പുടിൻ വിമർശകരായ രണ്ട് റഷ്യൻ സമാജികർ ഒഡിഷയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു

0

രണ്ടുദിവസത്തിനിടെ രണ്ട് റഷ്യന്‍ വിനോദസഞ്ചാരികളെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. റഷ്യയിലെ വ്‌ളാദിമിര്‍ പ്രവിശ്യയിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും മനുഷ്യാവകാശ പ്രർവർത്തകനുമായി പവേല്‍ അന്റോവ്(65) സുഹൃത്ത് വ്‌ളാദിമിര്‍ ബിഡ്‌നോവ്(61) എന്നിവരാണ് മരിച്ചത്.

ഡിസംബര്‍ 22-ാം തീയതിയാണ് വ്‌ളാദിമിര്‍ ബിഡ്‌നോവിനെ ഒഡീഷയിലെ റായ്ഗഡയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാംനിലയിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോട്ടല്‍മുറിക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ചുറ്റിലും ഒഴിഞ്ഞ വൈന്‍ കുപ്പികളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടാം ദിവസം സുഹൃത്ത് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഈ സംഭവത്തിന് പിന്നാലെ ഡിസംബര്‍ 24-ാം തീയതിയാണ് പവേല്‍ അന്റോവിനെയും ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചോരയില്‍ കുളിച്ചനിലയില്‍ ഹോട്ടലിന് പുറത്താണ് പവേലിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പവേല്‍ അടക്കമുള്ള നാലംഗ റഷ്യന്‍സംഘം റായ്ഗഡയിലെ ഹോട്ടലില്‍ മുറിയെടുത്തത്. പവേലിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി.

വ്യവസായിയും കോടീശ്വരനുമായ വ്‌ളാദിമിര്‍ ബിഡ്‌നോവിൻ്റെ ജന്മദിനം ആഘോഷിക്കാൻ കൂടിയാണ് ഇവർ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയത്.

സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേരോടും ഒഡീഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെ മരണത്തിലും ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം.

അതിനിടെ, ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പവേല്‍ അന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വിമര്‍ശകനാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ യുക്രൈന് നേരേയുള്ള റഷ്യന്‍ ആക്രമണത്തില്‍ ഇദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആരോഗ്യ കേന്ദ്രത്തിന് അർജന്റീന ഫാൻസ് പള്ളിക്കരയുടെ വീൽ ചെയർ

0

മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് അർജന്റീന ഫാൻസ് പള്ളിക്കര ചെയ്ത വീൽ ചെയർ സംഭാവന നൽകി. പ്രവർത്തർ ഒന്നിച്ച് എത്തി സിഎച്ച്സിക്ക് കൈമാറി. മെഡിക്കൽ ഓഫീസറും മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തും ചേർന്ന് ഏറ്റുവാങ്ങി.

പദവികൾ എല്ലാം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ പി ജയരാജൻ

0

ഇ പി ജയരാജൻ എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതായി വാർത്ത. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്. പാർട്ടിപദവികളെല്ലാം ഒഴിയാൻ തയ്യാറാണെന്ന നിലപാടിലാണ്. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായും അറിയിച്ചിട്ടുള്ളത്. പാർട്ടി പരിപാടികളിൽ നിന്നും ഇപ്പോൾ തന്നെ ഒഴിഞ്ഞ് നിൽക്കയാണ്.

എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത് മുതല്‍ പ്രധാന പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും ഇ.പിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽതന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇതിനിടയ്ക്കാണ് ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളും.പാർട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയിൽ എല്ലാം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് സുഹൃത്തുക്കളെ ഉദ്ദരിച്ചുള്ള വാർത്ത.

പദവികളിൽ തുടർന്നു പോകുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണ്. പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് സാമ്പത്തിക ആരോപണം വരുന്നത്.

അടിവസ്ത്രത്തിൽ ഒരു കോടി രൂപയുടെ സ്വർണ്ണം, കരിപ്പൂരിൽ ദൂബായിൽ നിന്നെത്തിയ 19 കാരി പൊലീസ് പിടിയിൽ

 ദുബായിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവള പരിസരത്ത് പോലീസ് പിടികൂടി. 1.884 കിലോ ഗ്രാം സ്വർണം മിശ്രിതവുമായി കാസർകോട് സ്വദേശി ഷഹലയെ (19) പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വിലവരും. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാത്തു നിന്ന പോലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കണ്ടെത്താനായില്ല. അവസാനം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

ഭർത്താവിൻ്റെ നിർബന്ധത്തിന് വഴങ്ങി ആദ്യ പരീക്ഷണം

കോഴിക്കോട് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണക്കടത്ത് കേസാണിത്. സ്വര്‍ണം കടത്തിയത് ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമെന്ന് യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്.

ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭിച്ചവിവരം. കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന കണ്ടെത്തലിലാണ് പൊലീസും.

കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും സ്വര്‍ണക്കടത്ത് തടയുകയുമായിരുന്നു ഹെല്‍പ് ഡെസ്‌കിന്റെ പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് പുറത്തെ പോലീസ് എയ്ഡ് പോസ്റ്റിന് പുറമേയായിരുന്നു ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലുകളും കവര്‍ച്ചയും പതിവായതോടെയാണ് വിമാനത്താവളത്തിന് പുറത്ത് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാന്‍ പോലീസ് തീരുമാനിച്ചത്. 2021ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് സ്വര്‍ണക്കടത്തുമായുള്ള ബന്ധവും ഇതിന് കാരണമായി. പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വര്‍ണക്കടത്ത് പിടികൂടി പോലീസ് മികവ് കാട്ടി. പിന്നീടങ്ങോട്ട് ഒട്ടേറെ പേരെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്.

കസ്റ്റംസിലെ ഒത്താശക്കാരെയും അകത്താക്കി പൊലീസ്

അടുത്തിടെ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പിടികൂടിയതും പോലീസിന്റെ നേട്ടമായിരുന്നു. രണ്ട് യാത്രക്കാര്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടായ മുനിയപ്പയെ പോലീസ് പിടികൂടിയത്. ഏകദേശം 25,000 രൂപയായിരുന്നു മുനിയപ്പയുടെ ‘കടത്തുകൂലി’. കള്ളക്കടത്ത് തടയാന്‍ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കടത്ത് സ്വര്‍ണവുമായി പോലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പിടികൂടിയത്.

ഇ പി ജയരാജനെതിരായ വെളിപ്പെടുത്തൽ മുതലാക്കാൻ ബി ജെ പി; ഇ ഡി അന്വേഷണം വരുമെന്ന് വി മുരളീധരൻ

0

 എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

സിപിഎം നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുന്നു; വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റിസോര്‍ട്ടില്‍ പങ്കാളികളാണെന്ന് പറയുന്ന ഇ.പി.ജയരാജന്റെ ഭാര്യക്കും മകനുമുള്ള വരുമാന ഉറവിടം എന്താണെന്ന് അറിയേണ്ടതുണ്ട്. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടേയും ഇഷ്ടക്കാരുടേയും പേരില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും വി.മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്തി എല്ലാം ഒതുക്കി തീര്‍ക്കുന്ന സമീപനമാണ് സിപിഎം എല്ലാ കാലത്തും സ്വീകരിച്ചുപോരുന്നത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണിത്. സിബിഐ അന്വേഷണം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയോ കോടതിയുടെ ഉത്തരവോ വേണം. സ്വാഭാവികമായി ഇവിടെ ഇ.ഡിയുടെ അന്വേഷണം വരുമെന്നും അതവരുടെ ചുമതലയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

വടകരയിലെ വ്യാപാരിയുടെ കൊലപാതകം, നീല ഷർട്ടുകാരനെ തിരയുന്നു

വടകരയിൽ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62 ) ആണ് മരിച്ചത്. രാജനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു നീല ഷർട്ടുകാരൻ രാജന് ഒപ്പമുണ്ടായിരുന്നതായി അടുത്ത കടക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ബൈക്കിൽ ഒപ്പം ഒരാൾ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങളും കണ്ടെടുത്തു.

രാജന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പതിനൊന്നുമണി കഴിഞ്ഞിട്ടും കടയടച്ച് വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യ ലൈനിൽ പല ചരക്ക് കടക്കുള്ളിൽ രാജനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു.

രാജൻ കഴുത്തിലും കയ്യിലുമായി അണിഞ്ഞിരുന്ന സ്വർണാഭരണവും കടക്കുളളിലെ പണവും ബൈക്കും നഷ്ടപ്പെട്ടിരുന്നു. കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. രാജൻ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുളളതായി കാണാം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വടകര ഡി വൈ എസ് പി പറഞ്ഞു.

“ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ” അർജൻ്റീനൻ ആരാധകരുടെ മറുപടി ഹർജിയും വൈറൽ

 ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജി വൈറൽ ആയതിന് പിറകെ അതേ ലൈനിൽ തിരിച്ചടിച്ച് അര്‍ജന്‍റീനന്‍ ആരാധകര്‍. അർജന്‍റീന  ഫ്രാൻസ് ഫൈനല്‍ മത്സരത്തിന് ശേഷം തുടങ്ങിയ വിവാദമാണ് ആരാധകർ ഏറ്റെടുത്തത്. ചില റഫറിയിംഗ് തീരുമാനങ്ങളിൽ ഫ്രഞ്ച് ആരാധകര്‍ അസന്തുഷ്ടരായിരുന്നു. 

ഫ്രഞ്ച് ആരാധകരാണ് ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി ഒരുക്കിയത്. ഏകദേശം 200,000 പേർ ഇതിനകം ഒപ്പിട്ടു കഴിഞ്ഞിരുന്നു. ഇത് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് വാര്‍ത്തയായതോടെയാണ് അര്‍ജന്‍റീനന്‍ ആരാധകര്‍ മറുപടിയുമായി രംഗത്ത് എത്തിയത്. 

ഗോള്‍ ഫുട്ബോള്‍ പോർട്ടൽ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, “ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്താമോ” എന്ന പേരിലാണ് ഫ്രഞ്ച് ആരാധകര്‍ക്കുള്ള മറുപടി എന്ന നിലയില്‍ വാലന്റൈൻ ഗോമസ് എന്ന അര്‍ജന്‍റീനന്‍ ആരാധകന്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെയിഞ്ച്. ഓര്‍ഗിലെ ഈ ഹർജിയിൽ 664000-ലധികം ഒപ്പുകൾ ലഭിച്ചുവെന്നാണ് ഇതിന്‍റെ ഡാഷ് ബോര്‍ഡ് കാണിക്കുന്നത്. 10 ലക്ഷം ഒപ്പാണ് ലക്ഷ്യം ഇത് ഉടന്‍ കൈവരിക്കും ഈ വേഗത്തിലാണ് ഈ ഒപ്പുശേഖരം പോകുന്നതെങ്കില്‍ എന്നാണ് അര്‍ജന്‍റീന ആരാധകരുടെ വാദം. 

“ഞങ്ങൾ ലോകകപ്പ് ഫൈനൽ ജയിച്ചതുമുതൽ, അർജന്റീന ലോക ചാമ്പ്യനാണെന്ന് ഫ്രഞ്ചുകാർ കരയുകയോ പരാതിപ്പെടുകയോ അംഗീകരിക്കുകയോ നിർത്തിയിട്ടില്ല, ഈ നിവേദനം ഫ്രഞ്ചുകാർക്ക് കരച്ചിൽ നിര്‍ത്താനും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസിയെന്ന് അംഗീകരിക്കണം. എംബാപ്പെ അദ്ദേഹത്തിന്‍റെ മകനാണെന്നും അംഗീകരിക്കുകയും വേണം” ഹര്‍ജി സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. 

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും 2014 ഫൈനലിസ്റ്റുകളായ അർജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്.  എക്‌സ്‌ട്രാ ടൈമിനുശേഷം സ്‌കോറുകൾ 3-3ന് സമനിലയിലായപ്പോൾ പെനാൽറ്റിയിൽ അർജന്റീന 4-2ന് ഫ്രാൻസിനെ തോൽപിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്‍റീന കിരീടം നേടി.

പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയായ അറുപത്തി രണ്ടുകാരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഡിസംബർ 17 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദ വിദ്യാർഥിയായിരുന്നു പെണ്‍കുട്ടി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതു പ്രകാരം പൊലീസ് അന്വേഷണം നടത്തി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ മാതാവ് മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. പ്രതി വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് മകളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാവ് മൊഴി നൽകിയത്.

 എന്നാൽ ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ മാതൃപിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. 

മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രി പദത്തിലേക്ക്

0

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെൻ്റർ ചെയര്‍മാനാണ്. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അധികാരമേൽക്കാനായി ക്ഷണിച്ചു.

പാര്‍ലമെൻ്റിൽ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ മുന്നണികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയിലാണ് അധികാരമേൽക്കുന്നത്. മറ്റ് ചെറുകക്ഷികളുടെ പിന്തുണയും പ്രചണ്ഡയ്ക്കാണ്. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കിക്കഴിഞ്ഞു.

13 വർഷം ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് നേതാവ്

2008 ലും 2016 ലും പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന നേതാവാണ് പ്രചണ്ഡ. സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് വേണ്ടി ശ്രമിച്ചു. 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ പ്രചണ്ഡ തീരുമാനിച്ചിരുന്നു.

ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ അന്വേഷണം എം എൽ എ ഹോസ്റ്റലിലേക്കും, പിടിയിലായത് ദിവ്യ നായർ മാത്രം

 ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ പ്രധാനപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമെന്ന് മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എം.എൽ.എ. ഹോസ്റ്റലിലേക്കും വ്യാപിപ്പിച്ചു. ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നൽകിയത്. ഇയാൾ പിന്നെ ഒളിവിൽ പോയതും ദുരൂഹമായി തുടരുകയാണ്.

ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നു. എം.എൽ.എമാരിൽ ചിലരുമായി ശ്യാംലാലിന് അടുത്തബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെപ്പറ്റി ആദ്യം പരാതി വന്നപ്പോഴാണ് പോലീസ് മനോജിൻ്റെ മൊഴിയെടുത്തത്. എം.എൽ.എ. ഹോസ്റ്റലിൽ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെട്ടത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ ഈ കാറിലാണ് ശ്യാംലാൽ ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ അഭിമുഖത്തിനായി എത്തിച്ചത് എന്നിങ്ങനെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.

തട്ടിപ്പിൻ്റെ ഭാഗമായ അനിൽകുമാർ ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു. നേതാവുമാണ്. പ്രതിയായ ദിവ്യ നായരെ പണവുമായി കാണാൻ പോകുന്ന ഉദ്യോഗാർഥികളുടെ ഒപ്പം അനിലുമുണ്ടായിരുന്നുവെന്നാണ് പരാതി. അതേസമയം ടൈറ്റാനിയത്തിൽ ഇന്നലെ നടത്തിയ പൊലീസ് പരിശോധനയിൽ ലീഗൽ ഡെപ്യൂട്ടി ജി.എം ശശികുമാരൻ തമ്പി നോക്കിക്കൊണ്ടിരുന്നു ഫയലുകൾ പിടിച്ചെടുത്തു. അതിനിടെ ബിവറേജസ് കോർപ്പറേഷനിലും ഇതേ സംഘം ജോലി വാഗ്‌ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഭിച്ച പരാതിയിൽ കോട്ടയത്തു പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസിൽ ഇതുവരെയായി ഒന്നാംപ്രതി ദിവ്യ നായർ മാത്രമാണ് പിടിയിലായത്. പ്രധാനപ്രതികളായ ശശികുമാരൻ തമ്പി, ശ്യാംലാൽ, പ്രേംകുമാർ, മനോജ്, ദിവ്യയുടെ ഭർത്താവ് രാജേഷ് എന്നിവർ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി മനോജ് കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് മനോജ് മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് ഇയാളുടെ വാദം. മനോജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

തട്ടിപ്പിനിരയായവരിൽ ഇതുവരെ 13 പേരാണ് പരാതി നൽകിയത്. 78 ലക്ഷം രൂപ ഇവർക്ക് നഷ്ടമായി.

വഴി ഒരുക്കിയത് ദിവ്യ നായരും ഭർത്താവും

ടൈറ്റാനിയത്തിന്റെ ഭരണത്തിൽ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭർത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാർ. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാർഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ ഉന്നയിച്ചതോടെ, പലർക്കും പണം തിരികെ നൽകി ഒത്തുതീർപ്പിനും ചില ഇടനിലക്കാർ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പോലീസിന് തെളിവുനൽകാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തിൽ 120 പേരെ നിയമിച്ചിരുന്നു. ഇതിൽ 90 പേരെ ഓപ്പറേറ്റർ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളിൽ ഈ സംഘത്തിന്റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിട്ടുണ്ട്.

ജോലി തട്ടിപ്പിൽ കൂടുതൽപ്പേർ ഇടനിലക്കാരായതായും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം അമരവിള സ്വദേശിയും അധ്യാപകനുമായ ഷംനാദിനെതിരേ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റു പ്രതികളായ ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന ശശികുമാരൻ തമ്പി, ശശികുമാരൻ തമ്പിയുടെ സുഹൃത്തായ ശ്യാംലാൽ എന്നിവരുമായി ബന്ധമുള്ളവരാണ് മറ്റ് ഇടനിലക്കാരെന്നാണ് പോലീസിന്റെ നിഗമനം.നേരത്തേ േപഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിലും ഉന്നപദവി വഹിച്ചിരുന്നതിനാൽ ശശികുമാരൻ തമ്പിക്ക് ഉദ്യോഗസ്ഥരുടെയിടയിൽ വലിയ സ്വാധീനമാണുണ്ടായിരുന്നത്. കർശനമായ സുരക്ഷയുള്ള ടൈറ്റാനിയത്തിൽ ഇവർക്ക് എളുപ്പത്തിൽ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കിയത് മറ്റു ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.