എഴുത്തുകാരനും ദാര്‍ശനികനുമായ ഫാ. ഏബ്രഹാം അടപ്പൂര്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്. റോമിലെ ഈശോ സഭയുടെ ഇന്ത്യന്‍ കോര്‍ഡിനേറ്ററായിരുന്നു. ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു.
മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയിലായിരുന്നു ജനനം. 1944-ല്‍ ഈശോ സഭയില്‍ അംഗമായി. പാളം തെറ്റിയ ദൈവശാസ്ത്രം, കമ്മ്യൂണിസത്തിന്റെ തകര്‍ച്ച, കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്, ജോണ്‍ പോള്‍ മുതല്‍ ജോണ്‍ പോള്‍ വരെ എന്നിവ പ്രധാനകൃതികള്‍.
1983 മുതൽ ഏഴുവർഷം ആംഗ്ലിക്കൻ-കത്തോലിക്ക രാജ്യാന്തര കമ്മിഷനിൽ അംഗമായിരുന്നു ഫാദർ അടപ്പൂർ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ്. 1944 ൽ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയിൽ ചേർന്നത്. 1959ൽ പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 66 വരെ വത്തിക്കാനോട് ചേർന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു. ലാറ്റിൽ . ഇറ്റാലിയൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകൾ അറിയാം.
സഭാ പ്രസിദ്ധീകരണമായ ‘ സന്ദേശ’ത്തിലാണ് എഴുതിതുടങ്ങിയത്.
നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. 250 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കലാകാരനാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹാസ്യവേഷങ്ങളിൽക്കൂടി മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ നടനാണ് കൊച്ചുപ്രേമൻ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമൻ ശ്രദ്ധിക്കപ്പെട്ടത്.
കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദില്ലിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓർഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കൊച്ചാൾ തുടങ്ങിയവയാണ് മറ്റുപ്രധാനചിത്രങ്ങൾ.
ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. നടി ഗിരിജാ പ്രേമനാണ് ഭാര്യ. മകൻ -ഹരികൃഷ്ണൻ
നാടകം നെഞ്ചിലേറ്റിയ നടൻ
കെ എസ് പ്രേം കുമാര്‍ എന്ന തന്റെ യഥാര്‍ത്ഥ പേര് കൊച്ചുപ്രേമൻ എന്നാക്കി പരിഷ്‌കരിച്ചത് ഈ പേരില്‍ നിരവധി പേര്‍ നാടകരംഗത്തുള്ളത് കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശരിക്കും സിനിമയുടെ പിറകേ പോയ ആളായിരുന്നില്ല അദ്ദേഹം. അത് കൊണ്ടായിരിക്കും 1979 ലെ തന്റെ ആദ്യ സിനിമയായ ഏഴ് നിറങ്ങള്‍ക്ക് ശേഷം പിന്നീട് വെള്ളിത്തിരയില്‍ തന്റെ മുഖം കാണാന്‍ 1997 വരെ കാത്തിരിക്കേണ്ടി വന്നത്. രാജസേനന്റെ ദില്ലിവാലാ രാജകുമാരന്‍ ആയിരുന്ന കൊച്ചുപ്രേമന്റെ ആദ്യ ചിത്രം. അതോടൊപ്പം അദ്ദേഹം സീരിയലിലും മുഖം കാണിച്ചു.
ഏട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി സ്‌റ്റേജില്‍ കയറിയതെന്ന്് കൊച്ചു പ്രേമന്‍ പറഞ്ഞിട്ടുണ്ട്. എം ജി കോളജിലെ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് തിരുവനന്തപുരത്തെ പ്രധാന നാടകട്രൂപ്പുകളില്‍ കൊച്ചുപ്രമേന്‍ അഭിനയിച്ചുതുടങ്ങുന്നത്. കവിതാ സ്റ്റേജ് , ഗായത്രി തീയറ്റേഴ്‌സ്, വെഞ്ഞാറംമൂട് സംഘചേതന കേരളാ തീയറ്റേഴ്‌സ് തുടങ്ങിയ എണ്ണപ്പെട്ട നാടകട്രൂപ്പുകളുമായി അദ്ദേഹം സഹകരിക്കാന്‍ തുടങ്ങി. ഇതോടെയാണ് അദ്ദേഹത്തിലെ അഭിനേതാവ് തേഞ്ഞ് തേഞ്ഞ് തെളിയാന്‍ തുടങ്ങിയത്. എഴുപതുകളിലും എണ്‍പതുകളിലും തിരുവനന്തപുരത്തെ എല്ലാ പ്രധാന നാടകട്രൂപ്പുകളിലും കൊച്ചുപ്രേമനുണ്ടായിരുന്നു.
നര്‍മ്മവും ഗൗരവതരമായ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.സിനിമയിലും സീരിയിലിലും നര്‍മപ്രധാനമായ വേഷങ്ങളാണ് അദ്ദേഹം കൂടുതല്‍ അഭിനയിച്ചിരുന്നതെങ്കിലും നാടകത്തില്‍ വളരെ തീഷ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്ന് പോകുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.
ആഫ്രിക്കൻ കരുത്തിന് മുന്നിൽ ബ്രസീൽ വീണു. ഖത്തർ ലോകകപ്പിൽ അട്ടിമറികള്‍ തുടർ കഥയാവുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിൽ നേടിയ ഹെഡറാണ് ബ്രസീൽ പടയുടെ വല തകർത്തത്.
തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ബ്രസീലിനെ തളയ്ക്കുന്നത്.
പക്ഷെ ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടിയിട്ടും ഈ ലോകകപ്പിനോട് വിടപറയുകയാണ് കാമറൂണ്‍. പ്രീക്വാർട്ടറിലേക്കുള്ള പോയിൻ്റ് ഇല്ലാതെയാണ് ജേതാക്കളായിട്ടും മടക്കം വേണ്ടി വന്നത്.
ബ്രസീലിന് ഇനി ദക്ഷിണ കൊറിയ
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തി.
സ്വിറ്റ്‌സർലൻഡിനെതിരായ കളിയിൽനിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ ഇറക്കിയത്. എന്നാൽ യുവനിരയ്‌ക്ക് മികവ് കാട്ടാനായില്ല. ഗബ്രിയേൽ മാർടിനെല്ലി, റോഡ്രിഗോ, ഗബ്രിയേൽ ജെസ്യൂസ്, ആന്തണി എന്നിവരെല്ലാം മുന്നേറ്റത്തിൽ പതറി. ഗോളടിക്കാൻ അവസരങ്ങളേറേയുണ്ടായിട്ടും മുതലാക്കാനായില്ല. ക്യാപ്‌റ്റനായി എത്തിയ ഡാനി ആൽവേസ് ബ്രസീൽ കുപ്പായത്തിൽ ലോകകപ്പിനിറങ്ങുന്ന പ്രായമേറിയ താരമായി. 39 വയസും 210 ദിവസവുമാണ് ആൽവേസിന്റെ പ്രായം.
തുലച്ചത് 28 അവസരങ്ങൾ
ആകെ 28 തവണ ഷോട്ട് പായിച്ചിട്ടും ഒരിക്കൽപോലും കാമറൂൺ വല കാണാൻ ബ്രസീലിനായില്ല. പരിക്കുസമയം ജെറൊം ബെകേലിയുടെ പാസ് സ്വീകരിച്ചാണ് വിൻസെന്റ് കുതിച്ചത്. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ ഹെഡർ. ബ്രസീൽ വിറച്ചു.
കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി. ആദ്യ പകുതിയിൽ ബ്രസീൽ തുടർ ശ്രമങ്ങൾ നടത്തി എങ്കിലും എപ്പാസിക്ക് എല്ലാം ഈസിയായിരുന്നു.
ആദ്യ മിനിറ്റ് തൊട്ട് ബ്രസീല്‍ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു. മത്സരം തുടങ്ങി ആദ്യ ഏഴ് മിനിറ്റിനുള്ളില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ പിറന്നു. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയും കാമറൂണിന്റെ നൗഹു ടോളോയും മഞ്ഞക്കാര്‍ഡ് കണ്ടു. 14-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ ശ്രമം പിറന്നത്. മാര്‍ട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡ്ഡര്‍ കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസി തട്ടിയകറ്റി.
22-ാം മിനിറ്റില്‍ ഫ്രെഡിന് ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ ബ്രസീലിന് കാമറൂണ്‍ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത് റോഡ്രിഗോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. 32-ാം മിനിറ്റിലും ബ്രസീലിന് സമാനമായ ഫ്രീകിക്ക് ലഭിച്ചു. പക്ഷെ ഡാനി ആല്‍വസിന്റെ ദുര്‍ബലമായ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
38-ാം മിനിറ്റില്‍ യുവതാരം ആന്റണിയുടെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് കൈയ്യിലൊതുക്കി. ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡെവിസ് ഒരുവിധം തട്ടിയകറ്റി. പിന്നാലെ കാമറൂണ്‍ വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ഒരേ ഊർജ്ജം
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാമറൂണ്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടു. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം അബൗബക്കറുടെ ഉഗ്രന്‍ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. താരത്തിൻ്റെ ഷൂട്ടിങ് ശേഷി തന്നെയും ചോദ്യം ചെയ്യുന്ന പിഴവായിരുന്നു.
56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി ഡെവിസ് അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി. പിന്നാലെ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 85-ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി.
എന്നാല്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ ഗോളടിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറാണ് കാമറൂണിനായി വലകുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു.
അബൂബക്കർക്ക് ഗോളിനൊപ്പം ചുവപ്പ് കാർഡും കിട്ടി
ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ അതിൻ്റെ പേരിൽ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി കളിയിൽ നിന്നും പുറത്താവുകയും ചെയ്തു.
ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും ഉറുഗ്വേ പുറത്തായി. വികാരാധീനനായി ലൂയിസ് സുവാരസിൻ്റെ തേങ്ങൽ ഫുട്ബോൾ പ്രേമികളുടെ നൊമ്പരമായി. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോള്‍ നിറകണ്ണുകളോടെ സുവാരസ് സൈഡ് ബെഞ്ചില്‍ ഇരുന്നത് ക്യാമറ ഒപ്പിയെടുത്തു. പലപ്പോഴും മുഖം ടീഷര്‍ട്ട് കൊണ്ട് മറയ്ക്കുന്നതും തേങ്ങലിൻ്റെ ശക്തിയാൽ ഇളകുന്നതും കാണാമായിരുന്നു.
മത്സരത്തില്‍ ഘാനയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പക്ഷെ ഗ്രൂപ്പിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് അവസരം നഷ്ടമാക്കിയത്. സമാന്തരമായി ഈ സമയത്ത് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയ 2-1ന് പോര്‍ചുഗലിനെ തോല്‍പ്പിച്ചു. ഇതോടെ അടുത്ത 16 അംഗത്തിൽ കയറാൻ മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള വിജയം യുറഗ്വായ്ക്ക് അനിവാര്യമായിരുന്നു. മൂന്നാമത് ഒരു ഗോളിനായി യുറഗ്വായ് കിണഞ്ഞുപരിശ്രമിച്ചിട്ടും നേടാനായില്ല.
മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോള്‍ പിറന്നത്. പെല്ലിസ്ട്രി ബോക്സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റില്‍ അരാസ്‌കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്‍കിയ പന്ത് ഡാര്‍വിന്‍ ന്യൂനെസ് തട്ടി സുവാരസിന് നല്‍കി. സുവാരസ് നല്‍കിയ പന്തില്‍ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍ കുരുങ്ങി. പിന്നെ സുവാരസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ഇതിനിടെയാണ് വിഷാദത്തിലായത്.
പ്രതികാരം മറന്ന് ഘാന
2010 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പന്ത് കൈകൊണ്ട് തട്ടിയിട്ട് ഗോള്‍ നിഷേധിച്ച ലൂയി സുവാരസിന്റെ യുറഗ്വായോട് പകരം ചോദിക്കാനെത്തിയത് കൂടിയായിരുന്നു ഘാന.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഘാനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ആൻഡ്രെ ആയു നഷ്ടപ്പെടുത്തി. പിന്നാലെ രണ്ട് ഗോൾ വഴങ്ങുകയും ചെയ്തു.
2010-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഗോള്‍ ലൈനില്‍ വെച്ച് പന്ത് കൈകൊണ്ട് തട്ടിയിട്ടുകൊണ്ട് സുവാരസ് ഘാനയുടെ ഗോള്‍ നിഷേധിച്ചിരുന്നു. പിന്നാലെ റഫറി സുവാരസിന് ചുവപ്പുകാര്‍ഡ് വിധിക്കുകയും ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കുകയും ചെയ്തു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരം അസമാവോ ഗ്യാനിന് പിഴച്ചു. മത്സരത്തില്‍ ഘാനയെ കീഴടക്കി യുറുഗ്വായ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
കൈ കൊണ്ട് പന്ത് തട്ടിയിട്ടതില്‍ കുറ്റബോധമില്ലെന്നും മാപ്പുപറയില്ലെന്നും കഴിഞ്ഞ ദിവസം സുവാരസ് വ്യക്തമാക്കിയിരുന്നു.
സ്വപ്നം പോലെ കൊറിയ ചുവന്നു കത്തി
ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്‌നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. കൊറിയയുടെ അട്ടിമറി തകര്‍ത്തത് ഘാനയെ തോല്‍പിച്ച യുറഗ്വായുടെ സ്വപ്‌നമാണ്. ഗോള്‍ വ്യത്യാസം തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്.
പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
കളി ഓരോ ഗോളിന് തുല്യമായി മുന്നേറിയപ്പോൾ ഒടുവില്‍ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് കൊറിയയുടെ ലീഡ് ഗോൾ. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. സണ്‍ ഹ്യുങ്മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാല്‍റ്റി ബോക്‌സിലേക്ക് നല്‍കിയ പന്ത് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു.
പ്രീക്വാർട്ടറിലേക്ക് എത്തിയത്
ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗല്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ശേഷിച്ച ഒരു സ്ഥാനത്തിനായി യുറഗ്വായും ദക്ഷിണകൊറിയയും ഘാനയും പോരടിക്കുകയായിരുന്നു. മൂന്ന് ടീമുകള്‍ക്കും തുല്യ സാധ്യതയുമുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവുമധികം സാധ്യത ഘാനയ്ക്കായിരുന്നു കാരണം രണ്ട് മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് മൂന്ന് പോയന്റുണ്ടായിരുന്നു. എന്നാല്‍ യുറഗ്വായ്ക്കും കൊറിയയ്ക്കും വെറും ഒരു പോയന്റ് മാത്രം.
പക്ഷേ മൂന്നാം റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കളിയാകെ മാറി. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയയും ഘാനയെ വീഴ്ത്തി യുറഗ്വായും കരുത്തുകാട്ടി. പക്ഷേ അതില്‍ ഏത് ടീം പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും എന്ന കാര്യത്തിലായി സംശയം. ഇരുടീമുകള്‍ക്കും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ്. ഗോള്‍ വ്യത്യാസത്തിലും തുല്യത.
പക്ഷേ യുറഗ്വായിയെ മറികടന്ന് ദക്ഷിണ കൊറിയയാണ് അവസാന 16-ലേക്ക് മുന്നേറിയത്. ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണമാണ് ഇവിടെ അളവുകോലായത്. എതിരാളികളുടെ വലയിലെത്തിച്ച ഗോളുകളുടെ എണ്ണമെടുത്താല്‍ കൊറിയ നേടിയത് നാല് ഗോളുകള്‍. യുറഗ്വായ് വെറും രണ്ട് ഗോളുകള്‍ മാത്രമാണ് അടിച്ചത്. ഇതോടെ കൊറിയ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. സുവാരസും സംഘവും കണ്ണീരോടെ തിരിച്ച് നാട്ടിലേക്ക്.
‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകളില്‍ പറഞ്ഞ തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിതരണക്കാരുടെ ആവശ്യങ്ങള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു സംഘടന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതിനാലായിരുന്നു സിനിമ വിലക്കാന്‍ ഫിയോക്ക് അധികൃതര്‍ തീരുമാനിച്ചതും ഇത്തരത്തില്‍ വിതരണക്കാര്‍ പറയുന്ന നിബന്ധനകള്‍ അനുസരിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ വീണ്ടും കടക്കെണിയിലാകുമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാറും പ്രതികരിച്ചിരുന്നു
. അതേസമയം കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഈ വിലക്കിനെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു. അതിന് ശേഷം നടന്ന ചര്‍ച്ചയിലാണ് ഒരു സമവായ തീരുമാനത്തിലെത്തുന്നത്.
സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ ധനമന്ത്രിയെ ചേർത്ത് വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാതൃഭൂമിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. വാർത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന് മാതൃഭൂമി സുപ്രീംകോടതിയെ അറിയിച്ചു.
‘ലോട്ടറി മാഫിയ’ പറയാത്ത വാക്ക് വാർത്തയിൽ തിരുകി
സാന്റിയാഗോ മാര്‍ട്ടിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ‘ലോട്ടറി മാഫിയ’ എന്ന് വിളിച്ചുവെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കേസായത്.
ഈ പ്രോയോഗത്തിനെതിരെ മാര്‍ട്ടിന്‍ സിക്കിം കോടതിയെ സമീപിച്ചു. മാന നഷ്ടക്കേസായിരുിന്നു. ഇതിൽ മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ തടയണമെന്നും ഗാങ്ടോക് മജിസ്ട്രേട്ട് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നുമുള്ള മാതൃഭൂമിയുടെ ആവശ്യം അന്ന് കോടതി അനുവദിച്ചില്ല. ജസ്റ്റിസ് മീനാക്ഷി മദന്‍ റായ് എന്നിവർ അന്തിമ ഉത്തരവ് നൽകി. പ്രതികള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു ഉത്തരവ്. മാതൃഭൂമി മാനേജ്മെന്റിനു പുറമെ പത്രത്തിൻ്റെ എംഡി, മാനേജിങ് എഡിറ്റര്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.
സിക്കിം കോടതി ഉത്തവ് മറികടക്കാൻ
പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും തുടര്‍ച്ചയായി അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കി. അതിന് ഗൂഢാലോചന നടത്തിയെന്നുമാണ് മാര്‍ട്ടിന്‍ ആരോപിച്ചത്. വാര്‍ത്തയുടെ പൂര്‍ണ ഉത്തരവാദികള്‍ അച്ചടിക്കുന്നവരാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന മാര്‍ട്ടിന്റെ അഭിഭാഷകന്‍ കിഷോര്‍ ദത്തയുടെ വാദം കോടതി സിക്കിം കോടതി ശരിവെച്ചു. മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് ഉത്തരവിടുകയും ചെയ്തു.
സുപ്രീം കോടതിയിൽ
ഈ ഉത്തരവിനെതിരെ മാതൃഭൂമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പത്രത്തിനെതിരെ ഐപിസി 499, 500, 501, 502, 120 ബി എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. ഇതു റദ്ദാക്കണമെന്നാണ് പത്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പക്ഷെ തിരിച്ചടിയായിരുന്നു ഫലം. കോടതി വാർത്തയിലെ വ്യാജം ശരിവെച്ചു. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സാന്റിയാഗോ മാര്‍ട്ടിനെ മന്ത്രി ലോട്ടറി മാഫിയയെന്ന് വിളിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ മാതൃഭൂമിയോട് ചോദിച്ചു. എന്നാല്‍, ‘ലോട്ടറി മാഫിയ’യെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും അദേഹത്തിന്റെ പ്രസ്താവനയുടെ കൂടെ ഇതു ചേര്‍ക്കുകയായിരുന്നുവെന്നും മാതൃഭൂമി സമ്മതിച്ചു. ‘ലോട്ടറി മാഫിയ’ എന്ന വിശേഷണം ഒഴിവാക്കിയിരുന്നെങ്കില്‍ വാര്‍ത്ത ശരിയായിരുന്നുവെന്ന് ജസ്റ്റിസ് എസ് കെ കൗളും അഭയ് പറഞ്ഞു.
മൈസൂരുവിൽ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. ടി നരസിപുര താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ മേഘ്‌നയാണ് മരിച്ചത്. അടുത്തിടെ ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെൺകുട്ടിയാണ്.
വ്യാഴാഴ്‌ച രാത്രി ഏഴിന് വീട്ടില്‍നിന്ന് കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. അടുത്തിടെ നരസിപുര താലൂക്കിൽ മറ്റൊരു പെൺകുട്ടിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് വിവരം. തകരാർ ഉള്ളതിനാൽ കോഴിക്കോട് ഇറങ്ങാന്‍ ആശയ കുഴപ്പം ഉണ്ടായതിനാൽ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
യാത്രക്കാർ സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട ഉടനെ വിമാനത്താവളത്തിൽ ജാഗ്രതാ നിര്‍ദേശം നല്‍കി. എടിസിയും സുരക്ഷാ സംവിധാനങ്ങളും സജ്ജമായി. 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശവും നല്‍കി. 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാനായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിക്കും.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി. വധശ്രമ ആരോപണങ്ങളിലും മതിയായ തെളിവുകളില്ലെന്ന് വിലയിരുത്തി.
എല്‍ദോസ് കുന്നപ്പിള്ളി 2022 ജൂലായ് മാസത്തില്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഓഗസ്റ്റ് മാസത്തില്‍ അതേ റിസോര്‍ട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതായി പറയുന്നുമുണ്ട്. പീഡനത്തിന് ശേഷം പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടു. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാല്‍ വധശ്രമത്തില്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എം.എല്‍.എ.യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ഹര്‍ജികളും കോടതി തള്ളി.
അന്തരിച്ചുവെന്ന വാർത്ത സ്വയം നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺകോൾ അറ്റൻ്റ് ചെയ്യുകയാണ്.
കൊച്ചിയിൽ മധു മോഹൻ എന്നപേരിൽ ഒരാൾ മരിച്ചിരുന്നു. ഇത് എങ്ങിനെയോ നടൻ മധു മോഹനായി പ്രചരിപ്പിക്കപ്പെട്ടു. പ്രമുഖ പത്രം ഓൺലൈനിൽ ഈ വാർത്ത നേരറിയാതെ പ്രസിധീകരിച്ചു. സോഷ്യൽ മീഡിയയും അനുശോനങ്ങളും ആദരാഞജ്ഞലികളുമായി എത്തി. തുടർന്നാണ് നടന് തന്നെ സ്വന്തം മരണ വാർത്ത നിഷേധിക്കേണ്ടി വന്നത്.