ഡൽഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും സി ബി ഐ സംഘം; റെയിഡ് അല്ല രേഖകൾ തേടി എത്തിയതെന്ന് വിശദീകരണം

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ അന്വേഷണവുമായി വീണ്ടും സി ബി ഐ സംഘം എത്തി. സിബിഐ വീണ്ടും തൻ്റെ ഓഫീസിൽ റെയ്ഡ് ചെയ്യുകയായിരുന്നു എന്ന് സിസോദിയ വ്യക്തമാക്കി. എന്നാൽ രേഖകൾ തേടി എത്തിയതു മാത്രമാണെന്ന് സി ബി ഐ അവകാശപ്പെട്ടു.

സിബിഐ ഓഫീസ് റെയ്ഡ് നടത്തിയെന്നും ഒന്നും കണ്ടെത്താനായില്ലെന്നും സിസോദിയ ട്വീറ്റ് ചെയ്തതു. “എനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല.  ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്തില്ല”. സിസോദിയ ട്വീറ്റ് ചെയ്തു. ഇന്ന് വീണ്ടും സിബിഐ തന്റെ ഓഫീസിൽ എത്തിയിരിക്കുന്നു. അവർക്ക് സ്വാഗതം, അവർ തന്റെ വീട് റെയ്ഡ് ചെയ്തു, തന്റെ ഓഫീസ് റെയ്ഡ് ചെയ്തു, തന്റെ ലോക്കർ പരിശോധിച്ചു, തന്റെ ഗ്രാമത്തിൽ പോലും തിരച്ചിൽ നടത്തി എന്നിട്ടും ഒന്നും കണ്ടെത്താനാവാതെ വന്നിരിക്കയാണെന്നാണ് ട്വീററി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.  

രേഖകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥ സംഘം സിസോദിയയുടെ ഓഫീസിലെത്തിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.   “മനീഷ് സിസോദിയയുടെ സ്ഥലങ്ങളിൽ സിബിഐ തിരച്ചിലോ റെയ്ഡുകളോ നടത്തുന്നില്ല എന്നു വിശദീകരിച്ചു. സിആർപിസി നോട്ടീസിന്റെ 91-ാം വകുപ്പ് പ്രകാരം രേഖകൾ സമർപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ഒരു സിബിഐ സംഘം സിസോദിയയുടെ ഓഫീസ് സന്ദർശിച്ചു”. എന്നിങ്ങനെയാണ് വിശദീകരണം.
 
സിബിഐ ഉദ്യോ​ഗസ്ഥരുടെ വരവിനെത്തുടർന്ന്  സിസോദിയയുടെ ദില്ലി വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സിസോദിയയുടെ ഓഫീസിലും വീട്ടിലും മറ്റും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാർട്ടിയുടെ ആരോപണം നിലനിൽക്കയാണ്. ഇപ്പോൾ അഞ്ച് മാസത്തിന് ശേഷമാണ് സി ബി ഐയുടെ പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. അന്ന് 12 മണിക്കൂറിലേറെയാണ് റെയ്ഡ് നീണ്ടുനിന്നത്. 

വയനാട്ടിൽ പിടിയിലായത് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെ

വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് നി​ഗമനത്തിലേക്ക് എത്തിയതെന്ന് വനംവകുപ്പ് സംഘം അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് നിന്നും മാറിയാണ് കടുവയെ കണ്ടെത്തിയത് എന്നതിനാൽ മറ്റ് ഏതെങ്കിലും കടുവയാണോ എന്ന് സംശയമുണ്ടായിരുന്നു.

കണ്ടെത്തിയത് 15 കിലോമീറ്റർ അകലെ

പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചിൽ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയിൽ നിന്ന് കടുവ പിടിയിലാകുന്നത്.

ആർആർടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. തുടർന്ന് ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.

ഇന്ന് രാവിലെ പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ വനപാലകരെ അറിയിച്ചിരുന്നു. പിന്നീട് പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘം ഇക്കാര്യം സ്ഥിരീകരിക്കുകയും മയക്കു വെടിവെക്കാൻ തീരുമാനിക്കുകയുമായിരുന്നു.

നാട്ടു നാട്ടു വെറും പാട്ടല്ല; ഡാൻസ് ചിട്ടപ്പെടുത്തിയതിലെ വെല്ലുവിളി തന്നെ കൊല്ലുമായിരുന്നെന്ന് കൊറിയോഗ്രാഫർ

ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ​ഗാനം ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ അതിലെ നൃത്ത രംഗം പകർന്ന ഊർജ്ജവും ലോകം ഏറ്റെടുത്തു. നൃത്തസംവിധായകനായ പ്രേം രക്ഷിതും ഇതോടൊപ്പം പ്രേക്ഷക ലോകത്തിന് മുന്നിൽ എത്തുകയാണ് . പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ കരഞ്ഞുപോയെന്ന് അദ്ദേഹം അഭിമുഖത്തിൽ പ്രതികരിച്ചു. ഈ വെല്ലുവിളി താങ്ങാനാവാതെ മരിക്കാൻ പോലും ആഗ്രഹിച്ചു. ചെന്നൈ മറീന ബീച്ച് വരെ അച്ഛൻ്റെ സൈക്കിളുമെടുത്ത് പോയി തിരിച്ചു പോന്നു.

20 ദിവസമെടുത്തു ചിത്രീകരണം പൂർത്തിയാക്കാൻ. 43 റീ ടേക്കുകൾ വേണ്ടി വന്നു. വ്യത്യസ്ത ശൈലികളുള്ള രണ്ട് സൂപ്പർതാരങ്ങൾക്കായി നൃത്തസംവിധാനം ചെയ്യണമായിരുന്നു. രണ്ടുപേരും ഒരേ ഊർജത്തിൽ കളിക്കണമായിരുന്നു. ഞാൻ കാരണം ആരെങ്കിലും ഒരാൾ മറ്റേയാളേക്കാൾ അല്പം താഴ്ന്നുപോകരുത്. ചുവടുകൾ പലതവണ ഇംപ്രവൈസ് ചെയ്തു.

കഥയുടെ മർമ്മം തൊട്ട ആട്ടവും പാട്ടും

നാട്ടു നാട്ടു എന്ന തെലുഗു പദത്തിനർഥം തന്നെ നൃത്തം ചെയ്യൂ നൃത്തം ചെയ്യൂ എന്നാണ്. ഒരു മിച്ച് ചുവട് വെക്കാൻ ആവശ്യപ്പെടുകയാണ്. ഒരു വെല്ലുവിളിയായാണ് ഞാൻ നാട്ടു നാട്ടുവിനെ കണ്ടത്. രണ്ട് മാസമെടുത്താണ് ​ഗാനത്തിൻ്റെ കോറിയോ​ഗ്രാഫി ചെയ്തത്.

രാജമൗലി സാർ ൃ കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു. രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നർത്തകരിലേക്ക് പോകരുത്. ഒരുമിച്ച് വരുന്ന ഷോട്ടുകളിൽ ഇരുകഥാപാത്രങ്ങളുടേയും അടുപ്പം, ഊർജം എന്നിവ എടുത്ത് നിൽക്കണം. അങ്ങിനെ അന്തരീക്ഷ നിർദ്ദേശം വരെ ഉണ്ടായിരുന്നു. പാട്ടോ കിടിലൻ.

ഷൂട്ടിങ്ങിന് ശേഷം നൃത്ത പരിശീലനം, എല്ലാവരും തളർന്നു

യുക്രൈൻ തലസ്ഥാനമായ കീവിലെ മാരിൻസ്കി പാലസിന് മുന്നിലാണ് ​ഗാനം ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഔദ്യോ​ഗിക വസതിയാണിത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെയായിരുന്നു ചിത്രീകരണം. ചിത്രീകരണം അവസാനിച്ച ശേഷം വീണ്ടും മൂന്ന് മണിക്കൂർ റിഹേഴ്സൽ നടത്തും. ടേക്കുകൾ എടുത്തിട്ട് രാജമൗലി സാറിന് തൃപ്തിയാവുന്നുണ്ടായിരുന്നില്ല. തളർന്നുപോയെങ്കിലും എല്ലാവരും അവരുടെ മികച്ച പ്രകടനം കാഴ്ചവെച്ചു.

നൃത്തസംവിധാനത്തിൽ തനിക്ക് ധൈര്യം തന്ന ഗുരുവാണ് രാജമൗലി. തന്നെ ക്യാമറാ ആം​ഗിളുകൾ പഠിപ്പിച്ചത് രാജമൗലിയാണ്. തന്നെ വിശ്വസിച്ചതിന് അദ്ദേഹത്തിനോട് നന്ദി പറയണം. രാംചരണും ജൂനിയർ എൻ.ടി.ആറും നല്ല നർത്തകരാണ്. അത് തന്റെ ജോലി എളുപ്പമാക്കിയെന്നും പ്രേം രക്ഷിത് കൂട്ടിച്ചേർത്തു.

സിനിമയ്ക്കും മുൻപേ തരംഗമായി

വിക്രമാർക്കുഡു, യമദൊം​ഗ, മ​ഗധീര, ബാഹുബലി സീരീസ് എന്നിവയാണ് പ്രേം രക്ഷിത്തും രാജമൗലിയും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങൾ. ഇതിൽ ബാഹുബലി രണ്ടാം ഭാ​ഗത്തിലെ പ്രഭാസും അനുഷ്കയും ചേർന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രം​ഗം ചിട്ടപ്പെടുത്തിയത് പ്രേം രക്ഷിത് ആണ്.

സിനിമയ്ക് മുൻപേ തന്നെ പാട്ട് എത്തിയപ്പോൾ വൻ സ്വീകരണമാണ് പ്രേക്ഷക ലോകത്ത് നിന്നും കിട്ടിയത്. 97 ചുവടുകളാണ് ഇതിൽ ഉപയോഗിച്ചത്. 100 പേരടങ്ങുന്ന ഗ്രൂപ്പ് നൃത്തമായിരുന്നു ആദ്യത്തെ പ്ലാൻ.

വിഷ്ണുമഞ്ചു സണ്ണി ലിയോൺ ടീമിനാണ് അടുത്ത കൊറിയോഗ്രാഫി ചെയ്യുന്നത്. രാമോജി ഫിലിം സിറ്റിയിലാണ് സെറ്റ്.

ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോണ്‍ഗ്രസ് എം പി മരിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നിന്നുള്ള നിന്നുള്ള സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ ഒന്നിച്ച് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിയിൽ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. ലോഹ്‌രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. തുടർന്ന് ലധൗലില്‍ നിന്നാണ് ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചത്. വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാഹുലിന് ഒപ്പം കുഷ്ത് ആശ്രമത്തിൽ നിന്നു പുറത്ത് വന്ന് യാത്ര തുടരുന്നതിനിടെയാണ് സംഭവം

ഓൺലൈനിൽ വിൽക്കാനും വാങ്ങാനും ഇനി BIS സർട്ടിഫിക്കറ്റ് വേണ്ടി വരും

ഇ-കൊമേഴ്സ് കമ്പനികള്‍ വഴി ഓണ്‍ലൈനായി വില്‍ക്കുന്ന ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ നീക്കം. ഇതിനായി ഉപഭോക്തൃകാര്യ മന്ത്രാലയം പ്രവര്‍ത്തനം തുടങ്ങി. ബി.ഐ.എസ്. നിലവാര രേഖ നേടിയിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് അനുവാദംനല്‍കാനാണ് നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയടക്കം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്.) അധികൃതര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നു.

തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ നല്‍കുന്നത് ബി.ഐ.എസ്. നിലവാരമുള്ള ഉത്പന്നങ്ങളാണോയെന്ന് ഉറപ്പാക്കാന്‍ മാര്‍ഗമില്ലെന്നാണ് കമ്പനികളുടെ നിലപാട്. അവരുടെ നിബന്ധനകൾക്ക് വഴങ്ങുന്ന എന്തും വിൽക്കുകയും വാങ്ങുകയുമാണ് അതത് പ്ലാറ്റ് ഫോമുകൾക്ക് അനുസരിച്ച് ഈ കമ്പനികൾ സ്വീകരിക്കുന്ന നിലപാട്.

ഇതിനു പരിഹാരമായി വില്‍പ്പനക്കാര്‍ സമര്‍പ്പിക്കുന്ന ലൈസന്‍സുകള്‍ ഓട്ടോമാറ്റിക്കായി പരിശോധിച്ച് ഉറപ്പാക്കാന്‍ ബി.ഐ.എസ്. സഹായിക്കും എന്നാണ് ഇപ്പോൾ സർക്കാർ പക്ഷത്ത് നിന്നും ഉറപ്പ് നൽകിയിട്ടുള്ളത്. ഈ പരിശോധന എന്നത് BIS അംഗീകാരം നേടിയിട്ടുണ്ടോ ഇല്ലയോ എന്നത് മാത്രമാവും.

ബി.ഐ.എസും കമ്പനികളും ചേര്‍ന്ന് സാങ്കേതികസംവിധാനം വികസിപ്പിക്കുന്നുണ്ട്. ഇത് പത്തുദിവസത്തിനകം തയ്യാറാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ഐ.എസ്. ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ചില്ലറ വില്പനക്കാരും ചെറുകിട ഉൽപാദകരും വലയും

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇ-കൊമേഴ്സ് കമ്പനികള്‍ മുഖേന സാധനങ്ങള്‍ വില്‍ക്കാന്‍ ബി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിര്‍ബന്ധമാക്കും. ഈ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണോയെന്ന് ബി.ഐ.എസ്. സംവിധാനം വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ വില്‍പ്പന വിലക്കും. ഉത്പന്നങ്ങളുടെ ബി.ഐ.എസ്. നിലവാരം കമ്പനികള്‍ വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കും. നിലവാരമില്ലാത്തതെങ്കില്‍ ഉത്പന്നങ്ങള്‍ തിരിച്ചയക്കാന്‍ വ്യവസ്ഥയുണ്ടാകും.

1987 ഏപ്രിൽ ഒന്ന് മുതലാണ് BIS സംവിധാനം നിലവിൽ വന്നത്. 2016 ൽ ചട്ടങ്ങൾ പുതുക്കി

പ്രൊഡക്ട് സർട്ടിഫിക്കേഷൻ നടപടികൾ അറിയാൻ ക്ലിക്ക് ചെയ്യുക

സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശ നിക്ഷേപത്തിനും അനുമതി, പിന്നോട്ടടിപ്പിച്ച സമരങ്ങൾക്ക് വിട

സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകാൻ നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം.പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉറപ്പാക്കുക. അന്താരാഷ്‌ട്ര നിലവാരത്തിൽ പഠനസൗകര്യമൊരുക്കുക എന്ന നിലപാടിന് കീഴിലാണ് നയമാറ്റം.

സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് ഉപേക്ഷിച്ചാണ് പരിഷ്കരണത്തിന് തയാറാവുന്നത്. സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.

കല്പിത സർവ്വകലാശാല മാറി സ്വകാര്യ സർവ്വ കലാശാലകൾ വരും

നയംമാറ്റത്തിന് തുടർച്ചയായി സ്വകാര്യ ഡീംഡ് സർവ്വകലാശാലകൾക്ക് അനുമതി നൽകാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്.  സംസ്ഥാനത്തെ മികച്ച പല എയ്ഡഡ് സ്ഥാപനങ്ങളും അപേക്ഷയും നൽകി കല്പിത പദവിക്കായി കാത്തിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിറ്റി സ്വകാര്യ ഡീംഡ് സർവ്വകലാശാലകളെ എതിർത്തു. ഇതിന് പകരം സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാമെന്ന് ശുപാർശ മുന്നോട്ട് വെച്ചു. അതിനാണിപ്പോൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്.

മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താൻ ഇത് അവസരമൊരുക്കും. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർവ്വകലാശാലകൾക്ക് ലഭ്യമാണ്.

വിദേശസ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് കുറ്റപ്പെടുത്തി യുഡിഎഫ് ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസ കൗണർസിൽ വൈസ് ചെയർമാൻ ടിപിശ്രീനിവാസനെ അടിച്ചുവീഴ്ചത്തിയ സംഭവമുണ്ടായിരുന്നു. ഇതിന് എസ്എഫ്ഐയാണ് നേതൃത്വം നൽകിയത്. എൽഡിഎഫിൻറെ പുതിയ തീരുമാനത്തിൽ വിദ്യാർഥി സംഘടന പ്രതിരോധത്തിലാവും. ദേശീയതലത്തിൽ വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകാൻ യുജിസി അടുത്തിടെ കരട് മാർഗ്ഗരേഖ ഇറക്കിയിരുന്നു. അതിന്  പിന്നാലെയാണ് കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇടത് മുന്നണി അനുമതി അനുസരിച്ച് മന്ത്രിസഭായോഗം പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തിൽ എത്തുന്നതോടെ ഇത് നടപ്പാവും.

പല സ്വകാര്യ സർവ്വകലാശാലകളും കേരളത്തിലേക്ക് വരാൻ താത്പര്യമുള്ളവയാണ്. ഇതര സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷിതവും സൌകര്യ പ്രദവുമായ പഠന സൌകര്യം ഒരുക്കാൻ കേരളത്തിൽ സർവ്വകലാശാലകൾ സ്ഥാപിക്കുന്നത് വഴി സാധ്യമാവും.

‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള വികസനത്തിനുള്ള കാഴ്‌ചപ്പാട്‌’ എന്ന നയരേഖ അംഗീകരിച്ചതായി എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

പരാതി നൽകാൻ തയാറായത് 17 വിദ്യാർഥിനികൾ, സ്കൂൾ അധികാരികൾ അറിഞ്ഞില്ല; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായുള്ള കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി എന്ന അധ്യാപകൻ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ് തളിപ്പറമ്പ് പോലീസിന് ലഭിച്ച അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതുവരെ 17 വിദ്യാർഥിനികൾ ഇയാൾക്കെതിരെ പരാതി നൽകാൻ സന്നദ്ധമായി. ഇതര കേസുകളിൽ അന്വേഷണം തുടരുകയാണ്.

വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഇത്രയും കുട്ടികൾക്ക് എതിരെ അതിക്രമം നടത്തിയിട്ടും സ്കൂൾ അധികൃതർ ഇത് തിരിച്ചറിഞ്ഞില്ല. കൌൺസിലിങ്ങിനിടെ ലഭിച്ച പരാതികളെ തുടർന്നാണ് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. ഇയാൾ കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കുറേ നാളുകളായി വിദ്യാർഥിനികളെ സ്കൂളിൽ വെച്ച് തന്നെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ ഇത്തരത്തിൽ അധ്യാപകരെ നിരീക്ഷിക്കാൻ വിദ്യാലയങ്ങളിൽ സംവിധാനം വേണ്ടതാണ്. ഇക്കാര്യത്തിൽ സ്കൂളിനും വീഴ്ച പറ്റി എന്നാണ് നാട്ടുകാരുടെ പരാതി.

പതിനേഴോളം വിദ്യാർഥിനികൾ സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയതായാണ് വിവരം. വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനലുകളെയും മനോവൈകൃതമുള്ളവരെയും സംരക്ഷിക്കുന്നത് ആരാണ്

ഒരു വിദ്യാലയത്തിൽ നാലു വർഷമായി തുടരുന്ന അധ്യാപകനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇത്രയും വിദ്യാർഥിനികൾ കൌൺസിലിങ്ങിൽ പരാതിപ്പെട്ടു. സമൂഹത്തെ കബളിപ്പിക്കുന്ന വേഷവിധാനങ്ങളാണ് ഇത്തരം മനോരോഗികൾ സ്വീകരിക്കുന്നത്. ഇതിന് പിന്നിലുള്ള ക്രിമിനൽ മനസിനെ തിരിച്ചറിയാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സ്കൂൾ അധികാരികൾക്ക് ഉണ്ട്.

ഉത്തരവാദിത്തം ആർക്കെല്ലാം

കുട്ടികളെ മാത്രം നിരീക്ഷിക്കയും ഇത്തരം ക്രിമിനൽ പ്രവണതയുള്ളവരെ വിട്ടുകളയുകയും ചെയ്യുന്ന പ്രവണത പലതലത്തിൽ ഏറി വരികയാണ്. പലപ്പോഴും ഇത്തരം അധ്യാപകർ നേടുന്നത് അവരുടെ കുടുംബത്തെയും കുട്ടികളെയും പരിഗണിച്ചുള്ള സഹതാപമാണ്. മനോരോഗികളെ ചികിത്സിക്കണം എന്ന തിരിച്ചറിവ് പോലും ഇല്ലാതെ അവരെ സർവ്വീസിൽ സംരക്ഷിക്കുന്നു. പലതരം മാനദണ്ഡങ്ങൾ ഇതിനകത്ത് പുലരുകയും ചെയ്യുന്നു.

മാനേജ്മെൻ്റ് സ്കൂളുകളിൽ അവയെ മാനേജ് ചെയ്യുന്നവർക്കും സർക്കാർ സ്കൂളുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതിലെ ഉത്തരവാദിത്തം ഉണ്ടായിരിക്കേണ്ടതാണ്. ഇത് പരിഗണിക്കാതെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന എന്ന പരാതി വ്യാപകമാണ്.

വഴിയിൽ കിടന്ന മദ്യം കഴിച്ച് മരിച്ച കേസിൽ വഴിത്തിരിവ്; വിഷം കലർത്തി നൽകിയ പ്രതി പിടിയിൽ

ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്നു പേരിൽ ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇത് കൊലപാതക ശ്രമമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മദ്യം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞുമോൻ്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. പക്ഷെ കൊല്ലപ്പെട്ടത് ബന്ധുവായി.

ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് സുധീഷ് പൊലീസിനോട് സമ്മതിച്ചു. മദ്യം വഴിയിൽ നിന്നും കിട്ടിയതാണ് എന്നു പറഞ്ഞ് കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞാണ് സുധീഷ് മദ്യ കുപ്പി നൽകിയത് എന്ന് ചികിത്സയിലുള്ളവർ പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തു. ഇതാണ് കേസിൽ വഴിത്തിരിവായത്.

ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയതായി പറഞ്ഞ് നൽകിയ മദ്യം അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചത്. പിന്നീട് അവശനിലയി ആശുപത്രിയിൽ എത്തി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ മരിച്ചത്. 

മരിക്കാൻ ആഗ്രഹിച്ചിരുന്നു, കാൻസറിനെ അതിജീവിച്ച കഥയുമായ് സഞ്ജയ് ദത്ത്

ബോളിവുഡിലെ തരംഗനായകൻ സഞ്ജയ് ദത്ത് കന്നഡയ്ക്ക് പിന്നാലെ തമിഴ് സിനിമയിലും എത്തുന്നതാണ് പുതിയ വാർത്ത. എന്നാൽ താൻ മരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2020-ല്‍ ശ്വാസ കോശ കാന്‍സര്‍ ബാധിച്ചപ്പോളുണ്ടായ അനുഭവം വിവരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ചികിത്സയ്ക്ക് തനിക്ക് താത്പ്പര്യമില്ലായിരുന്നുവെന്നും മരണമാണ് ഫലം എങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്ന് വിശ്വസിച്ചതായും നടന്‍ വ്യക്തമാക്കി. ഷംഷേര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ദത്തിനെ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നത്.

അമ്മയും ഭാര്യയും മരിച്ചത് കാൻസർ ബാധിച്ച്

കീമോതെറാപ്പി ചെയ്യാന്‍ താത്പ്പര്യമില്ലായിരുന്നു. മരണം സംഭവിക്കാനാണ് വിധി എങ്കില്‍ അത് അങ്ങനെ സംഭവിക്കുമെന്ന് സഹോദരി പ്രിയയോട് പറഞ്ഞതായി ദത്ത് വ്യക്തമാക്കി. തന്റെ അമ്മ നര്‍ഗീസും ഭാര്യ റിച്ചാ ശര്‍മയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കാന്‍സറില്‍ നിന്നും മുക്തി നേടി തന്റെ ചിത്രീകരണത്തിരക്കിലാണ് നടന്‍.

ഷംഷേരയായിരുന്നു സഞ്ജയ് ദത്ത് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. കെ.ജി.എഫ്: ചാപ്റ്റർ 2-ൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

കെജിഎഫ് ടുവിലൂടെ കന്നഡയിലെത്തിയ സഞ്ജയ് ദത്ത് തമിഴിലെത്തുന്നത് വിജയ് ചിത്രത്തിലൂടെയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. പിന്നാലെ ബോളിവുഡിലും നിരവധി സിനിമകള്‍ സഞ്ജയ് ദത്തിന്റേതായി അണിയറയിലുണ്ട്.

ആദ്യം വന്നത് പുറം വേദന

ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ സഹോദരി പ്രിയയോട് തനക്ക് കീമോതെറാപ്പി വേണ്ടെന്നും മരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. തന്റെ കുടുംബത്തില്‍ ക്യാന്‍സര്‍ വന്ന് മരിച്ചവരെക്കുറിച്ചും താരം ഓര്‍ക്കുന്നുണ്ട്. അമ്മ നര്‍ഗിസ് ദത്തും ആദ്യ ഭാര്യ റിച്ച ശര്‍മ മരിച്ചതും ക്യാന്‍സര്‍ ബാധിച്ചായിരുന്നുവെന്നാണ് ദത്ത് പറയുന്നത്. എന്നിരുന്നാലും താരം ചികിത്സയിലേക്ക് തന്നെ എത്തുകയായിരുന്നു. ചികിത്സയ്ക്കിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും സഞ്ജയ് ദത്ത് ഓര്‍ക്കുന്നുണ്ട്. പുറം വേദനയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടപ്പോള്‍ വേദന സംഹാരികള്‍ നല്‍കിയെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഒടുവില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം വളരെ കാഷ്വലായിട്ടാണ് പറഞ്ഞതെന്നും താരം ഓര്‍ക്കുന്നുണ്ട്. ഈ സമയത്ത് തന്റെ കുടുംബത്തിലെ ആരും തന്നെ അരികിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ആറു വർഷം ജയിൽ ശിക്ഷ വിധിക്കപ്പെട്ടു, കരിയർ തകർന്നു

മുന്ന ഭായി എന്ന പേരുതന്നെ ഒരു സീരീസിൻ്റെ പ്രശസ്തിയിലൂടെ സഞ്ജയ് ദത്തിന് സ്വന്തമായി. അതിനിടയിലായിരുന്നു ആദ്യ ദുരന്തം.

ടാഡ കേസിൽ ആറു വർഷം തടവ് ശിക്ഷ ലഭിച്ച് ജയിലിൽ ആയതോടെയാണ് താരത്തിൻ്റെ കരിയർ തകർന്നത്. മുംബെ സ്ഫോടന കേസിൽ ആയിരുന്നു തടവ്. പിന്നീട് സുപ്രീം കോടതി വിധിയോടെ 2016 ലാണ് ജയിലിൽ നിന്നും വിമുക്തനാവുന്നത്.

ഇപ്പോൾ ജീവിതത്തിലെ രണ്ടാമത്തെ വെല്ലു വിളിയും നേരിട്ടു. ശ്വസാ കേശ കാൻസറിന് ചികിത്സ തേടുകയും രോഗത്തെ പരാജയപ്പെടുത്തുകയും ചെയ്തു.

കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റുന്നു

കേരള ഹൈക്കോടതി കൊച്ചിയിൽ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. ഹൈക്കോടതി ഭരണസമിതിയുടെ തീരുമാന പ്രകാരമാവും മാറ്റം സംബന്ധിച്ച തീരുമാനങ്ങൾ. കൊച്ചി നഗരത്തിന് വടക്കാണ് കളമശ്ശേരി മുനിസിപ്പാലിറ്റി പ്രദേശം. കുസാറ്റ്, എച്ച് എം ടി പോലുള്ള സ്ഥാപനങ്ങൾ ഇവിടയൊണ്.

മംഗള വനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹൈക്കോടതി സമുച്ചയം സ്ഥലപരിമിതി മൂലം കുരുങ്ങിയ അവസ്ഥയിലാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണമുണ്ട്.

ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്. കളമശേരി എച്ച്എംടിക്ക് സമീപത്താണ് 27 ഏക്കര്‍ സ്ഥലം കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതി ഭരണ സമിതി തീരുമാനം വരുന്നതോടെ നിർമ്മാണം തുടങ്ങാം. ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി വി.ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ് , ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാർ എന്നിവർ നേരിട്ട് എത്തി ഈ പ്രദേശം പരിശോധിച്ചിരുന്നു.