ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 8.30, കരീം ബെൻസേമ തയാറെടുപ്പ് തുടങ്ങി

ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച്ച രാത്രി 8.30ന് ലോകകിരീടത്തിനായി ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ പോരാടും. എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കുകൂട്ടി ദെഷാംപ്‌സ് ഒരുക്കുന്ന കെണിയില്‍ അര്‍ജന്റീന വീഴുമോ അതോ ആ കെണിയെ പൊളിച്ചടക്കാനുള്ള തന്ത്രങ്ങള്‍ സ്‌കലോണിയുടെ തലച്ചോറിലുണ്ടാകുമോ എന്തായാലും ഒരു തകർപ്പൻ കളി ഒരുങ്ങുകയാണ്.

ഫ്രഞ്ച് നിരയിലേക്ക് സൂപ്പര്‍ താരം കരീം ബെന്‍സേമ പരിശീലനം ആരംഭിച്ച ചിത്രങ്ങൾ പുറത്തു വന്നു. സൂപ്പർ താരം തിരിച്ചെത്തുമെന്നതാണ് റിപ്പോര്‍ട്ടുകള്‍. പരിശീലിക്കുന്ന ചിത്രങ്ങള്‍ റയല്‍ മാഡ്രിഡ് എഫ്‌സി ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ചോദ്യം ചോദിക്കൂ……

മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം കോച്ച് ദെഷാംപ്‌സിനോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ വ്യക്തമായ ഉത്തരം ദെഷാംപ്‌സ് നല്‍കിയില്ല. ‘ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ഫ്രഞ്ച് കോച്ചിന്റെ മറുപടി. ‘ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ’ എന്നും ദെഷാംപ്‌സ് പറഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഫ്രഞ്ച് നിരയില്‍ ബെന്‍സേമയുമുണ്ടായിരുന്നു. പരിക്കിനെ തുടര്‍ന്ന് ടീം വിടുകയായിരുന്നു.പരിശീലനത്തിനിടെയാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവ് കൂടിയായ ബെന്‍സേമയ്ക്ക് പരിക്കേറ്റത്. പകരം താരത്തെ ടീമിലെടുത്തതുമില്ല.

താരങ്ങളുടെ ബാലാബലം ഇരുപക്ഷത്തും ശക്തിപ്പെടുകയാണ്. ഇനിയുള്ള ദിവസങ്ങൾ ആകാംക്ഷയുടേതാവും

കരീം ബെൻസേമ പരിശീലിക്കുന്ന ദൃശ്യങ്ങൾ


സമ്പദ്‌വ്യവസ്ഥ ചുരുങ്ങുന്നു, വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു – രഘുറാം രാജൻ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. കോവിഡിന് മുൻപ് തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗം തളർച്ചയിലായിരുന്നു. സമ്പന്നർ മാത്രമാണ് സുരക്ഷ അനുഭവിച്ചത്. ഏറ്റവും കഷ്ടത അനുഭവിച്ചത് ഇടത്തരക്കാരാണ്.

പലിശ നിരക്കുകള്‍ ഉയരുകയും കയറ്റുമതി കുറയുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത കൊല്ലം അഞ്ചു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ടും. അടുത്തകൊല്ലം അഞ്ചുശതമാനം വളര്‍ച്ച കൈവരിച്ചാല്‍ അത് നമ്മുടെ ഭാഗ്യം.

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് പരാമര്‍ശം.

കുത്തക നൽകുന്നത് രാജ്യത്തെ തകർക്കും

മൂലധന താത്പര്യങ്ങളെ പഴിക്കാൻ കഴിയില്ല. എന്നാൽ മത്സരം നിലനിർത്തണം. പകരം കുത്തകകളെ മാത്രം വളർത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല.

വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളെ കുറിച്ചും രഘുറാം രാജന്‍ സംസാരിച്ചു. കോവിഡ് 19 മഹാമാരി, വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന് മാത്രമാണ്. മഹാമാരിക്ക് മുന്‍പേ തന്നെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മന്ദഗതിയിലായിരുന്നു. വളര്‍ച്ചയ്ക്ക് ആവശ്യമായ പരിഷ്‌കാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം വളരെ വലുതാണ്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയാണ്. മഹാമാരിക്കാലത്ത് സാമ്പത്തിക അസമത്വത്തിലുണ്ടായിരുന്ന ഈ വിടവ് വര്‍ധിച്ചു. പണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് റേഷനും മറ്റും ലഭിച്ചു.

ലോവര്‍ മിഡില്‍ ക്ലാസിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. തൊഴിലുകളുണ്ടായിരുന്നില്ല, തൊഴിലില്ലായ്മ വര്‍ധിച്ചു. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമുണ്ടായിരുന്നതിനാല്‍ അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിന്റെ വരുമാനം വര്‍ധിച്ചു. എന്നാല്‍ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വരുമാന നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് വന്‍തിരിച്ചടി നേരിട്ട ലോവര്‍ മിഡില്‍ ക്ലാസിനെ മനസ്സില്‍വെച്ചു വേണം നയരൂപവത്കരണം നടത്താനെന്ന ഓർമ്മപ്പെടുത്തലും രഘുറാം രാജന്‍ മുന്നോട്ടുവെച്ചു.

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വർഷ എഞ്ചിനിയറിങ് വിദ്യാർഥി ബെംഗളൂരിവിൽ ജീവനൊടുക്കി

0

കൊയിലാണ്ടി സ്വദേശിയായ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ നിഥിന്‍(20)ആണ് മരിച്ചത്. ബെംഗളൂരു ബന്നാര്‍ഘട്ട റോഡ് എ.എം.സി. എന്‍ജിനീയറിങ് കോളിജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു നിഥിന്‍.

ഡിസംബര്‍ ഒന്നിനാണ് നിഥിന്‍ കോളിജിൽ എത്തിയത്. ബുധനാഴ്ച രാവിലെ നിഥിനെ കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ അന്വേഷിച്ചു. എത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചു. അപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാത്ത് റൂമിൽ കയറി സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. അച്ഛന്‍: പ്രസൂണ്‍. അമ്മ: ശ്രീകല, സഹോദരന്‍: നിര്‍മല്‍.

പോക്സോ കേസ് പ്രതിയെ സ്വവർഗ്ഗ പീഡനത്തിന് ഇരയാക്കിയ കേസിൽ സി ഐയെ തിരഞ്ഞ് പൊലീസ്

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ് എടുത്തത്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 27 കാരനായ പോക്സോ കേസ് പ്രതിയാണ് പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയത്.

നേരത്തെയും സമാനമായ സ്വഭാവ ദൂഷ്യം ആരോപിക്കപ്പെട്ട വ്യക്തിയാണ് സി ഐ. എന്നാൽ ഉന്നത് ബന്ധങ്ങളിലൂടെ ഊരിപ്പോരുകയായിരുന്നു പതിവ് എന്ന ആരോപണവും പൊലീസ് സേനയിൽ തന്നെ ഉയർന്നു.

അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച് ഒ ആയിരുന്നു ജയ സനില്‍. ഇയാള്‍ നിലവില്‍ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് പീഡന കേസിന് ആസ്പദമായ സംഭവങ്ങള്‍.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ ജയ സിനിലിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിനിരയായ കേസ് ജയ സനിലിന്റെ പക്കലാണ് എത്തിയത്. അന്ന് ഗള്‍ഫിലായിരുന്ന പ്രതിയേ ജയ സിനില്‍ കേസിന്റെ കാര്യത്തിനായി നാട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു.

പ്രതിയേയും സഹോദരനേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. കേസില്‍ നിന്ന് ഒഴിവാക്കാമെന്നും എന്നാല്‍ തന്റെ ചില താല്‍പര്യങ്ങള്‍ പരിഗണിക്കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയെ സിഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തി. അവിടെവെച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നുമാണ് കേസ്. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സഹോദരനെ വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ കേസ് ഒഴിവാക്കുന്നതിനായി 50,000 രൂപ ജയ സനില്‍ പ്രതിയില്‍ നിന്ന് തട്ടിയെന്നും എഫ്‌ഐആറിലുണ്ട്.

എന്നാല്‍ വാക്ക് നല്‍കിയ പോലെ സിഐ പോക്‌സോ കേസ് പിന്‍വലിച്ചില്ല. പകരം യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് ജയിലലടച്ചു. മൂന്നാമത്തെ ദിവസം പോക്‌സോ കേസില്‍ ചാര്‍ജ് ഷീറ്റ് ചെയ്യുകയും ചെയ്തു.

പോക്‌സോ കേസിൽ അകപ്പെട്ട വ്യക്തി പീഡനത്തിന് ഇരയായ വിവരം തന്റെ ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പിന്നീട് ജാമ്യം പരിഗണിക്കുന്നതിനിടയില്‍ കോടതിയിലും ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയ തിങ്കളാഴ്ച ഇയാള്‍ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സിഐക്കെതിരെ മുമ്പും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. എന്നാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജയസനില്‍ നേരത്തെ മറ്റൊരു പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഈ പണം കൊടുക്കാത്തതിനാല്‍ പ്രതിക്കെതിരേ മറ്റൊരു കള്ളക്കേസ് കൂടി ചമച്ചതിനാണ് ജയസനിലിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടയിലാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് കൂടി വന്നത്.

ഡോക്ടർ ഭാഗം പഠിക്കാൻ വിദ്യാർഥികൾ എത്തുന്നില്ല; 3944 സീറ്റുകൾ കാലി

പ്രൊഫഷണൽ കോളിജുകൾ സ്വാശ്രയ സ്വകാര്യ മേഖലകളിൽ കൂണുപോലെ മുളച്ചതോടെ പഠിക്കാൻ കുട്ടികളില്ല. വൻ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാൻ പോകുന്നതും സാധാരണ പ്രവണതയായി. ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഔദ്യോഗിക കണക്ക് മന്ത്രി പാർലമെൻ്റിൽ വെളിപ്പെടുത്തി.

2021-2022 അധ്യയനവർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ 3744 എണ്ണം കൗൺസിലിങ്ങിനുശേഷവും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യസഭയിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈ കണക്ക് അവതരിപ്പിച്ചത്. ബിരുദ സീറ്റുകൾ മൊത്തം ലഭ്യമായിട്ടുള്ളത് 96,077 ആണ്. ഇതിൽ തന്നെ 197 സീറ്റുകളും ഒഴിഞ്ഞു കിടപ്പാണ്. ഇവ സർക്കാർ സ്വകാര്യ മേഖലകളിൽ ഏകദേശം തുല്യമാണ്. എം.ബി.ബി.എസ്. സീറ്റുകളിൽ അമ്പതിനായിരത്തോളം സീറ്റുകൾ സർക്കാർ കോളേജുകളിലും നാല്പത്തി അയ്യായിരം സ്വകാര്യകോളേജുകളിലുമാണ്.

സീറ്റുകൾ കുത്തനെ കൂടി

2014 ൽ രാജ്യത്ത് 51,348 മെഡിക്കൽ ബിരുദ സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 96 077 ആണ്. 87 ശതമാനം വർധന. പിജി സീറ്റുകൾ 31,185 ആയിരുന്നു. മൊത്തം ഇപ്പോൾ 64 059 സീറ്റുകൾ ആയി. അതായത് 105 ശതമാനം വർധന. ഇതിന് അനുസരിച്ച് പഠന ചിലവും കുത്തനെ ഉയർന്നു. മെഡിക്കൽ കോളിജുകളുടെ കാര്യത്തിൽ 67 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഒഴിവു വന്ന സീറ്റുകൾ ഇത്തവണ കുറവാണ്.

2021 ലെ നീറ്റ് അണ്ടർ ഗ്വാജേറ്റ് പരീക്ഷ 15,44 273 പേർ എഴുതിയിരുന്നു.

ഫ്രാൻസ് വീണ്ടും; ആഫ്രിക്കൻ സ്വപ്നം പൊലിഞ്ഞു

ലോകകപ്പ് ഫൈനലിൽ അര്‍ജൻ്റീനയെ നേരിടാൻ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. ആദ്യമായി ഫൈനല്‍ പ്രവേശം എന്ന മൊറോക്കോയുടെ സ്വപ്നം ഫ്രഞ്ച് പ്രതിരോധത്തിനും അനുഭവസമ്പത്തിനും മുന്നില്‍ പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ പൊരുതിയ ആഫ്രിക്കന്‍ കരുത്താണ് മൊറോക്കോ പ്രദർശിപ്പിച്ചത്. പക്ഷെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ നിലവിലെ ചാമ്പ്യന്മാരോട് പോരാടി വീണു. മൊറോക്കന്‍ ആക്രമണത്തിന് മുന്നില്‍ ഫ്രാൻസ് പലപ്പോഴും പതറി എങ്കിലും ഫിനിഷിങ്ങിലെ പരിചയ സമ്പത്ത് തുണയായി.

ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ ലോകകപ്പിലെ രണ്ടാം ഫൈനലാണ്. ലോകകപ്പ് ചരിത്രത്തിലെ നാലാമത്തെ ഫൈനലിലുമാണ് അവർ എത്തുന്നത്. അത്രയും കരുത്തരായ ടീമിനോടാണ് മൊറോക്കോ കിതയ്ക്കാതെ പിടിച്ചു നിന്നത്. അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ലക്ഷ്യം കാണാനാവാതെയാണ് മൊറോക്കോ വീണുപോയത്.

ലോകകപ്പിൽ ഒരു ഓൺ ​ഗോൾ അല്ലാതെ മറ്റൊരു ​ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്

തിയോ ഫെര്‍ണാണ്ടസാണ് അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് അപ്രതീക്ഷിതമായ ലീഡ് നല്‍കിയത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയും ചേര്‍ന്ന് രൂപപ്പെടുത്തിയ നീക്കമാണ് ഹെര്‍ണാണ്ടസിന്റെ ക്വിക്ക് ഗോളില്‍ കലാശിച്ചത്. കിട്ടിയ റീബൗണ്ട് ഗോളിയുടെ തൊട്ടടുത്ത് നിന്ന് ഒന്നാന്തരമൊരു അക്രോബാറ്റിക് വോളിയിലൂടെയാണ് ഹെര്‍ണാണ്ടസ് വലയിലാക്കിയത്. പാസ് കൈമാറുന്നതിനിടെ മൊറോക്കോ കളിക്കാരൻ്റെ ദേഹത്ത് തട്ടിത്തെറിച്ച ബോളാണ്.

മിന്നുന്ന വേഗത

ഫ്രഞ്ച് പ്രതിരോധ താരം തിയോ ഹെർണാണ്ടസടിച്ചത് വേഗതയേറിയ രണ്ടാം ഗോളാണ്. 1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്.

ഒറ്റ ഗോളില്‍ ഫ്രാന്‍സ് കളി തീര്‍ക്കേണ്ടി വരും എന്ന സാഹചര്യമായിരുന്നു. മൊറോക്കോ വൻമതിൽ ഭദ്രമായിരുന്നു. പക്ഷെ എഴുപത്തിയൊന്‍പതാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റന്‍ഡല്‍ കോലോ മുവാനി രണ്ടാം ഗോള്‍ വലയിലാക്കി. മൊറോക്കന്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കി ഒരു നർത്തകനെപ്പോലെ എംബാപ്പെ കൊടുത്ത പന്താണ് റന്‍ഡല്‍ കോലോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് തിരിച്ചുവിട്ടത്. ഒസ്മാന്‍ ഡെബല്ലെയക്ക് പകരക്കാരനായി ഇറങ്ങി നാല്‍പത്തിനാലാം സെക്കന്‍ഡിലാണ് റാന്‍ഡല്‍ തന്റെ കന്നി ലോകകപ്പ് ഗോള്‍ നേടുന്നത്.

കളത്തിലിറങ്ങി, പന്ത് തൊട്ടു, ഗോൾ പിറന്നു

ഈ മത്സരത്തിലെ റാന്‍ഡലിന്റെ ആദ്യ ടച്ചായിരുന്നു ഗോളിലേയ്ക്കുള്ള ഷോട്ട് എന്നതും പ്രത്യേകതയാണ്. ബോൾ തൊട്ടതും ഗോളിലേക്ക്.

പ്രതീക്ഷിച്ചപോലെ ആധിപത്യം പുലര്‍ത്താനാവാതെ പോയ ഫ്രാന്‍സിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ചാണ് മൊറോക്കോ അടിയറവു പറഞ്ഞത്. 21-ാം മിനിറ്റില്‍ പരിക്കേറ്റ് ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്‌സിന് മടങ്ങേണ്ടിവന്നതും മൊറോക്കോയ്ക്ക് തിരിച്ചടിയായി. മധ്യനിരയിലും ഫ്രഞ്ച് ഏരിയയിലും കിട്ടിയ മേല്‍ക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ അവര്‍ക്കായില്ല. കൊടുത്ത ഒന്നാന്തരം ക്രോസുകള്‍ വേണ്ടവണ്ണം കണക്ട് ചെയ്യാന്‍ ആളില്ലാതെ പോവുകയും ചെയ്തു.

എങ്കിലും  ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. 60 വർഷത്തിനിടെ ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി മാറാനുള്ള അവസരമാണ് ഇനി ഫ്രാൻസിന് മുന്നിൽ. അർജൻ്റീന പക്ഷെ വിട്ടു കൊടുക്കുമോ….

മഹുവ മൊയ്ത്രയുടെ പരിഹാസത്തിന് മറുപടിയുമായ് മന്ത്രി നിർമല സീതാരാമൻ

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയുടെ സ്ഥിതിവിവര കണക്കുകൾ ഉന്നയിച്ചുള്ള പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന് ചോദിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ സ്ഥിതികൾ മുൻനിർത്തി മഹുവ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് മുഖം തിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാർ എന്ന നിലയ്ക്കായിരുന്നു ലോക് സഭയില്‍ നിര്‍മല സീതാരാമന്റെ മറുപടി.

“ആരാണ് പപ്പു എന്നും എവിടെയാണ് പപ്പുവെന്നും ബഹുമാനപ്പെട്ട അംഗം മഹുവ മൊയ്ത്ര ചോദിക്കുകയുണ്ടായി. അവര്‍ സ്വന്തം സ്വന്തം നാട്ടിലേക്ക് തന്നെ നോക്കണം. പശ്ചിമബംഗാളില്‍ തന്നെ അവര്‍ക്ക് പപ്പുവിനെ കണ്ടെത്താം. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മികച്ച പദ്ധതികള്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ബംഗാള്‍ പക്ഷെ അവ വിതരണം ചെയ്യുന്നില്ല. നിങ്ങള്‍ മറ്റെവിടെയും പപ്പുവിനെ തിരയേണ്ടതില്ല.”. ലോക്‌സഭയില്‍ അധിക ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ നിര്‍മല സീതാരാമന്‍ പറഞ്ഞു.

ആരാണ് തീപ്പെട്ടി ഭ്രാന്തനെ ഏല്പിച്ചത്

“ആരാണ് തീ കൊളുത്തിയത് എന്നതല്ല ചോദ്യം, ആരാണ് തീപ്പെട്ടി ഒരു ഭ്രാന്തനെ ഏല്‍പ്പിച്ചത് ?”എന്ന മഹുവയുടെ ചോദ്യം നിലവാരമില്ലാത്തതാണെന്ന്‌ നിര്‍മല സീതാരാമന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. നേതാക്കള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച് ജനങ്ങളെ തരംതാഴ്ത്തരുത്. ഇതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രസംഗം. വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്. സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണ്. മഹുവ കണക്കുകൾ നിരത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്‍ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. ഇക്കാര്യം സൂചിപ്പിക്കുന്നതിനിടെയാണ് ഇപ്പോള്‍ പപ്പു ആരാണ് എന്ന് മഹുവ ചോദ്യമുയര്‍ത്തിയത്. വ്യവസായികളുടേയും സമ്പന്നന്‍മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ചൂണ്ടി കാട്ടി. 32 കേസുകളിൽ മാത്രമാണ് കുറ്റം കണ്ടെത്തിയത്. 5422 കേസുകളിലായി ഇ ഡി അന്വേഷണം നടത്തിയപ്പോഴാണ് ഇത്.

ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യം

0

യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചനാ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത്. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായി യു.എസ് ഫോറൻസിക് ലബോറട്ടറി കണ്ടെത്തിയിരുന്നു.

രേഖകൾ ഹാക്കർവഴി സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റൺ ആസ്ഥാനമായ ആഴ്സനൽ ഫോറൻസിക് ലാബ് കണ്ടെത്തിയത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷയം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. വിഷയത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ ഇത് അനിവാര്യമാണെന്ന് ബി. നോയ് വിശ്വം എം.പി പറഞ്ഞു.

ഭീകരബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ട് കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയത്.

കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറിയതായ് നേരത്തെ ആരോപണം ഉയർന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്സനൽ ലാബിനെ സമീപിച്ചത്.

“രാജ്യം സാമ്പത്തിക തകർച്ചയിൽ, ഇപ്പോൾ ആരാണ് പപ്പു” എന്ന് മഹുവ മൊയ്ത്ര

രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ദയനീയ സ്ഥിതി മുൻനിർത്തി കേന്ദ്ര സർക്കാർരിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ എംപിയുടെ പരിഹാസം. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് നരേന്ദ മോദി സര്‍ക്കാരിനെതിരെ അവർ ചോദ്യം ഉന്നയിച്ചത്.

സാമ്പത്തിക മേഖല കൂപ്പുകുത്തുന്നു

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഇന്ത്യയുടെ വ്യാവാസായികോത്പാദനനിരക്ക് ഒക്ടോബറില്‍ നാല് ശതമാനം കുറഞ്ഞു. 26 മാസക്കാലയളവിലെ ഏറ്റവും കുറവ് ഉത്പാദനനിരക്കാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ഉത്പാദനമേഖലയുടെ വളര്‍ച്ചാനിരക്ക് 5.6 ശതമാനം കുറഞ്ഞു. വിദേശ നാണ്യശേഖറം കഴിഞ്ഞ ഒരുകൊല്ലത്തിനിടെ 72 ബില്യണ്‍ ഡോളറാണ് കുറവ് രേഖപ്പെടുത്തിയത്.

സാമ്പത്തിക മേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്ന് അവർ കണക്കുകൾ സഹിതം ചൂണ്ടികാട്ടി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ലോക് സഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

2014 മുതലുള്ള 9 വര്‍ഷത്തിനിടെ 12.5 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ആരോഗ്യപരമായ സാമ്പത്തിക പരിസ്ഥിതിയോ നികുതി വ്യവസ്ഥയോ നിലനില്‍ക്കുന്നതിന്റെ സൂചനയാണോ ഇതെന്നും മഹുവ ചോദിച്ചു. വിമർശിക്കയും വഴങ്ങാൻ കൂട്ടാക്കാതിരിക്കയും ചെയ്യുന്ന വ്യവസായികളുടേയും സമ്പന്നന്‍മാരുടേയും പ്രതിപക്ഷകക്ഷി നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മഹുവ ചൂണ്ടികാട്ടി.

രാജ്യധർമ്മം പറയുന്നവർക്ക് പ്രതിപക്ഷ ശബ്ദം കേൾക്കാനുള്ള ബാധ്യത കൂടിയുണ്ട് എന്ന് ഓർമ്മിപ്പിച്ചായിരുന്നു വിമർശനം. പ്രതിപക്ഷ ശബ്ദത്തിനും വഴങ്ങാത്ത വ്യവസായികൾക്കും മുകളിൽ ഭീകരതയുടെ വാൾ തൂക്കിയിട്ടിരിക്കയാണെന്നും അവർ പറഞ്ഞു. 5422 അന്വേഷണങ്ങൾ പ്രതിപക്ഷത്തുള്ളവർക്ക് എതിരെ ഇ ഡി നടത്തി. പക്ഷെ 23 പേരെയാണ് ഇതു പ്രകാരം കുറ്റക്കാരായി കണ്ടെത്തിയത്.

ആരാണ് പപ്പു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നിന്ദിക്കാനും അയോഗ്യനാണെന്ന് ആക്ഷേപിക്കാനും വേണ്ടി സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് കണ്ടുപിടിച്ചതാണ് പപ്പു എന്ന വാക്ക്. എന്നാല്‍ ഇപ്പോള്‍ പപ്പുവെന്ന വാക്കിന് മോദി സര്‍ക്കാരിനാണ് അര്‍ഹതയുള്ളത് എന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

2022-23 കാലയളവില്‍ അധിക ഗ്രാന്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ലോക്‌സഭയില്‍ നടന്ന പ്രത്യേകചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഹുവ. ചൊവ്വാഴ്ച വൈകുന്നേരം തന്റെ പ്രസംഗത്തിന്റെ ലിങ്ക് മഹുവ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ടിന്‍ടിന്‍ എന്ന കോമിക് ബുക് സീരീസിന്റെ കവറില്‍ മാറ്റം വരുത്തി ദ അഡ്വെന്‍ചേഴ്‌സ് ഓഫ് ടിന്‍ടിന്‍: ദ ഡിസ്‌കവറി ഓഫ് റിയല്‍പപ്പു എന്ന തലക്കെട്ടോടെയായിരുന്നു മഹുവയുടെ ട്വീറ്റ്.

ബംഗാളിലേക്ക് പിൻതിരിഞ്ഞ് നോക്കൂ പപ്പുവിനെ കാണാം

എന്നാൽ ഈ വാദങ്ങളെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നേരിട്ടു. ബംഗാളിലേക്ക് പിന്തിരിഞ്ഞു നോക്കൂ പപ്പുവിനെ കാണാം എന്നായിരുന്നു പ്രതികരണം. സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കലാണ് ഇതെന്നും അവർ പറഞ്ഞു.

ഇന്നത്തെ കളി ഫുട്ബോളിലെ പുതിയ സൌന്ദര്യമാവുന്നത് എങ്ങനെ; കണ്ടറിയണം

മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ ശൈലികൾ ഫൈനലിലേക്കുള്ള അന്തിമ പോരാട്ടത്തിലാണ്. കളിയുടെ രണ്ട് സൌന്ദര്യ തലങ്ങൾ ഏറ്റുമുട്ടുന്നു. ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഇത് വ്യത്യസ്തമായ സൌന്ദര്യാനുഭവമാണ്. തികച്ചും വ്യത്യസ്തമായ രണ്ട് സമീപനങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു പടയോട്ടം. വിജയമാണ് മുഖ്യം

കളി വെറും പാരമ്പര്യം പറച്ചിലല്ല

അഞ്ച് ഗോളടിച്ച കിലിയന്‍ എംബാപ്പെയും നാല് ഗോളടിച്ച ഒളിവര്‍ ജിറൂഡും ടോപ് സ്‌കോറര്‍ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മൂന്ന് അസിസ്റ്റുമായി അന്റോയിന്‍ ഗ്രീസ്മാന്‍ ടോപ് അസിസ്റ്റ് പട്ടികയില്‍ മുന്നില്‍. ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ സാമര്‍ഥ്യമുള്ളവരുടെ കൂടാരമാണ് ഫ്രാൻസ്. ലോകകപ്പിന്റെ സെമിയില്‍ ഫ്രാന്‍സ് ഒരിക്കലും പ്രതീക്ഷിച്ച മുഖാമുഖമല്ല ഈ പോരാട്ടം എന്നു വിലയിരുത്തുന്നവരുണ്ട്. പക്ഷെ പുതിയ സമീപനവും കേളീ ശൈലിയും അജയ്യമായി ഉയന്നു വരികയാണ്. ഇതിൽ ജയം എവിടെ നിൽക്കും എന്നതാണ് ഇന്നത്തെ ആവേശം. ഫുട്ബോളിലെ സുന്ദരമായ കേളീശൈലിയാണ് ഫ്രാൻസ് പിന്തുടരുന്നത്.

കണ്ടറിയണം ഈ കളിയുടെ രഹസ്യം

ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളെ വീഴ്ത്തിയ മൊറോക്കോ കയ്യാളുന്ന മാജിക് എന്താണ്. ഇത് ക്ലാസിക്കൽ ഫുട്ബോളിന് എന്ത് വെല്ലുവിളിയാണ് ഉയർത്തുക. അഞ്ച് കളിയില്‍ അഞ്ച് ഗോള്‍മാത്രമേ മൊറോക്കോ നേടിയിട്ടുള്ളൂ. ഇതിനിടെ, ഒരേയൊരു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ. ബെല്‍ജിയവും സ്‌പെയിനും പോര്‍ച്ചുഗലും ക്രൊയേഷ്യയും ഖത്തറില്‍ മൊറോക്കോയുടെ പോസ്റ്റില്‍ ഗോളടിച്ചിട്ടില്ല. കാനഡയ്‌ക്കെതിരായ മത്സരത്തിലാണ് മൊറോക്കോയ്‌ക്കെതിരേ ഒരു ഗോള്‍ വന്നത്. അത് സെല്‍ഫ്‌ഗോളായിരുന്നു. പവർ ഗെയിമാണ് അവർ കാഴ്ചക്കാർക്ക് നൽകുന്നത്. ഗ്രൌണ്ടിൽ പ്രയോഗിക്കുന്നതും.

ഫ്രാന്‍സ്

  • മുന്നേറ്റനിരതാരം കിലിയന്‍ എംബാപ്പെ രണ്ടു ലോകകപ്പുകളിലായി 12 കളിയില്‍നിന്ന് ഒമ്പതുഗോള്‍ നേടിക്കഴിഞ്ഞു. ഇത്തവണ ഗോള്‍നേട്ടം അഞ്ചായി
  • 1998-നു ശേഷം ലോകകപ്പിന്റെ സെമിഫൈനലില്‍ കടക്കുന്ന ആദ്യ നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാന്‍സ്. ജയിച്ചാല്‍ 2002-നുശേഷം തുടര്‍ച്ചയായി ഫൈനല്‍ കളിക്കുന്ന ടീമായിമാറും.
  • ലോകകപ്പില്‍ ഫ്രാന്‍സിനായി കൂടുതല്‍ മത്സരം കളിച്ച താരം ഇപ്പോഴത്തെ നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ് (18 മത്സരം). അന്റോയിന്‍ ഗ്രീസ്മാന്‍ 17 മത്സരവുമായി തൊട്ടുപിന്നിലുണ്ട്.
  • ലോകകപ്പില്‍ ഫ്രാന്‍സിന്റെ ടോപ് സ്‌കോറര്‍ ജസ്റ്റ് ഫൊണ്ടെയന്‍. 1958 ലോകകപ്പില്‍ 13 ഗോളാണ് അടിച്ചുകൂട്ടിയത്. നാല് ഗോള്‍കൂടി നേടിയാല്‍ കിലിയന്‍ എംബാപ്പെക്ക് ഈ റെക്കോഡിനൊപ്പമെത്താം
  • ലോകകപ്പില്‍ ഫ്രാന്‍സ് മൊത്തം കളിച്ചത് 71 മത്സരങ്ങള്‍. 38 ജയം. 13 സമനില, 20 തോല്‍വി

മൊറോക്കോ

  • ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. സെമിയിലേക്ക് ടീമിനെ നയിക്കുന്ന ആദ്യ ആഫ്രിക്കന്‍ പരിശീലകനാണ് മൊറോക്കോയുടെ വാലിദ് റെഗ്രാഗുയ്
  • ഈ ലോകകപ്പില്‍ എതിരാളികള്‍ക്ക് മൊറോക്കോയുടെ ഗോള്‍വലയില്‍ പന്തെത്തിക്കാനായിട്ടില്ല. കാനഡയ്‌ക്കെതിരായ മത്സരത്തിലെ സെല്‍ഫ് ഗോളാണ് ടീം ഇതുവരെ വഴങ്ങിയത്.
  • അഷ്റഫ് ഹക്കീമിയാണ് കൂടുതല്‍ മത്സരം കളിച്ച താരം. 2018 ലോകകപ്പിലും ഈ ലോകകപ്പിലുമായി എട്ട് മത്സരങ്ങള്‍. ഏഴ് മത്സരങ്ങളുള്ള ഹക്കീം സിയെച്ച് തൊട്ടുപിന്നിലുണ്ട്.
  • മൂന്ന് ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരിയാണ് ടോപ് സ്‌കോറര്‍.
  • ലോകകപ്പില്‍ മൊറോക്കോ മൊത്തം കളിച്ചത് 21 മത്സരം. അഞ്ച് ജയം, ഏഴ് സമനില, ഒമ്പത് തോല്‍വി.