കുർബാന ക്ലാസിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം, പുരോഹിതന് ഏഴ് വർഷം തടവ്

0

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ.

തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്.

2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്

കേരളത്തിൽ വീണ്ടും പ്രണയക്കൊല; യുവാവ് പത്തൊൻപതുകാരിയുടെ കഴുത്തറുത്തു

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറില്‍ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. 
ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാല്‍ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്.
മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കേരളത്തെ പിടിച്ചുലച്ച സോളാർ കേസ് ഒന്നുമല്ലാതെ അവസാനിക്കുമ്പോൾ അതിൻ്റെ നാൾവഴികൾ ഇതാണ്

0

ഒമ്പത് വര്‍ഷം നീണ്ട കേസിലാണ് സി ബി ഐ അന്വേഷിച്ച് തീർപ്പ് നൽകിയിരിക്കുന്നത്. രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസിൻ്റെ നാൾവഴികൾ സങ്കീർണ്ണമാണ്.

യുഡിഎഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കേസാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.


2013 ജൂൺ 3 :   സോളാർ തട്ടിപ്പ് കേസിൽ സരിതാ നായർ അറസ്റ്റിലായി.

2013  ജൂൺ 4 :   ടീം സോളാറിന്‍റെ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. 

2013 ജൂൺ 12 :  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതാനായർക്ക് ബന്ധമെന്ന് നിയമസഭയിൽ പ്രതിപക്ഷാരോപണം. സോളാര്‍ തട്ടിപ്പു കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട  ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

2013 ജൂൺ 14 : മുഖ്യമന്ത്രി  ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.

2013 ജൂൺ 14 : സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.

2013 ജൂൺ 15 : സോളാർ തട്ടിപ്പുകേസ് അന്വേഷിക്കാൻ എഡിജിപി ഹേമചന്ദ്രന്‍റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2013 ജൂണ്‍ 15 : കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.  

2013  ജൂൺ 16 : സരിതയുടെയും ബിജുവിന്‍റെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ശാലു മേനോന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. 

2013 ജൂൺ 17 : ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. പൊതുചടങ്ങുകളിൽ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാൻ തീരുമാനം.

2013 ജൂൺ 26 : ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണൽസ്റ്റാഫംഗം ജിക്കുമോൻ ജേക്കബ് രാജിവച്ചു. 

2013 ജൂൺ 28 : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റു ചെയ്തു

2013 ജൂലൈ 1 : വ്യവസായി മല്ലേലില്‍ ശ്രീധരൻ നായരുടെ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പരാമർശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം.

2013 ജൂലൈ 3 : സരിതാനായരുടെ ഫോൺവിളി രേഖകൾ മാധ്യമങ്ങൾക്ക്. വിളിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെ 4 മന്ത്രിമാർ.

2013  ജൂലൈ 4 : സരിതയുടെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടു കേന്ദ്ര മന്ത്രിമാര്‍, 7 സംസ്ഥാന മന്ത്രിമാര്‍, 6 എം.എല്‍.എമാര്‍, ഒരു എം.പി എന്നിവര്‍ കോള്‍ ലിസ്റ്റില്‍. 

2013  ജൂലൈ 5 : സോളാര്‍ കേസില്‍ നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു. 

2013  ജൂലൈ 06 : മല്ലേലില്‍ ശ്രീധരൻ നായരുടെ രഹസ്യമൊഴി റാന്നി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. 

2013 ജൂലൈ 8 : ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത സഹായിച്ചെന്ന് ശ്രീധരൻ നായരുടെ വെളിപ്പെടുത്തല്‍.

2013 ജൂലൈ 20 :  സെക്രട്ടറിയേറ്റിൽവെച്ച് ടെനി ജോപ്പന് 2 ലക്ഷം രൂപ കൊടുത്തെന്ന് സരിതാ നായർ.

2013 ജൂലൈ 30 : സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 

2013 ആഗസ്ത് 12 : ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയൽ സമരം.

2013  ആഗസ്ത് 13 : മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, എൽഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിൻവലിച്ചു.

2013  ആഗസ്ത് 28 : സരിതയേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത കോടതിയില്‍ പറഞ്ഞെങ്കിലും മജിസ്ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി. 

2013 സെപ്റ്റംബർ 10 : സലിംരാജിനെ അറസ്റ്റ് ചെയ്തു.

2013  സെപ്റ്റംബര്‍ 11 : മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി.

2013 ഒക്ടോബര്‍ 9 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. 

2013  ഒക്ടോബര്‍ 11 : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ളീന്‍ചിറ്റ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി.  

2013 ഒക്ടോബർ 23  : പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.

2013 ഒക്ടോബർ 25 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടെനി ജോപ്പന്‍ തട്ടിപ്പിനു കൂട്ടുനിന്നതായി കുറ്റപത്രത്തില്‍. മുഖ്യമന്ത്രിയെക്കുറിച്ചു പരാമര്‍ശമില്ല. 

2013 ഒക്ടോബർ 27 : കണ്ണൂരിൽ എൽഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലേറ്.

2013 ഒക്ടോബർ 30 : സരിതാനായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പി.എ. ടെനി ജോപ്പന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്‍റെ കുറ്റപത്രം.  

2013 ഒക്ടോബർ 30 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതയ്ക്കൊപ്പമെന്നും മുഖ്യമന്ത്രി സഹായിക്കാമെന്നു പറഞ്ഞെന്നും ശ്രീധരന്‍ നായര്‍. 

2013 നവംബര്‍ 13 : ലൈംഗികചൂഷണത്തിന്‍റെ പരാതി ഉന്നയിച്ച സരിത ചില പേരുകള്‍ പറഞ്ഞുവെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്കു മൊഴി നല്‍കി. 

2013  നവംബർ 21 : മന്ത്രിമാരുമൊത്ത് സരിതയുടെ വീഡിയോ രംഗങ്ങൾ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകൻ. 

2013  നവംബർ 26 : മാധ്യമങ്ങൾക്ക് ബിജുവിന്‍റെ തുറന്ന കത്ത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം സരിതയും മന്ത്രി ഗണേഷ് കുമാറും തമ്മിലെ ബന്ധമെന്ന് കത്തില്‍ പരാമര്‍ശം.

2013 ഡിസംബർ 10 : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളയ‌ൽ ആരംഭിച്ചു. 

2013  ഡിസംബർ 26 : എൽഡിഎഫ് സമരം പിൻവലിച്ചു.

2014  ജനുവരി 20 : സരിതാനായരുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി ആരോപിക്കപ്പെട്ട തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം തളളിയ ഹൈക്കോടതി നടപടിക്കെതിരെ ജോയ് കൈതാരം നല്‍കി ഹര്‍ജി സുപ്രീംകോടതി തളളി.  

2014  ഫെബ്രുവരി 21 : സരിതാ നായർ ജയിൽ മോചിതയായി.

2014 മാർച്ച് 03 :  ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. എ.പി. അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്തെന്ന് സരിതയുടെ ആരോപണം.

2014  ഏപ്രിൽ 28 : ശിവരാജൻ കമ്മീഷന്‍റെ കാലാവധി 6 മാസത്തേക്കുകൂടി നീട്ടി.

2014 ജൂണ്‍ 5  : സരിതകേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജുവിന് ഗുരുതരമായ വീഴ്ചപറ്റിയതായി ഹൈക്കോടതി. 

2014 ജൂണ്‍ 11 : സരിതാ നായര്‍ ലൈംഗിക ചൂഷണത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടും പരാതി എഴുതി വാങ്ങാതെ വീഴ്ച വരുത്തിയ മജിസ്ട്രേറ്റിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി തുടരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. 

2014  ജൂലൈ 1 : അന്വേഷണ കമ്മീഷന്‍ നിയമനം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ജൂഡീഷ്യല്‍ കമ്മീഷനെതിരെ സരിതാനായര്‍ ഹൈക്കോടതിയെ സമീപിച്ചു.  

2014  ജൂലൈ 4 :  മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് സരിത സോളാർ കമ്മീഷനു മൊഴി നൽകി. 

2014 നവംബര്‍, 7 : മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ സ്റ്റാഫ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നിട്ടുളള ആരോപണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ സോളാര്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തി.

2015 ഏപ്രിൽ 7 : കോടതി മുൻപാകെ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്നും സരിത എഴുതിയ കത്ത് പുറത്തായി.

2015 ഒക്ടോബർ 13  : സോളാർ കമ്മീഷന്‍റെ കാലാവധി 2016 ഏപ്രിൽ വരെ നീട്ടി.

2015 ഡിസംബർ 1 : കെ.സി.വേണുഗോപാലും, ആര്യാടൻ മുഹമ്മദും ഗണേഷ്കുമാറും പണം ആവശ്യപ്പെട്ടിരുന്നെന്ന് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ.

2015 ഡിസംബർ 4 : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിതയുമൊത്തുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണൻ അവകാശപ്പെടുന്ന സിഡി ഹാജരാക്കാൻ ശിവരാജൻ കമ്മീഷൻ ഉത്തരവ്. 

2015  ഡിസംബർ 10: സിഡി കണ്ടെടുക്കാൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. പക്ഷെ സിഡി കണ്ടെത്താനായില്ല.

2016  ജനുവരി 14: വിവാദ കത്ത് കമ്മീഷനു മുൻപാകെ ഹാജരാക്കാൻ കഴിയില്ലെന്ന് സരിത. 

2016 ജനുവരി 25,  : മുഖ്യമന്ത്രി ശിവരാജൻ കമ്മീഷനു മുമ്പാകെ ഹാജരായി 13 മണിക്കൂർ വിചാരണ നേരിട്ടു. സരിതയെ 3 പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി മൊഴി നല്‍കി. 

2016  ജനുവരി 27 : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കൈക്കൂലി നൽകിയെന്ന് സോളാർ കമ്മീഷനു മുമ്പാകെ സരിതയുടെ മൊഴി. തമ്പാനൂർ രവിയും സരിതയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായി. ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സരിത.

2016 ജൂണ്‍ 14 : മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ സരിതയെ 8 തവണ ഫോണില്‍ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു. 

2016 ജൂണ്‍ 16 : സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. കമ്മീഷനില്‍ മൊഴി നല്‍കി. 

2016 ജൂണ്‍ 16 : സരിതാനായരുമായി എം.എല്‍.എ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണില്‍ സംസാരിച്ചതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍ കിട്ടി. 

2016 ജൂണ്‍ 24 : സരിതാനായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുന്‍മന്ത്രി കെ.പി.മോഹനന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 

2016 ജൂണ്‍ 24 : സോളാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

2016 ജൂണ്‍ 27 : സരിതാനായരെ സോളാര്‍ കമ്മീഷന്‍ 9 മണിക്കൂര്‍ ക്രോസ് വിസ്താരം നടത്തി.

2016 ജൂലൈ 01 : സരിതയെ കണ്ടിട്ടുണ്ട്, ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 

2016 ജൂലൈ 13 : മുന്‍മന്ത്രി എ.പി.അനി‍ല്‍കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സരിതാനായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.  

2016 ജൂലൈ 15 : ഉമ്മന്‍ചാണ്ടിക്ക് ദില്ലിയില്‍ വച്ചു പണം നല്‍കിയെന്ന സരിതയുടെ മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണന്‍. 

2016  ജൂലൈ 28 : സരിതാനായരെ പരിചയമില്ലെന്നും നേരില്‍ കണ്ടിട്ടില്ലെന്നും മുന്‍ മന്ത്രി ജയലക്ഷ്മി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

2016  ഒക്ടോബര്‍ 4 : സോളാര്‍ കമ്മീഷന്‍റെ കാലാവധി 6 മാസം നീട്ടി.

2016  ഒക്ടോബര്‍ 25 : വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍.ശങ്കര്‍ റെഡ്ഡി സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു വിജിലന്‍സ് കോടതി നിര്‍ദ്ദേശം.

2016  നവംബര്‍ 8: ശങ്കര്‍ റെഡ്ഡിക്ക് എതിരായ ഹര്‍ജി കോടതി തളളി. 

2016  ഡിസംബര്‍ 16 : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും പിഴയും. 

2016 ഡിസംബര്‍ 23 : സോളാര്‍ കമ്മീഷനു മുമ്പാകെ വീണ്ടും ഉമ്മന്‍ചാണ്ടി ഹാജരായി. സരിത നായരുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്‍റെ മൊഴി അദ്ദേഹം തളളി. 

2017  ജനുവരി 30 : പേഴ്സണല്‍ സ്റ്റാഫ് തന്‍റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാര്‍ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.  

2017  ജനുവരി 3: സോളാര്‍ കേസില്‍ ബെംഗളൂരു കോടതി ശിക്ഷ വിധിച്ച മറ്റ് മൂന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതായി ബെംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടി

2017 ജനുവരി 13 : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത. കമ്മിഷനില്‍ നല്‍കിയ തെളിവുകളില്‍ പകുതിയിലേറെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയാണെന്നും സരിത.

2017  ഏപ്രില്‍ 5 : 2016 ഒക്ടോബറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബംഗളൂരു സിറ്റി സിവില്‍ കോടതി പുറപ്പെടുവിച്ച വിധി കോടതി റദ്ദാക്കി.

2017 ജൂലായ് 24  : സോളാര്‍ കമ്മീഷന്‍റെ കാലാവധി രണ്ട്  മാസത്തേയ്ക്ക് നീട്ടി. 

2017 സെപ്റ്റംബര്‍ 26 : സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

2017 ഓക്ടോബര്‍ 11 : ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം, തിരുവഞ്ചിയൂരിനെതിരെ ക്രിമിനല്‍ കേസ്, ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസ്, സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ ബലാത്സംഗ കേസിനും മന്ത്രിസഭ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

2017  ഓക്ടോബര്‍ 23 : ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ എടുത്ത കേസില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

2018 ജൂണ്‍ 8 : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 

2018 ജൂണ്‍ 29 : ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. 

2018 സെപ്തംബര്‍ 12 :  സരിത എസ്. നായരെ കാണാനില്ലെന്ന് വലിയതുറ പൊലീസ് കോടതിയില്‍. 

2018 ഒക്ടോബര്‍ 16 : പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സരിത, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുക്കാന്‍ തീരുമാനം. 

2018 ഒക്ടോബര്‍ 20: സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഢനത്തിന് അടക്കം ക്രൈംബ്രാഞ്ച് കേസ്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസ്. ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. 

2018 ഒക്ടോബര്‍ 21 : എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍. 

2019 മാര്‍ച്ച് 26: ഹൈബി ഈഡനെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് സരിത ഹൈക്കോടതിയില്‍. 

2019 ഏപ്രില്‍ 3 : ഹൈബി ഈഡനെതിരെ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

2019 ഏപ്രില്‍ 4 : വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

2019 ഏപ്രില്‍ 6 : എറണാകുളത്തും വയനാട്ടിലും സരിത സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. 

2019 മെയ് 5 : ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍.

2019 ഒക്ടോബര്‍ 10 : സരിത നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി.

2020 ജനുവരി 10 : സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. 

2020 ഒക്ടോബര്‍ 1: സോളാർ കേസിൽ ബിജു രാധാകൃഷ്ണന് ആറും വർഷത്തെ തടവും പിഴയും ശിക്ഷ. സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

2020 നവംബര്‍ 1 : ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി കേരളാ പൊലീസ്.

2020 നവംബര്‍ 4 : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സരിത ഡിജിപിക്ക് നൽകിയ പരാതിയില്‍  കേസെടുത്തു. 

2020 ഡിസംബർ 16 :  അനിൽകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

2021 ജനുവരി 24 :  സോളാർ കേസ് സി ബി ഐയ്ക്ക്

2021 മാര്‍ച്ച് 24 : സോളാർ ലൈംഗിക പീഡനക്കേസിൽ സിബിഐ പ്രാഥമിക പരിശോധന തുടങ്ങി. 

2021 മാര്‍ച്ച് 25  :  സോളാർ പീഡന പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. 

2021 മാര്‍ച്ച് 25 : റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നു. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടുവെന്നും സരിത. 

2021 ഏപ്രില്‍ 22 : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്തു. 

2021 ഏപ്രില്‍ 27 :  വ്യവസായിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന  സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 42,000 രൂപ പിഴയും  ആറ് വര്‍ഷം കഠിന തടവും ശിക്ഷ. 

2021 ഒക്ടോബര്‍ 13: സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. 

2022 ജനുവരി 24 : സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ 10,10,000 രൂപ നല്‍കാന്‍ വിധി.

2022  ഫെബ്രുവരി 9 :  സോളാർ അപകീർത്തി കേസ്; നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

2022 ഏപ്രില്‍ 5 : ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതിയില്‍ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന.  സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. 

2022 മെയ് 3 :   സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ 5.30 മണിക്കൂർ നീണ്ട തെളിവെടുപ്പ് നടത്തി സിബിഐ. 

2022 മെയ് 13  :  ഹൈബി ഈഡൻ എം പിയെ സിബിഐ ചോദ്യം ചെയ്തു

2022 മെയ് 14  : കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്ത് സിബിഐ 

2022 ജനുവരി 17 : സോളാർ പീഡനക്കേസില്‍ പി.സി. ജോർജ്ജിന്‍റെയും ലതികാ സുഭാഷിന്‍റെയും മൊഴിയെടുത്ത് സിബിഐ.

2022 ജൂലൈ 2 : സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തു. 

2022 ആഗസ്റ്റ് 11 : വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു.

2022 ആഗസ്റ്റ് 14 :  ലൈംഗിക പീഡന കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ

2022 ആഗസ്റ്റ് 16 : കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു.

2022 ആഗസ്റ്റ് 18  :  അടൂർ പ്രകാശിനെയും എ പി അനിൽ കുമാറിനെയും സിബിഐ ചോദ്യം ചെയ്തു. 

2022 സെപ്തംബര്‍ 3 : സോളാർ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ആരോപിച്ച് ബിഐക്കെതിരെ പരാതിയുമായി സരിത ഹൈക്കോടതിയിൽ.

2022 സെപ്തംബര്‍ 20 : ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

2022 നവംബര്‍ 27 : അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ, കോടതിയിൽ റിപ്പോർട്ട് നൽകി.

2022 ഡിസംബര്‍ 12 : എ പി അനിൽ കുമാറിനും ക്ലീൻ ചിറ്റ് നല്‍കി സിബിഐ. 

2022 ഡിസംബര്‍ 22 : ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്ക് സ്റ്റേ

2022 ഡിസംബര്‍ 28 : ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. സോളാർ കേസിൽ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് സരിത. എന്നാല്‍,  മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണമെന്നും സരിത. 

ബോബ് മാർലിയുടെ കൊച്ചു മകൻ റെഗ്ഗെ ഗായകൻ ജോ മേഴ്സാ അന്തരിച്ചു

0

ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണകാരണം.

1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സയുടെ ജനനം. ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയാണ് ജോ മേഴ്‌സയുടെപിതാവ്. ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കുടുംബ സമേതം ജോ മേഴ്‌സ താമസം മാറി.

മിയാമി കോളേജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തില്‍ സജീവമാകുന്നത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍.

സരിതയുടെ പീഡന പരാതിയിൽ തെളിവില്ല;സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സി ബി ഐ ക്ലീൻചിറ്റ്

0

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ചിറ്റ്. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സി.ബി.ഐ. കുറ്റവിമുക്തരാക്കി.

ക്ലിഫ് ഹൗസില്‍വെച്ച് ഉമ്മന്‍ ചാണ്ടിയും മസ്‌കറ്റ് ഹോട്ടലില്‍വെച്ച് അബ്ദുള്ളക്കുട്ടിയും പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ഈ രണ്ട് കേസുകളിലും തെളിവില്ലെന്നാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തേ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേയും സമാനമായ ആരോപണമുണ്ടായിരുന്നു. ആരോപണവിധേയരായ ഓരോരുത്തര്‍ക്കെതിരേയും വ്യത്യസ്തമായ എഫ്.ഐ.ആര്‍. ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കെതിരേയും പരാതിക്കാരി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ. കണ്ടെത്തുകയായിരുന്നു.

നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പിന്നാലെ കേസ് സി.ബി.ഐ.ക്ക് കൈമാറി. സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളാണുണ്ടായിരുന്നത്.

അപേക്ഷ മാത്രമല്ല ഇനി പരാതിയും പി.എസ്.സി പ്രൊഫൈലിലൂടെ നൽകാം

പി.എസ്.സി.യുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിലൂടെ തന്നെ ലഭ്യമാക്കും. ഇതിനായി കമ്മിഷൻ യോഗം തീരുമാനമെടുത്തു.

എന്തൊക്കെ സേവനങ്ങൾ

ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷ, പരീക്ഷ/അഭിമുഖം/രേഖാപരിശോധന/നിയമന പരിശോധന തുടങ്ങിയവയുടെ തീയതിയിൽ മാറ്റംവരുത്താനുള്ള അപേക്ഷ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കുന്നതിനുള്ള അപേക്ഷ, സ്‌ക്രൈബിനുവേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്ക് ഫീസ് അടയ്ക്കാനുള്ള സേവനം, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷ, മറ്റു പൊതുപരാതികൾ തുടങ്ങിയവയെല്ലാം പ്രൊഫൈലിലൂടെ സമർപ്പിക്കാം.

2023 മാർച്ച് ഒന്നുമുതലാണ് ഈ സംവിധാനം കർശനമാക്കുന്നത്.

ഓരോ ഘട്ടത്തിലുമുള്ള നടപടികളെക്കുറിച്ച് ഉദ്യോഗാർഥിക്കും അപ്പപ്പോൾ വിവരം ലഭ്യമാകും. പ്രത്യേക സോഫ്റ്റ്‌വേർ ഇതിനായി തയ്യാറായി. ഇ-മെയിൽ/തപാൽ വഴി ലഭ്യമാക്കുന്ന സേവനങ്ങളാണ് പ്രൊഫൈലിന് അകത്തേക്ക് വരുന്നത്.

പ്രണയവും തത്വചിന്തയും തലമുറകളിലൂടെ പകർന്ന മിർസ ഗാലിബ്

0

മിർസ ഗാലിബിൻ്റെ 225 ാം ജന്മദിനത്തിൽ കെ പി എ സമദ് എഴുതുന്നു

“സുർമ-എ-മുഫ്ത് നസർ ഹും
മിരി കീമത് യഹ് ഹൈ
കി, രഹേ ചശ്‌മ്-എ-ബരീദാർ പെ
എഹ്സാൻ മേരാ”
– മീർസാ ഗാലിബ്

(ഈ ലോകം അല്പം വ്യക്തതയോടെ
കാണാൻ സഹായിക്കുന്ന സുറുമയാണ് ഞാൻ
ഇത് കണ്ണിലെഴുതുക മാത്രമാണ്
ഇതിനുനിങ്ങൾ നൽകേണ്ട വില)

ഡിസംബർ 27
ഇരുനൂറ്റി ഇരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് മീർസാ ഗാലിബ് ജനിക്കുന്നത്.

ഉപഭൂഖണ്ഡം ജന്മം നൽകിയ ഏറ്റവും വലിയ കവിയായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു. “മാനവരാശിയുടെ നിത്യപ്രചോദനമായി രണ്ടു ഗ്രന്ഥങ്ങൾ ഭാരതം ലോകത്തിനു സംഭാവന ചെയ്തു. വേദങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് ഗാലിബിന്റെ ഗസലുകളാണ്” എന്നാണ് കാവ്യ നിരൂപകർ അദ്ദേഹത്തിന്റെ കലയെ വിലയിരുത്തുന്നത്.

“ഉർദു – പേർഷ്യൻ ഭാഷകളിലുണ്ടായ ഏറ്റവും വലിയ കവി മാത്രമല്ല ഗാലിബ്. ഒരു പക്ഷേ, ലോകത്തെ മറ്റേതൊരു ഭാഷയിലെയും ഏതൊരു കവിയുമായും ഗാലിബിനെ താരതമ്യപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ ഓരോ ഈരടിയും ഒരു മുഴുവൻ ഗ്രന്ഥവും ഉൾക്കൊള്ളുന്ന പോലെയാണ്.” – മനുഷ്യമനസ്സുകളെ നിർണ്ണായകമായി സ്വാധീനിച്ച മഹാമനീഷി കളിൽ ഒരാളായ ഓഷോ ഇങ്ങനെയാണ് ഗാലിബിനെ അടയാളപ്പെടുത്തുന്നത്.

കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു:
“പ്രണയംകൊണ്ടും വിഷാദംകൊണ്ടും ചരിത്രത്തെ മനുഷ്യവൽക്കരിക്കുന്ന മന്ത്രവാദമാണ് ഗാലിബിന്റെ കാവ്യകല. അദ്ദേഹം പ്രണയത്തിന് ആത്മീയതയുടെ അഗാധതയും ധ്യാനാത്മകതയും നൽകി. ആത്മീയതയ്ക്ക് പ്രണയത്തിന്റെ വികാരതീവ്രതയും രക്തപ്രവാഹവും നൽകി…….
“കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക്. അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല.”

അഗാധമായ ഈ കാവ്യാനുഭവം പകർന്നു തരുന്ന ഏതാനും ഈരടികൾ മഹാകവി ക്കുള്ള ആദരാഞ്ജലിയായി അർപ്പിക്കുന്നു.
*

ഹും ഗർമി -എ- നഷാത്-എ-നഗ് മ സഞ്ജ്
മൈ അന്ദലീബ്-എ-ഗുൽഷൻ-എ- നാആഫരീദ ഹും.
(പുകയുന്ന ഭാവനയുടെ ചൂടിൽ
പാടുകയാണ് ഞാൻ
ഇനിയും പിറക്കാത്ത ഉദ്യാനത്തിലെ
പൂങ്കുയിലാണ് ഞാൻ)

ബകദ്ര്‌ സർഫ് ഹൈ സാകി
ഖുമാർ-എ-തശ്ന കാമി ഭി
ജൊ തു ദരിയ-എ-മയ് ഹൈ
തൊ മെ ഖമിയാസ ഹൂം സാഹിൽ കാ

   (കുടിക്കാനുളള കഴിവനുസരിച്ചാണ് 
    ദാഹാർത്തന്റെ ലഹരിയും, സാകി!
 അലതല്ലും മദിരക്കടലാണ് നീയെങ്കിൽ
 അടങ്ങാത്ത ദാഹത്താലുഴറുന്ന തീരം     
  ഞാൻ)

ഇശ്ക് സെ തബീഅത് നെ സീസ്ത് കാ മസാ പായാ
ദർദ് കാ ദവാ പായി ദർദ്-എ-ബേദവാ പായാ
(പ്രണയത്തിലൂടെ എന്റെ പ്രകൃതം
ജീവിക്കുന്നതിലെ ആഹ്ലാദമറിഞ്ഞു
വേദനയ്ക്കുള്ള ശമനം കണ്ടെത്തി
ശമനമില്ലാത്ത വേദനയും കണ്ടെത്തി)

സിന്ദഗി അപ് നി ജബ് ഇസ് ശകൽ സെ ഗുസ്‌രി, ഗാലിബ്
ഹം ഭി ക്യാ യാദ് കരേംഗെ കെ
ഖുദാ രഖ്തെ ഥെ

( ജീവിതം യാതനകളിലൂടെ
ഈ വിധം കടന്നുപോകുമ്പോൾ
ഒരു ദൈവമുണ്ടെന്ന കാര്യം ഞാൻ
എങ്ങനെ ഓർക്കാനാണ്, ഗാലിബ്?)

സീമാബ് പുഷ്ത് ഗർമി-എ-ആയിന ദേ ഹൈ, ഹം
ഹൈറാൻ കിയേ ഹുവേ ഹൈ ദിൽ-എ- ബേകരാർ കെ
(പ്രതിഫലനമേകി രസലേപം
കണ്ണാടിയെ ചകിതമാക്കും പോലെ
ഹൃദയത്തിന്റെ വ്യാകുലതകളെന്നെ
അമ്പരപ്പിലാഴ്ത്തുന്നു)

ആഗോഷ്-എ-ഗുൽ കുശാദ ബരായെ വിദാ ഹൈ
അയ് അന്ദലീബ് ചൽ, കെ ചലേ ദിൻ ബഹാർ കെ
(ആശ്ലേഷിക്കാൻ കരങ്ങൾ നീട്ടി
പനിനീർപ്പൂ പറയുന്നു
പൂങ്കുയിലേ വരൂ, വിട ചൊല്ലാൻ
നേരമായി
വസന്തത്തിന്റെ നാളുകൾ
കഴിഞ്ഞുപോയി)

മശ്ഹദ്- എ- ആഷിക് സെ കോസോം തക് ജൊ ഉഗ്തി ഹൈ ഹിനാ
കിസ് കദർ, യാ റബ്, ഹാലാക്-എ-ഹസ്റത് -എ-പാബോസ് ഥാ

 (കമിതാവിന്റെ ബലിവേദിക്കു ചുറ്റും
   മൈലുകൾ ദൂരത്തിൽ
   മൈലാഞ്ചി വളർന്നുനിൽക്കുന്നു
   കാമുകിയുടെ പാദം ചുംബിക്കാനുള്ള    
   മോഹം
   എത്രമേൽ, ദൈവമേ, അവനെ
   ശ്വാസം മുട്ടിച്ചിരിക്കണം!)

ജബ് ബ-തക് രീബ്-എ-സഫർ യാർ നെ
മഹ്മിൽ ബാന്ധാ
തപിഷ്-എ-ശൗഖ് നെ ഹർ സർറ-എ- പാ ഇക് ദിൽ ബാന്ധാ
(ഓമലാളുടെ യാത്രയ്ക്കായി
ഒട്ടകത്തെ ഒരുക്കി നിറുത്തിയപ്പോൾ
എന്റെ ആധിയുടെ ചൂട് ഓരോ
മണൽത്തരിക്കും ഒരു ഹൃദയം
നൽകി)

ബഗൽ മെ ഗൈർ കി ആജ് ആപ്
സോതെ ഹൈ കഹീം, വർന
സബബ് ക്യാ, ഖ്വാബ് മെ ആ കർ, തബസ്സുംഹാ-എ-പിൻഹാൻ കാ
(ഇന്നു രാവിൽ നീയെന്റെ
എതിരാളിയോടൊത്ത്
ശയിക്കുന്നുണ്ടാകണം, അല്ലെങ്കിൽ
സ്വപ്നത്തിൽ നിന്റെ മുഖത്തുകണ്ട
കള്ളച്ചിരിയുടെ കാരണമെന്താണ്?)

താ ഫിർ ന ഇൻതിസാർ മെ നീന്ദ് ആയേ ഉമ്ര് ഭർ
ആനെ കാ ഒഹദ് കർഗയെ, ആയെ ജൊ ഖ്വാബ് മെ
. (കാത്തിരിപ്പിന്റെ വ്യഥയിൽ
ആയുസ്സു മുഴുവൻ നരകിക്കാനായി
ഒരിക്കൽ മാത്രം അവൾ
സ്വപ്നത്തിൽ വന്നു
വീണ്ടും വരാമെന്ന് വാക്കും തന്നു)

ഢാമ്പാ കഫൻ നെ ദാഗ്-എ- ഉയൂബ്-എ- ബരഹ് നഗി
മൈ വർന ഹർ ലിബാസ് മെ നംഗ്‌-എ-വുജൂദ് ഥാ
(നാണിപ്പിക്കും നഗ്നതയുടെ പാടുകൾ
ശവക്കച്ച മാത്രം മറച്ചുപിടിച്ചു
മറ്റേതു വസ്ത്രത്തിലും ഞാനെന്റെ
അസ്തിത്വത്തിന് അവമതിയായിരുന്നു)

ഹൈ പരെ സർഹദ് – എ – ഇദ് റാക് സെ അപ്നാ മസ്ജൂദ്
കിബ് ലെ കൊ അഹ്ൽ – എ – ന സർ
കിബ്‌ലനുമാ കഹ്തെ ഹൈ
(ഞാനാരാധിക്കുന്ന ദൈവം
അറിവിന്റെ അതിരുകൾക്കപ്പുറത്താണ്
കാണാൻ കഴിയുന്നവർക്ക് കിബ്‌ല
ചൂണ്ടുപലക മാത്രമാണ്)

ഗറ ഔജ്-എ-ബീനാ-എ-ആലം-എ-
ഇംകാൻ ന ഹോ
ഇസ് ബുലന്ദി കാ നസീബോം മെ ഹൈ
പസ്തി ഏക് ദിൻ
(നീ നേടിയ പദവികളൊന്നും നിന-
ക്കഹങ്കരിക്കാൻ വക നൽകുന്നില്ല
ഉയർന്നുപറക്കുന്നതെന്തിനും ഒരിക്കൽ
നിലം പതിക്കാതെ നിവൃത്തിയില്ല.)

നഗ്മഹാ- എ-ഗം കൊ ഭി , അയ് ദിൽ, ഗനീമത് ജാനിയെ
ബേസദാ ഹോ ജായേഗാ യെ സാമ്- എ- ഹസ്തി ഏക് ദിൻ
(വിഷാദഗാനങ്ങളേയും നീ
നിധിയായി കരുതുക ഹൃദയമേ
നിശബ്ദവും നിശ്ചലവുമാകും
ഒരിക്കൽ ഈ ജീവിതവീണ)

ഇഷ്റത്-എ-കത്‌ര ഹൈ ദരിയാ മെ ഫനാ ഹോ ജാനാ
ദർദ് കാ ഹദ് സെ ഗുസർനാ ഹൈ ദവാ ഹോ ജാനാ
(സമുദ്രത്തിൽ ലയിക്കുമ്പോൾ
നീർക്കണം നിർവൃതിയറിയുന്നു
അതിരുകവിയുമ്പോൾ വേദന
സ്വയം മരുന്നാകുന്നു.)

സുഅഫ്‌ സെ, ഗിരിയ മുബദ്ദൽ ബ ദം -എ- സർദ് ഹുവാ
ബാവർ ആയാ ഹൈ ഹമേ പാനി കാ ഹവാ ഹോ ജാനാ
(കരഞ്ഞു തളരുമ്പോൾ കണ്ണീർ
നെടുവീർപ്പായി മാറുന്നു
ജലം നീരാവിയാകുന്നതിന്റെ
രഹസ്യം മനസ്സിലാകുന്നു)

ഗരീബ്-എ-ബ ദർ ജിസ്ത-എ-ബാസ് ഗശ്തൻ
സുഖൻ ഹും സുഖൻബർ ലബ് ആവർദഗാൻ കാ

(തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിൽ
പതുക്കെ നടക്കും
ശരണാർത്ഥിയെപ്പോലെ
പ്രാസംഗികന്റെ വരണ്ട ചുണ്ടുകൾ
പറയാതെ പോയ പദമാണുഞാൻ)

ബസൂരത് തകല്ലുഫ് ബമഅനീ തഅസ്സുഫ്
അസദ്, മൈ തബസ്സും ഹും പശ്മൂർദഗാൻ കാ
(ഒന്നും കാര്യമാക്കാത്ത മട്ടിൽ
എന്നാൽ, അകമേ കരഞ്ഞുനിൽക്കുന്ന
ശരൽക്കാലം ക്ഷയിപ്പിച്ച പൂക്കളുടെ
വാടിയ പുഞ്ചിരിയാണ് ഞാൻ)

ഗം-എ-ഹസ്തി കാ അസദ് കിസ് സെ ഹോ
ജുസ് മർഗ് – എ – ഇലാജ്
ശമാ ഹർ രംഗ് മെ ജൽതി ഹൈ സഹർ ഹോനെ തക്
(ജീവിതമേകും ശോകവ്യഥകൾക്ക്
മരണത്തിലല്ലാതെ അറുതിയുണ്ടോ
അസദ് !
മെഴുകുതിരിക്കെരിയാതെ വയ്യല്ലോ
മിന്നിയും മങ്ങിയും പുലരുംവരേയും)

മിർസ ഗാലിബിൻ്റെ സമ്പൂർണ്ണ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരനാണ് കെ പി എ സമദ്.
               

ഇലോൺ മസ്ക് അമേരിക്കൻ പ്രസിഡൻ്റാവുമെന്ന് മുൻ റഷ്യൻ പ്രസിഡൻ്റ് മെദ്ദ്വേവ്

0

ട്വിറ്റര്‍ സി.ഇ.ഒയും ടെസ്ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റാവുമെന്ന പ്രവചനവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്ദ്വേവ്. ആഭ്യന്തരകലാപത്തിനൊടുവിലായിരിക്കും ഇതു സംഭവിക്കുക എന്നും പറയുന്നു. പ്രവചനം പ്രവചനം ഐതിഹാസികമെന്നായിരുന്നു മസ്കിൻ്റെ പ്രതികരണം

ജർമനിയും ഫ്രാൻസും തമ്മിൽ യുദ്ധം ചെയ്യും

ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ അടുത്തവര്‍ഷം യുദ്ധമുണ്ടാവുമെന്നും നിലവിലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്ത അനുയായിയും റഷ്യന്‍ സുരക്ഷാസമിതിയുടെ ഉപാധ്യക്ഷനുമായ മെദ്വദേവ് പ്രവചിക്കുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചെത്തുമെന്നും പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ തകരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ പോളണ്ടും ഹംഗറിയും പിടിച്ചെടുക്കും. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പ്പെട്ട് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡില്‍ ചേരും. വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അമേരിക്ക ഉപേക്ഷിക്കുമെന്നും ഏഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുള്‍പ്പെടെയാണ് മറ്റ് പ്രധാനപ്രവചനങ്ങള്‍.

പുതുവര്‍ഷത്തോടനുബന്ധിച്ച് ആളുകള്‍ പ്രവചനം നടത്തുമ്പോള്‍ തന്റെ എളിയ സംഭാവനയെന്ന് ചൂണ്ടിക്കാട്ടിയാണ് മെദ്ദ്വേവിൻ്റെ പ്രവചനം. 2023ല്‍ നടക്കാനിരിക്കുന്നതെന്ന് കാണിച്ച് 10 സംഭവങ്ങളാണ് മെദ്വദേവ് തന്റെ ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ചത്‌.

ഷുക്കൂർ വധക്കേസിൽ ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ

0

അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ വെളിപ്പെടുത്തലുമായി കണ്ണൂരിലെ അഭിഭാഷകൻ അഡ്വ. ടി പി ഹരീന്ദ്രൻ. പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് വെളിപ്പെടുത്തൽ. അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിർദേശിച്ചുവെന്നും
ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് കണ്ണൂരിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് ടി പി ഹരീന്ദ്രൻ നടത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും താൻ കണ്ടുവെന്നും സമീപകാലത്ത് ഇ പി ജയരാജൻ വിഭാഗത്തെ കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

വിവാദം ഒതുക്കാൻ സി പി എം, പിബി ചർച്ച ചെയ്തില്ലെന്ന് വിശദീകരണം

0

ഇ പി ജയരാജനെതിരായ ആരോപണം പി ബിയിൽ ചർച്ച ചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങൾ മാധ്യമ സൃഷ്‌ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിഷയമടക്കം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മതിച്ചിരുന്നു. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തു. ഇ ഡി കേസ് എടുത്ത് അന്വേഷിക്കണം എന്ന നിലപാട് ബി ജെ പി അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം.

കേരളത്തിലെ സി.പി.എമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാകുമെന്നാണ് യെച്ചൂരി നേരത്തെ പ്രതികരിച്ചത്. ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചര്‍ച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ നിലവിലുള്ള വിഷയങ്ങളും ചര്‍ച്ചയാകും എന്നായിരുന്നു മറുപടി.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജയരാജന്‍ വിഷയമാണ്. എന്നാല്‍, ഇതേക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

കാമ്പുള്ള വിവാദം, ഉൾപാർട്ടി കൊടുങ്കാറ്റ്

ഇ.പി. ജയരാജന് അനധികൃത സമ്പാദ്യമുണ്ടെന്ന പി. ജയരാജന്റെ ആരോപണമാണ് സിപിഎമ്മില്‍ പുകയുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയില്‍ ഇ.പി.ക്കെതിരേ പി. ജയരാജന്‍ തുറന്നടിക്കുകയായിരുന്നു.

”ആദ്യം ഇ.പി.യായിരുന്നു ആയുര്‍വേദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍, പിന്നീട് ഭാര്യയും മകനും ഡയറക്ടര്‍മാരായി. റിസോര്‍ട്ടിന്റെപേരില്‍ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കി. ഉത്തമബോധ്യത്തിലും ആധികാരികതയുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ മറുപടി പറയവേ, ആരോപണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തള്ളിയില്ല. പകരം, രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു മറുപടി. നല്‍കാമെന്ന് പി. ജയരാജന്‍ അറിയിച്ചു.

അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിട്ടുള്ള ഇ.പി. പങ്കെടുത്തിരുന്നില്ല. എം വി ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തിയതോടെ തന്നെ ഇ പി പാർട്ടി പരിപാടികളിൽ നിന്നും പിന്നോക്കമായിരുന്നു.