മണിപ്പൂരിൽ വിദ്യാർഥികളുമായി വിനോദസഞ്ചാരത്തിന് പുറപ്പെട്ട ബസ് മറിഞ്ഞ് 10 മരണം

0

മണിപ്പൂരിൽ സ്കൂൾ വിദ്യാർഥിനികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് കീഴ്മേൽ മറിഞ്ഞ് ഒൻപത് വിദ്യാഥിനികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പർവ്വത പ്രദേശമായ നോനെ ജില്ലയിലെ പഴയ കച്ചാർ റോഡിലാണ് അപകടം. ഇംഫാൽ ഈസ്റ്റിൽ നിന്നുള്ള ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികളാണ്.

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് രാവിലെ 10 മണിയോടെയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലോങ്സായി തുബുങ് വില്ലേജിലൂടെ കടന്നു പോകുമ്പോഴാണ് അപകടം. രണ്ടു ബസ്സുകളിലായാണ് കുട്ടികൾ സഞ്ചരിച്ചത്. ഇതിൽ പെൺകുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

തണുപ്പ് കാലമായതിനാൽ ഈ മേഖലയിൽ റോഡിൽ മൂടൽ മഞ്ഞ് സാധാരണമാണ്. സംസ്ഥാനത്തെ ഏറ്റവും മോശമായ റോഡ് സൌകര്യം നിലനിൽക്കുന്ന പ്രദേശവുമാണ്. സ്ഥിരമായി വൻ തോതിൽ ഫണ്ടുകൾ നീക്കി വെക്കാറുള്ള റോഡാണ്. എന്നാൽ ഇവിടെ റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികൾ ഇറക്കി വെച്ച് തിരികെ കൊണ്ടു പോകുന്നതാണ് പതിവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ നിലയിൽ എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശമാണ്.

ചൈനീസ് വകഭേദം ഒഡിഷയിലും ഗുജറാത്തിലും, കേരളത്തിൽ ഭീഷണിയില്ല

0

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ കോവിഡ് കേസുകളിൽ ഭീഷണിയില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിൻ്റെ നിർദേശത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിൻ്റെ നിർദേശം വന്ന സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കുകയാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് മൊത്തത്തിൽ കോവി‍ഡ് കേസുകളിൽ വർധനവുണ്ട്. ഈ സാഹചര്യത്തിൽ ജാ​ഗ്രത വേണമെന്നാണ് കേന്ദ്രത്തിന്റെ കത്തിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ടോ എന്ന്പരിശോധിക്കുന്നുണ്ട്. കേസുകളിൽ വർധനവുണ്ടോ, ആശുപത്രി അഡ്മിഷൻ വർധിക്കുന്നുണ്ടോ എന്നു വിലയിരുത്തി മുന്നോട്ടു പോകയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് പൊതുവേ ഭീഷണമായ സാഹചര്യം വന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടി കൈക്കൊള്ളും. ജാ​ഗ്രതാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. കേസുകളിൽ വർ‌ധനവുണ്ടെങ്കിൽ കൂടുതൽ പരിശോധനാ സംവിധാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർ‌ത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കോവിഡ് കേസുകൾ കുറവാണെങ്കിലും രോ​ഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചൈനീസ് വകഭേദം ഒഡിഷയിലും ഗുജറാത്തിലും

അതിനിടെ ചൈനയിൽ രോ​ഗവ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒ​മിക്രോൺ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത.

ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് തീരുമാനങ്ങൾ.

കോവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഖത്തർ ലോകകപ്പിലെ നേട്ടങ്ങളുടെ പട്ടിക GK

എറ്റവും കൂടുതല്‍ ഗോളടിച്ചതാരം – കിലിയന്‍ എംബാപ്പെ (8) ഫ്രാന്‍സ്.

കൂടുതല്‍ അസിസ്റ്റുകള്‍ – (മൂന്ന്) ലയണല്‍ മെസ്സി (അര്‍ജന്റീന), ബ്രൂണോ ഫെര്‍ണാണ്ടസ് (പോര്‍ച്ചുഗല്‍), അന്റോയിന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ്), ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ഇവാന്‍ പെരിസിച്ച് (ക്രൊയേഷ്യ).

ഗോളിലേക്ക് കൂടുതല്‍ വഴിയൊരുക്കിയ താരങ്ങള്‍ – (10) മെസ്സി (7 ഗോള്‍, 3 അസിസ്റ്റ്) എംബാപ്പെ (8 ഗോള്‍, 2 അസിസ്റ്റ്)

ക്ലീന്‍ഷീറ്റ് കൂടുതല്‍ – (മൂന്ന്) യാസ്സിന്‍ ബോനോ (മൊറോക്കോ), എമിലിയാനോ മാര്‍ട്ടിനെസ് (അര്‍ജന്റീന), ജോര്‍ദന്‍ പിക്‌ഫോര്‍ഡ് (ഇംഗ്ലണ്ട്)

തുടര്‍ച്ചയായി ഏറ്റവുമധികം ക്ലീന്‍ ഷീറ്റ് നേടിയത് – (3) ജോര്‍ദന്‍ പിക്‌ഫോര്‍ഡ് (ഇംഗ്ലണ്ട്)

ഗോള്‍ നേടിയ പ്രായമേറിയ താരം – പെപ്പെ, (പോര്‍ച്ചുഗല്‍) 39 വയസ്സ് 283 ദിവസം

ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരം – ഗാവി (സ്പെയിന്‍), 18 വയസ്സ് 109 ദിവസം

ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ വന്നത് ഖത്തറിലാണ്, 172

ഹാട്രിക്കുകള്‍ – എംബാപ്പെ (ഫ്രാന്‍സ്), ഗോണ്‍സാലോ റാമോസ് (പോര്‍ച്ചുഗല്‍)

നിശ്ചിതസമയത്തും അധികസമയത്തും ആകെ 23 പെനാല്‍റ്റി കിക്കുകള്‍. 17 എണ്ണം ലക്ഷ്യത്തിലെത്തി.

കൂടുതല്‍ പെനാല്‍റ്റി ഗോളുകള്‍ നേടിയത് – മെസ്സി (4)

സെല്‍ഫ് ഗോളുകള്‍ – (രണ്ട്) എന്‍സോ ഫെര്‍ണാണ്ടസ് (അര്‍ജന്റീന), നയെഫ് അഗ്യൂറെഡ് (മൊറോക്കോ)

വേഗമേറിയ ഗോള്‍ – (രണ്ടാംമിനിറ്റ്) അല്‍ഫോന്‍സോ ഡേവിസ് (കാനഡ)

പകരക്കാരനായി ഇറങ്ങി വേഗമേറിയ ഗോള്‍ – (ഇറങ്ങി ഒരുമിനിറ്റ് കൊണ്ട്) മാര്‍ക്കസ് റാഷ്ഫോര്‍ഡ് (ഇംഗ്ലണ്ട്), റാന്‍ഡല്‍ കോളോ മുവാനി (ഫ്രാന്‍സ്)

നിശ്ചിതസമയത്തിന്റെ അവസാനസമയത്ത് നേടിയ ഗോള്‍ – മെഹ്ദി തരാമി (90+13) ഇറാന്‍

എക്‌സ്ട്രാ ടൈമിലെ അവസാനസമയത്തെ ഗോള്‍ – എംബാപ്പെ (118-ാം മിനിറ്റില്‍) ഫ്രാന്‍സ്

കുറഞ്ഞ സമയംകൊണ്ട് രണ്ട് ഗോളുകള്‍ – എംബാപ്പെ (97 സെക്കന്‍ഡ്) ഫ്രാന്‍സ്

കൂടുതല്‍ ഗോളടിച്ച ടീം – ഫ്രാന്‍സ് (16)

കുറഞ്ഞ ഗോള്‍നേടിയ ടീമുകള്‍ – ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഖത്തര്‍, ടുണീഷ്യ, വെയ്ല്‍സ് (ഒരു ഗോള്‍)

കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീം – കോസ്റ്ററീക്ക (11 ഗോള്‍)

കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീം – ടുണീഷ്യ (1)

കൂടുതല്‍ ഗോള്‍ പിറന്ന മത്സരം – (8), ഇംഗ്ലണ്ട്-ഇറാന്‍ (6-2)

ഒരു കളിയില്‍ കൂടുതല്‍ ഗോളടിച്ച ടീം – സ്പെയിന്‍ (7)

കൂടുതല്‍ ക്ലീന്‍ഷീറ്റുള്ള ടീം – മൊറോക്കോ (4)

ഒരു കളിയും ജയിക്കാത്ത ടീമുകള്‍ – കാനഡ, ഡെന്‍മാര്‍ക്ക് ഖത്തര്‍, സെര്‍ബിയ, വെയ്ല്‍സ്

കൂടുതല്‍ തോല്‍വികള്‍ വഴങ്ങിയ ടീമുകള്‍ – കാനഡ, ഖത്തര്‍

കൂടുതല്‍ സമനില നേടിയ ടീം – ക്രൊയേഷ്യ (4)

കൂടുതല്‍ തവണ കളിയിലെ താരമായത് – മെസ്സി (5)

പെൺകുട്ടികൾക്ക് കോളിജ് വിദ്യാഭ്യാസം വിലക്കി അഫ്ഗാൻ സർക്കാർ

0

പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഉത്തരവ്. സര്‍ക്കാര്‍ – സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്ന് നിർദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ മുതിര്‍ന്ന പുരുഷ അധ്യാപകരോ മാത്രമെ പഠിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിനുതന്നെ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ നിന്നും മറച്ചു വെച്ച് തട്ടിയത് 500 ൽ അധികം തൊഴിൽ അവസരങ്ങൾ

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ മറികടന്ന് ഉന്നതരുടെയും രാഷ്ട്രീയ ബന്ധുക്കളുടെയും ഇഷ്ടക്കാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തുന്ന കൂട്ടുകെട്ട് ഇപ്പോഴും സജീവം. ഇതിന് മറവിടാനായി നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവിടുന്നത് ലക്ഷങ്ങളാണ്.

വിജ്ഞാപനം ക്ഷണിക്കൽ, പരീക്ഷ, അഭിമുഖം എന്നിവയ്ക്കായി സർക്കാർസ്ഥാപനങ്ങൾ ഏകദേശം 20 ലക്ഷം രൂപയോളം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് (സി.എം.ഡി.) പ്രതിഫലം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഒരു ചെലവുമില്ലാതെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ സേവനം ലഭ്യമാക്കും. പക്ഷെ തങ്ങൾ ഉദ്ദേശിക്കുന്ന സംഘങ്ങൾ വഴി ഉദ്യോഗാർഥികളെ കയറ്റാൻ മറയിടാനാണ് ഈ ചിലവുകൾ. ക്രമക്കേടിന് സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനംമാത്രം ഈ വകയിൽ 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.

2020-നുശേഷം കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങൾ സമാന്തരമായി നടന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ട്. എന്നാൽ വാണിജ്യരഹസ്യമായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെൻ്റ് നിലപാട്.

വിവരാവകാശ നിയമത്തിൽ വാണിജ്യരഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിർവചനമാണ് ഇതിന് മറയാക്കുന്നത്. നിയമനത്തിനുവേണ്ടി ചുമതലപ്പെടുത്തിയ എല്ലാ സ്ഥാപനങ്ങളുടെയും പേരുകൾ സി.എം.ഡി. വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടുമില്ല.

രാഷ്ട്രീയ ഒത്തു തീർപ്പിൽ തട്ടിപ്പ്

ഇഷ്ടമുള്ളവരെ നിയമിക്കാൻ പാകത്തിൽ വിജ്ഞാപനം തയ്യാറാക്കി സി.എം.ഡി.ക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖപാനലിൽ ഉണ്ടാകും. നേരത്തേ നിശ്ചയിച്ചിട്ടുള്ളവർക്ക് നിയമനം നൽകുകയും ചെയ്യും.

പരീക്ഷാനടത്തിപ്പ് ഉൾപ്പെടെയുള്ള ജോലികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും നിയമനം നൽകുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സി.എം.ഡി.യുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമനാധികാരമില്ലെന്ന് പി.എസ്.സി., എംപ്ലോയ്‌മെന്റ് അധികൃതർ പറയുന്നു. സി.എം.ഡി.യുടെ മറയാണ് പിൻവാതിൽ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് സഹായകരമാകുന്നത്.

തൃക്കരിപ്പൂരിൽ നിന്നും എട്ടുപേർ കൂടി ഐ എസിൽ ചേരാൻ പോയതായി അന്വേഷക സംഘം

0

ഭീകരസംഘടനയായ ഐഎസിൽ ചേരാനായി തൃക്കരിപ്പൂരിൽനിന്ന്‌ എട്ടുപേർകൂടി യമനിലെത്തിയതായി അന്വേഷക സംഘം. കുട്ടികളുൾപ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ മറ്റ്‌ രണ്ടുപേരുമാണിതെന്ന്‌  പ്രത്യേക അന്വേഷകസംഘം പറഞ്ഞു. വർഷങ്ങളായി ദുബായിലായിരുന്ന കുടുംബത്തിന് നാട്ടിൽ ബന്ധമില്ല. സൗദിവഴിയാണ്‌ യമനിലെത്തിയത്‌.

യമനിലേക്ക് പോയതായി കണ്ടെത്തിയ മറ്റ്‌ രണ്ടുപേരിൽ ഒരാൾ സൗദിവഴിയും മറ്റൊരാൾ ഒമാനിൽനിന്നുമാണ് പോയത്. ആളുകൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായത്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘം ചൊവ്വാഴ്ച തൃക്കരിപ്പൂരിലെത്തി. കുടുംബങ്ങളിൽനിന്ന്‌ വിവരം ശേഖരിക്കാൻ വ്യാഴാഴ്ച വീണ്ടുമെത്തും.

2016ൽ  പടന്ന, തൃക്കരിപ്പൂർ മേഖലയിൽനിന്ന്‌ നാല് കുടുംബമുൾപ്പെടെ 21 പേർ ഐഎസിൽ ചേർന്നത് വാർത്തയായിരുന്നു.  ഇവരിൽ ഏഴുപേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒമ്പതുപേർ രണ്ട് വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ തടങ്കലിലുമാണ്.

ഐ ഐ ടികളിലെ സംവരണ അട്ടിമറി, ഉത്തരവാദിത്തം പാലിക്കണം- സുപ്രീം കോടതി

അധ്യാപക നിയമനം, ഗവേഷണബിരുദ പ്രവേശനം തുടങ്ങിയ നടപടികളിൽ സംവരണനയം കൃത്യമായി പിന്തുടരാൻ കേന്ദ്രസർക്കാരിനും ഐഐടികൾക്കും സുപ്രീംകോടതി നിർദേശം. കേന്ദ്രവും 23 ഐഐടിയും 2019ലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപക നിയമന സംവരണം) നിയമം പാലിക്കണമെന്ന്‌ ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌  നിർദേശിച്ചു.

എസ്‌സി, എസ്‌ടി, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്ന്‌ നേരിട്ടുള്ള നിയമനത്തിന്‌ സംവരണം ഏർപ്പെടുത്തുന്നതാണ്‌ 2019ലെ നിയമം. ഐഐടികൾ സംവരണം അട്ടിമറിക്കുന്നതായി കാണിച്ചുള്ള ഡോ. സച്ചിദാനന്ദ്‌ പാണ്ഡെയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിൽനിന്നും ഐഐടികളിൽനിന്നും വിശദീകരണം തേടിയിരുന്നു. എന്നാൽ 2019 നിയമപ്രകാരമുള്ള സംവരണം പാലിക്കുന്നതാണെന്ന് സർക്കാർ അവകാശപ്പെട്ടു.
ഈ ഉറപ്പ്‌ പരിഗണിച്ച്‌ കേസ്‌ തീർപ്പാക്കുന്നതായും നിയമപ്രകാരമുള്ള സംവരണം പാലിക്കാൻ സർക്കാരിനും ഐഐടികൾക്കും ഉത്തരവാദിത്വമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0

ക്രിസ്‌മസ് –-ന്യൂഇയർ യാത്രത്തിരക്ക് പരി​ഗണിച്ച് കേരളത്തിലേക്ക് 17 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. വ്യാഴം മുതൽ ജനുവരി രണ്ടു വരെ സർവീസ് നടത്തുന്ന രീതിയിലാണ് ട്രെയിനുകളുടെ ക്രമീകരണം. ഇതിനുപുറമെ മറ്റ് സെക്ഷനുകളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളടക്കം സർവീസ് നടത്തുന്നുണ്ട്. മൊത്തം 51 സ്പെഷ്യൽ ട്രെയിനാണ് കേരളത്തിലേക്ക് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാർ കൂടുതലാകുന്ന സാഹചര്യം പരി​ഗണിച്ച് ട്രെയിൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് നടപടി. എന്നാൽ, ബം​ഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇത്തവണയും റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടില്ല. 

ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകൾ

06046 എറണാകുളം ജങ്ഷൻ – എംജിആർ ചെന്നൈ സെൻട്രൽ (ഡിസം. 22)
06063 ചെന്നൈ എ​ഗ്മോർ – കൊല്ലം (ഡിസം. 23)
06045 എംജിആർ ചെന്നൈ സെൻട്രൽ – എറണാകുളം ജങ്ഷൻ (23)
06035  എറണാകുളം ജങ്ഷൻ – വേളാങ്കണ്ണി (24)
06064  കൊല്ലം – ചെന്നൈ എ​ഗ്മോർ (25)
06036 വേളാങ്കണ്ണി – എറണാകുളം ജങ്ഷൻ (25)
06065 ചെന്നൈ എ​ഗ്മോർ കൊല്ലം (26)
06068  എറണാകുളം ജങ്ഷൻ- താംബരം (26)
06067  താംബരം – എറണാകുളം ജങ്ഷൻ (27)
06066 കൊല്ലം – ചെന്നൈ എ​ഗ്മോർ (27)
06061 ചെന്നൈ എ​ഗ്മോർ കൊല്ലം (28)
06062 കൊല്ലം – ചെന്നൈ എ​ഗ്മോർ (29)
06063  ചെന്നൈ എ​ഗ്മോർ – കൊല്ലം (30)
06035  എറണാകുളം ജങ്ഷൻ വേളാങ്കണ്ണി (31)
06064  കൊല്ലം – ചെന്നൈ എ​ഗ്മോർ (ജനു.1)
06036  വേളാങ്കണ്ണി – എറണാകുളം ജങ്ഷൻ (1)
06068  എറണാകുളം ജങ്ഷൻ – താബരം (2)

ആരോഗ്യത്തിന് ഭീഷണി, പതഞ്ജലി ഉൾപ്പെടെ 16 കമ്പനികളുടെ ഉല്പന്നങ്ങൾ നേപ്പാൾ നിരോധിച്ചു

ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെൻ്റ് ഇതിനു പറുമെ 15 കമ്പനികളെ കൂടി വിലക്കി. അലോപ്പതി- ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രാജ്യത്തേക്ക് ഔഷധ ഇറക്കുമതിക്ക് അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി.

കഴിഞ്ഞ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ പരിശോധനയ്ക്കായി ഒരു സംഘത്തെ നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇവരുടെ കണ്ടത്തലാണ് നിരോധനത്തിലേക്ക് നയിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്ന മരുന്നുകളില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ളവയും ദന്തരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയും വാക്‌സിനുകളും വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

പതഞ്ജലിയുടെ വ്യാജങ്ങൾ കേരളത്തിലും

പതഞ്ജലിയുടെ പരസ്യം തുടർച്ചയായി പ്രസിധീകരിച്ച മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രസ്‌കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്‌
ലഭിച്ചിരുന്നു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധം പരസ്യ വരുമാനം കൂട്ടാൻ ആരോഗ്യ പരസ്യങ്ങൾ നൽകുന്നതാണ് നടപടിക്ക് കാരണമാക്കിയത്. ഇല്ലാത്ത ഗുണഗണങ്ങൾ പെരുപ്പിച്ച പരസ്യങ്ങൾ പത്രം അനുചിതമായി നൽകുകയായിരുന്നു.

മധുഗ്രിറ്റ്‌, ഐ ഗ്രിറ്റ്‌, തൈറോഗ്രിറ്റ്‌, ബിപിഗ്രിറ്റ്‌, ലിപിഡോം മരുന്നുകളുടെ പരസ്യങ്ങളാണ്‌ ജൂലൈ 10ന്‌ മാതൃഭൂമിയും ടൈംസ്‌ഓഫ്‌ ഇന്ത്യയും ഉൾപ്പടെയുള്ള മാധ്യമങ്ങൾ നൽകിയത്‌.

1954ല ഡിഎംആർ(ഒഎ) നിയമം, 2019 ഉപഭോക്‌തൃസംരക്ഷണ നിയമം തുടങ്ങിയവയുടെ ലംഘനമാണ്‌ പരസ്യങ്ങളെന്ന്‌ പ്രസ്‌കൗൺസിലിന്‌ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസ്‌കൗൺസിൽ മാതൃഭൂമി എഡിറ്റർ ഇൻ ചീഫിനോട്‌ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന്‌ പതഞ്‌ജലി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന ഹരിദ്വാറിലെ ദിവ്യാ ഫാർമസിക്ക്‌ ഉത്തരാഖണ്ഡിലെ സ്‌റ്റേറ്റ്‌ ലൈസൻസിങ്ങ്‌ അതോറിറ്റി നിർദേശം നൽകിയിരുന്നു. എന്നാൽ, വിലക്ക്‌ ലംഘിച്ചും കമ്പനി പരസ്യങ്ങൾ നൽകി

ഇതര കമ്പനികൾ

ദിവ്യ ഫാര്‍മസിക്ക് പുറമേ, റേഡിയന്റ് പാരന്‍റേരല്‍സ്, മെര്‍ക്കുറി ലബോറട്ടറീസ്, അലയന്‍സ് ബയോടെക്ക്, കാപ്ടാബ് ബയോടെക്, അഗ്ലോമെഡ്, സീ ലബോറട്ടറീസ്, ഡാഫോഡില്‍സ് ഫാര്‍മ, ജി.എല്‍.എസ്. ഫാര്‍മ, യുനിജുല്‍സ് ലൈഫ് സയന്‍സ്, കണ്‍സപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ശ്രീ ആനന്ദ് ലൈഫ് സയന്‍സസ്, ഐ.പി.സി.എ. ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്കുര്‍ ലബോറട്ടറീസ് എന്നീ കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നേപ്പാള്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിന് പിന്നാലെ നേപ്പാളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഔഷധനിര്‍മ്മാണം നടത്തുന്ന 46 കമ്പനികളുടെ ലിസ്റ്റും നേപ്പാള്‍ പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ 5G നഗരമായി കൊച്ചി

0

കേരളത്തിൽ ആദ്യത്തെ ഫൈവ് ജി നെറ്റ് വർക്ക് നഗരമായി കൊച്ചി. പനമ്പിള്ളി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നെറ്റ് വർക്ക് ഉദ്ഘാടനം ചെയ്തു. 5 ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ഐ ടി മേഖലകൾക്ക് ഊർജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി കോർപ്പറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതൽ 5ജി സേവനങ്ങൾ ലഭ്യമാകും. ജിയോ ട്രൂ 5ജി സേവനങ്ങൾക്കാണ് തുടക്കമിട്ടത്.

അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5ജി എത്തും.ഡിസംബർ അവസാനത്തോടെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കും.