വിവാഹ ബന്ധത്തിൽ നിന്നും പിൻമാറി എന്നതിനാൽ ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമാവില്ല- ഹൈക്കോടതി

0

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനു ശേഷം വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന്‍റെ പേരില്‍ ബലാത്സംഗക്കുറ്റം ആരോപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പുനലൂര്‍ സ്വദേശിക്കെതിരായി ബലാത്സംഗക്കുറ്റം ചുമത്തിയ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധപ്പെടാലായിരിക്കെ പിന്നീട് ബലാത്സംഗക്കുറ്റം ചുമത്തിയാല്‍ അത് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പുനലൂര്‍ സ്വദേശിക്കെതിരായ കേസിലാണ് വിധി. വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നും പിന്നീട് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറി എന്നുമായിരുന്നു പരാതി. ഇയാളുടേത് ബലാത്സംഗക്കുറ്റമായി പരിഗണിക്കപ്പെടണമെന്നും പരാതിക്കാരി ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേസില്‍ ആരോപിച്ചിട്ടുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പരാതിക്കാരിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. വിവാഹിതയായിരുന്ന പരാതിക്കാരി വിവാഹമോചനത്തിന് ഹര്‍ജി നല്‍കി കാത്തിരിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പരാതിക്കാരി ആരോപിക്കുന്ന ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

വിവാഹവാഗ്ദാനം നല്‍കിയ ശേഷം അതില്‍നിന്ന് പിന്മാറിയതിന്‍റെ പേരില്‍ വഞ്ചനാകുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് പുനലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പൂര്‍ണമായും റദ്ദാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് വിധി പ്രസ്താവിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമിക്കാൻ ആർക്കായിരുന്നു തിടുക്കം- ചോദ്യങ്ങളുമായി ഭരണഘടനാ ബഞ്ച്

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിചാരണയിൽ ആശങ്കയോടെ ചോദ്യങ്ങളുമായി സുപ്രീം കോടതി. ഫയല്‍ നീങ്ങിയത് മിന്നല്‍ വേഗത്തിലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചി് നിരീക്ഷിച്ചു. എന്തിനാണ് ഈ തിടുക്കം കാട്ടിയതെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആരായുകയും ചെയ്തു.

നിയമനവുമായി ബന്ധപ്പെട്ട വിചാരണ ഒഴിവാക്കണമെന്ന ആവശ്യം മാത്രമായിരുന്നു അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

തിടുക്കത്തിന് പിന്നിൽ എന്താണ്

മേയ് 15 മുതല്‍ ഒഴിഞ്ഞു കിടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്കാണ് നവംബര്‍ 18-ന് നിയമനം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ പതിനെട്ടിനാണ് നിയമനവും ആയി ബന്ധപ്പെട്ട ഫയല്‍ തയ്യാറാക്കിയത്. അന്ന് തന്നെ അരുണ്‍ ഗോയലിന്റെ പേര് പ്രധാനമന്ത്രി തിടുക്കപ്പെട്ട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ തിടുക്കം എന്തിനായിരുന്നുവെന്ന് കോടതി ചോദിച്ചു. അരുണ്‍ ഗോയലിന്റെ യോഗ്യത തങ്ങള്‍ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ നിയമന രീതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഭരണഘടന ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയ ഫയല്‍ പരിശോധിച്ച ശേഷമാണ് ഭരണഘടന ബെഞ്ച് ഫയല്‍ മിന്നല്‍ വേഗത്തലാണ് നീങ്ങിയത് എന്ന് അഭിപ്രായപ്പെട്ടത്.

അപേക്ഷ നല്‍കിയ ദിവസംതന്നെ ക്ലിയറന്‍സും, നിയമനവും നല്‍കിയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അജയ് രസ്‌തോഗി അഭിപ്രായപ്പെട്ടു.

.

നിയമനത്തിനായി നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ പാനല്‍ കേന്ദ്രനിയമ മന്ത്രി തയ്യാറാക്കിയെന്നും ഇതില്‍ നിന്നാണ് അരുണ്‍ ഗോയലിനെ തെരെഞ്ഞെടുത്തതെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എന്നാല്‍ പാനലിലേക്ക് എങ്ങനെയാണ് നാല് പേരെ തെരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു. പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അരുണ്‍ ഗോയല്‍ എന്നും ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിനാല്‍ ആണ് അരുണ്‍ ഗോയലിനെ നിയമിച്ചത് എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കിയത്

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ നടന്ന വാദം കേള്‍ക്കല്‍ അവസാനിച്ചു. ഹര്‍ജികള്‍ വിധി പറയാനായി ഭരണഘടന ബെഞ്ച് മാറ്റി.

ഗുജറാത്തിന് പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് തയാറെടുപ്പുകൾ തുടരുകയാണ്. ലോക് സഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു ഉദ്യോഗസ്ഥനെ വളണ്ടറി റിട്ടയർമെൻ്റ് എടുപ്പിച്ച് ഈ പദവിയിൽ എത്തിക്കുന്നതാണ് ഹരജിയിൽ ചോദ്യം ചെയ്തിരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കക്ഷി രാഷ്ട്രീയ വിമുക്തമാക്കണം എന്നായിരുന്നു ആവശ്യം.

108 എം പി ക്യാമറയുമായ് റിയൽമി 10 പ്രോ എത്തുന്നു

0

റിയൽമി 10 പ്രോ സീരിസ് വിപണിയിലേക്ക്. ഡിസംബർ എട്ടിന് വിൽപന ആരംഭിക്കുമെന്ന് ട്വിറ്ററിലൂടെ റിയൽമി അറിയിച്ചു. ഫുൾ എച്ച് ഡിയിൽ അരികിലേക്ക് വളഞ്ഞ ഡിസ്പ്ലേയുമായി പുതിയ ലുക്കിലാണ് വരവ്

റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നീ ഇനങ്ങളാണ് ഫൈവ് ജിയിൽ എത്തുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്. 5000 എം.എ.എച്ച് ബാറ്ററിയോടെയാണ് ഫോണുകൾ എത്തുന്നത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ്ങും പ്രത്യേകതയാണ്.

റിയൽമി 10 പ്രോ 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം ഇന്ത്യൻ രൂപ 18,300 ആണ്. റിയൽമി 10 പ്രോ പ്ലസ് 5ജിയുടെ 8ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 19,400 രൂപയുമാണ്. രണ്ടുമോഡലുകൾക്കും 6.7 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്.

108 എം.പി പ്രെെമറി സെൻസറും രണ്ട് എം.പി സെക്കൻഡറി ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാകും റിയൽമി 10 പ്രോ 5ജിയിൽ ഉണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായാകും റിയൽമി 10 പ്രോ പ്ലസ് 5ജി എത്തുന്നത്. 108 എം.പി പ്രെെമറി സെൻസറും എട്ട് എം.പി അൾട്രാ വെെ‍ഡ് ആങ്കിൾ ഷൂട്ടറും രണ്ട് എം.പി മോണോക്രോം ലെൻസും ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. രണ്ടുഫോണുകളും 16 എം.പി സെൽഫി ക്യാമറയുമായാണ് എത്തുന്നത്.

വെളിച്ചെണ്ണ ശുദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ്, തേങ്ങ വിലയും മേലോട്ട്

0

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു.

വെളിച്ചെണ്ണയുടെ മണം ചേർത്ത എണ്ണകൾ

വെളിച്ചെണ്ണയുടെ മണം ചേർത്ത എണ്ണകൾ വിപണിയിൽ വ്യപകമായി തുടരുകയായിരുന്നു. പ്രതസന്ധിയിലായ മില്ലുകളെ സമീപിച്ച് ലാഭം വർധിപ്പിക്കാൻ ക്രിത്രിമ എണ്ണ വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു. കൃത്യമായ പരിശോധനയും അന്വേഷണവും ഇല്ലാത്തതിനാൽ ഇത്തരം സംഘങ്ങളുടെ സ്വാധീനം വ്യാപകമായിരുന്നു. നിശ്ചിത ശതമാനം മാത്രം വെളിച്ചെണ്ണ ചേർത്ത് വിപണിയിൽ എത്തിക്കുന്ന തന്ത്രവും ഇത്തരം സംഘങ്ങൾ പഠിപ്പിക്കുന്നു.

വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് മാത്രമെ അനുവാദം നല്‍കിയിട്ടുളളു. ബ്രാന്‍ഡ് രജിസ്ട്രഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.

സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു, അസ്വാഭാവികതയില്ലെന്ന് പൊലീസ്

0

കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍.

സതീഷ് ബാബുവും ഭാര്യയുമായിരുന്നു മാതൃഭൂമി റോഡിന് സമീപമുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു വീട്ടില്‍ തനിച്ചായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം ഇദ്ദേഹത്തെ പുറത്ത് കണ്ടിട്ടില്ലെന്നാണ് അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഫ്‌ലാറ്റിന് മുന്നിലിട്ട പത്രം എടുത്തിട്ടില്ല. മരണം ഇന്നലെ രാത്രി സംഭവിച്ചുവെന്നാണ് നിഗമനം. രാവിലെ മുതല്‍ ഇദ്ദേഹത്തെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഫ്‌ലാറ്റിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോളാണ് സതീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. പുറത്തുനിന്ന് അതിക്രമിച്ച് കടന്നതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു.
ആറുമണിക്കുള്ളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.

ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു.

തലശ്ശേരിയിൽ രണ്ടു പേരെ വെട്ടി കൊലപ്പെടുത്തിയ ലഹരി സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ

തലശ്ശേരിയില്‍ രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയില്‍നിന്ന് പിടിയിലായത്. മയക്കുമരുന്ന് മാഫിയ സംഘത്തിലെ ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി.

ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് നല്‍കുന്നവിവരം. കേസില്‍ പാറായി ബാബു അടക്കം നാല് പ്രതികളാണുള്ളത്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു തലശ്ശേരിയെ നടുക്കിയ കൊലപാതകം. സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദ്(52) പൂവനയില്‍ ഷമീര്‍(40) എന്നിവരെയാണ് തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊന്നത്. ലഹരിമാഫിയ സംഘത്തെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്.

ലഹരിവില്‍പ്പന ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷിബിലിനെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരാള്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഷിബിലിനെ ആശുപത്രിയില്‍ എത്തിച്ചതറിഞ്ഞത് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാളും ഇവിടെയെത്തി. തുടര്‍ന്ന് പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഖാലിദ് അടക്കമുള്ളവരെ ആശുപത്രിക്ക് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് സംസാരിക്കുന്നതിനിടെയാണ് ലഹരിസംഘം വാഹനത്തില്‍ കരുതിയിരുന്ന കത്തിയുമായി ആക്രമണം നടത്തിയത്.

ഖാലിദിന്റെ കഴുത്തിനാണ് ആദ്യം വെട്ടേറ്റത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ഷമീറിനെയും സുഹൃത്തായ ഷാനിബിനെയും അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍വെച്ചാണ് ഷമീര്‍ മരിച്ചത്. പരിക്കേറ്റ ഷാനിബ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും, കളി കാര്യമാവുമോ ?

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ആദ്യ ദിനങ്ങളിലെ അട്ടിമറി ആശ്ചര്യങ്ങൾ ഇനിയും തുടരുമോ എന്ന അങ്കലാപ്പിനിടയിലും കളിയിലെ മികവ് ആത്മവിശ്വാസമായുണ്ട്. എങ്കിലും ഒരു ടീമിനും അത്ര എളുപ്പമല്ല കാര്യങ്ങൾ

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും. ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും.

അൽ ജനോബ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്സർലൻഡ് – കാമറൂൺ മത്സരം. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് ഉറുഗ്വെ ദക്ഷിണകൊറിയയെ നേരിടുക.

പുതുമുഖങ്ങൾ പുതിയ ആത്മവിശ്വാസം

ഫിഫ റാങ്കിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമീനോയുടെ അഭാവം ഒഴിച്ചാൽ ബ്രസീൽ നിര സുശക്തമാണ്. സ്ക്വാഡിൽ 16 പേർക്കും ആദ്യ ലോകകപ്പാണ് ഇത്. കഴിഞ്ഞ 15 മത്സരങ്ങളായി തോൽവി അറിയാത്ത ബ്രസീൽ 2021 കോപ്പ ഫൈനലിൽ അർജൻ്റീനയ്ക്കെതിരെയാണ് അവസാനമായി പരാജയപ്പെട്ടത്. 2018 ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരായ പരാജയത്തിനു ശേഷം കളിച്ച 50 മത്സരങ്ങളിൽ 37 എണ്ണവും ബ്രസീൽ വിജയിച്ചു. നെയ്‌മർ, അലിസൺ, കാസമിറോ, വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങി എണ്ണിയെടുക്കാവുന്ന മികച്ച താരങ്ങൾ.

പോർച്ചുഗലിനെ പിടിച്ച സെർബിയ

അതേസമയം, സെർബിയ നിസാരക്കാരല്ല. യോഗ്യതാ റൗണ്ടിൽ സാക്ഷാൽ പോർച്ചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് സെർബിയ ലോകകപ്പ് യോഗ്യത നേടിയത്. യുവേഫ നേഷൻസ് ലീഗിലും സെർബിയ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതാണ്. അലക്സാണ്ടർ മിത്രോവിച്, ഡുസാൻ വ്ലാഹോവിച് ആക്രമണ ദ്വയവും നിക്കോള മിലങ്കോവിച്, ഡൂസൻ ടാഡിച് തുടങ്ങിയ താരങ്ങളും സെർബിയൻ നിരയിൽ നിർണായകമാവും.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പ്രശ്നങ്ങൾക്കിടെയാണ് ഫ്രീ ഏജൻ്റായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോർച്ചുഗൽ കാഴ്ചവെക്കുന്ന ഫുട്ബോൾ ഏറെ മികച്ചതാണ്. ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ഡാലോട്, ബെർണാഡോ സിൽവ, റൂബൻ ഡിയസ് തുടങ്ങി മികച്ച താരങ്ങളും അവർക്കുണ്ട്. വിവാദങ്ങൾക്കിടെ ജയത്തോടെ തുടങ്ങുകയാവും പോർച്ചുഗലിൻ്റെ ലക്ഷ്യം.

ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ടീമാണ് ഘാന. സമീപകാലത്തായി മോശം ഫോമിലുള്ള ഘാന ജോർഡ അയൂ, തോമസ് പാർട്ലേ, ഇനാകി വില്ല്യംസ് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ വെക്കുന്നത്.

ഇറ്റലിയെ തള്ളിയ സ്വിസ് വീര്യം

തുടർച്ചയായ നാലാം ലോകകപ്പ് ക്യാമ്പയിനെത്തുന്ന സ്വിറ്റ്സർലൻഡ് ഇറ്റലിയെ പിന്തള്ളിയാണ് യോഗ്യതാ ഘട്ടം കടന്നത്. നേഷൻസ് ലീഗിലെ ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും മൂന്ന് തുടർജയങ്ങളാണ് അവസാനമായി സ്വിസ് പട അവിടെ നേടിയത്. സൂപ്പർ ഗോളി യാൻ സോമ്മർ, സർദാൻ ഷക്കീരി, ബ്രീൽ എംബോളോ, മാനുവൽ അകഞ്ജി തുടങ്ങിയവരിലാണ് സ്വിറ്റ്സർലൻഡിൻ്റെ പ്രതീക്ഷ.

സമീപകാലത്ത് പല്ലുകൊഴിഞ്ഞെങ്കിലും കാമറൂൺ സ്വിറ്റ്സർലൻഡിന് വെല്ലുവിളി ഉയർത്തിയേക്കും. ആന്ദ്രേ ഫ്രാങ്ക് അംഗീസ, ആന്ദ്രേ ഒനാന, ബ്രയാൻ എംബ്യൂമോ, ചൗപോ മോടിങ്ങ് തുടങ്ങിയവരാണ് കാമറൂണിൻ്റെ ശ്രദ്ധേയ താരങ്ങൾ. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ വെറും ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചത്.

ചരിത്രത്തിൽ നിന്നും ഉറുഗ്വേ

അവസാന ഏഴ് ലോകകപ്പുകളിൽ ഉറുഗ്വെ തങ്ങളുടെ ആദ്യ കളി ജയിച്ചത് വെറും ഒരു തവണയാണ്. ഈ പതിവ് മാറ്റുകയാവും അവരുടെ ലക്ഷ്യം. ലൂയിസ് സുവാരസ്, ഡാർവിൻ ന്യൂനസ്, റൊണാൾഡ് അറൗഹോ, എഡിസൺ കവാനി തുടങ്ങിയ താരങ്ങളാണ് ഉറുഗ്വെ നിരയിൽ ശ്രദ്ധേയം. ഓസ്കാർ തബാരസിനു പകരം പരിശീലകനായെത്തിയ ഡിയേഗോ അലോൻസോയുടെ കീഴിൽ മികച്ച പ്രകടനങ്ങളാണ് ഉറുഗ്വെ നടത്തുന്നത്.

സ്റ്റാർ പ്ലയർ സോൺ ഹ്യൂങ്ങ് മിന്നിൻ്റെ പരുക്കാണ് കൊറിയയുടെ തിരിച്ചടി. സോൺ കളിച്ചില്ലെങ്കിൽ കൊറിയയുടെ സ്ഥിതി ഏറെ പരുങ്ങലിലാവും. ഹ്വാങ്ങ് ഉയ്ജോ, കും മിഞ്ജായ് തുടങ്ങിയ താരങ്ങളാണ് കൊറിയൻ നിരയിലുള്ളത്.

അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി കൊണ്ടു വന്നത് സ്വയം വിരമിക്കാൻ അവസരം നൽകിയ ശേഷം

തെരഞ്ഞെടുപ്പ് കമീഷണറായി അരുൺ ഗോയലിനെ നിയമിച്ചതിന്റെ ഫയൽ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമീഷണർ നിയമനം സുതാര്യമാക്കണമെന്ന ഹർജിയിലാണ്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ശ്രദ്ധേയ ഇടപെടൽ.

സ്വയം വിരമിക്കാൻ അവസരം നൽകി, കമീഷണർ സ്ഥാനത്ത് കൊണ്ടു വന്നു..

നവംബർ ഇരുപത്തൊന്നിനാണ്‌ അരുൺ ഗോയൽ ചുമതലയേറ്റത്‌. തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഭരണഘടനാബെഞ്ച്‌ പരിഗണിക്കവെയാണ് കേന്ദ്രം അരുൺഗോയലിനെ നിയമിച്ചത്. ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായ അരുൺ ഗോയലിനെ സർവീസിൽനിന്നും സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമീഷണറായി പ്രതിഷ്‌ഠിക്കുകയായിരുന്നെന്ന്‌ ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത്‌ഭൂഷൺ ചൂണ്ടിക്കാട്ടി. സ്വയംവിരമിച്ച അരുൺ ഗോയലിനെ തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പുകമീഷണറായി നിയമിക്കുകയായിരുന്നു.

സാധാരണഗതിയിൽ വിരമിച്ച ഉദ്യോഗസ്ഥരെയാണ്‌ കമീഷണറായി നിയമിക്കാറുള്ളതെന്നും -അദ്ദേഹം പറഞ്ഞു. തുടർന്നാണ്‌ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട്‌ കോടതി നിർദേശിച്ചത്. നിയമനം ഒഴിവാക്കുന്നതായിരുന്നു ഉചിതമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അധികാരത്തിലുള്ള സർക്കാരുകൾ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർമാരെ കളിപ്പാവകളാക്കുന്നതായി സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.  തെരഞ്ഞെടുപ്പ്‌ കമീഷണർമാരുടെ നിയമനവിഷയം സ്വതന്ത്രവും നിഷ്‌പക്ഷവുമായ സമിതിക്ക്‌ വിടണമെന്നത്‌ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയാണ്‌ ഭരണഘടനാബെഞ്ച്‌ പരിഗണിക്കുന്നത്‌.

ഹർജിയിലെ പ്രധാന ആവശ്യങ്ങളോട്‌ യോജിക്കുന്ന നിരീക്ഷണങ്ങളാണ്‌ കഴിഞ്ഞദിവസം കോടതിയില്‍നിന്ന് ഉണ്ടായത്. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ വ്യക്തിത്വമുള്ള സമ്മർദ്ദങ്ങൾക്ക്‌ കീഴടങ്ങാത്ത ആളാകണം. അങ്ങനെയുള്ള ഒരു വ്യക്തിയെ ആര്‌ നിയമിക്കുമെന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയുണ്ട്‌. ബാഹ്യ ഇടപെടലുകൾ പരമാവധി ഒഴിവാക്കാൻ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസുകൂടി അംഗമായ സമിതി രൂപീകരിക്കുന്നതാണ്‌ ഉചിതമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം വാക്കാൽ നിരീക്ഷിച്ചിച്ചിരുന്നു.

വ്യാഴാഴ്‌ച ഹർജി വീണ്ടും പരിഗണിക്കും.

തിരഞ്ഞെടുപ്പിന് മുൻപ് തിരക്കിട്ട് നിയമനം

മൂന്നു ദിവസം മൻപാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ നവംബർ 18ന് സ്വയം വിരമിക്കയായിരുന്നു.

കമ്മീഷണർ പദവിയിൽ ഇദ്ദേഹത്തിന് 2027 ഡിസംബർ വരെ കലാവധി ലഭിക്കുമായിരുന്നു. 2025 ഫെബ്രുവരിയിൽ രാജീവ് കുമാർ സ്ഥാനമൊഴിയുന്നതോടെ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി മാറുകയും ചെയ്യുമായിരുന്നു.

ഈ വർഷം മേയിൽ സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിൽ രാജീവ്കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലിൽ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആറു വർഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കാലാവധി.

ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ ഗുജറാത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ നിയമനം. നാഗാലാൻഡ്, മേഘാലയ, ത്രിപുര, കർണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

‘എൻ്റെ ഉസ്താദിനൊരു വീട്’ മഹല്ലുകൾ വഴി കോടികളുടെ തട്ടിപ്പ്

‘എന്റെ ഉസ്താദിനൊരു വീട് ‘ എന്ന പേരില്‍ സൗജന്യ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് കോടികളുടെ അനധികൃത പണമിടപാട് നടത്തിയ കേസില്‍ നാലുപേരെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകർ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍ (31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്. മതത്തിൻ്റെ പേരും മറയും ഉപയോഗിച്ച് മഹല്ലുകളെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് ആസുത്രണം ചെയ്തത്.

കാശുപിരിച്ചതിൽ ദുരൂഹത, പൊലീസ് എത്തിയതോടെ ഓടി

ട്രസ്റ്റിന്റെപേരില്‍ മഞ്ചേരി മുട്ടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒട്ടേറെപ്പേര്‍ പണവുമായി എത്തുന്നുണ്ടെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസ് വളഞ്ഞാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് 58.5 ലക്ഷം രൂപ, ആറ് മൊബൈല്‍ ഫോണുകള്‍, നോട്ടെണ്ണല്‍ യന്ത്രം, റസീറ്റ് ബുക്കുകള്‍, കരാര്‍ രേഖകള്‍ എന്നിവയും രണ്ടാംപ്രതി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്ന് 30,70,000 രൂപയും പിടിച്ചെടുത്തു.

മദ്രസ അധ്യാപകരില്‍നിന്നടക്കം നിക്ഷേപം സ്വീകരിച്ചിരുന്നു. പരാതിയുമായി ആരും രംഗത്തുവരാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരേ ‘ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം’ (ബഡ്സ്) നിയമപ്രകാരം പോലീസ് കേസെടുത്തു. ട്രസ്റ്റിന്റെ ഓഫീസ് പോലീസ് പൂട്ടി.

പിരിച്ചത് കോടികൾ, നിർമ്മിച്ചത് ഏതാനും വീടുകൾ

സ്വന്തമായി മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിയുള്ള നിര്‍ധനരായ ആയിരം മത അധ്യാപകര്‍ക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് സൗജന്യമായി നിര്‍മിച്ചുനല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷമായിട്ടും ഏതാനും വീടുകള്‍ മാത്രമാണ് നിര്‍മിച്ചുനല്‍കിയത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ മറ്റു പ്രതികളുണ്ടോയെന്ന കാര്യവും പരിശോധിക്കും.

പണം പിരിക്കാൻ കമ്മീഷൻ ഏജൻ്റുമാർ വീടുകൾ തോറും


കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷഫീഖാണ് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍. ഇതിനായി ഒരോ ഉസ്താദുമാരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി അംഗങ്ങളാക്കി. ഇവര്‍ക്കായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു പദ്ധതി വിശദീകരിച്ചു. ആയിരംമുതല്‍ നൂറുരൂപവരെയുള്ള കൂപ്പണുകള്‍ നല്‍കി ഇവരെ പണപ്പിരിവിനായി നിയോഗിച്ചു. രാഷ്ട്രീയ-മത രംഗത്തുള്ള പ്രമുഖരെ കൂട്ടുപിടിച്ച് മഹല്ല് അടിസ്ഥാനത്തില്‍ കമ്മിറ്റികളുണ്ടാക്കിയും പണം സ്വരൂപിച്ചു. മാധ്യമങ്ങള്‍ വഴിയും പ്രചാരണം നല്‍കി. നൂറ് കോടി രൂപ പിരിച്ചെടുക്കലായിരുന്നു ലക്ഷ്യം.

എന്നാല്‍ പിരിച്ചെടുത്ത തുകകൊണ്ട് ഏതാനും വീടുകള്‍ മാത്രമാണ് ഇവര്‍ നിര്‍മിച്ചുനല്‍കിയത്. വീട് ലഭിക്കാത്ത ഉസ്താദുമാര്‍ പരാതിയുമായെത്തിയതോടെ അവരില്‍ പലര്‍ക്കും ആദ്യംനല്‍കിയ അയ്യായിരം രൂപ തിരിച്ചുനല്‍കി. അപ്പോഴേക്കും കോടികൾ പിരിച്ചെടുത്തു.

രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ പത്തുലക്ഷം

സൗജന്യ ഭവനപദ്ധതി വെളിപ്പെട്ടതോടെ രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ നാലുമാസംകൊണ്ട് പത്തുലക്ഷം തിരിച്ചുതരാമെന്ന വാഗ്ദാനം നൽകി. പണം വേണ്ടാത്തവര്‍ക്ക് പത്തുലക്ഷത്തിന്റെ വീട് നിര്‍മിച്ചുനല്‍കുമെന്നും വിശ്വസിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പുവഴിയാണ് ഈ പദ്ധതി പ്രചരിപ്പിച്ചത്. ഇതറിഞ്ഞ് വിവിധ ജില്ലകളില്‍നിന്നുള്ള ഒട്ടേറെ പേരാണ് മഞ്ചേരി മുട്ടിപ്പാലത്തെ ട്രസ്റ്റ് ഓഫീസിലെത്തിയത്. രണ്ടുലക്ഷം നല്‍കിയാല്‍ നാലുമാസത്തിനകം എങ്ങനെ പത്തുലക്ഷം നല്‍കാന്‍കഴിയുമെന്ന് സംശയമുന്നയിച്ചവരോട് ഷെയര്‍മാര്‍ക്കറ്റില്‍നിന്നും വിവിധ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് വഴിയും നല്‍കാന്‍ കഴിയുമെന്നാണ് പ്രതികള്‍ പറഞ്ഞത്.

ജനപ്രതിനിധികളുടെ പേരും പടവും മറയാക്കി

നേരത്തെ നിര്‍മിച്ചുനല്‍കിയ ഏതാനും വീടുകളുടെ താക്കോല്‍ദാനത്തിന് പങ്കെടുത്ത ജനപ്രതിനിധികളുടെ ഫോട്ടോവെച്ച െഫ്‌ലക്‌സ് ഓഫീസിന് മുന്‍പില്‍ തൂക്കിയാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. പ്രധാന പ്രതികള്‍ പിടിയിലായതിനാല്‍ വരുംദിവസങ്ങളില്‍ പണംനല്‍കിയവര്‍ പരാതിയുമായെത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളുടെ അറസ്റ്റോടെ വന്‍ തട്ടിപ്പുപദ്ധതിയാണ് പൊളിഞ്ഞതെന്ന് മഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരി പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഷഫീഖാണ് മുഖ്യസൂത്രധാരന്‍. ഇയാളാണ് ഉസ്താദുമാര്‍ക്കുള്ള സൗജന്യ ഭവനപദ്ധതിയെക്കുറിച്ച് വിശദീകരണ ക്ലാസുകള്‍ നയിക്കുന്നത്. മൂന്നുദിവസം മുന്‍പാണ് ഇവര്‍ ലക്ഷങ്ങളുടെ നിക്ഷേപപദ്ധതി തുടങ്ങിയത്. ഇതിനകം 39 പേരില്‍നിന്നായി ഒന്നരക്കോടിയോളം രൂപ കൈക്കലാക്കി. പോലീസിന്റെ സമയോജിത ഇടപെടലാണ് കൂടുതല്‍പേര്‍ തട്ടിപ്പിരിയാകുന്നത് തടയാനായത്. പോലീസ് റെയ്ഡ് നടക്കുമ്പോഴും പണവുമായി വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രഹസ്യ നീരീക്ഷണത്തിനെത്തിയപ്പോള്‍ ട്രസ്റ്റ് ഓഫീസ് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.

വാതിലില്‍ മുട്ടിയപ്പോള്‍ ഒരാള്‍വന്നു കതക് തുറന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ സാഹസികമായി അകത്തുകയറി വാതിലടച്ചു. ഇതിനിടയില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കൂടുതല്‍ പോലീസെത്തിയാണ് മറ്റു നാലുപേരെ പിടികൂടിയത്. ഈ സമയം നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് അടുക്കിവെച്ച് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു പ്രതികള്‍.

അധ്യാപിക ജീവനൊടുക്കിയ കേസിൽ പയ്യോളി സ്വദേശിയായ സഹഅധ്യപകൻ അറസ്റ്റിൽ

വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എടക്കാപറമ്പ് ശ്രീരാഗം വീട്ടില്‍ ടി. ബൈജു ജീവനൊടുക്കിയ സംഭവത്തിൽ ഇതേ വിദ്യാലയത്തിലെ അധ്യാപകനെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. കായികാധ്യാപകന്‍ കോഴിക്കോട് പയ്യോളി പള്ളിക്കരയിൽ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റംചുമത്തിയാണ് അറസ്റ്റ്. ഇരുവരും വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള അധ്യാപകരായിരുന്നു.

സെപ്റ്റംബര്‍ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് ബൈജുവിനെ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര സ്വദേശിനിയാണ്.

മരണപ്പെട്ട അധ്യാപികയുടെ ഡയറിലടക്കം രാമദാസിൻ്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സാക്ഷിമൊഴികളുടേയും ഡയറിയിലെ പരാമർശത്തിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് പുറമെ മൊബൈലില്‍നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് വേങ്ങര എസ്.എച്ച്.ഒ. എം മുഹമ്മദ് ഹനീഫ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.