വടകരയിലെ വ്യാപാരിയുടെ കൊലപാതകം: 22 വയസുകാരൻ പിടിയിൽ

വടകരയിൽ പല ചരക്ക് വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി 22 വയസുകാരനായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.

പ്രതി കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി കറപ്പസ്വാമി പറഞ്ഞു. സി സി ടി വി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രതി വ്യാപാരി രാജനു (62) മായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ബന്ധമായിരുന്നു. ഡിസംബർ 25 നാണ് കൊല നടന്നത്. രാജന്റെ ദേഹത്തണിഞ്ഞ ആഭരണങ്ങളും ബൈക്കും മോഷ്ടാവ് കൈവശ പ്പെടുത്തിയിരുന്നു.

യുവാവുമായി രാജൻ ബൈക്കിൽ പോകുന്നതായി കണ്ടെന്ന് ദൃക്സാക്ഷി മൊഴിയും ഉണ്ടായിരുന്നു.

നോട്ട് നിരോധനം നിയമ വിരുദ്ധ നടപടിയെന്ന് ഉറച്ചു പറഞ്ഞ ജസ്റ്റിസ് ബി വി നാഗരത്ന ആരാണ്

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേട്ട സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ നാല് പേരും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ ശരിവച്ചു. വിയോജന കുറിപ്പെഴുതി ശ്രദ്ധേയയായത്  ബഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ബി വി നാഗരത്നയാണ്.

ധീരതയും കരുത്തും ഉൾചേർന്ന ശബ്ദം

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു ഭൂരിപക്ഷ വിധിയില്‍ ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കിയത്. അതിനാൽ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി.

എന്നാല്‍, നടപടി ക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നു ജസ്റ്റിസ് ബി വി നാഗരത്ന. അതോടൊപ്പം പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ലെന്നും ജസ്റ്റിസ് ഓർമ്മപ്പെടുത്തി. ഈ ഒരൊറ്റ വിയോജന കുറിപ്പോടെ ജനാധിപത്യത്തിനായുള്ള നീതിപീഠ ശ്രമങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ് ബി വി നാഗരത്ന. 

പരമോന്നതി പദവിയിലേക്ക് ഉറച്ച ശബ്ദത്തോടെ

കർണാടക ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും 2021 ലാണ് ജസ്റ്റിസ് നാഗരത്ന സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെടുന്നത്. മുൻ ചീഫ്  ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് ബി വി നാഗരത്‌നയെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യുന്നതും പിന്നീട് ഈ തീരുമാനം കേന്ദ്രം അംഗീകരിക്കുകയും ചെയ്യുന്നത്.  സുപ്രീം കോടതിയിലെ സീനിയോറിറ്റി കണക്കിൽ എടുത്താൽ ജസ്റ്റിസ് ബി വി നാഗരത്‌ന 2027 -ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. രാജ്യത്തെ പരമോന്നത കോടതിയെ നയിക്കുന്ന ആദ്യ വനിത എന്ന പദവിയാണ് ജസ്റ്റിസ് ബി വി നാഗരത്നയെ കാത്തിരിക്കുന്നത്. 

1962 ഒക്ടോബര്‍ 30 ന് കര്‍ണാടകയിലെ പാണ്ഡവപുരയിലാണ് ബി വി നാഗരത്‌നയുടെ ജനനം. 1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ എസ് വെങ്കടരാമയ്യരാണ് പിതാവ്. ബെംഗളൂരുവില്‍ അഭിഭാഷകയായാണ് ബി വി നാഗരത്‌ന തന്‍റെ ഔദ്ധ്യോഗിക നിയമ ജീവിതം ആരംഭിക്കുന്നത്. 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയായതോടെ ന്യായാധിപ രംഗത്തേക്ക് കടന്നു. തുടര്‍ന്ന് 2010 ല്‍ സ്ഥിരം ജഡ്ജിയായി നിയമിതയായി.

നിശ്ചയദാര്‍ഢ്യത്തോടെ ജനാധിപത്യ സാധ്യതകൾ ഉപയോഗിച്ച്…

1989-ല്‍ ആറ് മാസമായിരുന്നു പിതാവ് ഇ എസ് വെങ്കടരാമയ്യ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതെങ്കില്‍ വെറും 36 ദിവസം മാത്രമായിരിക്കും ബി വി നാഗരത്‌നയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തെ കാലാവധി. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ദിനങ്ങൾ കൂടിയാകും ആ ദിവസങ്ങൾ എന്ന് ഉറപ്പിക്കുന്നത് കൂടിയാണ് ഇന്നത്തെ വിയോജന കുറിപ്പ്. അതിന് അടിവരയിടുന്നതാണ് സുപ്രിം കോടതി ജഡ്ജിയായിരിക്കെ അവര്‍ കൈക്കൊണ്ട കർശന നിലപാട്. നിലപാടുകളിലെ ഈ നിശ്ചയദാര്‍ഢ്യം കൊണ്ട് പലകുറി നാഗരത്ന വാർത്തകളിൽ ഇടം നേടി. 

വാദത്തിനിടയിലും ശ്രദ്ധേയം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടലിന് പരിധിയുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. എന്നാൽ, ലക്ഷമണരേഖ അറിയാമെന്നും കൈകൂപ്പി നോക്കി നിൽക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന വാദത്തിനിടെ പറഞ്ഞത് രാജ്യത്ത് ഏറെ  ചർച്ചയായി. ഒടുവില്‍, ഭിന്നവിധിയിലും കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടിനെ ജസ്റ്റിസ് നാഗരത്ന നിയമ വിരുദ്ധമാണെന്ന് കുറിച്ചു. ഒപ്പം റിസർവ് ബാങ്കിന്‍റെ അഭിപ്രായം സ്വതന്ത്രമായിരിക്കണമെന്നും വിധിച്ചു. 

കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിലെ മരട് ഫ്ളാറ്റ്  പൊളിക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കേവേ ഫ്ളാറ്റുകള്‍ വാങ്ങിയവരും നിര്‍മ്മാതാക്കൾ, അധികൃതർ എന്നിവരെ പോലെ തന്നെ തുല്യ ഉത്തരവാദികളാണെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ നിരക്ഷരരല്ലല്ലോ എന്നും അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് സ്വയം ചിന്തിക്കണമായിരുന്നുവെന്നും ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കിയിരുന്നു.

2009 നവംബറില്‍ ബി വി നാഗരത്‌നയേയും കര്‍ണാടക ഹൈക്കോടതിയിലെ മറ്റ് രണ്ട് ജഡ്ജിമാരെയും ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധത്തിനിടെ കോടതി മുറിയില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഇതിനോട് തങ്ങള്‍ക്ക് ദേഷ്യമില്ലെന്നും പക്ഷേ, ബാര്‍ തങ്ങളോട് ചെയ്തതില്‍ സങ്കടമുണ്ടെന്നും ലജ്ജിച്ച് തല താഴ്ത്തണം എന്നുമായിരുന്നു ബി വി നാഗരത്‌ന പിന്നീട് പ്രതികരിച്ചത്.

ഇ പി ജയരാജന് എതിരായ ആരോപണത്തിൽ കള്ളപ്പണം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയെന്ന് വി ഡി സതീശൻ

ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് ഇ.പി. ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊടകര കുഴൽപണ കേസ് എവിടെ

രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സിപിഎം ബന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യു.കയും ചെയ്യുന്നവരാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാള്‍, വി.ഡി. സതീശന്‍ പറഞ്ഞു.

ഇ.പി. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സജി ചെറിയാൻ പറഞ്ഞത് ഗോള്‍വാള്‍ക്കറുടെ വാക്കുകൾ

ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടിവന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍.എസ്.എസും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തിയതില്‍ സന്തോഷമേയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഏത് കോണ്‍ഗ്രസ് നേതാവിനെയും ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുജാഹിദ് സമ്മേളനം പോലൊരു വേദിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപി ജയരാജന്‍ വിഷയത്തില്‍ യുഡിഎഫ് ശക്തമായ സമരത്തിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂര്‍ കേരള പുത്രനെന്നായിരുന്നു മന്നം ജയന്തി പൊതുസമ്മേളന വേദിയിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് വേളയില്‍ തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. അത് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം ശരിവെച്ച് ഭരണഘടനാ ബഞ്ച്; നിയമ വിരുദ്ധമായ നപടിയെന്ന് ജസ്റ്റീസ് നാഗരത്നയുടെ ഭിന്ന വിധി

കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധനം ഭൂരിപക്ഷം ശിരിവെച്ചപ്പോൾ പിൻവലിച്ച നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ഭിന്നവിധി. അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചപ്പോള്‍ നോട്ടുനിരോധനം പോലൊരു നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന തന്റെ വിധിയില്‍ വിഭിന്നമായ നിലപാട് അവതരിപ്പിച്ചു. ഭൂരിപക്ഷ വിധിയോട് ശക്തമായി വിയോജിക്കുകയായിരുന്നു അവർ.

അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

നിയമ വിധേയമല്ലാത്ത അധികാര പ്രയോഗം

‘നിയമവിരുദ്ധം’ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്‌ന തന്റെ വിധിയില്‍ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടില്‍ നവംബര്‍ എട്ടിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നിയമവിരുദ്ധം (Unlawful) ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു എന്നും തുടർന്ന് വിശദമാക്കി. 2016-ല്‍ ആണ് നിരോധനം എന്നതിനാൽ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

‘കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’

സര്‍ക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന ‘കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം’ എന്ന വാചകങ്ങള്‍ വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശ റിസര്‍വ് ബാങ്ക് ആണ് കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടത്. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല അത്തരമൊരു ശുപാര്‍ശ നല്‍കേണ്ടത്. എന്നാല്‍, ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സര്‍ക്കാരില്‍നിന്നാണ്. അതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നവംബര്‍ ഏഴിന് റിസര്‍വ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആര്‍ബിഐ നല്‍കിയ അഭിപ്രായം ശുപാര്‍ശയായി പരിഗണിക്കാനാവില്ലെന്നും ആര്‍ബിഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കാന്‍ ആര്‍ബിഐക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 26(2), ഏതാനും ചില സീരീസുകളിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിന്‍വലിക്കുന്നതിനല്ലെന്നു ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോള്‍, ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ആര്‍ബിഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കനായിട്ടില്ലെന്ന് വ്യക്തമാണ് എന്നും അവർ ഭിന്നവിധിയിൽ ശക്തമായ ഭാഷയിൽ വ്യക്തമാക്കി.

ഭൂരിപക്ഷ വിധി

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന്  തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വിയോജിച്ചുള്ള വിധി

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പരിഗണിച്ചത് 58 ഹരജികൾ

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു. 

കേരളത്തിലെ മാധ്യമങ്ങൾ ഗോസിപ്പുകളിൽ മുഴുകുന്നു- എൻ റാം

ഗോസിപ്പുകൾ അഭിരമിക്കുന്നവരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. സാങ്കേതിക സൗകര്യങ്ങൾ വികസിച്ചെങ്കിലും ഏകപക്ഷീയമാണ് കേരളത്തിലെ വാർത്താ റിപ്പോർട്ടിങ്‌. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു റാം.

അന്വേഷണാത്മക മാധ്യമ പ്രവർത്തനം ബൊഫോഴ്‌സ്‌ കാലത്തേക്കാൾ അപകടകരവും സാഹസികവുമായെന്നും അദ്ദേഹം പറഞ്ഞു. എൺപതുകളിൽ താനും ചിത്ര സുബ്രഹ്മണ്യവും ചേർന്ന് ബൊഫോഴ്‌സ് രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന ഘട്ടത്തിൽ ഭരണാധികാരികളിൽനിന്നും ഭരണകക്ഷി നേതാക്കളിൽനിന്നും ഒറ്റപ്പെട്ട ഇടപെടലുകളുണ്ടായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടപെട്ടില്ല. പ്രതിരോധ മന്ത്രി കെ സി പന്തും ചില കോൺഗ്രസ് നേതാക്കളും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഏറ്റെടുത്ത ദൗത്യം തുടരാൻ തടസ്സമൊന്നുമുണ്ടായില്ല. ഇപ്പോൾ അതല്ല സ്ഥിതി. ഭരണകൂടം വലിയനിലയ്‌ക്ക് ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം നമ്മുടെ മുന്നിലുണ്ട്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങളും അനവധി. എൻഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊലചെയ്യപ്പെട്ട കാലമാണിത്.

അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്താമോ എന്ന ചോദ്യത്തിന് ഇന്നത്തേക്കാൾ മോശമായിരുന്നു അടിയന്തരവാസ്ഥക്കാലത്തെ മാധ്യമ പ്രവർത്തനമെന്നായിരുന്നു മറുപടി. ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളുണ്ടായിരുന്നെങ്കിലും പൊതുവിൽ മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തെ പിന്തുണയ്‌ക്കുകയായിരുന്നു. എൽ കെ അദ്വാനിയുടെ വാക്കുകൾ കടമെടുത്താൽ ഭരണാധികാരികൾ കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതൽ ശക്തവും വ്യാപകവുമാണ്. ദി വയർ തന്നെ ഏറ്റവും നല്ല ഉദാഹരണം.

ഹിന്ദുത്വ  അമിതാധികാര സർക്കാർ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്‌ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാൽ, മാധ്യമ പ്രവർത്തകർ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്‌ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.

രാജ്യത്ത് തൊഴിൽ ഇല്ലായ്മ നിരക്ക് ഉയരുന്നു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.

നഗരങ്ങളിലെ തൊഴിലില്ലായ്മ ഡിസംബറില്‍ 8.96 ശതമാനത്തില്‍ നിന്ന് 10.09 ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ 7.44 ശതമാനമായിരുന്നത് 7.55 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകകള്‍ വ്യക്തമാക്കുന്നു.

ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.

ഭിന്നിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളെ തിരിച്ചറിയുക; മതരാഷ്ട്രവാദികളെ അകറ്റി നിർത്തണം – മുഖ്യമന്ത്രി

മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്.

രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ വര്‍ഗീയവാദികള്‍ രാജ്യത്തിന്റെ താല്‍പര്യത്തിനെതിരായാണ് നിലകൊള്ളുന്നത്. മതവിശ്വാസം ഏതെങ്കിലും രീതിയിൽ വർഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല. എന്നാൽ വർഗീയമായി ജനതയെ ഭിന്നിപ്പിക്കാൻ മതത്തെ ഉപയോഗിക്കുയാണ്‌.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ നമുക്ക് കഴിയണം. തെറ്റിദ്ധരിപ്പിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കും, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചത് നമുക്ക് കാണാന്‍കഴിയും. അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏതു വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്, മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ ചില വാദഗതികൾ  ഈ സമ്മേളനത്തിൽ തന്നെ ഉയർന്നതായി അറിയാൻ കഴിഞ്ഞു. ഇവിടെ എന്റെ ഒരു സുഹൃത്ത്‌ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം കാണാനിടയായി. അദ്ദേഹം ബംഗാളിൽ 34 വർഷത്തിന്‌ ശേഷം സിപിഐ എമ്മിന്‌ അധികാരം നഷ്‌ടമായ കഥ പറയുന്നുണ്ട്‌. ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന്‌ സിപിഐ എമ്മിനെതിരെയാണോ സംസാരിക്കേണ്ടത്‌. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന്‌ ഒരുമിച്ച്‌ നിൽക്കുകയാണ്‌ വേണ്ടത്‌. വർഗീയതയോട്‌ നാം സ്വീകരിക്കേണ്ട നിലപാടാണ്‌ ഇവിടെ ചർച്ച ചെയ്യേണ്ടത്‌.  അദ്ദേഹം  പറയുന്നത്‌ സംഘപരിവാരത്തെ നമ്മൾ നേരിടുമെന്നാണ്‌. ഇന്ന്‌ ഇന്ത്യ നേരിടുന്ന വിപത്ത് അങ്ങിനെ നമ്മൾക്ക്‌ മാത്രമായി നേരിടാവുന്നതല്ല എന്ന്‌ തിരിച്ചറിയണം. അല്ലാത്ത പക്ഷം അത്‌ സ്വയം കുഴിയിൽ ചെന്ന്‌ വീഴുന്നതിന്‌ തുുല്യമാവും. മഴുവോങ്ങി നിൽക്കുന്നവന്‌ കഴുത്തുകാട്ടരുത്‌.

ആർഎസ്‌എസിന്റേയും സംഘപരിവാരത്തിന്റേയും ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കാനാണ്‌ നീക്കം.എല്ലാം കൈപ്പിടിയിലൊതുക്കാൻ ഒതുക്കാനുള്ള നീക്കം കാണാതിരുന്നുകൂട. ഇതിനെല്ലാമെതിരെ ഒരുമിച്ച്‌ എതിർപ്പുയർത്തേണ്ട ഘട്ടത്തിൽ തെറ്റായ ചിത്രം വരച്ചുകാട്ടരുത്‌. ന്യൂനപക്ഷങ്ങളിൽ പെട്ട ചിലർ ഈ ഭീഷണിയെ  സ്വയം നേരിട്ടുകളയാമെന്ന ധാരണയിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്‌.  അത്‌ ആത്മഹത്യാപരമാണ്‌. മതനിരപേക്ഷ ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച്‌ നിർത്തുകയാണ്‌ വേണ്ടത്‌. ഭിന്നത മൂർചിഛിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ ഗുണകരമാവില്ല. ഇന്ത്യയിൽ ഒരു മതവും മറ്റൊന്നിന്‌ മുകളിലും കീഴിലുമല്ല. എന്നാൽ ഈ കാഴ്‌ചപ്പാടിനെ നിയമനിർമാണങ്ങളിലൂടെയും അധികാരം ഉപയോഗിച്ചും അട്ടിമറിക്കാനാണ്‌ ശ്രമം. പൗരത്വനിയമദേഭഗതി പോലുള്ളവ ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്താണ്‌. മതന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഇന്ത്യയിൽ പാലിക്കപ്പെട്ടേ മതിയാകൂ. എല്ലാ പൗരന്മാർക്കും നിർഭയത്തോടെ ജീവിക്കാനാകണം. വേർതിരിവും ഭേദചിന്തയുമില്ലാത്ത ഇടമായി മാറാൻ കഴിയണം.

ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും കൈയ്യടക്കപ്പെടുകയാണ്. അവരുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ശ്രമം നടത്തുകയാണ്. അക്കാര്യത്തില്‍ കേരളം വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണ്. മഹാവിപത്തിനെ നേരിടാന്‍ നേരിയ ഭിന്നതകളെല്ലാം മാറ്റിവെച്ച് നമുക്ക് മതനിരപേക്ഷതയുടെ ഭാഗമായി അണിനിരക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ചെലവിന് നൽകാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും പിതാവിന് ഒഴിഞ്ഞുമാറാനാവില്ല, ഉറപ്പാക്കാൻ കോടതിക്കും ബാധ്യത – മദ്രാസ് ഹൈക്കോടതി

 മക്കൾക്ക് ചെലവിന് കൊടുക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അച്ഛന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കേസ് നടത്തുമ്പോൾ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ഉത്തരവാദിത്തം കോടതിയും ഏൽക്കണം. അതുവഴി അവർക്ക് ചെലവിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും ജസ്റ്റിസ് എസ്. എം. സുബ്രഹ്മണ്യൻ്റെ ബെഞ്ച് ചൂണ്ടികാട്ടി.

ചെലവിനു നൽകാൻ ഇടക്കാല വിധി പുറപ്പെടുവിക്കുന്ന കോടതികൾ വിധി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതു ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുകയും വേണമെന്നും പറഞ്ഞു.

ഭാര്യയും ഭർത്താവും കേസ് തീർപ്പാകാത്തതുകൊണ്ട് മക്കൾക്ക് ചെലവിനു നൽകുന്നതിനുള്ള അപേക്ഷകളും പല കുടുംബക്കോടതികളിലും തീർപ്പാകാതെ കിടക്കുകയാണ്. ഇങ്ങനെ വരുമ്പോൾ കുട്ടികളുടെ മൗലികാവകാശമാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്. കേസിലായ മാതാപിതാക്കൾക്ക് എന്നപോലെ കുട്ടികളുടെ കാര്യത്തിൽ കോടതിക്കും ഉത്തരവാദിത്വമുണ്ട്. കേസു തീർപ്പാകാൻ വൈകുമെങ്കിൽ കുട്ടികൾക്ക് ചെലവിനു നൽകുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതികൾ മടിക്കരുത് എന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഭാര്യയ്ക്ക് ജോലിയുണ്ടെന്നതിന്റെ പേരിലോ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നതിന്റെ പേരിലോ അച്ഛന് മക്കൾക്ക് ചെലവിനുനൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. 11 മാസം പ്രായമുള്ള മകൾക്ക് ചെലവിനു പണം നൽകാൻ ഇടക്കാല വിധിയിലൂടെ ഭർത്താവിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.

ശബരിമല വിമാനത്താവളത്തിൽ സാധ്യമാവുന്നത് കേരളത്തിലെ ഏറ്റവും വലിയ റൺവേ

 ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2570 ഏക്കറാണ് (1039.876 ഹെക്ടര്‍) ഭൂമിയാണ് ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കര്‍ സ്ഥലംകൂടി വരുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ റൺവേ സൌകര്യമുള്ള വിമാനത്താവളമാവും ഇത്.

വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമാനുമതിക്കുശേഷം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. സാമൂഹികാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് വിദഗ്ധസമിതി പരിശോധിക്കും. വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആര്‍ പദ്ധതി തയ്യാറാക്കിയത്.

ആറന്മുള വിമാനത്താവള പദ്ധതി പ്രതിഷേധത്തെത്തുടര്‍ന്ന് വേണ്ടെന്നുവെച്ചപ്പോഴാണ് ചെറുവള്ളിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി ആഘാതം ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ലൂയിസ് ബര്‍ജര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദത്തില്‍ ഉറച്ചുനിന്നുതന്നെയാണ് വിമാനത്താവള നടപടികളുമായി സര്‍ക്കാര്‍ നീങ്ങുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിനും സൗകര്യം ഒരുക്കാനാണ് പുറത്തുള്ള ഭൂമിയേറ്റെടുക്കല്‍. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യഭൂമിയാണ്.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാനുള്ള കേസ് പാലാ സബ് കോടതിയില്‍ നടക്കുകയാണ്. ഇതിലെ തീര്‍പ്പിന് വിധേയമാണ് പദ്ധതിയുടെ തുടര്‍നടപടികള്‍. പണം കെട്ടിവെച്ച് ഭൂമിയേറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്. എസ്റ്റേറ്റ് ഉടമസ്ഥാവകാശം രേഖകള്‍പ്രകാരം ബിലീവേഴ്‌സ് ചര്‍ച്ചിനാണ്. മണ്ണ് പരിശോധനയ്ക് അവര്‍ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് അനുമതി കൊടുത്തിരുന്നു.

ശബരിമല തീർഥാടകർക്ക്‌ സഹായമാകുന്ന പദ്ധതി ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നുമാണ്‌ പ്രതീക്ഷ. കൊച്ചി, തിരുവനന്തപുരം തീർഥാടന ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാനും വിമാനത്താവളം സഹായിക്കും.

വീട്ടിൽ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു; വീട്ടുകാരനും ഭാര്യയും അയൽക്കാരിയും മരിച്ചു

0

വീട്ടില്‍ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ നാമക്കല്‍ മോഹനൂരില്‍ പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാര്‍ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെല്‍വി (60), അയല്‍ക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്. മകളെ രക്ഷപെടുത്തിയ ശേഷമാണ് ദമ്പതികൾ ദുരന്തത്തിന് ഇരയായത്.

തില്ലൈ ഫയര്‍ വര്‍ക്സ് ഉടമയായ തില്ലൈകുമാര്‍ പുതുവത്സരാഘോഷത്തിന് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. മകള്‍ക്ക് പാല്‍ കാച്ചാന്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയാണ് തീ പടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ടൺ വരുന്ന നാടന്‍ പടക്ക ശേഖരമാണ് വീട്ടിൽ സൂക്ഷിച്ചത്.

ഗ്യാസ് കത്തിക്കുന്നതിനിടെ തീ പടരുന്നു. ഇത് കണ്ട് കുട്ടിയെ വീടിനുപുറത്താക്കി. വീണ്ടും സാധനങ്ങള്‍ പുറത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് അയൽക്കാരി പെരിയക്ക മരിച്ചത്. സ്‌ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അന്‍പതോളം വീടുകള്‍ക്ക് വിള്ളലുണ്ടായി.