ലോകകപ്പ് ഫുട്ബോളിൽ ആരാധകർക്ക് ഒപ്പം കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് (22) മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ചികിത്സക്കിടിയിലാണ് മരണം.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോഴിക്കോട് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്തത് സാങ്കേതികസംവിധാനത്തിൽ തകരാർ വരുത്തിയ ശേഷം. പണമിടപാട് വിവരം ആരും അറിയാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളെ മാറ്റി മറിച്ചു. ആർക്കും ഇടപാട് സംബന്ധിച്ച സന്ദേശങ്ങൾ പോകാതെയാണ് പണം മാറ്റിയത്.
ബാങ്കില്‍ പണമിടപാടിന് മെയക്കർ ചെക്കര്‍ സംവിധാനമുണ്ട്. പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കിയാല്‍ ഒരുദ്യോഗസ്ഥന്‍ പരിശോധിക്കും. തുടർന്ന് ഓഫീസര്‍ അതുറപ്പാക്കിയ ശേഷമാണ് ഇടപാട് നടക്കുക. ഈ സംവിധാനം പ്രവർത്തിച്ചിട്ടില്ല എന്നാണ് സംശയിക്കുന്നത്. ഇത് എന്ത് കൊണ്ട് എന്ന് ബാങ്ക് വിശദീകരിക്കേണ്ടി വരും. സന്ദേശ സംവിധാനവും പ്രവർത്തിച്ചില്ല. ഇടപാടിന്റെ വിശദാംശങ്ങള്‍ പണംപോയവര്‍ക്കോ അധികൃതര്‍ക്കോ അറിയാന്‍ കഴിയാഞ്ഞത് അതിനാലാണെന്നാണ് കരുതുന്നത്.
കോര്‍പ്പറേഷന്‍ ഫണ്ടിന് പുറമേ മറ്റൊരു അക്കൗണ്ടില്‍നിന്ന് 18 ലക്ഷവും നഷ്ടമായതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ വേറെയും ലക്ഷങ്ങള്‍ ചില അക്കൗണ്ടുകളില്‍ നിന്ന് പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കാര്‍ഷികലോണുമായി ബന്ധപ്പെട്ടതാണ് 18 ലക്ഷത്തിന്റെ പരാതി. ചില അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചിട്ടതായും സൂചനയുണ്ട്. കോര്‍പ്പറേഷന്റെ 15.24 കോടിയാണ് നഷ്ടപ്പെട്ടത്.
കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍നിന്ന് പണം പോയപ്പോഴൊന്നും എസ്.എം.എസ്. വന്നില്ലെന്ന് തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഫണ്ട് മറ്റിയതിന്റെ സ്റ്റേറ്റ്മെന്റിലും ‘ട്രാന്‍സ്ഫര്‍’ എന്ന് മാത്രമാണുണ്ടായിരുന്നത്. ആര്‍ക്ക് പണമിടുന്നുവെന്നതിന്റെ വിവരണം നല്‍കാത്തതിനാല്‍ വിശദാംശവും ലഭ്യമായില്ല.
ബാങ്കില്‍ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍പോലും സംശയത്തിൻ്റെ നിഴലിലാണ്. ചെന്നൈയില്‍നിന്നുള്ള ഓഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട് തിരിമറിയുടെ വ്യാപ്തി പുറത്തുവിട്ടിട്ടില്ല. ഇതെല്ലാം ഒരാൾ ഒറ്റയ്ക്ക് ചെയ്തു എന്ന മുൻവിധിയിലാണ് ഇപ്പോൾ അന്വേഷണങ്ങൾ. എന്നാൽ ഇത് എങ്ങിനെ സാധ്യമായി എന്ന് ബാങ്ക് വിശദീകരിക്കേണ്ടി വരും.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്കില്‍നിന്നുള്ള റിപ്പോര്‍ട്ടിനനുസരിച്ചാണ് തുടരന്വേഷണമുണ്ടാവുക.
ജാമ്യ ഹർജിയിലെ വാക്കുകൾ ചൂണ്ടുന്നത് കൂട്ടായ തട്ടിപ്പിലേക്ക്
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍നിന്ന് കോര്‍പ്പറേഷന്റെ ഫണ്ട് തട്ടിയെടുത്ത കേസില്‍ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
തന്റെ വിരലടയാളവും പാസ്വേഡും ബാങ്കിലെ ചിലര്‍ ഉപയോഗിക്കുകയായിരുന്നെന്ന് ജാമ്യഹര്‍ജിയില്‍ റിജില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ കോര്‍പ്പറേഷന് പണം തിരികെ നല്‍കിയത് ആരാണെന്ന് അന്വേഷിച്ചാല്‍ തട്ടിപ്പുനടത്തിയവരെ കണ്ടെത്താനാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
അര്ജന്റീന എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പിന്റെ ക്വാര്‍ട്ടർ ഫൈനലിൽ കടന്നു. അവസാന എട്ടില്‍ ഡച്ച് പടയുമായാണ് ഏറ്റുമുട്ടല്‍. ഓസ്ട്രേലിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴടിക്കിയാണ് കുതിപ്പ്. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.
മത്സരത്തില്‍ ആദ്യം സെല്‍ഫ് ഗോള്‍ വാങ്ങി പരിഭ്രമത്തിലായി എങ്കിലും പിന്നീട് കളിയിലും ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മെസ്സിയാണ് സ്‌കോറിങ് തുടങ്ങിയത്. മെസ്സിയുടെ ഒന്‍പതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളുമാണിത്. അമ്പയിയേഴാം മിനിറ്റില്‍ ഗോളി മാറ്റ് റയാൻ്റെ ശ്രദ്ധക്കുറവ് ജൂലിയന്‍ ആല്‍വരസ് രണ്ടാം ഗോളാക്കി.
സെൽഫ് ഗോളും ഗോളും
മെക്സിക്കോയ്ക്കെതിരേ ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ തലയില്‍ നിന്നാണ് അര്‍ജന്റീനയെ ഞെട്ടിച്ച സെല്‍ഫ് ഗോള്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് പകരക്കാരന്‍ ഗുഡ്വിന്‍ന്‍ തൊടുത്ത ഷോട്ട് ഫെര്‍ണാണ്ടസിന്റെ തലയില്‍ തട്ടി സ്വന്തം വലയില്‍ പതിക്കുകയായിരുന്നു. ലോട്ടെറോ മാര്‍ട്ടിനസ് ഏതാനും അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ. ഇല്ലെങ്കിൽ തുല്യമായി അധിക ടൈമിലേക്ക് കുതിക്കുന്ന മാച്ചായി തീരുമായിരുന്നു.
77-ാം മിനിറ്റിലെ എന്‍സോ മാര്‍ട്ടിനെസ്സിന്റെ സെല്‍ഫ് ഗോളാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് ഗുഡ്‌വിന്റെ 25 വാര അകലെനിന്നുള്ള ലോങ്‌റേഞ്ചര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ മുഖത്ത് തട്ടി വ്യതിചലിച്ച് വലയില്‍ കയറി. ഈ ഷോട്ട് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ്സിന് സാധിച്ചുള്ളൂ.
മെസിയുടെ 45 മിനുറ്റ്
കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കില്‍ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനല്‍കി. അവിടെനിന്ന് ബോള്‍ നേരെ ഡീ പോളിലേക്ക്. വീണ്ടും കാല്‍കളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അര്‍ധാവസരം പോലും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാംപകുതി ആവേശം
50-ാം മിനുറ്റില്‍ പപു ഗോമസിനെ വലിച്ച് അര്‍ജന്‍റീന ലിസാണ്ട്രോ മാര്‍ട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാന്‍ അനായാസം പിടികൂടി. എന്നാല്‍ 57-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് രണ്ടാക്കി. റോള്‍സിന്‍റെ ബാക് പാസ് തട്ടിയകറ്റാന്‍ റയാന്‍ വൈകിയപ്പോള്‍ ഡി പോള്‍ നടത്തിയ ഇടപെടലാണ് ആല്‍വാരസിന്‍റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റില്‍ ഗുഡ്‌വിന്‍റെ ലോംഗ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്ലക്ഷനില്‍ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അര്‍ജന്‍റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാര്‍ട്ടിനസ് അര്‍ജന്‍റീനന്‍ വിജയത്തിന്‍റെ ശോഭ കുറച്ചു. ഇഞ്ചുറിടൈമിന്‍റെ അവസാന സെക്കന്‍ഡുകളില്‍ വമ്പന്‍ സേവുമായി എമി മാര്‍ട്ടിനസ് താരമായി.
ശക്തം ലൈനപ്പുകള്‍
4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയപ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോള്‍ നഹ്വെല്‍ മൊളീനയും ക്രിസ്റ്റ്യന്‍ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാര്‍ക്കോസ് അക്യൂനയുമാണ് പ്രതിരോധം കാത്തത്. ഗോള്‍ബാറിന് കീഴെ എമി മാര്‍ട്ടിസിന്‍റെ കാര്യത്തില്‍ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയ ഇന്ന് ഇലവനിലുണ്ടായിരുന്നില്ല.
അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയില്‍ ഇറക്കിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മിച്ചല്‍ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്‌സണ്‍ ഇര്‍വിന്‍, ആരോണ്‍ മോയി, മാത്യൂ ലെക്കീ എന്നിവര്‍ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോള്‍സ്, ഹാരി സൗട്ടര്‍, മിലോസ് ഡെഗെനെക് എന്നിവര്‍ പ്രതിരോധത്തിലും എത്തിയപ്പോള്‍ മാത്യൂ റയാനാണ് ഗോളി. അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു.
ആയിരം അഴകില്‍ മെസി
ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ മെസി വല ചലിപ്പിക്കുകയും ചെയ്തു.
2022 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ടീം ആയി നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ഏക ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്.
യുഎസ്എയ്‌ക്കെതിരെ മത്സരം തുടങ്ങി പത്താം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്ത് 46ാം മിനിറ്റിലും 81ാം മിനിറ്റിലുമാണ് നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍ നേട്ടം
അമേരിക്കൻ കടന്നാക്രമണം ഇടയ്‌ക്കെല്ലാം ഭീതി പരത്തിയെങ്കിലും അനായാസമായിരുന്നു നെതർലൻഡ്‌സ് ജയം. എട്ടര വർഷത്തിനുശേഷമാണ് നെതർലൻഡ്‌സ് ലോകകപ്പിനെത്തുന്നത്. 2014ൽ ബ്രസീലിൽ മൂന്നാംസ്ഥാനക്കാരായി. റഷ്യയിൽ യോഗ്യതയുണ്ടായില്ല.
നോക്കൗട്ടിന് പന്തുരുളുമ്പോള്‍ ആദ്യ റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാര്‍ട്ടറില്‍. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോല്‍വിയറിയാതെ അതിജീവിച്ചത് ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, യു.എസ്.എ, മൊറോക്കോ എന്നീ ടീമുകള്‍ മാത്രമാണ്. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ കരുത്തരായ അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവരെല്ലാം തോല്‍വിയറിഞ്ഞു. സമനിലയുടെ കളികളും ഇനിയില്ല. ജയം മാത്രം ലക്ഷ്യമിട്ട് പതിനാറ് ടീമുകളും അടുത്ത നാല് ദിവസങ്ങളിലായി പോരാട്ടത്തിനിറങ്ങും.
ഇന്നത്തെ പേരാട്ടം
അര്‍ജന്റീന-ഓസ്ട്രേലിയ
മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും അര്‍ജന്റീനയ്ക്കായിരുന്നു ജയം. 4-3-3 ശൈലിയിലായിരിക്കും അവര്‍ ഇറങ്ങുക. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് അര്‍ജന്റീനയുടെ വരവ്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ (1-2) അവര്‍ അടുത്ത മത്സരങ്ങളില്‍ മെക്സിക്കോയെയും പോളണ്ടിനെയും 2-0 സ്‌കോറില്‍ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ഓസ്ട്രേലിയ എത്തിയത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോടു തോറ്റ (1-4) അവര്‍ രണ്ടാം മത്സരത്തില്‍ ടുണീഷ്യയെയും അവസാന മത്സരത്തില്‍ ഡെന്മാര്‍ക്കിനെയും 1-0 സ്‌കോറില്‍ തോല്‍പ്പിച്ചു. 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക. ടീമില്‍ പരിക്കുള്ള ആരുമില്ല. 2006-നുശേഷം ആദ്യമായാണ് അവര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.
നെതര്‍ലന്‍ഡ്സ്-അമേരിക്ക
ഇരുടീമുകളും മുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും നെതര്‍ലന്‍ഡ്സിനായിരുന്നു ജയം. നെതര്‍ലന്‍ഡ്സ് കഴിഞ്ഞ 17 മത്സരങ്ങളില്‍ തോറ്റിട്ടില്ല. കഴിഞ്ഞ ആറുകളികളില്‍ അഞ്ചെണ്ണത്തിലും ഗോള്‍ വഴങ്ങിയിട്ടുമില്ല. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി- 3-4-1-2. എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടില്‍ സെനഗലിനെയും (2-0) ഖത്തറിനെയും (2-0) തോല്‍പ്പിച്ചു. എക്വഡോറിനെതിരേ (1-1) സമനില വഴങ്ങി. കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തിലും അമേരിക്ക തോറ്റിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിലും ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നിലപാട് എടുത്തത് കോണ്‍ഗ്രസിനും യു ഡി എഫിനും പുതിയ ആശയ കുഴപ്പമാവുന്നു. നേരത്തെ കെ റെയിലിൻ്റെ കാര്യത്തില്‍ തരൂര്‍ സര്‍ക്കാരിനോടൊപ്പമായിരുന്നു.
വികസനം എന്ന നിലയ്ക്കാണ് കക്ഷി രാഷ്ട്രീയത്തെക്കാൾ നിലപാട് എടുത്തത്. ഇത് കോണ്‍ഗ്രസിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുണ്ടാക്കിയത്.ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ശശി തരൂര്‍ കൈക്കൊള്ളുന്നത്. കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളിലും അവസരം തേടലിലും ഒന്നിച്ച് നിൽക്കുമ്പോൾ തന്നെ പുതു തലമുറ രാഷ്ട്രീയമാണ് തരൂർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറുമുഖത്തിന്റെ പണി നിര്‍ത്തവയ്കുന്നതൊഴിച്ച് മല്‍സ്യത്തൊഴിലാളികളുടെ ഏത് ആവശ്യവും അംഗീകരിക്കാം എന്ന് നിലപാടാണ് തരൂര്‍ കൈക്കൊണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കനത്ത നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഇന്ത്യക്കും അത് കൊണ്ട് ഗുണമുണ്ടാകും. ഇതാണ് നിലപാട്
അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമരത്തിന് പരിഹാരമാകും വരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്കണമെന്നാണ്. ഇതിനെ പരസ്യായി തള്ളുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസില്‍ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് തന്റെ അത്രയും പഠിച്ചവര്‍ ആരും കാണില്ലന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
സമരം ചെയ്യുന്നവര്‍ ശാന്തരായി ആലോചിച്ച് വിഷയം മനസിലാക്കി തിരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍കൊടുത്ത ഉറപ്പുകളെല്ലാം പാലിക്കുകയും വേണം. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന ഒരു വിദഗ്ധ സമിതിയെ വച്ച് സര്‍ക്കാര്‍ പഠിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
അട്ടിമറികള്‍ തുടര്‍ക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് ശേഷം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലുകളിൽ നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളില്‍ 16 ടീമുകള്‍ ഏറ്റുമുട്ടും.
തോല്‍ക്കുന്ന ടീമുകൾ നോക്കൌട്ടാവും. അവർക്ക് നാട്ടിലേക്ക് മടങ്ങാം.
ഇന്നത്തെ കളി
പ്രീക്വാര്‍ട്ടറിലെ ആദ്യമത്സരത്തില്‍ ഇന്ന് രാത്രി 8.30ന് നെതര്‍ലന്‍ഡ്സ് അമേരിക്കയെ നേരിടും രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ നേരിടും (രാത്രി 12.30).
വരും ദിവസങ്ങളിലെ കളി
നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീല്‍ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും.
ചൊവ്വാഴ്ച സ്‌പെയിന്‍ മൊറോക്കോയേയും പോര്‍ച്ചുഗീസ് പട സ്വിസ് പടയേയും നേരിടും. എട്ട് മത്സരങ്ങളിലായി ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ വിദേശ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ പ്രൊഫസർ അറസ്റ്റിൽ. തായ് വിദ്യാർത്ഥിനി ഹിന്ദി വിഭാഗം അധ്യാപകനെതിരെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ഗച്ചിബൗളി പൊലീസ് ആണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം.പ്രൊഫസർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മർദിച്ചെന്നുമാണ് യുവതിയുടെ പരാതി. ‘കുറെക്കാലമായി പ്രൊഫസർ തന്നെ ലൈംഗികമായി ആക്രമിക്കാറുണ്ടായിരുന്നു എന്നും പരാതിക്കാരി ബോധിപ്പിച്ചു.
പ്രൊഫസറിനെതിരെ സെക്ഷൻ 354 പ്രകാരം കേസെടുത്തിട്ടുണ്ട്.
പരാതി കേൾക്കാൻ കൂട്ടാക്കാതെ സർവ്വകലാശാല
സംഭവം നടന്നതിന് പിന്നാലെ വിദ്യാർത്ഥി യൂണിയൻ നേതാക്കൾ മുഖേന സർവ്വകലാശാല അധികൃതരെ പരാതി അറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രൊഫസർക്കെതിരെ നടപടിയാവശ്യപ്പെട്ട് രാത്രി മുഴുവൻ വിദ്യാർഥികൾ പ്രതിഷേധിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പിറ്റേന്ന് വിദ്യാർത്ഥി സംഘം സ്റ്റേഷനിൽ എത്തി അധ്യാപകനെതിരെ നേരിട്ട് പരാതി നൽകുകയായിരുന്നു.
വിദ്യാർത്ഥികളിലൊരാൾ പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാത്രി വിദ്യാർത്ഥികൾ ചേർന്ന് കാമ്പസിൽ ഒരു പാർട്ടി നടത്തിയിരുന്നു, അതിൽ ചില ഫാക്കൽറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. ഒത്തുചേരലിനിടെ, പ്രൊഫസർ തായ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ വിദ്യാർത്ഥിനി എതിർത്തതായുമാണ് വിവരം.
ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ എംപി ഓഫീസില്‍ നിന്നും വിളിച്ചിരുന്നുവെന്ന് തരൂര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റെടുത്ത പരിപാടിയില്‍ പ്രസംഗിക്കുമെന്നും എംപി വ്യക്തമാക്കി. ‘യൂത്ത് കോണ്‍ഗ്രസിനോട് ചോദിക്കേണ്ടത് അവരോട് ചോദിക്കൂ. പരിപാടിയില്‍ പങ്കെടുക്കും. പ്രസംഗിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ഞാന്‍ നേരത്തെ അവര്‍ക്ക് കൊടുത്ത വാക്കാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനുമായി സമ്പര്‍ക്കമേ ഉണ്ടായിട്ടില്ല. എന്നെ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.’ തരൂര്‍ വിശദീകരിച്ചു.യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂരിന്റെ പ്രതികരണത്തോട്, അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രായക്കാരനാണോയെന്ന് ചിരിച്ചുകൊണ്ട് തരൂരിന്റെ മറുചോദ്യം. പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കും എന്നത് തന്റെ വിഷയമല്ല. ഈ ആഴ്ച്ചമാത്രം നാല് പ്രസംഗങ്ങള്‍ ഉണ്ട്. ഒന്നിന് വരാന്‍ സൗകര്യപ്പെടാത്തവര്‍ അടുത്തതിന് വരട്ടെ. ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.എന്തുകൊണ്ട് എല്ലാ ഡിസിസി പ്രസിഡന്റുമാരും തരൂരിന്റെ സന്ദര്‍ശനം വിവാദമാക്കുന്നുവെന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്ന് തരൂര്‍ പറഞ്ഞു. ‘ക്ഷണങ്ങള്‍ എനിക്ക് കാലങ്ങളായി വരുന്നതാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തില്‍ ജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റം എന്താണെന്ന് അവരോട് തന്നെ ചോദിക്കണം. എന്റെ ഭാഗത്ത് നിന്നും ഒരു വ്യത്യാസവും ഇല്ല. എന്റെ അഭിപ്രായം തുറന്ന പുസ്തകമാണ്. കെ സുധാകരന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ കേള്‍ക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നില്ല. എനിക്ക് ആരേയും ഭയമില്ല. എന്നെ ഭയപ്പെടേണ്ട ആവശ്യമില്ല.’ തരൂര്‍ കൂട്ടിചേര്‍ത്തു.തരൂരിന്റെ പരിപാടിയെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് നാട്ടകം സുരേഷിന്റെ ആരോപണം. അതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാടിലാണ് അദ്ദേഹം. തരൂരിന്റെ പരിപാടികള്‍ അതത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും അത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായ കലാപ കേസുകളിലൊന്നില്‍ ഉമര്‍ ഖാലിദിനെയും ഖാലിദ് സൈഫിയെയും കോടതി വെറുതെവിട്ടു. ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കുറ്റവിമുക്തരാക്കിയത്. കര്‍കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചലയാണ് വിധി പുറപ്പെടുവിച്ചത്. രണ്ടു പേരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ 101/2020 ല്‍ ഇരുവരെയും പ്രതി ചേര്‍ത്തിരുന്നു.
2020 ഫെബ്രുവരി 25-ന് രജിസ്റ്റര്‍ ചെയ്ത ഈ എഫ്ഐആര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവര്‍ക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് കുറ്റപത്രം റദ്ദാക്കി കോടതി കേസ് തള്ളിയത്.