തെക്കും വടക്കും പോര്, സി പി എം വിവാദ ചൂടിൽ

0

സംസ്ഥാനത്തെ രണ്ട് അറ്റത്തും വിവാദങ്ങളുടെ തീ കത്തുന്നതിന് നടുവിലാണ് സി പി എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെ ഒന്നിന് പുറകെ ഒന്നായി ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറി സ്ഥാനവും വ്യക്തിഗത മത്സരങ്ങളും അടിയൊഴുക്കാവുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറിയ ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെയും സമവായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ജനുവരി 6 മുതൽ 9 വരെ തിരുവനന്തപുരത്ത് ചേരാനിരിക്കെ അതുവരെ തുടരുമെന്ന നിലപാടാണ് ആനാവൂര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാലും ശേഷം ആരാവും എന്നത് കടുത്ത ചോദ്യമാണ്.

ദത്ത് വിവാദത്തിലും കത്ത് വിവാദത്തിലും തുടങ്ങി ഏറ്റവും ഒടുവിൽ ശബ്ദ രേഖ വിവാദം വരെ ഇവ എത്തി ചേർന്നു. ആരോപണത്തിന്റെ ഒരറ്റത്ത് എപ്പോഴും ആനാവൂര്‍ നാഗപ്പനുണ്ട്. പ്രശ്നത്തിൽ അകപ്പെടുന്നവരും പാര്‍ട്ടി നടപടി നേരിടുന്നതും ആനാവൂരിന് അടുപ്പമുള്ളവരാണ്. ഉന്നയിക്കപ്പെടുന്ന പരാതികളിൽ ഒരു ഭാഗം മാത്രമാണ് പൊതു സമൂഹത്തിൽ ചര്‍ച്ചയാകുന്നതും പുറത്ത് വരുന്നതും. കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയറും കൗൺസിലറും എഴുതിയ കത്ത് പുറത്ത് വന്ന സംഭവത്തിൽ കോര്‍പറേഷൻ ഭരണസമിതിയും സിപിഎമ്മും ഒരുപോലെ പ്രതിസന്ധി നേരിട്ടിട്ടും പാർട്ടിയിൽ നടപടി ആയിട്ടില്ല.

വിവാദത്തിൽ പാര്‍ട്ടി തല അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ വലിയ അമര്‍ഷം എതിര്‍ ടീമിൽ ശക്തമായോടെയാണ് അന്വേഷണ കമ്മീഷനെ വയ്ക്കാൻ ആനാവൂര്‍ നിര്‍ബന്ധിതനായത്. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് ശാക്തിക ചേരികളുണ്ട്.

ടൈറ്റാനിയം അഴിമതി മുതൽ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പാര്‍ട്ടി അനുമതി നൽകിയിട്ടും മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കൾ തയ്യാറാകാത്തത് വരെയുള്ള പ്രശ്നങ്ങൾ വെളിപ്പെടാൻ കിടക്കുന്നു. വിവിധ താത്പര്യങ്ങളുടെ പ്രതിനിധികളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജയൻബാബു, കെഎസ് സുനിൽകുമാര്‍ വി ജോയ് എംഎൽ, എം വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്.

കണ്ണൂരിൽ ശുദ്ധീകരണമോ ഗ്രൂപ്പോ, എന്താണ് സംഭവിക്കുക

മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജൻ്റെ വാദം പൊളിച്ചതാണ് കണ്ണൂരിലെ പുതിയ വാർത്ത. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. ഏഷ്യാനെറ്റ് ന്യൂസ് ഈ വിവരം പുറത്തു വിട്ടു.

ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്.

ഇ പിയും പിയും നേർക്കു നേർ വരുമ്പോൾ പാർട്ടിയിൽ ശുദ്ധീകരണ പ്രതീക്ഷ

ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ ശുദ്ധീകരണ പ്രതീക്ഷയാണ്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ഈ ആവേശം ഉയരുന്നുണ്ട്. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമാണ്. എന്നാൽ ഇത് ഏത് അറ്റം വരെ ഏത് തലംവരെ എന്നത് പ്രധാനമാണ്.

ഇ പി കൊതിച്ചതും വിതച്ചതും

കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയതായി വാർത്തളുണ്ടായിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്ന വാദമായിരുന്നു. അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞതായി വരെ ചർച്ചകളുണ്ടായി. നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്നതാണ് റിസോർട്ട് വിഷയം. തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായാണ് ഇപ്പോൾ ഉയര്‍ന്ന് വന്നത്.

അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയവര്‍ പി ജയരാജന് മുന്നിലുണ്ട്. കണ്ണൂരിലെ അണികളുടെ പിന്തുണയുള്ള നേതാവാണ് പി ജയരാജന്‍. എംവി ഗോവിന്ദന്‍റെ പിന്തുണ കൂടി ഒത്തുവരുന്നതോടെ അണികളിലേക്ക് ഈ ഊർജ്ജം പകരും. പാർട്ടിയെ വ്യക്തഗത നേട്ടങ്ങൾക്കും മാടമ്പി താത്പര്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നവർക്ക് തത്ക്കാലം പത്തി താഴ്ത്തേണ്ടി വരും എന്നിങ്ങനെ അണികൾക്ക് ആശ്വസിക്കാൻ വക കിട്ടും . ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

വടകര പഴയ സ്റ്റാൻ്റിനടുത്ത് വ്യാപാരിയെ കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നു

വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു
പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത് എന്നു കരുതുന്നു. പഴയ ബസ്റ്റാൻ്റിനടുത്ത് ന്യൂ ഇന്ത്യ ഹോട്ടൽ ലൈനിലാണ് ഇദ്ദേഹത്തിൻ്റെ കട. രാത്രിയും എല്ലാ സമയത്തും ആൾ പെരുമാറ്റമുള്ള സ്ഥലമാണ്.

പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും ബാഗും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഉപയോഗിച്ചിരുന്ന മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

മുല്ലപ്പൂ ചൂടണോ ? കിലോയ്ക് 2500 കവിഞ്ഞു

0

 കോവിഡ് കാലത്തിന് ശേഷം മുല്ലപ്പൂ വില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം ഒറ്റ നാൾക്കൊണ്ട് കുടമുല്ലയ്ക്ക് കിലോയ്ക്ക് കൂടിയത് 1000 രൂപയാണ്. മഞ്ഞുകാലമായതോടെ ഉത്പാദനം കുറഞ്ഞതും വിലകൂടാന്‍ കാരണമായി പറയുന്നുണ്ട്. പൂവിൻ്റെ സീസണായ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 300 രൂപ വരെ വില താഴേക്ക് എത്താറുണ്ട്.

വിവാഹ ഉത്സവ സീസണുകൾ ആരംഭിച്ചിരിക്കയാണ്. ഇതോടെ ഡിമാൻ്റ് വർധിച്ചു. നൽകാൻ കർഷകരുടെ കയ്യിൽ പൂവ് വേണ്ടത്ര ഇല്ലാതായി. 2021 ജനുവരി ആദ്യവാരം കിലോയ്ക്ക് 5000 രൂപവരെ എത്തിയിരുന്നു. ഇത് കോവിഡ് കാലമായതിനാൽ ആയിരുന്നു.

മധുര, ദിണ്ടിഗല്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. വിലക്കയറ്റം കർഷകരെ ഉത്സാഹത്തിലാക്കും. പക്ഷെ വേണ്ടത്ര ഉല്പന്നം നൽകാനാവില്ല. വില്പനക്കാർക്കാണ് പ്രതിസന്ധി. ആളുകൾ പൂ വാങ്ങുന്നത് പരമാവധി കുറയ്ക്കും. വേണ്ടെന്ന് വെക്കുന്നവരുമുണ്ട്.

“തെറ്റായ പ്രവണതകൾക്കെതിരെ ഉൾപ്പാർട്ടി സമരം സ്വാഭാവികം” ഇ പി ജയരാജന് നേരെയുള്ള വെളിപ്പെടുത്തലിന് തുടർച്ചയായി പി ജയരാജൻ

0

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതിന് തുടർച്ചയായി പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. പാർട്ടി രഹസ്യം എന്ന നിലയ്ക്ക് വസ്തുതകൾ പുറത്തു പറയാതെ നയതന്ത്ര ഭാഷയിലായിരുന്ന മറുപടി.

എന്നാൽ സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പി ജയരാജൻ പറഞ്ഞതും പറയാത്തതും പറയാതെ പറഞ്ഞതും

നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സമൂഹത്തിലെ ജീര്‍ണ്ണത സി.പി.എമ്മിനകത്തും നുഴഞ്ഞുകയറും അത്തരം തെറ്റായപ്രവണതകള്‍ക്കതെരിയുള്ള സമരം പാര്‍ട്ടിക്ക് അകത്ത് നടത്തണം എന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയങ്ങോട്ട് കേരളത്തിലെ പാര്‍ട്ടിയില്‍ നടത്തും. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കണം, പാര്‍ട്ടിയുടെ വിപ്ലവകരമായ ആത്മശുദ്ധിനിലനിര്‍ത്തക്ക രീതിയിലുള്ള നല്ലനിലയിലുള്ള ഇടപെടല്‍ പാര്‍ട്ടി ബ്രാഞ്ച് മുതല്‍ എല്ലാഘടകങ്ങളും നടത്തണം എന്ന അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി അംഗീകരിച്ചത്.

സി.പി.എം. കോണ്‍ഗ്രസിനെപ്പോലെയോ ബി.ജെ.പിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല. അടിമുതല്‍ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള കേഡര്‍മാര്‍ ഉള്ള പാര്‍ട്ടിയാണ്. സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരും. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പാർട്ടി ഘടകത്തിൽ പറഞ്ഞത്

ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനം ബന്ധിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ പരാതി ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇത്. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന്‌ പി. ജയരാജന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയുര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന ആയുര്‍വേദ റിസോര്‍ട്ട് പ്രവർത്തിക്കുന്നുണ്ട്. ആയുര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

ആരോപണമല്ല, ഉത്തമ ബോധ്യത്തോടെ

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് പ്രശ്നം ഉയർന്നു വന്നത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയത് ചൂണ്ടി കാട്ടി. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയ കാര്യവും ചൂണ്ടി കാട്ടി.

ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ഇക്കാര്യം ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.

മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തില്ല. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.

എല്ലാ സർക്കാർ ആസ്പത്രികളിലും കാൻസർ പരിശോധനാ ക്ലിനിക്ക് തുടങ്ങും – മുഖ്യമന്ത്രി

0

എല്ലാ സർക്കാർ ആസ്പത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് സൌകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോടിയേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസർച്ച്) നവീകരിച്ച ഒ.പി. സമുച്ചയത്തിന്റെയും നഴ്‌സുമാരുടെയും വിദ്യാർഥികളുടെയും ഹോസ്റ്റലിന്റെയും ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവാദങ്ങൾക്ക് പിന്നാലെ പോകാനല്ലല്ലോ നമുക്ക് സമയം. നാടിന് ഗുണകരമാകുന്ന പദ്ധതി നടപ്പാക്കുകയെന്നതാണ് പ്രധാനം. അത്തരത്തിൽ കാര്യങ്ങൾ നടപ്പാക്കിയതുകൊണ്ട് ഇന്ന് അനേകായിരങ്ങൾക്ക് പ്രയോജനപ്പെടുന്നു.

ഇതുപോലെ പ്രാരംഭദശയിൽ കാൻസർ കണ്ടെത്താനുള്ള സൗകര്യം സർക്കാർആസ്പത്രികളിൽ ഒരുക്കും. കാൻസർ സെന്റർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആസ്പത്രികൾ ഉൾപ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാൻസർ ചെറുക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. ലോകത്തിലെ മുൻനിര സ്ഥാപനമായി എം.സി.സി.യെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ “മലൈക്കോട്ടൈ വാലിബൻ’

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ  പുറത്തിറക്കി. “മലൈക്കോട്ടൈ വാലിബൻ’ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

വ്യത്യസ്തമായ രീതിയില്‍ ഒരുപാട് സസ്‌പെന്‍സുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനായ സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക.

ജനുവരി 10-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും ഇത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഫുട്ബോൾ താരങ്ങളെ കണ്ടെത്താൻ അർജൻ്റീന കേരളത്തിലേക്ക്

ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന്

കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീനയ്ക്ക് താൽപര്യമുണ്ടെന്ന് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം.

പരിശീലന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും. കേരളവുമായി ഫുട്ബോൾ താരങ്ങളെ കണ്ടെത്തുന്നതിലെ സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകൾ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൗസിൽ എത്തിയ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു, കൺട്രോളർ സി.എ അമീർ, ഇൻഫർമേഷൻ ഓഫീസർ സിനി.കെ.തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും കണ്ടു.

അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച്ആ ഹ്ളാദം പങ്കിട്ടു. തുടർന്ന് അർജന്റീന ഫാൻസിനൊപ്പം പന്ത് തട്ടി.

നിദ ഫാത്തിമയുടെ മരണം പോളോ അസോസിയേഷൻ സെക്രട്ടറിമാരെ ഹൈക്കോടതി വിളിപ്പിച്ചു

0

സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസിലാണ് നടപടി.

നിദ ഫാത്തിമയുടെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കയാണ്. കുടുംബമടക്കം സംശയങ്ങൾ ഉന്നയിച്ചിരുന്നു. ചികിത്സാ പിഴവ് ഉണ്ടായതായും അവർ കണ്ടെത്തിയതായി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന-ദേശീയ അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.

24 അംഗ സൈക്കിൾ പോളോ താരങ്ങളായിരുന്നു ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ല. ഇക്കാര്യങ്ങൾ ടീം അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് ഡോർമിട്രി മാത്രമാണ് അനുവദിച്ച് നൽകിയത്. ഭക്ഷണത്തിലൂടെ ഉണ്ടായ വിഷബാധയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കോടതി ഉത്തരവിലൂടെ എത്തിയ ടീമാണ്.

ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ നില വഷളാവുകയായിരുന്നുവെന്നാണ് കുടുംബം പരാതിപ്പെട്ടത്. ഇതു സംബന്ധിച്ചും സംശയം നിലനിൽക്കയാണ്.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇ ഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം

0

എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ജാമ്യം അനുവദിച്ചു.

യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി സെപ്റ്റംബര്‍ ഒന്‍പതിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ജയില്‍ മോചനം നടക്കാതിരുന്നത്.

ജാമ്യം തടഞ്ഞത് 45000 രൂപയുടെ പേരിൽ

അക്കൗണ്ടിലേക്കെത്തിയ നാല്‍പത്തി അയ്യായിരം രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അവകാശപ്പെട്ടത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡി കോടതിയില്‍ ഉന്നയിച്ച വാദം.

യുപിയിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ്.

കോവിഡ് ഭീതി പരത്തുന്നവരുടെ ലക്ഷ്യമെന്താണ്; അത്ര ഭീകരനോ ബി.­എഫ്.7

ഭീതി പരത്താൻ ശ്രമിക്കുന്ന ബി.­എഫ്.7 പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.­എഫ്.7.

പക്ഷെ കരുതലും സൂക്ഷ്മതയും വേണം. ഏത് പകർച്ച വ്യാധിയിലും എന്ന പോലെ നടപടികൾ ആവശ്യമാണ്. കോവിഡ് പൂർണ്ണമായും വിട്ടുപോയിട്ടില്ല എന്ന സൂചന കൂടിയാണ്. കോവിഡിൽ ഇനിയും ഒരു പുതിയ വകഭേദത്തിന്റെ സാധ്യതകള്‍ വിദഗ്ധർ തള്ളിക്കളയുന്നില്ല.

ഇന്ത്യയിൽ ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായ ഡെൽറ്റ വേരിയന്റിനെ അപേക്ഷിച്ച് ഇപ്പോഴത്തേത് അത്ര സാരമുള്ളതല്ല. സാരമല്ലാത്ത ലക്ഷണങ്ങളാണ് കാണിക്കുക.

ബാധിച്ചവരുടെ എണ്ണം കൂടിയാലല്ല പേടിക്കേണ്ടത്. ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടുമ്പോഴാണ്. അതിലാണ് ശ്രദ്ധ വേണ്ടത്. ഇത് അധികാരികളുടെ ഉത്തരവാദിത്വമാണ്.

രാജ്യത്ത് ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ളതുകൊണ്ട് അപകടസാധ്യത കുറവാണ്. തിരക്കുള്ള സ്ഥലങ്ങളിലും എ.സി.യിലും മറ്റുമിരിക്കുമ്പോഴും മാസ്‌ക് നിർദ്ദേശിക്കുന്നുണ്ട്. വായു സഞ്ചാരമുള്ളിടത്ത് ഇരിക്കാന്‍ ശ്രമിക്കുക. പ്രായമായരും പ്രതിരോധശേഷി കുറവുള്ളവരും കരുതൽ പുലർത്തണം.

  • ഒമിക്രോണിന്റെ ഉപവകഭേദം.
  • ചിലരില്‍ രോഗലക്ഷണം ഉണ്ടാകില്ല.
  • ചുരുക്കം സന്ദര്‍ഭത്തില്‍ പക്ഷാഘാതത്തിന് സാധ്യത.
  • പലരാജ്യങ്ങളിലും ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • ഇന്ത്യയിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • സാധാരണ ജലദോഷംപോലെ തോന്നും
  • അപകടമാകുന്നത് രക്തക്കുഴലുകളെ ബാധിക്കുമ്പോള്‍.
  • ഒന്നിലധികംതവണ കോവിഡ് വന്നുപോയവരെ എളുപ്പത്തില്‍ ബാധിക്കാം
  • പൊതു ഇടങ്ങളിൽ അടച്ചു പൂട്ടിയ അന്തരീക്ഷത്തിൽ കരുതൽ പുലർത്തുക