കിസാൻസഭാ സമ്മേളനത്തിനെത്തിയ വിദേശ തൊഴിലാളി നേതാക്കളെ വിമാനത്തവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

0

തൃശ്ശൂരില്‍ നടക്കുന്ന അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശപ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞ് മടക്കിയയച്ചു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാനാവില്ല എന്നു കാണിച്ചാണ് തിരിച്ചയക്കൽ

ഫ്രാന്‍സില്‍നിന്ന് എത്തിയ ട്രേഡ് യൂണിയന്‍ ഇന്റര്‍നാഷണല്‍ അഗ്രിക്കള്‍ച്ചറിന്റെ സ്ത്രീ പ്രതിനിധികളായ ക്രിസ്ത്യന്‍ അലിയാമി, മരിയാ ഡ റോച്ച എന്നിവരെയാണ് കൊച്ചി വിമാനത്താവളത്തില്‍ അതേ വിമാനത്തില്‍ മടക്കിയയച്ചത്.

ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയ യാത്രാരേഖയില്‍ അഖിലേന്ത്യാ കിസാന്‍സഭാ സമ്മേളനത്തിന് പോകുകയാണെന്ന് കാണിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയാല്‍ മുന്‍കൂര്‍ അനുമതിയില്ലാത്ത രാഷ്ട്രീയപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തിരിച്ചയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഇവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു​ എന്നാണ് വിശദീകരണം.

ഫ്രാന്‍സില്‍നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സംഘാടകര്‍ കാത്തുനിന്നിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ 2.15-ന് വിമാനത്തിലെത്തിയ ഇവര്‍ പുറത്തേക്കു വരാത്തത് സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് മടക്കിയയച്ച കാര്യമറിഞ്ഞത്. വിദേശപ്രതിനിധികളെ മടക്കിയയച്ച സംഭവത്തില്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ ദേശീയസമ്മേളനം പ്രതിഷേധിച്ചു.

ടൂറിസ്റ്റ്​ വിസയിലാണ്​ സന്ദർശനമെന്നും അതിനാൽ സമ്മേളനം പോലുള്ള ഒരു പരിപാടിയിലും പ​ങ്കെടുക്കരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

ബജറ്റ് സമ്മേളനത്തിൽ നിന്നും ഗവർണറുടെ നയപ്രഖ്യാപനം വെട്ടി

0

ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കിയാവും ഇത്തവണത്തെ ബജറ്റ് സമ്മേളനം. സഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവർണറെ അറിയിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിൻ്റെ തന്നെ തുടർച്ച അടുത്തമാസം ചേർന്ന് ബജറ്റ് അവതരിപ്പിക്കയാവും ചെയ്യുക.

സഭ അവസാനിക്കുമ്പോൾ അപ്പോൾ തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ വഴി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കുന്ന രീതിയാണ് തുടർന്നു വന്നിരുന്നത്.

പതിനഞ്ചാം കേരള നിയമസഭയിലെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന കാര്യം ഗവർണറെ അറിയിക്കില്ല. അതുവഴി കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും സഭ ചേരാൻ സാധിക്കും. ജനുവരി 27ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള നീക്കമാണ്. ഇതോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷാരംഭത്തിലെ സഭാസമ്മേളനത്തിൽ ഉണ്ടാകില്ല.

ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്നില്ല എന്നും ധാരണയായിരുന്നു.

അർജൻ്റീന ഫൈനലിൽ, അടുക്കാനാവാതെ ക്രൊയേഷ്യ

 അര്‍ജന്‍റീന ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടു ഗോളുകൾ കാഴ്ചവെച്ചു. മെസി ഒരു പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ചു. 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പ്രവേശിച്ചത്. പതി‌ഞ്ഞ തുടക്കത്തിൽ ക്രൊയേഷ്യയ്ക്ക് ആത്മവിശ്വാസം നൽകി എങ്കിലും എളുപ്പം കളി തിരിച്ച് പിടിച്ച് മുന്നേറിയാണ് വിജയം. ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു.

മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും ഗോൾ ലക്ഷ്യംകണ്ടു.

ആത്മവിശ്വാസം തിരികെ നൽകിയ പെനാൾട്ടി

സ്ലോ പേസില്‍ തുടങ്ങിയ മത്സരത്തില്‍ ആദ്യ 10 മിനുറ്റുകളില്‍ ഗോളിമാരെ പരീക്ഷിക്കുന്ന കാര്യമായ ആക്രമണം ഇരുപക്ഷത്ത് നിന്നുമുണ്ടായില്ല. ഇടയ്ക്ക് വീണ് കിട്ടിയ കോര്‍ണര്‍ അവസരങ്ങള്‍ ഹെഡര്‍ ചെയ്യാന്‍ പാകത്തില്‍ പറന്നിറങ്ങിയില്ല. മോഡ്രിച്ച് കളി നിയന്ത്രിച്ചപ്പോള്‍ ക്രൊയേഷ്യയുടെ പക്ഷത്തായിരുന്നു പന്ത് കൂടുതല്‍ സമയവും. 22-ാം മിനുറ്റില്‍ മെസി മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഭേദിക്കാനായില്ല. 31-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ചിപ് ബാറിന് അല്‍പം മുകളിലൂടെ പോയി. പിന്നീടായിരുന്നു നാടകീയമായി മത്സരം അര്‍ജന്‍റീന കാല്‍ക്കീഴിലാക്കുന്നത്. 34-ാം മിനുറ്റില്‍ ഗോളിന് മീറ്ററുകള്‍ മാത്രം അകലെ വരെയെത്തിയ ആല്‍വാരസിനെ ഗോളി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിയുടെ ഇടംകാലന്‍ ഷോട്ട് വലയിലേക്ക് തുളഞ്ഞുകയറി. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.

വൈകാതെ 39-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി. മധ്യവരയ്ക്ക് ഇപ്പുറത്ത് നിന്ന് മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസായേയും ലിവാകോവിച്ചിനേയും വകഞ്ഞുമാറി പന്ത് വലയിലേക്ക് ചെത്തിയിടുകയായിരുന്നു. 

58-ാം മിനുറ്റില്‍ മെസിയുടെ ഗോളെന്നുറച്ച ഷോട്ട് ലിവാകോവിച്ച് തടുത്തു. 69-ാം മിനുറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വട്ടംകറക്കിയുള്ള മെസിയുടെ ഗംഭീര മുന്നേറ്റത്തിനൊടുവില്‍ ആല്‍വാരസ് സുന്ദര ഫിനിഷിലൂടെ അര്‍ജന്‍റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തി. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

ഇനി വരട്ടെ മൊറോക്കോ അല്ലെങ്കിൽ ഫ്രാൻസ്

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അർജൻ്റീനയുടെ ഇന്നത്തെ ആദ്യ ഗോൾ. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട പത്ത് ഗോളുകളാണ് നേടിയത്. ബാസ്റ്റിറ്റ്യൂട്ടയുടെ റെക്കോഡ് അങ്ങിനെ മറികടന്നു.

 

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ യുവാവിനെ ക്രെയിനിൽ കെട്ടി തൂക്കിലേറ്റി

0

പ്രാകൃത സംസ്കൃതി അടിച്ചേൽപ്പിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 23 വയസുകാരനെ പരസ്യമായി ക്രെയിനിൽ കെട്ടി തൂക്കിലേറ്റി.

പ്രതിഷേധത്തിനിടെ മജീദ് റെസ റഹ്നാവാർഡെന്ന യുവാവിനെയാണ്‌ തിങ്കളാഴ്ച ഇറാൻ ഭരണകൂടം മഷദ് നഗരത്തിൽ തൂക്കിലേറ്റിയത്. നിർമാണപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ക്രെയിനിലാണ് പൊതുജനമധ്യത്തിൽ തൂക്കിലേറ്റൽ നടപ്പാക്കിയത്.

സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയെന്നും കുത്തിപ്പരിക്കേൽപ്പിച്ചെന്നുമാണ് മജീദ് റെസയുടെ പേരിലുള്ള കുറ്റം. മജീദ് ആക്രമണം നടത്തിയശേഷം ഓടിപ്പോകുന്നതായി കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണംചെയ്തു.

അഞ്ചുദിവസത്തിനുള്ളിൽ പരസ്യമായി തൂക്കിലേറ്റുന്ന രണ്ടാമത്തെയാളാണ് മജീദ്. വിചാരണ നീതിപൂർവമല്ലെന്നും മജീദിനെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചാണ് വധശിക്ഷ വിധിച്ചതെന്നും നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശസംഘടന വ്യക്തമാക്കി.

നവംബര്‍ 29നാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി സപ്തംബര്‍ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 470ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. 18,259 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 62 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്റ്റാൻ സ്വാമിയെ കുടുക്കിയവരുടെ താത്പര്യം എന്തായിരുന്നു, ലാപ്ടോപ്പ് ഹാക്ക് ചെയ്യിച്ചത് ആരാണ്; വിവാദം കൊഴുക്കുന്നു

ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കുടുക്കിയതിന് പിന്നിൽ ആരുടെ താത്പര്യമായിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് പോലും നിലനിൽക്കുന്ന ദുരൂഹതകൾ ഇനി ഭരണകൂട ബാധ്യതയാവും. ലാപ്ടോപ്പ് ഹാക്ക് ചെയ്ത് എതിരായ തെളിവുകൾ സ്ഥാപിക്കയായിരുന്നു എന്നാണ് അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം വെളിപ്പെടുത്തുന്നത്.

ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചുവെന്നാണ് കണ്ടെത്തൽ. ഈ രേഖകള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തിനായിരുന്നു ഇത്. ഈ കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെങ്കിൽ എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് അത്. പുതിയ വിവാദങ്ങൾ ഉടലെടുക്കുകയാണ്.

‘മാവോവാദികളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്‌ടോപ്പില്‍ സ്ഥാപിച്ചത്. 2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നു’ – അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം ആരോപിക്കുന്നു.

ആരാണ് ഹാക്ക് ചെയ്തത് എന്ന് കണ്ടെത്താതിരിക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് പുനെ പോലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റോണ വില്‍സിന്റേയും സുരേന്ദ്ര ഗാഡ്ലിങിന്റേയും ലാപ്‌ടോപ്പുകളില്‍ ഹാക്കിങ് നടന്നതായും കണ്ടെത്തിയിരുന്നു. മൂന്ന് പേരുടേയും ലാപ്‌ടോപ്പ് ഹാക്ക് ചെയ്തത് ഒരാളാണെന്നും അമേരിക്കന്‍ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്തുകഴിയുന്നതിനിടെ ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചിരുന്നു. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹൃദയസ്തംഭനംമൂലം മരിക്കുകയും ചെയ്തു. ആവശ്യമായ ചികിത്സ നൽകിയില്ല. സൌകര്യങ്ങൾ നിഷേധിച്ചു എന്നിങ്ങനെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും ബന്ധപ്പെടുത്തിയാണ് കേസുകൾ ചാർജ് ചെയ്തത്. മാവോവാദി സംഘടനകളുമായും ദളിത് സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. 2020 ഒക്ടോബറില്‍ ആയിരുന്നു അറസ്റ്റ്. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ സ്വാമി പ്രവര്‍ത്തിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. എല്‍ഗര്‍ പരിഷദ്- മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കവെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

ഡിജിറ്റൽ സർവ്വെ സൗജന്യമല്ല; നികുതി അടക്കുമ്പോൾ സർവ്വെ കാശും നൽകേണ്ടിവരും

0

സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേയുടെ ചിലവ് ഭൂ ഉടമകൾ നൽകേണ്ടി വരും. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നു തന്നെ തിരിച്ചുപിടിക്കും.സർവേയ്ക്കായി സർക്കാർ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ അധികമായി നൽകേണ്ടി വരും.

ഇത് സംബന്ധിച്ച സർവേ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് ജനങ്ങളിൽ നിന്നും തുക തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കി.

ഭൂമിയുടെ കൃത്യതയും അതിരും നിശ്ചയിക്കാനുള്ള റീസർവേ വർഷങ്ങളായി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഴിമതികൾക്കും ജനങ്ങളെ വട്ടം കറക്കലുകൾക്കും മുഖ്യ കാരണമായി ഇത് നിലനിൽക്കുയായിരുന്നു. റീ സർവ്വെ നടത്തി എങ്കിലും അത് മിക്കയിടത്തും പ്രശ്നങ്ങൾ സങ്കീർണമാക്കി.

ഇപ്പോൾ 1550 വില്ലേജുകളിലാണ് റീ സർവേ. വില്ലേജിന്റെ സമഗ്ര സർവേയാണ് നടത്തുന്നത്. ആധുനിക സങ്കേതങ്ങളും ഡ്രോണും ഉപയോഗിച്ചുമാകും സർവേ. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സംയോജിപ്പിച്ച് സുതാര്യവും കാലികവുമായ രേഖകൾ പദ്ധതിയിൽ തയ്യാറാക്കും. പദ്ധതിക്കായി 858 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തുക ജനങ്ങളിൽ നിന്നും പിരിച്ചെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിക്കാവശ്യമായ ചെലവ് ആദ്യം സർക്കാർ വഹിക്കും. എന്നാൽ ഈ തുക ഭൂ ഉടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും.

സർവേയ്ക്കുശേഷം റെക്കോർഡുകൾ റവന്യൂ ഭരണത്തിന് കൈമാറുകയും വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കുമ്പോൾ ഈ തുക ഭൂ ഉടമകൾ തിരികെ അടയ്ക്കുകയും വേണം. 1961ലെ കേരള സർവേ അതിരടയാള നിയമം സെക്ഷൻ 7 പ്രകാരം തുക തിരിച്ചു പിടിക്കാവുന്നതാണെന്ന് സർവേ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. ലാന്റ് റവന്യൂ കമ്മിഷണറും ഈ ആവശ്യത്തെ പിന്തുണച്ചു. തുടർന്നാണ് സർവേ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചു ജനങ്ങളിൽ നിന്നും തുക തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഡിജിറ്റൽ സർവേ നടത്താൻ തീരുമാനിച്ചത്.

അതിർത്തിയിലെ പ്രശ്നങ്ങളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്, രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനയിൽ നിന്നും ഫണ്ട് ലഭിച്ച കേസ് ഉന്നയിച്ച് അമിത് ഷായുടെ പ്രതിരോധം

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും പണം കൈപ്പറ്റിയതുകൊണ്ടാണ് അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കാനാണ്‌ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അതിര്‍ത്തി വിഷയം ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു.അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. കേന്ദ്രസർക്കാരിൻ്റെ ഇക്കാര്യത്തിലെ വീഴ്ചകൾ ഓരോന്നും ചൂണ്ടികാട്ടിയായിരുന്നു വിമർശനം. പ്രതിരോധമന്ത്രിയുടെ വിശദികരണത്തെ തുടർന്ന് അടിയന്തിര പ്രമേയ ആവശ്യം ഇരു സഭാ ധ്യക്ഷന്മാരും തള്ളിയിരുന്നു. ഇതോടെ വീണ്ടും ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. നടപടികൾ സ്തംഭിപ്പിച്ചു.

ഇതിനെ പ്രതിരോധിക്കാൻ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ കണ്ടാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചത്. ‘പ്രതിരോധ മന്ത്രി (രാജ്നാഥ് സിംഗ്) വിഷയത്തില്‍ (ചൈന) പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോണ്‍ഗ്രസ് നിര്‍ഭാഗ്യവശാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ചോദ്യോത്തര വേളയുടെ പട്ടിക കണ്ടു, ചോദ്യം നമ്പര്‍ അഞ്ച് കണ്ടപ്പോള്‍ എനിക്ക് കോണ്‍ഗ്രസിന്റെ ഉത്കണ്ഠ മനസ്സിലായി’ അമിത് ഷാ പറഞ്ഞു.

വിമർശനത്തിൽ പ്രകോപനം, പ്രതിരോധിക്കാൻ പഴയ സംഭാവനാ കേസ്

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 1.35 കോടിരൂപ ചൈനീസ് എംബസിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിച്ചുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ‘2005-07 കാലഘട്ടത്തില്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചോ എന്ന് കോണ്‍ഗ്രസ് പറയണം. 2011 ജൂലായിയില്‍ സാകിര്‍ നായികിന്റെ സംഘടനയില്‍ നിന്ന് അനുമതിയില്ലാതെ എഫ്‌സിആര്‍എ അക്കൗണ്ടില്‍ 50 ലക്ഷം രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് കിട്ടിയോ എന്ന് വിശദീകരിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.

നെഹ്റുവിന്റെ ചൈനയോടുള്ള സ്നേഹം കൊണ്ടാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരം സീറ്റ് ത്യജിക്കപ്പെട്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടത്തിൽ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ പാസാക്കി

0

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം ബില്‍ തട്ടിക്കൂട്ടിയതാണെന്ന വാദം ഉയർത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുകൂടിയാണ് ഭേദഗതിബില്‍.

ഇനി മാക്സിസ്റ്റ് വത്കരണം വരുമോ എന്ന് പ്രതിപക്ഷം

വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കി പുതിയ ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള നിയമം വരുമ്പോള്‍ അതില്‍ മാര്‍ക്‌സിസ്റ്റ് വത്കരണം വരുമോ എന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 14 സര്‍വകലാശാലകള്‍ക്കുമായി ഒരു ചാന്‍സിലറെ വെക്കണമെന്നും ഗവര്‍ണര്‍ക്ക് പകരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയോ, വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ചാന്‍സലര്‍ ആകണം എന്നുമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ആവശ്യം.

കോടതിയിൽ ഹാജരാവുന്നത് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നാളെ ഹാജരാവാനായിരുന്നു കോടതി ഉത്തരവ്. ഇതിൽനിന്ന് ഇളവ് നല്‍കണമെന്ന ആവശ്യമാണ് തള്ളിയത്.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജിയും, പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്ക് എതിരെ വിവിധ രൂപതകള്‍ നല്‍കിയ ഹര്‍ജിയും അടുത്ത വര്‍ഷം ജനുവരി പത്തിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

അംഗീകരിച്ചത് മത മേലധ്യക്ഷന്മാര്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവുകള്‍ ഇല്ലെന്ന ഉത്തരവ് ചൂണ്ടികാട്ടിയുള്ള വാദം

കര്‍ദിനാളിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, കര്‍ദിനാള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധി മറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ പറഞ്ഞു. കര്‍ദിനാളിന് ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മത മേലധ്യക്ഷന്മാര്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് വാദിച്ചു. കര്‍ദിനാളിന് ഇളവ് നല്‍കുന്നതിനെ മറ്റൊരു പരാതിക്കാരനായ ജോഷി വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷാകന്‍ ജയന്ത് മുത്തുരാജും സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു

തുടര്‍ന്നാണ് കര്‍ദിനാളിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരായ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

1

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസു മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും, സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്. തുടക്കം മുതൽ റദ്ദാണ്. അതിനാല്‍ തന്നെ ഈ സേവനം പെന്‍ഷന് കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. നാലുവർഷം സേവന കാലാവധി പൂർത്തിയാക്കാൻ നാലു മാസം മാത്രമുള്ളപ്പോഴാണ്‌ നിയമനം റദ്ദാക്കപ്പെട്ടത്.

നിയമനം റദ്ദാക്കി കൊണ്ട് പുറപ്പടിവിച്ച വിധിയില്‍ നിയപരമായി പുനഃപരിശോധിക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ആ ഹര്‍ജി ഇത് വരെയും ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടില്ല. ഒക്ടോബർ 21 നാണ് നിയമനം സുപ്രീം കോടതി റദ്ദ് ചെയ്തത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു.

നിയമനം റദ്ദാക്കിയ വിധിയില്‍ ഇതുവരെ ലഭിച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍, ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

വൈസ് ചാന്‍സിലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ മൂന്ന് ലംഘനം ഉണ്ടായെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതാവണം സെര്‍ച്ച് കമ്മിറ്റി എന്ന ചട്ടം ലംഘിച്ചു എന്നതാണ് ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയതെന്ന് ഇവർ പറഞ്ഞു.

യുജിസി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ (AICTE) നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും രണ്ടാമത്തെ ലംഘനമായി ഹര്‍ജിക്കാര്‍ ആരോപിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ചട്ടത്തിലെ വ്യവസ്ഥയും സർക്കാർ ലംഘിച്ചു. ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.