മലബാർ സിമൻ്റ്സിലെ മാനേജറുടെയും മക്കളുടെയും മരണം, അന്വേഷണം സിബിഐയുടെ കെട്ടുകഥയെന്ന് കോടതി

0

മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും മരണത്തിൽ സിബിഐക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. അന്വേഷണത്തിൽ വെള്ളം ചേർത്തുവെന്നും ആത്മഹത്യയെന്ന സിബിഐ റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ല. കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരം താഴാൻ പാടില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു.

കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണം. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കാനാണ് ഉത്തരവ്.

സിബിഐയുടെ വിശ്വാസ്യത കേസിൽ കളങ്കപ്പെട്ടു. മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. സിബിഐ ഡയറക്ട‍ര്‍ നേരിട്ട് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേൽനോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം.

ശശീന്ദ്രന്റേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടിൽ നിന്നും കേട്ടില്ലെന്ന അയൽവാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടത്. ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തൽ. എന്നാൽ, 2015 ൽ തുടന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ, കേസിൽ രണ്ട് തവണ സിബിഐ തുടരന്വേഷണം നടത്തിയിരുന്നു.

കേസിൽ മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

ഗുജറാത്ത് ബൂത്തിലേക്ക്, ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് നാളെ (വ്യാഴാഴ്ച) വിധിയെഴുതുക. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും ജനങ്ങളാണ് ആദ്യ ദിനം ബൂത്തിൽ എത്തുന്നത്. തൂക്കുപാലദുരന്തം നടന്ന മോര്‍ബിയും ഒന്നാംഘട്ടത്തിലാണ് വിധിയെഴുതുന്നത്.

ഗുജറാത്ത് നിയമസഭയിലേക്ക് ഇതുവരെ നടന്ന പോരാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ശക്തി കൂടി രംഗത്ത് വന്നു. ബി.ജെ.പിയും കോണ്‍ഗ്രസും പങ്കിട്ട രാഷ്ട്രീയം മാറി. ആം ആദ്മി പാര്‍ട്ടി. എ.എ.പിയുടെ രംഗപ്രവേശത്തോടെ മത്സരം കടുക്കുകയാണ്.

പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ.എ.പിക്ക് സാധിക്കുമോ. ആകെയുള്ള 182 മണ്ഡലങ്ങളില്‍ 181 ഇടത്തും എ.എ.പിക്ക് സ്ഥാനാര്‍ഥികളുണ്ട്. ഈ സാഹചര്യത്തിൽ അതിശക്തമായ പ്രചാരണമായിരുന്നു ബി.ജെ.പി. സംസ്ഥാനത്ത് നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് ഗുജറാത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരണത്തിനെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി തങ്ങളാണെന്നാണ് എ.എ.പി അവകാശം. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു. പുറമേ വലിയ ബഹളങ്ങളൊന്നുമില്ലാതെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഹുല്‍ സംസ്ഥാനത്ത് എത്തിയിട്ടുമില്ല.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

മന്ത്രി അബ്ദുറഹിമാന് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രൂപത

0

മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന  പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചത്.

പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു.

കേസ് എടുത്ത് പൊലീസ്

മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന  പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

എൻ ഡി ടി വി അദാനി വിഴുങ്ങി, പ്രണോയ് റോയിക്കും രാധിക റോയിക്കും പിന്നാലെ രവിഷ് കുമാറും രാജി നൽകി

എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.ആര്‍.എച്ച്.) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍.ഡി.ടി.വി. സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. ഇതിന് പിന്നാലെ പ്രത്രപ്രവർത്തനത്തിനുള്ള മഗസാസെ പുരസ്കാരം ജേതാവ് രവിഷ് കുമാറും രാജി നൽകി.

എന്‍.ഡി.ടി.വി. ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങള്‍ക്കിടെയാണ് രാജി തീരുമാനം. നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. എന്‍.ഡി.ടി.വി. ചെയര്‍പേഴ്‌സണാണ് പ്രണോയ് റോയ്. രാധിക റോയ് എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്. രവിഷിൻ്റെ രാജിയും കമ്പനി അറിയിപ്പ് പ്രകാരം ശരിവെച്ചു.

പുതിയതായി സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയുള്ള തീരുമാനം അംഗീകരിച്ചതായി ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അറിയിച്ചു.

എന്‍.ഡി.ടി.വി.യെ ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍. ഹോള്‍ഡിങ്ങിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ്) കൈവശമുള്ള 29.18 ശതമാനം ഓഹരികള്‍ തിങ്കളാഴ്ച അദാനി ഗ്രൂപ്പിനുകീഴിലുള്ള വി.സി.പി.എലിനു (വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) കൈമാറിയതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ഇതിനുപുറമെ, വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കണക്കുപ്രകാരം ഇതുവരെ 53.28 ലക്ഷം ഓഹരികള്‍ അദാനി ഗ്രൂപ്പിനു കൈമാറാന്‍ സന്നദ്ധതയറിയിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ട്. നവംബര്‍ 22-നു തുടങ്ങിയ ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ അഞ്ചിനാണ് അവസാനിക്കുക. ഇതോടെ എൻ ഡി ടി വി അദാനിക്കു കീഴിലുള്ള കോർപ്പറേറ്റ് സംവിധാനത്തിന് കീഴിലാവും.

പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തിലുള്ള വ്യവസ്ഥ കൊണ്ടുവരാൻ , തമിഴ്നാട് സുപ്രീം കോടതിയിൽ

0

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടി കാട്ടി.

ഡിഎംകെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കുന്ന പുതിയ വ്യവസ്ഥയ്ക്ക് ആണ് നിയമം തുടക്കം ഇടുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

നിയമത്തില്‍ തമിഴ് അഭയാര്‍ഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴര്‍ക്ക് എതിരാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. മുസ്ലിങ്ങളെ നിയമത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയതിന് കൃത്യമായ വിശദീകരണം ഇല്ല. പീഡനം അനുഭവിക്കുന്ന ആറ് രാജ്യങ്ങളിലെ മുസ്ലിങ്ങളെ പോലും നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യഥാര്‍ത്ഥ വസ്തുതകള്‍ അവഗണിക്കുന്നതാണ് നിയമം. പൗരത്വം ലഭിക്കാത്തതിനാല്‍ തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പല മൗലിക അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത തമിഴ് അഭയാര്‍ത്ഥികളെ എന്തുകൊണ്ടാണ് നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരാത്തത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടി കാട്ടി

ഇന്നത്തെ കളി അർജൻ്റീനയ്ക്ക് ജീവൻ മരണ പോരാട്ടമാവുന്നത് എന്തുകൊണ്ട്

ജയിക്കുകയാണ് അർജൻ്റീനയ്ക്ക് മുന്നിലുള്ള ഏറ്റവും ഭദ്രമായ വഴി. അതിനായി പോരാടുക. തോറ്റാല്‍ പുറത്താവും എന്നുറപ്പ്, സമനിലയാണെങ്കില്‍ തന്നെ രണ്ടിനും സാധ്യതയുണ്ട്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുകയാണ് അര്‍ജന്റീന. പോളണ്ടാണ് എതിരാളി. രാത്രി 12.30 നാണ് പോരാട്ടം. 1986 നു ശേഷം പോളണ്ട് ആദ്യമായി നോക്കൌട്ട് റൌണ്ടിന് അരികിൽ എത്തുകയാണ്.

ഇതേ സമയത്ത് രണ്ട് കളിയുണ്ട്. സൌദി അറേബ്യ മെക്സിക്കോ. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങൾ അവസാന ഘട്ടത്തിലേത്ത് കടക്കുകയാണ്. അവസാന ഘട്ട ​ഗ്രൂപ്പ് മൽസരങ്ങൾ ഒരേ സമയം ആയിരിക്കും നടക്കുക എന്നതിനാലാണ് രണ്ട് കളികൾ

ആദ്യകളിയില്‍ സൗദിയോട് തോല്‍ക്കുകയും രണ്ടാം കളിയില്‍ മെക്സിക്കോയെ തോല്‍പ്പിക്കുകയും ചെയ്ത അര്‍ജന്റീനയ്ക്ക് മൂന്ന് പോയന്റാണുള്ളത്. പോളണ്ടിന് നാലും. സൗദിക്ക് മൂന്നും മെക്സിക്കോക്ക് ഒന്നും പോയന്റുണ്ട്.

ഗ്രൂപ്പ് ഡിയില്‍ രാത്രി 8.30ന് നടക്കുന്ന മത്സരങ്ങളില്‍ ടുണീഷ്യയും ഫ്രാന്‍സും, ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. ഫ്രാന്‍സ് നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമാണ്. ഈ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയും ഡെന്‍മാര്‍ക്കും തമ്മിലുള്ള മത്സരമാണ് നിര്‍ണായകം. വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. സമിനലയാണെങ്കിലും അവര്‍ക്ക് സാധ്യതയുണ്ട്. അതേസമയം ഡെന്‍മാര്‍ക്കിന് വിജയം അനിവാര്യമാണ്.

അർജൻ്റീനയുടെ സാധ്യതകൾ എന്താവും

ഈ ലോകകപ്പിൽ അർജന്റീന ഏതുവരെ എത്തും ? ടെൻഷൻ ഉണ്ടാകാവുന്ന ചില തലങ്ങളുണ്ടതിൽ. അർജന്റീനക്ക് അവരുടെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ സുപ്രധാനമാണ്. ആ മത്സരത്തിൽ ആറു സാദ്ധ്യതകളാണ് നിലനിൽക്കുന്നത്.

  1. അർജന്റീന പോളണ്ടിന് മുന്നിൽ തോല്കുക . അർജന്റീന ഔട്ട്
    2 .അർജന്റീന പോളണ്ട് മത്സരം സമനിലയിലാകുക; സൗദി അറേബിയ മെക്സിക്കോവിനെ തോൽപ്പിക്കുക.അർജന്റീന ഔട്ട്
  2. അർജന്റീന പോളണ്ട് മത്സരം സമനിലയിലാകുക; മെക്സിക്കോ സൗദി അറേബിയയെ തോൽപ്പിക്കുക. അപ്പോൾ അർജന്റീന ഗ്രൂപ്പിലെ രണ്ടാമനായി പ്രീക്വർട്ടറിലേക്ക്
  3. അർജന്റീന പോളണ്ട് മത്സരം സമനിലയിലാകുക; മെക്സിക്കോ സൗദി അറേബിയ മത്സരം സമനില. അപ്പോഴും, ഗ്രൂപ്പിലെ രണ്ടാമനായി അർജന്റീന പ്രീക്വർട്ടറിലേക്ക്
    5 അർജന്റീന വിജയിക്കുക; സൗദി അറേബിയ മെക്സിക്കോവിനെ അർജന്റീനനേടിയതിനേക്കാൾ മൂന്ന് ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുത്തുക.അപ്പോഴും, ഗ്രൂപ്പിലെ രണ്ടാമനായി അർജന്റീന പ്രീക്വർട്ടറിലേക്ക്
    6 .അർജന്റീന വിജയിക്കുക; സൗദി ജയിച്ചാലും ഇപ്പോഴത്തെ രണ്ട് ഗോൾ വ്യത്യാസം നിലനിർത്തുക. അപ്പോൾ അർജന്റീന ഗ്രൂപ്പിലെഒന്നാമനായി പ്രീക്വർട്ടറിലേക്ക്.

ഇതിൽ ഒന്നാമത്തേയും രണ്ടാമത്തെയും സാഹചര്യത്തെ കുറിച്ച് കൂടുതൽ ആലോചിക്കേണ്ടതില്ല. മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തേയും സാഹചര്യത്തിൽ അർജന്റീന രണ്ടാമത്തെ റൗണ്ടിൽ എത്തും. പക്ഷെ, അവർക്ക് രണ്ടാം റൗണ്ടിൽ നേരിടേണ്ടി വരിക ഫ്രാൻസിനെയായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ പ്രീക്വർട്ടറിൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. അർജന്റീനക്ക് ഏറ്റവും നല്ലത് ഗ്രൂപ്പിൽ ഒന്നാമതായി എത്തുകയും ഗ്രൂപ്പ് D യിലെ രണ്ടാം സ്ഥാനക്കാരെ നേരിടുന്നതുമായിരിക്കും. അതവരെ സെമി വരെ എത്തിച്ചേക്കും. സെമിയിൽ ഇന്നത്തെ സാഹചര്യത്തിൽ വരാവുന്ന ടിം ബ്രസീലോ സ്പെയിനോ ആയിരിക്കും. അവിടെ അർജന്റീനയുടെ സാദ്ധ്യത കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. അങ്ങിനെ വന്നാൽ, ഫൈനലിൽ ഫ്രാൻസിനെ നേരിടുമ്പോൾ അർജന്റീനക്ക് വിജയ ഉണ്ടാവാം. ഇങ്ങനെയും ആരാധകർക്ക് വിലയിരുത്താം.

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ ബാനു സുപ്രീം കോടതിയിൽ

2002- ഗുജറാത്ത് കലാപത്തിലെ ബിൽക്കിസ് ബാനു കുട്ടബലാത്സംഗ കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്ക് എതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തന്നെ ഞെട്ടിച്ച നടപടിയായിരുന്നു പ്രതികളെ മോചിപ്പിക്കാനുള്ള അനുമതി.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചത്. കേന്ദ്ര സർക്കാർ അനുമതിക്ക് വിധേയമായായിരുന്നി ഇത്. പ്രതികള്‍ക്ക് ജയിലിന് പുറത്ത് വൻ സ്വീകരണവും ലഭിച്ചിരുന്നു. തുടർന്ന് ഇവർ തിരഞ്ഞെടുപ്പ് രംഗത്തും പ്രത്യക്ഷപ്പെട്ടു. ഈ നടപടികള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഗുജറാത്തും കേന്ദ്രവും നൽകിയ മോചനാനുമതി

മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 1992- ലെ റെമിഷന്‍ നയം അനുസരിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പ്രതികളെ വിട്ടയക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയിരുന്നു.

കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബില്‍കിസ് ബാനു നല്‍കിയിട്ടുണ്ട്.

അഡ്വ. ശോഭാ ഗുപ്തയാണ് ബുധനാഴ്ച രാവിലെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിട്ടുള്ള ജസ്റ്റിസ് അജയ് റസ്‌തോഗിക്ക് ഈ വിഷയം കേള്‍ക്കാനാകുമോ എന്ന് ബില്‍കിസ് ബാനുവിന്റ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. പ്രതികളെ വിട്ടയക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗി.

ഇന്ന് വൈകുന്നേരം വിഷയം പരിശോധിച്ച ശേഷം ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വര്‍ഗീയ ആക്രമണത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ് ബാനു. ഗര്‍ഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളുടെ തേര്‍വാഴ്ചയില്‍ കൊല്ലപ്പെട്ടു. ഇതിൽ മൂന്നു വയസുള്ള അവരുടെ മൂത്ത കുഞ്ഞും ഉൾപ്പെടുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും നിഷ്ഠൂരമായ മാനുഷിക ഹത്യകളിൽ ഒന്നായിരുന്നു. കുഞ്ഞിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു ഇതിൽ ഒരാൾക്ക് എതിരായ കേസ്

കേസ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതിയിൽ അംഗമായിരുന്ന ഗോധ്ര എം.എൽ.എ. സി.കെ. റാവുൽജി മാധ്യമങ്ങളോട് പറഞ്ഞത് പ്രതികൾ സംസ്കാരമുള്ള ബ്രാഹ്മണരായതു കൊണ്ടാണ് അവരെ വിട്ടയച്ചത് എന്നാണ്. രണ്ടു ജീവപര്യന്തമാണ്‌ ഇവരെ ശിക്ഷിച്ചപ്പോൾ സുപ്രീം കോടതി വിധിച്ചിരുന്നത്- ഒരെണ്ണം കൂട്ടബലാത്സംഗത്തിനും, ഒരെണ്ണം കൊലപാതകങ്ങൾക്കും. ഈ പ്രതികൾക്ക് നേരത്തെ തന്നെ പല തവണ വളരെ ഉദാരമായി പരോളും അനുവദിക്കപ്പെട്ടിരുന്നു.

സാംബോ ചാമ്പ്യൻഷിപ്പ്, കേരള ടീം പുറപ്പെട്ടു

0

ജമ്മുകാശ്മീരിൽ നടക്കുന്ന SAMBO നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പുറപ്പെട്ടു. ഡിസംബർ 2 3 4 തിയ്യതികളിലായാണ് ചമ്പ്യൻഷിപ്പ് നടക്കുന്നത്. 65 പേർ ഉൾപ്പെടുന്നതാണ് കേരള ടീം. ഇവർക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ്‌ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേരള ടീം മാനേജർ മാസ്റ്റർ ഷൈജേഷ് പയ്യോളിക്ക് ജാക്കെറ്റ് അണിയിച്ചു. ലേഡി ടീം മാനേജർ അവ്യ അനിൽ കുമാർ , കോഴിക്കോട് ജില്ല സാംബോ അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് മാസ്റ്റർ , ജമാലുദ്ദീൻ, അജയ് ഘോഷ് എന്നിവർ പങ്കെടുത്തു

കോളിജുകളുടെ പ്രവർത്തനം രാത്രി എട്ട് മണിവരെ, അടിമുടി പരിഷ്കാരം വരുന്നു

പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളിജുകളുടെ പ്രവര്‍ത്തനസമയം മാറും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയായി അക്കാദമിക അന്തരീക്ഷം ക്രമീകരിക്കും. ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതി തുടരുമ്പോഴും അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളിജ് പ്രവർത്തന സമയം മാറും. കോളിജുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ ആറുദിവസമാക്കാനും നിർദ്ദേശമുണ്ട്.

മാറ്റം വരും, എതിർപ്പുകൾ വരും

അധ്യാപകരുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. എതിർപ്പുകളും പ്രതിഷേധങ്ങളും സ്വാഭാവികമായി വരാം. എങ്കിലും വിശദമായ ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യംനല്‍കി പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനാണ് ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂര്‍ത്തിയാക്കാനുമാകും.

പഠനത്തിന്റെ ഭാഗമായുള്ള അക്കാദമിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത ക്രെഡിറ്റ് നല്‍കും. വിഷയാധിഷ്ഠിതമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ നടത്തുകയും അതനുസരിച്ച് ആനുപാതികമായ ക്രെഡിറ്റ് വിദ്യാര്‍ഥിക്ക് ലഭ്യമാക്കും. പഠനം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കുകയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവര്‍ക്കനുയോജ്യമായ പ്രവര്‍ത്തനസമയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് അക്കാദമികസേവനം വര്‍ധിപ്പിക്കാനുമാണ് കോളേജുകളിലെ സമയമാറ്റം പരിഗണിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ക്ലാസുകളുടെ സമയക്രമത്തില്‍ നിലവിലെ രീതി തുടര്‍ന്നുകൊണ്ടുതന്നെ, ലബോറട്ടറി, ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ മുതല്‍ രാത്രിവരെ കാമ്പസില്‍ അക്കാദമിക് അന്തരീക്ഷമൊരുക്കാനുള്ള ശുപാര്‍ശ. മുഖ്യവിഷയങ്ങളല്ലാത്തവ പഠിപ്പിക്കാനും സമയക്രമത്തില്‍ അയവുണ്ടാവും. ഇതിന് പൊതുമാനദണ്ഡമുണ്ടാക്കും. തൊഴിൽ ചെയ്തു കൊണ്ട് പഠിക്കുന്നവർക്ക് ഇത് കൂടുതൽ സൌകര്യ പ്രദമാവും. പഠന ചിലവ് സ്വയം കണ്ടെത്താൻ വിദ്യാർഥികൾക്ക് പ്രാപ്തി ലഭിക്കും.

അക്കാദമിക് ക്രെഡിറ്റ് ഇങ്ങനെ

  • ഒരു സെമസ്റ്ററില്‍ 15 മണിക്കൂര്‍ ട്യൂട്ടോറിയല്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • പ്രാക്ടിക്കല്‍, ലാബ്, ഫീല്‍ഡ് വര്‍ക്ക് എന്നിവ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ ഉണ്ടെങ്കില്‍ ഒരു ക്രെഡിറ്റ്.
  • തിയറി പേപ്പറിന് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ട്യൂട്ടോറിയലിനു ചെലവഴിച്ചാല്‍ ഒരുക്രെഡിറ്റ്.
  • ഇന്റേണ്‍ഷിപ്പ്, പ്രോജക്ട്, എന്‍.സി.സി., എന്‍.എസ്.എസ്., കലാ-കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രെഡിറ്റ്.
  • ആറുസെമസ്റ്ററുള്ള ഒരു ബിരുദ കോഴ്സില്‍ പരമാവധി 150 ക്രെഡിറ്റ്. പ്രാക്ടിക്കലുള്ള വിഷയങ്ങളില്‍ ഇത് 140 ആയേക്കാം. നാലുവര്‍ഷ ബിരുദത്തില്‍ ക്രെഡിറ്റ് 176 ആയി വര്‍ധിക്കും.

നിങ്ങക്കെന്താ നൂറ് തലയുണ്ടോ, മോഡിയോട് ഖാർഗെ

0

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ രീതിക്കെതിരെ പരിഹാസം ഉയർത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിയ്ക്ക് നൂറ് തലയുണ്ടോ എന്നും ഖാര്‍ഗെ ചോദിച്ചു. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

“മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്, എംഎല്‍എ തിരഞ്ഞെടുപ്പ്, എംപി തിരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ‘മാറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ’-ഇതാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?” ഖാര്‍ഗെ പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പിലും മോദിയുടെ പേര് പറഞ്ഞാണ് സ്ഥാനാര്‍ഥികള്‍ വോട്ട് തേടുന്നതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. “മുനിസിപ്പാലിറ്റിയിലേക്കോ, കോര്‍പറേഷനിലേക്കോ അല്ലെങ്കില്‍ നിയമസഭയിലേക്കോ ആവട്ടെ പ്രധാനമന്ത്രിയുടെ പേര് പറഞ്ഞാണ് വോട്ട് തേടുന്നത്. സ്ഥാനാര്‍ഥിയുടെ പേരിലാണ് വോട്ട് ചോദിക്കേണ്ടത്. മുന്‍സിപ്പാലിറ്റിയില്‍ വന്ന് മോദി പണിയെടുക്കുമോ? നിങ്ങള്‍ക്ക് ആവശ്യം വരുന്ന സാഹചര്യത്തില്‍ മോദി നേരിട്ടെത്തി നിങ്ങളെ സഹായിക്കുമോ?”. ഖാര്‍ഗെ ചോദിച്ചു.