അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടറെ രക്ഷിക്കാൻ അന്വേഷക സംഘത്തിൻ്റെ ശ്രമം, ചികിത്സാ വിവരം അറിയിക്കാത്തതും പിഴവെന്ന് പൊലീസ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവിൻ്റെ പരിധിയിൽപ്പെടുമെന്ന്  ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കും.  അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ്‌ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസിന് ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. 

അതേസമയം പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളുകയാണ് പരാതിക്കാരായ കുടുംബം.ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോർട്ടാണിതെന്നും ചികിത്സാ പിഴവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ബന്ധുക്കൾ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിസേറിയന് പിന്നാലെ കുഞ്ഞും മണിക്കുറുകൾക്കകം അമ്മയും മരിച്ചത്. മരിച്ച അപർണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ  ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു. എന്നാൽ ഒരു തരത്തിലുമുള്ള ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ഡോക്ടർമാരെ രക്ഷിക്കാൻ മാത്രമായി പടച്ചുണ്ടാക്കിയ റിപ്പോർട്ട് മാത്രമാണിതെന്നും ബന്ധുക്കൾ പ്രതികരിച്ചു

സീനിയർ സർജൻ ഡോക്ടർ തങ്കു കോശി യെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതർ സംസാരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഡോ. തങ്കു പ്രസവ സമയം  ലേബർ മുറിയിൽ ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ട് പറയുമ്പോൾ, ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. 

ശബരിമലയിൽ തിരക്കേറി, പാർക്കിങ് നിറഞ്ഞു

0

അവധിദിവസങ്ങൾ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാൽ നിറഞ്ഞു. ഇലവുങ്കൽ മുതൽ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്. കെ എസ് ആർ ടി സി 200 അധിക സർവ്വീസുകൾ നടത്തുന്നുണ്ട്.

ഭക്തജന തിരക്ക് ഇന്നത്തേക്ക് കൂടുന്ന കാഴ്ചയാണ്. വിർച്വൽ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതൽ സന്നിധാനം വരെ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുല്ലുമേട് – സത്രം വഴിയും കൂടുതൽ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്. 

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹങ്ങൾ നിറഞ്ഞതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങൾ പോലീസ് റോഡിൽ തടഞ്ഞു. നിലവിൽ സന്നിധാനത്ത് ഉള്ള തീർത്ഥാടകർ തിരിച്ചിറങ്ങിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. 

അർജൻ്റീന നെതർലാൻഡ് കളി റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രമുഖ മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

 പ്രമുഖ അമേരിക്കന്‍ സ്‌പോര്‍ട്‌സ് ലേഖകൻ ഗ്രാൻ്റ് വാള്‍ (48) ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഖത്തറിലെ മീഡിയ സെൻ്ററിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലുസൈല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്റ് മരിച്ചത്. പലതവണ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ള ഇദ്ദേഹം അമേരിക്കയിലെ പ്രസിദ്ധനായ സോക്കർ ജേർണലിസ്റ്റാണ്.

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിന്‍ബോ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ഗ്രാന്റ് വാളിനെ നേരത്തെ തടഞ്ഞുവെച്ചിരുന്നു.

തിരിച്ച് പിടിച്ചിട്ടും കീഴടക്കാനാവാതെ നെതർലൻഡ്; തീപ്പൊരിയായ് അർജൻ്റീന സെമിയിൽ

ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് മുന്നേറിയ നെതര്‍ലന്‍ഡ് പെനാൽറ്റി ഷൂട്ടൌട്ടിൽ വീണു. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. പക്ഷെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിൽ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. ഇരു ടീമുകളും 2-2ന് സമനിലയില്‍ തന്നെ തുടർന്നു. മഞ്ഞക്കാര്‍ഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശം നിറച്ചു. ഒരു വേള പുറത്തെ വിങ്ങിൽ നിന്നും കളിക്കാർ ഇറങ്ങി കയ്യാങ്കളിയിലും എത്തി.

 ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ തന്നെ വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്.

പെനാൾട്ടി ഷൂട്ടൌട്ടിൽ ആദ്യത്തെ രണ്ട് ഗോളുകൾ നെതർലൻഡിന് വലിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. പക്ഷെ അർജൻ്റീനയും ഗോൾ മിസ് ചെയ്തതോടെ അവിടെയും സമനില വന്നു. എങ്കിലും അഞ്ചാമത്തെ ബോൾ കൂടി നെതർലാൻഡ് പുറത്തേക്ക് കളഞ്ഞതോടെ അർജൻ്റീന കൃത്യമായി ഫിനിഷ് ചെയ്തു.

ചൊവ്വാഴ്ച ക്രൊയേഷ്യയോടാവും അർജൻ്റീന സെമിയിൽ ഏറ്റുമുട്ടുക. ക്രൊയേഷ്യ ബ്രസീൽ മത്സരവും പെനാൽട്ടി ഷൂട്ടൌട്ടിലാണ് അവസാനിച്ചത്. പക്ഷെ പ്രതീക്ഷയുയർത്തിയ ബ്രസീൽ വീണു

ബ്രസീൽ പരിശീലകൻ ടിറ്റെ സ്ഥാനം ഒഴിഞ്ഞു

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായി. പക്ഷെ 2020 ൽ കോപ്പയില്‍ അര്‍ജന്റീനയോട് ഏറ്റുമുട്ടി തകർന്നു

ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നാണ് രാജി തീരുമാനത്തെ കുറിച്ച് ടിറ്റെ പറഞ്ഞു.

2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ കപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായത്. അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങി. തുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയം ഏറ്റുവാങ്ങി.

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശ ലംഘനം – ഹൈക്കോടതി

0

പരസ്പര ധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്. 

പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതിയിൽ നിന്നും ഈ വിമര്‍ശനം ഉണ്ടായത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. തിരുവനന്തപുരം സ്വദേശി ആയ യുവവും, എറണാകുളം സ്വദേശിനിയായ യുവതിയുമാണ്  കുടുംബക്കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

വിവാഹ തർക്കങ്ങളിൽ   ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും  വിവാഹമോചനത്തെക്കുറിച്ചുള്ള നിയമനിർമ്മാണം  കക്ഷികളെ കേന്ദ്രീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഹൈക്കോടതി നിര്‍ദേശിക്കുന്നുണ്ട്.  

നെയ്‌മറുടെ മിന്നും ഗോൾ കാഴ്ചവെച്ച് ക്രൊയേഷ്യൻ പെനാൾട്ടി ഷൂട്ടിൽ വീണ് തകർന്ന് ബ്രസീൽ പുറത്തേക്ക്

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീൽ പൊനാൽട്ടി ഷൂട്ടൗട്ടില്‍ വീണു. ക്രൊയേഷ്യ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. ഓരോ ഗോളിന് സമനില തുടർന്നാണ് നിശ്ചിത മത്സര സമയം അവസാനിച്ചത്. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം.

ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ ചെസ് ബോർഡിൽ എന്ന പോലെ നീക്കങ്ങളോടെയുള്ള മിന്നും ഗോളിന് അധികം ആയുസ്ണ്ടായില്ല. മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം സമനിലയായത്. ഒരിക്കല്‍ക്കൂടി പെനാൽട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഗാലറിയില്‍ ബ്രസീലിയന്‍ ആരാധകരുടെ കണ്ണീരൊഴുകി. 

തൊണ്ണൂറുമിനിറ്റ് അവസാനിക്കുമ്പോള്‍ ഒമ്പത് സേവുകളാണ് ലിവാകോവിച്ച് നടത്തിയത്. ടൂര്‍ണമെന്റിലിതുവരെ ആരും അത്രയും സേവുകള്‍ നടത്തിയിട്ടില്ല. ഒടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റോഡ്രിഗോയുടെ ഷോട്ടും തടഞ്ഞ് ലിവാകോവിച്ച് ഭാഗ്യം കൊണ്ടു വരുന്ന പച്ചതുള്ളനായി.

ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിന്‍റെ ആക്രമണത്തിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നില്‍ മോഡ്രിച്ചിന്‍റെ നേതൃത്വത്തില്‍ ക്രൊയേഷ്യ നീക്കങ്ങള്‍ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോള്‍ പൊസിഷനും മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്. 

മൂന്നാം മിനുറ്റില്‍ കൊവാസിച്ചിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്‍റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാര്‍ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റില്‍ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റില്‍ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 23-ാം മിനുറ്റില്‍ നെയ്‌മറുടെ താളം കൃത്യമായി കണ്ട നീക്കത്തില്‍ കസിമിറോയ്ക്ക് ഗോള്‍വല ഭേദിക്കാനായില്ല. 42-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കില്‍ നെയ്‌മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി. 

ചെസ് ബോർഡിലെ കരുക്കൾ എന്നപോലെ വെട്ടിച്ചെടുത്ത നെയ്മറുടെ ഗോൾ

ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ ഓരോന്നോരോന്നായി വെട്ടിയുഴിഞ്ഞ് ഒടുവില്‍ ഗോള്‍കീപ്പറേയും മറികടന്ന് നെയ്മറുടെ കാലുകളില്‍ നിന്ന് പന്ത് വല തൊട്ടപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശംകൊണ്ട് തുള്ളിച്ചാടി. ഒരേ ലൈനിൽ മൂന്നു തവണ പാസ് മാറിയെടുത്താണ് നെയ്മർ പന്ത് ഗോളിലേക്ക് എത്തിച്ചത്.

പക്ഷെ,  ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആറാം ലോകകിരീടമെന്ന സ്വപ്‌നം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

രണ്ടാംപകുതി ബ്രസീലിയന്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനുറ്റില്‍ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 76-ാം മിനുറ്റില്‍ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ നെയ്മ‍ര്‍ ശ്രമിച്ചപ്പോള്‍ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റില്‍ പക്വേറ്റയുടെ ഷോട്ടും ഗോളിയില്‍ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്‌ട്രാ ടൈമില്‍(105+1) സാക്ഷാല്‍ സുല്‍ത്താന്‍ നെയ്‌മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 116-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്‌കോവിച്ചിന്‍റെ ലോംഗ് റേഞ്ച‍ര്‍ മത്സരം 120 മിനുറ്റുകളില്‍ സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടില്‍ കാര്യങ്ങള്‍ക്ക് തീരുമാനമാവുകയായിരുന്നു. 

ഇന്നു രാത്രി 12.30, അർജൻ്റീനയും ഹോളണ്ടും; കളിയിലെ കളികൾ ഓർക്കണം

കഴിഞ്ഞ 19 കളികളില്‍ അപരാജിതരായി വരുന്നവരാണ് നെതര്‍ലന്‍ഡ്സ്. ലോകഫുട്ബോളില്‍ കളിയഴകിൻ്റെ പട്ടാളമായ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും മുഖാമുഖം വരികയാണ്. ക്ലാസിക് ഫുട്ബോളിൻ്റെ പൂരമാണ്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ മറികടന്നാണ് അര്‍ജന്റീന വരുന്നത്. അമേരിക്കയെ തകര്‍ത്താണ് നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തിയത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ രാത്രി പത്തുമണി (ഇന്ത്യന്‍ സമയം 12.30)ക്കാണ് കിക്കോഫ്.

കളിയെന്താവും

ലൂയി വാന്‍ഗാല്‍ എന്ന തന്ത്രജ്ഞനായ പരിശീലകനു കീഴില്‍ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്സ് പുറത്തെടുക്കുന്നത്. ഇതിനകം മൂന്നുഗോള്‍ നേടിയ കോഡി ഗാക്പോയും സൂപ്പര്‍ താരം മെംഫിസ് ഡിപേയും ഫോമിലാണെന്നത് നെതര്‍ലന്‍ഡ്സിന് പ്രതീക്ഷയേറ്റുന്ന ഘടകമാണ്. പ്രതിരോധത്തിലെ വിള്ളലുകളാണ് ചെറിയൊരു ആശങ്ക. പ്രാഥമികറൗണ്ടില്‍ എക്വഡോര്‍ സമനിലയില്‍ പിടിച്ചത് നെതര്‍ലന്‍ഡ്സിന്റെ ഈ ആശങ്ക വെളിവാക്കുന്ന തെളിവാണ്.

പരിക്കേറ്റ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ തിരിച്ചുവരുന്നത് അര്‍ജന്റീനയ്ക്ക് പ്രതീക്ഷനല്‍കുമ്പോള്‍ റോഡ്രിഗോ ഡി പോളിന്റെ പരിക്ക് ആശങ്കയുമാകുന്നുണ്ട്. പേശികള്‍ക്ക് പരിക്കേറ്റ റോഡ്രിഗോ നെതര്‍ലന്‍ഡ്സിനെതിരേ കളിക്കുന്നകാര്യം സംശയത്തിലാണ്. ടീമിന്റെ ഊര്‍ജമായ ലയണല്‍ മെസ്സി ഇന്ദ്രജാലംപോലെ ഗോള്‍ കണ്ടെത്തുന്നതിനൊപ്പം ജൂലിയന്‍ അല്‍വാരെസ് തിളങ്ങുന്നതും അര്‍ജന്റീനയുടെ പ്രതീക്ഷയേറ്റുന്ന ഘടകമാണ്. 

ടീം സാധ്യത

  • നെതര്‍ലന്‍ഡ്സ്: നോപ്പര്‍ട്ട്, ടിംബര്‍, വാന്‍ഡെയ്ക്, നഥാന്‍ എക്കെ, ഡംഫ്രീസ്, ഡി യോങ്, ഡീ റൂണ്‍, ബ്ലിന്‍ഡ്, ക്ലാസന്‍, ഗാക്പോ, ഡീപെ
  • അര്‍ജന്റീന: മാര്‍ട്ടിനെസ്, മൊളീന, റൊമേറോ, ഒട്ടാമെന്‍ഡി, അക്യുന, എന്‍സോ, ഡി പോള്‍, മക്കാലിസ്റ്റര്‍, ഡി മരിയ, മെസ്സി, അല്‍വാരെസ്

അർജൻ്റീന പിന്നിട്ട പടയോട്ടം

ലോകകപ്പിലെ ഓരോ മത്സരങ്ങളും അര്‍ജന്റീനയ്ക്ക് നിര്‍ണായകമായിരുന്നു. തുടക്കം മുതല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് അജന്റീന കളിക്കുന്നത്. ടീമില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പോലും അവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയേയും പോളണ്ടിനേയും ഒരുപോലെ അതിജീവിക്കേണ്ടി വന്നു. ഉറച്ചുനിന്ന മെക്‌സിക്കന്‍ പ്രതിരോധക്കോട്ടയെ ഭേദിക്കാന്‍ മെസ്സിയും സംഘവും നന്നായി വിയര്‍പ്പൊഴുക്കി. തപ്പിത്തടഞ്ഞും ആശങ്കയുണര്‍ത്തിയുമുള്ള ഒന്നാം പകുതിയാണ് മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീന കളിച്ചത്. ഒടുവില്‍ 64-ാം മെസ്സിയുടെ ഒരു ഇടംകാല്‍ ഷോട്ട് തന്നെ വേണ്ടിവന്നു പ്രതിരോധപ്പൂട്ട് പൊട്ടിക്കാന്‍. പത്ത് പേരും പ്രതിരോധത്തിലൂന്നി കളിച്ച പോളണ്ടിനേയും നിരന്തര ആക്രമണങ്ങളിലൂടെ അര്‍ജന്റീന കീഴടക്കി. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ഫിസിക്കല്‍ ഗെയിമിനേയും അവര്‍ അതിജീവിച്ചു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഓസ്‌ട്രേലിയ ആഞ്ഞുതുഴഞ്ഞപ്പോള്‍ അര്‍ജന്റീനന്‍ താരങ്ങള്‍ ശരിക്കും വിറച്ചു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ ചുറ്റിപ്പിടിച്ചാണ് അര്‍ജന്റീനന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്. ഇത്തവണ അവർ എന്താവും

ഹോളണ്ട് ചില്ലറക്കാരല്ല

ക്വാര്‍ട്ടറില്‍ ഒരല്‍പം മുന്‍തൂക്കം നെതര്‍ലന്‍ഡ്‌സിന് തന്നെയാണ്. ഇരുടീമുകളും മുഖാമുഖം വന്ന ഇതുവരേയുള്ള കണക്ക് എടുത്തുനോക്കിയാലും മുന്‍തൂക്കം ഡച്ച് പടയ്ക്കാണ്. ഒമ്പത് മത്സരങ്ങളില്‍ നാല് എണ്ണത്തില്‍ അവര്‍ വിജയിച്ചു. മൂന്നെണ്ണത്തില്‍ അര്‍ജന്റീനയും. രണ്ടെണ്ണം സമനിലയായി. ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളാണ് ഇരുവരും കളിച്ചത്. ഇതില്‍ ഇരുടീമുകള്‍ക്കും രണ്ട് വിജയങ്ങളും രണ്ട് തോല്‍വിയും. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ അവര്‍ ഈ ലോകകപ്പില്‍ ഏറ്റവും ആധികാരികമായി കളിക്കുന്ന ടീമുകളില്‍ ഒന്നാണ്. പട്ടംപോലെ പറന്നുനടന്ന് കളിക്കുന്ന ടീം. അമേരിക്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറിലും അവര്‍ തങ്ങളുടെ മികവ് പൂര്‍ണമായും പുറത്തെടുത്തിട്ടില്ല. കളി വരുതിയിലാക്കി വിജയത്തിലേക്ക് നീങ്ങുന്ന ഓറഞ്ച് പട

പശ്ചിമ ജര്‍മനിയില്‍ 1974-ല്‍ നടന്ന ലോകകപ്പ്

ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ യൊഹാന്‍ ക്രൈഫിന്റെ മികവില്‍ എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീനയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചത്. അന്ന് ക്രൈഫ് ഇരട്ടഗോള്‍ നേടി.

അര്‍ജന്റീനയില്‍ നടന്ന 1978-ലെ ലോകകപ്പ്

അന്ന് ഇരുടീമുകളും കിരീടപ്പോരാട്ടത്തിലാണ് മുഖാമുഖം വന്നത്. മരിയോ കെംപസിന്റെ ഇരട്ടഗോളില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 3-1നായിരുന്നു ആതിഥേയരുടെ വിജയം.

ഫ്രാന്‍സില്‍ നടന്ന 1998-ലെ ലോകകപ്പ്

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോള്‍ കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. 90-ാം മിനിറ്റില്‍ ഡെന്നീസ് ബെര്‍കാംപിന്റെ ആ ഗോളില്‍ അര്‍ജന്റീനയെ 2-1ന് തോല്‍പ്പിച്ച് ഡച്ച് ടീം സെമിയിലെത്തി.

ജര്‍മനിയില്‍ നടന്ന 2006-ലെ ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഗോള്‍രഹിത സമനിലയായിരുന്നു മത്സരഫലം.

ബ്രസീലില്‍ നടന്ന 2014-ലെ ലോകകപ്പ്

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡച്ച് ആരാധകരെ സങ്കടത്തിലാഴ്ത്തി സെമി ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരുടീമുകളും ഗോള്‍ നേടാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തി. 4-2ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.

ബ്രസീൽ ക്രൊയേഷ്യ കളിയിലെ കാര്യങ്ങൾ, ഇതുവരെ ഇങ്ങനെ

ബ്രസീല്‍

  • കളി 4
  • ജയം 3
  • തോല്‍വി 1
  • ഗോള്‍ 7
  • ഗോള്‍ വഴങ്ങിയത് 2
  • ബോള്‍ പൊസഷന്‍ 57.8%
  • മൊത്തം പാസ് 2314
  • പാസിങ് കൃത്യത 87.9%
  • ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 7
  • ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 0
  • ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 32
  • ഷോട്ട് ശരാശരി 18.8
  • കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത്- മാര്‍ക്വിന്യോസ് (34.41 കി.മീ.)

ക്രൊയേഷ്യ

  • കളി 4
  • ജയം 2
  • സമനില 2
  • ഗോള്‍ 5
  • ഗോള്‍ വഴങ്ങിയത് 2
  • ബോള്‍ പൊസഷന്‍ 54.8%
  • മൊത്തം പാസുകള്‍ 2442
  • പാസിങ് കൃത്യത 84.7%
  • ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 4
  • ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 1
  • ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 20
  • ഷോട്ട് ശരാശരി 11.5
  • കളിക്കളത്തില്‍ കൂടുതല്‍ ദൂരം പിന്നിട്ടത് – മാഴ്സലോ ബ്രോസോവിച്ച് (56.26)

കളി തുടങ്ങട്ടെ

ലോകകപ്പ് ഫുട്ബോളിന്റെ ക്വാട്ടർ ഫൈനൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം. ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെള്ളിയാഴ്ച ക്രൊയേഷ്യയെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.

സാധ്യത

  • ബ്രസീല്‍: അലിസന്‍, മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്വിന്യോസ്, ഡാനിലോ, കാസെമിറോ, പക്വേറ്റ, റഫീന്യ, നെയ്മര്‍, വിനീഷ്യസ്, റിച്ചാലിസണ്‍
  • ക്രൊയേഷ്യ: ലിവാകോവിച്ച്, യുറാനോവിച്ച്, ലോവ്റന്‍, ഗ്വാര്‍ഡിയോള്‍, സോസ, കൊവാസിച്ച്, ബ്രോസോവിച്ച്, മോഡ്രിച്ച്, ക്രാമാറിച്ച്, പെറ്റോകോവിച്ച്, പെരിസിച്ച്

ഏകീകൃത സിവിൽ കോഡിനായി സ്വകാര്യ ബിൽ; കോൺഗ്രസ് അറിഞ്ഞത് ബഹളം തുടങ്ങിയപ്പോൾ

ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തപ്പോൾ കോൺഗ്രസ് പ്രതിനിധികൾ ആരും സഭയിൽ ഇല്ലായിരുന്നു.

ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന് പി.വി അബ്ദുവഹാബ് പരസ്യമായി പ്രതികരിച്ചു.

ഇടതുപക്ഷവും തൃണമൂലും എതിർപ്പുയർത്തി

ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്റെ ബില്‍. സഭയില്‍ ബില്‍ അവതരണത്തിനായി അനുമതി തേടിയപ്പോള്‍ തന്നെ സിപിഎമ്മിലേയും ലീഗിലേയും ത്രിണമൂല്‍ കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.

ഇത്തരമൊരു ബില്‍ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും ബില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകണമെന്നും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുവഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന പരാമര്‍ശവും വഹാബ് നടത്തി. തൊട്ടുപിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തുകയും ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.

നാലു തവണ മാറ്റിവെച്ച ബില്ലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാല്‍ മീണയുടെ സ്വകാര്യ ബില്ലിനെതിരെ എളമരം കരീം പരാതി നല്കുകയായിരുന്നു. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാവും ബില്ലെന്ന് എളമരം കരീം കത്തില്‍ ചൂണ്ടിക്കാട്ടി.

പിന്നീട് ഏപ്രിലിലും ബിൽ പരിഗണനയ്ക്ക് വന്നിരുന്നു. രാജ്യത്തിന് ഒരു ഏക സിവിൽകോഡ് ഉണ്ടാക്കാനും നടപ്പാക്കാനും ദേശീയ തലത്തിൽ പരിശോധനയും അന്വേഷണവും നടത്തണം എന്ന് ആവശ്യപ്പെടുന്ന ബില്ലിനാണ് ബിജെപി എംപി കിറോഡി ലാൽ മീണ അവതരണാനുമതി തേടിയത്. സഭാ ചട്ടം 67 പ്രകാരം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഎം എംപിമാരായ എളമരം കരീം, വി. ശിവദാസൻ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് തള്ളിക്കളഞ്ഞ് ചെയർമാൻ വെങ്കയ്യ നായിഡു അജണ്ടയിൽ അതുൾപ്പെടുത്തുകയായിരുന്നു.

ഇന്ന് അനുമതി ശബ്ദവോട്ടോടെ

ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇതോടെ കിരോരി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചു. ഇത് സഭ ചര്‍ച്ചചെയ്യേണ്ടി വരും. സ്വകാര്യ ബില്‍ ആയതിനാല്‍ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്യും.