര്‍ഷകന് വിമാന ചിലവടക്കം മൂന്ന് ലക്ഷം രൂപയാകും. ഇ- മെയിലായി ലഭിച്ച 34 അപേക്ഷകളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ 10 പേര്‍ വിമാന യാത്രയ്ക്കുള്ള ചിലവ് സ്വയം വഹിച്ചുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുമുണ്ടാകും.

നയനയുടെ മരണം തെളിവുകൾ മറച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യു.. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനൻ അറിയിച്ചു.

നയനയുടെ മരണശേഷം ആദ്യം മൊഴിനൽകിയ സഹോദരൻ മധു, നയന മരിച്ചുകിടന്ന മുറിയിൽ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കൾ തുടങ്ങിയവരുടെ പുതിയ മൊഴിയാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികൾ കേസിൽ നിർണായകമാണ്.

ജനവരി അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2019 ഫെബ്രുവരി 24-നാണ് നയനാ സൂര്യനെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷുഗർനില താഴ്ന്ന് പരസഹായം കിട്ടാതെ മരിച്ചെന്നായിരുന്നു മ്യൂസിയം പോലീസിന്റെ റിപ്പോർട്ട്. നയനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥ തന്നെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ പൊലീസ് കണ്ടെത്തൽ മറിച്ചായിരുന്നു. മാത്രമല്ല. റിപ്പോർട്ടിൽ പരാമർശിക്കാത്ത വാദം ഉന്നയിച്ച് മരണം സ്വാഭാവികം എന്ന് വിധി എഴുതുകയും ചെയ്തു.

തെളിവുകൾ കാണാതായി, നയനയുടെ വസ്ത്രങ്ങൾ പോലും അപ്രത്യക്ഷമായി

നയന സൂര്യന്റെ വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്തിയില്ല. ഫൊറൻസിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകും.

2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.

യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിരുന്നു. 

നേപ്പാൾ വിമാന അപകടം 68 മൃതദേഹങ്ങൾ കണ്ടെത്തി

0

കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.

നേപ്പാളില്‍ ഇടക്കിടെയുണ്ടാകുന്ന വിമാന ദുരന്തങ്ങളില്‍ ഒടുവിലത്തേതാണ് പൊഖാറയിലെത്. ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി വിമാനങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള നിക്ഷേപം എന്നിവക്ക് പുറമെ അധികൃതര്‍ക്ക് കാര്യമായ നിയന്ത്രണമില്ലാത്തതും വിമാന ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാത്രം നിരവധി പേര്‍ മരിച്ച 27 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. അധികവും ചെറുയാത്രാ വിമാനങ്ങളാണ് അപകടമുണ്ടാക്കുന്നത്.

തമിഴ് ജനതയ്ക്ക് ഇന്ന് തൈ പൊങ്കൽ

0


തമിഴ്‌നാട്ടിൽ ഇന്ന് ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും തൈപ്പൊങ്കൽ ആഘോഷം. വീടിനു മുന്നിൽ വർണാഭമായ കോലങ്ങളിട്ട്, പുറത്ത്, അടുപ്പു കൂട്ടി പൊങ്കാല അർപ്പിയ്ക്കുകയാണ് തൈപൊങ്കൽ ദിനത്തിലെ പ്രധാന ചടങ്ങ്. കൊറോണയ്ക്ക് ശേഷം പൊങ്കൽ ആഘോഷത്തിൻ്റെ മോടി കെട്ടുപോയത് വീണ്ടെടുക്കുകയാണ് തമിഴകം.

ഇന്നലെ ബോഗിയായിരുന്നു. വീട്ടിലുള്ള പഴകിയ വസ്തുക്കളെല്ലാം ഒഴിവാക്കി വീടും പരിസരവുമെല്ലാം ശുദ്ധിയാക്കി വയ്ക്കുന്ന ദിവസം. അതിനു ശേഷമാണ് തൈപ്പൊങ്കലെത്തുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തമിഴ് നാട്ടുകാർക്ക് പൊങ്കൽ. സൂര്യദേവനുള്ള സമർപ്പണമായാണ് ഈ ദിനത്തെ കാണുന്നത്.

പൊങ്കൽ പാനയെന്ന് വിളിയ്ക്കുന്ന മൺകലത്തിൽ അരിയിട്ട് പാലിൽ വേവിയ്ക്കും. പാത്രത്തിൽ, മഞ്ഞൾ നൂലിൽ കോർത്ത് കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും.

നാലു ദിവസത്തെ ആഘോഷം

ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ ഇങ്ങനെയാണ് പൊങ്കലുമായി ബന്ധപ്പെട്ട് നാലുദിവസത്തെ ആചാരങ്ങൾ. മാട്ടുപ്പൊങ്കൽ ദിവസമാണ് ജല്ലിക്കെട്ട് നടക്കുക. വർഷം മുഴുവൻ കർഷകരെ സഹായിക്കുന്ന കാലികൾക്കുള്ള ആദരമാണ്. ബന്ധുവീടുകളിലുള്ള സന്ദർശനമാണ് കാണുംപൊങ്കൽ ദിവസത്തിലെ പ്രധാന ആഘോഷം.

ദുരുപയോഗം വ്യാപകം, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് വരുന്നു

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനം. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്യും.

കെ എൽ 15 AA, കെ എൽ 15 AB, കെ എൽ 15 AC

സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്. മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാൻ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. കെ.എൽ-15 നിലവിൽ കെഎസ്ആർടിസിക്കുള്ളതാണ്. സർക്കാർ വാഹനങ്ങള്‍ക്കിനി കെ.എൽ-15 എഎ രജിസ്ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎൽ-15 എബിയും, അർദ്ധ സർക്കാർ- സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പർ കെഎൽ15-എസിയിലുമായിരിക്കും. 

പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും. സർക്കാർ ഉത്തരവ് ഇറങ്ങി കഴിഞ്ഞാൽ സർക്കാർ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക. ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാൻ തീരുമാനിച്ചിട്ടുണ്ട്. 

ബോർഡും മുൻഗണനയും ആവശ്യപ്പെട്ട് വകുപ്പുകൾ

ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദമുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിിലെയും ഉദ്യോഗസ്ഥർ ബോർഡ് വച്ച് യാത്ര ചെയ്യാൻ അുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ സർക്കാർ ബോർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ട് സ്പെഷ്യൽ സെക്രട്ടറിക്ക് മുകിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായി ബോർഡ് അനുവദിക്കാനാണ് സർക്കാർ നീക്കം. നാളെ ചേരുന്ന യോഗം ഇക്കാര്യവും ചർച്ച ചെയ്യും. 

ജഡ്ജിക്ക് നൽകാൻ എന്നപേരിൽ കൈക്കൂലി, അഭിഭാഷക നേതാവിനെതിരെ അന്വേഷണം

ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഇടപെട്ടാണ് അന്വേഷണത്തിന് നിർദ്ദേശിച്ചത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക. കൊച്ചി സിറ്റി പൊലിസ്‌ കമ്മിഷണറാണ് അന്വേഷണം നടത്തുക. ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നാണ് ജഡ്ജിക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയത്. സംഭവത്തിൽ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. 

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; മാനന്തവാടി നഗരസഭാ പ്രദേശത്ത് പശുക്കുട്ടിയെ കൊന്നു

പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിൽ കടന്നാണ് കടുവയുടെ ആക്രമണം. മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിൽ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. 

ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന്  ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. തൊഴിലാളികൾ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. വനത്തിൽ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കര്‍ എസ്‌റ്റേറ്റ് ഇതിനിടയിലുണ്ട്. ശനിയാഴ്ച  പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ വകവരുത്തിയത്.

കഴിഞ്ഞ നവംബര്‍ നാലിന് വട്ടക്കുനിയില്‍ ജോണ്‍സണ്‍ എന്ന ബിജുവിന്റെ ആടും, നവംബര്‍ 17ന് ഊന്നുകല്ലിങ്കല്‍ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയന്‍ കുന്നില്‍ വെച്ച് കടുവ കൊന്നത്. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കാനും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയോട് എം.എല്‍.എ നിര്‍ദേശിച്ചു. 

രണ്ട് മാസത്തിനിടെ മൂന്ന് വളര്‍ത്തുമൃഗങ്ങളാണ് മണിയന്‍കുന്നുകാര്‍ക്ക് നഷ്ടപ്പെട്ടത്. നവംബറില്‍ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ വനാതിര്‍ത്തിയില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് ആനശല്ല്യവും രൂക്ഷമായിരുന്നു. കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പും അങ്കലാപ്പിലാണ്. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തിയാല്‍ തുരത്താനോ മയക്കുവെടിവെച്ച് പിടികൂടാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്.

വന്യമൃഗങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കയാണ്. ഇതുവരെ ഇല്ലാത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളുമാണ് ഉണ്ടാവുന്നത്. ഇതിനെതിരെ നടപടി വാഗ്ദാനം ചെയ്ത് മന്ത്രിയുടെ തന്നെ പ്രസ്താവന ഉണ്ടായി എങ്കിലും ഇനിയും നാശനഷ്ടങ്ങൾ നേരിടേണ്ടി വരും എന്ന ഭീതിയിലാണ് നാട്ടുകാർ.