പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയങ്ങൾ ഇന്ത്യയെ തകർക്കും – ജയറാം രമേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോഡിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻ, പബ്ലിസിറ്റി, മീഡിയ വിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രിയുടെ പ്രത്യേക ഉദ്ദേശ്യങ്ങളും നയങ്ങളും കാരണം രാജ്യം ശിഥിലമാകാനുള്ള സാധ്യത വർധിച്ചുവരികയാണ്. രാഷ്ട്രീയ ഏകാധിപത്യം വർധിക്കയാണ്.

ഇതിനെതിരെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ എത്തും അവിടെ അഞ്ച് ദിവസത്തെ ഇടവേള എടുത്ത ശേഷം യാത്ര തുടരും. യാത്രയ്‌ക്കൊപ്പം വാഹനങ്ങളും കണ്ടെയ്‌നറുകളും മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സമയത്ത് സർവീസ് ചെയ്യും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും ജയറാം രമേശ് രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര മന്ത്രിയാകാനും ബംഗ്ലാവ് സംരക്ഷിക്കാനുമാണ് സിന്ധ്യ ബിജെപിയിൽ ചേർന്നതെന്ന് രമേശ് കുറ്റപ്പെടുത്തി.

ആയിരം എൻജിനീയർമാരെ വേണം, സാംസങ് ഇന്ത്യ കാമ്പസുകളിലേക്ക്

ന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്താന്‍ കൊറിയന്‍ കമ്പനിയായ സാംസങ് ആയിരം എൻജിനീയർമാരെ നിയമിക്കുന്നു. ഇതിന്റെഭാഗമായി ഐ.ഐ.ടി.കളില്‍നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുമായി നേരിട്ട് അഭിമുഖം നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഐ ടി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന സമയത്താണ് പ്രഖ്യാപനം

ബെംഗളൂരു, നോയിഡ, ഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലുമാണ് അവസരം. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതുനിര സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടാം.

പരിസ്ഥിതിയെ സംരക്ഷിക്കണം, അതിൻ്റെ പേരിൽ വികസനം തടയാനാവില്ല – സുപ്രീം കോടതി

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ സോണ്‍ പ്രായോഗിമാവണമെന്ന് ചൂണ്ടി കാട്ടി സുപ്രീം കോടതി. ഒരു കിലോമീറ്റർ ദൂരപരിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുമ്പോള്‍ ഓരോ സ്ഥലത്തെയും യഥാര്‍ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കികൊണ്ട് ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറപ്പടിവിച്ച വിധിയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. നഗരങ്ങള്‍ക്ക് ഉള്ളില്‍ വനമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ ഉണ്ട്. സുപ്രീം കോടതി വിധി ഈ മേഖലകളില്‍ നടപ്പാക്കിയാല്‍ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തില്‍നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ സംരക്ഷിത വനമേഖലയുണ്ട്. ഈ മേഖലയില്‍ ബഫര്‍ സോണ്‍ വിധി ശക്തമായി നടപ്പാക്കിയാല്‍ റോഡ് പൊളിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചില വന മേഖലകളെ ബഫര്‍ സോണ്‍ വിജ്ഞാപനത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. ഇക്കാര്യം അമിക്കസ് ക്യുറി കെ പരമേശ്വറുമായി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയിൽ ചരിത്ര ഘട്ടം; സമ്പൂർണ്ണ വനിതാ ബഞ്ച് കേസ് കേട്ടു

സുപ്രീം കോടതിയുടെ വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച കേസുകളിൽ ഹിയറിങ് നടത്തി. ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്. ചരിത്രമായി മാറിയ ഹിയറിങ്ങിന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് ഉണ്ടായിരുന്നത്.

മുപ്പത്തി രണ്ട് ഹര്‍ജികളാണ് വനിതാ ബെഞ്ച് കേട്ടത്. ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും.

വനിതാ ബഞ്ച് ആദ്യമായി കേസ് കേട്ടത് 2013

2013-ലാണ് രാജ്യ ചരിത്രത്തിൽ ആദ്യമായി സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് കേസുകള്‍ കേട്ടത്. ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധി ആയിരുന്നതിനാല്‍ ആണ് ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നത്. അഫ്താബ് ആലം അവധിയിലായതിനാൽ വനിതാ ജഡ്ജ്മാർ ഹിയറിങ് നടത്തുകയായിരുന്നു. ഇത് യാദൃശ്ചികമായിരുന്നു.

2018-ല്‍ ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നു. ഇതാണ് വനിതാ ബഞ്ച് കേസ് കേട്ട ആദ്യത്തെ സ്വതന്ത്ര ഹിയറിങ്. നിലവില്‍ സുപ്രീം കോടതിയില്‍ മൂന്നു വനിത ജഡ്ജിമാരാണുള്ളത്.

ജസ്റ്റിസ് ബി.വി. നാഗരത്ന 2027-ല്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ്. സുപ്രീം കോടതിയിൽ പരമാവധി വനിതാ ജഡ്ജിമാരുടെ എണ്ണം ഇതുവരെ നാല് ആയിരുന്നു. ഇപ്പോൾ 27 ൽ മൂന്നു പേർ.

ഭാര്യയുടെ മരണത്തിൽ തരൂരിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ ഡൽഹി പൊലീസ്

സുനന്ദ പുഷ്‌കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ്‌ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.

പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയാണ് സി.ബി.ഐ. കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതിരിക്കുന്നത്.

ആറുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, മദ്രസ അധ്യാപകന് 62 വർഷം തടവ് വിധിച്ചു

ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) എതിരെയുള്ള കേസിൽ പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.

2019-ലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം എസ്.ഐ. എം.ബി. രാജേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. മദ്രസയിൽ പഠിക്കാനെത്തിയ കുട്ടിയെ അധ്യാപകൻ പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. . കേസിൽ 21 രേഖകൾ ഹാജരാക്കി 16 സഷികളെ വിസ്തരിച്ചു. 

ലെഗ്ഗിങ്സ് ധരിച്ചതിന് ഹെഡ്മിസ്ട്രസിൻ്റെ ശകാരം, അധ്യാപിക പരാതി നൽകി

0

ലെഗ്ഗിങ്സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് തട്ടിക്കയറി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ അധ്യാപിക സരിത രവീന്ദ്രനാഥ് ഇതു സംബന്ധിച്ച് ഡിഇഒക്ക് പരാതി നല്‍കിയത്.

രാവിലെ ഒപ്പിടാനെത്തിയപ്പോഴാണ് പ്രശ്നം. വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിച്ചു തുടങ്ങി. കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലഗ്ഗിങ്സ് ധരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

“കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്” എന്നാണ് ഹെഡ് മിസ്ട്രസ് ചോദിച്ചത് – എന്നും യുപി വിഭാഗം അധ്യാപകിയായ സരിത പറഞ്ഞു. ഇവർ സ്കൂളിൽ അണിഞ്ഞത് സാധാരണ നിലയിലുള്ള വസ്ത്രമാണ്. ഈ വേഷമിട്ട ചിത്രം തെളിവായി പരാതിക്ക് ഒപ്പം അയക്കുകയും ചെയ്തിട്ടുണ്ട്.

“തമാശയാക്കിയിട്ടേ ഞാനത് എടുത്തുള്ളൂ. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് എന്നെ തളര്‍ത്തിയത്”, സരിത പറയുന്നു

അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗ്ഗിങ്ങുമായിരുന്നു വേഷം. മോശമായിട്ടല്ല, താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. മാധ്യമങ്ങളില്‍ ഇതേ വസ്ത്രം തന്നെയാണ് ധരിച്ചെത്തിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൊബേഷനിലിരിക്കെ ഇങ്ങനെ പരാതി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് നല്‍കേണ്ടിയിരുന്നു എന്ന് തന്നെയാണുത്തരം. ജീന്‍സ് ധരിച്ച് വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും സരിത പറയുന്നു.

കുട്ടികളെ നവീകരിക്കേണ്ട അധ്യാപകരില്‍ നിന്നുതന്നെ ഇങ്ങനെ ഒരനുഭവം ഉണ്ടായി എന്നതാണ് ഏറെ വേദനാജനകം. പല സ്‌കൂളുകളിലും ഇപ്പോഴും അധ്യാപികമാരുടെ വസ്ത്രധാരണത്തില്‍ അലിഖിത നിയമങ്ങളുണ്ട്. സ്ലിറ്റ് ഉള്ള ചുരിദാര്‍, ലെഗ്ഗിങ്സ്, എല്ലാം നിരോധിക്കപ്പെട്ട നിരവധി സ്‌കൂളുകളാണ് നമുക്ക് ചുറ്റുമുള്ളത്. സാരി ഉടുത്ത് വരുന്ന അധ്യാപകര്‍ നല്ലതും ലെഗ്ഗിങ്സ്സും ടോപ്പുമിട്ട അധ്യാപകര്‍ മോശമാണെന്നുമാണോ ഇവര്‍ കരുതുന്നത്? നമുക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കുറ്റമല്ല. വാസ്തവത്തില്‍ സാരിയേക്കാള്‍ അധ്യാപകര്‍ കുറേക്കൂടി കംഫര്‍ട്ട് ചുരിദാറിലാണ്. സാരി ഉടുത്ത് പഠിപ്പിക്കുമ്പോള്‍ അവിടെ കാണുമോ ഇവിടെ കാണുമോ എന്നാകും ആകുലത. 13 വര്‍ഷമായി അധ്യാപന ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്റെ അധ്യാപനത്തെക്കുറിച്ചോ അക്കാദമിക കാര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഹെഡ് മിസ്ട്രസും വസ്ത്രധാരണമല്ലാതെ എന്നെക്കുറിച്ച് യാതൊരുപരാതിയും ഇല്ലെന്നാണ് പറഞ്ഞത്.

ദുരന്തങ്ങളെ മറയാക്കരുത്, കോവിഡ് കാല അഴിമതിക്കെതിരെ ഹൈക്കോടതി

 അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി സംബന്ധിച്ച ഹര്‍ജി പരിഗണിക്കയായിരുന്നു കേരള ഹൈക്കോടതി. ഇത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും പറഞ്ഞു.

അഴിമതി ലോകായുക്തയ്ക്ക് പരിഗണിക്കാം

കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകളും കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മറ്റ് മെഡിക്കല്‍ വസ്തുക്കളും വാങ്ങിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവായ വീണ എസ്. നായരാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ലോകായുക്ത ഈ പരാതി സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജന്‍ ഖൊബ്രഗഡെ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ‘ഈ പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് കോവിഡ് കാലത്ത് ഇത്തരം വസ്തുവകകള്‍ വാങ്ങിയത് ഒരു പ്രത്യേകസംരക്ഷണത്തോടെയാണ് ഈ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല’- എന്നിങ്ങനെയായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ വാദങ്ങള്‍ തള്ളി.

അഴിമതി ആരോപണം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്നത് ശരിയാണ്. ദുരുന്തകാല അടിയന്തിരം എന്ന സംരക്ഷണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നോ ഇല്ലയോ എന്നുള്ളത് ആദ്യം അന്വേഷിക്കപ്പെടട്ടേ. എന്നായിരുന്നു കോടതിയുടെ നിലപാട്.

അന്വേഷണത്തെ ആരാണ് ഭയക്കുന്നതെന്നും കോടതി ആരാഞ്ഞു. കോടതിയുടെ ഈ നിലപാടുകളുടെ പശ്ചാത്തലത്തില്‍ ലോകായുക്തയ്ക്ക് കേസിൽ അന്വേഷണം നടത്തേണ്ടി വരും.

ജർമനിക്കും കോസ്റ്ററിക്കയ്ക്കും ഇന്ന് ജയിച്ചേ തീരൂ…

ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനുള്ള അവസാന പോരാട്ടം ആവേശം വിതറുകയാണ്. ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് ഇന്ന് കളിക്കളത്തിലിറങ്ങുന്ന വമ്പൻമാർ. പ്രതീക്ഷയോടെ മൊറോക്കോ, ജപ്പാന്‍, കോസ്റ്ററീക്ക ടീമുകളുമുണ്ട്. ഗ്രൂപ്പ് ‘ഇ’ യിലും ‘എഫി’ലുമായാണ് ഇവർ എതിരിടുന്നത്.

കളിക്കളത്തിൽ മാത്രമല്ല കണക്കിലുമുണ്ട് നെഞ്ചിടിപ്പിക്കുന്ന കളി

ഗ്രൂപ്പ് എഫിൽ ഇന്ന് ക്രൊയേഷ്യ – ബെൽജിയം മത്സരവും കാനഡ – മൊറോക്കോ മത്സരവും ഇന്ത്യൻ സമയം 8.30ന് നടക്കും. ഗ്രൂപ്പിൽ 4 പോയിൻ്റുള്ള ക്രൊയേഷ്യയാണ് ഒന്നാമത്. 4 പോയിൻ്റുള്ള മൊറോക്കോ ഗ്രൂപ്പിൽ രണ്ടാമതും 3 പോയിൻ്റുള്ള ബെൽജിയം മൂന്നാമതുമാണ്. നാലാമതുള്ള കാനഡയ്ക്ക് പോയിൻ്റില്ല.

ഇന്ന് ഒരു സമനിലയെങ്കിലുമുണ്ടെങ്കിൽ അഞ്ച് പോയിൻ്റുമായി ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടറിലെത്താം. എന്നാൽ, ബെൽജിയത്തിന് ഇന്ന് ജയിക്കണം. ബെൽജിയം തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ കാനഡയ്ക്കെതിരെ സമനില വഴങ്ങിയാലും മൊറോക്കോ 5 പോയിൻ്റുമായി അടുത്ത റൗണ്ടിലെത്തും.

ബെൽജിയം ഇന്ന് വിജയിക്കുകയും മൊറോക്കോ കാനഡയെ തോല്പിക്കുകയും ചെയ്താൽ ക്രൊയേഷ്യ പുറത്താവുകയും മൊറോക്കോ ഒന്നാം സ്ഥാനക്കാരായും ബെൽജിയം രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്യും. ക്രൊയേഷ്യയും മൊറോക്കോയും വിജയിച്ചാൽ ഇരു ടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടറിലെത്തും.

ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിക്കും. ക്രൊയേഷ്യയും മൊറോക്കോയും സമനില പാലിച്ചാൽ ഇരുവർക്കും അഞ്ച് പോയിൻ്റുകൾ വീതം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിച്ച് ഇരു ടീമുകളും അടുത്ത ഘട്ടത്തിലെത്തും.

ഗ്രൂപ്പ് ഇയിൽ ജപ്പാൻ – സ്പെയിൻ, കോസ്റ്റാറിക്ക, ജർമനി മത്സരങ്ങൾ ഇന്ന് അർദ്ധരാത്രി 12.30നാണ്. ഇതിൽ 4 പോയിൻ്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തുണ്ട്. 3 പോയിൻ്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിൻ്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്തുമാണ്. സ്പെയിൻ ഒരു സമനില കൊണ്ട് അടുത്ത ഘട്ടം കടക്കും. കോസ്റ്റാറിക്ക ജയിക്കാതിരുന്നാൽ ജപ്പാനും സമനില മതിയാവും.

എന്നാൽ, കോസ്റ്റാറിക്കയ്ക്കും ജർമനിക്കും ഇന്ന് ജയിച്ചേ തീരൂ. ജപ്പാൻ – സ്പെയിൻ കളിയിൽ സ്പെയിൻ വിജയിച്ചാൽ സ്പെയിനും ജപ്പാൻ വിജയിച്ചാൽ ജപ്പാനും അടുത്ത റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി എത്തും. ജർമനിക്കെതിരെ കോസ്റ്റാറിക്ക ജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അവർ പ്രീ ക്വാർട്ടർ കളിക്കും. ജപ്പാൻ – സ്പെയിൻ കളി സമനില ആയി, കോസ്റ്റാറിക്ക വിജയിച്ചാൽ സ്പെയിൻ, കോസ്റ്റാറിക്ക ടീമുകൾ അടുത്ത റൗണ്ടിലെത്തും.

ജർമനിക്ക് അടുത്ത ഘട്ടം കടക്കണമെങ്കിൽ കോസ്റ്റാറിക്കയെ തോല്പിക്കുകയും ജപ്പാനെ സ്പെയിൻ കീഴടക്കയും വേണം. ഇനി കോസ്റ്റാറിക്കയെ വമ്പൻ മാർജിനിൽ മറികടന്നാൽ, ജപ്പാൻ – സ്പെയിൻ കളി സമനില ആയാലും ഗോൾ ശരാശരിയിൽ ജർമനി അടുത്ത റൗണ്ടിലെത്തും.

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികൾ

0

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്തു വിട്ടു. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ച 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ തവാദി ബ്രിട്ടീഷ് പത്രപ്രവർത്തകൻ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. ഇപ്പോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിലും നവീകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ഇവരെല്ലാം.

ലോകകപ്പിനായി 200 ബില്യൺ ഡോളർ വിലമതിക്കുന്ന സ്റ്റേഡിയങ്ങളും മെട്രോ ലൈനുകളും ടൂർണമെന്റിന് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ഖത്തറിലെ കുടിയേറ്റ തൊഴിലാളികളാണ്.

ഇത് ഏകദേശ കണക്കാണെന്നും മരണപ്പെട്ടവരുടെ കണക്ക് കൃത്യമായി അറിയില്ലെന്നും മോർഗനുമായുള്ള അഭിമുഖത്തിൽ ഹസൻ തവാദി പറയുന്നുണ്ട്. അഭിമുഖത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ മോർ‌​ഗൻ ഓൺലൈനിൽ പങ്കുവെച്ചിട്ടുമുണ്ട്.

2014 മുതല്‍ 2021 വരെയുള്ള കണക്കാണിതെന്ന് തവാദി അഭിമുഖത്തിൽ പറയുന്നുണ്ട്. ഹൃദയാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതലും മരണങ്ങൾ സംഭവിച്ചതെന്നും തവാദി പറയുന്നു

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടേണ്ടി വന്ന പരിക്കുകളും മരണങ്ങളും സംബന്ധിച്ച വിവരങ്ങൾ പരിമിതമാണ്.

ഫിഫയും ഖത്തറും ഉത്തരം നൽകേണ്ട ധാരാളം ചോദ്യങ്ങൾ ഇനിയും ഉണ്ടെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഫെയർസ്‌ക്വയർ എന്ന സംഘടയിലെ പ്രവർത്തകരിലൊരാളായ നിക്കോളാസ് മക്ഗീഹാൻ പറഞ്ഞു. ഈ മനുഷ്യർ എവിടെ, എപ്പോൾ, എങ്ങനെ മരിച്ചു, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചോ എന്നൊക്കെ അറിയേണ്ടതുണ്ട് എന്നും നിക്കോളാസ് കൂട്ടിച്ചേർത്തു.