അഗ്നിപഥ് കരാർ ശിപായിക്കും താഴെ; കോടതിക്ക് മുന്നിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ

കര, നാവിക, വ്യോമസേനകളില്‍ അഗ്നിപഥ് കരാർ നിയമന പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീര്‍മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശിപായിമാരെ അഗ്നിവീര്‍മാര്‍ സല്യൂട്ട്‌ ചെയ്യേണ്ടി വരുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാല് വര്‍ഷം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് നിലപാട് അറിയിച്ചത്. സേന വിഭാഗങ്ങളിലെ പ്രത്യേക കേഡര്‍ ആയിട്ടാകും അഗ്നിവീര്‍മാരെ പരിഗണിക്കുക.

അഗ്നിവീര്‍മാര്‍ക്ക് അടിസ്ഥാന പരിശീലനം ആണ് നല്‍കുന്നത്. നാല് വര്‍ഷത്തിന് ശേഷം ഇതില്‍ സ്ഥിരം നിയമനം ലഭിച്ച് സേന വിഭാഗങ്ങളില്‍ ശിപായി തസ്തികകയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ഉയര്‍ന്ന തലത്തില്‍ ഉള്ള പരിശീലനം നല്‍കുമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അതിനാല്‍ തന്നെ ശിപായി തസ്തികയ്ക്കും താഴെയാണ് അഗ്നിവീര്‍മാരെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം അഗ്നിവീര്‍മാരുടെ ഉത്തരവാദിത്വം ശിപായിക്കും തുല്യം ആണെങ്കില്‍, എങ്ങനെയാണ് അവര്‍ക്ക് കുറഞ്ഞ വേതനം നല്‍കാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞു. അഗ്നിവീര്‍മാര്‍ക്കും ശിപായിമാര്‍ക്കും തുല്യ ഉത്തരവാദിത്വം അല്ലെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി. സൈന്യത്തില്‍ സ്ഥിരം നിയമനം ലഭിക്കാത്ത ആയുധ പരിശീലനം ലഭിച്ച അഗ്നിവീര്‍മാരുടെ പുനഃരധിവാസം എങ്ങനെ ആയിരിക്കുമെന്നും കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച പദ്ധതി സത്യവാങ്മൂലമായി ഫയല്‍ ചെയ്യാനും കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

മേഘാലയിലും ഓപ്പറേഷൻ താമര; തിരഞ്ഞെടുപ്പിന് തൊട്ട് നാല് എം. എൽ. എമാർ ബിജെപിയിൽ

0

മേഘാലയയില്‍ ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. 2023 മാര്‍ച്ചില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂറുമാറ്റം.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച്.എം. ഷാംഗ്പ്ലിയാങ് ബി.ജെ.പിയിലെത്തിയത്. ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവര്‍ എന്‍.പി.പി. വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് മൂവരും എം.എല്‍.എ. സ്ഥാനം രാജിവെച്ചത്.

ന്യൂഡല്‍ഹിയില്‍ കൂറുമാറ്റക്കാരെ സ്വീകരിക്കുന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഇഡിഎ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ പങ്കെടുത്തു.

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ ഫണ്ട് തട്ടിയ കേസിൽ മാനേജർ പിടിയിൽ

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കെ തന്നെ ഇയാള്‍ ഒളിവിലായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പ്പറേഷന്റെ മാത്രം 10.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്വകാര്യവ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

സംഭവത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടില്‍നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ 29-ാം തിയതി മുതല്‍ റിജില്‍ ഒളിവിലായിരുന്നു. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയിൽ തേങ്ങ വീണ് മരിച്ചു

0

അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയില്‍ തേങ്ങ വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പി.പി മുനീര്‍ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് മരണത്തിന് കാരണമായ അപകടം ഉണ്ടായത്. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയുമൊത്ത് തിരികെ വരുമ്പോൾ വഴിയരികിലെ തെങ്ങില്‍നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീഴുകയായിരുന്നു.

സൗദി അറേബ്യയിലെ ഹയാല്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ ഉപ്പയുടെ ചികിത്സാവശ്യം രണ്ടര മാസം മുന്‍പാണ് നാട്ടിലെത്തിയത്.

മാതാവ്: ആമിന. മക്കള്‍: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ (ഒമ്പതാം ക്ലാസ്, അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) സഹോദരന്‍: പി.പി. നൗഷാദ്, പി.പി. നൗഷിദ.

“ആ റഫറി ഒരു ദുരന്തമാണ്” അർജൻ്റീനയ്ക്ക് നൽകിയ പെനാൽറ്റിക്കെതിരെ മോഡ്രിച്ച്

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ വിമര്‍ശിച്ച് ക്രൊയോഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ചും രംഗത്തെത്തി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഇരുവരും ഇറ്റാലിയന്‍ റഫറിയായ ഡാനിയല്‍ ഒര്‍സാറ്റോയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചത്. അതുവരെ നന്നായി കളിച്ചിരുന്ന ടീമിനെ മുഴുവൻ തകർത്തത് ആ പെനാൽറ്റിയാണെന്ന് ഇരുവരും പറഞ്ഞു.

അനുവദിക്കാൻ പാടില്ലായിരുന്നു

പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ സാധാരണയായി റഫറിമാരെ കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ ഇന്ന് സംസാരിക്കാതിരിക്കാനാകില്ല. അദ്ദേഹം വളരെ മോശം റഫറിമാരില്‍ ഒരാളാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്. അദ്ദേഹം നിയന്ത്രിച്ച മത്സരങ്ങളില്‍ ഞാന്‍ മുമ്പും കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മകളൊന്നും ഇല്ല. അദ്ദേഹമൊരു ദുരന്തമാണ്. എങ്കിലും അര്‍ജന്റീനയെ ഞാന്‍ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്ന ടീമാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി ഞങ്ങളെ തകര്‍ത്തുകളഞ്ഞു.’ മോഡ്രിച്ച് വ്യക്തമാക്കി.

ആ ഗോളാണ് മത്സരം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയത്

അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതിനെ ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ചും ചോദ്യം ചെയ്തു. ‘കൂടുതല്‍ സമയവും പന്ത് ഞങ്ങളുടെ കാലിലായിരുന്നു. എന്നാല്‍ ഒരു ഗോള്‍ വഴങ്ങി. അത് സംശയകരമായ പെനാല്‍റ്റിയാണ്. ആ ഗോളാണ് മത്സരം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയത്. അതുവരെ മത്സരത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. അപകടകാരികളായി കളിച്ചില്ലെങ്കിലും പ്രതീക്ഷിച്ചതു പോലെ കളി മുന്നോട്ടുകൊണ്ടുപോകാന്‍ സാഘിച്ചു. അര്‍ജന്റീനന്‍ താരം ഗോളി ലിവാകോവിച്ചിനെ ഇടിച്ചതിന് പെനാല്‍റ്റി നല്‍കിയത് പുതിയ നിയമം ആണോ? അങ്ങനെയെങ്കില്‍ അതൊക്കെ ഞങ്ങളും അറിയണമല്ലോ. വിജയിച്ച അര്‍ജന്റീനന്‍ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ കുട്ടികള്‍ ഈ ലോകകപ്പില്‍ പുറത്തെടുത്ത പ്രകടനത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. നമുക്ക് തിരിച്ചുവരേണ്ടതുണ്ട്’ -ഡാലിച്ച് വ്യക്തമാക്കുന്നു.

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ലയണല്‍ മെസ്സി പെനാല്‍റ്റിയിലൂടെ ലീഡ് നല്‍കിയപ്പോള്‍ ശേഷിക്കുന്ന രണ്ടു ഗോളും വലയിലെത്തിച്ചത് ജൂലിയന്‍ അല്‍വാരസാണ്. മൂന്നാം ഗോളില്‍ മെസ്സിയുടെ മനോഹരമായ അസിസ്റ്റും ആരാധകര്‍ കണ്ടു. കളിയുടെ ആദ്യ മിനിറ്റുകളിൽ ക്രോയേഷ്യക്കായിരുന്നു മുൻതൂക്കം. പന്തടക്കവും അവരുടെ കയ്യിലായിരുന്നു.

എം കെ സ്റ്റാലിൻ്റെ മകൻ തമിഴ്നാട് മന്ത്രിസഭയിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. കായിക യുവജനക്ഷേമ വകുപ്പുകളായിരിക്കും ഉദയനിധിക്ക് നൽകുകയെന്നാണ് സൂചനകൾ. വനം, വിനോദസഞ്ചാരം, സഹകരണം, പുതിയ പദ്ധതികളുടെ നടപ്പാക്കൽ വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

സ്വർണ്ണം തൊടരുത്, വില പവന് 40,240 ൽ എത്തി തിളയ്ക്കുന്നു

0

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില.

2020 ഓഗസ്റ്റില്‍ സ്വർണവില പവന് 42000 രൂപയിൽ എത്തിയിരുന്നു. കോവിഡ് കാലത്തായിരുന്നു ഇത്. ഇതേ നിലവാരത്തിലേക്കാണ് കുതിപ്പ്.

പരിശുദ്ധി അറിയണം

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ കളറാണ്.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഉയരുമ്പോൾ കൂടുതൽ ശുദ്ധ സ്വർണ്ണം ഉൾപ്പെടുകയാണ് ചെയ്യുക. 24K അല്ലാത്ത സ്വർണ്ണത്തിൽ എല്ലാം തന്നെ മറ്റു ലോഹങ്ങൾ കൂടി മിക്സ് ചെയ്തിരിക്കുന്നു. സിൽവർ, കോപ്പർ, നിക്കൽ എന്നിവയാണ് സാധാരണ ഇത്തരത്തിൽ മിക്സ് ചെയ്യാറുള്ളത്.

വിടവാങ്ങൽ പ്രഖ്യാപിച്ച് മെസ്സി

 ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം.

”ലോകകപ്പിലെ എന്റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി ഒരു ഫൈനല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്”- എന്നാണ് മെസ്സി പറഞ്ഞത്.

“അത് ശരിക്കും സന്തോഷകരമാണ്. അര്‍ജന്റീനയില്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് കാണുമ്പോള്‍, ഈ ലോകകപ്പിലെ എന്റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്തതിനായി ഇനി മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. എന്നാല്‍ എനിക്കത് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഈ രീതിയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്”, ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അർജന്റീനയെന്ന് തെളിയിച്ചെന്നും ലയണൽ മെസി പറഞ്ഞു.

റെക്കോഡുകൾ തിരുത്തി പിൻമാറ്റം

ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലില്‍ ഗോളടിച്ചും അതിന് വഴി ഒരുക്കിയുമാണ് മെസ്സി പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചത്. ഇതോടെ ടൂര്‍ണമെന്റില്‍ മെസ്സിയുടെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. അസിസ്റ്റുകളുടെ എണ്ണം മൂന്നാകുകയും ചെയ്തു. 1966-ന് ശേഷം ഒരു ഫുട്ബോള്‍ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡ് കൂടി ഇത്തവണ മെസ്സി നേടിയിട്ടുണ്ട്.

ക്രൊയേഷ്യയ്ക്കെതിരേ ഗോളടിച്ചതോടെ മെസ്സി ലോകകപ്പിലെ ആകെ ഗോള്‍നേട്ടം 11 ആക്കി ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് മെസ്സിയ്ക്ക് സ്വന്തമായി. 10 ഗോളടിച്ച ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡ് പഴങ്കഥയായി. ഒപ്പം 2022 ഖത്തര്‍ ലോകകപ്പിലെ ടോപ് ഗോള്‍ സ്‌കോററായി മാറാനും മെസ്സിയ്ക്ക് സാധിച്ചു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവുമധികം ഗോള്‍ നേടിയതും അസിസ്റ്റ് നല്‍കിയതും കൂടുതല്‍ ഷോട്ടുതിര്‍ത്തതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഇതുവരെ മെസ്സിയാണ്.

ഈ ലോകകപ്പില്‍ മെസ്സി ഇതുവരെ മൂന്ന് ഗോളുകള്‍ പെനാല്‍റ്റിയിലൂടെ നേടിക്കഴിഞ്ഞു. ഫൈനലിലും പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാല്‍ മെസ്സിയ്ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ പെനാല്‍റ്റിയിലൂടെ നേടുന്ന താരം എന്ന റെക്കോഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 1966-ല്‍ പോര്‍ച്ചുഗലിന്റെ യൂസേബിയോയും 1978-ല്‍ നെതര്‍ലന്‍ഡ്സിന്റെ റെന്‍സെന്‍ബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവര്‍.

അന്ധ വിശ്വാസങ്ങൾക്ക് ഭാര്യ വഴങ്ങിയില്ല, ജിന്നു ബാധിച്ചതിനാലെന്ന് പറഞ്ഞ് മന്ത്രവാദം; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

കായംകുളം കറ്റാനത്ത് യുവതിയെ മന്ത്രവാദത്തിന് ഇരയാക്കി ശാരീരിക പീഡനം. ഐ.ടി. ജീവനക്കാരിയായ 25 വയസ്സുകാരിയെയാണ് മന്ത്രവാദം നടത്തി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, മന്ത്രവാദം നടത്തുന്ന കുളത്തൂപ്പുഴ സ്വദേശി സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.

ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കഴിഞ്ഞമൂന്നുമാസമായി ഭര്‍ത്താവും ഇയാളുടെ ബന്ധുക്കളും മന്ത്രവാദം തുടങ്ങിയിട്ട്. കഴിഞ്ഞദിവസമാണ് സഹികെട്ട യുവതി ഇക്കാര്യം പോലീസില്‍ അറിയിച്ചത്.

ഭര്‍ത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണ്. വിവാഹത്തിന് ശേഷം ദിവസവും ഭാര്യയുടെ അടുത്തെത്തി ചെവിയില്‍ മന്ത്രങ്ങള്‍ ചൊല്ലും. ഇതിനെ എതിര്‍ത്തതോടെ ഭാര്യയുടെ പേരിൽ സംശയമായി. ശരീരത്തില്‍ ജിന്ന് ബാധിച്ചതാണ് അന്ധവിശ്വാസം സ്വീകരിക്കാൻ വിസമ്മതിക്കുന്നത് എന്നായുന്നു ഭർത്താവിൻ്റെ കണ്ടെത്തൽ. ഈ അവസരം മന്ത്രവാദി തട്ടിപ്പു സംഘം മുതലാക്കി. കുളത്തൂപ്പുഴ സ്വദേശിയായ സുലൈമാനെ ദുര്‍മന്ത്രവാദത്തിനായി വീട്ടിലെത്തിക്കയായിരുന്നു.

ജിന്നിനെ ഒഴിപ്പിക്കാനായി അടച്ചിട്ട മുറിയിലാണ് മന്ത്രം നടത്തിയത്. ഇതിന് വഴങ്ങാതിരുന്നതോടെ കയര്‍ കൊണ്ടും മറ്റും ക്രൂരമായി മര്‍ദിച്ചു. പിന്നീട് വാള്‍ ഉപയോഗിച്ചും കത്തി ഉപയോഗിച്ചും ശരീരത്തില്‍ മുറിവേല്‍പ്പിച്ചു രക്തം വാർത്തി. ഏകദേശം മൂന്നുമാസത്തോളം ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ മര്‍ദനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നുണ്ട്.

കോട്ടയത്ത് എച്ച്5 എൻ1; ചിക്കൻ കടകൾക്കും നിയന്ത്രണം

0

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി. രോഗബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്‌കരിക്കാൻ തീരുമാനിച്ചു.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ച് ഉത്തരവായി. രോഗം കണ്ടെത്തിയതിന് പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി, താറാവ് മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകള്‍, വെച്ചൂര്‍, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ് എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എന്‍ 1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശാടനപ്പക്ഷികള്‍, കടല്‍പ്പക്ഷികള്‍ എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്.

ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റ് മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്.