പ്രസാധകയുടെ പേരിൽ വി ആർ സുധീഷ് മാനനഷ്ടക്കേസ് നൽകി

സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് പ്രസാധകയുടെ പേരില്‍ സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് മാനനഷ്ടക്കേസ് നല്‍കി. തന്റെ വ്യക്തി-സാമൂഹികജീവിതത്തിന് ദോഷമുണ്ടാക്കുകയും അപകീര്‍ത്തികരമാവുകയും ചെയ്‌തെന്ന് കാണിച്ച് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് അഭിഭാഷകന്‍ മുഖേന കേസ് കൊടുത്തത്. ഹര്‍ജി 25-ന് വീണ്ടും പരിഗണിക്കും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

എം എ ഷഹനാസ് അന്ന് പറഞ്ഞത്

2019 മുതലാണ് വി.ആര്‍. സുധീഷ് എന്ന മുതിര്‍ന്ന എഴുത്തുകാരനുമായി എനിക്ക് ഔദ്യോഗികമായി പരിചയമുള്ളത്. അതിന് മുമ്പ് എനിക്കദ്ദേഹത്തെ കഥകളിലൂടെ അറിയാം. 2018 ഡിസംബറില്‍ ഒലീവ് പബ്ലിക്കേഷന്‍സിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങിയതുമുതല്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ എഴുത്തുകാരുമായും എനിക്ക് പരിചയമുണ്ട്…..

…….ഇറങ്ങാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു: ഫോട്ടോ എടുക്കുന്നില്ലേ എന്ന്. അത്രയും വലിയ ഒരു എഴുത്തുകാരനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സ്വാഭാവികമായും എനിക്കാഗ്രഹമുണ്ടായിരുന്നു. പുരസ്‌കാരങ്ങള്‍ നിരത്തിവെച്ച ഷോ കേസിനടുത്ത് ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ അദ്ദേഹം കൈചേര്‍ത്തുപിടിച്ച് അമര്‍ത്തി. എനിക്ക് അസ്വാഭാവികത തോന്നിയെങ്കിലും അതങ്ങനെയായിരിക്കില്ല എന്ന് ഞാന്‍ തന്നെ എന്നെ തിരുത്തുകയായിരുന്നു. എഴുത്തുകാര്‍ കാണിക്കുന്ന സ്വാതന്ത്ര്യമാകാം. പക്ഷേ ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, അത് ഗൂഢോദ്ദേശ്യമായിരുന്നു.

എഴുത്തുകാരന്‍ പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഒറ്റയ്ക്ക് വരണം എന്ന് പലതവണ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ പറ്റില്ല എന്നുപറഞ്ഞാല്‍ അതിന്റെ ദേഷ്യം എന്റെ ജോലിയിലായിരുന്നു അദ്ദേഹം കാണിച്ചത്. അന്ന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ളതും ഇദ്ദേഹം അവരാല്‍ ആഘോഷിക്കപ്പെടുന്നയാളുമാണ്. അപ്പോള്‍ ഇന്നലെ വന്ന ഞാനായിട്ട് ബിസിനസ്സില്‍ വിള്ളല്‍ വരുത്താന്‍ പാടില്ല. സ്ഥാപനത്തിന് ദോഷമായി വരരുത്. പ്രസാധനമേഖലയില്‍ ഒരു പെണ്ണ് ജോലി ചെയ്യുന്നത് സങ്കല്പിക്കാതെ, അതിലേക്കിറങ്ങി വരുമ്പോഴേ പ്രയാസങ്ങള്‍ മനസ്സിലാവുകയുള്ളൂ. ആഘോഷിക്കപ്പെടുന്ന, സാംസ്‌കാരികനെടുനായകന്മാരായിട്ടുള്ള എഴുത്തുകാരെ പിണക്കുക എന്നത് പ്രസാധക എന്ന നിലയില്‍ എനിക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു.

അദ്ദേഹം വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരുന്നപ്പോള്‍ പലപ്പോഴും പരസ്യമായി വഴക്കുപറഞ്ഞു. പല സാഹിത്യപരിപാടികളിലും കണ്ടുമുട്ടിയപ്പോഴെല്ലാം പുസ്തകത്തെച്ചൊല്ലി മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മോശമായി പെരുമാറി. രാത്രി സമയങ്ങളില്‍ മദ്യപിച്ച് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ അവരെ കേള്‍പ്പിക്കാന്‍ എന്നെ ഫോണ്‍ ചെയ്ത് അസഭ്യം പറയാന്‍ തുടങ്ങി. ഒടുക്കം യുവപ്രസാധകയ്ക്ക് പുസ്തകം കൊടുത്ത് വിഷമത്തിലായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പലരും ഇത് നിങ്ങളല്ലേ എന്നുപറഞ്ഞുകൊണ്ട് എനിക്ക് അയച്ചുതരാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ കേസ് കൊടുത്തു.

സ്ത്രീയ്ക്ക് വളരെ പരിമിതമായ ഇടം ലഭിക്കുന്ന ഒന്നാണ് സാഹിത്യം. അതിനാല്‍ത്തന്നെ ഇവിടെ ചൂഷണം വളരെയധികമാണ്. ഈ മേഖലയില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ എനിക്കത് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കഴിവുകൊണ്ട് സ്വത്വം തെളിയിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ ഇത്തരം നായകന്മാരുടെ ചൊല്‍പ്പടിയില്‍ അഭയം തേടുകയാണ്. അവരെഴുതിയത്, സാഹിത്യം എന്നുഞാന്‍ പറയില്ല, ഒന്നു വെളിച്ചം കാണാന്‍. മുതിര്‍ന്ന് ഇരുത്തം വന്ന സാഹിത്യനായകന്മാരുടെ വായിലൂടെ തങ്ങളുടെ സൃഷ്ടിയും പേരും ലോകത്തെ അറിയിക്കാന്‍ വേണ്ടി കോംപ്രമൈസുകള്‍ ചെയ്യുന്ന പ്രവണതയില്‍ നിന്നും എഴുത്തുകാരികളും വളര്‍ന്നുവരുന്ന എഴുത്തുകാരും മുക്തരാവണം. മാഗസിനുകളില്‍ ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കുന്നതിനായി, അവാര്‍ഡ് ലഭിക്കുന്നതിനായി, അവതാരിക എഴുതിക്കിട്ടുന്നതിനായി ഇത്തരക്കാരുടെ വാതില്‍പ്പടി കയറേണ്ട ഗതികേടുകള്‍ നേരിട്ട സ്ത്രീകളെ എനിക്കറിയാം. സ്വന്തം സൃഷ്ടിയില്‍ വിശ്വാസമുള്ളതിനേക്കാല്‍ കൂടുതല്‍ അവരുടെ പ്രശസ്തിയിലും പിടിപാടിലും വിശ്വസിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കാന്‍ സാംസ്‌കാരികലോകം എന്നു തയ്യാറാവുമോ അന്ന് മാറ്റം ആരംഭിക്കും.

എഴുത്തില്‍ എല്ലാ സ്ത്രീകള്‍ക്കും കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമോ പിന്തുണയോ ലഭിക്കില്ല. സാഹിത്യവും പുസ്തകവുമെല്ലാം അപ്പോള്‍ രഹസ്യമായ ഒന്നായി മാറും. അവതാരികയ്ക്കായി ഇത്തരത്തിലുള്ള നായകന്മാരുടെ വീട്ടില്‍ പോകുന്ന കാര്യവും അവിടെനിന്ന് മോശം അനുഭവമുണ്ടാകുന്നതും വീട്ടിലുള്ളവരോട് പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥ വരും. എന്റെ പോസ്റ്റ് വന്നതിനുശേഷം പേര് പുറത്തുപറയരുത് എന്നഭ്യര്‍ഥിച്ചുകൊണ്ട് ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അവരാരും പരസ്യമായി രംഗത്ത് വരില്ല എന്നതാണ് ഈ നായകന്മാരുടെ ധൈര്യവും മുന്നോട്ടുതന്നെ പോകാനുള്ള ഊര്‍ജവും. എന്റെ അനുഭവം പരസ്യപ്പെടുത്താനുള്ള ധൈര്യം എനിക്ക് ലഭിച്ചത് എന്റെ ജീവിതപങ്കാളിയില്‍ നിന്നാണ്. എന്റെ മകളില്‍ നിന്നാണ്. എനിക്ക് അസഹനീയമായ കാര്യങ്ങള്‍ തുറന്നുപറയാന്‍ സാധിച്ചത് പ്രസാധനവും സാഹിത്യവും എന്റെ തൊഴില്‍ കൂടിയായതിനാലാണ്.

നമ്മുടെ സാഹിത്യമേഖലയില്‍ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള എത്ര എഴുത്തുകാരികളുണ്ട്? എത്ര വനിതാപ്രസാധകരുണ്ട്? എങ്ങനെയാണ് അവര്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്? അന്വേഷിച്ചുനോക്കൂ. ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷം എനിക്കറിയാം. സാംസ്‌കാരികത എന്നത് പുതിയ കാലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പുതിയ പ്രസാധകരിലൂടെയും എഴുത്തുകാരിലൂടെയുമാണ്. എളുപ്പം ശ്രദ്ധിക്കപ്പെടാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പക്ഷേ തിരുത്തപ്പെടേണ്ടത് തന്നെയാണ്. പുതിയ എഴുത്തുകാര്‍ മുതിര്‍ന്നവരെ വളരെ ആരാധനയോടെയാണ് കാണുന്നത്. അവരുടെ എഴുത്തുകള്‍ തിരുത്തിക്കൊടുക്കാം, മാഗസിനില്‍ വരുത്താം എന്നൊക്കെയുള്ള പ്രലോഭനങ്ങള്‍ കൊടുത്ത് മിസ് യൂസ് ചെയ്യുന്ന പ്രവണത ഉണ്ടെങ്കില്‍ അത് സാംസ്‌കാരികലോകം തിരിച്ചറിയേണ്ടതും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

എനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. എനിക്ക് ഭീഷണിയുണ്ട്. വേദികള്‍ കിട്ടില്ല, പലതരത്തിലുള്ള ഫോട്ടോകള്‍ പുറത്തുവരും തുടങ്ങിയ ഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ അവതാരികയൊന്നും ആവശ്യമില്ല എന്നു തിരിച്ചറിയുക. കഴിവുറ്റ സൃഷ്ടികളാണെങ്കില്‍ വായനക്കാരുണ്ടായിരിക്കും. അവതാരിക വായിച്ചിട്ട് പുസ്തകം വായിക്കാന്‍ തിരഞ്ഞെടുക്കുന്ന വായനക്കാര്‍ ഇന്നില്ല. അവതാരിക എഴുതിക്കിട്ടാനായി ഒരു സ്ത്രീയും ഇനിമേലില്‍ ചൂഷണം ചെയ്യപ്പെടരുത്, ഒരാളുടെയും വീട്ടില്‍ വെച്ച് ദുരുപയോഗപ്പെട്ടുപോകരുത്.

“ഊതിവീർപ്പിച്ച ബലൂൺ അല്ല ഞങ്ങൾ” – തരൂരിനും മാധ്യമങ്ങൾക്കും താക്കീതുമായി വി ഡി സതീശൻ

0
  1. ‘സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല.

2. കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല. ഞങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളേയും നിർത്തേണ്ടിടത്ത് നിർത്തും’, വീ.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മാധ്യമങ്ങളാണോ ഈ നീക്കത്തിന് പിന്നിൽ, അതല്ലെങ്കിൽ എം.കെ. രാഘവൻ എം.പിയെ പോലെയുള്ള മലബാറിലെ നേതാക്കൾ ശശി തരൂരിനെ മുന്നിൽ നിർത്തിക്കൊണ്ടാണോ ഇത് ചെയ്യുന്നത് ?

– ‘മാധ്യമങ്ങൾക്ക് ഇതിന് പിന്നിൽ നല്ല പങ്കുണ്ട്. കോൺഗ്രസിനകത്ത് ആർക്കെങ്കിൽ ഇതിൽ പങ്കുണ്ടെങ്കിൽ ​ഗൗരവമായി അതിനെ കൈകാര്യം ചെയ്യും. അതാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മിനെ പോലെ എല്ലാവരേയും പുറത്താക്കുന്ന പാർട്ടിയല്ല. എല്ലാവരോടു പറയും, സംസാരിക്കും, തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചു പൊറുപ്പിക്കാനാകില്ല’, സതീശന്‍ മുന്നറിയിപ്പ് നൽകി.

പാർട്ടി ചിട്ട ഓർമ്മപ്പെടുത്തിയും പ്രതിരോധിച്ചും…

‘സംഘടനാ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനമെടുക്കുന്നത്. അത് എല്ലാവരോടും ആലോചിച്ചിട്ടാണ് എടുക്കുന്നത്. പറയാൻ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളൊന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല. സൂചിവെച്ചു കുത്തിയാൽ പൊട്ടിപ്പോകുന്നവരല്ല ഞങ്ങളാരും’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

തങ്ങളെയൊക്കെ ആരെങ്കിലും പരിപാടിക്ക് വിളിച്ചാൽ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെടാൻ പറയുമെന്നും ബാക്കി തീരുമാനങ്ങൾ ജില്ലാ കമ്മിറ്റിയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ മലബാറിലെ പരിപാടികള്‍ സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട്, ഒരാളും ഇടപെട്ടിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗവർണർ പ്രതിപക്ഷമായി മാറുന്നു എന്ന കെ മുരളീധരന്റെ പരാമർശത്തിൽ ‘അദ്ദേഹം പറഞ്ഞതിനൊന്നും മറുപടി പറയേണ്ട ആളല്ല ഞാൻ. ഗവർണർ പ്രതിപക്ഷമല്ല. ഗവർണറും സർക്കാരും ഒരുമിച്ചാണ്. അവർ കൊടുക്കൽ വാങ്ങൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്രൂപ്പല്ല, യുണൈറ്റഡ് കോൺഗ്രസ് – തരൂർ

‘രണ്ട് യു.ഡി.എഫ്. എം.പിമാർ യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാക്കളെ കണ്ട് സംസാരിക്കുന്നതിൽ അസാധാരണത്വമൊന്നുമില്ല. ചിലർ പറയുന്നു ഗ്രൂപ്പുണ്ടാക്കുന്നു, വിഭാഗീയനീക്കമാണ് എന്നൊക്കെ. എന്നാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല, അതിനുള്ള താൽപര്യവുമില്ല. കോൺഗ്രസിനകത്ത് ‘എ’യും ‘ഐ’യും ഒക്കെ കൂടുതലാണ്. ‘ഒ’യും ‘ഇ’യുമൊന്നും വേണ്ട. അഥവാ ഒരു അക്ഷരമാണ് വേണ്ടതെങ്കിൽ ‘യു’ആണ് വേണ്ടത്. യുണൈറ്റ് കോൺഗ്രസ് ആണ് ആവശ്യമുള്ളത്. ഞങ്ങൾ കോൺഗ്രസിന് വേണ്ടിയും യു.ഡി.എഫിന് വേണ്ടിയും സ്വന്തം വിശ്വാസത്തിന് വേണ്ടിയും സംസാരിക്കുകയാണ്’, തരൂർ പറഞ്ഞു.

‘രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയമാണ് അത്യാവശ്യം. അതാണ് എന്റെ വിശ്വാസം. തരൂർ തുടർന്നു

ഫ്രാൻസും അർജൻ്റീനയും ഇറങ്ങുമ്പോൾ സംഭവിക്കാനിരിക്കുന്നത്

0

രണ്ടു തവണ വീതം ലോകകപ്പ് സ്വന്തമാക്കിയ, ഏറ്റവും അധികം ആരാധകർക്ക് നെഞ്ചിടിപ്പേകുന്ന ടീംസ് ഇന്ന് കളിക്കളത്തിൽ എത്തുകയാണ്. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സും അര്‍ജന്റീനയും വ്യത്യസ്ത മത്സരങ്ങളിലാണ് ഇറങ്ങുന്നത്. വൈകീട്ട് മൂന്നരയ്ക്ക് അര്‍ജന്റീന സൗദി അറേബ്യയെയും രാത്രി പന്ത്രണ്ടരയ്ക്ക് ഫ്രാന്‍സ് ഓസ്‌ട്രേലിയയെയും നേരിടും.

ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ജയത്തോടെ തുടങ്ങുക തന്നെയാവും എന്നുറപ്പിച്ചാണ് ആരാധക ലോകം. നിലവിലെ ചാമ്പ്യന്‍ ഒന്നാം റൗണ്ടില്‍ പുറത്താവുകയെന്ന ദുര്യോഗം തുടരുമോ എന്നത് കണ്ടറിയണം. ഇല്ലെന്നുറപ്പിച്ച് ഇറങ്ങുമ്പോഴും ഫ്രാൻസിനെ പരിക്കുകൾ വലയ്ക്കുന്നുണ്ട്. പിന്നെ ആതിഥേയർ ചരത്രം തിരുത്തിയാണ് ഇത്തവണ പരാജയം ഏറ്റുവാങ്ങിയത്.

ആത്മവിശ്വാസമോ നെഞ്ചിടിപ്പോ ? മെസ്സി പറയുന്നത്…..

‘ഇതൊരു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്ന് എനിക്കറിയാം, നിശ്ചയമായും എന്റെ അവസാനത്തെ ലോകകപ്പ്. നമെല്ലാം ആഗ്രഹിക്കുന്ന, ഞാന്‍ കാണുന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനുള്ള എന്റെ അവസാനത്തെ അവസരം. കരിയറിലുടനീളം ചെയ്തതുപോലെ ഈ ടൂര്‍ണമെന്റിന് വേണ്ടിയും ചെയ്യാവുന്നത് ചെയ്തിട്ടുണ്ട്. എന്നാല്‍, അതിലുപരിയായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല’, മെസ്സി പറഞ്ഞു.

കോപ്പ അമേരിക്ക് കിരീടം നേടിയ ടീമിന് ലോകകപ്പിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ സ്‌ക്വാഡില്‍ വിശ്വാസമുണ്ട്. നിലവിലെ അര്‍ജന്റീന ടീം 2014 ലോകകപ്പിന്റെ ഫൈനലിലെത്തിയ ടീമിനെ ഓര്‍മിപ്പിക്കുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമുണ്ടായിരുന്നു. എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിലെ ടീമിന്റെ മികച്ച് ഫോം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്’, മെസ്സി പറഞ്ഞു

കളിക്കളത്തിൽ ഇറങ്ങും മുൻപേ മുറിവേറ്റ ചാമ്പ്യൻ

എൻഗോളോ കാന്റെ, പോൾ പോഗ്ബ, ക്രിസ്റ്റഫർ എൻകുൻകു. ഒടുവിൽ കരിം ബെൻസേമ. ടീമിലെ സൂപ്പർ താരങ്ങൾ പരുക്കേറ്റ് പുറത്താണെങ്കിലും ടൂർണമെന്റിലെ തന്നെ ശക്തമായ നിര തന്നെയാണ് ഫ്രാൻസിനുള്ളത്. ഓരോ പൊസിഷനിലും മികച്ച താരങ്ങളും അവർക്കു പകരക്കാരും ടീമിനുണ്ട്. 

2018 ലോകകപ്പിനു ശേഷം ഫ്രാൻസ് നേടിയ 73 ഗോളിൽ 46 എണ്ണം രണ്ടാം പകുതിയിലാണ്. എതിർ ടീമിന്റെ ഗോൾകീപ്പറെ അടക്കം പൂട്ടുന്ന ഹൈപ്രസിങ് ശൈലി തന്നെ ആയിരിക്കും ഓസ്ട്രേലിയയ്ക്കെതിരെയും ഫ്രാൻസ് ഇറക്കുക. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നിലുള്ള ഓസ്ട്രേലിയ തോൽക്കുന്നതിനുള്ള പ്രധാന കാരണം പ്രതിരോധത്തിലെ പിഴവ് തന്നെ. അതിനാൽ  പ്രതിരോധത്തിൽ നാലു പേരുണ്ടാകുമെന്ന് ഉറപ്പ്. 

ഇൻഡൊനീഷ്യയിൽ ഭൂകമ്പം, 160 പേർ മരിച്ചു

0

 ഇന്‍ഡൊനീഷ്യയില്‍ ഭൂമി കുലുക്കത്തിൽ 160 പേർ മരിച്ചതായി സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 256 പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ജനങ്ങൾ തിങ്ങി പാർക്കുന്ന വെസ്റ്റ് ജാവ പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്.

നിലവില്‍ 160 പേര്‍ മരിച്ചതായും നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ്. 13000 പേരെ മാറ്റി പാർപ്പിച്ചു. 2200 വീടുകൾ തകർന്നു

പത്തുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആളുകളോട് കെട്ടിടങ്ങള്‍ക്ക് പുറത്ത് കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. 2018 ൽ 2000 പേർ ഇവിടെ ഭൂകമ്പത്തിൽ മരിച്ചിരുന്നു. ഭൂചനങ്ങൾ സ്ഥിരമായ പ്രദേശമാണ്.

രസ്‌ന ബ്രാൻ്റ് രുചിയുടെ പിതാവ് അന്തരിച്ചു

0

ജനപ്രിയ പാനീയ ബ്രാന്‍ഡ്‌ രസ്‌നയുടെ സ്ഥാപകചെയർമാൻ അരീസ്‌ പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് നവംബർ 19 നായിരുന്നു അന്ത്യമെന്ന് രസ്ന ​ഗ്രൂപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. രസ്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മകന്‍ പിരൂസിന് കൈമാറി വിശ്രമത്തിലായിരുന്നു അദ്ദേഹം.

അരീസ്‌ പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.

സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. പെര്‍സിസ് ആണ് ഭാര്യ. പിരൂസ്, ഡെല്‍ന, രൂസാന്‍ എന്നിവരാണ് മക്കള്‍.

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്നയ്ക്ക് രാജ്യത്ത് ഒമ്പതോളം നിര്‍മാണപ്ലാന്റുകളുണ്ട്.

കെ സുധാകരൻ്റെ വിലക്ക് തള്ളി ശശി തരൂർ; “പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നത് കാര്യമാക്കുന്നില്ല”

0

കോണ്‍ഗ്രസ് എം.പി. കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്കെന്ന് ശശി തരൂര്‍. ചോദിച്ചു. കോഴിക്കോട്ട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.യുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തരൂരിന്റെ അഭിപ്രായ പ്രകടനം.

കോണ്‍ഗ്രസിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത് എന്നായിരുന്നു തിങ്കളാഴ്ച കെ. സുധാകരന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍നിന്ന് നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ശശി തരൂരിനെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അത് ശശി തരൂര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും സുധാകരന്‍ തുടർന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

അറിഞ്ഞിരിക്കണം, ആദ്യ ദിനത്തിലെ താരങ്ങൾ പൊരുതിക്കയറിയ ജീവിതം കൂടി

ഖത്തർ ലോകകപ്പിൻ്റെ വർണാഭമായ കിക്കോഫിൽ തിളങ്ങിയ ആ താരങ്ങൾ ആരാണ്. ഖത്തറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അതിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ പരമ്പരാഗത വസ്ത്രം ധരിച്ച താരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. തൂവെള്ളയണിഞ്ഞ ആ കുറിയ മനുഷ്യൻ ആരാണ്, പങ്കുവച്ച സന്ദേശമെന്താണ് എന്നായിരുന്നു ലോകത്തിൻ്റെ കൌതുകം.

ഖത്തർ ലോകകപ്പിന്‍റെ അംബസാഡറായ ഗാനീം അൽ മുഫ്‌താഹാണ് ശ്രദ്ധ നേടിയത്. മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആ നിത്യോത്സാഹത്തിൻ്റെ പ്രതീകമായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്‍റെയാകെ ശ്രദ്ധ നേടി ആ ചെറിയ വലിയ മനുഷ്യൻ. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്‍റെ എതിർപ്പിന്, പരിഹാസങ്ങൾക്ക് കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി ഒരു രാഷ്ട്രീയം കൂടി പറയുകയായിരുന്നു. വംശവെറിക്കെതിരെ ഉണർത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ ഈ കാഴ്‌ചകള്‍ എന്നും വിലയിരുത്തലുകൾ ഉണ്ടായി.

നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് പർവ്വതം കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹം ശാരീരിക പരിമിതികളിൽ വംശീയ വ്യത്യാസങ്ങളിൽ തളർന്നില്ല. എല്ലാ പരിമിതകളെയും മറികടന്ന് പോരാട്ട വീര്യത്തിന് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്‍റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും. 

ഖത്തർ തോറ്റതിലെ സ്പോർട്സ്മൻ സ്പിരിറ്റ് എന്താണ്

നായകൻ എന്നര്‍ വലന്‍സിയയുടെ കരുത്തില്‍ ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചതിലും ഉണ്ടായി ഒരു സന്ദേശം. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് വലൻസിയ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. എന്ന‍ര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യ ദിനത്തിലെ താരം ഇക്വഡോര്‍ നായകൻ എന്നര്‍ വലൻസിയയായിരുന്നു. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഒരേസമയം കളത്തിലെ പതിനൊന്നും ഗ്യാലറിയിലെ ആയിരക്കണക്കിന് ഖത്തര്‍ ആരാധകരോടുമാണ് ഇക്വഡോറിന് മത്സരിക്കാനുണ്ടായിരുന്നത്. ആതിഥേയ രാജ്യം ഉദ്ഘാടന മത്സരത്തിൽ തോറ്റിട്ടില്ലെന്ന ചരിത്രവും വേറെ. എന്നാൽ ഇക്വഡോറിനെ അവരുടെ നായകൻ മുന്നിൽ നിന്ന് നയിച്ചു. എന്നര്‍ വലൻസിയയുടെ ഇരട്ടഗോളിൽ പുതു ചരിത്രം പിറന്നു. 

എന്നർ വലൻസിയ, പോരാട്ടത്തിൻ്റെ കഠിന വഴികൾ

വന്ന വഴികൾ അത്രമേൽ കഠിനമായിരുന്നതിനാൽ ഒരു പക്ഷെ വലൻസിയക്ക് ഈ കാണികളൊന്നും പ്രശ്നമേ ആയിരുന്നില്ല. ഇക്വഡോറിന്‍റെ ഫുട്ബോൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന സാൻ ലൊറൻസോയിലായിരുന്നു വലൻസിയയുടെ ജനനം. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ കുട്ടിക്കാലം. അച്ഛന്‍റെ പശുഫാമിനെ ചുറ്റിപറ്റി മാത്രമായിരുന്ന ജീവിതത്തിൽ പ്രൊഫഷണൽ ഫുട്ബോൾ എന്ന ചിന്തയേ അവന് ഉണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞുവലൻസിയുടെ പന്തടക്കം കണ്ട് അത്ഭുതപ്പെട്ട കായികാധ്യപകൻ അവനെ പ്രാദേശിക ക്ലബായ കാരിബിലേക്ക് നയിച്ചു. അവിടെ നിന്ന് പടിപടിയായി തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയിൽ എത്തിനിൽക്കുന്നു. ഇക്വഡോറിന്‍റെ മെസിയും നെയ്മറുമെല്ലാം വലൻസിയയാണ്.

ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ വിശ്വവേദിയിലെ ഏറ്റവും വലിയ നേട്ടം. വല നിറയ്ക്കാൻ വലൻസിയ ഉള്ളപ്പോൾ അതിനപ്പുറം സ്വപ്നം കാണുന്നു ഖത്തറില്‍ ഇക്വഡോര്‍.

വലന്‍സിയയുടെ കരുത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോൽപ്പിച്ചിരുന്നു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഇക്വഡോര്‍ ക്യാപ്റ്റൻ എന്നർ വലൻസിയ ഇരട്ടപ്രഹരം നല്‍കി. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്ന‍ര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ

0

 നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയിപ്പ്. ഉദ്യോഗസ്ഥരെ പിൻവലിച്ചത് സംബന്ധിച്ച് വിശദാംശങ്ങൾ ഒന്നുമില്ല.

സാമ്പത്തിക സാങ്കേതിക സഹായ വാഗ്ദാനങ്ങളിൽ നിന്നും ജപ്പാൻ പിൻവാങ്ങിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമല്ല. ജപ്പാൻ ഇതിൻ്റെ മറവിൽ സ്വന്തം രാജ്യത്ത് തന്നെ പ്രയോജനപ്പെടുത്താൻ തയാറാകാത്ത സാങ്കേതിക വിദ്യ വില്പനയ്ക്ക് ശ്രമിക്കുന്നു എന്ന ആരോപണവും നിലനിൽക്കയാണ്.

വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് നടപടികൾ തുടരും. കേരളത്തിന്റെ അമ്പത് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് ഇതോടെ കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 

2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ.റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ റെയിലും സതേണ്‍ റെയില്‍ വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്ന് പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ പറയുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍  റെയില്‍വേ ബോര്‍ഡ് കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത് എന്നും വ്യക്തമാക്കി.

ഇന്നത്തെ കളി

ഗ്രൂപ്പ് ബിയിലെ ആദ്യപോരാട്ടത്തില്‍ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് മുഖാമുഖം വരും. മറ്റൊരു മത്സരത്തില്‍ അമേരിക്കയും വെയ്ല്‍സും രാത്രി 12.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം.

മംഗളൂരു സ്ഫോടനം; സർക്യൂട്ടുകൾ എത്തിച്ചത് ആലുവയിലെ വിലാസത്തിൽ, കേരള പൊലീസും അന്വേഷണം തുടങ്ങി

മംഗളൂരു സ്‌ഫോടനത്തില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ കേരള പോലീസും കേസ് അന്വേഷണത്തിൽ പങ്കാളിയായി. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി.

ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സാമഗ്രികള്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. മാത്രമല്ല, കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ കോയമ്പത്തൂരില്‍ പോയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോയമ്പത്തൂരില്‍നിന്ന് മധുര, നാഗര്‍കോവില്‍ വഴിയാണ് ഷാരിഖ് ആലുവയിലെത്തിയത്. ആലുവയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് സൂചന.

ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരിക്കേറ്റു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സ്ഫോടനം നടന്ന ഓട്ടോയില്‍നിന്ന് പ്രഷര്‍ കുക്കറും ബാറ്ററികളും പോലീസ് കണ്ടെടുത്തിരുന്നു.

പരിക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങള്‍ ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. തീര്‍ഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരിഖ് സെപ്റ്റംബര്‍ മാസം മുതല്‍ ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും തീവ്രവാദസംഘടനയായ അല്‍ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.

മംഗളൂരുവിലെ കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരില്‍ ഷാരിഖിനെ 2020-ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് യു.എ.പി.എ ചുമത്തി. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി. കേസില്‍ പ്രതിചേര്‍ത്തതോടെ ഇയാള്‍ വീട്ടില്‍നിന്ന് മുങ്ങുകയും ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു.