ആശങ്കകൾക്ക് വിട, സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസ്, ജിറൂഡും എംബാപെയും മുന്നേറ്റ നിരയിൽ

ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. ജിറൂര്‍ദിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ജിറൂര്‍ദനെ ഇറക്കിയതോടെ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്,

ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് എത്തുമ്പോള്‍ പ്രതിരോധനിരയില്‍ കൗണ്ടെ, റാഫേല്‍ വരാനെ, ഡയോറ്റ് അപമെക്കാനോ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണുള്ളത്. ചൗമെനിയും, അന്‍റോണി ഗ്രീസ്മാനും ആഡ്രിയാന്‍ റാബിയോയും അടങ്ങുന്നതാണ് ഫ്രാന്‍സിന്‍റെ മധ്യനിര.

4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും  ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്‌മാന്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.

അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ ഉടന്‍ പ്രഖ്യാപിക്കും. ഫൈനലിനായി ഇരു ടീമുകളും ലൂസൈല്‍ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

ദീപിക പദുക്കോൺ ഖത്തറിൽ; സമാപന ചടങ്ങിൽ പങ്കാളിയാവും

ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തി. ട്രോഫി അനാച്ഛാദനം ചെയ്യുന്നത് ദീപിക പദുകോൺ ആയിരിക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് താരത്തിൻ്റെ സാന്നിധ്യം. പുതിയ ചിത്രമായ പാഠാനിലെ വേഷത്തിൻ്റെ പേരിൽ ഷരൂഖ് ഖാനെയും ദീപികയെയും രാഷ്ട്രീയമായി വേട്ടയാടുന്നതിനിടെയാണ് ഗ്ലാമർ നിയോഗം.

ആരാധകരോടും സഹയാത്രികരോടും ചിരിച്ചും കൈവീശുയമാണ് ദീപിക പദുക്കോൺ വിമാനത്താവള ലോഞ്ചിലേക്ക് കടന്നത്. രൺവീർ സിങാണ് അവരെ മുംബെ വിമാനത്താവളത്തിൽ കാറിൽ ഡ്രോപ്പ് ചെയ്തത്.

ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വിഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്. മെസ്സിയുമായ ഒരു സെൽഫി എടുക്കുമോ എന്ന ഫോട്ടോഗ്രാഫറുടെ ചോദ്യത്തിന് പറയാം എന്ന മറുപടിയാണ് താരം നൽകിയത്

ലോകകപ്പിൻറെ ഉദ്ഘാടന ചടങ്ങിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റൻ മാഴ്സെൽ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടിയ ടീമിൻറെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്

കപ്പ് മാത്രമല്ല, 347 കോടി രൂപയും അക്കൗണ്ടിലെത്തും

ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീമിന് കപ്പ് മാത്രമല്ല ലഭിക്കുക. അഭിമാനനേട്ടത്തിനൊപ്പം വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.

രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. അര്‍ജന്റീനയുടേയോ ഫ്രാന്‍സിന്റെയോ ടീം അക്കൗണ്ടുകളിലാണ് പണമെത്തുക.

മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യണ്‍ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും.

ക്വാര്‍ട്ടറിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ 17 മില്ല്യണ്‍ ഡോളറു(140 കോടി രൂപ) യാണ്.

പ്രീ ക്വാര്‍ട്ടര്‍ കളിച്ച സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്എ എന്നീ ടീമുകള്‍ക്ക് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതം.

ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിലും കാശുണ്ട്. ഖത്തര്‍, ഇക്വഡോര്‍, മെക്‌സിക്കോ, വെയ്ല്‍സ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, ഘാന, യുറഗ്വായ്, സെര്‍ബിയ, കാമറൂണ്‍, ഇറാന്‍ എന്നീ ടീമുകള്‍ സ്വന്തമാക്കിയത് ഒമ്പത് മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ.

ജിറൂഡും റാഫേല്‍ വരാനെയും ഇറങ്ങില്ലെന്ന് റിപ്പോർട്ട്

2022 ഫിഫ ലോകകപ്പ് ഫൈനലില്‍ സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഇറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാന്‍സിന്റെ പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുവരും ആദ്യ ഘട്ടം ഇറങ്ങാൻ സാധ്യതയില്ലെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ക്യാമ്പിൽ വൈറൽ പനി പടർന്നതാണ് ടീമിന് വെല്ലുവിളി തീർക്കുന്നത്. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി. ജിറൂഡിന് പകരം മാര്‍ക്കസ് തുറാം ടീമിലിടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മികച്ച ഫോമില്‍ കളിക്കുന്ന ജിറൂഡ് ഇല്ലാത്തത് ഫ്രാന്‍സ് ടീമിന് വെല്ലുവിളിയാവും. എങ്കിലും ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1938 ന് ശേഷമുള്ള തുടർ കിരീടത്തിൻ്റെ റെക്കോഡ് കൂടി ഫ്രാൻസ് പ്രതീക്ഷിക്കുന്നു.

ഈ ഫൈനലിന് ചില പ്രത്യേകതകളുണ്ട്; ഫ്രാൻസും അർജൻ്റീനയും കരുതിവെച്ചത് എന്താവും

ഖത്തർ ലോകകപ്പ് ഫൈനലിൽ ചില പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ തവണ ഫ്രാൻസും അർജൻ്റീനയും ലോകകപ്പ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ നാല് ഗോളിന് വിജയം ഫ്രാൻസിനൊപ്പം ആയിരുന്നു. അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ ഇത്തവണ പകരം വീട്ടാൻ അർജൻ്റീനക്കൊപ്പം കാത്തിരിപ്പുണ്ട്. ഒപ്പം അഭിമാന കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഇറങ്ങുന്നത്. കൂടെയുണ്ടാകും.

പഴയ ഏറ്റുമുട്ടലിലെ താരങ്ങൾ തന്നെ

എല്ലാ ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകിയ മത്സരമായിരുന്നു കഴിഞ്ഞ തവണ ഇരുകൂട്ടരും നേർക്കുനേർ വന്നപ്പോൾ. അന്ന് ഫ്രാൻസിനോട് പരാജയപ്പെട്ട് ക്വാർട്ടർ കാണാതെ അര്‍ജന്‍റീന പുറത്തായി. കഴിഞ്ഞ തവണ അർജൻ്റീനക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ ലയണൽ മെസ്സി, നിക്കോളാസ് ഒട്ടമെൻ്റി, എയ്ഞ്ചൽ ഡി മരിയ, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്ന ഡിബാലയും,അക്യുനയും ഇത്തവണയും കൂടെയുണ്ട്. അവർക്ക് കണക്ക് തീർക്കാനുണ്ട്.

ഗ്രീസ്മാനേയും എംബാപ്പയെയും പൂട്ടിയാൽ അർജൻ്റീനക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതേസമയം അർജൻ്റീനയുടെ എഞ്ചിൻ ആയ ലയണൽ മെസ്സിയെ പൂട്ടുന്ന ചുമതല റയൽ മാഡ്രിഡ് യുവതാരം ചുവാമേനിക്ക് ആയിരിക്കും. താരത്തെ സഹായിക്കാൻ അഡ്രിയാൻ റാബിയോട്ടും മദ്യനിരയിൽ ഉണ്ടാകും. നിലവിൽ ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവെക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം ഇതുവരെ നേടിക്കഴിഞ്ഞു. എന്തായാലും ശക്തമായ ഒരു പോരാട്ടം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.

ഫ്രാൻസിനെ കുറിച്ച് അർജൻ്റീന കോച്ച് സ്കലോണി…

”ഏത് നിമിഷവും എന്തും സംഭവിക്കാം. ഞങ്ങള്‍ അതിന് വളരെയധികം തയ്യാറായിട്ടു തന്നെയാണ് വന്നിട്ടുള്ളത്. ഫ്രഞ്ച് ടീമില്‍ മികച്ച താരങ്ങളുണ്ട്. കിലിയന്‍ എംബാപ്പെ മികച്ച യുവതാരമാണ്. ഇനിയും അദ്ദേഹത്തിന് മുന്നേറാന്‍ സാധിക്കും. എന്നാല്‍, മത്സരത്തെ സമീപിക്കണമെന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. ആരൊക്കെ ആദ്യ ഇലവനില്‍ കളിക്കുമെന്നതിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ തന്നെയാണ് ശ്രമം.”

”മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.” സ്‌കലോണി പറഞ്ഞു.

ഈ വാക്കുകൾക്കും ഒരു പശ്ചാത്തലമുണ്ട്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യടീമാകാനാണ് ഫ്രാന്‍സ് ഞായറാഴ്ച ഇറങ്ങുന്നത്. അപാരമായ ആത്മവിശ്വാസത്തോടെയാണ് ഫ്രാന്‍സ് ഇതുവരെ കളിച്ചത്. ആദ്യ രണ്ടുകളിയും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടുണീഷ്യക്കെതിരേ ആദ്യ ഇലവനെ അപ്പാടെ മാറ്റിയതിനെത്തുടര്‍ന്നുണ്ടായ തോല്‍വിമാത്രമാണ് തിരിച്ചടിയായത്. പ്രീക്വാര്‍ട്ടര്‍ മുതല്‍ വീണ്ടും ടോപ് ഗിയറിലായി

അര്‍ജന്റീനയ്ക്ക് മെസ്സിയും അല്‍വാരെസും എങ്ങനെയാണോ അതിന്റെ ഫ്രഞ്ച് പതിപ്പാണ് എംബാപ്പെയും ജിറൂഡും. ഗോള്‍കണക്കില്‍പ്പോലും സാമ്യമുണ്ട്. ഫ്രാന്‍സിന് ഇതിനൊപ്പമുള്ള പ്ലസ് പോയന്റ് അന്റോയിന്‍ ഗ്രീസ്മാന്‍ എന്ന പ്ലേമേക്കറാണ്. മൂന്ന് അസിസ്റ്റുമായി ഗ്രീസ്മാന്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അഞ്ചുഗോളടിച്ച എംബാപ്പെയും നാലുഗോളുമായി ജിറൂഡും മുന്നിലുണ്ട്.

വിങ്ങിലൂടെ അസാമാന്യവേഗത്തില്‍ കുതിച്ച് എതിര്‍ബോക്‌സിലേക്ക് അപകടകരമായി കടന്നുകയറുന്ന എംബാപ്പെ പൊസിഷന്‍ മാറിയാലും വിനാശകാരിയാണ്. സെമിയില്‍ വിങ്ങിലൂടെയുള്ള കുതിപ്പിന് മൊറോക്കോ തടയിട്ടപ്പോള്‍ എംബാപ്പെ സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളിലേക്ക് മാറി. ആ കളി ഞായറാഴ്ച ഫ്രാന്‍സിന്റെ വിധിയെഴുതുന്നതില്‍ പ്രധാനമാകും. നീലനിറത്തിലുള്ള ഹോംജേഴ്സിയിലാകും ഫ്രാന്‍സ് ഫൈനലില്‍ ഇറങ്ങുക. എന്നാല്‍, ഇതുവരെ അണിഞ്ഞ വെള്ള ഷോര്‍ട്സിനുപകരം കടുംനീല ഷോര്‍ട്സാകും ധരിക്കുക.

തോൽക്കാൻ മനസില്ലാതെ അർജൻ്റീന

2 ലോകകപ്പുകളിൽ 18 എണ്ണത്തിലും നീലപ്പട കളിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് ലോകകപ്പ് ഫൈനലിൽ അർജൻറീന എത്തിയിട്ടുള്ളത്. മൂന്ന് തവണ പരാജയപ്പെട്ട് മടങ്ങിയപ്പോൾ രണ്ട് തവണ കിരീടം നേടികൊണ്ടായിരുന്നു മടങ്ങിയത്. ഒരിക്കൽ പോലും സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ല.

ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്. മത്സരത്തിലെ ഏറ്റവും പ്രധാന കാര്യം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പയും ലയണൽ മെസ്സിയും നേർക്ക്നേർ വരുന്നു എന്നാണ്. രണ്ടു പേരും ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇരു താരങ്ങളെയും കുറിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരം ഒറിലിയൻ ചുവാമെനി ഇന്നലെ സെമിഫൈനൽ പോരാട്ടത്തിന് ശേഷം പറഞ്ഞ വാക്കുകളാണ്.”ഗ്രീസ്മാൻ എന്നോട് പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണെന്നാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം കിലിയൻ എംബാപ്പയാണ്.

ഇറാനിൽ ഒസ്കർ നടി തരാനെ അലിദോസ്തി അറസ്റ്റിൽ

0

പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിലായി. മത യാഥാസ്ഥിതിക ഭരണകൂടത്തിന് എതിരെ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് അറസ്റ്റ് സ്ഥിരീകരിച്ചു.

ഈ മാസം എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് അവർ ഇൻസ്റ്റാ​ഗ്രാമിൽ കുറിപ്പിട്ടിരുന്നു. പ്രക്ഷോഭകർക്ക് എതിരെ മരണ ശക്ഷ പ്രഖ്യാപിക്കുന്നതിന് എതിരെ ഇവർ പ്രതിഷേധം ഉയർത്തുകയും ചെയ്തു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അലിദോസ്തിയെക്കൂടാതെ ഫുട്ബോൾ താരങ്ങൾ, നടീനടന്മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചിൽ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരൽപോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകൾ മാനവികതയ്ക്കുതന്നെ അപമാനമാണെന്നും അവർ അന്ന് കുറിച്ചിരുന്നു. ഇതിന തുടർന്ന് എട്ട് മില്യൺ ഫോളോവേഴ്സ് ഉള്ള ഇവരുടെ പേജ് പൂട്ടിച്ചു.

പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി നടി അഭിനയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ അവർ ഇറാൻ സിനിമാലോകത്തെ മീ ടൂ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.

2016-ല്‍ പുറത്തിറങ്ങിയ ‘ദ സേയില്‍സ്മാന്‍’ എന്ന ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രത്തിലൂടെയാണ് അലിദോസ്തി ശ്രദ്ധേയയായത്. ഈ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അലിദോസ്തിയുടെ ‘ലേയ്‌ല ബ്രദേഴ്‌സ്’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു.

ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്ത് ഓരോ വർഷവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് പ്രണയികൾ, ആശങ്ക പങ്കുവെച്ച് ചീഫ് ജസ്റ്റീസ്

വീട്ടുകാരുടെയും ബന്ധുക്കളുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിൻ്റെ പേരില്‍ നൂറുകണക്കിന് പേരാണ് ഓരോ വര്‍ഷവും രാജ്യത്ത് കൊല്ലപ്പെടുന്നതെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജാതിയുടെയും മതത്തിൻ്റെയും വംശീയതകളടെയും അന്ധമായ ചെയ്തികൾക്ക് എതിരെ മുംബെയിൽ ഒരു ചടങ്ങിലാണ് ജസ്റ്റീസ് തുറന്നു പറച്ചിൽ നടത്തിയത്.

‘ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ അവരുടെ കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ കൊല്ലപ്പെടുന്നുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമവും സദാചാരവും എന്ന വിഷയത്തില്‍ മുംബൈയില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ത്രീപീസ് സ്യൂട്ട് ധരിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടുടെക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ വസ്ത്രം തിരഞ്ഞെടുത്തതെന്നും ചന്ദ്രചൂഡ് പറയുകയുണ്ടായി.

നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതില്‍ നിന്ന് നേരത്തെ ദളിതരെ വിലക്കിയിരുന്നു. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റേതായ സദാചാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുന്നു

ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊല അദ്ദേഹം ഉദ്ധരിച്ചു. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

‘ഭരണഘടനയുടെ രൂപീകരണത്തിനു ശേഷവും നിയമം പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങള്‍ പാസാക്കുന്നത്. അതിനാല്‍, പൊതു ധാര്‍മ്മികതയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളും പലപ്പോഴും ഭൂരിപക്ഷം നടപ്പിലാക്കുന്ന നിയമത്തിലേക്ക് കടന്നുവരുന്നു’ചന്ദ്രചൂഡ് പറഞ്ഞു.

”രാഹുൽ ആദ്യം സ്വന്തം ടൈമിങ് ശരിയാക്കൂ…” തിരിച്ചടിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്

കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.

രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരു തവണ. സംസ്ഥാനത്തെ ഒരു സന്ദര്‍ശനം കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സൂര്യന്‍ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തിരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ പദയാത്ര (ഭാരത് ജോഡോ യാത്ര) ആരംഭിച്ചത് സൂര്യന്‍ ആദ്യം ഉദിക്കുന്നിടത്ത് (കന്യാകുമാരി) നിന്നാണ്. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ടൈമിങ് ശരിയാക്കട്ടെ- ഭഗവന്ത് മാന്‍ പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിൻ്റെ മോശം പ്രകടനത്തിനു പിന്നില്‍ എ.എ.പി. വലിയ പങ്കുവഹിച്ചെന്ന രാഹുലിൻ്റെ പരാമര്‍ശമാണ് മുഖ്യമന്ത്രി ഭഗവന്ത് മാനെ പ്രകോപിപ്പിച്ചത്.

എം.എല്‍.എമാര്‍ എതിര്‍പാര്‍ട്ടികളിലേക്ക് കൂറുമാറുന്ന നിസ്സഹായത നേരിടുന്ന കോൺഗ്രസ് അവസ്ഥയെ അദ്ദേഹം കളിയാക്കി. എതിര്‍പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്വന്തം എം.എല്‍.എമാരെ വില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇത് തുടരുന്നിടത്തോളം പാർട്ടി ദരിദ്രമായിക്കൊണ്ടിരിക്കും. കോണ്‍ഗ്രസ് കോമയിലാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. എന്നാല്‍ ബി.ജെ.പിയാണ് നിലവില്‍ ഈ രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്നത്, മാന്‍ ഓർമ്മപ്പെടുത്തി.

ഹൃദയം പറയുന്നു മെസ്സി, പക്ഷെ….., ഷാരൂഖ് ഖാൻ്റെ ട്വീറ്റ് വൈറൽ

‘ഹൃദയം പറയുന്നത് മെസ്സി എന്നാണ്. എന്നാൽ എംബാപ്പെയുടെ കളി കാണുക രസമാണ്‌’-ഷാരൂഖ് ട്വീറ്റ് ചെയ്തു. ‘ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ്.

എല്ലാ ഫുട്‌ബോള്‍ ആരാധകരും കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. എല്ലാ കണ്ണുകളും ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തിലാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച്ച രാത്രി 8.30ന് അര്‍ജന്റീനയും ഫ്രാന്‍സും കലാശക്കളിയില്‍ മുഖാമുഖം വരും.

ആരായിരിക്കും ലോകചാമ്പ്യന്‍മാര്‍? ആ ചര്‍ച്ചയാണ് ഇപ്പോള്‍ ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. 

മൊറോക്കോ കളിച്ചു, ക്രൊയേഷ്യ കൃത്യതയോടെ ജയിച്ചു, 01 – 02

ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്തിൻ്റെ പ്രതീക്ഷയായി മുന്നേറിയ മൊറോക്കോയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ക്രൊയേഷ്യ. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ജോകോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഒര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. അഷ്‌റഫ് ദാരിയുടെ വകയായിരുന്നു മൊറോക്കയുടെ ഏകഗോള്‍. എല്ലാ ഗോളുകളും പിറന്നത് ആദ്യ പാതിയിലായിരുന്നു.

ഊർജ്ജം നിറച്ച കളി, പക്ഷെ ഫിനിഷ് ചെയ്യാൻ അറിയാതെ

മൊറോക്കോയുടെ കളിയിൽ ത്രസിപ്പിക്കുന്ന ഊർജ്ജമുണ്ട്. അവസരങ്ങൾ ആവർത്തിക്കുന്നതിനുള്ള വേഗമുണ്ട്. പക്ഷെ ഗോൾ പോസ്റ്റിലേക്ക് എത്തുമ്പോൾ എല്ലാം ചിതറി തെറിച്ചു പോവുന്നു. ക്രോയേഷ്യയാവട്ടെ അവസരങ്ങൾ മിന്നൽ വേഗത്തിൽ കൃത്യതയോടെ മുതലെടുത്തു. എതിരാളി അപകടകാരിയാവും എന്നറിഞ്ഞു തന്നെ മുന്നേറി. മൊറോക്കോ പൊസിഷനിങ്ങിലും പാസുകൾ കണക്ട് ചെയ്യുന്നതിലും കൃത്യതയില്ലാതെ അവസരങ്ങൾ സൃഷ്ടിച്ചിട്ടും മുതലാക്കാനാവാതെ പിരിഞ്ഞു.

ശ്രദ്ധയോടെ ക്രൊയേഷ്യ

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ക്രൊയേഷ്യ തന്നെയായിരുന്നു മുന്നില്‍. ഏഴാം മിനിറ്റില്‍ തന്നെ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടി. ഇവാന്‍ പെരിസിച്ചിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ലൂക്കാ മോഡ്രിച്ചിന്റെ ഫ്രീകിക്കില്‍ തലവച്ചുകൊടുത്താണ് പെരിസിച്ച് ഗ്വാര്‍ഡിയോളിന് പാസ് നല്‍കുന്നത്. ക്രോട്ട് താരത്തിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ഗോള്‍വര കടന്നു. 

എന്നാല്‍ രണ്ട് മിനിറ്റുകള്‍ക്കകം മൊറോക്കോ ഗോള്‍ തിരിച്ചടിച്ചു. ഗോള്‍ നേടിയ ഗ്വാര്‍ഡിയോളിന്റെ പിഴവ് ദാരി മുതലാക്കുകയായിരുന്നു. സിയെച്ചിന്റെ ഫ്രീകിക്കില്‍ തലവച്ചാണ് ദാരി വലകുലുക്കിയത്. മഹേര്‍ ക്ലിയര്‍ ചെയ്യുന്നതിന് മുമ്പ് പന്ത് വലയിലെത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ രണ്ടാം ഗോളും നേടി. ബോക്‌സിന് ഇടത് വശത്ത് നിന്ന് ഒര്‍സിച്ച് ചെത്തിയിട്ട പന്ത് ഗോള്‍ കീപ്പര്‍ ബൗനോസിന്റെ മുഴുനീളെ ഡൈവിംഗിനെയും കീഴ്‌പ്പെടുത്തി പോസ്റ്റില്‍ തട്ടി ഗോള്‍വര കടന്നു.

രണ്ടാംപാതിയില്‍ സമനില ഗോള്‍ നേടാന്‍ ഒരുങ്ങിതന്നെയാണ് മൊറോക്കോ ഇറങ്ങിയത്. അവരുടെ ആക്രമണത്തില്‍ പലപ്പോഴും ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറച്ചു. എന്നാല്‍ മികച്ചൊരു ഫിനിഷറുടെ അഭാവം മൊറോക്കന്‍ ഭാഗത്ത് കാണാമായിരുന്നു. ഇതിനിടെ റഫറിയുടെ പിഴവുകള്‍ക്കും അവസരം നിഷേധിച്ചു. 

ലൂസേഴ്‌സില്‍ പരാജയപ്പെട്ടങ്കിലും തലയുയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് മൊറാക്കോ പുറത്തായിരുന്നത്. ക്രൊയേഷ്യ, അര്‍ജന്റീനയ്ക്ക് മുന്നിലും പരാജയപ്പെട്ടു. നാളെയാണ് ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍. രാത്രി 8.30 ന്