എൻ എസ് എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു, അധ്യാപകരുടെ അശ്രദ്ധയെന്ന് ബന്ധുക്കൾ

മണർകാട് ഗവ. യു.പി.സ്കൂളിൽ എൻ.എസ്.എസ്. ക്യാമ്പിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. മണർകാട് തിരുവഞ്ചൂർ പായിപ്രപ്പടി പാറയിൽ പുള്ളോത്ത് സാമന്തിന്റെയും (സന്തോഷ്) സിന്ധുവിന്റെയും മകൻ സന്ദീപ് (16) ആണ് മരിച്ചത്.

കോട്ടയം അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഇവർ ക്യാമ്പിനായി മണർകാട് സ്കൂളിൽ എത്തിയതായിരുന്നു. സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. ആശുപത്രിയിൽ ഇതു സംബന്ധിച്ച് തർക്കവുമുണ്ടായി.

സന്ദീപ് അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അവർ ഇക്കാര്യം കണക്കിലെടുത്തില്ല. ശനിയാഴ്ച രാവിലെ ക്യാമ്പിന്റെ ഭാഗമായി സന്ദീപ് ഉൾപ്പെടെയുള്ള കുട്ടികൾ മണർകാടുള്ള അങ്കണവാടി പെയിന്റുചെയ്യുന്നതിനായി പോയിരുന്നു.

ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ മടങ്ങിയെത്തിയശേഷം ക്ഷീണം സന്ദീപ് കിടക്കാൻ പോയി. എന്നാൽ ഇതിന് ശേഷം അധ്യാപകർ അന്വേഷിച്ചില്ല എന്നാണ് ബന്ധുക്കളുടെ പരാതി. മറ്റ് കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾക്കായി പുറത്തായിരുന്നു. അഞ്ചരമണി കഴിഞ്ഞു വിളിച്ചിട്ട് ഉണരാതെവന്നതോടെയാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അധ്യാപകർ വീട്ടുകാരെ വിവരം അറിയിച്ചു.

ആറരയോടെ അച്ഛൻ സന്തോഷ് സ്കൂളിലെത്തുമ്പോൾ കുട്ടിയുടെ ശരീരം തണുത്തനിലയിലായിരുന്നു. അധ്യാപകരുടെ സഹായത്തോടെ മണർകാട് സെൻറ്‌ മേരീസ് ആശുപത്രിയിലെത്തിച്ചു. അരമണിക്കൂർ മുമ്പേ മരണം നടന്നതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം മണർകാട് സെൻറ്‌ മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു.

സന്ദീപ് ഉച്ചഭക്ഷണത്തിനുശേഷം നാല് മണിയോടെ ഉറങ്ങാൻ കിടന്നതാണെന്നും ആറുമണി കഴിഞ്ഞും ഉണരാതെവന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും സ്‌കൂൾ പ്രഥമാധ്യാപിക പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കുട്ടി ഉറങ്ങിയിരുന്നു എന്നും അവർ വിശദമാക്കി.

മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സഹോദരി: സ്നേഹ (മണർകാട് ഇൻഫൻറ്‌ ജീസസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി).

കല്യാണവീട്ടിലെ പണപ്പെട്ടിയുമായി മുങ്ങി, യുവാവ് പിടിയിൽ

കല്യാണ വീട്ടിലെ പണപ്പെട്ടിയുമായി മുങ്ങിയ യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് പോലീസ് കസ്റ്റഡിയിലായത്.

29-ന് പുലര്‍ച്ചെയാണ് മുചുകുന്ന് കിള്ളവയല്‍ ജയേഷിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ജയേഷിൻ്റെ വിവാഹസത്കാരത്തിനെത്തിയവര്‍ പണമടങ്ങിയ കവര്‍ ഇട്ട പെട്ടി മോഷ്ടിച്ച് കടത്തുകയായിരുന്നു.

കയ്യിൽ കിട്ടിയ കാശ് എടുത്ത് ശേഷിച്ചവ വഴിയിൽ ഉപേക്ഷിച്ചു. പെട്ടിയും വലിച്ചെറിഞ്ഞു. പെട്ടി കാണാതായതോടെ അന്വേഷണത്തിൽ 500-ഓളം കവറുകള്‍ ചാക്കില്‍ കെട്ടിയനിലയില്‍ സമീപത്തെ ഇടവഴിയില്‍നിന്ന് ലഭിച്ചു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ കുറേ കവറുകൾ നഷ്ടപ്പെട്ടു.

അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തുണ്ടായിരുന്ന അതുലിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതതോന്നി ചോദ്യംചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയിൽ 45,000 രൂപ കണ്ടെത്തി.

വിശ്വാസം വരാത്ത ഒരു പദ്ധതിക്കും സർക്കാർ ഇല്ല; മതങ്ങളെ തഴുകി എം വി ഗോവിന്ദൻ

പാര്‍ട്ടി മതങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് വിശ്വാസം വരാത്ത ഒരു പദ്ധിതിയും സർക്കാരിനില്ലെന്നും എം.വി ഗോവിന്ദന്‍. ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമിട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നും പാഠ്യപദ്ധതിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജനങ്ങളെ മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പരിപാടിയും ഇല്ല. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല’ – പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരാണെന്ന പ്രചാരവേല മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം നടത്തി. എന്നാല്‍ പദ്ധതിയില്‍ മതവിരുദ്ധമോ ദൈവവിരുദ്ധമോ ആയിട്ടുള്ള ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി. ജനുവരി 21 വരെയാണ് പ്രചരണം. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടുന്ന നേതാക്കളായിരിക്കും ഗൃഹസന്ദര്‍ശനം നടത്തുക.

പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

0

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ പരമോന്നത പുരോഹിതനാണ്.

മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രിൽ 16ന് ജർമ്മനിയിലെ ബവേറിയയിൽ. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി.

അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്.. 1945 ലായിരുന്നു ഇത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962ൽ  രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആ‍ർച്ച് ബിഷപ്പിന്‍റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്സിംഗർ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തു. 

തിരുത്തലുകളുടെയും ഏറ്റുപറച്ചിലുകളുടെയും അധ്യായമാണ് ബെനഡിക്ട് പതിനാറാമന്‍റെ കാലം. പാശ്ചാത്യ സഭയെ പിടിച്ചുലച്ച ,വൈദികർ ഉൾപ്പെട്ട ലൈംഗിക വിവാദങ്ങളിൽ പരസ്യമായി പ്രതികരിച്ചു, മാപ്പ് ചോദിച്ചു. അമേരിക്കൻ സന്ദർശനത്തിനിടെ ന്യൂയോർക്കിലെ ജൂത സിനഗോഗിലെത്തിയതും ചരിത്ര സംഭവമായി. ഓർത്തഡോക്സ്, പ്രൊട്ടസ്റ്റെന്‍റ്, ജൂത, ബുദ്ധ, ഇസ്ലാം മത നേതൃത്വവുമായി അടുപ്പം പുലർത്തിയ മാർപ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. വിവാദങ്ങളും അദ്ദേഹത്തെ അകന്നു നിന്നില്ല. ക്രിസ്തുവുമായുള്ള സൗഹൃദമെന്നതായിരുന്നു ബനഡിക്ട് പതിനാറാമന്‍റെ പ്രബോധനങ്ങളുടെ കാതൽ. ക്രിസ്തീയതയ്ക്ക് ഒരാമുഖം എന്ന പ്രഭാഷണ സമാഹാരം ദൈവശാസ്ത്ര പഠന ഗ്രന്ഥങ്ങളിലെ ഏറ്റവും മൂല്യവത്തായ ഒന്നാണ്. സഭയുടെ യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് അധികദൂരത്തിലേക്ക് നീങ്ങാതെ തന്നെ പരിഷ്കരണത്തിനുവേണ്ടിയും നിലകൊണ്ട മാർപ്പാപ്പയാണ്

ചരിത്രം പോലെ ജീവിതം പിന്നിട്ട വഴികൾ

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ജോസഫ് റാറ്റ്സിംഗര്‍. സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസ്സില്‍, ജോസഫ് റാറ്റ്‌സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു.

കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ നാസികള്‍ ആക്രമിക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു വളര്‍ന്നത് ജോസഫിന്റെ വിശ്വാസം കൂടുതല്‍ ശക്തമാക്കി. വൈകാതെ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ് റാറ്റ്‌സിംഗര്‍, 1943-ല്‍ പതിനാറാം വയസില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ ആന്റി എയര്‍ക്രാഫ്റ്റ് കോര്‍പ്‌സ് വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ജര്‍മന്‍ കാലാള്‍പടയില്‍ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് കടുത്ത സൈനിക ജോലികളില്‍നിന്ന് ഒഴിവ് ലഭിച്ചു.

റാറ്റ്‌സിംഗറുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അമേരിക്കന്‍ സൈന്യം ചുവടുറപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പില്‍ അടക്കപ്പെട്ടു.1945-ല്‍ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗര്‍ അതേ വര്‍ഷം നവംബറില്‍ സഹോദരന്‍ ജോര്‍ജിനൊപ്പം വീണ്ടും സെമിനാരിയില്‍ തിരിച്ചെത്തി. ട്രോണ്‍സ്റ്റീനിലെ സെന്റ് മൈക്കിള്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. 1946 മുതല്‍ 1951 വരെ മ്യൂണിക്ക് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഫ്രെയ്‌സിങ് സ്‌കൂളില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1951 ജൂണ്‍ 29-ന് ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന് ഇരുവരും പൗരോഹിത്യം സ്വീകരിച്ചു.

1959-ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു ഫാ. ജോസഫ് റാറ്റ്‌സിംഗര്‍. 1963 വരെ ബോണില്‍ അദ്ധ്യാപകനായിരുന്നു. 1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

1969-ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനമാരംഭിച്ച റാറ്റ്‌സിംഗര്‍ ഹാന്‍സ് ഉര്‍സ വോണ്‍ ബല്‍ത്തസര്‍, ഹെന്റി ഡേ ലുബാക്, വാള്‍ട്ടര്‍ കാസ്‌പെര്‍ തുടങ്ങിയവര്‍ക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന് മുന്‍കൈ എടുത്തു. 1972ലാണ് കമ്യൂണോയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. 1977 മാര്‍ച്ച് 25-ന് പോള്‍ ആറാമന്‍ മാര്‍പാപ്പ ജോസഫ് റാറ്റ്‌സിംഗറെ മ്യൂണിക്ക് ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗറെ കര്‍ദ്ദിനാളായി ഉയര്‍ത്തി.

1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായും നിയമിച്ചു. 1998 നവംബര്‍ ആറിന് കര്‍ദ്ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസ്സില്‍ 265-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിച്ചതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംഗര്‍ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിൽ 10 ശതമാനം മുന്നോക്ക സംവരണം

0

കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.സ്ഥിര, കരാർ, ദിവസവേതന നിയമനങ്ങളിൽ സംവരണ സംവിധാനം ഏർപ്പെടുത്തും. 2019 ഡിസംബറിലെ നോട്ടിഫിക്കേഷൻ പ്രകാരം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ കാറ്റഗറിയിലെ ഒഴിവുള്ള സംവരണ ബാക്ക്‌ലോഗ് തസ്തികകളിലേക്ക് നിയമനത്തിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാനും തീരുമാനമായി.

താത്കാലിക സർവ്വീസിനും പെൻഷൻ

സർവകലാശാലാ ജീവനക്കാരുടെ താൽക്കാലിക സർവീസ് കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കാനും തീരുമാനിച്ചു. സർവകലാശാലയിൽ ജോലി ആരംഭിക്കുന്നതിന് മുൻപ്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ താത്‌കാലികമായി ജോലിചെയ്ത കാലയളവാണ് പരിഗണിക്കുക. വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ ഒട്ടേറെ ജീവനക്കാർക്കും അധ്യാപകർക്കും വൻ പെൻഷൻ വർധനയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.

വിരമിച്ച ഒട്ടേറെ പേർക്ക് തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ താത്‌കാലിക സർവീസ്‌കൂടി പരിഗണിച്ച് പുനഃക്രമവത്‌കരണത്തിന്‌ അവസരം ലഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാല വിരമിക്കുന്നവർക്ക് ഇത്തരം സൗകര്യം ഒരുക്കുന്നത്.

.

ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്കുള്ള ഓപ്പൺ ഡിഗ്രി പ്രോഗ്രാം പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദൂരവിദ്യാഭ്യാസ സ്ഥിരംസമിതിയെ ചുമതലപ്പെടുത്തതാണ് അക്കാദമിക് രംഗത്തെ പ്രധാന തീരുമാനം.

ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

0

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബർ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചത്.

മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ, ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും. നാല് വർഷത്തിന് ശേഷം ഇവർക്ക് ഇത് പിഎഫിൽ നിന്ന് പിൻവലിക്കാൻ കഴിയും. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക. ഇങ്ങിനെ ചെയ്താൽ അത്രയും ദിവസത്തെ വേതനം ജീവനക്കാർക്ക് പണമായി കൈപ്പറ്റാനാവും.

ശബരിമല വിമാനത്താവളം; സർക്കാർ മുന്നോട്ട്, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെുക്കുന്നു

0

ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവായി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

കെ.പി. യോഹന്നാന്റെ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കേയാണ് ഭൂമി ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍പ്പെട്ട മണിമലയിലെ ബ്ലോക്ക് നമ്പര്‍ 21, 19 എന്നിവയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ വരുന്ന ബ്ലോക്ക് നമ്പര്‍ 22, 23 എന്നിവയിലും ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

കോടതിയില്‍ തുക കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ നേരത്തേ തീരുമാനമായിരുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി.യുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ വില കോടതിയില്‍ കെട്ടിവെച്ച ശേഷം കോടതിയുടെ തീര്‍പ്പിന് വിധേയമായി തീരുമാനമെടുക്കുക എന്ന ധാരണയിലെത്തിയത്.

കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളിൽ തട്ടി വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍നിന്ന് ബിലിവേഴ്സ് ചര്‍ച്ച് വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഇടപാട് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്

അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിൽ; 1770 കോടി രൂപയുടെ കരാർ

0

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക വാഗ്ദാനം ചെയ്താണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീഏജന്റായിരുന്നു. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്. 

റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 7 എന്ന നമ്പരുള്ള ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പുതുവത്സര തലേന്ന് രാവിലെ തങ്ങളുടെ ഔദ്യോ​ഗിക ഹാൻഡിലിലൂടെ അൽ നസർ പ്രഖ്യാപനം നടത്തിയത്.

ചരിത്രം സംഭവിക്കുന്നു. ഇത് ക്ലബ്ബിന് മാത്രമല്ല, ഞങ്ങളുടെ ലീ​ഗിനും ഞങ്ങളുടെ രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് പ്രചോദനമാകും. അൽ നസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാ​ഗതം എന്നായിരുന്നു ട്വീറ്റ്

‘മറ്റൊരു രാജ്യത്തെ പുതിയ ഫുട്‌ബോള്‍ ലീഗിനൊപ്പമുള്ള പുത്തന്‍ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് റൊണാൾഡോ പ്രതികരിച്ചത്. 2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലുണ്ടാകുക. താരത്തിൻ്റെ ചാമ്പൻസ് ലീഗ് ലക്ഷ്യങ്ങൾ ഇതോടെ അവസാനിപ്പിക്കേണ്ടി വരും.

‘യൂറോപ്യൻ ഫുട്ബോളിൽ ഞാൻ ലക്ഷ്യമിട്ടതൊക്കെയും നേടിയെടുത്തു. ഇനി എന്റെ പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാനുള്ള സമയമാണെന്നു കരുതുന്നു. പുതിയ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവർക്കൊപ്പം ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനും’ – റൊണാൾഡോ പ്രസ്താവനയിൽ അറിയിച്ചു.

നൊമ്പരമായി പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്

0

ഇപ്പോൾ പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഫുട്‌ബോൾ പ്രേമികൾക്ക് നൊമ്പരമാവുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ മെസിയെയും അഭിനന്ദിച്ചു കൊണ്ട് പെലെ പങ്കുവെച്ച കുറിപ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതിൽ അദ്ദേഹം അവസാനം കുറിച്ച ഒരു വാചകമാണ് ഫുട്‌ബോൾ പ്രേമികളുടെ ഹൃദയം തൊട്ടത്.

https://www.instagram.com/p/CmUqLGguD6_/?utm_source=ig_web_button_share_sheet

അർജന്റീനയുടെ വിജയത്തിൽ ഡീഗോ മറഡോണ ഇപ്പോൾ ചിരിക്കുന്നുണ്ടാവുമെന്നാണ് പെലെ കുറിച്ചത്. ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങളെയും നഷ്ടപെട്ടത് വലിയ വേദനയാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. ചിരവൈരികളായ ബ്രസീലിന്റെയും അർജന്റീനയുടെയും താരങ്ങളായിരുന്നു പെലെയും മറഡോണയുമെങ്കിലും മികച്ച സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.

എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു പെലെയുടെ യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ പെലെ അംഗമായിരുന്നു. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിന്‍റെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

പിരിവിലും കോൺഗ്രസ് പിന്നിൽ ഏറ്റവും അധികം വാങ്ങിയത് ബി ജെ പി

ഏറ്റവും കൂടുതല്‍ തുക സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയെന്ന് കണക്കുകള്‍. 351.50 കോടി രൂപയാണ് 2020-2021 വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ച തുകയുടെ 72.17 ശതമാനമാണിത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതിക്കാണ് (മുന്‍പ് തെലങ്കാന രാഷ്ട്ര സമിതി) രണ്ടാമത്തെ ഏറ്റവും കൂടിയ തുക സംഭാവനയായി ലഭിച്ചിരിക്കുന്നത്. 40 കോടി രൂപയാണ് ബി.ആര്‍.എസിന് സംഭാവനയായി ലഭിച്ചിരിക്കുന്നത്. ആകെ സംഭാവനയുടെ 8.21 ശതമാനമാണിത്. Telangana Rashtra Samiti (TRS), Samajwadi Party (SP) and the Aam Aadmi Party (AAP) എന്നിവയാണ് കോൺഗ്രസിനെക്കാൾ മുന്നിൽ.

സത്യ ഇലക്ട്രൽ ട്രസ്റ്റ് എന്ന പേരിലാണ് ഇവർ അറിയപ്പെട്ടത്. തുടർന്ന് വൻ ഭരണങ്ങൾക്ക് വീഴാൻ വരെ അവസരം നൽകി.

സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, ഡി.എം.കെ. അടക്കം എല്ലാ പാര്‍ട്ടികള്‍ക്കും കൂടി 95.56 കോടി രൂപയാണ് ലഭിച്ചത്.

പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ആണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയത്‌. 336.50 കോടി രൂപ ഈ ട്രസ്റ്റ് ഒറ്റയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. 464.81 കോടി ഇക്കാര്യത്തിൽ ചിലവഴിച്ച കൂട്ടത്തിലാണ് ബി ജെ പിക്കുള്ള തുക പ്രത്യകം നൽകുന്നത്. എ.ബി. ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് പത്തുകോടി രൂപയും സമാജ് ഇലക്ടറല്‍ ട്രസ്റ്റ് അഞ്ചുകോടി രൂപയും ബി.ജെ.പിക്ക് സംഭാവന നല്‍കി.

18.44 കോടി രൂപ ലഭിച്ച കോണ്‍ഗ്രസ് ബി.ആര്‍.എസിനും സമാജ്‌വാദി പാര്‍ട്ടിക്കും ആം ആദ്മി പാര്‍ട്ടിക്കും പിറകിലാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് 27 കോടി രൂപയും ആം ആദ്മി പാര്‍ട്ടിക്ക് 21.12 കോടി രൂപയും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 20 കോടി രൂപയും ലഭിച്ചു.

475.80 കോടി രൂപയാണ് ആകെ ഇലക്ടറല്‍ ട്രസ്റ്റുകളിലേക്ക് സംഭാവനയായി ലഭിച്ചത്. 89 കോര്‍പ്പറേറ്റ്, വന്‍കിട ബിസിനസ് സംരംഭങ്ങളാണ് സംഭാവന നല്‍കിയത്. ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യയാണ് ഇലക്ടറല്‍ ട്രസ്റ്റിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയത്. 70 കോടിയാണ് ഇവരുടെ സംഭാവന. ഭാരതി എയര്‍ടെല്‍ ട്രസ്റ്റുകള്‍ വഴി 51 കോടി രൂപ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കി.

2020-21 സാമ്പത്തിക വര്‍ഷം ആകെ സംഭാവനയുടെ 82.05 ശതമാനമായിരുന്നു ബി.ജെ.പിക്ക് ഇലക്ടറല്‍ ട്രസ്റ്റ് വഴി ലഭിച്ച സംഭാവന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 130 കോടിയോളം രൂപ അധികം ലഭിച്ചെങ്കിലും ശതമാനത്തില്‍ കുറവാണ്