അലൻ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട്

 എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന്‍ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തൽ. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്ന് റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ട് നൽകി. തുടര്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും കമ്മിറ്റിയുടെ തീരുമാനം. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തുടങ്ങിയ തർക്കങ്ങൾ അനാരോഗ്യകരമായി തുടരുന്നത് ആശങ്കപ്പെടുത്തുന്നതെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.

റാഗിങ് അല്ല വിദ്യാർഥികൾ തമ്മിലെ പ്രശ്നം

തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിൻ സുബിയുടെ പരാതിയിലാണ് കേസ് എടുത്തിരുന്നത്.

പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ വിദ്യാർഥിയായ അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിങ്ങിന് ഇരയാക്കിയെനായിരുന്നു എസ്എഫ്‌ഐ ആരോപണം. മർദ്ദന പരാതിയിൽ അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് എതിരെ ധർമ്മടം പോലീസ് കേസും എടുത്തിരുന്നു. പിന്നാലെയാണ് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പരാതി പരിശോധിച്ചത്. പരാതിയിൽ ആരോപിക്കും പോലെ റാഗിംഗ് നടന്നിട്ടില്ലെന്ന് കണ്ടെത്തൽ.

അലന്‍ ഷുഹൈബ് റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പടുന്നില്ല. സമിതി വ്യക്തമായി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ വിദ്യാര്‍ഥികളുടെയും മറ്റ് ആളുകളുടെയും മൊഴിയെടുത്തതിന് ശേഷമാണ് പരാതിയില്‍ പറയുന്ന പോലൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്ന തീരുമാനത്തിലേക്ക് സമിതിയെത്തുന്നത്.

എസ്.എഫ്.ഐ നേതാവിനെ അലന്‍ ഷുഹൈബ് മര്‍ദിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജിംസ് ബി എന്ന യുവാവിനെ അലന്‍ ഷുഹൈബും സംഘവും റാഗ് ചെയ്തുവെന്നതായിരുന്നു അലനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്ന് അലനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്യുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. നേരത്തെ എന്‍.ഐ.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന് ഇത്തരത്തില്‍ മറ്റ് കേസുകള്‍ കൂടി വരുന്നതോട് കൂടി അദ്ദേഹത്തെ ജാമ്യം റദ്ദാകുമെന്ന സാഹചര്യമുണ്ടായിരുന്നു.

സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന പാടില്ല – ഹൈക്കോടതി

0

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം  ചെയ്യാൻ പാടില്ലെന്ന്  ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കി.സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.

ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്.  ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന ഭക്തരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം. 

ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. പരസ്യം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടി. ‘ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിരുന്നു

തലച്ചോറിൽ തകരാറു കണ്ടെത്തിയ ഭ്രൂണം നീക്കാൻ അനുമതി, ഗർഭഛിദ്രത്തിൽ പരമ പ്രധാനം അമ്മയുടെ തീരുമാനം

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി

26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകി. ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി ആദ്യഘട്ടത്തിൽ അഭിപ്രായപ്പെട്ടിരുന്നു. യുവതിയുടെ അപേക്ഷയെ തുടർന്ന് ഹൈക്കോടതി ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. ഗർഭധാരണം മുതൽ നിരവധി പരിശോധനകൾ നടത്തിയിരുന്നതായി ഹർജിയിൽ പറഞ്ഞു. നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാൻ നവംബർ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല് ഡിസോര്ഡര് കണ്ടെത്തി.

പിന്നാലെയാണ് യുവതി ഗർഭഛിദ്രം നടത്താനുള്ള തീരുമാനത്തിൽ എത്തുന്നത്. ഇതിലെ നിയമ പ്രശ്നങ്ങളെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി ഉത്തരവിന് തുടർച്ച

അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ് .നിയമപരമായ ഗർഭഛിദ്രത്തിനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ട് എന്നാണ് കോടിത പറഞ്ഞത്.

ലിവിങ് ടുഗെതെർ ബന്ധത്തിൽ നിന്നും ഗർഭിണിയായ 25കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതാണ് കേസിന് ആധാരമായത്. അവിവാഹിതയായ സ്ത്രീയുടെ ഗർഭഛിദ്രത്തിനു നിയമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ കേസിലെ അപ്പീലിൽ സുപ്രീംകോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും അവിവാഹിതകൾക്കു അനുമതി നിഷേധിക്കുന്നത് പ്രത്യേകമായി പരിഗണിച്ചു സുപ്രധാന വിധിയിലേക്ക് എത്തുകയായിരുന്നു.

24 ആഴ്ചയ്ക്ക് താഴെയുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന്, വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മെഡിക്കൽ പ്രഗ്നൻസി ആക്റ്റ് അനുസരിച്ചു വിവാഹിതയായ സ്ത്രീകൾക്ക് മാത്രമാണ് ഗർഭഛിദ്രം അനുവദിക്കുന്നത് . ഭിന്നശേഷി , ബലാല്സംഗം അതിജീവിച്ച സ്ത്രീകൾ തുടങ്ങിയ വിഭാഗത്തിന് പ്രത്യേക അനുമതിയോടെ ഗർഭഛിദ്രം അനുവദിച്ചിരുന്നു. എന്നാൽ ഗർഭഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകൾക്കാണെന്നും വിവാഹിത, ,അവിവാഹിത എന്ന വേർതിരിവ് ഭരണ ഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തം ശരീരത്തിൽ സ്ത്രീകൾക്ക് അവകാശം നൽകുന്ന സുപ്രധാന വിധിയുണ്ടായത് 2022 അന്താരാഷ്ട്ര ഗർഭഛിദ്ര ദിവസത്തിൽ ആയിരുന്നു.

ഗർഭഛിദ്രം നടത്താൻ ഭാർത്താവിൻ്റെ അനുമതി ആവശ്യമില്ല, അത് സ്ത്രീയുടെ തീരുമാനമാണ് എന്ന് കേരള ഹൈക്കോടതി കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. ”ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്‍റെ അനുമതി വേണമെന്ന് ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്‍റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്,” കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്‍റെയും ഭര്‍തൃ മാതാവിന്‍റെയും ഭാഗത്തുനിന്നുള്ള പീഡനം കാരണം മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന യുവതി തന്‍റെ 21 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

പരുക്കേറ്റപ്പോൾ ഭയന്നു, അന്നു ഞാൻ ഒരുപാട് കരഞ്ഞു- നെയ്‌മർ

സെർബിയക്കെതിരായ കളിക്കിടെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു പോയതായി നെയ്‌മർ. മാത്രമല്ല അന്ന് രാത്രി ഒരുപാട് കരഞ്ഞതായും താരങ്ങളുടെ താരം മനസ് തുറന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നെയ്‌മർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ നെയ്‌മർ പിന്നീട് ഇന്നലെ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലാണ് കളിച്ചത്. തിരിച്ചുവരവിൽ കളിയിലെ താരമായും നെയ്‌മർ മാറി.

“പരുക്കേറ്റ ദിവസത്തെ രാത്രി ഏറെ പ്രയാസമായിരുന്നു. എൻ്റെ തലയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. സംശയങ്ങൾ, പേടി. ഞാൻ നന്നായി കളിക്കുകയായിരുന്നു. നല്ല സീസണായിരുന്നു. എന്നിട്ട് അങ്ങനെ ഒരു പരുക്കേറ്റത് എന്നെ സങ്കടത്തിലാക്കി. ഞാൻ അന്ന് രാത്രി ഒരുപാട് നേരം കരഞ്ഞു. എല്ലാം എൻ്റെ കുടുംബത്തിനറിയാം.

പക്ഷേ, എല്ലാം നന്നായി വന്നു. രാവിലെ 11 മണിവരെ ഉറങ്ങാതിരുന്ന് ഫിസിയോതെറാപ്പി ചെയ്യുകയായിരുന്നു. മറ്റ് ദിവസങ്ങളിൽ രാവിലെ 5, 6 മണി വരെ ഉറങ്ങാതിരുന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകളെല്ലാം കിരീടം നേടുമ്പോൾ വിലയേറിയതാവും.”- നെയ്‌മർ പറഞ്ഞു.

സ്പെയിൻ മൊറോക്കോ, പോർച്ചുഗൽ സ്വിറ്റ്സർലൻഡ്, ഇന്ന് തീ പാറുന്ന കളി

ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡുമായും ഏറ്റു മുട്ടും.

സ്പെയിൻ മൊറോക്കോ

ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാനമത്സരത്തില്‍ ജപ്പാനോടു തോറ്റു. എങ്കിലും കരുത്തും അഴകും കൈവിടാത്ത കളിയാണ്. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞിട്ടില്ല. മാത്രമല്ല പ്രതീക്ഷ പുലർത്തിയ ബെല്‍ജിയത്തെ അട്ടിമറിച്ചു. പ്രതിരോധ നിര ശക്തമാണ്. ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇരുടീമുകളും 4-4-3 ശൈലിയില്‍ ഇറങ്ങാനാണു സാധ്യത. മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ സ്പെയിന്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലായി. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-2 സമനിലയായിരുന്നു.

പോർച്ചുഗൽ സ്വിറ്റ്സർലൻഡ്

എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗൽ പ്രീ ക്വാര്‍ട്ടര്‍ കടന്നത്. ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി സ്വിറ്റ്സര്‍ലന്‍ഡും എത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗല്‍ ഘാനയേയും യുറഗ്വായേയും തറപറ്റിച്ചു. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റ ചരിത്രമുണ്ട് എങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോടു മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് അടിയറവ് പറഞ്ഞത്.

പോര്‍ച്ചുഗല്‍ കഴിഞ്ഞ രണ്ടുതവണയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഈ നൂറ്റാണ്ടില്‍ ഇരുടീമുകളും ആറുതവണ ഏറ്റുമുട്ടി. ഇരു ടീമുകളും മൂന്നുവീതം മത്സരങ്ങളില്‍ വിജയിച്ചു. പോര്‍ച്ചുഗല്‍ ശൈലി: 4-3-1-2. സ്വിറ്റ്സര്‍ലന്‍ഡ് ശൈലി: 4-2-3-1.

കോവളത്ത് വിദേശ യുവതിയെ കൊലപ്പെടുത്തി കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം; യോഗ അധ്യാപകനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതികൾ കോടതിയിൽ

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.

ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയില്‍ ഒരുവിഹിതം സഹോദരിക്ക് നല്‍കാനും നിര്‍ദേശമുണ്ട്. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അന്വേഷണത്തിന് ശേഷം ഇരയുടെ സഹോദരിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കൂടുതൽ അന്വേഷണം വേണമെന്ന് പ്രതികൾ

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.

ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ടത് വിഷാദരോഗ ചികിത്സക്കെത്തിയ ലാത്വിയൻ യുവതി

2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14-ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഏപ്രില്‍ 20-ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മരിച്ച യുവതിയുടെ ശരീരത്തില്‍ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കല്‍ എക്സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ. ദിനിലായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍.

പൗരത്വ നിയമ ഭേദഗതി, എതിർ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി സുപ്രീം കോടതി കേൾക്കും.  

അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും എതിർകക്ഷികളുടെ  നോഡൽ ഓഫീസറായി അഭിഭാഷകൻ കാനു അഗർവാളിനെയും  കോടതി നിയമിച്ചിരുന്നു. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിക്ക്  മുന്നിൽ എത്തിയത്. ഇതിൽ അമ്പത് ഹർജികൾ അസമിൽ നിന്നും മൂന്ന് എണ്ണം ത്രിപുരയിൽ നിന്നുമാണ്.  

കസ്റ്റഡി മരണ കേസില്‍ ഗുജറാത്ത് ഹൈക്കോടതി വാദം കേള്‍ക്കുന്നത് ആരംഭിച്ചതിനെതിരേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നൽകിയ ഹർജിയും  സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ ഹൈക്കോടി  വാദം ആരംഭിച്ചത് ചോദ്യം ചെയ്താണ് ഹർജി.  കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട 2019 ജൂലൈയിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു . പൊലീസ് അതിക്രമത്തെ തുടര്‍ന്നല്ല പ്രഭുദാസ് കൊല്ലപ്പെട്ടതെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ തെളിവായി കൂട്ടിച്ചേര്‍ക്കണം എന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് ഭട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചിരുന്നു. ഈ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയതോടെയാണ്  സഞ്ജീവ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത് . 

സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്ക് എതിരെ കേസ്

0

 കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നല്‍കിയ കേസിലാണ് പരാതി. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്.

ഹക്കീം ഫൈസിക്കും അനുയായികളായ 12 പേര്‍ക്കും എതിരെയാണ് കേസ്. ആഴ്ചകള്‍ക്ക് മുമ്പ് ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ആണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

സമൂഹമാധ്യമങ്ങള്‍ വഴി സമസ്തയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നു, നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നു, സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹക്കീം ഫൈസിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇവ ചൂണ്ടിക്കാട്ടി മുമ്പ് ഹക്കീം ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഏഷ്യൻ പടയോട്ടം തീർന്നു, മനം നിറച്ചും വല നിറച്ചും ബ്രസീൽ

പോർച്ചു​ഗലിനെ വീഴ്ത്തിയ കരുത്തും ആവേശവുമായി എത്തിയ കൊറിയക്കാരെ ഒന്നിനെതിരെ നാല് ​ഗോളുകളുടെ മറുപടി നൽകി ബ്രസീൽ തിരിച്ചയച്ചു. വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ​ഗോളുകൾ നേടിയത്. പൈക്ക് സ്യും​ഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ​ഗോൾ കണ്ടെത്തിയത്. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന ക്രൊയേഷ്യയാവും ഇനി ക്വാർട്ടറിൽ ബ്രസീലിൻ്റെ എതിരാളികൾ.  

അതിവേഗം നാല് – ഒന്ന്

ബ്രസീലിന്റെ അതിവേ​ഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിം​ഗിന് പോകാതെ, പ്രതിരോധത്തിൽ വിള്ളലുകൾ വരാതെ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിർത്താൻ അതൊന്നും പോരായെന്ന് കൊറിയൻ സംഘത്തിന് അധികം വൈകാതെ മനസിലായി. ആദ്യ പകുതിയിലാണ് ബ്രസീലിൻ്റെ നാല് ഗോളുകളും

ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്സിന്റെ വലതുഭാ​ഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാ​ഗത്തെ കൂട്ടിയിടികൾക്കൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയൽ മാഡ്രി‍‍ഡ‍് താരം അതി സുന്ദരമായി ലക്ഷ്യം ഭേദിച്ചു. 

10-ാം മിനിറ്റിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്ത് കൊണ്ട് റിച്ചാർലിസണെ വീഴ്ത്തിയതിന് പെനാൽറ്റി വിധിക്കപ്പെട്ടു. പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ ​ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ​ഗോൾ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സം​ഗീതത്തിന് മുന്നിൽ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്. 16-ാം മിനിറ്റിൽ വാം​ഗ് ഹീ ചാന്റെ കാലിൽ നിന്ന് പറന്ന ലോം​ഗ് ഷോട്ട് ബ്രസീലിയൻ ​ഗോൾ കീപ്പർ അലിസണെ നന്നേ കഷ്ടപ്പെടുത്തി കളഞ്ഞു.

പന്ത് കൈവശം ഉള്ളപ്പോൾ മൂന്നോ നാലോ താരങ്ങൾ വരെ മുന്നോട്ട് കയറി ഒരു ​ഗോൾ മടക്കാനുള്ള നിരന്തര ശ്രമം കൊറിയൻ നിര തുടർന്നു. എന്നാൽ, ത്രില്ലർ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്ബോളിന്റെ താളം ഒരിക്കൽ കൂടെ കാനറികൾ പഠിപ്പിച്ചു. ഇത്തവണ മാർക്വീഞ്ഞോസ് – തിയാ​ഗോ സിൽവ – റിച്ചാർലിസൺ എന്നിവരുടെ പാസിം​ഗ് മികവാണ് ​ഗോളിൽ കലാശിച്ചത്.

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് കൊറിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കയറിപ്പോയ റിച്ചാർലിസൺ ബ്രസീലിന്റെ മൂന്നാം ​ഗോൾ സ്വന്തമാക്കി. ഇതോടെ മാനസികമായി കൊറിയ അമ്പേ തകർന്നു. ആവേശത്തിലായ ബ്രസീൽ ​ഗോൾ മേളം ആസ്വദിക്കാനുള്ള മൂഡിൽ തന്നെയായിരുന്നു. 36-ാം മിനിറ്റിൽ പക്വേറ്റയിലൂടെ നാലാം ​ഗോളും വന്നു. വിനീഷ്യസിന്റെ ബോക്സിന്റെ ഇടത് ഭാ​ഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാൽ വയ്ക്കേണ്ടി മാത്രമാണ് വന്നത്. കൂടുതലൊന്നും സംഭവിക്കും മുമ്പ് ഹാഫ് ടൈം വിസിൽ മുഴങ്ങിയത് ദക്ഷിണ കൊറിയക്ക് ആശ്വസമായി.

രണ്ടാം പകുതിയിൽ ആശ്വാസത്തിൻ്റെ ഒരു ഗോൾ

ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. സൺ ഹ്യൂം​ഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസൺ രക്ഷപ്പെടുത്തി. ആക്രമണങ്ങൾക്ക് പോകുമ്പോൾ ബ്രസീലിന്റെ കൗണ്ടർ അറ്റാക്കിം​ഗിന് മുന്നിൽ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്. ഇരു വിം​ഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകൾ കൊറിയൻ ബോക്സിലേക്ക് മിന്നൽ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റിൽ മൂന്ന് കൊറിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടിൽ കിം സ്യൂം​ഗ് ​ഗ്യൂവിന് കൈ എത്തിക്കാനായതിനാൽ അഞ്ചാം ​ഗോൾ പിറന്നില്ല.  

62-ാം മിനിറ്റിൽ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു. വിജയം ഉറപ്പിച്ചതോടെ ബ്രസീൽ ഒന്നടങ്ങി. ഇത് മുതലാക്കി എങ്ങനെയെങ്കിലും ഒരു ​ഗോളെങ്കിലും മടക്കാനാണ് ദക്ഷിണ കൊറിയ ആ​ഗ്രഹിച്ചത്. പക്ഷേ, അലിസൺ എന്ന വന്മതിൽ പൊളിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഡാനിലോയെയും വിനീഷ്യസിനെയും മിലിറ്റാവോയെയുമൊക്കെ പിൻവലിച്ച് ടിറ്റെ ക്രൊയേഷ്യക്കെതിരെയുള്ള ക്വാർട്ടറിനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി.

ഇതിനിടെ 76-ാം മിനിറ്റിൽ ഏറ്റ ക്ഷതങ്ങൾക്കൊന്നും പരിഹാരമാകില്ലെങ്കിലും കൊറിയ തെല്ല് ആശ്വാസം കണ്ടെത്തി. ഫ്രീകിക്ക് ബ്രസീൽ പ്രതിരോധിച്ചപ്പോൾ പന്ത് വന്നത് ബോക്സിന് പുറത്തുള്ള പൈക്ക് സ്യും​ഗ് ഹോയുടെ കാലിലേക്കാണ്. വെടിച്ചില്ല് പോലെ പറന്ന ഷോട്ട് അലിസണെയും ത്രസിപ്പിച്ച് വലയെ തുളച്ചു. പിന്നെയും ചില നീക്കങ്ങൾ ദക്ഷിണ കൊറിയ ഒരുക്കിയെടുത്തെങ്കിലും പരാജയഭാ​രം കുറയ്ക്കാൻ അവർക്ക് സാധിച്ചില്ല.

ജപ്പാൻ വീണു, ഷൂട്ടൗട്ടിൽ ക്രൊയേഷ്യ മറികടന്നു

നിശ്ചിത സമയത്തും അധിക സമയത്തും തുല്യത പാലിച്ച മത്സരത്തിന് ഒടുവിൽ ജപ്പാന് കാലിടറി. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.

സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്.

ക്രൊയേഷ്യയുടെ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് ഷൂട്ടൗട്ടില്‍ പോസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തെടുത്തതോടെ ജപ്പാന്റെ കാര്യത്തില്‍ തീരുമാനംആയി. ജപ്പാനായി ആദ്യപകുതിയില്‍ ഡയ്‌സന്‍ മയേഡയും (43-ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (55-ാം മിനിറ്റ്) ഗോള്‍ നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. 

മൂന്ന് ജാപ്പനീസ് കിക്കുകള്‍ തട്ടികയറ്റിയ ഗോളി ലിവാകോവിച്ചിന്റെ കരുത്താണ് നിലവിലെ റണ്ണറപ്പ് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.

മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്‌സലോ ബ്രോസോവിച്ചും നിക്കോളാ വ്‌ളാസിച്ചും ലക്ഷ്യം കണ്ടു.