സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്, നാടകം കാണാനാവാത്ത ദൂരത്തിൽ കാണികൾ

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ആസ്വാദക തിരക്ക്. നാടക വേദിയിലും ഒപ്പനയ്ക്കുമാണ് ഏറ്റവും അധികം കാണികൾ എത്തിയത്. നാടകങ്ങൾ പന്തലിൻ്റെ പിന്നിൽ നിന്നും കാണാവുന്നതിലും അധികം പ്രേക്ഷകർ ആദ്യ ദിനം തന്നെ എത്തി.

ശബ്ദവിന്യാസത്തിലെ തിരക്ക് മൂലം സംഭാഷണങ്ങൾ പിൻനിരിയിൽ ഇരിക്കുന്നവർക്കും നിൽക്കുന്നവർക്കും മനസിലാവാത്തത് നിരാശ പടർത്തി. വശങ്ങളിൽ നിന്ന് കാണാൻ ശ്രമിച്ചു എങ്കിലും തൂണുകൾ മറവ് തീർക്കുന്നതായി കാണാനെത്തിയവർ പരാതിപ്പെട്ടു.

എന്നും മുന്നിൽ നടന്ന കോഴിക്കോട് വേദിയൊരുക്കുമ്പോൾ

എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത് കോഴിക്കോടാണ്. പത്തൊമ്പത് തവണയാണ് കോഴിക്കോട് ഓവറോള്‍ കിരീടം ചൂടിയത്. ഓരോ തവണയും ആസ്വാദകരുടെ എണ്ണത്തിലും റെക്കോഡായിരുന്നു.

1960 ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുക്കിയ കോഴിക്കോട് പിന്നീട് 1976, 1987, 1994, 2002, 2010, 2015, 2023 എന്നീ വര്‍ഷങ്ങളിലും കലോത്സവത്തിനായി വേദിയൊരുക്കി. ഓരോ തവണ വേദിയൊരുക്കുമ്പോഴും ഓരോ പ്രത്യേകതകളുമുണ്ടായിരുന്നു. 1976 – കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. കലോത്സവത്തിന് മുമ്പായുള്ള ഘോഷയാത്രയുടെ തുടക്കവും ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോള്‍. 1994 ല്‍ വേദിയൊരുക്കിയപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും സിബിഎസ്‍സി വിദ്യാര്‍ത്ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നത് 2010 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോഴാണ്. 61 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് ഇത്തവണ വേദ ഒരുക്കിയത്. 

സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ടാം ശനിക്ക് പുറമെ നാലാം ശനിയാഴ്ചയും അവധി വരുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ശിനിക്ക് പുറുമെ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നത് സംബന്ധിച്ച് ധാരണയായി. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. സര്‍വീസ് സംഘടനകളുമായി അനൌപചാരിക ചർച്ച നടന്നു. ഈ മാസം പത്തിന് ചീഫ് സെക്രട്ടറി നേരിച്ച് ചര്‍ച്ച നടത്തും.

ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നൽകി പ്രവർത്തി ദിവസം അഞ്ച് ആയി കുറയ്ക്കുന്നതാണ് പരിഗണനയിൽ. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നല്‍കാനുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം നിലനിൽക്കുന്നുണ്ട്. അതിന്റെ തുടക്കമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്.

നാലാം ശനിയാഴ്ച അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ കുറയും.

പ്രവർത്തി സമയത്തിൽ മാറ്റം വരും

നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. കേന്ദ്ര സർക്കാർ മാതൃകയാവും ഇതിനായി പിന്തുടരുക. നിലവിൽ 10.15 മുതല്‍ 5.15 വരെ യാണ് പൊതു സമയക്രമം.ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ക്രമീകരിക്കും. പഞ്ചിങ് തീരുമാനം വന്നതോടെ സർക്കാർ ഓഫീസുകളിൽ കൃത്യത വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും.

ചികിത്സാ പിഴവും പെരുമാറ്റ ദൂഷ്യങ്ങളും ദേശീയ മെഡിക്കൽ കമ്മീഷനിൽ നേരിട്ട് പരാതിപ്പെടാനുള്ള സൌകര്യം പുനസ്ഥാപിക്കുന്നു

ചികിത്സപ്പിഴവ് ഉള്‍പ്പെടെ ഡോക്ടര്‍മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ (എന്‍.എം.സി.) നേരിട്ട് പരാതിപ്പെടാന്‍ എന്‍.എം.സി. നിയമം പരിഷ്കരിക്കുന്നു. മലയാളിയുടെ നിരന്തര പോരാട്ടത്തിന് ഒടുവിലാണ് ഭേദഗകി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ അവസരം ഉണ്ട്.

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടര്‍മാരുടെ പേരിലുള്ള പരാതികളില്‍ രോഗിക്ക് നേരിട്ടോ ബന്ധുക്കള്‍ വഴിയോ ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് 2019-ലെ എന്‍.എം.സി. നിയമം ഭേദഗതിചെയ്യാൻ ഒരുങ്ങുന്നത്. കരട് മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനും മെഡിക്കല്‍ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു നടത്തിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ദേശീയ സംഘടനകളുടെ സമ്മർദ്ദങ്ങളും മറികടന്ന് ഭേദഗതി പരിഗണിച്ചത്.

നേരത്തെ ഉണ്ടായിരുന്ന അവകാശം പിൻവലിക്കപ്പെട്ടത്

ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിലവിലുണ്ടായിരുന്നപ്പോള്‍ ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാൻ അവസരമുണ്ടായിരുന്നു. സംസ്ഥാനകൗണ്‍സില്‍ തള്ളുന്ന പരാതികളില്‍ 60 ദിവസത്തിനുള്ളില്‍ ദേശീയ കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാമായിരുന്നു. സംസ്ഥാനത്ത് പരാതിപരിഗണിക്കാന്‍ ആറുമാസത്തിലേറെ സമയമെടുത്താല്‍ അതും കൗണ്‍സിലില്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു.

എന്നാല്‍, 2019-ല്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പ്രാബല്യത്തില്‍ വന്നതോടെ ഡോക്ടര്‍മാര്‍മാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാന്‍ പാടുള്ളൂവെന്ന ചട്ടം (എന്‍.എം.സി. നിയമം സെക്ഷന്‍ 30 (3)) കൊണ്ടുവന്നു.

ദേശീയതലത്തില്‍ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികള്‍ രണ്ടുവര്‍ഷത്തിനിടെ എന്‍.എം.സി. തള്ളി. ഇതിനെതിരേയാണ് ഡോ. കെ.വി. ബാബു നിയമ പോരാട്ടം നടത്തിയത്.

ഭേദഗതി നിർദ്ദേശിക്കാൻ മുപ്പതുദിവസത്തിനുള്ളില്‍  sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കല്‍ എജ്യുക്കേഷന്‍ പോളിസി സെക്ഷന്‍ അണ്ടര്‍ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിര്‍മാണ്‍ ഭവന്‍ എന്ന വിലാസത്തിലോ അവസരമുണ്ട്.

സംസ്ഥാനകൗണ്‍സിലുകള്‍ തള്ളുന്ന അപ്പീലുകള്‍ പരിഗണിക്കാനായി വിദഗ്ധസമിതി രൂപവത്കരിക്കാനും ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സന്നദ്ധമായിട്ടുണ്ട്.

പീഡനമല്ല, അഞ്ജലിയുടെ മരണ കാരണം അപകടത്തിലെ പരിക്കുകൾ

പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹപരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച പോലീസിന് കൈമാറി. യുവതിയുടെ സ്വാബ് സാംപിളുകളും ജീന്‍സിന്റെ കഷണങ്ങളും തുടര്‍പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് അഞ്ജലിയുടെ അമ്മ ഉള്‍പ്പെടെ നിരവധി പേര്‍ സംശയിച്ചിരുന്നു. തല, നട്ടെല്ല്, തുടയെല്ല്, കാലുകള്‍ എന്നിവടങ്ങളിലുണ്ടായ പരിക്കുകളില്‍ നിന്നുണ്ടായ രക്തസ്രാവമാണ് അഞ്ജലിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടവും തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതും സാരമായ പരിക്കുകള്‍ ഉണ്ടാക്കിയതായും യുവതി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് അധികം വൈകാതെ ലഭിക്കുമെന്നും സ്‌പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ജലിയുടെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലം മരണത്തിനിടയാക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഇരുപതുകാരിയായ അഞ്ജലി സുഹൃത്ത് നിധിയുമൊത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെയാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിടിക്കുകയും അഞ്ജലി കാറിന്റെ ആക്‌സിലില്‍ കുടുങ്ങുകയും ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുഹൃത്ത് പിന്നീട് ഭയന്ന് പിൻമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഇവർ ഒന്നിച്ചായിരുന്നു എന്ന് കണ്ടെത്തിയത്.

ജോഡോ യാത്രയിൽ രാഹുലും പ്രിയങ്കയും കണ്ടു മുട്ടിയ രംഗം വൈറലായി

0

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കണ്ടുമുട്ടൽ വികാര നിർഭരമായി. കോണ്‍ഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടന്നതോടെയാണ് കണ്ടു മുട്ടയത്. വേദിയിലെ ഇവരുടെ സ്നേഹ പ്രകടനം വൈറലായി തീർന്നിരിക്കയാണ്. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ അടുത്ത കണ്ട സാഹചര്യത്തിൽ ചേര്‍ത്തു പിടിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.

ഭാരത് ജോഡോ യാത്രയ്ക്കിടെ യു.പി.യിലെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയ്ക്ക് സ്നേഹ ചുംബനം നല്‍കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു. രാഹുല്‍-പ്രിയങ്ക സാഹോദര്യത്തിന്റെ അത്യന്തം മനോഹരമായ ഒരു കാഴ്ച കൂടെയുള്ളവരുടെ കണ്ണു നനയിച്ചു.

രണ്ട് ഹൃദയ ഇമോജികളോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെയിറങ്ങിയ ‘രക്ഷബന്ധന്‍’ സിനിമയിലെ ‘മേം രഹൂന്‍ നാ തേരെ ബിനാ’ (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല) എന്ന അർജിത് സിങ് ആലപിച്ച ഗാനമാണ് വീഡിയോക്ക് അകമ്പടിയായി ചേര്‍ത്തിരിക്കുന്നത്.

എല്ലാ മത മാറ്റങ്ങളും നിയമവിരുദ്ധമല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി

എല്ലാ മതം മാറ്റങ്ങളും നിയമവിരുദ്ധം അല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഈ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിരീക്ഷണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് മാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു. എന്നാൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കും.

മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന് മധ്യപ്രദേശ് സർക്കാർ നിയമം കൊണ്ടു വന്നിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരായി ക്രിമിനൽ ശിക്ഷാനടപടി നിബന്ധന ചെയ്യുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കി. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.

ഹൈക്കോടതി വിധിക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളുവെന്നും തുഷാര്‍ മേത്ത ഇതിന് ന്യായമായി ചൂണ്ടികാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

രാഹുൽ ഒഴികെ എല്ലാത്തിനെയും അദാനിയും അംബാനിയും ചേർന്ന് വിലയ്ക്ക് വാങ്ങി- യു പി അതിർത്തിയിൽ സഹോദരന് സ്വീകരണമൊരുക്കി പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഉത്തർ പ്രദേശിൽ ലോനി അതിര്‍ത്തിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്വീകരണം.

കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിൻ്റെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാൽ രാഹുലിനെ തകർക്കാൻ കഴിഞ്ഞില്ല. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും രാഹുല്‍ ഒഴികെ എല്ലാത്തിനേയും സർക്കാരിന് വേണ്ടി വിലയ്ക്ക്‌ വാങ്ങിയെന്നും പ്രിയങ്ക പറഞ്ഞു.

‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്‍റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്’, യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില്‍ സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

അടുത്ത മൂന്ന് ദിവസം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. ജനുവരി ആറിന് ഹരിയാണയിലേക്ക് കടക്കും. തുടര്‍ന്ന് 11 മുതല്‍ 20 വരെ പഞ്ചാബിലാണ് യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് എത്തുന്നതോടെ സമാപന ഘട്ടമാവും.

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ബുധനാഴ്ച തന്നെ; മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചെന്ന് ഗവർണർ

 സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രശ്നം സംബന്ധിച്ച് പത്ര-മാധ്യമങ്ങളിലടക്കം വിവിധ ചര്‍ച്ചകള്‍ നടന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനംതന്നെ അംഗീകരിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചു. അത് പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോധ്യമായാല്‍ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതിനല്‍കിയാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സത്യപ്രജിജ്ഞ അനിശ്ചിതത്വത്തിലാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതിനിടെയാണ് ഗവര്‍ണര്‍ വഴങ്ങുകയും ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ അനുമതി നല്‍കുകയും ചെയ്തത്. തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്.

കോൺഗ്രസ് പ്രക്ഷോഭത്തിന്

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം യു.ഡി.എഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പോലീസ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കൈകടത്തിയാണ് സജി ചെറിയാന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയെടുത്തതെന്നും കോടതി തീരുമാനത്തിന് വിധേയമായി മാത്രമേ സജി ചെറിയാന് വീണ്ടും മന്ത്രിയാകാന്‍ സാധിക്കൂവെന്നും സതീശൻ പറഞ്ഞു.

മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ തയ്യാറാകാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആര്‍.എസ്.എസ്. ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഇതിനോട് സി.പി.എം. യോജിക്കുന്നുണ്ടോയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ക്കാര്‍ സംഘപരിവര്‍ ശക്തികള്‍ ശ്രമിക്കുന്നെന്ന് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിക്കുന്ന കാലത്താണ് സി.പി.എം. മന്ത്രിയായിരുന്ന ഒരാള്‍ ഗോള്‍വാള്‍ക്കറെ അനുകൂലിച്ചത്. സജി ചെറിയാന്റെ പ്രസംഗം എം.വി. ഗോവിന്ദന്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിനെ സി.പി.എം. അംഗീകരിക്കുന്നുവെന്നാണ് അര്‍ഥം. പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് എം.വി. ഗോവിന്ദനല്ല, കോടതിയാണ്. ഇത് പാര്‍ട്ടി കോടതി തീരുമാനിക്കേണ്ട വിഷയമല്ല.

വി ഡി സതീശൻ പറഞ്ഞു.

സി പി എം നേതാവും സംഘവും സ്ഥാപനം തകർക്കാൻ ശ്രമിക്കുന്നതായി വ്യവസായിയുടെ പരാതി

പ്രാദേശിക സി.പി.എം. നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വ്യവസായം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കോട്ടയം മാങ്ങാനത്തെ മാടപ്പള്ളി ടയര്‍ ട്രേഡിങ് കമ്പനി നടത്തുന്ന ടോണി എന്ന യുവവ്യവസായിയാണ് ഭീഷണിയുടെ കഥ വെളിപ്പെടുത്തിയത്.

വിജയപുരം പഞ്ചായത്തംഗവും സി.പി.എം. മാങ്ങാനം ലോക്കല്‍ സെക്രട്ടറിയുമായ ബിജു പി.ടി. നിരന്തരം ഭീഷണിപ്പെടുത്തിയും വ്യാജപരാതി നല്‍കിയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതിപ്പെട്ടത്. ഡിസംബര്‍ 31-ന് കമ്പനിയില്‍ കയറി ബിജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാരെ ആക്രമിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു.

‘ബിജു കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിക്കെതിരെ പരാതിയും അക്രമവുമായി മുന്നോട്ട് പോവുകയാണ്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി അയച്ചുമാണ് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്. തുടക്കം മുതലേ പരാതി അയച്ച് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.’- എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണ് വ്യവസായം നടത്തുന്നത് എന്നും ടോണി പറയുന്നു.

31-ന് വൈകീട്ട് ലോഡുമായി വന്ന വണ്ടി പിടിച്ചുവെച്ച് സൂപ്പര്‍വൈസറെ അസഭ്യം പറയുകയും അടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സൂപ്പര്‍വൈസര്‍ ഓടി കെട്ടിടത്തിനകത്തേക്ക് കയറിയപ്പോള്‍ അമ്പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന് കസേരയും കല്ലുമടക്കം ഉപയോഗിച്ച് വീണ്ടും മര്‍ദ്ദിച്ചു. സര്‍ക്കാരിന്റെ മാനദണ്ഡം പാലിച്ചുള്ള എല്ലാ ലൈസന്‍സുമുണ്ട്. പോലീസില്‍ നിലവില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോണി പ്രതീക്ഷ പ്രകടിപ്പിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് സ്ഥാപനം ഉണ്ടാക്കിയത്. 60ഓളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ടോണി പറയുന്നു.

ലഹരിക്കെതിരേ ബോധവൽക്കരണ സന്ദേശവുമായി പുതുവത്സര മാരത്തോൺ

0

ജെ സി ഐ പുതിയ നിരത്തിൻ്റെയും പയ്യോളി റണ്ണേഴ്സ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ “പുതുവത്സരത്തെ വരവേൽക്കാൻ 23 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. -move beyond the past ” എന്ന സന്ദേശമുയർത്തി പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നിന്നും ആരംഭിച്ചു. രാവിലെ 5 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വിശ്വൻ തിക്കോടി , ജെ സി ഐ പുതിയനിരത്ത് പ്രസിഡണ്ട് ശ്രീനേഷ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
കാപ്പാട് ബീച്ചിൽ സമാപന മീറ്റ് ജില്ലാ ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ അഫ്സൽ ഉത്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് ശ്രീ നേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേ വ്യായാമമാണ് ലഹരി എന്ന സന്ദേശം കൈമാറി. ജെ കോം വടകര ടേബിൾ ചെയർമാൻ രബിലാഷ്, കാലിക്കറ്റ് റോയൽ റണ്ണേഴ് ക്ലബിനു വേണ്ടി വിഷ്ണു ടി.പി. , കാപ്പട് ബീച്ച് ഫിറ്റ്നസ് ക്ലബിനു വേണ്ടി യൂനസ് എന്നിവർ ആശംസകൾ അറിയിച്ചു. ജെസിഐ സെക്രട്ടറി അബ്ദുൾ മനാഫ് സ്വാഗതം പറഞ്ഞു. പയ്യോളി റണ്ണേഴ്സ് ക്ലബ്ബിനു വേണ്ടി പ്രേം ജിത് മാസ്റ്റർ നന്ദി പറഞ്ഞു.