സി വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ

0

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1977 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ചീഫ് സെക്രട്ടറി റാങ്ക് വരെയെത്തി. വിരമിച്ച ശേഷം 2019 ൽ ബിജെപിയില്‍ ചേര്‍ന്നു.

സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു. കേരളത്തെ കൂടാതെ പശ്ചമി ബംഗാൾ, തമിഴ്നാട് തുടങ്ങി കേന്ദ്ര ഇതര മുന്നണി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം ഗവർണർ തസ്തികയിൽ എത്തുന്നവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഭരണഘടനാ പരമായ ചർച്ചകളിലേക്ക് വഴിതുറക്കുന്ന സാഹചര്യത്തിലാണ് ആനന്ദബോസിൻ്റെ നിയമനം.

മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന് ശേഷം മണിപ്പുര്‍ ഗവര്‍ണര്‍ എല്‍. ഗണേശന്‍ പശ്ചിമബംഗാളിന്റെ ഗവര്‍ണറായി അധികചുമതല വഹിച്ചുവരികയായിരുന്നു. ഗവർണർ സ്ഥാനമേൽക്കുന്ന 20-ാമത്തെ മലയാളിയും നരേന്ദ്ര മോദി ഭരണകാലത്ത് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയുമാണ് സി.വി ആനന്ദബോസ്. ഗ്രന്ഥകാരനും കോളമിസ്റ്റുമാണ്. ജവഹർലാൽ നെഹ്റു ഫെലോഷിപ്പ് നേടിയിട്ടുണ്ട്.

വാഗ്ദാന ലംഘനം: സംയുക്ത കർഷക സംഘം വീണ്ടും തെരുവിലേക്ക്

കർഷക സംഘടനകൾ രാജ്യത്തെ കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കർഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്.

ദില്ലി മാർച്ചിന്റെ വാർഷിക ദിനത്തിലാണ് പ്രതിഷേധം വീണ്ടും തെരുവിലേക്ക് എത്തുന്നത്. സിപിഐഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയും സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെത് നാണം കെട്ട വാഗ്ദാന ലംഘനമെന്ന് കർഷക സംഘടനകളുടെ നേതാക്കൾ ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. 

താങ്ങുവില ഉൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. 2023 നകം താങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി. സിസംബർ 1 മുതൽ 11 വരെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എംപി, എംഎൽഎ ഓഫീസുകളിലേക്കും മാർച്ച് നടത്തും.

നോട്ടു നിരോധനം: പുതിയ വിശദീകരണവുമായി സർക്കാർ സുപ്രീം കോടതിയിൽ

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകളുടെ വലിയ തോതിലുള്ള വ്യാപനമാണ് നോട്ടു നിരോധിക്കാന്‍ കാരണമായതെന്ന പുതിയ വിശദീകരണവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ക്കുള്ള മറുപടിയായി സുപ്രീംകോടതിയില്‍ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് പുതിയ കാരണങ്ങൾ നിരത്തിയത്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 24-ന് കേസ് പരിഗണിക്കും.

കള്ളനോട്ട്, കള്ളപ്പണം, ഭീകരര്‍ക്ക് സഹായധനം, നികുതിവെട്ടിപ്പ് തുടങ്ങിയവ തടയാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു നടപടിയെന്നും തുടർന്ന് വിശദീകരിക്കുന്നു.

റിസര്‍വ് ബാങ്കുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയും മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്. റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശപ്രകാരമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പദ്ധതി നടത്തിപ്പിന് കരടു പദ്ധതിയും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരുന്നു എന്നും പറയുന്നു.

വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചുള്ള സാമ്പത്തികനയ തീരുമാനമാണ് സര്‍ക്കാരെടുത്തതെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

2011-ലെ സെന്‍സസ് പ്രകാരം 48 കോടി തൊഴിലാളികളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നവര്‍. ഇതില്‍ 40 കോടിയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഔദ്യോഗിക മേഖലയിലും അനൗദ്യോഗിക മേഖലയിലുമുള്ള തൊഴില്‍ രംഗത്തെ ഈ അന്തരം അവസാനിപ്പിക്കാന്‍കൂടി വേണ്ടിയായിരുന്നു നോട്ടു നിരോധനമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ ഇടപാടുകളെ ഡിജിറ്റലൈസ് ചെയ്യുക എന്നതും നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായിരുന്നെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നായിരുന്നു തുടക്കത്തിൽ സർക്കാർ അവകാശപ്പെട്ടിരുന്നത്. വലിയ തോതിൽ കള്ളപ്പണം തിരിച്ചെത്തും എന്നുമവകാശപ്പെട്ടു. എന്നാൽ റിസർവ്വ് ബാങ്ക് കണക്കുകൾ തന്നെ ഇതിന്നെതിരായി. വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യത്തിനും ഇത് കാരണമായി.

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നൊട്ടീസ്

തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ് എം.എല്‍.എ മാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തുഷാര്‍ വെള്ളാപള്ളിക്ക് തെലങ്കാന പോലീസ് നോട്ടീസ് നൽകി. ഈ മാസം 25-ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന്‌ ഹാജരാകണമെന്നാണ് നിര്‍ദേശം. ആലപ്പുഴ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്.

എം.എല്‍.എമാരെ കൂറു മാറ്റാന്‍ തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നൊട്ടീസ്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നേരിട്ടായിരുന്നു തുഷാര്‍ വെള്ളാപള്ളിയുടെ പങ്കാളിത്തം വ്യക്തമാക്കിയത്. ഇതിനുപിന്നാലെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ ഓപ്പറേഷൻ താമരയുടെ ഭാഗമായി ഭരണം അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുന്നതായുള്ള സംഭവങ്ങൾക്ക് ഇടയിലാണ് ചിത്രങ്ങൾ സഹിതം തെലങ്കാന മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തൽ നടത്തിയത്. ഓപ്പറേഷൻ താമര ദല്ലാൾമാരുടെ നേതാവായാണ് തുഷാർ വെള്ളാപ്പള്ളി വെളിപ്പെടുത്തപ്പെട്ടിട്ടുള്ളത്

വെളിച്ചെണ്ണയിൽ മായം കൂടുന്നു, കൊപ്ര മണക്കുന്ന ഓയിലുകൾ വിപണി കീഴടക്കി, പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്

മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ബ്രാന്‍ഡ് രജിസ്ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന് ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതും നിയമ നടപടിയ്ക്ക് വിധേയമാക്കുന്നതുമാണ്. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു.

കമ്പനി തുടങ്ങൂ കൊപ്ര ഇല്ലാത്ത വെളിച്ചെണ്ണ റെഡി

വെളിച്ചെണ്ണ ഉല്പാദകരെ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. ഒരു സ്ഥാപനം തുടങ്ങിയാൽ ലാഭ നഷ്ടം കണക്കാക്കി പരിഹാര നിർദ്ദേശവുമായി കൃത്രിമ വെളിച്ചെണ്ണ വിതരണ സംഘങ്ങളുടെ ഏജൻ്റുമാർ എത്തും. പാരഫിൻ കലർന്ന കൃത്രിമ എണ്ണ വെളിച്ചെണ്ണയുടെ മണം വരുത്തി എത്തിച്ച് നൽകിുന്നതാണ് രീതി.

ഇതിൽ വെളിച്ചെണ്ണ ചേർത്തും അല്ലാതെയും വിൽക്കാം. മൂന്നും നാലും ഇരട്ടി ലാഭം എന്നതാണ് വാഗ്ദാനം. വെളിച്ചെണ്ണ ബ്രാൻ്റുകൾ പരിശോധിച്ച് ഇവ കണ്ടെത്താം എങ്കിലും നടപടി വിരളമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം ക്രിത്രിമ ഓയിലുകൾ എത്തുന്നത്. പ്രസിദ്ധമായ ഒരു ബ്രാൻ്റ് കമ്പനി തന്നെ വെളിച്ചെണ്ണയുടെ മണം കലർത്തി ഓയിൽ വിൽക്കുന്നുണ്ട്. നിയമ തടസം മറികടക്കാൻ കോക്കനട്ട് ഓയിൽ എന്ന് അവകാശപ്പെടുന്നില്ല. തെങ്ങിൻ്റെയും കൊപ്രയുടെയും ചിത്രം കൊടുക്കും എന്നു മാത്രം.

ഇത് പ്രാദേശിക കൊപ്രയാട്ടു മില്ലുകൾക്ക് കൂടി പരിചയപ്പെടുത്തുകയാണ് ഏജൻസികൾ വഴി ചെയ്യുന്നത്. ഇത്തരത്തിൽ പല ബ്രാൻ്റുകൾ എത്തുമ്പോൾ സത്യസന്ധരായ ഉല്പാദകർക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരും. അവരും ക്രിത്രിമത്തിന് പിന്നാലെ പോവേണ്ടി വരും. വിശ്വസിക്കാവുന്നത് ഏത് എന്ന് പൊതു ജനത്തിന് തിരിച്ചറിയാനും പറ്റാതാവും.

ചന്ദ്രനിലേക്ക് വീണ്ടും; ആർട്ടെമിസ് വിക്ഷേപണം വിജയം

നാസയുടെ ചാന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ആര്‍ട്ടെമിസ് ദൌത്യത്തിൻ്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം ‘ആര്‍ട്ടെമിസ്-1’ വിജയകരമായി. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് തൊടുത്തുവിട്ടത്.

നേരത്തെ എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്എല്‍എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ വീണ്ടും എത്തിച്ചത്.

നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസിന്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം ‘ആര്‍ട്ടെമിസ്-1’ വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് വിക്ഷേപിച്ചത്.

വിക്ഷേപണത്തിന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം കോർ സ്‌റ്റേജ് എഞ്ചിനുകൾ ഓഫ് ആവുകയും റോക്കറ്റിൽനിന്ന്‌ വേര്‍പെടുകയും ചെയ്തു. ഇതോടെ ഓറിയോണ്‍ പേടകം ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജിലേക്ക് (ഐസിപിഎസ്) കടന്നു. ഓറിയോണ്‍ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളും നിവര്‍ത്തി.

നേരത്തെ എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്എല്‍എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ എത്തിച്ചത്. ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് രണ്ട് ദിവസം വൈകിയാണ് വിക്ഷേപണം നടത്തിയത്.

വിക്ഷേപണം വിജയം

ശക്തിയേറിയ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ആർട്ടെമിസ് 1 വിക്ഷേപിച്ചത്. നാല് ആര്‍എസ്-25 എഞ്ചിനുകളില്‍ നിന്നും അഞ്ച് സെഗ്മെന്റ് ബൂസ്റ്ററുകളില്‍ നിന്നുമായി 39 ലക്ഷം കിലോഗ്രാമിന്റെ തള്ളലാണ് (ത്രസ്റ്റ്) വിക്ഷേപണത്തിനിടെ സൃഷ്ടിക്കപ്പെടുക. വിക്ഷേപണ ശേഷം ബൂസ്റ്ററുകള്‍, സര്‍വീസ് മോഡ്യൂള്‍, ലോഞ്ച് അബോര്‍ട്ട് സിസ്റ്റം എന്നിവ വേര്‍പെട്ടു. റോക്കറ്റിന്റെ പ്രധാന ഭാഗം പേടകത്തില്‍ നിന്ന് സ്വതന്ത്രമായി സഞ്ചരിച്ച് തുടങ്ങി.

എന്താണീ ക്യൂബ് സാറ്റ്

വിക്ഷേപണത്തിന് ശേഷം പേടകം ഭൂമിയെ ചുറ്റുകയും അതിന്റെ സൗരോര്‍ജ പാനലുകള്‍ വിന്യസിക്കുകയും ചെയ്യു. ശേഷം പേടകത്തിലെ ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) പ്രവര്‍ത്തിച്ച് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രനിലേക്ക് കുതിക്കാന്‍ സഹായിക്കും. വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ സമയത്തിന് ശേഷം ചന്ദ്രനിലേക്കുള്ള സഞ്ചാര പഥത്തില്‍ വെച്ച് പേടകത്തില്‍ നിന്ന് ഐസിപിഎസ് വേര്‍പെടും.

വേര്‍പെട്ട് കഴിഞ്ഞയുടന്‍ ഐസിപിഎസ് ക്യൂബ്‌സാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറു ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് വിന്യസിക്കും. ജീവനുള്ള പദാര്‍ത്ഥത്തിന് ശൂന്യാകാശത്തെ റേഡിയേഷനില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി യീസ്റ്റ് വഹിച്ചുകൊണ്ടുള്ള ബയോ സെന്റിനല്‍ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ വിവിധ ശാസ്ത്ര ഗവേഷണ-പരീക്ഷണങ്ങള്‍ ലക്ഷ്യമിട്ടുള്ളവയാണ് ക്യൂബ് സാറ്റുകള്‍.

ഭൂമിയിലെ പിടുത്തം വിട്ട് ചന്ദ്രൻ്റെ ഭ്രമണ പഥത്തിൽ

ഐസിപിഎസ് വേര്‍പെട്ടതിന് ശേഷം ചന്ദ്രനിലേക്കുള്ള യാത്രയില്‍ പേടകത്തെ നയിക്കുക യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തയ്യാറാക്കിയ ഒരു സര്‍വീസ് മോഡ്യൂള്‍ ആണ്. പേടകത്തിന്റെ സഞ്ചാരത്തിനുള്ള ഊര്‍ജവും പ്രൊപ്പല്‍ഷനും നല്‍കുന്നതിന് പുറമെ വെള്ളവും വായുവും വഹിക്കാനുള്ള ശേഷിയും ഈ സര്‍വീസ് മോഡ്യൂളിനുണ്ട്. മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്നതിനാണിത്.

ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തുന്ന പേടകം ആറ് ദിവസത്തോളം ചന്ദ്രനെ ചുറ്റുകയും വിവര ശേഖരണം നടത്തുകയും ചെയ്യും. ഈ സമയം ദൗത്യ സംഘത്തിന് പേടകത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനാവും.

ആറ് ദിവസത്തിന് ശേഷം ഓറിയോണ്‍ പേടകം വീണ്ടും ചന്ദ്രനടുത്തേക്ക് നീങ്ങും. ഉപരിതലത്തില്‍ നിന്ന് ഏകദേശം 95 കിമീ ഉയരത്തിലെത്തും. ശേഷം പേടകത്തിന്റെ സര്‍വീസ് മോഡ്യൂളിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി പേടകം ഭൂമിയെ ലക്ഷ്യമിട്ട് കുതിക്കും.

ഒരു സെക്കൻ്റിൽ 11 കിലോ മീറ്റർ

ആറാഴ്ചകള്‍ക്ക് ശേഷം 30 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കുക. മണിക്കൂറില്‍ 40000 കിമീ വേഗതയിലായിരിക്കും ഈ തിരിച്ചുവരവ്. വ്യക്തമായി പറഞ്ഞാല്‍ ഒരു സെക്കന്റില്‍ 11 കിലോമീറ്റര്‍ വേഗം. 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപമാണ് ഈ തിരിച്ചിറങ്ങിലിനിടെ സൃഷ്ടിക്കപ്പെടുക. ഈ താപത്തെ അതിജീവിക്കാന്‍ സാധിച്ചാല്‍. പേടകം കാലിഫോര്‍ണിയക്കടുത്ത് കടലില്‍ വന്ന് പതിക്കും. അവിടെ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ കാത്തുനല്‍ക്കുന്നുണ്ടാവും. യുഎസ് മുങ്ങല്‍ വിദഗ്ദര്‍ എത്തുന്നത് വരെ പേടകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. 

ആ കത്ത് ഭാവനാ സൃഷ്ടിയെന്ന് കെ സുധാകരൻ

0

തന്റെ പേരില്‍ രാഹുൽ ഗാന്ധിക്ക് എഴുതിയതായി പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ടെന്നും സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുലിനെ അലോരസപ്പെടുത്തില്ല.

‘ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിവാക്കണം, വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകുന്നില്ല എന്നിങ്ങനെ ആരോപിക്കുന്നതായുള്ള കത്താണ് കെ സുധാകരൻ്റെ പേരിൽ വാർത്തയായത്.

കോണ്‍ഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതില്‍ നിന്ന് തന്നെ സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം ഒരു വാര്‍ത്തയുടെ ബുദ്ധികേന്ദ്രം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകിലുണ്ട്. അത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തകര്‍ കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഇങ്ങനെയായാൽ വെള്ളരിയും കുമ്പളവും ചീരയും ഇനി ഗൾഫുകാരാവും; മലയാളി ടച്ചിൽ ഹരിത വിപ്ലവം

മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്

ഗൾഫിൽ മലയാളി കുടുംബങ്ങളുടെ പച്ചക്കറി വിപ്ലവം ആവേശകരമായി മുന്നേറുകയാണ്. മരുഭൂമി അത്ര വരണ്ടതല്ലെന്നാണ് മട്ടുപ്പാവുകളിൽ അവർ വിളയിച്ച കായ്കനികൾ പച്ചയ്ക്ക് പറയുന്നത്. വെള്ളരി, കുമ്പളം, ചീര, വഴുതിന, മുളക് മുതൽ ഞാലി പൂവനും ഷമാമും വരെ വിളവ് ഹരിതകേരളത്തെക്കാൾ സമൃദ്ധമാണ്. പല ഗൾഫ് രാജ്യങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നവരുടെ സോഷ്യൽ മീഡിയ കൂട്ടായ്മകൾ വരെയുണ്ട്. വീട്ടമ്മമാർ മാത്രല്ല, വീട്ടിൽ ഇരിക്കുന്നവരുമല്ല. പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തി ചെറിയ സമയത്തിനിടയിലും കൃഷി ആനന്ദമായി സ്വീകരിച്ചവരാണ്. വിനോദമായി തുടങ്ങിയ കൃഷി ഇപ്പോൾ കുടുംബകാര്യവുമാണ്.

കേരളത്തിൽ മട്ടുപ്പാവ് കൃഷിക്ക് സർക്കാർ പദ്ധതിക്കു കീഴിൽ ചട്ടിയും മണ്ണും വളവും ഒപ്പം തന്നെ മുളപ്പിച്ച ചെടിയും നൽകുന്നുണ്ട്. എന്നിട്ടും വിളവ് പ്രതീക്ഷയ്ക്ക് ഒപ്പമില്ല. കീടവും കാലാവസ്ഥയും വളപ്രയോഗവും എല്ലാം പ്രശ്നം.

എന്നാൽ ഗൾഫ് മലയാളികൾ തീർക്കുന്നത് അവരുടെ മാത്രം മുൻകൈയ്യിലുള്ള വിപ്ലവമാണ്. ഉപയോഗത്തിനായ് വാങ്ങുന്ന പച്ചക്കറികളുടെ വിത്തുകൾ നട്ടുനോക്കിയാണ് തുടക്കം. മുളപ്പിച്ച് കായ്പിച്ച് സ്വയം പരീക്ഷിച്ച് വിജയിച്ചവർ മാതൃകയായി. ഒപ്പം അലങ്കാര ചെടികളുടെ കൂട്ടത്തിൽ ഒന്നും രണ്ടും വിത്തുകൾ പാകി പരീക്ഷണം നടത്തിയവരുണ്ട്. അവരെല്ലാം ഇപ്പോൾ തഴച്ചു വളരുന്ന പച്ചക്കറികൾക്കൊപ്പം സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ്. മരുഭൂപ്രദേശങ്ങളിലെ തെളിഞ്ഞ ആകാശവും ചൂടും നാട്ടിലെക്കാൾ അനുകൂലമാണെന്നാണ് കണ്ടെത്തൽ. പച്ചക്കറികൾക്ക് ആവശ്യം അതാണ് കൂടെ മണ്ണും കരുതലും വേണം എന്നു മാത്രം.

നവംബറോടെയാണ് ഖത്തറിൽ പച്ചക്കറി സീസൺ ആരംഭിക്കുന്നു എന്നാണ് മലയാളി കണ്ടുപിടുത്തം. നേരത്തെ ആരും ഉപദേശിച്ചതല്ല. പരീക്ഷിച്ച് അനുഭവിച്ച് മനസിലാക്കിയതാണ്. ഗൾഫ് രാജ്യങ്ങളിൽ പൊതുവെ തണുപ്പ് തുടങ്ങുന്ന കാലം എന്നാണ് ഈ സീസൺ നിശ്ചയത്തിന് അർത്ഥം. രാജ്യങ്ങൾക്ക് അനുസരിച്ചും കാലാവസ്ഥ അനുസരിച്ചും മാസക്രമം നോക്കിയാൽ ഇത്തിരി മാറാം. എന്തായാലും ഏപ്രിൽ വരെ വിളകൾ തഴച്ചു വളരും. എല്ലാ സീസണിലും വളരുന്നവയും ഉണ്ടെന്നതും അനുഭവമാണ്. കറിവേപ്പില ഇതിന് ഉദാഹരണമാണെന്ന് ഖത്തറിൽ വീട്ടമ്മയായ ഷമ്മു ഷാനഹാസ് പറയുന്നു. ഏപ്രിൽ ആയതോടെ മറ്റു വിളകൾ എല്ലാം ചൂട് താങ്ങാനാവാതെ വാടി. എന്നാൽ ഫ്ലാറ്റിലെ പുറം വരാന്തയിൽ കറിവേപ്പില തെഴുത്തു നിന്ന അനുഭവം അവർ പങ്കു വെക്കുന്നു.

മണ്ണ് വില കൊടുത്ത് വാങ്ങിക്കയാണ് ചെയ്യുന്നത്. ഇന്ത്യൻ രൂപ 600 കൊടുത്താൽ 25 കിലോ മണ്ണ് കിട്ടും. ഗ്രോ ബാഗ് അല്ലെങ്കിൽ ചട്ടി അല്ലെങ്കിൽ പഴയ പാത്രങ്ങളും ഒഴിഞ്ഞ ജാറും ചാക്കും, ഏതിലായാലും വിത്തു വിതയ്ക്കാം. നാട്ടിലെ പോലെ കീടങ്ങളുടെ ആക്രമണം കുറവാണ്. നല്ല ചൂടായതിനാൽ കീടങ്ങൾക്ക് അത്ര എളുപ്പമല്ല അതിജീവനം. ഇത് ഒരേ വലിപ്പത്തിലും മികവിലും വിളവ് ലഭിക്കാൻ സഹായകമാണ്. കീടനാശിനി ഇല്ലാത്ത ഫലങ്ങൾ കിട്ടും

സബ്‌ന റയീസ് ഇത്തവണ വെള്ളരിയിലാണ് വിജയം കൊയ്തത്. പ്രതീക്ഷിച്ചതിലും അധികം വിളവ് ലഭിച്ചതിൽ അവർ ആശ്ചര്യവതിയുമായി. വില്ലയുടെ മുറ്റത്താണ് അവരുടെ കൃഷി. വില്ലയിലെ സൌകര്യത്തിൽ അവർ ജൈവ വളവും സ്വന്തമായി നിർമ്മിക്കുന്നുണ്ട്. അടുക്കളയിൽ ഉണ്ടാകുന്ന വേസ്റ്റും ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറി വളർത്താനായി ശേഖരിച്ച് പ്രയോജനപ്പെടുത്തുകയാണ്.

 നാട്ടിൽ കോളിജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായിരുന്നു. കുടുംബത്തിനൊപ്പം ഗൾഫിൽ എത്തിയതാണ്. ഇത്തവണ വേൾഡ് കപ്പ് വളണ്ടിയർ ഉത്തരവാദിത്തം കൂടി ഉണ്ടെങ്കിലും കൃഷി കൈവിടാൻ ഉദ്ദേശമില്ല. നാട്ടിലെക്കാൾ സമൃദ്ധമായാണ് വെള്ളരിയും കോവക്കയും വളർന്നു പടരുന്നത്. ഒരു വെള്ളരിക്ക് നൂറു രൂപ കൊടുക്കണം. ഇപ്പോൾ വാങ്ങിക്കാറില്ല. വെണ്ട രണ്ടു തരം ഉണ്ട്. ഫ്രഷ് എന്നതു മാത്രമല്ല ശരിക്കും ജൈവം കൂടിയായ പച്ചക്കറികൾ പാർപ്പിടത്തിലുണ്ട്.

നാട്ടിലെ പോലെ നിലത്ത് മണ്ണ് അല്ല. കോൺക്രീറ്റിന് മുകളിൽ വിലക്കു വാങ്ങിയ മണ്ണിട്ടാണ് നിലം ഒരുക്കുന്നത്. ഓരോ സീസണിലും വളങ്ങൾ ചേർത്ത് ഫലഭൂയിഷ്ഠമാക്കാം. മാത്രമല്ല കൃഷി തുടങ്ങുന്നതോടെ ജൈവാംശം കൂടുകയും ചെയ്യും. എന്നാൽ എല്ലാവരുടെയും സൌകര്യം ഇതല്ല. മുകൾ നിലകളിൽ താമസിക്കുന്നവർ വെളിച്ചം കിട്ടുന്ന ഭാഗത്ത് ഇൻഡോർ ആയോ വരാന്തയിലോ വിളകൾ നട്ടു പിടിപ്പിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ കൂട്ടായ്മകൾ പരസ്പരം വിത്ത് കൈമാറുന്നുണ്ട്. സീസൺ തുടങ്ങുന്നതോടെ ഗ്രൂപ്പുകൾ ആക്ടീവ് ആകും. ആവർത്തന വിരസമായ അവസരങ്ങളിൽ പലർക്കും ഇത് പുതിയ പച്ചപ്പ് കൂടിയാണ്. ഇങ്ങനെ മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്. സർക്കാരും ഭരണ സംവിധാനങ്ങളും അറിയാത്ത നിശ്ശബ്ദ വിപ്ലവമാണിത്.

വീടും കുടുംബവുമായി ബന്ധപ്പെട്ട കൃഷി സങ്കല്പം ഒന്നും ഗൾഫ് രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങൾക്ക് ഇല്ല. ഉള്ളവ സംഘടിതമായ വൻ സംവിധാനങ്ങളാണ്. പ്രത്യേകം ശീതീകരിച്ച സംവിധാനത്തിലാണ് ഇവ കൃഷി ചെയ്യപ്പെടുന്നത്. തദ്ദേശീയർക്ക് സർക്കാർ ആവോളം സഹായവും ഇതിനായി നൽകുന്നു. പരദേശികൾക്ക് പ്രത്യേക പദ്ധതികൾ ഒന്നുമില്ല. പക്ഷെ, മലയാളി സ്വയം വ്യത്യസ്തമായ ഒരു കൃഷി സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്

നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ദീർഘകാലത്തേക്ക് ജോലി ആവശ്യത്തിന് ഗൾഫിൽ എത്തുന്നവരാണ് ഇത്തരത്തിൽ ചെടികൾ വളർത്തിയിരുന്നത്. അത് അധികവും അലങ്കാര ചെടികൾ ആയിരുന്നു. അറബ് വീടുകളിൽ നിന്നും കടം കൊണ്ട ചെടികളുമായിരുന്നു. കേവലം അലങ്കാരം എന്നതിൽ നിന്നും മാറി ചിന്തിച്ച് തുടങ്ങിയാണ് മലയാളി മാതൃക തീർത്തത്. അടുക്കള തോട്ടത്തിൻ്റെ ഗൃഹാതുരത രുചിയിൽ മാത്രം ഒതുങ്ങിയില്ല. അതിനായി കൃഷി തന്നെ പരീക്ഷിക്കുന്നതിലും എത്തിച്ചു. അതിൻ്റെ വിജയം ആവട്ടെ ഇവിടങ്ങളിൽ ഒരു പുതിയ കാർഷിക സാധ്യത തുറക്കുകയുമാണ്.

മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോളടിക്കാൻ കേരളം

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി ‘ഗോൾ ചലഞ്ച് ‘ പരിപാടി ബുധനാഴ്ച ആരംഭിക്കും. മയക്കുമരുന്നിന് എതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, സാംസ്‌കാരികരംഗത്തെ പ്രമുഖരും ഗോളടിച്ച് പങ്കെടുക്കും.

ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൻ്റെ ഭാഗമാക്കാനാണ് ലക്ഷ്യം.
എല്ലാ വിദ്യാലയത്തിലും തദ്ദേശ സ്വയംഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. ജനുവരി 26 വരെയാണ് രണ്ടാംഘട്ട മയക്കുമരുന്ന് വിരുദ്ധപ്രചാരണം.

തദ്ദേശ സ്വയം ഭരണ വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഗോൾ പോസ്റ്റ് തയ്യാറാക്കും, എപ്പോൾ വേണമെങ്കിലും ആർക്കും എത്തി ഗോളടിക്കാാം. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ബോർഡുകൾ സ്ഥാപിക്കും. ബോളിലും നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോൾ ചലഞ്ച് ഉദ്ഘാടനവും പെനാൾട്ടി ഷൂട്ടൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഉണ്ടാവും.

തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. ഡിസംബർ 18 വരെ ഗോൾ പോസ്റ്റ് നിലനിർത്താം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 17,18 തീയതികളിലും സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡൻറ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ 28 മുതൽ ഡിസംബർ 10വരെയുമാണ് ഗോൾ ചലഞ്ച്. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10 മുതൽ 18 വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും.

കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം, കുറ്റപത്രം സമർപ്പിച്ചു

കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ്  കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.  മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ സുഹൃത്ത് പയ്യോളി സ്വദേശിയായ അർഷാദ്  ആണ് പ്രതി. കേസിൽ നൂറിലേറെ തെളിവുകളും 150 സാക്ഷികളും ഉൾപ്പെട്ടിട്ടുണ്ട്.

അർഷാദിനെതിരെ കൊലക്കുറ്റത്തിന് പുറമെ മോഷണം, തെളിവ് നശിപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആഗസ്റ്റ് 16 ന് ആണ് സജീവ് കൃഷ്ണൻ്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ  ഫ്ലാറ്റിലെ ഡക്ടിൽ കണ്ടെത്തിയത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

അര്‍ഷാദിനെ ഒറ്റയ്ക്ക് കൊല ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു പൊലീസിൻ്റെ ആദ്യഘട്ടത്തിലെ നിഗമനം. ഡക്ടറ്റിലേക്ക് എങ്ങിനെ മൃതദേഹം എത്തിച്ചു എന്നതും സംശയിച്ചു. വിശദമായ അന്വേഷണത്തിന് ഒടുവിൽ അര്‍ഷാദ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതതായി കണ്ടെത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സജീവ് കൃഷണയെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. ലഹരി ഇടപാട് നടത്തിയിരുന്ന അർഷാദിന് കൊല്ലപ്പെട്ട സജീവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അര്‍ഷാദിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊലയ്ക്ക് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കാസര്‍കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. അന്നേരവും ഇയാൾ മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള മയക്ക്മരുന്ന ഇടപാടുകാർക്ക് അർഷാദുമായി അടുപ്പമുണ്ടായിരുന്നതായും പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.