മദ്യവില വീണ്ടും കൂട്ടാൻ നീക്കം, ഡിസ്റ്റ്ലറി ഉടമകളുടെ തന്ത്രം വിജയിക്കുന്നു

സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാൻ സർക്കാർ തയാറെടുക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് അവർക്കുമേലുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലെ നഷ്ടം നികത്താനാണ് വില വർധന.

മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്. ഇതാണ് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും വാങ്ങിക്കാൻ തീരുമാനിക്കുന്നത്.

വില്‍പന നികുതി കൂട്ടണോ എന്നത് പഠിക്കാന്‍ ധനവകുപ്പ് സമിതിയെ നിയമിച്ചു. സമിതി റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മദ്യവില കൂട്ടുന്നതിനെ എക്‌സൈസ് വകുപ്പ് എതിര്‍ത്തു. ഉയർന്ന മദ്യവില ഇതര ലഹരികൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. വ്യാജവാറ്റും ഏറുന്നു.

മദ്യവില വര്‍ധിപ്പിക്കണോ, എത്ര വര്‍ധിപ്പിക്കണം എന്നീ കാര്യങ്ങള്‍ ധനവകുപ്പ് സമിതി പഠനം നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

ലഹരിയിൽ മുക്കി, വില കൂട്ടി; ഇതര ലഹരി തേടി ജനം

ഈ നികുതി ഒഴിവാക്കിയാല്‍ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടം വരും. ഇത് ഒഴിവാക്കാനാണ് മദ്യത്തിന്റെ വില കൂട്ടുന്നത്.അതേസമയം, ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്.

ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇപ്പോൾ ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. വെയര്‍ഹൗസുകളില്‍ മദ്യശേഖരം കുറഞ്ഞുവരികയാണ്. ഇതോടെ വ്യാജമദ്യത്തിന്റെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് നൽകിയിരിക്കയാണ്. 20,000 കെയ്‌സ് മദ്യമാണ് ദിനംപ്രതി കേരളത്തില്‍ വിറ്റുപോകുന്നത്. വില്‍പ്പന കുറഞ്ഞതോടെ ബിവറേജസ് ഷോപ്പുകളില്‍നിന്നുള്ള പ്രതിദിന വരുമാനം 17 കോടി രൂപയ്ക്ക് താഴെയായി. നേരത്തേ 25 കോടി രൂപയ്ക്ക് മേലേയായിരുന്നു.

ഉടമകളുടെ തന്ത്രം, മദ്യ ക്ഷാമം

സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനവും നാമമാത്രമാണ്. ഒരുമാസത്തില്‍ കൂടുതലായി ക്ഷാമമുണ്ടെങ്കിലും ഇപ്പോൾ കൂടുതല്‍ രൂക്ഷമായെന്ന് വാങ്ങാനെത്തിയവര്‍ പറഞ്ഞു. നിലവില്‍ വെയര്‍ഹൗസുകളില്‍ ഉള്ള സ്റ്റോക്ക് മാത്രമാണ് ഔട്ട്‌ലെറ്റുകളില്‍ എത്തുന്നത്. പലബ്രാന്‍ഡുകളും കിട്ടാക്കനിയായതോടെ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കങ്ങളും പതിവാണ്. കോവിഡിനുശേഷമുണ്ടായ വിലവര്‍ധനവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭൂരിപക്ഷം മദ്യനിര്‍മ്മാണശാലകളിലും ഉത്പാദനം നിര്‍ത്തി. ആദ്യം നിര്‍ത്തിയതും ജനപ്രിയ ബ്രാന്‍ഡുകളുടെ നിര്‍മ്മാണമാണ്. മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലവര്‍ധിച്ചതിന് ആനുപാതികമായി മദ്യത്തിന്റെ വിലയിലും വര്‍ധനവ് വേണമെന്നാണ് നിര്‍മ്മാണക്കമ്പനികളുടെ ആവശ്യം. സ്പിരിറ്റിന്റെ വില മൂന്നുമാസത്തിനിടെ ലിറ്ററിന് 64 രൂപയില്‍നിന്ന് 74 ആയി ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 95 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മദ്യമെത്തിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല.

ആവശ്യമായ മദ്യം ഉത്പാദനം ചെയ്ത് വിതരണത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മദ്യക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇത് പരാജയപ്പെടുകയായിരുന്നു. വിറ്റുവരവ് നികുതി ഓഴിവാക്കി തങ്ങളുടെ നഷ്ടം കുറയ്ക്കണമെന്നതാണ് ഡിസ്റ്റിലറി ഉടമകളുടെ ആവശ്യം. വിറ്റുവരവ് നികുതി കുറച്ചാല്‍ 500 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാവും. അതിനാല്‍ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ബിവറേജസ് ഷോപ്പുകളിലെ ഉപഭോക്താക്കളില്‍ പത്തുശതമാനംപേര്‍ മദ്യാസക്തിയുള്ളവരാണ്. ഷോപ്പുകളില്‍ മദ്യമില്ലാതെവന്നാല്‍ ഇവര്‍ മറ്റു ലഹരികള്‍ തേടാനുള്ള സാധ്യതയുണ്ട്. ഇത് വിഷമദ്യ ദുരന്തസാധ്യത വര്‍ധിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നികുതിവെട്ടിച്ച് മദ്യമെത്തിക്കാനുള്ള സാധ്യതയും എക്സൈസ് തള്ളുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകളില്‍ നിരീക്ഷണം കര്‍ശനമാക്കി. വ്യാജമദ്യക്കച്ചവട സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും കൂട്ടി. ഇതിനു പിന്നാലെ നഷ്ടമാവുന്ന 500 കോടിക്ക് കുടിയൻമാരുടെ തന്നെ പോക്കറ്റ് ലക്ഷ്യമാക്കുകയാണ്.

പരാജയങ്ങൾ ഏറ്റുവാങ്ങി മടുത്തു; ടി20 സെലക്ടർമാരെ മുഴുവൻ പുറത്താക്കി

0

 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിതിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിച്ചു. സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ കാരണം പോലും അറിയിക്കാതെ പുറത്താക്കി. ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയിലെ എല്ലാവരുടേയും കസേര തെറിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചേതൻ ശർമയ്ക്ക് പുറത്ത്‌ പോകേണ്ടി വന്നത്. 

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ടീം ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ പ്രാപ്തിയുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ടീം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനൊപ്പം ഏഷ്യാ കപ്പ് തോല്‍വിയും ഏറ്റുവാങ്ങി. ചെയർമാന്‍ ചേതന്‍ ശർമ്മയ്ക്ക് പുറമെ സുനില്‍ ജോഷി, ഹർവീന്ദർ സിംഗ്, ദേവാശിഷ് മൊഹന്തി എന്നിവരായിരുന്നു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവരുടെ തിരഞ്ഞടെുപ്പ് മാനദണ്ഡങ്ങൾക്ക് എതിരെ നേരത്തെയും വിവാദങ്ങൾ ഉണ്ടായിരുന്നു.

2020-2021 കാലയളവിലാണ് പിരിച്ചുവിട്ട അംഗങ്ങളിൽ ഭൂരിപക്ഷവും കമ്മിറ്റിയിലേക്ക് എത്തിയത്. എന്നാൽ ഈ സമയത്തെ ടീമിന്റെ പ്രകടനം ഇവർക്ക് തിരിച്ചടിയാകുകയായിരുന്നു

പുറത്ത് പോകുന്നതും നാണം കെട്ട്

പുരുഷ സീനിയര്‍ ടീമിന്‍റെ സെലക്ടര്‍മാര്‍ക്കായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. എന്നാല്‍ ബിസിസിഐയുടെ ട്വീറ്റില്‍ എവിടെയും ചേതന്‍ ശർമ്മയേയും സംഘത്തേയും പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളുടെ ഒഴിവാണുള്ളത്. അഞ്ച് വർഷം മുമ്പെങ്കിലും വിരമിച്ച താരങ്ങളെ മാത്രമേ ചുമതലകളിലേക്ക് പരിഗണിക്കൂ. ടീം ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ 10 ഏകദിനങ്ങള്‍ക്കൊപ്പം 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ കളിച്ചിട്ടുള്ളവർക്കാണ് സെലക്ഷന്‍ കമ്മിറ്റി അംഗമാകാന്‍ കഴിയുക. മറ്റ് കമ്മിറ്റികളിലൊന്നും അംഗമായുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. നാല് വര്‍ഷ കാലാവധിയാണ് സാധാരണയായി സീനിയര്‍ ടീം സെലക്‌ടര്‍ക്ക് ലഭിക്കാറ്. 

കൊച്ചിയിൽ ബാറിൽ കുഴഞ്ഞു വീണ മോഡലിനെ ജീപ്പിൽ കയറ്റി ബലാത്സംഗത്തിനിരയാക്കി, യുവതിയും മൂന്നു കൂട്ടാളികളും അറസ്റ്റിൽ

0

കൊച്ചിയിൽ കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി സംഭവത്തിൽ  ഒരു സ്ത്രീയടക്കം നാലുപേരെ പൊലീസ് പിടികൂടി. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു ആക്രമണം.

യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും  കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. 19 കാരിയായ യുവതി രാത്രി പത്തുമണിയോടെ ബാറിൽ കുഴഞ്ഞു വീണതോടെ താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയതുമില്ല.

കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽകൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. അ‌ർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്ന് പകൽ പൊലീസിനെ വിവരം അറിയിച്ചത്.

ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന  കുറ്റമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഴഞ്ഞുവീണ യുവതിയുമായി മൂന്നു പ്രതികളും വാഹനത്തിൽ പുറപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഒപ്പം പോകാത്തത് എന്ന ചോദ്യമാണ് ഇവർക്കെതിരെ ഉയരുന്നത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.

നിയമന വിവാദം ക്ഷീണിപ്പിച്ചു; സി പി എം സെക്രട്ടേറിയറ്റിൽ അതൃപ്തി

0

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ‘കത്ത്’ വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.

നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. രാഷ്ട്രീയ വിവാദങ്ങൾക്ക് കീഴ്പ്പെടേണ്ടതില്ല എന്നാണ് തീരുമാനം. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

നിയമന വിവാദങ്ങളിൽ പാർട്ടി സമഗ്ര പരിശോധനക്ക് ഒരുങ്ങുകയാണ്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവും എന്നത് നിലവിലെ രാഷ്ട്രീയ ശീലങ്ങളിൽ സംശയകരമാണ്. അടിസ്ഥാന സഹകരണ സ്ഥാപനങ്ങൾ മുതൽ തുടങ്ങുന്നതാണ്. ഏറ്റവും ആദ്യ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഇത്തരം നിയമനങ്ങളുടെ ഒരു കഥ എത്തിയിട്ടുണ്ടാവും. മേലിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇത് പരസ്യമാകുന്നത് തടയൽ എന്ന നിലയ്ക്ക് മാത്രം വിലയിരുത്തുന്നവരും ഉണ്ട്.

പാർട്ടി നാണം കെട്ട നിയമനങ്ങൾ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിയമനങ്ങളിൽ സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് സി പി എം എത്തുന്നത്. സര്‍വ്വകലാശാല നിയമന വിവാദങ്ങൾ വലിയ തിരിച്ചടിയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയത്. ഇതിന് പുറമെയാണ് കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട തിരുവനന്തപുരം മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത്. സര്‍വ്വകലാശാല നിയമനങ്ങളും കത്ത് വിവാദവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ചയായി. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി എടുക്കാനും വിവാദങ്ങൾക്കിടയാക്കിയ സാഹചര്യം പരിശോധിക്കാനും മേലിൽ ഇത്തരം വീഴ്ചകൾ ആവര്‍ത്തിക്കാതിരിക്കാൻ നടപടി എടുക്കാനുമാണ് തീരുമാനം.

ഐഎസ്ഐക്ക് വേണ്ടി വിവരം ചോർത്തി, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

0

വിദേശകാര്യ മന്ത്രാലയത്തിലെ മൾട്ടിടാസ്കിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ചാരക്കേസില്‍ അറസ്റ്റില്‍. പാകിസ്താനി വനിതയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

ഇന്ന് രാവിലെയാണ് സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിലെ മള്‍ട്ടിടാസ്‌കിങ് വിഭാഗത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. പൂനം ശര്‍മ്മ എന്നുപേരുള്ള പാക് വനിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് തുടർച്ചയായി നടന്ന അന്വേഷണത്തിലാണ് വിദേശ വനിതയുമായുള്ള രഹസ്യ ബന്ധം കണ്ടെത്തിയത്. ഈ അന്വേഷണത്തിനൊടുവിൽ ഇയാള്‍ രഹസ്യരേഖകള്‍ കൈമാറിയതായും വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് റിപ്പോർട്ട്. പൂനം ശര്‍മ്മ ഐ.എസ്.ഐ. ഏജന്റാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

പങ്കുവെക്കാനുള്ള മനോഭാവമാണ് കേരളത്തെ സൃഷ്ടിച്ചത് – സുനിൽ പി ഇളയിടം

0

”ചരിത്രപരമായ എന്തെങ്കിലും മൂല്യങ്ങളല്ല പങ്കുവെയ്ക്കാനുള്ള മനോഭാവമാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. അത് കൈമോശം വന്നുപോകുന്നതിൻ്റെ പ്രത്യാഘാതം പ്രവചിക്കാനാകില്ലെന്നും ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.

കേരളത്തനിമ എന്ന പേരില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന പലതും തനി കേരളീയമാകണമെന്നില്ല. അവയുടെ വേരുകള്‍ ഇതരദേശങ്ങളിലാണെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും. കേരളം ഒരിക്കലും സുസ്ഥിരമായിരുന്നില്ല, അത് ചലനാത്മകമായിരുന്നു. ആധുനികമായ ഒരു അതിര്‍ത്തി ബോധത്തിന്റെ പേരല്ല കേരളം.

കേരളത്തിൻ്റെ ഉള്ളടക്കം മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും ആധുനിക മൂല്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്ന സംവിധാനമാണ്. അതിൽ എല്ലാവര്‍ക്കും പങ്കുചേരാന്‍ കഴിയുന്ന പ്രബല ഘടകമാണ് മലയാളം. കേരളത്തിന്റെ ആധാരം എന്ന നിലയിലാണ് ഭാഷയെ കാണേണ്ടത്. നമുക്കിടയിലുണ്ടായ അതിര്‍ത്തിയുടെ പേരാണ് നമ്മുടെ സ്വത്വം എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ മനുഷ്യവംശത്തോളം ചരിത്രമുള്ളതാണ് ഇത്. അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷം ഇരുന്നാൽ ആജീവനാന്തം പെൻഷൻ; പൊളിച്ചടുക്കാൻ ഗവർണർ

0

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്ന വിഷയമാണ് ഇനി ഏറ്റെടുക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. ഗവർണർ പറഞ്ഞു.

സർവ്വകലാശാലകളിളെ രാഷ്ട്രീയ തിരുകി കയറ്റൽ പരസ്യമായി വിവാദത്തിലേക്ക് എത്തിച്ച ശേഷമാണ് ഗവർണറുടെ അടുത്ത നീക്കം. പൊതുവെ ഭരണത്തിലെത്തുന്നവർ ആവർത്തിക്കാറുള്ള പരസ്യമായ അഴിമതിയാണ് ഗവർണർ പുതിയ പരിചയാക്കുന്നത്. ഇത് കാരണം പക്ഷവും പ്രതിപക്ഷവും എല്ലാം എതിർ ചേരിയിലാവുന്നു. കമ്പനി ബോർഡ് കോർപ്പറേഷനുകളിലും ബഹുഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളിലും എല്ലാം ഇത്തരം കക്ഷി രാഷ്ട്രീയ റിസർവ്വേഷനുകൾ ഉണ്ട്. ഇവയ്ക്ക് എതിരെ പൊതു ജനത്തിന് കടുത്ത അമർഷം ഉണ്ടെങ്കിലും നിശ്ശബ്ദ കാണികളാവുന്നതാണ് പതിവ്. ഇതിനെയാണ് ഗവർണർ പുതിയതായി ഉന്നം വെയ്ക്കുന്നത്.

യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും ? – ഗവർണർ ആരിഫ് മഹമ്മദ് ഖാൻ ചോദിച്ചു.

25 സ്റ്റാഫ്, രണ്ടു വർഷം കഴിഞ്ഞാൽ മരണം വരെ പെൻഷൻ

ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിര്‍ത്തലാക്കാന്‍ നിയമപരമായി നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയവും ഉയർത്തുന്നത്.

എസ് ഐ പരീക്ഷ നവംബർ 22 ന് തന്നെ

0

പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷ വിജ്ഞാപനാനുസൃതം തന്നെ നടക്കും. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പി.എസ്.സി. നൽകിയ ഹരജിയിൽ സ്റ്റേ റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ പരീക്ഷ മാറ്റേണ്ടി വരില്ലെന്ന് ഉറപ്പായി.

പ്രധാനപരീക്ഷയ്ക്കായുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടാനാകാത്ത ഏതാനും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റാണെന്നും അതിനാല്‍ തങ്ങളെയും പരീക്ഷയെഴുതിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പരീക്ഷ നടത്തുന്നത് തടയണമെന്ന് ഹര്‍ജിക്കാര്‍പോലും ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിത്

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ജയിൽ മോചനത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെ  കോണ്‍ഗ്രസ് വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹർജി നൽകുന്നത്. കുറ്റവാളികളായ നളിനിയേയും മറ്റ് അഞ്ച് പേരെയും നവംബർ പതിനൊന്നിനാണ് സുപ്രീംകോടതി മോചിപ്പിക്കാൻ നിർദേശിച്ചത്. മോചിപ്പിക്കാനുള്ള ഉത്തരവ് വിശദമായി വാദം കേൾക്കാതെയാണെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയുരുന്നു. കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. ഇത് ബി ജെ പിക്ക് വലിയ ആയുധമായി മാറുകയാണ്.

ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന് പൊലീസിന് നിർദ്ദേശം, രാഷ്ട്രീയ വിവാദ ശ്രമം ഉയർന്നതോടെ എല്ലാം വിധിപോലെ എന്നും സർക്കാർ

0

2018-ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് പോലീസിന് നല്‍കിയ നിര്‍ദേശത്തിൽ സർക്കാർ വിശദീകരണം. പക്ഷെ നിർദ്ദേശം വിവാദമായതോടെ കോടതി നിശ്ചയ പ്രകാരം എന്ന് വിശദീകരിച്ച് ഒഴിഞ്ഞു. ശബരിമല തീര്‍ത്ഥാടന ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്ന കൈപ്പുസ്‌കത്തിലാണ് എല്ലാ തീർത്ഥാടകർക്കും പ്രവേശന അനുമതിയുണ്ടെന്ന് വിശദീകരിച്ചത്.

ഇതിനെതിരെ ബിജെപി ഉൾപ്പെടെ നേരത്തെ യുവതീ പ്രവേശനത്തെ എതിർത്തവർ ഒന്നിച്ചു. പിന്നാലെ നിര്‍ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്ല ലക്ഷ്യങ്ങൾ മാത്രമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അന്തിമ തീരുമാനം വരുന്നത് വരെമുന്‍പ് ഉണ്ടായ അതേ രീതിയില്‍ പ്രവേശനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

പോലീസുകാര്‍ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയ കൈപ്പുസ്തകത്തിലെ പൊതുനിര്‍ദേശങ്ങളില്‍ ആദ്യത്തേതായിരുന്നു സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശം അനുവദിച്ചിട്ടുള്ളതാണ് എന്നത്. രണ്ടാമതായി ഇങ്ങനെ പറയുന്നുണ്ട്.