ആദ്യത്തെ ഭിന്നശേഷി സൗഹൃദ അംഗത്വ കാർഡ് പുറത്തിറക്കി കേരളം

0

ഭിന്നശേഷിക്കാര്‍ക്കായി രൂപം നല്‍കിയ ആദ്യത്തെ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി. സംസ്ഥാനത്ത് കാസ്പ് എന്നു പേരിട്ട ഈ പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വര്‍ഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതില്‍ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഏതാണ്ട് ഇരട്ടിയോളം ആള്‍ക്കാര്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചു. കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒരാള്‍ക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാല്‍ കൂടുതല്‍ ആള്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളില്‍ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യ പരിരക്ഷ ഉറപ്പ് വരുത്തി. രാജ്യത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള ഈ സംരഭം. പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുള്ള കാഴ്ച പരിമിതരായ കാസ്പ് ഗുണഭോക്താക്കള്‍ക്ക് ബ്രയില്‍ ഭാഷയില്‍ തയ്യാറാക്കിയതാണ് കാര്‍ഡ്. ഏത് കാര്‍ഡിലൂടെയും ഇതുപോലെ കാഴ്ച പരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള മറ്റൊരു ഇടപെടല്‍ നടത്തിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് തന്നെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞു. ഇതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു.

ഡിജിറ്റലായി ഇന്ത്യൻ രൂപ, ഇടപാട് തുടങ്ങി

രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സി/ഇലക്ട്രോണിക്സ് രൂപയുടെ ചില്ലറ ഇടപാട് തുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്കും 1.71 കോടി രൂപ റിസര്‍വ് ബാങ്ക് അനുവദിച്ചു. ഉപഭോക്താക്കള്‍ തമ്മിലുള്ള ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതുവഴി ഇടപാടിന് അർഹമാണ്.

50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദിവസങ്ങള്‍ക്കുള്ളില്‍ ഇടപാടുകളില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ നാലു ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. അതോടൊപ്പം അഹമ്മദാബാദ്, ഗാംങ്‌ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേയ്ക്കും ഇടപാട് വ്യാപിപ്പിക്കും. പൊതുമേഖല ബാങ്കുകളിൽ എസ് ബി ഐക്ക് മാത്രമാണ് ആദ്യഘട്ടം അവസരം നൽകിയത്.

ബാങ്കുകള്‍ ഇതിനായി തയ്യാറാക്കിയ വാലറ്റ് ആപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യംവേണ്ടത്. കറന്‍സി ഡിജിറ്റലായി നല്‍കി ബാങ്കുകളില്‍നിന്ന് ഡിജറ്റല്‍ രൂപ സമാഹരിക്കാന്‍ കഴിയും. വ്യക്തികള്‍ക്കോ കച്ചവടക്കാര്‍ക്കോ ഇത്തരം ഡിജിറ്റല്‍ രൂപ കൈമാറുകയുംചെയ്യാം. ക്യൂആര്‍ കോഡ് വഴിയാണ് പണംകൈമാറാന്‍ കഴിയുക.

ഓൺലൈൻ ഇടപാടുകളുടെ മറ്റൊരു രൂപമായിരിക്കും ഇത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി CBDC നിലവിലുള്ള UPI സമ്പ്രദായത്തിന് ഒപ്പം ഒരു വ്യത്യസ്ത ടോക്കണൈസ്ഡ് പേയ്മെൻ്റ് സിസ്റ്റമായാവും പ്രവർത്തിക്കുക.

തട്ടിയത് കോർപ്പറേഷൻ്റെ 14.5 കോടി, കോഴിക്കോട് പിഎൻബി കേസ് സി ബി ഐ ഏറ്റെടുത്തേക്കും

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കില്‍നിന്ന് കോർപറേഷന്‍റെ പണം പിൻവലിച്ച സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യത. പൊതുമേഖലാ ബാങ്കുകളിൽ നിന്നും മൂന്ന് കോടിയിലധികം ക്രമക്കേട് നടന്നാല്‍ ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ചെന്നൈയില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന തുടങ്ങി. പരിശോധിച്ച് തുക കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പേ സ്ലിപിലൂടെയോ ചെക്കിലൂടെയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ എന്തും ചെയ്യാന്‍ പറ്റുന്ന സ്ഥിതിയാണുള്ളത്. വര്‍ഷങ്ങളായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ ഉള്‍പ്പടെയുള്ള പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നും ഡെപ്യൂട്ടി മേയർ മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

ബ്രാഞ്ചില്‍ നിന്ന് 14.5 കോടി രൂപ അപ്രത്യക്ഷമായ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുക ഉടന്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുഴുവന്‍ ബ്രാഞ്ചിന്റേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. പണം നിക്ഷേപിച്ച മുഴുവന്‍ വ്യക്തികളുടേയും പണം സുരക്ഷിതമാണെന്ന് ബാങ്ക് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി. റിജില്‍ 14.5 കോടി രൂപയാണ് ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടര കോടി രൂപ ബാങ്ക് കഴിഞ്ഞദിവസം തിരിച്ച് നല്‍കിയിരുന്നു.

റൊണാൾഡോയെ ഇറക്കുമോ അതോ പോർച്ചുഗൽ ബ്രസീൽ കളിക്കായ് കരുതുമോ

പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തില്‍ വെള്ളിയാഴ്ച ദക്ഷിണ കൊറിയക്കെതിരേ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്നത് ഇപ്പോഴും സംശയത്തിൽ തുടരുകയാണ്. ക്രിസ്റ്റ്യാനോ ഇറങ്ങാനുള്ള സാധ്യത 50-50 ആണെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ തീരുമാനം മാത്രമാവും ഇനി വരാനുള്ളത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ പോര്‍ച്ചുഗലിന്റെ ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. രാത്രി 8.30-നാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ഇറങ്ങിയില്ലെങ്കിലും അടുത്ത ഘട്ടത്തിൽ ആരാധകർക്ക് കാത്തിരിപ്പും അനിശ്ചിതത്വവും വേണ്ടി വരില്ല. ഒന്നുകിൽ ബ്രസീൽ അല്ലെങ്കിൽ സ്വിറ്റ്സർലൻ്റാവും എതിരാളി. എതിരാളിക്ക് തക്ക പോരാളി കോച്ചിൻ്റെ കരുതലാണോ എന്നാണ് ഇപ്പോൾ ചർച്ച.

ക്രിസ്റ്റ്യാനോ ബുധനാഴ്ച ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. ജിമ്മില്‍ മറ്റു പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. പരിക്കൊന്നുമില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തകളിക്കായ് കരുത്തിൻ്റെ കരുതൽ.

ഫുട്ബോളിൽ എന്ത് പാരമ്പര്യം, പ്രമുഖ ടീമുകൾ കളി കൈവിടുമ്പോൾ സംഭവിക്കുന്നത് എന്താണ്

സുരേഷ് ബാബു എഴുതുന്നു

ഈ ലോകകപ്പിൻ്റെ ടീമുകളായി തിളങ്ങുന്നത് ഗ്രൂപ്പ് ചാമ്പ്യൻമാരായ ജപ്പാനും മൊറോക്കോയും രണ്ടാം സ്ഥാനക്കാരായ സെനഗലുമാണ്.ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയിനെയും തകർത്ത ജപ്പാൻ തന്നെ ഹീറോ.വെറും അട്ടിമറി ആയിരുന്നില്ല.

ക്ലാസിക് ഫുട്‌ബോൾ കളിക്കുന്ന ജർമ്മനിയെയും സ്‌പെയ്‌നെയും എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞ ജപ്പാന്റെ പോരാട്ട വീര്യത്തെ വെറും അട്ടിമറിയായി ചുരുക്കാൻ ആവില്ല.ഏഷ്യയുടെ വരവറിയിക്കുന്ന കുതിപ്പ്.സൗദിയും ഇറാനും സമ്മാനിച്ച സുന്ദര നിമിഷങ്ങളും ആരാണ് മറക്കുക.


ഒപ്പം ആഫ്രിക്കയെ ഇനി സൂക്ഷിച്ചോളൂ എന്ന മുന്നറിയിപ്പ് ആണ് മൊറോക്കോയുടെ വരവിലൂടെ തെളിയുന്നത്.സെനഗലും ആ സന്ദേശം തന്നെയാണ് നൽകുന്നത്.
ഒന്നാം റൗണ്ട് തീരാറാവുമ്പോൾ അടി തെറ്റാത്ത വമ്പന്മാർ ഇല്ല. അർജൻറീന, ജർമ്മനി,സ്പെയിൻ,ഫ്രാൻസ്,ബെൽജിയം എന്നീ വമ്പൻ ടീമുകൾ തോൽവിയുടെ കയ്പ്പ് നീർ കുടിച്ചപ്പോൾ ഇംഗ്ലണ്ട് സമനിലയിൽ കുരുങ്ങി.

ഇന്ന് ബ്രസീൽ

ഈ ഗണത്തിൽ ഇനി ബ്രസീലിന്റെ വിധി കൂടിയെ അറിയാനുള്ളൂ.കളിക്കരുടെയോ പഴയ പ്രതാപത്തിന്റെയോ മികവിൽ മൈതാനത്ത് ഒന്നും നേടാൻ കഴിയില്ലെന്ന് ഈ ലോകകപ്പ് കാണിച്ചു തരുന്നു.റൊമേലു ലുക്കാക്കുവിന്റെ ആ നിസ്സഹായത ആരെയും കണ്ണീരിലാഴ്ത്തും.ഗോൾ അടിക്കാൻ മറന്ന കാലും തലയും. റഷ്യൻ ലോകകപ്പിൽ നമ്മൾ കണ്ട് കയ്യടിച്ച ലുക്കാക്കുവിന് ഇപ്പോൾ സംഭവിച്ച മാറ്റം നോക്കു. ജർമ്മനിയും ബൽജിയവും ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയത് ഖത്തർ ലോകകപ്പിന്റെ ദുഃഖമായും തീരുന്നു.

ജപ്പാൻ്റെ ഗോളിനെ ചൊല്ലിയും ‘വാർ’

അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു.

പന്ത് വര കടന്നിരുന്നോ ഇല്ലയോ എന്നതാണ് ഇപ്പോൾ ചർച്ച. ക്യാമറയും ക്രിത്രിമ ബുദ്ധിയും ചേർന്ന് വാർ അത് ഗോളാണെന്ന് വിധിച്ചു എങ്കിലും ആരാധകർ കണ്ണിനെ വിശ്വസിക്കുന്നു. ഗോളാകൃതിയുള്ള പന്തിന്റെ ആംഗിള്‍ കണക്കാക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളില്‍ തന്നെയാണെന്ന് വിധിച്ചാണ് വാര്‍ ഗോള്‍ അനുവദിച്ചത്. എന്നാല്‍ വാറിന്റെ വിധി തെറ്റാണെന്നും പന്ത് ലൈനിന് പുറത്തുപോയത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്‌പെയിന്‍ ആരാധകരുടെ പ്രധാന വിമര്‍ശനം. ഫുട്‌ബോള്‍ നിയമം പരിശോധിച്ചാല്‍ വാറിന്റെ തീരുമാനം ശരിയാണെന്നും ഗോള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരും മറുപക്ഷത്തുണ്ട്. പന്ത് വര കടന്നിട്ടില്ലെന്നതിന് തെളിവായി കൃത്യമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചാണ് അവരുടെ വിശദീകരണം.

വിവാദമായ ആ ഗോളിലൂടെ 2-1 ലീഡ് പിടിച്ചാണ് മത്സരത്തില്‍ ജപ്പാന്‍ അട്ടിമറി ജയം നേടിയെടുത്തത്. ഇതോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു. ഒരുപക്ഷേ 51-ാം മിനിറ്റിലെ ആ ഗോള്‍ വാര്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ മത്സരം സമനിലയില്‍ അവസാനിച്ചേനെ. അങ്ങനെയെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാമായിരുന്നു. ഇതോടെ സ്‌പെയിനൊപ്പം ജര്‍മന്‍ ആരാധകരും ജപ്പാന് ഗോള്‍ അനുവദിച്ച വാറിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്

ലോക ഫുട്ബോളിലെ ‘വാർ’ റിവ്യൂകൾ വിവാദത്തിൽ

നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും തമ്മിലുള്ള കളിയിൽ ഒരു പെനാൽട്ടി അകത്തും പുറത്തുമില്ലാതെ നഷ്ടമായി. ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചെങ്കിലും വാർ അത് നിഷേധിച്ചു.

Video assistant referee അഥവാ വാർ

മത്സരത്തിന്റെ 16-ാം മിനിറ്റിലാണ് സാങ്കേതികതയുടെ ആ കളി കാര്യമായത്. ക്രൊയേഷ്യയുടെ ആന്ദ്രെ ക്രാമറിച്ചിനെ ബോക്‌സില്‍ വെച്ച് ബെല്‍ജിയം താരം യാന്നിക്ക് ഫെറെയ്‌റ കറാസോ വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിച്ചിരുന്നതാണ്. കിക്കെടുക്കാനായി നായകന്‍ ലൂക്കാ മോഡ്രിച്ച് തയ്യാറെടുത്തതുമാണ്.

പെട്ടെന്നാണ് റഫറി ആന്റണി ടെയ്‌ലര്‍ വാര്‍ സ്‌ക്രീന്‍ നോക്കിയത്. റീപ്ലേയില്‍ ഫൗളിന് പകരം ഓഫ്‌സൈഡാണ് തെളിഞ്ഞത്. ക്രൊയേഷ്യയുടെ ഡെയാന്‍ ലോവ്‌റന്‍ മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ഓഫ് സൈഡായി നിന്നത് വാറിലൂടെ തെളിഞ്ഞു. ഇതോടെ ക്രൊയേഷ്യയ്ക്ക് പെനാല്‍റ്റി നഷ്ടമായി.

ഫ്രാൻസ് ടുണീഷ്യ മത്സരത്തിലും ഇതേ അനുഭവം ഉണ്ടായിരുന്നു. ഗ്രിസ്മാൻ നേടിയ ഗോൾ തന്നെയും അസാധുവായി തീർന്നു. മനുഷ്യരുടെ കളിയിൽ അതീത സാങ്കേതിക വിദ്യ കാവൽ നിൽക്കുമ്പോൾ തീരുമാനങ്ങൾ പലപ്പോഴും മാനുഷികം അല്ലാതെ വരുന്നു എന്നാണ് പരാതി. മനുഷ്യൻ്റെ സൂക്ഷ്മതയ്ക്കും അപ്പുറം പോയി കളിയിലെ കളി നഷ്ടപ്പെടുത്തുന്നു.

ക്രൊയേഷ്യയുടെ ഡെയാന്‍ ലോവ്‌റന്‍ മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ഓഫ് സൈഡായി നിന്നത് വാറിലൂടെ തെളിഞ്ഞു. ഓഫ് സൈഡിന്റെ ഗ്രാഫിക് വീഡിയോയില്‍ ലോവ്‌റെന്റെ വിരല്‍ത്തുമ്പാണ് ഓഫ്‌സൈഡായത് എന്ന് വ്യക്തമായപ്പോള്‍ ആരാധകര്‍ അമ്പരന്നു. വാര്‍ മൂലം ക്രൊയേഷ്യയ്ക്ക് നഷ്ടമായത് അര്‍ഹമായ പെനാല്‍റ്റിയാണ്. ടെക്‌നോളജി ഇത് ഓഫ് സൈഡാണെന്ന് തെളിയിക്കുന്നുണ്ടെങ്കിലും ആരാധകര്‍ സങ്കടത്തിലായി. ഇത് കളിയിലെ കാര്യം നഷ്ടപ്പെടുത്തുമോ എന്നും ആരാധകർ പരാതിപ്പെടുന്നു.

സീരിയസ് മിസ്സ്ഡ് ഇൻസിഡൻ്റുകൾ പിടിക്കാനാണ് വാർ കൊണ്ടു വന്നത്. ഈ സംവിധാനത്തിലൂടെ നാല് കാറ്റഗറികളിലായി നിരീക്ഷണം നടത്താൻ സാധിക്കും.

വിമാനത്താവളങ്ങളിൽ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വരുന്നു

0

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിമാനത്താവളങ്ങളിലും ഉപയോഗിച്ച് തുടങ്ങുന്നു. ഡിജി യാത്ര എന്ന പേരില്‍ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായി ഇന്ന് ഡല്‍ഹി, ബംഗളുരു, വാരാണസി എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ ഈ സംവിധാനം അവതരിപ്പിച്ചു. ചെക്ക് പോയിന്റുകളില്‍ കടലാസ് രഹിതമായ പരിശോധനാ സംവിധാനമാണ്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പരിശോധിക്കും. ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ച് തിരിച്ചറിയും എന്നതാണ് ചെയ്യുന്നത്.

അടുത്തത് ഹൈദരാബാദ്, കൊല്‍ക്കത്ത, പുണെ, വിജയവാഡ

ഹൈദരാബാദ്, കൊല്‍ക്കത്ത, പുണെ, വിജയവാഡ എന്നിവിടങ്ങളില്‍ 2023 മാര്‍ച്ചോടുകൂടി ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര അവതരിപ്പിക്കും. ക്രമേണ മറ്റ് വിമാനത്താവളങ്ങളിലും. ഇതിനായി ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിജി യാത്ര ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് ഈ വണ്‍ ടൈം രജിസ്ട്രേഷന്‍.

കേരള സർക്കാരിനെ താഴെയിടാൻ അഞ്ച് മിനിറ്റ് സമയം വേണ്ട – കെ സുരേന്ദ്രൻ

0

മോഡി അയച്ച ഗവർണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നു പോകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ മുന്നറിയിപ്പ്. കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഒൻപത് വൈസ് ചാൻസിലർമാരും പുറത്തു പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട.

ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ കേരളത്തിലുണ്ട്. കേരളത്തിൽ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്ന തിരക്കിലാണ്. ഇത് അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാനെ മൻമോഹൻ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സർക്കാർ മറന്നുപോകരുത്.

നിയമപ്രകാരമാണ് നരേന്ദ്ര മോഡിയുടെ കീഴിൽ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നിങ്ങളുടെ സർക്കാരിനെ വലിച്ച് താഴെയിടാൻ നരേന്ദ്ര മോഡിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവർത്തനം ജനങ്ങൾ അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പ്, കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നു മാത്രം എട്ടു കോടി തട്ടി

പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.

പിന്നീടാണ് കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഏറ്റവും ഒടുവിൽ പൊലീസിൽ കോർപ്പറേഷൻ നൽകിയ പരാതിയനുസരിച്ച് എട്ട് കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. ലിങ്ക് റോഡിലെ ശാഖയിലെ കുടുംബശ്രീയുടെ അടക്കം പണം ഇത്തരത്തിൽ സ്വന്തം ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. വർഷങ്ങളായി നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പക്ഷേ റിജിൽ അച്ഛന്റെ അക്കൌണ്ടിലേക്ക് മാറ്റിയ തുക അക്കൌണ്ടിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇതെല്ലാം എങ്ങോട്ടാണ് മാറ്റിയത് ആർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നതടക്കം ഇനി കണ്ടത്തേണ്ടിയിരിക്കുന്നു. 

കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പറേഷന്‍ ആദ്യം കണ്ടെത്തിയത്. പിന്നീടാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.  കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണുള്ളത്. 

ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്. നിലവിൽ എരഞ്ഞിപ്പാലം ശാഖയിലെ മാനേജരായ റിജില്‍ ലിങ്ക് റോഡ് ശാഖയില്‍ നേരത്തെ മാനേജരായിരുന്നു. ഈ സമയത്താണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജര്‍ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ്  ചെയ്തു.

കോർപ്പറേഷൻ പൊലീസ് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. ബാങ്ക് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ലിങ്ക് റോഡ് ശാഖയിലെ ഇപ്പോഴത്തെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബി ജെ പി നേതാക്കൾ പ്രതിയായ കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്ത് പുറത്തു വിട്ടു

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തായി. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം ഇടപെടൽ ആവശ്യപ്പെട്ട കത്താണ്.

സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതി മുൻനിർത്തിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. സർക്കാറും ഗവർണറും തമ്മിലെ പോരിനിടെയാണ് കത്ത് പുറത്തുവരുന്നത്. അതേസമയം ലഭിച്ച പരാതികൾ സർക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ അവകാശപ്പെട്ടു.

രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ രാജ്ഭവന്‍റെ വിശദീകരണം.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം പരഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.