ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും എന്ത് വില കൊടുത്തും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സൗദിയോട് തോറ്റത് ചെറിയ ആഘാതവും വെല്ലുവിളിയുമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് മെക്സിക്കോയ്ക്ക് പുറമേ തുടർന്ന് പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്.
മെക്സിക്കോക്കെതിരേ ജയിച്ചാല്‍ ടീമിന്റെ നോക്കൗട്ട് സാധ്യത നിലനില്‍ക്കും. തോല്‍വിയോ സമനിലയോ ആണെങ്കില്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സാധ്യതകള്‍. സമനിലയാണെങ്കില്‍ വിദൂര സാധ്യത അവശേഷിക്കും. പക്ഷെ മെക്‌സികോയോട് ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടാകില്ല അര്‍ജന്റീന ഇറങ്ങുക.
ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനം കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമോ. പരിശീലകന്‍ ലയണല്‍ സ്‌കലോണി പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചത് എന്താവും. അപരാജിതരായി 36 മത്സരങ്ങള്‍ പിന്നിട്ട് ഖത്തറിലെത്തിയ ടീമാണ്.
മെക്‌സികോയെ ചെറിയ എതിരാളികളായി കാണാന്‍ കഴിയില്ല. ഒട്ടാമെന്‍ഡിയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗോൾ വല കാക്കുന്നത് ഓച്ചേയാണ് എന്നതും വെല്ലുവിളിയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തിൽ പുരുഷാധിപത്യം ഇപ്പോഴും ശക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. റാലികളില്‍ സ്ത്രീകളെ ഏറെ കാണാമെങ്കിലും കമ്മിറ്റികളില്‍ എണ്ണം കുറവാണ്. തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ ഈ വിഷയത്തില്‍ പോരാട്ടം തുടരണമെന്നും അവർ ആവശ്യപ്പെട്ടു.
സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കോഴിക്കോട് ദയാപുരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണത്തിന് എത്തിയതായിരുന്നു അവർ.
ചടങ്ങിന് ശേഷം ഈ വിഷയത്തില്‍ കൂടുതൽ പ്രതികരണത്തിന് അവർ തയാറായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷാധിപത്യം തുടരുന്നുണ്ട്. ഈ രീതിയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും സിപിഎമ്മില്‍ വനിതകളുടെ അംഗസംഖ്യ 18-20 ശതമാനം വരെ മാത്രമാണ്. റാലിയില്‍ കാണുന്ന പങ്കാളിത്തം കമ്മിറ്റികളില്‍ കാണുന്നില്ലെന്നും അവര്‍ തുറന്ന് പറഞ്ഞു.
എല്ലാ കമ്മിറ്റികളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ബ്രാഞ്ച് സെക്രട്ടറി തലത്തിലും ലോക്കല്‍ സെക്രട്ടറി തലത്തിലും നിരവധി വനിതകളെത്തി. എങ്കിലും ഏറെ മാറ്റങ്ങള്‍ ഇനിയും ആവശ്യമാണ്. ഒരു നടിയാകാന്‍ ആഗ്രഹിച്ചിരുന്നതാണ്. തന്നെ വിയറ്റ്നാം യുദ്ധവും ലണ്ടന്‍ ജീവിതവുമാണ് മാറ്റിയത്. ഇത് എങ്ങനെയാണ് എന്ന് വിദ്യാര്‍ത്ഥികളുമായുളള ചര്‍ച്ചയ്ക്കിടെ ബൃന്ദ വിശദീകരിച്ചു.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് സച്ചിൻ പൈലറ്റ് എഐസിസിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബിജെപി ക്യാമ്പില്‍ നിന്ന് ചില എംഎല്‍എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്‍റെ ആരോപണത്തിലും പ്രതിഷേധം അറിയച്ച ശേഷമാണ് ആവശ്യം കടുപ്പിച്ചത്. രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.
പ്രശ്നം തീര്‍ക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും.ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം. ഗുജറാത്ത് ഫലം വരുന്ന അടുത്ത മാസം 8 ന് ശേഷമാകും ചര്‍ച്ച.
അഭിപ്രായ വോട്ടെടുപ്പ് സച്ചിൻ്റെ പുതിയ കരുനീക്കം
എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവര്‍ത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്‍ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനില്‍ തുടരുന്നതും ഈ ബലത്തിലാണ്. ഇരുപതില്‍ താഴെ എംഎല്‍എമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന ഗുര്‍ജര്‍ വിഭാഗത്തിന്‍റെ ഭീഷണി നിലനിൽക്കയാണ്. ഇതിൽ എഐസിസി നേതൃത്വം അസ്വസ്ഥമാണ്. ഗുര്‍ജര്‍ വിഭാഗത്തിന്‍റെ സമ്മര്‍ദ്ദത്തിന് പിന്നില്‍ സച്ചിന്‍ പൈലറ്റാണെന്ന് ചില നേതാക്കളെങ്കിലും സംശയിക്കുന്നു. ചൊവ്വാഴ്ച രാജസ്ഥാനിലെത്തി ഇടഞ്ഞുനില്‍ക്കുന്നവരോട് സംസാരിക്കാന്‍ കെ സി വേണുഗോപാലിനോട് ഖര്‍ഗെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഡിസംബര്‍ ആദ്യവാരം സംസ്ഥാനത്തേക്ക് കടക്കുന്ന ഭാരത് ജോഡോ യാത്രക്ക് നേരെ പ്രതിഷേധമുയര്‍ന്നാല്‍ അത് വലിയ ക്ഷീണമാകും.
ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എത്തില്ല. കൊച്ചിയിൽ കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന ഉദ്ഘാടന പരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ തരൂരും വി ഡി സതീശനും പങ്കെടുക്കുന്നുണ്ട്.
എന്നാൽ ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ എത്തുക.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും ക്ഷണിച്ചത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു തരൂരിന് ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും.
കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ പ്രസംഗം മുൻനിർത്തി ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. ബിജെപിയുടെ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്ക് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ അഭിപ്രായപ്രകടനം സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്നാണ് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ചൂണ്ടി കാട്ടുന്നത്.
അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്യാൻ കഴിയൂ.
പറഞ്ഞത് ഇങ്ങനെ
നവംബർ പതിനെട്ടിന് മന്ത്രി കൊച്ചിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.
“സുപ്രീം കോടതിപോലും കേന്ദ്ര നയങ്ങൾക്കൊപ്പം നിൽക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകർക്കും. കേന്ദ്ര സർക്കാരിന്റെ ഈ നയങ്ങൾക്കൊപ്പംചേർന്ന് പോകുന്നതാണ് സുപ്രീം കോടതി വിധി”.
മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയെ അപകീർത്തിപ്പെടുത്തുന്ന പ്രതികരണം മന്ത്രി നടത്തി എന്നത് വിഷയം കൂടുതൽ ഗുരുതരമാക്കുന്നതാണ്. ഭരണഘടനയുടെ 19 (1)(a) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു.
കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡി മാർച്ച് മാസത്തോടെ വിപണിയില്‍ എത്തിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്ത അറിയിച്ചു. മലബാര്‍ ബ്രാണ്ടി എന്ന പേരിലായിരിക്കും പുതിയ മദ്യം വിപണിയിലിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏക മദ്യം. ഇതിന്റെ ഉത്പാദനം കൂട്ടുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പറഞ്ഞു. വിപണിയിൽ ഏറ്റവും മോശമായ രീതിയിൽ പാക്ക് ചെയത് വിപണനം ചെയ്യുന്ന ബ്രാൻ്റാണ് ജവാൻ. അവശ്യത്തിന് അനുസരിച്ച ഉല്പാദനവും ഇല്ല. ഇതിനിടയിലാണ് പുതിയ ബ്രാൻ്റ് പ്രഖ്യാപിക്കുന്നത്.
മാർച്ചിന് മുൻപ് പുതിയ മദ്യം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന. ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസിലാണ് മലബാര്‍ ബ്രാന്‍ഡി ഉത്പാദിപ്പിക്കുക. ഇതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
വില കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സര്‍ക്കാര്‍ മേഖലയില്‍ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാര്‍ ബ്രാന്‍ഡിയുടെ നിര്‍മാണം. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം തുടങ്ങും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ഉരുക്കു കോട്ട പോലെ മെക്സിക്കൻ ഗോളി ഒച്ചാവ മുന്നിലുണ്ടാവും. എങ്കിലും അർജൻ്റീനയ്ക്ക് ആ കോട്ട തകർത്തേ മതിയാവൂ. ഇന്നത്തെ കളി അവർക്ക് തീക്കളിയാണ്. ഫിഫ ലോകകപ്പിൽ ആദ്യമേറ്റ പരാജയത്തിന് ശേഷം അര്‍ജന്‍റീന ഇന്ന് വീണ്ടും ഇറങ്ങുകയാണ്.
മെക്സിക്കോ അർജൻ്റീന
രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ജയം അനിവാര്യമാണ്.
മെക്‌സിക്കന്‍ ഗോളി ഒച്ചാവയെ മറികടക്കുകയാവും അര്‍ജന്‍റീനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. പോളണ്ടുമായുള്ള കളിയിൽ പെനാൽറ്റി പോലും തടഞ്ഞിട്ടാണ് ഒച്ചാവോ മെക്സിക്കോയെ സമനിലയിൽ നിർത്തിയത്. ടീമുകളുടെ പ്രതാപത്തിന് പകരം കളിയാണ് ഇത്തവണ വേൾഡ് കപ്പിൽ മുന്നിൽ ജയിക്കുന്നത്.
സൗദി പോളണ്ട്
അർജന്‍റീനയെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച സൗദി അറേബ്യയും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. വൈകിട്ട് ആറരയ്ക്ക് പോളണ്ടാണ് സൗദിയുടെ എതിരാളികൾ. മൂന്ന് പോയിന്‍റുള്ള സൗദിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്‍റുമായി സൗദി അറേബ്യയാണ് തലപ്പത്ത്. ഓരോ പോയിന്‍റ് വീതവുമായി പോളണ്ടും മെക്‌സിക്കോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അക്കൗണ്ട് തുറക്കാത്ത അര്‍ജന്‍റീനയാണ് നാലാമത്.
ഫ്രാൻസ് ഡെൻമാർക്ക്
ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഡെൻമാർക്കാണ് എതിരാളികൾ. രാത്രി ഒൻപതരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയാണ് ഫ്രാൻസ് വരുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയ ഡെൻമാർക്കിനാകട്ടെ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ജയം അനിവാര്യമാണ്. മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഡിയില്‍ മുന്നിലുണ്ട് ഫ്രാന്‍സ്. ഒരു പോയിന്‍റ് മാത്രമുള്ള ഡെന്‍മാര്‍ക്ക് നിലവില്‍ മൂന്നാം സ്ഥാനക്കാരാണ്.
ഓസ്ട്രേലിയ ടുണീഷ്യ
ഇന്നത്തെ ആദ്യ മത്സരം പതിവുപോലെ മൂന്നരയ്ക്കാണ്. ഓസ്ട്രേലിയ, ടുണീഷ്യയെ നേരിടും. ഫ്രാൻസിനോട് തോറ്റ ഓസ്ട്രേലിയക്ക് പ്രതീക്ഷ നിലനിർത്താൻ ടുണീഷ്യക്കെതിരെ ജയിച്ചേ തീരൂ. ഡെൻമാർക്കിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ടുണീഷ്യയും ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്‍റുമായി ടുണീഷ്യ രണ്ടാമതും അക്കൗണ്ട് തുറക്കാത്ത ഓസ്ട്രേലിയ അവസാന സ്ഥാനത്തുമാണ്.
സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും പ്രൊഫഷണലുകളും ഉയർന്ന പഠനവും വിദ്യാഭ്യാസവും നേടിയവരുമെന്ന് പൊലീസ്. ബോധവത്കരണവും മുന്നറിയിപ്പും നൽകിയിട്ടും ഉന്നത് ഉദ്യോഗസ്ഥർ വരെ തട്ടിപ്പുകൾക്ക് ഇരയാകുന്നു. ഈ വർഷം സെപ്റ്റംബർവരെ 611 സൈബർ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭൂരിഭാഗവും ഇരകളായത് അറിവുള്ളവരാണ്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് അധിക പരാതികളും. ഒ.എൽ.എക്‌സിൽ ആർമി ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനം വിൽപ്പനയ്ക്ക് എന്ന ഫോൺകോളുകളിലൂടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടു. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾപോലും മറന്നുള്ള ഇടപാടുകളാണ് ഡോക്ടർമാർ, പ്രൊഫസർമാർ, വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ ഈ കേസിൽ വിനയായത്. പോലീസിന് ലഭിച്ച പരാതികളിലും ഇത്തരത്തിലുള്ള അശ്രദ്ധയാണെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം പണം നഷ്ടമായ വ്യക്തിയിൽനിന്ന് പണം പോയത് ഉത്തർപ്രദേശിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ്. ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ള തട്ടിപ്പുകാർ മലയാളത്തിൽത്തന്നെ സംസാരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കെ.എസ്.ഇ.ബി.യുടെ പേരിൽ മലയാളത്തിൽ സന്ദേശങ്ങൾ അയച്ച് വൻതുക തട്ടിയതും ജംതാരയിൽനിന്നുള്ളവരായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.
ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിൻ്റെ പരിക്ക്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരത്തിന് നെയ്മര്‍ ഇറങ്ങില്ല. കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും നെയ്മര്‍ക്ക് കളിക്കാൻ കഴിയില്ല എന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.
വലതു കാലിലെ ലിഗമെൻ്റിന് തകരാർ സംഭവിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ഡാനിലോയും പരിക്കേറ്റ് പുറത്താണ്. കാൽ പാദത്തിലേറ്റ ചതവ് കാരണം കളിക്കാൻ പറ്റാത്ത അവസ്ഥയാണ്. 2002 ന് ശേഷം ബ്രസീൽ വേൾഡ് കപ്പ് പ്രതീക്ഷ പുലർത്തുന്ന അവസരത്തിലാണ് താരങ്ങൾക്ക് പരിക്കേറ്റ് പുറത്ത് നിൽക്കേണ്ടി വരുന്നത്.
സെര്‍ബിയയുമായുള്ള മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. കണങ്കാലിന് പരിക്കേറ്റതോടെ നെയ്മറിനെ കോച്ച് തിരിയെ വിളിക്കുകയായിരുന്നു. ബ്രസീലിന്റെ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻ്റുമായി നവംബർ 28 നാണ് ബ്രസീലിൻ്റെ അടുത്ത കളി.
പരിക്ക് ഗുരുതരമാണോയെന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും. 48-മണിക്കൂറിന് ശേഷം മാത്രമേ പറയാനാകൂവെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലെസ്മാറുടെ അഭിപ്രയ പ്രകടനവും ആശങ്ക പകരുന്നു. കോച്ച് ടിറ്റെ നെയ്മർ ഇറങ്ങിയേക്കും എന്ന സൂചന നൽകിയിരുന്നു എങ്കിലും ഡോക്ടറുടെ വിലയിരുത്തൽ നിർണ്ണായകമാവും.
സെര്‍ബിയയുമായുള്ള ആദ്യ മത്സരത്തില്‍ നെയ്മര്‍ ഒമ്പത് തവണയാണ് ഫൗള്‍ ചെയ്യപ്പെട്ടത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരം കൂടിയാണ് നെയ്മര്‍. ഇത് ആവർത്തിച്ചാൽ താരത്തെ നഷ്ടമാകുന്ന സാഹചര്യമാവും. ഇതാണ് ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നത്.
ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡ് പഠിക്കാം. ഇതിനൊപ്പം കെ-ടെറ്റും നേടിയാൽ യു.പി. സ്കൂൾ അധ്യാപക പരീക്ഷകൾ എഴുതാം. പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
ഹൈസ്കൂൾ അധ്യാപകരാകാൻ കഴിയില്ല. എങ്കിലും യു പിയിൽ പഠിപ്പിക്കാം. കേരളത്തിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസനയം പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഇത് ആറുമുതൽ എട്ടുവരെയാണ്.
ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് 55 ശതമാനം മാർക്കോടെയുള്ള ബി.ടെക്., ബി.സി.എ. തുടങ്ങിയ കോഴ്‌സുകൾ പാസായവർക്കും ബി.എഡ്. പ്രവേശനംലഭിക്കും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ബി.എഡ്. കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം ലഭിക്കും. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ.ഇ.ആർ. ഭേദഗതി ചെയ്യും. കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിലും മാറ്റംവരുത്തും.