‘ഒന്നും ഉടുത്തില്ലെങ്കിലും സ്ത്രീകൾ സുന്ദരികൾ’ ബാബാ രാംദേവിൻ്റെ സ്ത്രീവിരുദ്ധ കമൻ്റ് വിവാദമായി

0

മന്ത്രി പത്നിയെ മുന്നിലിരുത്തി പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്. പുകഴ്ത്തലുകൾക്ക് ശേഷം, വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പ്രയോഗം. ഓൺലൈൻ മാധ്യമങ്ങളിൽ ഇത് പരക്കെ പ്രതിധേഷങ്ങൾ ഉയർത്തി.

പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്പിലാണ് പരാമർശം. സ്ത്രീകളുടെ പ്രത്യേകയോഗവും ക്യാമ്പിനൊപ്പം ഉണ്ടായിരുന്നതിനാൽ നിരവധി സ്ത്രീകളും എത്തിയിരുന്നു.

പരിപാടിയില്‍ അതിഥിയായാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസ് എത്തിയത്. അവരെ മുൻനിർത്തി, “സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്, അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്”, എന്ന് രാംദേവ് കമൻ്റ് ചെയ്തു.

അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയേയും ചെറുപ്പമായിരിക്കാന്‍ ചെലുത്തുന്ന ശ്രദ്ധയേയും പ്രശംസിച്ച് കൊണ്ടായിരുന്നു തുടക്കം. “എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇവര്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് എന്റെ വിശ്വാസം. കൃത്യതയോടെയുള്ള ഭക്ഷണം, എല്ലായ്‌പ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം, ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കാനുള്ള ശ്രദ്ധ…”, രാംദേവ് പ്രശംസ തുടര്‍ന്നു. ഇത് സദസിൽ മുറുമുറുപ്പിനും അസ്വസ്ഥതകളും ഉയർത്തി.

പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില നൽകണം, ഇല്ലെങ്കിൽ റേഷൻ മുടക്കുമെന്ന് മുന്നറിയിപ്പ്

2018-ലെ മഹാപ്രളയ കാലത്ത് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം. അന്നത്തെ സേനാ സഹായങ്ങൾക്ക് കാശ് ചോദിച്ചതിന് പിന്നാലെയാണ് അരി വിലയും ഈടാക്കുന്നത്. 205.81 കോടി രൂപ തിരിച്ചടക്കാൻ കേരളം തീരുമാനിച്ചു. ഇല്ലെങ്കിലും വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നു അന്ത്യശാസനത്തിന് തുടർച്ചയായാണ് തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചിരിക്കുന്നത്.

ആപത്ത് കാലത്തെ സഹായത്തിനും വിലയിട്ടു

2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്ര സഹായമായി അനുവദിച്ച അരിയാണ്. നേരത്തേതന്നെ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേരളത്തിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകള്‍ കേന്ദ്രവും കേരളവും തമ്മില്‍ നടന്നിട്ടുണ്ട്. എങ്കിലും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.

പണമടക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേല്‍ എഫ്.സി.ഐ.യുടെ സമ്മര്‍ദം മുറുകിയതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ഈ പണമടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ തന്നെ കേരളത്തിന് കത്തെഴുതി.

പ്രളയസഹായമായി എഫ്.സി.ഐ.യില്‍നിന്ന് അനുവദിച്ച അരിയുടെ വില അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്ത തവണത്തെ എസ്.ഡി.ആര്‍.എഫിലേക്ക് കേന്ദ്രത്തിന്റെ സഹായമായിവരുന്ന തുകയില്‍നിന്ന് കുറവ് വരുത്തുമെന്ന ഭീഷണി ആവർത്തിച്ചു. ഇത്തരത്തിൽ കുറവ് വരുത്തിയാൽ കേരളത്തിലെ റേഷൻ വിതരണം ഉൾപ്പെടെ താറുമാറാവും. അരി വില കുതിക്കും. ഇതോടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയമായതോടെ ഫീസ് ഈടാക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങി. പ്രളയ കാലത്തു സഹായമായി നൽകിയ അരിക്ക് പക്ഷെ വിലയിട്ടു.

രണ്ടാം ഘട്ടം; ഇംഗ്ലണ്ട് വീണ്ടും, ഖത്തറിനെതിരെ സെനഗൽ

ഖത്തർ ലോകകപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. അവസ്മരണീയമായ നിമിഷങ്ങൾ പലത് തീർത്താണ് ലോകകപ്പ് മുന്നേറുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ തീപാറുന്ന പോരാട്ടങ്ങളും ഫുട്ബോളിൻ്റെ സൌന്ദര്യവും ഒന്നു ചേർന്ന ഏറ്റുമുട്ടലുകളായിരുന്നു.

ഇംഗ്ലണ്ട് വീണ്ടും ഇറങ്ങുന്നു

അമേരിക്കയ്‌ക്കെതിരെ തകർപ്പൻ ജയവുമായി പ്രീ ക്വാർട്ടർ സ്ഥാനം ഭദ്രമാക്കാനാണ്‌ ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം. ഇറാനെ 6–-2ന്‌ കെട്ടുകെട്ടിച്ചാണ്‌ ഇംഗ്ലണ്ടിൻ്റെ ഗാരെത്‌ സൗത്‌ഗേറ്റിന്റെയും കൂട്ടരുടെയും വരവ്‌.  ബി ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുമായി ഒന്നാമതാണ്‌. ഇന്ന്‌ ജയംപിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. പരിക്കിന്റെ പിടിയിലായ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്‌. അമേരിക്കയാകട്ടെ വെയ്‌ൽസിനോട്‌ അവസാന നിമിഷത്തിൽ സമനില വഴങ്ങി. അൽ ബെയ്‌ത്‌ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌ പോരാട്ടം.

ലോകകപ്പ് ഫുട്ബോളില്‍ അമേരിക്കയ്‌ക്കെതിരേ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് അറിയിച്ചു. ഇറാനെതിരായ ആദ്യമത്സരത്തില്‍ കെയ്നിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. സ്‌കാനിങ്ങില്‍ പരിക്ക് സാരമുള്ളതല്ലെന്ന് കണ്ടെത്തി.

യുവനിരയാണ്‌ ഇംഗ്ലണ്ടിന്റെ ഊർജം. പത്തൊമ്പതുകാരൻ ജൂഡ്‌ ബെല്ലിങ്‌ഹാം, ഇരുപത്തൊന്നുകാരൻ ബുകായോ സാക്ക, ഇരുപത്തിമൂന്നുകാരായ മാസൺ മൗണ്ടും ഡെക്ലൻ റൈസും. ഈ നാലു താരങ്ങളാണ്‌ ഇറാനെതിരെ കളി നിയന്ത്രിച്ചത്‌. എതിർവലയിൽ ഗോൾ നിറച്ചിട്ടും മുന്നേറ്റത്തിലെ പ്രധാനിയും ക്യാപ്‌റ്റനുമായി കെയ്‌ൻ മങ്ങിയതാണ്‌ ഏക പോരായ്‌മ. പരിക്കിന്റെ തളർച്ചയിൽനിന്ന്‌ ഇരുപത്തൊമ്പതുകാരന്‌ തിരിച്ചുവരാനുള്ള വേദികൂടിയാകും ഇന്നത്തെ മത്സരം. നന്നായി കളിച്ചിട്ടും വെയ്‌ൽസിനെതിരെ കുരുങ്ങി അമേരിക്ക. കളിയവസാനത്തെ പിഴവിൽ പെനൽറ്റി വഴങ്ങേണ്ടിവന്നു. വെയ്‌ൽസ്‌ നായകൻ ഗാരെത്‌ ബെയ്‌ൽ അമേരിക്കൻ മോഹം കെടുത്തി. ടൈലർ ആദംസും ക്രിസ്റ്റ്യൻ പുലിസിച്ചും തിമോത്തി വിയ്യയും ഉൾപ്പെട്ട യുവതാരങ്ങൾ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന്‌ പണിയുണ്ടാക്കും. വെയ്‌ൽസിനെതിരെ വേഗമേറിയ കളിയായിരുന്നു അമേരിക്ക പുറത്തെടുത്തത്‌.

വെയിൽസും ഇറാനും

ആദ്യ മത്സരത്തില്‍ വെയില്‍സ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയില്‍സ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാന്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി വമ്പന്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇന്ന് ജയം അനിവാര്യമാണ്.

ആതിഥേയരായ ഖത്തര്‍ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ വെല്ലുവിളികൾ മുന്നിലുണ്ട്. ആഫ്രിക്കന്‍ കരുത്തന്‍മാരായ സെനഗലാണ് എതിരാളികള്‍. നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ഇറങ്ങുമ്പോഴും കോർട്ടിൽ തീ പാറും. ഏറ്റുമുട്ടൽ കരുത്തിൽ വ്യത്യാസമില്ലാത്ത ടീമുകളാവുമ്പോൾ കളിക്കമ്പക്കാർക്ക് വിരുന്നാവും.


നോട്ട് നിരോധനം തിരിഞ്ഞു കുത്തുന്നു, തിരിച്ചടികളുമായി പി ചിദംബരം സുപ്രീം കോടതിയിൽ

റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ശുപാര്‍ശചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് കറന്‍സി നോട്ടുകള്‍ നിരോധിക്കാൻ നിയമപരമായി അധികാരമില്ലെന്ന് പി. ചിദംബരം സുപ്രീം കോടതിയിൽ. 2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന അറുപതോളം ഹര്‍ജികളിൽ അഞ്ചംഗബെഞ്ച് വാദം കേൾക്കുകയാണ്.

ബാങ്ക് നോട്ടുകള്‍ നിയന്ത്രിക്കാനുള്ള അവകാശം റിസര്‍വ് ബാങ്കിന് മാത്രമുള്ളതാണെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ ചിദംബരം കോടതി മുൻപാകെ വ്യക്തമാക്കി.

നിയമത്തെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും തീരുമാനമെടുത്ത രീതി റദ്ദാക്കണമെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന സാമ്പത്തികതീരുമാനമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമത്തിലെ 26-ാം വകുപ്പ് പ്രയോഗിച്ചാണ് നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ചില സീരീസിലുള്ള നോട്ടുകള്‍ മാത്രം പിന്‍വലിക്കാനേ സര്‍ക്കാരിന് 26(2) വകുപ്പ് പ്രകാരം അധികാരമുള്ളൂവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കുംമുമ്പ് അതിന്റെ ഭീകരമായ ആഘാതം വിലയിരുത്തിയില്ല.

ശേഷി 300 കേടി അച്ചടിക്കാൻ പിൻവലിച്ചത് 2300 കോടി

പ്രതിമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ പ്രസ്സുകള്‍ക്ക് ശേഷിയുള്ളൂ എന്നിരിക്കെ 2300 കോടി നോട്ടുകളാണ് പിന്‍വലിച്ചത്. രാജ്യത്തെ 2.15 ലക്ഷം എ.ടി.എമ്മുകള്‍ പുതിയ നോട്ടുകളെ ഉള്‍ക്കൊള്ളുംവിധം സജ്ജമാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ആലോചിച്ചില്ല. ബാങ്കുകളില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരത്തിലാണുള്ളത്. മൂന്നിലൊന്ന് മാത്രമേ ഗ്രാമങ്ങളിലുള്ളൂവെന്നതും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനജീവിതത്തെ തെല്ലും പരിഗണിക്കാതെയുള്ള തീരുമാനമായിരുന്നു നോട്ട് നിരോധനം.

കള്ളനോട്ട്, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിയന്ത്രിക്കാനാണ് നോട്ടുകള്‍ നിരോധിച്ചത് എന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ തിരിച്ചെത്തിയ 15.31 ലക്ഷം കോടി രൂപയില്‍ 43 കോടി മാത്രമായിരുന്നു കള്ളനോട്ടുകളെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദവും ചെറുക്കാനായില്ല. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നത് തടയാന്‍ പ്രത്യേക ഏജന്‍സിയുണ്ടാക്കുമെന്നാണ് ഈയിടെ ആഭ്യന്തരമന്ത്രി പറഞ്ഞത്. കള്ളനോട്ടാണ് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കാന്‍ ഉപയോഗിക്കുന്നത് എന്നതിന് തെളിവുമില്ലെന്ന് ചിദംബരം പറഞ്ഞു. അടുത്തയാഴ്ച വാദം തുടരും.

മൃഗങ്ങളെ കൊന്നാൽ അഞ്ച് വർഷം തടവ്, പുതിയ നിയമവുമായി കേന്ദ്ര സർക്കാർ

 പശുരാഷ്ട്രീയത്തിന് പുതിയ മുഖം നൽകി മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമം (1960) പുനഃപരിശോധിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി 61 ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവും ശിക്ഷ വിധിക്കാവുന്ന നിയമമാണ് ഒരുങ്ങുന്നത്.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (ഭേദഗതി) ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും.

ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും. ക്രൂരതയെ ‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് നിര്‍വചിക്കുന്നത്.

ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ വിശദമാക്കുന്നു.

തുടക്കമിട്ട് ബ്രസീൽ, കാണാതെ പോകരുത് റിച്ചാലിസൻ്റെ ബൈസിക്കിൾ കിക്ക്

വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകർത്തു. സെര്‍ബിയക്കെതിരേ ബ്രസീലിന്റെ റിച്ചാലിസണ്‍ ഇരട്ടഗോള്‍ നേടി. കിടിലൻ പ്രതിരോധവുമായാണ് സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. 61 മിനിറ്റുകള്‍ കോട്ട ഭദ്രമായിരിക്കയും ചെയ്തു. എന്നാല്‍ വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോള്‍ ആ പ്രതിരോധം തച്ചുടച്ച് ബ്രസീൽ മുന്നേറി. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി.

ഈ ലോകകപ്പിലെ മനോഹര ഗോളുകളിലേക്ക് ഒരു ക്വിക്ക്

62-ാം മിനിറ്റില്‍ റിച്ചാര്‍ലിസനാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. പന്തുമായി ബോക്‌സിലേക്ക് കയറിയ നെയ്മറുടെ മുന്നേറ്റം ഗോളിന് വഴിവെട്ടി. പന്ത് ലഭിച്ച വിനീഷ്യസിന്റെ ഷോട്ട് സെര്‍ബിയന്‍ കീപ്പര്‍ സേവ് ചെയ്തത് നേരെ റിച്ചാര്‍ലിസന്റെ മുന്നില്‍. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.

73-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീലിനായി രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു. ഇതോടെ നെയ്മര്‍ക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും റിച്ചാര്‍ലിസന് സ്വന്തമായി.

ആദ്യ പകുതിയില്‍ സെര്‍ബിയന്‍ പ്രതിരോധത്തിനു മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കുകയായിരുന്നു ബ്രസീലിയന്‍ സംഘം. റഫീന്യയും നെയ്മറും വീനീഷ്യസുമെല്ലാം ബോക്‌സിലേക്ക് നിരന്തരം പന്തെത്തിച്ചിട്ടും മികച്ച ഫിനിഷിങ് മാത്രം അകന്നുനിന്നു. ബ്രസീലിയന്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പാവ്‌ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെന്‍കോവിച്ചും മികച്ചുനിന്നു.

26-ാം മിനിറ്റില്‍ ടാഡിക്കിലൂടെ ഒരു സെര്‍ബിയന്‍ മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷിയായി. എന്നാല്‍ താരത്തിന്റെ ക്രോസ് ബോക്‌സില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസണ്‍ അത് കൃത്യമായി കൈപ്പിടിയിലൊതുക്കി.

ഇതിനിടെ 28-ാം മിനിറ്റില്‍ തിയാഗോ സില്‍വ വിനീഷ്യസിന് നല്‍കിയ നല്‍കിയ മികച്ചൊരു ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചു. എന്നാല്‍ മിലിന്‍കോവിച്ച് സാവിച്ചിന്റെ കൃത്യമായ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി.

55-ാം മിനിറ്റില്‍ ബോക്‌സില്‍ ലഭിച്ച അവസരം നെയ്മര്‍ പുറത്തേക്കടിച്ചുകളഞ്ഞു. വിനീഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ശ്രമം. പിന്നാലെ 60-ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് അലക്‌സ് സാന്‍ഡ്രോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.

കള്ളനോട്ട് നിർമ്മിച്ച് ലോട്ടറി കടകളിൽ വിതരണം, വൃദ്ധമാതാവും മകളും അറസ്റ്റിൽ

ഓൺലൈനിൽ നോക്കി പഠിച്ച് അമ്മയ്ക്ക് ഒപ്പം കള്ളനോട്ട് വിതരണം ചെയ്ത യുവതിയും വൃദ്ധ മാതാവും അറസ്റ്റിൽ. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തിയതോടെയാണ് കേസ് തുടങ്ങുന്നത്. സംശയം തോന്നിയ കടയുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കള്ള നോട്ട് കണ്ടെത്തി. ചോദ്യം ചെയ്തതോടെ വിവരങ്ങൾ പുറത്തായി.

ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇവര്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി മകള്‍ ഷീബയെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും, 200 രൂപയുടെ 7 വ്യാജ നോട്ടുകളും, 100 രൂപയുടെ 4 വ്യാജ നോട്ടുകളും, 10 രൂപയുടെ 8 വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും , പ്രിന്ററും, സ്‌കാനറും പോലീസ് കണ്ടെടുത്തു.

യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഗിളില്‍ നിന്നുമാണ് വ്യാജ കറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് വ്യക്തമായി. വ്യാജ കറന്‍സി ഉണ്ടാക്കിതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു

അഞ്ച് ലോകകപ്പിലും ഗോൾ; ചരിത്രമായ് റൊണാൾഡോ

ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യത്തെ പുരുഷ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിൽ പെനാല്‍റ്റിയില്‍ നിന്നാണ് ഗോൾ നേടിയത്.

2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഗാനയ്ക്ക് എതിരെ നേടിയ ഗോൾ ചരിത്രത്തിലേക്കുള്ള വഴിയായി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ലോകകപ്പില്‍ 18 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളായി താരത്തിൻ്റെ സമ്പാദ്യം. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.

കളികൾ എല്ലാം ചരിത്രം

2006ൽ ജർമനിയിൽ അരങ്ങേറിയ ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി. 21 വയസ്സും 132 ദിവസവുമായിരുന്നു അന്നത്തെ പ്രായം. ലൂയിസ് ഫിഗോയുടെ നായകത്വത്തിൽ 17ാം നമ്പർ ജഴ്സിയണിഞ്ഞായിരുന്നു അന്ന് കളത്തിലിറങ്ങിയത്.

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്യാപ്റ്റൻ ക്യാപണിഞ്ഞ് ഏഴാം നമ്പറിൽ ഇറങ്ങിയ റോണോ വടക്കൻ കൊറിയക്കെതിരെ മടക്കമില്ലാത്ത ഏഴ് ഗോളിന് ജയിച്ച കളിയിലാണ് വലകുലുക്കിയത്. 2014ൽ ബ്രസീലിൽ അരങ്ങേറിയ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഘാനക്കെതിരെയായിരുന്നു ഗോൾ.

2018ലെ റഷ്യൻ ലോകകപ്പിൽ സ്‍പെയിനിനെതിരെ ഹാട്രിക് നേടിയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. പിന്നീട് മൊറോക്കൊക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ വല കുലുക്കി.

ഡൽഹി ജുമാമസ്ജിദിൽ സ്ത്രീകൾ തനിച്ചെത്തുന്നത് വിലക്കിയ നടപടി പിൻവലിച്ചു, ടിക് ടോക് സന്ദർശനങ്ങൾ നിയന്ത്രിക്കാനെന്ന് ഇമാം

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പ്രവേശന വിലക്ക് നീക്കിയത്.
പരാതിയിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.

ഏതാനും ദിവസം മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കി ബോർഡ് സ്ഥാപിച്ചത്. സ്ത്രീകൾക്ക് എതിരായ വിലക്ക് അല്ല മറിച്ച് ചിത്രമെടുക്കാനും കൂടിച്ചേരലിനുള്ള വേദിയാക്കാനുമുള്ള ശ്രമമാണ് തടഞ്ഞത് എന്നാണ് വിശദീകരണം.

പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും പരാതിയെ തുടർന്ന് നിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ്റെ വിശദീകരണം.

ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനായിരുന്നു നടപടി എന്നാണ് ഔദ്ധ്യോകി വിശദീകരണം. ആൺകുട്ടികളെ കാണാനെത്തുന്ന പെൺകുട്ടികളുടെ മീറ്റിംഗ് പോയിന്റായി പള്ളി പരിസരം മാറിയെന്നായിരുന്നു സബിയുള്ള ഖാന്റെ പരാതി. എന്നാൽ ബോർഡ് ഒറ്റയ്ക്ക് എത്തുന്ന വനിതകളെ വിലക്കുന്നു എന്ന നിലയ്ക്കായിരുന്നു.

സാധാരണ നിലയിൽ വനിതകൾക്ക് ഇവിടെ പ്രവേശന വിലക്കില്ല. സന്ധ്യാ നമസ്ക്കാരം കഴിഞ്ഞാൽ നിയന്ത്രണം ഏർപ്പെടുത്താറാണ് പതിവ്. ജാതിമത ഭേദമില്ലാതെ തന്നെ എല്ലാവർക്കും പ്രവേശനമുള്ള മസ്ജിദാണ്. എന്നാൽ ഒറ്റയ്ക്കുള്ള സ്ത്രീകൾക്ക് നിയന്ത്രണം എന്ന ബോർഡ് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.

ഗോളടിച്ചിട്ടും എംബോളോ എന്തേ ഒന്നും ഉരിയാടാതെ നിന്നത് ; ആവേശമല്ല ഓടിയടുത്തത് ചരിത്രം

ഗോളടിച്ചിട്ടും ആ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പിറകെ പോകാതെ ബ്രീല്‍ എംബോളോ എന്ന 25 കാരന്‍ പയ്യൻ നിസ്സംഗനായിരുന്നു. ഷാക്കിരിയുടെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബോളോ ഗോളാക്കി മാറ്റി. ടീം അംഗങ്ങള്‍ എംബോളോയുടെ നേർക്ക് ഓടിയടുത്തപ്പോഴും അവൻ ഉള്ളിൽ വിങ്ങുകയായിരുന്നു. അതിനൊരു ചരിത്രമുണ്ട്. വേദനയുടെയും പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും ചരിത്രം.

കാമറൂണ്‍ ആധിപത്യം നേടിയ മത്സരത്തിലായിരുന്നു സ്വിസ് ടീമിന്റെ ജയം. ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനും സ്വിറ്റ്‌സര്‍ലന്‍ഡിനായി. കാമറൂണ്‍ താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളടിച്ചത്. 48-ാം മിനിറ്റില്‍ എംബോളോ എന്നുറക്കെ വിളിച്ചു സ്‌റ്റേഡിയമൊന്നടങ്കം ആവേശത്തിമിര്‍പ്പിലേക്കുയര്‍ന്നു. ചുവപ്പും വെളുപ്പും നിറമുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ കൊടികള്‍ സ്റ്റേഡിയമൊന്നടങ്കം പാറിക്കളിച്ചു. അപ്പോഴും സ്വിസ് താരം എംബോള ആവേശം തുളുമ്പാതെ നിന്നു. അവൻ്റെ ഷോട്ട് കൃത്യമായിരുന്നിട്ടും……. 

എംബോളോയ്ക്ക് ജന്മം നല്‍കിയ നാടാണ് കാമറൂണ്‍

1997 ഫെബ്രുവരി 14ന് കാമറൂണിന്റെ തലസ്ഥാനമായ യോണ്‍ഡെയിലാണ് എംബോളോയുടെ ജനനം. എംബോളോയുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. എംബോളോ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഉന്നത പഠനത്തിനായി അമ്മ ഫ്രാന്‍സിലേക്ക് യാത്രയായി. അവിടെ വെച്ച് എംബോളോയുടെ അമ്മ ഒരു സ്വിറ്റ് സ്വദേശിയുമായി പ്രണയത്തിലായി. ഇതോടെ എംബോളോയും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് എത്തി. 2014 ഡിസംബര്‍ 12 ന് എംബോളോയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം ലഭിച്ചു.

ചെറുപ്പംതൊട്ട് ഫുട്‌ബോളിനെ പ്രണയിച്ച എംബോളോ സ്വിറ്റ് ടീമായ എഫ് സി ബാസലിലൂടെ പ്രഫഷണല്‍ ഫുട്‌ബോളിന് തുടക്കമിട്ടു. പിന്നാലെ ബുണ്ടസ് ലീഗയിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ഷാല്‍ക്കെയിലേക്ക് ചേക്കേറി. അവിടെ നിന്ന് 2019-ല്‍ ബൊറൂസ്സിയ മോണ്‍ചെന്‍ക്ലാഡ്ബാക്കിലും കളിച്ചു. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണോക്കോയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. മോണോക്കോയ്ക്ക് വേണ്ടി ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ അടിക്കുകയും ചെയ്തു.

സ്വിറ്റ്‌സര്‍ലന്‍ഡ് അണ്ടര്‍ 16, 20, 21 ടീമുകളില്‍ കളിച്ച എംബോളോ 2015 മുതല്‍ ദേശീയ സീനിയര്‍ ടീമിലംഗമാണ്. ഇതുവരെ ടീമിനായി 61 തവണ കുപ്പായമണിഞ്ഞ എംബോളോ 12 ഗോളുകള്‍ അടിക്കുകയും ചെയ്തു. മികച്ച ഫോമില്‍ കളിക്കുന്ന എംബോളോ തന്നെയാണ് സ്വിസ് മുന്നേറ്റനിരയുടെ തുറുപ്പുചീട്ട്.