ജനങ്ങൾ തിരഞ്ഞെടുത്തു, നേതാക്കൾ അടി തുടങ്ങി; ഹിമാചലിൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് വടംവലി

അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചു ലഭിച്ച ഹിമാചൽ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ഏറ്റുമുട്ടലിലേക്ക്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലേക്ക് കേന്ദ്ര നിരീക്ഷകനായി അയച്ച ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിൻ്റെ വാഹനവ്യൂഹമാണ് പ്രതിഭാ അനുകൂലികള്‍ തടഞ്ഞത്.

എംപിയായ പ്രതിഭാ സിങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. പാര്‍ട്ടി അധ്യക്ഷയായ അവര്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയാണ്. അവരെ മുഖ്യമന്ത്രിയാക്കണം എന്നാണ് ആവശ്യം.

68 അംഗ ഹിമാചല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. 25 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

പ്രതിഭാ സിങിനെ കൂടാത് ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും കസേര ലക്ഷ്യമിട്ട് മുന്നിലുണ്ട്.

സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരികെ

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് പരിഗണനയിൽ. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് അനുകൂലമായി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് ൽകിയതിന് പിന്നാലെയാണ് നീക്കം. 

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളുകയും ചെയ്തിരുന്നു. 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചത്. സജിക്ക് പകരം പുതിയ മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ. 

യാദൃശ്ചികമായാണ് വിവാദ പരാമർശം ഉണ്ടായത്. പ്രസംഗം മുഴുവൻ കേട്ടാൽ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎൽഎമാരടക്കമുള്ളവരുടെ മൊഴികളും മുൻ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തി. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പറയുന്നു. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോർട്ടാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ചത്. 

എന്നാൽ പ്രസംഗത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും സജി ചെറിയാന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയലിന്‍റെ ആരോപണം. പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഇദ്ദേഹത്തിൻ്റെ നിലപാട്

ചാൻസലറെ മാറ്റണോ വേണ്ടയോ, കോൺഗ്രസിൽ ഇനിയും ചർച്ച തീർന്നില്ല

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനം അറിയിച്ചു എങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തീർന്നില്ല. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഒരു വിഭാഗത്തിൻ്റെ നിലപാട്.

ഗവർണറും സർക്കാരും തമ്മിൽ പോരടിക്കുന്നതിൽ കാര്യമുണ്ട്. പക്ഷെ സർക്കാരിനെ എതിർക്കുന്നതിനു പകരം അനുകൂലിക്കുന്നതുകൊണ്ട് എന്തു ഗുണമാണ് പ്രതിപക്ഷത്തിന് എന്നാണ് ചോദ്യം.

ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപമായിരുന്നു ഇതുവരെ കോൺഗ്രസ് ഉയർത്തിയിരുന്നത്. അതേ സമയം തന്നെ ഗവർണറുടെ കടന്നു കയറ്റങ്ങളിൽ അഭിപ്രായ വ്യത്യാസവും ഉണ്ടാായിരുന്നു. കേന്ദ്ര രാഷ്ട്രീയത്തിൻ്റെ ഏജൻസിയാവുന്നത് ആശങ്ക ഉയർത്തുകയും ചെയ്തു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായാണ് ഗവർണർ നിലപാടുകൾ സ്വീകരിക്കുന്നത്. ഗവർണർ ജനാധിപത്യസർക്കാരിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നത്. നാളെ ഏത് പാർട്ടിക്കും ഇത് അനുഭവിക്കേണ്ടി വരും. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നത് ശരിയല്ല. തികച്ചും ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ ഒതുക്കാൻ ശ്രമിക്കുന്നത് എന്നിങ്ങനെയായിരുന്നു പാർട്ടി വിലയിരുത്തൽ.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന തീരുമാനം ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടില്ല എന്നാണ് ഇതിനെ എതിർക്കുന്നവർ വാദിക്കുന്നത്. ഏതെങ്കിലുമൊരു ഗവർണറുമായി ഏറ്റുമുട്ടലുണ്ടായി എന്നുകരുതി നിയമം ഭേദഗതിചെയ്ത് ഗവർണറെ ഒഴിവാക്കുന്നത് ശരിയല്ല എന്നാണ് എതിർപ്പുകാരുടെ വാദം. നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഒപ്പിടരുതെന്ന് പ്രതിപക്ഷംതന്നെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യവും ഇവർ ചൂണ്ടികാട്ടുന്നു.

പരാജയം ഏറ്റെടുത്തു, സ്പെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്കെ

ലോകകപ്പിലെ ദയനീയമായ പുറത്താകലിനു തുടർച്ചയായി സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകൻ ലൂയിസ് എന്‍‌റിക്കെ സ്ഥാനം ഒഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ സ്‌പെയിനിനെ അട്ടിമറിച്ചത് ആരാധക ലോകത്തിന് ഞെട്ടലായിരുന്നു. അണ്ടര്‍ 21 സ്‌പെയിന്‍ ടീം പരിശീലക സ്ഥാനത്തുള്ള ലൂയിസ് ഡി ലാ ഫ്യുൻ്റെയാവും പുതിയ പരിശീലകൻ.

പ്രീ ക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികസമയത്തും മൊറോക്കോയുമായി ഗോള്‍രഹിത സമനിലയായിരുന്നു. അവസരങ്ങൾ ഒന്നും മുതലാക്കാനായില്ല (3-0). പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാൻ കഴിഞ്ഞില്ല.

ഇതിന് തുടർച്ചയായി സ്പാനിഷ് ഫുട്‌ബോളിനായി പുതിയ പദ്ധതികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് ആര്‍.എഫ്.ഇ.എഫ് (സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമർശിച്ചിരുന്നു. സമീപകാലത്ത് സ്പാനിഷ് ഫുട്‌ബോള്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നാണ് വിശദീകരണം. ദേശീയ ടീമിനായി ലൂയിസ് എന്‍‌റിക്കെയും മറ്റ് കോച്ചുമാരും നല്‍കിയ സേവനത്തിന് റിപ്പോർട്ട് നന്ദിപറയുന്നു. ഡിസംബര്‍ 12-ന് ചേരുന്ന ആര്‍.എഫ്.ഇ.എഫ് യോഗത്തില്‍ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും

2018 ലോകകപ്പില്‍ റഷ്യയോട് തോറ്റ് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു ലൂയിസ് എന്‍‌റിക്കെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. 2020-ലെ യൂറോ കപ്പില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സെമി ഫൈനല്‍വരെ എത്തിയിരുന്നു.

ഗ്രാനൈറ്റ് ഇറക്കുമ്പോൾ ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ പ്രദീപ്, സുദന്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയില്‍ വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അപകടം

ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് നിർമ്മാണ ആവശ്യത്തിന് കൊണ്ടു വന്ന ഗ്രാനൈറ്റാണ്. കണ്ടെയ്‌നറില്‍നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാളികളായി അടുക്കിവെച്ച നിലയിലായിരുന്നു. ഇത് ആദ്യത്തെ പാളി എടുത്തപ്പോൾ ഇരുവരുടെയും മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിസ്സഹായരായി ബഹളം വെച്ച് ആളെക്കൂട്ടി.

ഗ്രാനൈറ്റ് പാളികൾക്ക് അടിയിൽ പെട്ടവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്. ഇവയുടെ അട്ടികൾ ഒന്നിച്ചാണ് മറിഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവിലാണ് ഇവ ഇരുവരുടെയും ശരീരത്തിന് മുകളില്‍നിന്ന് എടുത്തുമാറ്റാനായത്.

ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചു. നെടുങ്കണ്ടത്തെ സ്വകാര്യ നിര്‍മാണ ശാലയിലെ തൊഴിലാളാണ് മരിച്ച പ്രദീപും സുദനും.

ഗ്രാനൈറ്റ് ഇറക്കുന്നതില്‍ വൈദിഗ്ധ്യമുള്ള ആളുകളായിരുന്നില്ല ഇവര്‍. കണ്ടെയ്‌നര്‍ ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലുമായിരുന്നതും അപകടത്തിന് കാരണമായി. ചെരിഞ്ഞ ഭാഗത്തേക്ക് പാളികൾ ഒന്നിച്ച് മറിയുകയായിരുന്നു . ഇരുവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

സംസ്ഥാന സ്കൂൾ കോലോത്സവം; കോഴിക്കോട്ട് 24 വേദികൾ

61മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് ആതിഥ്യമരുളുന്നത് കോഴിക്കോട് ജില്ലയാണ്. 24 വേദികളിലായി മത്സരങ്ങള്‍ നടക്കും

  1. കലോത്സവ വേദികള്‍: – വിക്രം മൈതാനം
  2. സാമൂതിരി ഹാള്‍
  3. സാമൂതിരി ഗ്രൗണ്ട്
  4. പ്രൊവിഡന്‍സ് ഓഡിറ്റോറിയം
  5. ഗുജറാത്തി ഹാള്‍
  6. സെന്റ് ജോസഫ്സ് ബോയ്സ്
  7. ആഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്
  8. എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഗ്രൗണ്ട്
  9. എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഓഡിറ്റോറിയം
  10. ഗണപത് ബോയ്സ് എച്ച്.എസ്.എസ്
  11. അച്യുതന്‍ ഗേള്‍സ് ഗ്രൗണ്ട്
  12. അച്യുതന്‍ ഗേള്‍സ് ജി.എല്‍.പി.എസ്
  13. സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്.എസ്.എസ്
  14. എസ്.കെ പൊറ്റക്കാട് ഹാള്‍
  15. സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍
  16. ജി.എച്ച്.എസ്.എസ് കാരപറമ്പ്
  17. സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്
  18. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ട് ഈസ്റ്റ് ഹില്‍
  19. മര്‍ക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
  20. ടൗണ്‍ ഹാള്‍
  21. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
  22. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
  23. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
  24. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്

വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ വികസന രാഷ്ട്രീയം; പ്രിയങ്കാ ഗാന്ധിക്കായ് ജയ് വിളികൾ

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിൻ്റെ ആശ്വാസ ജയത്തിന് പിന്നാലെ പ്രിയങ്ക ഗന്ധി വീണ്ടും ദേശീയ ശ്രദ്ധയിൽ. ഗുജറാത്തില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞപ്പോഴും കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കിയത് ഹിമാചലിലെ വിജയമാണ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ്.

പ്രവർത്തകർക്കും അണികൾക്കും ഒരേ പോലെ ഊർജ്ജം പകരുന്നതായിരുന്നു പ്രിയങ്കയുടെ സാന്നിധ്യം. ലക്ഷ്യവും വഴിയും തെറ്റിപ്പോയ കോൺഗ്രസിൽ പ്രതീക്ഷയറ്റപ്പോഴും പ്രിയങ്കയിൽ വോട്ടർമാർ പ്രതീക്ഷയർപ്പിക്കുന്ന കാഴ്ചയാണ്. ഓരോ തവണ അവർ സജീവമായി രംഗത്ത് എത്തുമ്പോഴും കുടുംബത്തെ വരിഞ്ഞ കേസുകളും നിയമ നടപടികളും ഉയർത്തിക്കൊണ്ടു വന്ന് ആത്മവിശ്വാസം തകർക്കുന്ന എതിർ രാഷ്ട്രീയത്തെ ചെറുക്കാൻ പാർട്ടി ഒരുമിച്ച് നിൽക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സാഹചര്യത്തിൽ സംശയിക്കുന്നത്.

60 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതിൽ 39 സീറ്റിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു. ബി ജെ പി 19 സീറ്റിൽ വിജയം നേടി. 9 സീറ്റിൽ മുൻതൂക്കമുണ്ട്. നാല് ലോക് സഭാ സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. 2018 ന് ശേഷം കോൺഗ്രസ് നേടുന്ന ആദ്യ വിജയമാണ്. രാഹുൽ ഗാന്ധി ഒരിടത്തും പോലും പ്രചാരണത്തിന് എത്തിയിരുന്നില്ല.

എ എ പി മതേതരത്വവും അഴിമതി വിരുദ്ധ മുദ്രാവാക്യവും ഉയർത്തി രംഗത്ത് വന്നപ്പോൾ ലഭിച്ചിരുന്ന വിശ്വാസ്യത നിലനിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ബിജെപി ശക്തമായി നിലനിൽക്കെ അവരുടെ ബദൽ ടീം എന്ന നിലയിൽ ജനങ്ങൾക്ക് ഇടയിൽ വേരിറക്കുന്നതിലെ പരിമിതയാണ് പ്രതിഫലിച്ചത്. എങ്കിലും ബദലിനായുള്ള ജനങ്ങളുടെ ആഗ്രഹം ഒരു പരിധിവരെ അവരുടെ സാന്നിധ്യത്തെ സ്വീകരിക്കയും ചെയ്തു. ഇതിനിടയിലാണ് കോൺഗ്രസിൽ എന്തോ ബാക്കിയുണ്ട് എന്ന അനുഭവത്തെ പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ കഴിഞ്ഞത്. ഉത്തർ പ്രദേശ് ഇലക്ഷൻ നയിച്ചപ്പോൾ നേർ വപരീത ഫലമായിരുന്നു.

ജനങ്ങളിലേക്ക് എത്തിച്ച മുദ്രാവാക്യം

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാകുകയും സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാല്‍ മുഴുവന്‍ സമയ പ്രാചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രിയങ്കയ്ക്ക് ഹിമാചലില്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിക്കേണ്ടതുണ്ടായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചും തിരിച്ചറിഞ്ഞും അവരുടെ ഇടയിലേക്ക് കോൺഗ്രസ് വാഗ്ദാനങ്ങൾ എത്തിക്കയായിരുന്നു. 10 കാര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രിയങ്ക മുന്നോട്ടുവെച്ച പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. പൊതുവെ ഭരണ വിരുദ്ധ തരംഗം എല്ലാ തിരഞ്ഞെടുപ്പിലും സ്വാധീനിക്കാറുള്ള ഹിമാചലിൽ അവരുടെ പ്രചാരണം ഏറ്റു.

ഡല്‍ഹിയില്‍ എഎപി പരീക്ഷിച്ചതിന് സമാനമായി 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, യുവാക്കള്‍ക്ക് ജോലി തുടങ്ങി വാഗ്ദാനങ്ങള്‍ വോട്ടായി. അധികാരത്തിലേറിയാല്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും വലിയൊരു വിഭാഗത്തെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചു. അധികാരത്തിലുള്ള രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. രണ്ടര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനം വലിയ ചലനമുണ്ടാക്കി.

ഹിമാചലിലെ സ്വന്തം വീട്ടില്‍ തന്നെ തങ്ങിയായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. റാലികളിലും റോഡ് ഷോകളിലും കോണ്‍ഗ്രസിന്റെ മുഖമായി പ്രിയങ്ക നിറഞ്ഞു.

പ്രിയങ്കയുടെ പ്രകടനപത്രികയാണ് സംസ്ഥാനത്ത് ഫലംകണ്ടതെന്ന് ഹിമാചലില്‍ വിജയം ഉറപ്പിച്ചതിന് തുടർച്ചയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍ പരസ്യമായി പറഞ്ഞിരുന്നു. വിജയാഘോഷത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത് പ്രിയങ്കയ്ക്കുള്ള ആരവങ്ങളാണ്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്കായി ജയ് വിളിച്ചു.

കോൺഗ്രസ് ഇനിയും ഏറ്റെടുക്കാൻ മടിക്കുന്നത്

ബിജെപി ദേശീയ അധ്യക്ഷന്‍ നഡ്ഡയുടെ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാനായതും കോൺഗ്രസ് രാഷ്ട്രീയത്തിന് ഉണർവ്വേകുന്നതാണ്. മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഒരുവട്ടം കോണ്‍ഗ്രസിനെങ്കില്‍ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നല്‍കുന്ന രീതിയാണ് 1985 മുതല്‍ ഹിമാചല്‍ പിന്തുടര്‍ന്നുവരുന്നത്. ഇത് മറികടന്ന് തുടർ ഭരണം ഉറപ്പിച്ചാണ് ബി ജെ പി കളത്തിൽ ഇറങ്ങിയത്. വർഗ്ഗീയ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം ജനങ്ങൾ കൈക്കൊണ്ടു.

പ്രിയങ്കയെ അവതരിപ്പിക്കുമോ

ലോക് സഭാ ഇലക്ഷന് മുൻപായി ഒൻപത് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇവയിൽ കർണ്ണാടക, തെലങ്കാന,മധ്യപ്രദേശ്,മിസോറാം എന്നിവിടങ്ങളിൽ ഇപ്പോഴും കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. ഗുജറാത്തിൽ നിരീക്ഷകനായിരുന്ന അശോക് ഖലോട്ട് പരാജയത്തിൻ്റെ ഉത്തരവാദിത്വത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുമില്ല. അതേ സമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേല്‍ പുതിയ താരമായി എത്തുകയാണ്. ഹമാചലിൽ അദ്ദേഹമായിരുന്നു കീ പ്ലെയർ. ഒപ്പം ഉണ്ടായിരുന്നത് സച്ചിൻ പൈലറ്റും. കോൺഗ്രസ് നേതൃനിരയിലും ഈ ഫലം ഷോക്ക് ട്രീറ്റ് ആവുകയാണ്.

ഹിമാചൽ കോൺഗ്രസ് തിരിച്ച് പിടിച്ചു, പക്ഷെ എം എൽ എമാരെ എത്രകാലം ഒളിപ്പിക്കും

0

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിന് ആവശ്യമായതില്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഭരണ തുർച്ച പ്രതീക്ഷിച്ച ബിജെപി പിന്നലാണ്. 68 മണ്ഡലങ്ങളില്‍ 39 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. തുടര്‍ഭരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയെങ്കിലും 26 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറാനായത്.

1985 മുൽ ഭരണം ഓരോ തവണയും പ്രതിപക്ഷ കക്ഷികളുടെ കയ്യിലേക്ക് പോകുന്ന പ്രവണതയാണ് ഹിമാചലിൽ. ഇത്തവണ എഎപി സാന്നിധ്യം കൂടിയുണ്ടായി.

ഗ്രൂപ്പും തമ്മിൽ തല്ലും അതിജീവിച്ചു, പക്ഷെ ഓപ്പേറേഷൻ താമര

2021-ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍- കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇത്തരമൊരു വലിയ തിരിച്ചടി ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നുമില്ല. ഉള്‍പ്പാര്‍ട്ടി കലഹവും വിമതസാന്നിധ്യവും തലപ്പൊക്കമുണ്ടായിരുന്ന വീരഭദ്ര സിങ്ങിനെ പോലൊരു നേതാവിന്റെ അഭാവവുമൊക്കെ ഹിമാചലിലെ കോണ്‍ഗ്രസിന്റെ തലവേദനകളായിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

ഏത് ജനാധിപത്യ രീതിയിൽ തിരഞ്ഞടുക്കപ്പെട്ടാലും കാശ് കൊടുത്തും ഭീഷണിപ്പെടുത്തിയും എം എൽ എ മാരെ സ്വന്തമാക്കി ഭരണം അട്ടിമറിക്കുന്നതാണ് ഇപ്പോൾ പ്രവണത. ഹിമാചലിൽ ഇത് എളുപ്പമാവും.

ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പരാജയം അത്രപെട്ടെന്ന് സമ്മതിച്ച് കൊടുക്കാവുന്നതല്ല.

മുഖ്യമന്ത്രിസ്ഥാനം ആര്‍ക്ക് എന്ന ചോദ്യം സൃഷ്ടിക്കാവുന്ന പൊട്ടലും ചീറ്റലും പൊട്ടിത്തെറിയുമെല്ലാം കോണ്‍ഗ്രസിനെ വലയ്ക്കും എന്നത് ഉറപ്പാണ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ സമിതി ചെയര്‍മാന്‍ സുഖ്‌വിന്ദര്‍ സുഖു, തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുള്ളവര്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഒരു മകന്‍ എന്ന നിലയില്‍ പ്രതിഭാജിക്ക് വലിയ ഉത്തരവാദിത്വം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്-ഫലം വന്നതിന് തൊട്ടുപിന്നാലെ പ്രതിഭയുടെ മകനും ഷിംല റൂറലില്‍നിന്ന് വിജയിച്ച സിറ്റിങ് എം.എല്‍.എയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്.

എം എൽ എ മാരെ സുരക്ഷിതരായ് ഒളിപ്പിച്ച് കോൺഗ്രസ്

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലുള്ള ഛത്തീസ്ഗഢിലേക്കോ രാജസ്ഥാനിലേക്കോ ഹിമാചല്‍ എം.എല്‍.എമാരെ മാറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസെന്നാണ് പുറത്തെത്തുന്ന വിവരം. ഏതുവിധത്തിലുള്ള ബി.ജെ.പി. ശ്രമങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ കോണ്‍ഗ്രസിനു മുന്നിലുള്ളതുകൊണ്ട് ഈ നീക്കത്തിന് ചടുതലയേറും.

വിഴിഞ്ഞം തുറമുഖം അടുത്ത ഓണത്തോടെ, നിർമ്മാണം ഇരട്ടി വേഗത്തിൽ

മാസങ്ങൾ നീണ്ട അനിശ്ചിതത്വം നീങ്ങി  വിഴിഞ്ഞത്ത്  തുറമുഖ നിർമാണം പുനരാരംഭിച്ചു. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമമമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചത്. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്താൻ തുടങ്ങിയത്.

പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ ശ്രമം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്താനാണ് ശ്രമം.സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.

ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം.ഇതിൽ 1.4 കി.മീ നിർമാണമാണ് ഇതുവരെ തീർന്നത്.ബെർത്ത് നിർമാണത്തിനായുള്ള പൈലിംഗ് പൂർത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് സർക്കാർ കണക്കുക്കൂട്ടൽ.

ചരിത്രവിജയവുമായ് ഭൂപേന്ദ്രഭായ് വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്തിൽ ഭൂപേന്ദ്രഭായ് പട്ടേൽ മുഖ്യമന്ത്രി പദവിയിൽ തുടരും. ഇദ്ദേഹത്തെ മാറ്റേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്തിൻ്റെ തെരഞ്ഞടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്.

വിജയത്തിൽ ബിജെപിയും പരാജയത്തിൽ കോൺഗ്രസും

ആകെയുള്ള 182 സീറ്റിൽ 156 സീറ്റിലും ബിജെപി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാർട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാർടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.

ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് ഈ ഭരണ കാലാവധി പൂർത്തിയാക്കുന്നതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വർഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിർത്തിയാൽ ബിജെപിയാകും ഈ റെക്കോർഡിന്റെ അവകാശികൾ.

മികച്ച വിജയം കൈവരിച്ച  ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു.