ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റാവുന്ന ആദ്യ വനിത, ആദ്യ മലയാളി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകായണ് ഉഷ. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാവുകയാണ് 58-കാരിയായ ഉഷ.

കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ നിലവിൽ രാജ്യസഭാംഗമാണ്. കൊയിലാണ്ടി കിനാലൂരിൽ പ്രവർത്തിക്കുന്ന ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൻ്റെ സാരഥിയുമാണ് ഉഷ

പയ്യോളി എക്സ്‌പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് വെങ്കലമെഡൽ നഷ്ടമായത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒട്ടേറെ മെഡലുകൾ നേടി. 1985-ലും 1986 -ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു.

മറ്റു വിവിധ സ്ഥാനങ്ങളിലേക്ക് 24 പേർ നാമനിർദേശ പത്രിക നൽകി. വൈസ് പ്രസിഡന്റ് (സ്ത്രീ), ജോയന്റ് സെക്രട്ടറി (സ്ത്രീ) എക്സിക്യുട്ടീവ് കൗൺസിൽ സ്ഥാനങ്ങളിലേക്കും മത്സരമുണ്ടാകും.

വാട്‌സാപ്പ് സ്റ്റാറ്റസിൽ ഇനി പാട്ടും പറച്ചിലും ആവാം

വാട്‌സാപ്പ് സ്റ്റാറ്റസ് ഫീച്ചറില്‍ വൈകാതെ പുതിയൊരു അപ്‌ഡേറ്റ് വരുന്നു. ഇനി സ്റ്റാറ്റസായി പാട്ടും പറച്ചിലും അനൌൺസ്മെൻ്റും എല്ലാം ആകാം. വാചിക സ്റ്റാററസിന് കൂടി ഇടം നൽകുകയാണ് വ്ട്സാപ്പ്.

അധികം വൈകാതെ വോയ്സ് നോട്ടുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ ഉപയോക്താക്കൾക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കാന്‍ സാധിക്കുന്നത്.

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകളാകും വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുകയെന്നാണ് വിവരങ്ങള്‍.

ചിത്രങ്ങളിൽ എന്നപോലെ വോയ്സ് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. ഈ വോയ്സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിഴിഞ്ഞത്ത് സംഘർഷം; പൊലീസ് സ്റ്റേഷൻ കയ്യേറി, ജീപ്പുകൾ മറിച്ചിട്ടു

0

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥയും അസ്വസ്ഥതയും തുടരുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞ് ആക്രമണം അഴിച്ചു വിട്ടു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ എത്തിയത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.

പോലീസ് നാലുതവണ കണ്ണീര്‍ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 35 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പോലീസ് പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പോലീസ് സ്‌റ്റേഷനിലെത്തി. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പോലീസും ഈ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.

വിഴിഞ്ഞം സ്‌റ്റേഷനിലെ ഉള്‍പ്പെടെയുള്ള ജീപ്പുകളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു.

പ്രതിഷേധക്കാര്‍ സ്‌റ്റേഷനിലെ ഒരു ഷെഡ് തകര്‍ത്തു. ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പോലീസുകാരുടെ തലയ്ക്ക് അടിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ സ്‌റ്റേഷനുള്ളില്‍ കയറി അക്രമം കാണിച്ചുവെന്നും വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്‌റ്റേഷനില്‍ സമരക്കാരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.

തുറമുഖനിര്‍മാണത്തിന് പാറയുമായെത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങള്‍ ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തില്‍ തുറമുഖപദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.

ഇത്തവണ 185 സിനിമകൾ, ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും

27-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് തുടങ്ങും. തിരുവനന്തപുരത്ത് എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 185 സിനിമകളുണ്ടാവും.

നിശ്ശബ്ദതയുടെ സൗന്ദര്യം അവതരിപ്പിക്കുന്നവയും യുദ്ധവും അതിജീവനവും പ്രമേയമാക്കിയവയുമായി വ്യത്യസ്ത ചിത്രങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. സെർബിയയിൽ നിന്നുള്ള ആറുചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

17 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി വിഭാഗങ്ങളിലായാവും ചിത്രങ്ങൾ.

ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്‌സു, ബഹ്‌മാൻ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി, കൊറിയൻ സംവിധായകൻ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

സ്പെയിൻ, ജർമനി; പാസിങ് ഗെയിമിലെ മായാജാലക്കാർ പോരടിക്കുമ്പോൾ എന്താവും…..

ആത്മവിശ്വാസത്തിലാണ് സ്പെയിൻ വരുന്നത്. ആദ്യത്തെ കളി ജയിക്കുക മാത്രമല്ല പാസിങ്ങിലെ സൌന്ദര്യം കൊണ്ട് ആരാധകരുടെ മനം കവരുകയും ചെയ്തു. ജര്‍മനിയാകട്ടെ ജപ്പാനോട് തോറ്റതിൻ്റെ പക തീർക്കാനുള്ള വരവുമാണ്. ഇവിടെയും തോൽക്കാൻ പറ്റില്ല. തോറ്റാൽ പുറത്തേക്കുള്ള വഴിതെളിയും. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു. അതു കൊണ്ട് കളി കാര്യമാവും ഇന്ന് രാത്രി 21.30 ന്

1043 പാസുകൾ, ഇന്ന് എത്രയാവും….

നായകന്‍ സെര്‍ജി ബുസ്‌കെറ്റ്സും യുവതാരങ്ങളായ ഗാവിയും പെഡ്രിയും കളിക്കുന്ന മധ്യനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ഗോളടിക്കാന്‍ കഴിയുന്ന മുന്നേറ്റനിരയുണ്ടെന്നതും ടീമിന് അനുകൂലഘടകമാണ്. പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിക്കപ്പെട്ടതുമില്ല. 1043 പാസുകളാണ് മത്സരത്തില്‍ സ്പെയിന്‍ നടത്തിയത്.

ജപ്പാനെതിരേ തോറ്റ കളിയില്‍ ജര്‍മനിയും പാസിങ് ഗെയിമാണ് പുറത്തെടുത്തത്. 26 ഷോട്ടുകളും 74 ബോള്‍ പൊസഷനും ടീമിനുണ്ടായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ടീമിന് തിരിച്ചടിയായി. കെയ് ഹാവെര്‍ട്സ്-ജമാല്‍ മുസിയാള-സെര്‍ജി നാബ്രി എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിരയിൽ പുതുക്കകാരാണ്. എങ്കിലും കരുത്തിൽ കുറവില്ല.

ഇരുടീമുകളും അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം സ്പെയിനിനും ഒരു ജയം ജര്‍മനിക്കുമുണ്ട്. രണ്ടു കളി സമനിലയായി. 2020 നേഷന്‍സ് ലീഗില്‍ സ്പെയിന്‍ ജര്‍മനിയെ 6-0ത്തിന് തോല്‍പ്പിച്ചിരുന്നു.

ലോകകപ്പ് ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ

സൗദി അറേബ്യയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ലൈവ് സ്ട്രീമിങിന് നിരോധനം ഏർപ്പെടുത്തി. സംപ്രേഷണം നടത്തുന്ന ‘ടോഡ് ടി.വി.’ ഖത്തര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ബിഇന്‍ മീഡിയ ഗ്രൂപ്പി’ന്റേതാണ്. 24 രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ് ബിഇന്‍.

ഖത്തര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി, യു.എ.ഇ., ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടോഡ് ടി.വി.യുടെ സംപ്രേഷണം സൗദി നിരോധിച്ചത്.

മുമ്പ് വര്‍ഷങ്ങളോളം ഈ ചാനലിന്റെ സംപ്രേഷണം സൗദിയിൽ നിലച്ചിരുന്നു. 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. നവംബര്‍ 20-ന് ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു.

സൗദിയുടേതുള്‍പ്പെടെ ലോകകപ്പിലെ 22 മത്സരങ്ങള്‍ സൗദിയില്‍ ബിഇന്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുണ്ട്.

കോവിഡ് വിട്ടൊഴിയാതെ ചൈന, നിയന്ത്രണങ്ങളിൽ വലഞ്ഞ് ജനം തെരുവിൽ

0

ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ സഹികെട്ട് ജനങ്ങൾ പ്രക്ഷോഭത്തിൽ.  ഞായറാഴ്ച പുലർച്ചെ ഷാങ്ഹായിൽ തെരുവുകളില്‍ പ്രതിഷേധം നടക്കുന്നു എന്നാണ് വിവരം. നിരവധി വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  ചൈനീസ് സര്‍ക്കാറിന്‍റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും, ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്നത് വീഡിയോയില്‍ ഉണ്ട്. 

ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ് പ്രക്ഷോഭം പെട്ടെന്ന് പൊട്ടിപുറപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ 9 പേര്‍ക്ക് പൊള്ളലേൽക്കയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളാണ് മരണം വര്‍ദ്ധിപ്പിച്ചത് എന്നാണ് പ്രക്ഷോഭകർ ആരോപിച്ചത്.

ഏറ്റവും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. ഇവിടെ 40 ലക്ഷത്തോളം പേര്‍ 100 ദിവസം വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഷാങ്ഹായി നഗരത്തിൽ ഏകദേശം 200 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ഡിഡബ്യൂ ന്യൂസ് ഈസ്റ്റ് ഏഷ്യ ലേഖകന്‍ വില്ല്യം യാങ് ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ പ്രകാരം. ഉറുംഖി റോഡില്‍ തടിച്ചുകൂടിയ ജനം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും, പ്രസിഡന്‍റ് ഷിക്കെതിരെയും രോഷം പ്രകടിപ്പിച്ച് മുദ്രവാക്യം വിളിക്കുന്നത് കേള്‍ക്കാം. ‘സ്റ്റെപ്പ് ഡൗൺ സിസിപി’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ കേള്‍ക്കാം എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു ഷാങ്ഹായിൽ നിന്നുള്ള വീഡിയോയില്‍. ഡസൻ കണക്കിന് പോലീസിനെ അഭിമുഖീകരിക്കുന്ന ജനക്കൂട്ടത്തെ കാണാം: “ജനങ്ങളെ സേവിക്കൂ”, “ഞങ്ങൾക്ക് ആരോഗ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല”, “ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം” എന്നിങ്ങനെ അവര്‍ മുദ്രവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

 

ശബരിമലയിൽ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങളിൽ വീഴ്ചയെന്ന് പരാതി

0

ശബരിമല തീർത്ഥാടനത്തിന് ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങളെ കുറിച്ച് പരാതി തീരുന്നില്ല. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീർത്ഥാടനത്തിൻ്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വിനയായി.

മുൻ വർഷങ്ങളിൽ നാല് കാർഡിയാക്ക്  സെന്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ഇത്തവണയുള്ളത് രണ്ടെണ്ണം മാത്രമാണ്.  കൊവിഡാനന്തരമുള്ള തീർത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നൽകിയ മുന്നറിയിപ്പ്. ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പൻ റോഡിൽ കൂടുതൽ എമർ‍ജൻസി മെഡിക്കൽ സെന്ററുകൾ തുടങ്ങിയത്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്.

എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്പ,  സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേൽക്കുന്നവരെയും മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിടി സ്കാൻ സൗകര്യമോ ഐസിയു ആംബുലൻസോ ഇല്ല.  കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐസിയു ആംബുലൻസിലാണ്. 

തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ചേർന്ന സെക്രട്ടറി തല യോഗത്തിൽ രോഗികളാകുന്നവരെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തീരുമാനമെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്. പെരുനാട് ആശുപത്രിയിൽ അത്യാഹിത വാർഡ് തുറക്കണമെന്ന തീരുമാനം നടപ്പിലാക്കിയില്ല. അടൂർ ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നെങ്കിലും അധിക ഡോക്ടർമാോരോ ജീവനക്കാരോ ഇല്ല

മന്ത്രി പറഞ്ഞത്

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ത്ഥാടന കാലം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ബെഡുകളിലും ഓക്‌സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡ്, ഇസിജി, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുളള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാടന പാതയില്‍ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വേണ്ട ശുശ്രൂഷ നല്‍കി പമ്പയില്‍ എത്തിച്ച് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിക്കുവാനുള്ള ക്രമീകരണവും ആവശ്യമെങ്കില്‍ കാത്തിരപ്പള്ളിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാര്‍ഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

കൈക്കുഞ്ഞുമായ് മയക്കു മരുന്ന് കടത്ത്, യുവ ദമ്പതിമാർ പിടിയിൽ

മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ അറസ്റ്റില്‍. കാസര്‍കോട് പള്ളത്ത് സ്വദേശി ടി.എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്.

ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. 5.7 ഗ്രാം തൂക്കം വരുന്ന എം ഡി എം എ കണ്ടെടുത്തു.

ഭാര്യയേയും കുട്ടിയേയും ഒപ്പംകൂട്ടിയാണ് റിയാസ് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി വിവിധ കേസുളിലെ പ്രതിയാണ് റിയാസ് എന്നും പൊലീസ് പറഞ്ഞു.

ഫ്രാൻസ് പ്രീക്വാർട്ടറിൽ, അർജൻ്റീനയെ ഒതുക്കിയ സൗദിയും വീണു

ഡെന്മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡെന്മാര്‍്കിനെ വീഴ്ത്തിയത്. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഓസ്‌ട്രേലിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമിനെ അവസാന മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകൂ.

ആത്മ വിശ്വാസത്തിൻ്റെ ചതിയിൽ സൗദി

സൗദി പോളണ്ടിനോട് മടക്കമില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. വീണുകിട്ടിയ ഒരു പെനാല്‍റ്റി പാഴാക്കി. ഒപ്പം ഒരു ഡസനോളം അവസരങ്ങളും തുലച്ചാണ് സൗദി തോറ്റു കൊടുത്തത്. കളിച്ചെങ്കിലും ക്രോഡീകരണം പാളി.

അസൂയാവഹമായ ഒത്തൊരുമയും ചിട്ടയായ കൈമാറ്റവും ചടുലനീക്കങ്ങളുമായി പോളിഷ് നിരയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയശേഷമാണ് സൗദി പിന്നാക്കം പോയത്. പോളണ്ട് തിരിച്ചുവന്ന് അതേ നാണയത്തില്‍ തിരച്ചടി കൊടുക്കുകയായിരുന്നു. മുപ്പത്തിയൊന്‍പതാം മിനിറ്റി സെലിന്‍സ്‌കിയാണ് ആദ്യം നിറയൊഴിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് പിടിച്ചെടുത്ത് ലെവന്‍ഡോവ്‌സ്‌കി ഗോളടിച്ചു. ഒപ്പം ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് മത്സരത്തിലെ ഹീറോ.

ഇതോടെ ഗ്രൂപ്പ് സിയില്‍ നാലു പോയിന്റോടെ പോളണ്ട് മുന്നിലെത്തി. സൗദിക്ക് അര്‍ജന്റീനയെ തോല്‍പിച്ച് കിട്ടിയ മൂന്ന് പോയിന്റാണുള്ളത്

ഇന്ന് മെക്‌സിക്കോക്കെതിരേ തോറ്റാല്‍ അര്‍ജന്റീന പുറത്താകും. വിജയിച്ചാല്‍ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കാം. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും. ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിലാകുകയും ചെയ്താല്‍ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മെസ്സിയും സംഘത്തിന്റേയും നോക്കൗട്ട് പ്രവേശം. തുല്യ പോയന്റുകള്‍ വന്നാല്‍ ഗോള്‍ വ്യത്യാസവും
നിര്‍ണായകമാകും