റൊണാൾഡോയും നെയ്മറും വീണു, ഇന്ന് മെസ്സിയോ മോഡ്രിച്ചോ ? ആരാവും അവസാന പോരാട്ടം നയിക്കുക

ലോകകപ്പ് ഫുട്ബോളിലെ ആദ്യസെമിയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെൻ്റെ സെമി ആയതിനാൽ തീപ്പാറുന്ന പോരാട്ടമാവും.

രണ്ട് പേർ യൂറോപ്പിൽ നിന്ന്. ഒരാൾ ലാറ്റിനമേരിക്കയിൽ നിന്ന്. പിന്നെ ഇതാദ്യമായി ആഫ്രിക്കയിൽ ഒന്നും ഒരു കൂട്ടർ. ഇതാണ് സെമിയിലെ പങ്കാളിത്തം

ഇന്ന് ആരാവും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും നിരാശരായി കണ്ണീർ വാർത്ത് യുദ്ധക്കളം വിട്ട അതേ ഭൂമികയിലേക്കാണ് ഈ രണ്ട് പോരാളികളും കരുത്തുറ്റ ടീമുമായി എത്തുന്നത്.

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ മോഡ്രിച്ചൻ്റെ ക്രൊയേഷ്യ ഫ്രാന്‍സിനോട് തോറ്റതാണ്. തൊട്ട് മുമ്പത്തെ ഫൈനലില്‍ ജര്‍മനിയോട് മെസ്സിയുടെ അർജൻ്റീനയും തോറ്റു.

ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന സെമിയിലെത്തിയതെങ്കില്‍ കിരീടപ്രതീക്ഷയുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ ടീം ബ്രസീലിനെ വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ വരവ്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് കിക്കോഫ്.

ഇത് യുദ്ധമുഖം

തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ കോച്ച് ലയണല്‍ സ്‌കലോനിയും പ്രതിരോധതാരം നിക്കോളാസ് ടഗ്ലിയാഫിക്കോയും വിജയപ്രതീക്ഷ പങ്കുവെച്ചു. നാല് ഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മെസ്സിക്കൊപ്പം പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയയും യുവതാരം അല്‍വരാസും തിളങ്ങും. അര്‍ജന്റീനയെ തടയാന്‍ ക്രൊയേഷ്യക്ക് കഴിയില്ല എന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ കളിയില്‍ കാര്‍ഡുകണ്ട ഗോണ്‍സാലോ മോണ്‍ടിയേലിനും മാര്‍ക്കസ് അക്യൂണയ്ക്കും ചൊവ്വാഴ്ച കളിക്കാനാകില്ല.

മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും ഉഷാറാണ്. മാർട്ടിനെസും അൽവാരെസും എൻസോയും ഒട്ടമെൻഡിയും മക്അലിസ്റ്ററും എല്ലാവരും പറന്ന് കളിക്കുന്നു. സ്കലോണി പുതിയ സമവാക്യങ്ങളുടെ കൂട്ടിക്കിഴിക്കലുകൾ നടത്തുന്നു. ആരാധകരുടെ ആശംസകൾ മത്സരത്തിൽ അവശേഷിക്കുന്ന ഏക ലാറ്റിനമേരിക്കൻ ടീമിന് കരുത്തേകുന്നു.  

മെസ്സിക്ക് പൂർണതൃപ്തി വരണമെങ്കിൽ, സമാധാനത്തോടെ സന്തോഷത്തോടെ ബൂട്ട് അഴിക്കണമെങ്കിൽ ലോകകപ്പ് കയ്യിലേന്തണം. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി വലിയൊരു വിഭാഗം വാഴ്ത്തുന്ന മെസ്സിക്ക് സ്വന്തം നാട്ടിലെ ഫുട്ബോൾ മിശിഹയുടെ സ്വന്തം പിൻഗാമിയാകണമെങ്കിൽ ആ കിരീടം നേടിയേ മതിയാകൂ. 

തോൽക്കാത്ത കളി

ജയിക്കുന്നതിനേക്കാള്‍ തോല്‍ക്കാത്ത കളിയാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ക്രൊയേഷ്യയെ മുന്നോട്ടുനയിച്ചത്. മോഡ്രിച്ചിനൊപ്പം കൊവാസിച്ചും ബ്രോസോവിച്ചും അടങ്ങുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ പ്ലസ് പോയന്റ്. കളിക്ക്, വേണ്ടപ്പോള്‍ വേഗം കൂട്ടാനും കുറയ്ക്കാനും അതിലൂടെ എതിരാളിയെ തളര്‍ത്താനും കഴിയുന്ന തന്ത്രം തന്നെയാകും ക്രൊയേഷ്യ അര്‍ജന്റീനയ്‌ക്കെതിരേയും പയറ്റുന്നത്. ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചായിരിക്കും. ക്രൊയേഷ്യയുടെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരില്‍ മൂന്നാമന്‍.

ക്രൊയേഷ്യയുടെ ഡിഎൻഎ തന്നെ  സമ്മർദങ്ങളെ നേരിടാനും പോരാടാനുമാണ്. 2018ൽ ഫൈനൽ വരെ അവരെത്തിയത് എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടുകളും കഴിഞ്ഞിട്ടാണ്. പോരാടിക്കളിച്ച ജപ്പാനും സാക്ഷാൽ ബ്രസീലിനും എതിരെ പിന്നിൽ നിന്ന് തിരിച്ചുവന്ന്, പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ വിജയിച്ചുകയറിയിട്ടാണ് ഇക്കുറി സെമിയിലെത്തിയത്. സമ്മർദമാണ് അവരെ കരുത്തരാക്കുന്നത്. അതുകൊണ്ടാണ് വാൾസ്ട്രീറ്റ് ജേണല്‍ അവരെ ലോകകപ്പിലെ പെനാൽറ്റി രാജാക്കൻമാർ എന്ന് വിശേഷിപ്പിച്ചത്. അവരെ നയിക്കുന്നതും മഹാനായ കളിക്കാരനാണ്. മധ്യനിരയിൽ പറന്നു കളിക്കുകയും വേണ്ട സമയത്ത് പിന്നോട്ടിറങ്ങി കാവലാവുകയും ആക്രമണത്തിന്റെ കുന്തമുനയാവുകയും ചെയ്യുന്ന ലൂക്ക മോഡ്രിച്ച്. ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരം മാത്രമല്ല, മികച്ച നായകനുമാണ്. ലൂക്കക്കൊപ്പം കൊവാസിച്ചും ബ്രോസോവിച്ചും കൂടി ചേരുമ്പോൾ ക്രൊയേഷ്യയുടെ മധ്യനിര കളിയുടെ നിയന്ത്രണത്തിന്റേയും തന്ത്രങ്ങളുടെയും വിളനിലമാകുന്നു. സൂപ്പർ ഗോളി ഇവാകോവിച്ചിലെത്തുന്നതിന് ഗ്വാ‍‍‍ഡിയോളിനെ മറികടക്കുക എന്നതും ദുഷ്കരം. മുഖംമൂടിയുടെ കരുതലിൽ കളിക്കുന്ന ഗ്വാഡിയോൾ ഈ ടൂർണമെന്റിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്, ക്രൊയേഷ്യയുടെ മുത്ത്.   

ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെ മാത്രം തോല്‍പ്പിച്ച് മൊറോക്കോയോടും ബെല്‍ജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് മുന്നേറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകര്‍ത്താണ് സെമി ഉറപ്പിച്ചത്.

അര്‍ജന്റീന

  • ലോകകപ്പിന്റെ സെമിയില്‍ ഇതുവരെ ടീം തോറ്റിട്ടില്ല
  • ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീം നിശ്ചിതസമയത്ത് ജയിച്ചത്. മൂന്ന് വീതം മത്സരങ്ങള്‍ തോല്‍വിയും സമനിലയുമാണ് ഫലം. സമനിലയായ രണ്ടു കളികളില്‍ ഷൂട്ടൗട്ടില്‍ ടീം ജയം നേടി.
  • ലോകകപ്പില്‍ മൊത്തം കളിച്ചത് 86 മത്സരങ്ങള്‍, ജയം 48.
  • പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് കീഴില്‍ ടീം കളിച്ചത് 55 മത്സരങ്ങള്‍. 37 ജയം 13 സമനില, 5 തോല്‍വി.
  • ഒരു ഗോള്‍കൂടി നേടിയാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസ്സിക്ക് ടോപ് സ്‌കോററാവാം. ഇരുവര്‍ക്കും 10 ഗോള്‍ വീതം

ക്രൊയേഷ്യ

  • തുടര്‍ച്ചയായ രണ്ടാം തവണയാണ് സെമിഫൈനലില്‍ എത്തുന്നത്. നിലവിലെ റണ്ണറപ്പ്
  • ടീമിന്റെ അവസാന ആറ് നോക്കൗട്ട് മത്സരങ്ങളില്‍ അഞ്ചും എക്സ്ട്രാ ടൈമിലേക്ക് കടന്നു. അതില്‍ നാലും ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. നാലിലും ജയം നേടി.
  • ലോകകപ്പില്‍ മൊത്തം കളിച്ചത് 28 മത്സരങ്ങള്‍. ജയിച്ചത് 12 കളികള്‍
  • പരിശീലകന്‍ സ്ലാറ്റ്കോ ഡാലിച്ചിന്റെ കീഴില്‍ ടീം കളിച്ചത് 68 മത്സരങ്ങള്‍. 33 ജയം, 18 സമനില, 17 തോല്‍വി.
  • ഒരു ഗോള്‍കൂടി നേടിയാല്‍ ഡേവര്‍ സുക്കറെ മറികടന്ന് ഇവാന്‍ പെരിസിച്ചിന് ടീമിന്റെ ടോപ് സ്‌കോററാവാം. ഇരുവര്‍ക്കും ആറ് ഗോള്‍ വീതം

കേരളത്തിനെതിരെ ഉത്തർ പ്രദേശ് എംപി രാജ്യസഭയിൽ വീണ്ടും

0

കേരളത്തിന് എതിരായ നീക്കങ്ങളിൽ ചൂടു പകർന്ന് കക്ഷി രാഷ്ട്രീയ മുൻഗണന പ്രകാരമുമള്ള വൈസ് ചാൻസലർ നിയമന വിഷയവും പാർലമെൻ്റിൽ. കേരളത്തിലെ വിവാദ വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എം.പി. കാമ്പയിന് ശക്തി പകർന്നു.

ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള ഡോ: രാധാ മോഹന്‍ അഗര്‍വാളാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. നിയമവിരുദ്ധമായി നടന്ന വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടി ശിശുമരണവും ഇദ്ദേഹം കേരളത്തിന് എതിരെ ഉപയോഗിച്ചിരുന്നു.

കേരളത്തിലെ സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയില്‍ അവതരിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിസി നിയമന വിവാദം രാജ്യസഭയില്‍ എത്തിച്ചതോടെ പാര്‍ട്ടി കേരളത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ കൂടി ചര്‍ച്ചയാക്കാനും ബിജെപിക്കായി. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹന്‍ അഗര്‍വാള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.

പറഞ്ഞതു പോലെ മെസ്സി കളി നിർത്തുമോ, തുടരേണ്ടത് ആവശ്യമെന്ന് ലയണൽ സ്‌കളോണി

കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലയണല്‍ മെസ്സി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകരെ ആശ്വസിപ്പിക്കുന്ന പ്രതീക്ഷ പ്രകടിപ്പിക്കയാണ് അര്‍ജന്റീനയുടെ കോച്ച് ലയണല്‍ സ്‌കളോണി.

‘അദ്ദേഹം തുടര്‍ന്നും കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അത് സംഭവിക്കുമോ എന്ന് നമുക്ക് നോക്കാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നത് തുടരും, അത് ഞങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകത്തിനും പ്രധാനമാണ്’, മെസ്സി വിരമിക്കുമോ എന്ന സംശയങ്ങളോട് കോച്ചിൻ്റെ പ്രതികരണം ഇതായിരുന്നു.

ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരേ കളിക്കാനിറങ്ങുമ്പോള്‍ നേട്ടങ്ങൾ മെസ്സിയെ കാത്തിരിക്കയാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പമെത്തും. ഇരുവര്‍ക്കും 25 മത്സരങ്ങളാകും. രണ്ടു പേരും അഞ്ചു ലോകകപ്പുകളിലാണ് കളിച്ചത്. ഫൈനലിൽ പ്രവേശിച്ചാൽ ലോതർ മത്തേയൂസിനെ മറികടക്കുകയും ചെയ്യാം.

ഒരു ഗോള്‍കൂടി നേടിയാല്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമായും മെസ്സി മാറും. നിലവില്‍ 10 ഗോളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമാണ്. ബാറ്റി 12 കളിയില്‍നിന്നാണ് ഇത്രയും ഗോള്‍ നേടിയത്. മെസ്സി 24 കളിയില്‍നിന്നും. ഇനിയും ഉയരങ്ങൾ നേടാനുള്ള കളിക്കാരനായാണ് മെസ്സിയെ ആരാധകർ കാണുന്നത്. പക്ഷെ അദ്ദേഹം സ്വയം വിരമിക്കൽ സൂചന നൽകുകയായിരുന്നു.

ഇന്ത്യ ചൈന സംഘർഷം പ്രതിരോധ മന്ത്രിയും സൈനിക തലവൻമാരും സംയുക്ത ചർച്ച തുടങ്ങി

അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യും. സംഘര്‍ഷത്തെക്കുറിച്ച് മന്ത്രി ചൊവ്വാഴ്ച പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രസ്താവന നടത്തുന്നുണ്ട്. വിഷയം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത് എന്നാണ് റിപ്പോർട്ട്. യാങ്സെയിലെ ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനായിരുന്നു നീക്കം. പരിക്കേറ്റ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ ചികിത്സയിലാണ്. ചൈനീസ് സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിങ്ങ് നടത്തി. 2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു.

തവാങ് മേഖല ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്ന പ്രദേശമാണ്. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്ത്യ സ്ഥാപിച്ച പോസ്റ്റിലാണ് സംഘർഷം ഉണ്ടായത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.

ജാതിവിവേചനത്തിനെതിരെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ; അടൂരിനെതരെയും പ്രതിഷേധം

0

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ 85 ഓളം വിദ്യാർഥികൾ ഡയറക്ടർ ശങ്കർ മോഹന് എതിരായി ഒരാഴ്ചയായി സമരത്തിലാണ്. ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് വിദ്യാർഥി കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം. ഡയറക്ടർക്കെതിരേ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികൾ അദ്ദേഹത്തിന്റെ രാജിയും ആവശ്യപ്പെടുന്നു. ഈ അവസരത്തിൽ സ്റ്റുഡന്റ്‌സ് കൗൺസിൽ ചെയർമാൻ അടൂർ ഗോപാലകൃഷ്ണന് തുറന്ന കത്ത് അയച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ.

കത്തിന്റെ പൂർണരൂപം ഇങ്ങനെ

പ്രിയപെട്ട ശ്രീ അടൂർ ഗോപാലകൃഷ്ണൻ

ഞങ്ങൾ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അറിയുന്നു. പെൺകുട്ടികളും മലയാളം സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നൽകിയ മുറി വരെ ക്യാൻസൽ ചെയ്ത് തിരുവനന്തപുരം നഗരത്തിൽ ഇറക്കി വിട്ടതിന് താങ്കൾ നൽകിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട അഞ്ചു സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനിൽപിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂർവം വായിച്ചു. 

താങ്കൾ ചെയർമാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താങ്കൾ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാർഥികളോടൊ സംസാരിച്ചിട്ടുണ്ടോ?

വിദ്യാർഥികൾ വളരെ വിശദമായി താങ്കൾക്ക് നൽകിയ പരാതിയിന്മേൽ മറുപടിയോ, ഒരു ചർച്ചയോ ഉണ്ടായിട്ടുണ്ടോ?
പിന്നെ എങ്ങനെയാണ് താങ്കൾ ഞങ്ങൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്നും, ഞങ്ങൾ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്? ഞങ്ങളുടെ ഏതു പ്രവർത്തിയാണ് ഈ ആരോപണങ്ങൾക്ക് താങ്കളെ പ്രേരിപ്പിച്ചത്?

താങ്കൾ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്‌സ് കൗൺസിൽ ആണ് ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കർ മോഹനെ “കുലീന കുടുംബത്തിൽ ജനിച്ചയാൾ” എന്നും വിശേഷിപ്പിച്ചു കണ്ടു.

എങ്ങനെയാണ് സാർ ഒരാളുടെ കുടുംബ പശ്ചാത്തലം അയാൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കൾ ഈ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?

സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കൾ പറഞ്ഞുവല്ലോ. പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ സീറ്റിലും ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം അഡ്മിഷൻ ലഭിച്ചത്? 

എഡിറ്റിങ്ങിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് SC/ST വിഭാഗത്തിൽ ശരത്ത് എന്ന വിദ്യാർഥിക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നൽകാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കിൽ എന്തുകൊണ്ടാണ് ആ വിദ്യാർത്ഥിക്ക് സീറ്റ് നൽകണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? 

ശങ്കർ മോഹൻ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാർത്ഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് SRFTI കൊൽക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തിൽ അയാൾക്ക് സീറ്റ് ലഭിച്ചത്?

ഞങ്ങൾ പറയുന്നത് നുണകൾ ആണെങ്കിൽ ഇതു സംബന്ധിച്ച സത്യങ്ങൾ താങ്കൾ വെളിപ്പെടുത്തുമല്ലോ. താങ്കളോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ, വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ക്ലോസുകൾ അടങ്ങുന്ന മുദ്രപത്രങ്ങൾ ഓരോ വിദ്യാർത്ഥിയിൽ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ? 

വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാൻ HOD യുടെ അനുവാദം വേണം എന്നും അല്ലെങ്കിൽ പിഴ നൽകണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേർത്തതാണോ?

മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓർഡറുകളും വിദ്യാർഥികൾ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാർത്ഥിയെ പുറത്താക്കാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകൾ താങ്കൾ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?

ശങ്കർ മോഹൻ എന്ന ഡയറക്‌റുടെ ന്യായങ്ങൾ മാത്രം കേട്ടിട്ട് താങ്കൾ പ്രതികരിക്കും മുൻപേ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ നേരിടുന്ന വിവേചനങ്ങൾ, ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദങ്ങൾ എന്നിവയെ കുറച്ചു കൂടി താങ്കൾ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കൾ കേൾക്കേണ്ടതുണ്ട്.

വിദ്യാർഥികളുടെ അനുഭവ സാക്ഷ്യം ഞെട്ടിക്കുന്നത്

ന്ത്യയുടെ ആദ്യ ദലിത് പ്രസിഡന്റായ കെ.ആര്‍. നാരായണന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്‍മനാട്ടില്‍ തുടങ്ങിയ സ്ഥാപനം, കേരളത്തിലെ ആദ്യത്തെ ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തിന് അഭിമാനമാകേണ്ടതാണ്. എന്നാല്‍ കോട്ടയം ജില്ലയിലെ ഉഴവൂരിലെ അകലകുന്ന് പഞ്ചായത്തില്‍ 2014-ല്‍ സ്ഥാപിക്കപ്പെട്ട കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഇന്ന് ദലിത് വിരുദ്ധതയുടെയും വിദ്യാര്‍ഥി വിരുദ്ധതയുടെയും വിളനിലമാണ് എന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഇപ്പോള്‍ സ്വയംഭരണ സ്ഥാപനമാണെങ്കിലും സംസ്ഥാന സര്‍ക്കാരിനുതന്നെ അപമാനകരമായ രീതിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളുമെന്ന് സിനിമ സ്വപ്‌നം കണ്ടെത്തിയ വിദ്യാര്‍ഥികൾ പറയുന്നു. വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാത്ത, അടിസ്ഥാനസൗകര്യമില്ലാത്തത് ഉള്‍പ്പെടെ ഒന്നും ചോദ്യംചെയ്യാനാകാത്ത, സ്ത്രീ- ദലിത് വിവേചനം നിറഞ്ഞുനില്‍ക്കുന്ന കാമ്പസാണിതെന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ മുൻനിർത്തി അവർ പറയുന്നു.

സ്റൈൽ മന്നൻ രജനീകാന്തിന് 72

0

‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ് ഇന്ന്. ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഇല്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘.

കർണ്ണാടകത്തിലെ മറാഠാ കുടുംബം തമിഴിലെ സൂപ്പർ താരം

കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിതാവായ റാണോജിറാവു ഗെയ്ക്വാദ്
കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. ചെറു പ്രായത്തിൽ അമ്മ നഷ്ടപ്പെട്ട രജനിയുടെ ജീവിതം മോശം കൂട്ടുകെട്ടിലേക്കും ദുശീലങ്ങളിലേക്കും നയിച്ചു. ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാന്ദ ബാലക് സംഘിലും അടിസ്ഥാന പഠനം പൂർത്തിയാക്കിയ രജനി സിനിമയിൽ മുഖം കാണിക്കുക എന്ന ആഗ്രവുമായി ചെന്നൈക്ക് വണ്ടി കയറി.

rajinikanth-celebrates-his-birthday-on-12th-december-2022-actor-turns-72

ബസ് കണ്ടക്ടർ

രജനികാന്ത് ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറിയത് സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായാണ്. എന്നാൽ ഒരു ജോലി കണ്ടെത്താനാവാതിരുന്നതിനാല്‍ സിനിമ മോഹം ഉപേക്ഷിച്ച് തിരികെപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. സിനിമാ മോഹവുമായി അലയുന്ന മകന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ ബസ് കണ്ടക്ടർ ജോലിയിലേക്ക് രജനിയെ എത്തിച്ചു. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലായിരുന്നു ജോലി. ഈ തിരക്കുകൾക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ രജനി സമയം കണ്ടെത്തി. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുന്ന സമയത്തും സിനിമയോടുള്ള രജനിയുടെ ആത്മാര്‍ഥതയെ കുടുംബം അംഗീകരിച്ചില്ല. പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗെയ്‍ക്വാഡ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു.

എണ്‍പതുകള്‍ രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളുടെ തമിഴ് തിരശ്ശീല ആ സൂപ്പര്‍സ്റ്റാറിന്‍റെ ആഘോഷമായിരുന്നു. രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ഇക്കാലയളവിലാണ്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

മലയാളത്തിലെയും നായകൻ

മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകകളില്‍ ഉത്സവാന്തരീക്ഷം തന്നെ സൃഷ്‍ടിച്ചു. രജനി എന്ന പേരിന് എതിരില്ലാത്ത നിലയിലേക്ക് എത്തി ചലച്ചിത്ര വ്യവസായം. തന്‍റെ അഭിനയ മികവ് തമിഴിൽ മാത്രം ഒതുക്കിയില്ല രജനി. തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലന്‍ വേഷത്തിലാണ് രജനി എത്തിയത്. ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ രജനി അഭിനയിച്ചിരുന്നു.

rajinikanth-celebrates-his-birthday-on-12th-december-2022-actor-turns-72

2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രം ആ തീര്‍പ്പിനെ മാറ്റിയെഴുതി. മികച്ച വിജയം കരസ്ഥമാക്കിയാണ് ചന്ദ്രമുഖി തിയറ്റര്‍ വിട്ടത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് അങ്ങോട്ട് യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറും അണ്ണാത്തെയുമെല്ലാം രജനി ആരാധകരെക്കൊണ്ട് തിയറ്ററുകൾ നിറച്ചു.

2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം രജനിയെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021ല്‍ ദാദാസാഹേബ് ഫൽക്കെ പുരസ്കാരവും രജനിയെ തേടിയെത്തിയിരുന്നു. 

ശ്രീശാരദാ മഠം അധ്യക്ഷ പ്രാണാ മാതാജി അന്തരിച്ചു

0

ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാ മിഷന്റെയും അധ്യക്ഷ ഭക്തി പ്രാണാ മാതാജി അന്തരിച്ചു. കൊല്‍ക്കത്ത രാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാനില്‍ ഡിസംബര്‍ 11 ന് രാത്രിയായിരുന്നു അന്ത്യം.

1920 ഒക്ടോബറില്‍ ജനിച്ച ഇവരുടെ പൂര്‍വ്വാശ്രമത്തിലെ പേര് കല്യാണി ബാനര്‍ജി എന്നായിരുന്നു. 1950ല്‍ രാമകൃഷ്ണ മിഷന്റെ കീഴിലായിരുന്ന മാതൃഭവന്‍ ആശുപത്രിയില്‍ സന്നദ്ധ സേവികയായി ചേര്‍ന്നു. മിഷന്‍ പിന്നിട് ഈ സ്ഥാപനത്തിന്റെ ചുമതല നല്‍കി.

1954 ല്‍ ശാരദാ മഠം തുടങ്ങിയ ശേഷം ശങ്കരാനന്ദ സ്വാമികളില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. 1959ല്‍ ശാരദാ മഠത്തിന്റെയും രാമകൃഷ്ണശാരദാമിഷന്റെയും ട്രസ്റ്റിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1961ല്‍ രാമകൃഷ്ണ, മാതൃഭവന്‍ ആശുപത്രി ശാരദാമിഷനു കൈമാറുകയും സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 2009 വരെ ചുമതല സ്ഥാനത്തില്‍ തുടര്‍ന്നു. 1998 ല്‍ ശാരദാമഠത്തിന്റെയും മിഷന്റെയും സഹ അധ്യക്ഷയായും 2009ല്‍ അധ്യക്ഷയായും ചുമതലയേറ്റു.

സ്കൂൾ സമയ മാറ്റവും ലിംഗസമത്വ യൂണിഫോമും ഇല്ല, പ്രസ്താവനയിൽ ഒതുങ്ങി വിദ്യാഭ്യാസ മന്ത്രി

മാറ്റങ്ങളെ കുറിച്ചും പുരോഗമനത്തെ കുറിച്ചും പ്രസ്താവനകൾ ആവർത്തിക്കമ്പോഴും നടപടികളിൽ പിന്നോട്ടടിച്ച് കേരള സർക്കാർ. സ്‌കൂള്‍ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതു യൂണിഫോം നടപ്പാക്കുന്ന കാര്യത്തിലും നിര്‍ദേശം ഇല്ല. ന

യൂണിഫോം എന്തുവേണമെന്ന് അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകള്‍ ആക്കിമാറ്റുന്നതിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച് എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച് അഭിപ്രായരൂപീകരണം നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

പഴഞ്ചൻ ന്യായം ആവർത്തിച്ച് പ്രതിപക്ഷം

യുക്തിചിന്ത സര്‍ക്കാര്‍ ചിലവില്‍ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍നിന്ന് ഇത് ഒഴിവാക്കണമെന്നും നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ സഭയില്‍ പറഞ്ഞു. ലൈംഗിക അരാജകത്വം അംഗീകരിക്കാനാവില്ല. ആണിന്റെ വസ്ത്രം സ്ത്രീകളെക്കൊണ്ട് ഇടീക്കുന്നത് ലിംഗനീതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ പദ്ധതിയെ തകർക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യം – മുഖ്യമന്ത്രി

0

കെ റെയിൽ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിര്‍ദിഷ്ട കെ-റെയില്‍ പദ്ധതി വരുന്ന പ്രദേശത്തെ ഭൂവുടമകള്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഭൂവുടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് ആലോചനയിലില്ലെന്നും വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയില്‍ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇതിന് ചെലവഴിച്ച തുക നിയമവിധേയമാണ്. പദ്ധതി മരവിപ്പിച്ചു എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ചില നടപടി സ്വീകരിച്ചു എന്നത് ശരിയാണ്. അത് റെയില്‍വേയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഒരു തലത്തില്‍ ലഭിച്ചപ്പോള്‍ നടത്തിയതാണ്. കേന്ദ്ര അനുമതി വളരെ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതിക്ക് ശേഷം നടപടികളിലേക്ക് കടക്കുന്നതിന് പകരം അതിന് മുമ്പ് ചെയ്യാന്‍ കഴിയുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍, പദ്ധതിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭരിക്കുന്ന പാര്‍ട്ടി കൂടി ഉള്‍പ്പെട്ടു. ഇതോടെ അറച്ചുനില്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിനെതിരെ പറയുന്ന നിലയുമുണ്ടായി. ആ സാഹചര്യത്തില്‍ അനുമതിക്ക് ശേഷമാകാം ബാക്കി കാര്യങ്ങള്‍ എന്ന നിലപാടിലെത്തി. എന്തായിരുന്നാലും ഇന്നല്ലെങ്കില്‍ നാളെ ഇതിന് അനുമതി തരേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ നടത്തിയ നടപടികളുടെ ഭാഗമായി ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട സാഹചര്യമില്ല. ആരുടേയും ഭൂമി ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വിജ്ഞാപനം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”മുഖ്യമന്ത്രി വികസനത്തിന് എതിര്, സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് പറഞ്ഞത് മറച്ചു വെച്ചു” – രേഖകളുമായി മന്ത്രി മുരളീധരൻ

0

കെ റെയിൽ പദ്ധതിയെ തകർക്കാനായുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കെ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്രം നടത്തിയിരുന്നു. അപ്രായോഗകമെന്ന് അറിയിച്ചിരുന്നു എന്നാൽ ഇക്കാര്യങ്ങൾ നിയമസഭയില്‍ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.

2021 ഒക്ടോബര്‍ മുതല്‍ തന്നെ പലതവണയായി റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. ഡിപിആര്‍ അപൂര്‍ണമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്തുവിട്ടു.

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഡിപിആര്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. അക്കാര്യം അറിയിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാത്രല്ല കെ റെയലിനെ തകർത്ത് കേരളം വികസനം തടയുന്നത് ബിജെപിയാണെന്നും തുറന്നടിച്ചു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാരിന് നല്‍കിയ കത്തുകളുമായി വി മുരളീധരന്‍ രംഗത്തെത്തിയത്.

‘2021 ഒക്ടോബര്‍ മാസം തൊട്ട് ഈ പദ്ധതിയുടെ അപര്യാപ്തതയെ കുറിച്ചും അപ്രായോഗികതയെ കുറിച്ചും ഈ ഡിപിആര്‍ അപൂര്‍ണമാണ് എന്നതിനെ കുരിച്ചുമെല്ലാം വിശദീകരണം തേടിക്കൊണ്ടുള്ള കത്തുകള്‍ക്കുള്ള മറുപടി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല.’ മുരളീധരന്‍ ആരോപിച്ചു.

2022 നവംബര്‍ 25 ന് അയച്ച കത്താണ് ഇതിന് അടിസ്ഥാനമായി കാണിച്ചത്. സില്‍വര്‍ ലൈന്‍, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത, തലശ്ശേരിയില്‍ നിന്ന് മാനന്തവാടി/കല്‍പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍ പാത എന്നിങ്ങനെ മൂന്ന് പദ്ധതികളെ കുറിച്ചുള്ള ഭിന്നതയാണ്.

പദ്ധതിയുടെ പ്രാഥമികമായ പരിശോധനകള്‍ക്കുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് കത്തില്‍ പറയുന്നു. സര്‍വേയ്ക്ക് ശേഷം റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെആര്‍ഡിസിഎല്‍) സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ് എന്ന് കത്തില്‍ പറയുന്നു. ഇതോടൊപ്പം തന്നെ ഡിപിആര്‍ പൂര്‍ണമാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്നും കത്തില്‍ പറയുന്നുണ്ട്. അതിനായി ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. അതില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം എത്രയുണ്ട്. റെയില്‍വേയുടെ സ്ഥലം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി എഴുതി ചേര്‍ക്കണം എന്നും പറയുന്നുണ്ട്.

ഇക്കാര്യങ്ങള്‍ ഒന്നുകില്‍ മുഖ്യമന്ത്രി ബോധപൂര്‍വം നിയമസഭയില്‍ മറച്ചുവെച്ചതാകാം എന്നും അല്ലെങ്കില്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തയ്യാറാവുമോ എന്നും മുരളീധരന്‍ ചോദിച്ചു.