ഡൽഹി കോർപ്പറേഷൻ എഎപി പിടിച്ചടക്കി, കോൺഗ്രസ് ബഹുദൂരം പിന്നിലേക്ക്

തോൽവിക്കും മുൻപേ അധികാരം കയ്യിലാക്കി കേന്ദ്രം

ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ അധികാര കുത്തക തകർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. കോൺഗ്രസ് 10 സീറ്റിൽ പരിമിതപ്പെട്ടു. 135 സീറ്റുകള്‍ നേടിയാണ്‌ എഎപി അധികാരം പിടിച്ചത്. 101 സീറ്റുകളിലേക്ക് ബിജെപി പ്രഭാവം മങ്ങി. അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്ത് നിന്നാണ് അരവിന്ദ് കെജ്രിവാളിന്‍റെ വിജയം. 

15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം കയ്യാളിയത്. 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 181 സീറ്റുകളിൽ ജനസമ്മതി ലഭിച്ചു. എ.എ.പി.ക്ക് അന്ന് 48 ഇടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. കോണ്‍ഗ്രസിന് 27 സീറ്റുണ്ടായിരുന്നതാണ്.

ഇത്തവണ 1349 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടാിരുന്നത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി.

1958-ല്‍ സ്ഥാപിതമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012-ല്‍ കോണ്‍ഗ്രസ് സര്‍ക്കാർ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചിരുന്നു. ഭരണ നിർവ്വഹണ സൌകര്യത്തിനായുള്ള ഈ വിഭജനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചു.

ഇത്തവണ ബിജെപിക്ക്‌ 67 സീറ്റുകളോളമാണ് നഷ്ടമായത്. എഎപി 91 സീറ്റുകളോളം അധികമായി നേടി. 17 സീറ്റുകളോളം കോണ്‍ഗ്രസിനും കൈമോശം വന്നു.

ജനാധിപത്യത്തിനും മുന്നേ അധികാരം കൈയിലാക്കി കേന്ദ്രം

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻ്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും.

പക്ഷെ, കെജ്രിവാളിൻ്റെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്ര സർക്കാരിന് കീഴിലാക്കി ഭരണ സംവിധാനത്തെ കസ്റ്റഡിയിൽ എടുത്ത് വെച്ചിരുന്നു. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്. 

സാമ്പത്തിക ക്രമക്കേട് കേസിൽ ജയില്‍ കഴിയുന്ന സത്യേന്ദർ ജയിനിൻ്റെ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കിയിരുന്നു. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷമുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്ക് ഉണ്ട് എന്ന സന്ദേശം നല്‍കുന്നു. ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞാൽ കെജ്രിവാളിന് രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കി നീങ്ങാം. തകർന്നടിയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ദില്ലിയിൽ ഒരു മുഖം ഇല്ലാത്തതും തലസ്ഥാനത്തെ സംഘടന വിഷയങ്ങളും എംസിഡി ഭരണത്തിനെതിരായ വികാരവും തോല്‍വിക്ക് കാരണമായി. 

എന്നാൽ മധ്യവർഗ്ഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്രനേതാക്കൾക്കും സന്ദേശമാണ്. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിയാൻ കാരണമായി.

പാർലമെൻ്റ് സമ്മേളനം ഇന്ന് തുടങ്ങും, വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയർത്താൻ പ്രതിപക്ഷം

 വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ 30ലധികം പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട രൂപീകരിക്കുന്നതിനാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ ബിജെപി ഉപനേതാവുമായ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയല്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും പങ്കെടുത്തു.

തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്തിന് മുന്നിലുണ്ടെന്നും ജനങ്ങളോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ ശരിയാംവണ്ണം അറിയിച്ചില്ലെന്ന് ചൗധരി ആരോപിച്ചു. കശ്മിരി പണ്ഡിറ്റുകളുടെ കൊലപാതകത്തെക്കുറിച്ചും സഭയില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മീഷണറെ ഒരു ദിവസത്തിനുള്ളില്‍ നിയമിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന്റെ ക്വാട്ടയും ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് നസീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

വിലക്കയറ്റം, തൊഴിലില്ലായ്മ, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, സംസ്ഥാനങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധം എന്നിവ ചര്‍ച്ചയാവണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ അഭിപ്രായപ്പെട്ടു.

വൻമതിലായ് മൊറോക്കോ, പെനാൽറ്റി ഷൂട്ടൗട്ടിലും ഗോൾവല തൊടാനാവാതെ സ്പെയിൻ പുറത്ത്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ലോകകപ്പ് ഫുട്ബോൾ ക്വാര്‍ട്ടറില്‍. ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ ക്ഷീണിച്ച് മടങ്ങുന്നത്. മൂന്ന് പൂജ്യത്തിനായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. 2018 ലും സ്പെയിൻ പ്രീക്വാർട്ടറിൽ മടങ്ങേണ്ടി വന്നിരുന്നു.

സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി ഗോളി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. അൽഭുതകരമായ ഒരു ഗോൾ നിർഭാഗ്യത്തിൻ്റെ നിമിഷാർദ്ധത്തിൽ നഷ്ടമാവുകയായിരുന്നു.

മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു.

നിശ്ചിത സമയത്തും അധികസമയത്തും ഗോൾ പിറന്നില്ല. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്‌പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല. മൊറോക്കോ ശരിക്കും മതിൽ കെട്ടുകയായിരുന്നു. കളിയുടെ അഴകിനെക്കാൾ കരുത്തിനും ഊർജ്ജത്തിനും മുൻതൂക്കം നൽകി.

പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു മുന്നില്‍.തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് ഡിയില്‍ പോലും പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല. സ്‌പെയിനിനെ തനത് പൊസഷന്‍ ഗെയിം കളിക്കാന്‍ വിടാതെ ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങില്‍ അഷ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം ഇതിന് അവര്‍ക്ക് മുന്‍തൂക്കം നല്‍കി. തന്ത്രം വിജയിക്കയും ചെയ്തു.

മൊറോക്കന്‍ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീല്‍ഡില്‍ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്‌പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തില്‍ ഡാനി ഓല്‍മോയ്ക്കും മാര്‍ക്കോ അസെന്‍സിയോക്കും ഫെരാന്‍ ടോറസിനും പന്ത് ലഭിക്കാതെ വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ ഇരു ടീമും തുടക്കത്തില്‍ ലഭിച്ച സ്‌പേസ് മുതലെടുത്ത് മികച്ച ആക്രമണങ്ങള്‍ നടത്തി.

അധികസമയത്ത് പൂര്‍ണമായും പന്ത് സ്പാനിഷ് താരങ്ങളുടെ കാലില്‍ തന്നെയായിരുന്നു. ഈ സമയം മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പക്ഷേ അവര്‍ക്കായില്ല.

പോര്‍ച്ചുഗല്‍ – സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവിജയികളെയാകും മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക.

മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലർ

0

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന് കലയേയും സാഹിത്യത്തേയും പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലികാ സാരാഭായ് എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

സര്‍വകലാശാലകളുടെ ചാന്‍സലറായി വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കാന്‍ തീരുമാനിച്ചതെന്ന് വി.എന്‍. വാസവന്‍ അറിയിച്ചു. മല്ലികാ സാരാഭായിയുമായി ആശയം വിനിമയം നടത്തുകയും അവര്‍ താത്പര്യമറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നിയമനം

നേരത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു. ചാന്‍സലറുടെ കാര്യത്തില്‍ കല്പിത സര്‍വകലാശാലയുടെ സ്‌പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സിയുടെ വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്‌പോണ്‍സറിങ് ഏജന്‍സി സര്‍ക്കാരായതിനാലാണ് ഗവര്‍ണറെ നീക്കാന്‍ പ്രത്യേക ഉത്തരവിറക്കാന്‍ സാധിച്ചത്.

കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരിക്കും ചാന്‍സലറായി നിയമിക്കപ്പെടുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്കായിരിക്കും നിയമനം. ചാന്‍സലര്‍ക്ക് 75 വയസ്സ് പ്രായപരിധിയും നിശ്ചയിച്ചിരുന്നു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളായി ജനിച്ച മല്ലിക സാരാഭായി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും പ്രശസ്തയാണ്.

ആരിഫ് മുഹമ്മദ് ഖാന് മറുപടി

നേരത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലറായ  സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനായിരുന്നു ചാൻസലറുടെ ചുമതല. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലറായി തുടർന്നിരുന്നത്.

മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ അനുശോചനത്തിന് പോലും മുതിരാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മല്ലികാ സാരാഭായ് നിശിതമായി വിമർശിച്ചിരുന്നു. “My dear prime minister. You hate my politics and I hate yours, that has nothing to do with what Mrinalini Sarabhai did to promote the culture of this country to the world over 60 years. എന്നായിരുന്നു അവരുടെ വാക്കുകൾ. ഇപ്പോൾ അവർ തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയ സ്ഥാനത്ത് എത്തുകയാണ്.

ക്വാട്ടര്‍ ഫൈനലിൽ കാത്തിരിക്കുന്നത് തീപ്പാറുന്ന പോരാട്ടങ്ങൾ

ദിനേശൻ പുത്തലത്ത് എഴുതുന്നു

ലോകകപ്പ്‌ പ്രീക്വാട്ടര്‍ ഘട്ടം ആരംഭിച്ചിരിക്കുകയാണ്‌. പ്രാഥമിക റൗണ്ടില്‍ കരുത്തന്മാര്‍ പുറത്തുപോകുന്ന കാഴ്‌ചകളായിരുന്നു കളിക്കളത്തില്‍ നിറഞ്ഞു നിന്നത്‌. പ്രീക്വാട്ടറാവട്ടെ കരുത്തരുടെ കരുത്തിന്റെ പ്രദര്‍ശനമായി തീരുകയാണ്‌.

ഏഷ്യന്‍ ശക്തികളായ ജപ്പാനും, കൊറിയയും പുറത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍ പ്രതീക്ഷകളുമായി രംഗത്തിറങ്ങിയ സെനഗല്‍ സാദിയോ മാനയുടെ അഭാവം കൂടിയായപ്പോള്‍ ദുര്‍ബലമായെ ചെറുത്ത്‌ നിന്നത്‌. പോളണ്ടും, ആസ്‌ട്രേലിയയും, യു.എസ്‌.എയും പ്രതീക്ഷിച്ച പരാജയം തന്നെയാണ്‌ ഏറ്റുവാങ്ങിയത്‌.

പ്രീക്വാട്ടറില്‍ ശക്തമായി പൊരുതി വീണത്‌ ജര്‍മ്മനിയേയും, സ്‌പെയിനിനേയും ചുരുട്ടിയെറിഞ്ഞ ജപ്പാനായിരുന്നു. അവസാന നിമിഷം വരെ വീറോടെ പൊരുതുകയും അലകടല്‍ പോലെ ക്രൊയേഷ്യന്‍ മേഖലയില്‍ അക്രമണമഴിച്ചുവിടാനും അവര്‍ പരിശ്രമിച്ചു. ജപ്പാന്‍ പരാജയപ്പെട്ടത്‌ ക്രോയേഷ്യയുടെ ഗോള്‍ കീപ്പര്‍ ഡൊമനിക്‌ ലിവാകോവിച്ചിന്റെ മികവിന്‌ മുമ്പിലാണ്‌. ഗോള്‍ കീപ്പര്‍മാര്‍ മത്സരങ്ങള്‍ നിര്‍ണ്ണയിക്കുന്ന പ്രാഥമിക റൗണ്ടിന്റെ പ്രവണത ഈ മത്സരത്തെ നിര്‍ണ്ണയിച്ചു.

കരുത്തും അഴകും ചേർന്ന കളി

യൂറോപ്പിന്റെ കേളീശൈലിയും, കരുത്തും സ്വായത്തമാക്കിയ ഫ്രാന്‍സും, ഇംഗ്ലണ്ടും, നെതര്‍ലാന്‍സും പ്രീക്വാട്ടര്‍ കടന്നത്‌ ആധികാരികമായി തന്നെയാണ്‌. ഫ്രാന്‍സിന്റെ എംബാബെയുടെ പ്രകടനം എല്ലാ ടീമുകള്‍ക്കും ഭീഷണി തന്നെയാണ്‌. കരുത്തും, ഒത്തിണക്കവും ഫ്രാന്‍സിന്റെ പ്രയാണം മുന്നോട്ടു തന്നെയാണെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌. കരുത്തരായ ക്രൊയേഷ്യന്‍ മധ്യനിര കഴിഞ്ഞ ലോകകപ്പിനോളം ഉയരുന്നില്ലെങ്കിലും പൊരുതിക്കയറുകയാണ്‌.

കളിക്കളത്തിലും ഓർക്കേണ്ട ചരിത്രങ്ങൾ

എല്ലാ നിരയിലും സൂപ്പര്‍ താരങ്ങളടങ്ങിയ നിരയുമായാണ്‌ ഇംഗ്ലണ്ട്‌ എപ്പോഴും എത്തിച്ചേരാറുള്ളത്‌. എന്നാല്‍ ലോകകപ്പ്‌ വേദിയില്‍ അവ പൂത്തുലയാറില്ല. വേഗതയേറിയ അക്രമണവും, വിംഗിലൂടെയുള്ള മുന്നേറ്റങ്ങളും ഇംഗ്ലണ്ടിനേയും അപകടകാരികളുടെ പട്ടികയില്‍ സ്ഥാനം പിടിപ്പിക്കുന്നു. ആഫ്രിക്കയില്‍ യൂറോപ്യന്‍കാര്‍ എത്തിയത്‌ പ്രകൃതി സമ്പത്തും, അടിമകളേയും തേടിയായിരുന്നു. ഈ ആഫ്രിക്കന്‍ ജനതയാണ്‌ അവരുടെ മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറുന്നത്‌ എന്നത്‌ ചരിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

ലോകകപ്പ്‌ നെതര്‍ലാന്‍സിന്‌ കണ്ണീരിന്റെ പാടംകൂടിയാണ്‌. ലോകകപ്പിലെ 3 ഫൈനലുകളും അവര്‍ക്ക്‌ നല്‍കിയത്‌ നിരാശ മാത്രമാണ്‌. ടോട്ടല്‍ ഫുട്‌ബോളിന്റെ കേളീശൈലികൊണ്ട്‌ ലോകം കീഴടക്കിയ ഡച്ചുകാര്‍ പോരാട്ടത്തിന്റെ വഴികളിലൂടെ മുന്നോട്ടുവരികയാണ്‌. എഴുതി തള്ളാനാവാത്ത കരുത്തുമായാണ്‌ ഇവര്‍ കുതിക്കുന്നത്‌.

യൂറോപ്പിന്റെ യാന്ത്രികമായ ഫുട്‌ബോള്‍ ശൈലി തിരുത്തിയെഴുതി ഫുട്‌ബോളിനെ കവിത പോലെ സുന്ദരമാക്കിയത്‌ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയാണ്‌. ആ ശൈലിയുടെ പിന്മുറക്കാരായി 2 രാജ്യങ്ങള്‍ ലോകകപ്പില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും നിറഞ്ഞു നില്‍ക്കുകയാണ്‌. ആദ്യ മത്സരത്തില്‍ തപ്പിത്തടഞ്ഞ അര്‍ജന്റീന താളം വീണ്ടെടുത്ത്‌ തുടങ്ങിയിരിക്കുന്നു. മെസിയുടെ ഇന്ദ്രജാലങ്ങള്‍ അര്‍ജന്റീനയുടെ കരുത്തായി മാറുകയാണ്‌. ടീം എന്ന നിലയിലും കരുത്താര്‍ജ്ജിക്കുകയാണ്‌. തങ്ങളെ എഴുതി തള്ളിയവരോട്‌ കണക്ക്‌ പറഞ്ഞ്‌ മുന്നേറുകയാണ്‌ അര്‍ജന്റീന.

കൗമാരക്കാരുടെ പടയണി

തെരുവുകളില്‍ പൂത്തുലയുന്നതാണ്‌ ബ്രസീലിന്റേയും ഫുട്‌ബോള്‍. നൃത്ത തുല്യമായ ചുവടുവെപ്പുകളും നൈസര്‍ഗ്ഗികമായ ചാരുതയും ഇഴചേര്‍ന്ന്‌ പൂത്തുലയുകയാണ ഖത്തറില്‍ ബ്രസീല്‍. പന്ത്‌ കളിയെ സൗന്ദര്യവല്‍ക്കരിച്ച ബ്രസീലിയന്‍ ചാരുത ഖത്തറില്‍ നിറഞ്ഞാടുകയാണ്‌. പ്രതിഭകളുടെ നിരയുമായാണ്‌ ബ്രസീലിന്റെ വരവ്‌. നെയ്‌മറെ കേന്ദ്രീകരിക്കുക എന്ന രീതിക്ക്‌ മാറ്റം വരുത്തിയിരിക്കുന്നു. കൗമാരക്കാരുടെ പടയണിയാണ്‌ ബ്രസീലിന്റെ കരുത്ത്‌. നെയ്‌മറോടൊപ്പം വിനീഷ്യസ്‌ ജൂനിയറും കൂടി ചേരുന്നതോടെ അലകടല്‍ പോലെ അലയടിക്കുയാണ്‌ ബ്രസീലിയന്‍ മുന്നേറ്റം. കാസിമറയും, സില്‍വെയുമെല്ലാം, റിച്ചള്‍സനുമെല്ലാം പതിറ്റാണ്ടുകള്‍ നീണ്ട ബ്രസീലിയന്‍ മോഹങ്ങള്‍ പൂവണിയിക്കുമെന്ന പ്രതീക്ഷയിലാണ്‌ ബ്രസീലിയന്‍ ആരാധകര്‍.

കരുത്തും സൌന്ദര്യവും കൈ കോർക്കുമ്പോൾ

അട്ടിമറികളില്ലാതെ പ്രീക്വാട്ടറഇലെ കരുത്തരുടെ മുന്നോട്ടുപോക്ക്‌ ഒരു കാര്യമോര്‍മ്മിപ്പിക്കുന്നു. മത്സരങ്ങള്‍ പിന്നിടുംതോറും ടീമുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്‌. കടലാസിലെ കരുത്ത്‌ കളിക്കളങ്ങളില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ക്വാട്ടര്‍ ഫൈനലുകള്‍ തീപ്പാറുന്ന പോരാട്ടങ്ങളായിരിക്കുമെന്ന്‌ ഇത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സൗന്ദര്യാത്മക ഫുട്‌ബോളും, കരുത്തിന്റെ സാങ്കേതിക മികവും തമ്മിലുള്ള മത്സരങ്ങളുടെ വേദി കൂടിയാകും ക്വാട്ടര്‍ ഫൈനലെന്ന്‌ ഉറപ്പിക്കാം. വൈവിദ്ധ്യമാര്‍ന്ന ഫുട്‌ബോള്‍ ശൈലികളുടെ വിരുന്നായിരിക്കും ക്വാട്ടര്‍ ഫൈനലുകളെന്നുറപ്പിക്കാം.

fb

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി

 വിഴിഞ്ഞത്ത് സമവായം. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.

വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

അവശ്യങ്ങൾ എല്ലാം അംഗീകരിച്ചില്ല, എങ്കിലും

വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

”സാധാരണക്കാരൻ ആയിരുന്നെങ്കിൽ ജയിലിൽ കഴിഞ്ഞേനെ” – ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സാധാരണക്കാരൻ ആണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 

കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ കോടതി, സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. 

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ കോടതിയെ സമീപിച്ചത്.  2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് കിരീടം നിലനിർത്തി

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. മലപ്പുറം രണ്ടാമതാണ്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്റാണ് മലപ്പുറം നേടിയത്.

ട്രാക്കിനെയും ഫീല്‍ഡിനേയും തീപിടിപ്പിച്ച സ്‌ക്കൂള്‍ കായികമേളയുടെ നാലു ദിനത്തിനൊടുവില്‍ ചരിത്രം തിരുത്തിയാണ് 149 പോയിന്റുമായി മലപ്പുറം അട്ടിമറി വിജയം സ്വന്തമാക്കിയത്. മുന്‍ റണ്ണറപ്പായ എറണാകുളത്തിനെ അഞ്ചാീ സ്ഥാനത്തേക്ക് പിന്തളളിയായിരുന്നു മലപ്പുറത്തിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ്. മേളയുടെ രണ്ടാം ദിനം തുടങ്ങിയ ആധിപത്യം അവസാനം വരെ നിലനിര്‍ത്തിയാണ് മലപ്പുറത്തിന്റെ വിജയം. 

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയ്തിരുന്നു. രണ്ട് മാസത്തേക്കായിരുന്നു സ്റ്റേ ഏര്‍പ്പെടുത്തിയത്. ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാമിനെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കും എന്നാണ് സര്‍ക്കാര്‍ വാദം.

അപകട സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും രക്തസാമ്പിള്‍ നല്‍കാന്‍ വിമുഖത കാട്ടിയിരുന്നുവെന്നും സാക്ഷികളുടെ മൊഴിയില്‍ തെളിഞ്ഞിരുന്നതായി ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അപകടം നടന്ന ദിവസം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോള്‍ ചികിത്സ വൈകിപ്പിക്കാന്‍ ശ്രീറാം ശ്രമങ്ങള്‍ നടത്തിയെന്നും ഹര്‍ജി വ്യക്തമാക്കുന്നു.

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ പ്രതിയോട് സര്‍ജനുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്‌തെങ്കിലും അത് വകവയ്ക്കാതെ പൊലീസിനെ അറിയിക്കാതെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അംശം ലയിപ്പിക്കുന്നതിനായി പ്രതി തന്റെ രക്ത സാമ്പിള്‍ ശേഖരിക്കുന്നത് മനപൂര്‍വ്വം വൈകിപ്പിച്ചു എന്നും ഇക്കാര്യം പരിഗണിക്കുന്നതില്‍ കീഴ്ക്കോടതി പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

ഷോട്ട്പുട്ട് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി തലയിൽ പതിച്ച് വിദ്യാർഥി ഗുരുതരാവസ്ഥയിൽ

0

കായികമേളയുടെ ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണി(14)നാണ് പരിക്കേറ്റത്.

ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷമായിരുന്നു അപകടം. ഒരു വിദ്യാർഥി എറിഞ്ഞ ഷോട്ട്പുട്ട് ലക്ഷ്യം തെറ്റി സൂര്യകിരണിൻ്റെ തലയിൽ പതിച്ചു. നാല് കിലോ ഭാരമുള്ള ഷോട്ട് പുട്ട് ബോളാണ്.

തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.