ഇനി മനുഷ്യരുമായി യാത്ര, ചന്ദ്രനെ വലം വെച്ച് ഓറിയോൺ തിരിച്ചെത്തി

0

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്‌സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറച്ചു. പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. ഏതാനും മണിക്കൂറുകൾക്കകം ഇത് വീണ്ടെടുക്കും. മെക്‌സിക്കൻ ദ്വീപായ ഗ്വാഡലൂപ്പിലെ കടലിൽ യുഎസ് നേവിയുടെ കപ്പൽ എത്തിയാവും പേടകം വീണ്ടെടുക്കുക.

നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോൺ. 25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റ‍ർ അടുത്ത് എത്തി. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചായിരുന്നു തരിച്ചുള്ള വരവ്. പിന്നെ സുരക്ഷിതമായി ഇറക്കാൻ പേടകത്തെ 32 കിലോമീറ്റർ വേഗതയിലേക്ക് കുറച്ച് ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

1.4 മില്യൺ മൈലുകൾ 25 ദിവസങ്ങൾക്കകം സഞ്ചരിച്ചാണ് ഓറിയോൺ തിരിച്ചെത്തുന്നത്. 2024 ലാണ് മനുഷ്യരുമായുള്ള ഒറിയോണിൻ്റെ രണ്ടാം യാത്ര ലക്ഷ്യം വെക്കുന്നത്. ഇത് ബഹിരാകാശ ദൌത്യമാവും. അതിന് ശേഷം 2025 ലാവും മനുഷ്യരുമായി ചന്ദ്രനിലേക്കുള്ള യാത്ര. 2027 ഓടെ വീണ്ടും മനുഷ്യരുമായി എത്തും. തുടർന്ന് സ്ഥിരം സ്റ്റേഷൻ ചന്ദ്രനിൽ സ്ഥാപിക്കും.

സുപ്രീം കോടതി കൊളീജിയം വിഷയം കേന്ദ്ര സർക്കാരിൻ്റെ ജുഡീഷ്യറിയെ പിടിച്ചടക്കാനുള്ള ശ്രമത്തിൻ്റെ ഫലമെന്ന് കോൺഗ്രസ്

ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീംകോടതിയും ഇരു തട്ടിലായതോടെ രാഷ്ട്രീയ വിവാദം കടുക്കുന്നു. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍   സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്.  ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനത്തിന് ബലമേകുന്നതായി പ്രശ്നം മാറിയിരിക്കയാണ്.

കഴിഞ്ഞ ദിവസം കൊളീജിയം തർക്കത്തില്‍ പാർലമെന്‍റില്‍  ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നല്‍കിയിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു.

കൊളീജിയം തർക്കം കേന്ദ്ര സർക്കാരിൻ്റെ ജനാധപത്യ സംവിധാനങ്ങളെ പിടിച്ചടക്കുന്ന നയത്തിന് പ്രത്യക്ഷ ഉദാഹരണായി തീരുകയാണ് എന്നു പറയുമ്പോഴും പാർലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വിഷയത്തില്‍   സമവായം ഉണ്ടായില്ല. മല്ലികാർജ്ജുന്‍ ഗർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചർച്ചയായില്ല.

വരും ദിവസങ്ങളില്‍ പാർലമെന്‍റിന് പുറത്ത്  കൊളീജിയം വിഷയത്തില്‍ ശക്തമായ ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ്  കോണ്‍ഗ്രസിന്‍റെ  നീക്കം. ജഡ്ജി നിമന വിവാദം തുടരുന്നതിനിടെ കൊളീജിയം ച‍ർച്ച പരസ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹ‍ർജി എത്തിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു.

സുപ്രീം കോടതി നൽകിയത് കനത്ത താക്കീത്

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി. കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്. കൊളീജിയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ അത്ര നല്ലനിലയ്ക്കല്ല എടുക്കുന്നത്. അതിരുവിട്ട വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്‍റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള അനിഷ്ടം രൂക്ഷമായി പ്രകടിപ്പിച്ചത്. നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

ബെംഗളൂരുവിൽ രാത്രി പുറത്തിറങ്ങിയ ദമ്പതിമാരിൽ നിന്നും പൊലീസിൻ്റെ സദാചാര പിരിവ്

0

രാത്രിയില്‍ പുറത്തിറങ്ങി നടന്ന ദമ്പതിമാര്‍ക്ക് നേരെ പോലീസിൻ്റെ സാദാചാര പിഴ. ബെംഗളൂരു മാന്യത ടെക്പാര്‍ക്കിന് സമീപത്ത് വ്യാഴാഴ്ച അര്‍ധരാത്രി നടന്ന സംഭവം വിവാദമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വിശദീകരണം തേടി.

പതിനൊന്ന് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് നിയമമുണ്ടെന്നും അത് ലംഘിച്ചതിനാല്‍ പേടിഎം വഴി പിഴയൊടുക്കണമെന്നുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശം. സുഹൃത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് നടന്ന കേക്ക് മുറിക്കലിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാര്‍ത്തിക് പത്രിയ്ക്കും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. പോലീസിന്റെ ശകാരം കേട്ട് പിഴയും നല്‍കി വീട്ടിലെത്തിയ ശേഷം സംഭവം വിശദീകരിച്ച് കാര്‍ത്തിക് ട്വിറ്ററിലൂടെ സംഭവം വെളിപ്പെടുത്തി. ട്വീറ്റിൽ തന്നെ സിറ്റി പോലീസ് കമ്മിഷണറോട് വിഷയത്തില്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.

താമസസ്ഥലത്തെ പ്രവേശനഗേറ്റിലെത്തുന്നതിന് കുറച്ചുദൂരം മാത്രം അവശേഷിക്കുമ്പോള്‍ പോലീസിന്റെ പട്രോള്‍ വാഹനം തങ്ങളുടെ സമീപത്ത് നിര്‍ത്തിയതായും പോലീസ് യൂണിഫോമിലുള്ള രണ്ട് പേര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായും തികച്ചും സാധാരണമായ ദിവസം റോഡിലൂടെ പോകുന്ന പ്രായപൂര്‍ത്തിയായ ദമ്പതിമാരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ കാരണം അവരോട് തേടുകയും ചെയ്തതായി കാര്‍ത്തിക് പറയുന്നു.

ഫോണിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകള്‍ കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും വ്യക്തിഗതവിവരങ്ങള്‍ ചോദിക്കുകയും ചെയ്തതായി കാര്‍ത്തിക് വ്യക്തമാക്കി. അരോചകമായി തോന്നിയെങ്കിലും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വിനയപൂര്‍വം മറുപടി നല്‍കി. പിന്നാലെ വാഹനത്തില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങുകയും രസീത് ബുക്ക് പോലെയുള്ള ഒന്നില്‍ തങ്ങളുടെ പേരും ആധാര്‍ നമ്പറും കുറിക്കാനാരംഭിക്കുകയും ചെയ്തു. എന്തിനാണ് രസീത് കുറിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 11 മണിക്ക് ശേഷം റോഡില്‍ ‘കറങ്ങി നടക്കാന്‍’ അനുവാദമില്ലെന്ന് ഒരുദ്യോഗസ്ഥന്‍ പറയുകയും ചെയ്തതായി കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

3,000 രൂപ പിഴയൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. താണുകേണപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ലെന്നും കൂടുതല്‍ അപേക്ഷിക്കുന്തോറും കൂടുതല്‍ പരുഷമായി പെരുമാറിയതായും അറസ്റ്റ് ചെയ്യുമെന്നും കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായും കാര്‍ത്തിക് വ്യക്തമാക്കി.

‘ഞാനാകെ തളര്‍ന്നു, ഭാര്യ കരയാന്‍ തുടങ്ങി, ഒരു സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നത് ചിലപ്പോള്‍ പിന്നീട് പ്രശ്‌നമാകുമെന്ന് തോന്നിയിട്ടാവണം അവരൊന്ന് അയഞ്ഞു. എന്നെ കുറച്ചുമാറ്റി നിര്‍ത്തി, ‘ഉപദേശിച്ചു’, കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുറച്ചു പൈസയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവസാനം 1000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. പേടിഎമ്മിലൂടെ നല്‍കിയാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. പേടിഎം ക്യുആര്‍ കോഡ് കാണിച്ച് പൈസ അയക്കാന്‍ പറഞ്ഞു. ഒടുവില്‍ താക്കീത് നല്‍കി വിട്ടയച്ചു”-കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

കാര്‍ത്തിക്കിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ ബെംഗളൂരു പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അനൂപ് എ. ഷെട്ടി വിഷയത്തില്‍ ഇടപെട്ടു. സമാനഅനുഭവങ്ങള്‍ ഉള്ളവര്‍ ബന്ധപ്പെടണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.

ടിപ്പു സുൽത്താൻ ആരംഭിച്ച ക്ഷേത്ര പൂജകൾ നിർത്തലാക്കാൻ കർണാടക സർക്കാർ

കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ടിപ്പു സുൽത്താൻ ആരംഭിച്ച പ്രത്യേക പൂജ ‘സലാം ആരതി’ നിർത്തലാക്കുന്നു. തീവ്രഹിന്ദുത്വ നിലപാടിന് വഴങ്ങി ഇനി ‘ആരതി നമസ്‌കാര’ എന്ന പേരിൽ പൂജ തുടങ്ങാനാണ് ബി ജെ പ സർക്കാരിൻ്റെ തീരുമാനം. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിൽ ഇതിന് ധാരണയുണ്ടാക്കി.

സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും സലാം ആരതി പൂജകൾ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂർ ശ്രീമൂകാംബിക, പുത്തൂർ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിൻ്റെ നടപടി.

18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ തൻ്റെ ഭരണപ്രദേശങ്ങളുടെയും പ്രജകളുടെയും ക്ഷേമത്തിനായി ആരംഭിച്ചതാണ് സലാം ആരതി പൂജ. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു എങ്കിലും പൂജകൾ തുടർന്നു. ടിപ്പുവിൻ്റെയും ഹൈദരലിയുടെയും കാലത്ത് എന്നും വൈകീട്ട് ഏഴു മണിക്കായിരുന്നു പൂജ. സലാം ആരതിക്കു പുറമെ സലാം മംഗളാരതി, ദേവഡിഗെ സലാം തുടങ്ങിയ പൂജകളും ഇത്തരത്തിൽ ആരംഭിച്ചവയാണ്.

മതേതരത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായാണ് ഈ പൂജകളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇവ അടമത്വത്തിൻ്റെ ചിഹ്നമാണെന്ന് പറഞ്ഞാണ് മത തീവ്രസംഘടനകൾ രംഗത്ത് എത്തിയത്. മൂകാംബിക, മേൽക്കോട്ട്, നഞ്ചൻഗുഡ് ക്ഷേത്രങ്ങളിൽ ടിപ്പു സുൽത്താൻ വഴിപാടുകൾ നടത്താറുണ്ടായിരുന്നു.

അതുവരെ ഔദ്യോഗികമായി ആഘോഷിച്ചു വന്നിരുന്ന ടിപ്പു ജയന്തി 2019 ൽ ബി ജെ പി സർക്കാർ നിരോധിച്ചിരുന്നു.

മാൻഡസ് ചക്രവാതം വടക്കൻ കേരളത്തിന് മുകളിൽ, മൂന്നു ദിവസം മഴ

0

മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ മൂന്ന് ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തമിഴ്നാട്ടിൽ കര കയറിയ മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി ( Cyclonic Circulation ) മാറിയതിന്‍റെ ഫലമായാണ് മഴ.

ഇപ്പോൾ ചക്രവാതചുഴി വടക്കൻ തമിഴ്നാടിനും – തെക്കൻ കർണാടകതിനും ചേർന്ന് വടക്കൻ കേരളം ഉൾപ്പെടുന്ന പ്രദേശത്തിന് മുകളിലായാണ് സ്ഥിതിചെയുന്നത്. ചക്രവാതചുഴി വടക്കൻ കേരള – കർണാടക  തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ഇതോടെ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇതിൻ്റെ സഞ്ചാര പാതയുടെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 11 മുതൽ 13 വരെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്.

ഊനകോടി ശില്പ സമുച്ചയം ലോക പൈതൃക പട്ടികയിൽ

0

ത്രിപുരയിലെ ഊനകോടി ശില്പ സമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലേക്ക്. അഗര്‍ത്തലയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള രഘുനന്ദന്‍ കുന്നുകളിലുള്ള ശില്പങ്ങളും കൊത്തളങ്ങളുമാണ് പൈതൃക സംരക്ഷണ പട്ടികയിൽ.

എട്ടാംനൂറ്റാണ്ടിനും ഒമ്പതാംനൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെടുത്തിയതെന്ന് കരുതുന്ന ഈ പുരാതന കേന്ദ്രം സംരക്ഷിക്കപ്പെടാത്തതിനാലും കാലാവസ്ഥാവ്യതിയാനംകൊണ്ടും നാശത്തിന്റെ വക്കിലെത്തിയിരുന്നു. കംബോഡിയയിലെ പ്രശസ്തമായ ‘ആങ്കോര്‍വാര്‍ട്ട്’ ക്ഷേത്രസമുച്ചയത്തിലേതിനുതുല്യമാണ് ഇവിടത്തെ ശില്പങ്ങള്‍ എന്നതിനാൽ ‘വടക്കുകിഴക്കിന്റെ ആങ്കോര്‍വാട്ട്’ എന്നറിയപ്പെടുന്നു. പുരാവസ്തുഗവേഷണവകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അതിജീവിച്ചത്.

ശിവൻ കാശിയിലേക്കുള്ള വഴിയിൽ ഇവിടെ വിശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന 99 99 999 ദൈവങ്ങളും ഇവിടെ രാവിലെ പുറപ്പെടാനുള്ള ശിവ കല്പന കേൾക്കാതെ ഉറങ്ങിപ്പോയി. അങ്ങിനെ ശൈവ ശാപത്താൽ ശിലാ ശില്പങ്ങളായി തീർന്നു എന്നാണ് ഇതിനെ കുറിച്ചുള്ള ഐതിഹ്യം. ഊന കോടി എന്ന വാക്കിൽ കോടിക്ക് ഒന്നു കുറവ് എന്നാണ് അർഥമാക്കുന്നത്.

ഊനകോടീശ്വര കാലഭൈരവ ശില്പത്തിന് 30 അടി ഉയരമുണ്ട്. പാറകളിൽ തന്നെ കൊത്തിയവയും ശിലാശില്പങ്ങളുമാണ്. ദർഗ്ഗയെ കൂടാതെ ഒരു സ്ത്രീ ശിലാശ്പം കൂടി ഇരുവശത്തുമായി ഉണ്ട്.

മാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ തിരിച്ച്നൽകി ഹരിതസേന

0

വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു. എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം. പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു.

ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ നാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്.

മറന്നു വെച്ച പേഴ്സിൽ സൂക്ഷിച്ച 15 പവൻ

രാജേഷ് എന്നയാളുടെ വീട്ടില്‍നിന്ന് കൊണ്ടു പോയ ചാക്കില്‍ നല്‍കിയ അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുമ്പോഴാണ് പേഴ്‌സ് കിട്ടിയത്. തുറന്നുനോക്കിയപ്പോള്‍ അതില്‍ സ്വര്‍ണമാലയും വളയും മറ്റ് ആഭരണങ്ങളുമായിരുന്നു. തട്ടപ്പെടുത്താനും അളക്കാനും ഒന്നും പോയില്ല. ഉടന്‍ വീട്ടുകാരെ കണ്ടെത്തി ആഭരണങ്ങളടങ്ങിയ പേഴ്‌സ് കൈമാറുകയായിരുന്നുവെന്ന് പഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ പ്രസിഡന്റ് കൂടിയായ റീജ പറഞ്ഞു.

ഹരിതകര്‍മ സേനാംഗങ്ങളെ വാര്‍ഡ് വികസനസമിതി അനുമോദിച്ചു. ഇതിനു പുറമെ നാട്ടുകാരുടെ മുഴുവൻ ആശംസയ്ക്കും അഭിനന്ദനത്തിനും ഇടയിലാണ് അവരിപ്പോൾ. വീട്ടുകാരാവട്ടെ നഷ്ടപ്പെട്ടു എന്ന് കരുതിയ സമ്പാദ്യം തിരികെ കിട്ടിയ സന്തോഷത്തിലും

അത്ര എളുപ്പമല്ല നേട്ടങ്ങൾ, മൊറോക്കോ മുന്നിൽ

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം. പോർച്ചുഗലിനെ മൊറോക്കോ മറികടന്നു. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.

എന്‍ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കന്‍ വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിയ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ പിഴവും സ്പെയിനില്‍ കളിക്കുന്ന നെസിരിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ ഈ സുവര്‍ണഗോള്‍.

മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോര്‍ച്ചുഗലിനെ മുക്കിക്കളഞ്ഞാണ് മൊറോക്കോ ചരിത്രജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാതെ പോയ പോര്‍ച്ചുഗലിനും വിജയത്തിനും മുന്നില്‍ തടസ്സമായി ഇടയ്ക്ക് ക്രോസ് ബാറും വിലങ്ങുതടിയായി നിന്നു. അമ്പത്തിയൊന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. തൊണ്ണൂറാം മിനിറ്റില്‍ താരം ഒരു ബുള്ളറ്റ് തൊടുത്തെങ്കിലും ഗോളി യാസിന്‍ ബോനോയെ ഭേദിക്കാനുള്ള വീറ് അതിനുണ്ടായില്ല. തൊണ്ണൂറാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കണ്ട് മൊറോക്കോ പത്തു പേരായി ചുരുങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ ദുര്‍വിധിക്ക് പരിഹാരമായില്ല. അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് അത്ഭുതങ്ങളൊന്നും കാട്ടാനുമായില്ല. അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പെപ്പേയുടെ ഒരു ഹെഡ്ഡര്‍ പുറത്തുപോയതോടെ പോര്‍ച്ചുഗലിന്റെ വിധി നിര്‍ണയിക്കപ്പെട്ടു.

ഒടുവില്‍ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മറുപടിയില്ലാതെ പോര്‍ച്ചുഗലും വീണു. 42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും കാനഡയേയും മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെയും തകര്‍ത്തുവിട്ട മൊറോക്കോ ഒടുവില്‍ പോര്‍ച്ചുഗീസ് വീര്യത്തെയും തകര്‍ത്ത് സെമിയിലേക്ക്.

ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്.

ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മൊറോക്കോയ്ക്കായി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൊറോക്കോ 10 പേരായി ചുരുങ്ങിയിട്ടും ആ സാഹചര്യം മുതലാക്കാന്‍ പോര്‍ച്ചുഗലിനായില്ല.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഹെഡര്‍ പക്ഷേ മൊറോക്കന്‍ ഗോളി യാസ്സിന്‍ ബോനോ അവിശ്വസനീയമായി തട്ടിയകറ്റി.

പിന്നാലെ ഏഴാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോര്‍ണറില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം യൂസഫ് എന്‍ നെസിരി നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

പിന്നാലെ 26-ാം മിനിറ്റിലും എന്‍ നെസിരി മികച്ചൊരു അവസരം നഷ്ടപ്പെടുത്തി. ഇത്തവണ സിയെച്ചിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള നെസിരിയുടെ ഹെഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പോകുകയായിരുന്നു.

31-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഒരു ഹാഫ് വോളി ജവാദ് എല്‍ യാമിക് തടഞ്ഞു. ഒടുവില്‍ 42-ാം മിനിറ്റില്‍ നേരത്തെ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായശ്ചിത്തമെന്ന പോലെ യഹ്യയുടെ ക്രോസ് പോര്‍ച്ചുഗല്‍ ബോക്‌സില്‍ ഉയര്‍ന്നുചാടി നെസിരി വലയിലെത്തിക്കുകയായിരുന്നു. 45-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോര്‍ച്ചുഗലിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എല്‍ യാമിക് കണക്ട് ചെയ്‌തെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ രക്ഷയായി.

തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല.

83-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് ജോവോ ഫെലിക്‌സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.

ആൾദൈവം കവർന്നത് 55 പവനും ഒന്നര ലക്ഷവും, പൊലീസിനും ദേവിയെ പേടി

 അൾദൈവങ്ങൾക്ക് എതിരെ സർക്കാർ നടപടി പ്രഖ്യാപിച്ചിട്ടും തട്ടിപ്പിന് കുറവില്ല. തിരുവനന്തപുരം വെള്ളായണിയിൽ മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടംബത്തെ വൻ തട്ടിപ്പിന് ഇരയാക്കി. വെള്ളായണി സ്വദേശി വിശ്വംഭരനും മക്കള്‍ക്കും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും നഷ്ടമായി.

തെറ്റിയോട് ദേവി എന്ന ആൾമാറാട്ടം

കളിയിക്കാവിള സ്വദേശിയായ വിദ്യയാണ് ഇവിടത്തെ പ്രസിദ്ധ ആൾ ദൈവം. തട്ടിപ്പ് മനസിലായി സ്വര്‍ണവും പണവും തിരികെ ചോദിച്ചതോടെ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്നായിരുന്നു ഭീണണി.

വീട്ടിലുണ്ടായ ദുര്‍മരണങ്ങളാണ് വിശ്വംഭരനെയും മക്കളെയും ദുര്‍മന്ത്രവാദിയുടെ അരികിലെത്തിച്ചത്. അടിക്കടി അഞ്ചു മരണങ്ങള്‍ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും ‘തെറ്റിയോട് ദേവി’യെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആള്‍ദൈവത്തെ സമീപിച്ചത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞ വര്‍ഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. പകലും രാത്രിയിലും പൂജകള്‍ നടത്തി. സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു.

മുറിക്കുള്ളില്‍ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാല്‍ കരിനാഗം കടിക്കുമെന്നും വീട്ടുകാരെ ഭയപ്പെടുത്തി. ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തും മടങ്ങും. ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിന് സ്വര്‍ണം ആവശ്യമായി വന്നപ്പോഴാണ് ദൈവത്തിൻ്റെ കള്ളക്കളികള്‍ പുറത്തായത്. അലമാര തുറന്ന് സ്വര്‍ണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞു. ശാപം തീരുമെന്ന് പറഞ്ഞ തീയതികള്‍ നീട്ടിക്കൊണ്ടുപോയതോടെ ഒടുവില്‍ വീട്ടുകാര്‍ തന്നെ രണ്ടുംകല്‍പിച്ച് അലമാര തുറന്നു.

അലമാരിയില്‍ സ്വര്‍ണവും പണവും ഇല്ലെന്ന് കണ്ടതോടെയാണ് തങ്ങള്‍ ചതിക്കപ്പെട്ടതാണെന്ന് വീട്ടുകാര്‍ക്ക് മനസിലായത്.

നിരവധി തവണ പല പോലീസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പൊലീസും ഒടുവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. നേമം പോലീസ് പരാതി പരി​ഗണിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ഫ്രാൻസ്, പോർച്ചുഗൽ മൊറോക്കോ- ഇന്ന് ആരു തോറ്റാലും ജയിച്ചാലും സങ്കടം

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോകപ്പ് റണ്ണറപ്പായ ഇംഗ്ലണ്ടും രാത്രി 12.30 ന് ഏറ്റുമുട്ടും. പോർച്ചുഗലും മൊറോക്കോയും 8.30 ന്. വിശേഷണം ആവശ്യമില്ലാത്ത ടീമുകളാണ് നാലും. ഇന്നലത്തെ കളി കണ്ട പിരിമുറുക്കം തീരത്തവർക്ക് ഇന്നും യുദ്ധം നേരിൽ കാണേണ്ടി വരും. ആരു ജയിച്ചാലും മികച്ച ടീമുകളിലൊന്ന് പുറത്തായെന്ന സങ്കടം ബാക്കിയാകും.

പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് വരുന്നതെങ്കില്‍ സെനഗലിനെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. കിക്കോഫ് അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-ന്.

എംബാപ്പെയെന്ന വേൾഡ് കപ്പിൻ്റെ ഓമന

ക്വാര്‍ട്ടറില്‍ ഇറങ്ങുമ്പോള്‍ ഫ്രാന്‍സിന്റെ പ്രതീക്ഷകളത്രയും എംബാപ്പെയിലാണ്. അഞ്ചു ഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ലോകകപ്പിനിടെ പെട്ടെന്ന് നാട്ടിലേക്കു മടങ്ങിയ ഇംഗ്ലണ്ട് താരം റഹീം സ്റ്റെര്‍ലിങ് ഈ കളിയിൽ തിരിച്ചിറങ്ങും.

മൊറോക്കോ പോർച്ചുഗൽ

ജയിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും മൊറോക്കോ. 2006-നുശേഷം പോര്‍ച്ചുഗല്‍ സെമിയില്‍ എത്തിയിട്ടില്ല. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്താണ് പോര്‍ച്ചുഗല്‍ വരുന്നതെങ്കില്‍ കരുത്തരായ സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.

റൊണാൾഡോ എന്ന ആവേശം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമോ എന്ന് ഇനിയും ഉറപ്പില്ല. മത്സരത്തിലെ പ്രധാന ആകര്‍ഷണം റൊണാൾഡോ തന്നെയാണ്. സ്വിറ്റ്സര്‍ലന്‍ഡിനെതിരേ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല. ക്രൊയേഷ്യയെ സമനിലയില്‍ പിടിക്കുകയും, സ്‌പെയിനിനെയും ബെല്‍ജിയത്തെയും തോല്‍പ്പിക്കുകയും ചെയ്ത ഊർജമുണ്ട് പോർച്ചുഗലിൻ്റെ ആത്മവിശ്വാസത്തിൽ.