കാർ പൂർണ്ണമായും കത്തി, ഋഷഭ് പന്ത് രക്ഷപെട്ടത് തലനാരിഴയ്ക്ക്

0

വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.

പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അന്വേഷിക്കേണ്ടതില്ലെന്ന് പാർട്ടി: മാധ്യമങ്ങൾക്ക് ഇ പി ജയരാജൻ്റെ ഹാപ്പി ന്യൂ ഇയർ

0

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ തത്കാലം അന്വേഷണം വേണ്ടെന്ന് സി പി എം തീരുമാനം. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായി. എങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം വേണ്ടെന്നാണ് തീരുമാനം.

ഉൾപാർട്ടി ശുദ്ധീകരണമാണ് ലക്ഷ്യം വെച്ചത് എങ്കിലും പ്രതിപക്ഷം ആരോപണം ഏറ്റെടുത്തതോടെയാണ് ഇ പി ജയരാജന് അനുകൂല തീരുമാനം ഉണ്ടായത്. ഇ ഡി അന്വേഷണ സാധ്യത വരെ പ്രഖ്യാപിച്ച് ബി ജെ പി നേതാക്കളും എത്തിയിരുന്നു.

ഇ.പി. ജയരാജൻ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോർട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തിൽ ജയരാജൻ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മാധ്യമങ്ങൾക്ക് ഹാപ്പി ന്യൂ ഇയർ

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. ജയരാജൻ തയ്യാറായില്ല. എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, മുൻവ്യവസായമന്ത്രിയെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വിജിലൻസിനു പരാതി നൽകിയിട്ടുണ്ട്.

മുൻമന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരേ അന്വേഷണം നടത്താൻ സർക്കാർ അനുമതിവേണം. അതിനാൽ, പരാതിയിൽ തുടർനടപടിക്കായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഫയൽ ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് അനുമതിനൽകിയെങ്കിലേ പരാതിയിൽ നടപടിയുണ്ടാവൂ. റിസോർട്ടിന്റെപേരിലുള്ള നിയമവിരുദ്ധപ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്തൂർ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ട്. കെട്ടിട അനുമതി ലഭിക്കാതെ കോടികൾ മുടക്കിയ ഓഡിറ്റോറിയം അനിശ്ചിതത്വത്തിലായത് കാരണം ഉടമ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായത് ആന്തൂരിലാണ്.

വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ബി ജെ പി പ്രവർത്തകരുടെ ജയ് ശ്രീറാം; വേദിയിൽ കയറാതെ മമത

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വേദിയില്‍ കയറാന്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കി എത്തിയതാണ് പ്രകോപനം. മുഖ്യമന്ത്രി എത്തിയ ചടങ്ങിൽ തള്ളിക്കയറിയായിരുന്നു പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം. ഇതിനെതിരെ മമതാ ബാനർജി ഗവർണറോട് പരാതിപ്പെടുകയും ചെയ്തു.

ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെ വേദിയിലേക്ക് കയറാന്‍ മമത കൂട്ടാക്കിയില്ല. കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീ റാം മുദ്രാവാക്യം’ മുഴക്കിയതോടെയാണ് മമത അസ്വസ്ഥയായത്. മുഖ്യമന്ത്രിക്കെതിരെ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് കളിയാക്കുന്നത് പ്രകോപനം സൃഷ്ടിച്ചിരുന്നു. കാണികള്‍ക്കൊപ്പം കസേരയില്‍ ഇരുന്നാണ് മമത പ്രതിഷേധമറിയിച്ചത്.

സദസിൽ ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ മമത അനുശോചിച്ചു. ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നതായും പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൗറ-ന്യൂ ജല്‍പൈഗുരി വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

0

ഫുട്ബോള്‍ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൌന്ദര്യാത്മക ഫുട്ബോളിൻ്റെ ഏറ്റവും അധികം ആരാധകരുള്ള നായകനാണ്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. ഖത്തർ ലോകകപ്പ് നടക്കുമ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

15 ാം വയസിൽ കളിതുടങ്ങി, ആദ്യ മത്സരത്തിൽ തന്നെ ഗോൾ

1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

പതിനെട്ടാം വയസിൽ 1958- ലോകകപ്പില്‍ പങ്കെടുത്തു. കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്റായിരുന്നു അത്. കാൽമുട്ടിന് പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് അന്ന് ബ്രസീല്‍ കിരീടം നേടി. നാലു മത്സരങ്ങളില്‍ ആറു ഗോളുകള്‍ നേടിയ പെലെയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടി. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

ബ്യൂട്ടിഫുൾ ഫുട്ബോൾ

960-കളില്‍ ബ്രസീല്‍ കൊണ്ടുവന്ന ജോഗോ ബോണീറ്റയുടെ (ബ്യൂട്ടിഫുള്‍ ഫുട്ബോള്‍) അവതാരകനും ഗ്രൌണ്ടിലെ പ്രയോഗകാരനുമാണ്. പെലെ ആത്മകഥയില്‍ എഴുതി: ”ദാരിദ്ര്യം മനസ്സിനെ മരവിപ്പിക്കും. അത് ആത്മാഭിമാനം ചോര്‍ത്തിക്കളയും. അത് മറക്കാന്‍ ഞങ്ങള്‍ തെരുവുകളില്‍ പന്തുതട്ടിക്കളിച്ചു”. വർണ്ണവെറിയും ദാരിദ്ര്യവും ഉലച്ച സാഹചര്യത്തിൽ നിന്നായിരുന്നു പെലെയുടെ വരവ്.

ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും സ്മാര്‍ട്ട്ഫോണും ടെലിവിഷനുമില്ലാതിരുന്ന കാലം. വര്‍ണവെറിയുടെ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് കറുത്തവന്റെ സ്വാഭിമാനത്തെ ഒരു പന്തിലൂടെ പെലെ അനേകഹൃദയങ്ങളിലെത്തിച്ചു. കേരളത്തിൽ കമൻ്ററികളിലൂടെയും ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെയും ആയിരുന്നു പെലെയുടെ കളി ജനങ്ങളിൽ എത്തിയത്. പെലെയും ഗാരിഞ്ചയും ഒരുമിച്ചു കളിച്ചപ്പോഴെല്ലാം ബ്രസീല്‍ ജയിച്ചുകയറിയിരുന്നു. 

1363 മത്സരങ്ങളില്‍ 1279 ഗോള്‍ എന്ന പെലെയുടെ നേട്ടം മറ്റാരും മറികടന്നില്ല. പെലെ 1000 ഗോള്‍ നേടിയപ്പോള്‍ത്തന്നെ ലോകം അത് ആഘോഷിച്ചു. 1969 നവംബര്‍ 19-ന് പെലെ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ബ്രസീലിയന്‍ പത്രങ്ങള്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയ്‌ക്കൊപ്പം രണ്ട് മെയ്ന്‍ സ്റ്റോറികളായാണ് ഇതു നല്‍കിയത്.

യോഹാന്‍ ക്രെയ്ഫ്, ഡി സ്റ്റെഫാനോ, ഫെറങ്ക് പുഷ്‌കാസ്, ബെക്കന്‍ ബോവര്‍ എന്നിവര്‍ക്കൊന്നും പെലെയ്‌ക്കൊപ്പമെത്താനായില്ല. ലോകമെമ്പാടുമുള്ള കുട്ടികളുടെ യൂണിസെഫ് അംബാസഡയറായിരുന്നിട്ടുണ്ട്.

ദലൈലാമയെ പിന്തുടർന്നെത്തിയ ചാര വനിത പിടിയിൽ

ചാര വൃത്തി നടത്തുന്നതായി സംശയിക്കുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയുടെ ഇന്ത്യ സന്ദർശന പദ്ധതിയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നതിൻ്റെ തൊട്ടു മുൻപാണ് അറസ്റ്റ്. ഇവരെ ചൈനയിലേക്ക് നാടുകടത്താൻ തീരുമാനിച്ചു.

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കരുതുന്ന ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു. സോങ് ഷിയോലാന്‍ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.

വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് പശ്ചാലത്തില്‍ രണ്ടുവര്‍ഷമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മഹാബോധി ക്ഷേത്രസമുച്ചയ പരിസരത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ബിഹാറിനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമത്

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ കേരളം തകർത്തത്‌. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി.

രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്‌ദു റഹീമുമാണ് കേരളത്തിനായി തുടർ ഗോളുകൾ നേടിയത്. മുന്ന മന്ദി ബിഹാറിൻ്റെ ആശ്വാസഗോൾ നേടി.

ഈ ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്‌. രണ്ടു കളിയിൽ നിന്നും ആറു പോയിൻ്റും 11 ഗോളും കേരളം നേടി.

msanthosh trophy Kerala foot ball team

ആദ്യ കളിയിൽ രാജസ്ഥാനെതിരെ മറുപടിയില്ലാത്ത ഏഴ് ഗോളുകൾ കേരളം നേടിയിരുന്നു.

വടകരയിലെ വ്യാപാരിയുടെ കൊലപാതകം സി സി ടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്

വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. നാലു ദിവസം മുൻപ് നടന്ന കൊലപാതകത്തിൽ സി സി ക്യാമറയിൽ പതിഞ്ഞയാളുടെ ഒരു ഫോട്ടോ പുറത്തു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയിൽ പതി‌ഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.

24 ശനിയാഴ്ച രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാർക്കറ്റ് റോഡിലെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം മറ്റൊരാള്‍ കൂടി കടയിലുണ്ടായിരുന്നതായാണ് ദൃക്സാക്ഷിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

രാജനൊപ്പം ഒരാള്‍  ബൈക്കില്‍ കടയിലേക്ക് വന്നതായി സിസിടിവിയിലും കണ്ടെത്തിയിട്ടുണ്ട്. ഈ ദ്യശ്യങ്ങളിൽ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. എന്നാൽ ഇയാൾക്ക് കേസിലെ ബന്ധം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ചിത്രം പരസ്യപ്പെടുത്തുകയാണ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങളിൽ രാജനൊപ്പമുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാള്‍ ഇതര സംസ്ഥാ നതൊഴിലാളിയാകാമെന്ന സൂചനയിലേക്കാണ് പൊലീസ് എത്തിയത്. ഒരു മൊബൈൽഫോൺ കൂടി കടയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായില്ല. കൊലയാളി രക്ഷപ്പെട്ട രാജന്‍റെ ഇരുചക്ര വാഹനവും ഇതുവരെ കണ്ടെത്താനായില്ല. 

CUET PG പരീക്ഷാ തീയതി പ്രഖ്യാപിച്ചു

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. എൻട്രൻസ് പരീക്ഷ 2023 ജൂണ്‍ ഒന്ന് മുതല്‍ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷ. എന്‍.ടി.എ ഷെഡ്യൂള്‍ അനുസരിച്ച് മാര്‍ച്ച് പകുതി മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും.

CUET സ്‌കോര്‍ അനുസരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുന്നത്.

UG അപേക്ഷ ഫെബ്രുവരി മുതൽ

CUET-UG പരീക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍ പ്രോസസ് 2023 ഫെബ്രുവരി ആദ്യ ആഴ്ചമുതള്‍ ആരംഭിക്കുമെന്ന് എന്‍.ടി.എ നേരത്തേ അറിയിച്ചിട്ടുണ്ട്. മെയ് 21 മുതല്‍ 31 വരെയാണ് പരീക്ഷ. ജൂണ്‍ മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വകലാശാലകളില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനാകുമെന്നാണ് യുജിസിയുടെ പ്രതീക്ഷ. വിശദവിവരങ്ങള്‍ക്ക് cuet.nta.nic.in.

അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യുന്നതിന് സംവിധാനം കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കും. പ്രായോഗിതക ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.

പലതവണയായി നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് നിലവിലെ രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂല ഫലമാവില്ല ഉണ്ടാക്കുക എന്ന ആശങ്കയുണ്ട്. കേരളത്തിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയത്തിൽ പ്രകടമായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് കേന്ദ്ര സർക്കാരിന് അനുകൂലമായി തീരുകയും ചെയ്യാം എന്ന കാഴ്ചപ്പാടാണ് നിരീക്ഷകർ പങ്കുവെക്കുന്നത്. മാത്രമല്ല വിദേശ രാജ്യങ്ങളിൽ ഉപജീവനാർത്ഥം കഴിയുന്നവർക്കും വോട്ട് നഷ്ടമാകാറാണ്.

നീക്കം വോട്ടിങ് ശതമാനം കൂട്ടാൻ എന്ന പേരിൽ

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു.  130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന വാദം ഉയർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പ്രത്യേക വോട്ടിങ് മെഷീനുകൾ സ്ഥാപിച്ച് പരീക്ഷിക്കും

മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. 

ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം ഇതിന് മറുപടി നല്കണം. 

ആഭ്യന്തര കുടിയേറ്റക്കാരുടെ നിർവചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിംഗിൽ സ്വകാര്യത ഉറപ്പാക്കുക, വോട്ടർമാരെ തിരിച്ചറിയുക, വോട്ടെണ്ണൽ മുതലായ വെല്ലുവിളികൾ മറികടക്കുന്നതിനാണ് രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ തേടിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങൾ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. മാത്രമല്ല പൂർണ്ണമായും സംസ്ഥാനം വിട്ടവർക്ക് അവർ കുടിയേറിയ സ്ഥലത്ത് വോട്ട് ലഭിക്കുന്നതല്ലെ ജനാധിപത്യപരമാവുക എന്ന ചോദ്യം ഉയരുന്നുണ്ട്.

സോളാർ കേസിൽ പിണറായി മാപ്പ് പറയണം – വി ഡി സതീശൻ

0

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സോളാര്‍ കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്കുപറയുമെന്നും വി.ഡി സതീശൻ ചോദിച്ചു. കേരളരാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. കാലം മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും കണക്ക് ചോദിക്കും. ആളുകളെ അപമാനിക്കുന്നതിനായി സിപിഐഎം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.