സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. 269 പേർക്കാണ് ഈ മാസം തുടങ്ങിയതോടെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേർ മരിച്ചു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 3 പേർ മരിച്ചു.
ഈ വർഷം ഇതുവരെ 3717 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണം 26 ആയി. ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.
ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ.
കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലടക്കം ഒപ്പിടാതെ നിൽക്കുന്ന ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തി ഇടത് സംഘടനകൾ പ്രതിഷേധിച്ച ദിവസം തന്നെയാണ് തമിഴ്നാട് ഗവർണർ തിരുവനന്തപുരത്തെത്തി കേരള ഗവർണറുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ നേതാവ് തിരുച്ചി ശിവ കേരളത്തിൽ എത്തി ഗവർണർക്കെതിരായ സമരത്തിന് ദേശീയമുഖം നൽകാൻ ശ്രമിക്കുമ്പോഴാണ് തമിഴ്നാട് സർക്കാർ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെടുന്ന ആർ എൻ രവിയെ കേരള ലോകായുക്ത ക്ഷണിച്ചു വരുത്തിയത്. മാത്രമല്ല തമിഴ്നാട് സർക്കാരും ഗവർണറെ തിരികെ വിളിക്കണം എന്ന് ആവശ്യപ്പെട്ട് ആർ എൻ രവിയ്ക്ക് എതിരെ ആവശ്യം ഉന്നയിച്ചിരുന്നു.
നിയമ മന്ത്രി പി രാജീവിനൊപ്പം വേദി പങ്കിട്ടാണ് തമിഴ്നാട് ഗവര്‍ണറുടെ വാക്കുകളെന്നതും എന്നുള്ളതും ശ്രദ്ധേയമാണ്. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങൾ ഇല്ലാതാക്കാൻ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും ശ്രമിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കണക്കുകൾ നിരത്തി സമർത്ഥിച്ചാണ് പി രാജീവ് മറുപടി നല്‍കിയത്. ലോകായുക്ത നിയമ ഭേദഗതിയേയും അദ്ദേഹം ന്യായീകരിച്ചു.
ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി പങ്കെടുത്തത്. തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ആര്‍.എൻ രവിയുടെ പറഞ്ഞത്
ഈ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എനിക്ക് പല കാരണങ്ങളുണ്ട്. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്‍റെ ദീര്‍ഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിന്‍റെ പ്രാധാന്യമാണ് മറ്റൊരു കാരണം. മറ്റൊന്ന് കേരളത്തിൽ ഇങ്ങനെയൊരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുമ്പോൾ കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എനിക്കത് നിരസിക്കാനാവില്ല. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കാൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും.
ഗുജറാത്തില്‍ 135 പേരുടെ മരണത്തിന് ഇടയാക്കി തകര്‍ന്ന മോര്‍ബി തൂക്കുപാലത്തിൻ്റെ അറ്റകുറ്റപ്പണി കരാര്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്ന് ഹൈക്കോടതി. ഒറേവ ഗ്രൂപ്പിന് കീഴിലെ അജന്ത മാനുഫാക്ചറിങ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന കണ്ടെത്തിലിന് പിന്നാലെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യം.
ഒന്നരപ്പേജ് മാത്രമുള്ള കരാര്‍ നിബന്ധനകളിലാണ് മോര്‍ബി മുന്‍സിപ്പാലിറ്റിയും കമ്പനിയും ഒപ്പുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നൂറുവർഷം പഴക്കമുള്ള പാലത്തിൻ്റെ അറ്റകുറ്റ പണി ഏല്പിച്ചത് ക്ലോക്ക് നിർമ്മാണ കമ്പനിയെ
മുന്‍സിപ്പാലിറ്റിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ കൃത്യവിലോപമുണ്ടായെന്ന് നിരീക്ഷിച്ച കോടതി, അതിന്മേലെടുത്ത നടപടികളുടെ വിവരം കോടതി അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. 2008-ല്‍ കമ്പനിയും രാജ്‌കോട് കളക്ടറും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം 2017 വരെയാണ് കമ്പനിക്ക് തൂക്കുപാലം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍, അതിന് ശേഷവും കമ്പനി വാടക പിരിക്കുന്നതടക്കം തുടര്‍ന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാലത്തിന് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മിഷനും കഴിഞ്ഞ നവംബര്‍ ഏഴിന് കോടതി നോട്ടീസ് നല്‍കിയിരുന്നു.
ക്ലോക്ക് നിർമ്മാണ കമ്പനി കരാർ ഏറ്റെടുത്ത് ദേവപ്രകാശ് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൈമാറുയായിരുന്നു. Odhavji Raghavji Patel തുടങ്ങിയ കമ്പനിയാണ് അജന്ത, വൈദ്യുത ഉൽപാദന രംഗത്തും എൽ ഇ ഡി ബൾബുകൾ, ബൈക്ക്, ടൈൽസ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ നിർമ്മാണ രംഗത്തും പ്രസിദ്ധമായ കമ്പനിയാണ്. അനുബന്ധമായി റിയൽ എസ്റ്റേറ്റ് ബിസിനസിലും ഇടപെടുന്നു. ഇതിനിടെയാണ് പാലത്തിൻ്റെ കരാർ.
ഗുജറാത്ത് തിരഞ്ഞെടുപ്പിലും ചൂടുള്ള വിഷയം, ബലിയായത് 135 ജീവനുകൾ
കഴിഞ്ഞ ഒക്ടോബര്‍ 30-ന് തൂക്കുപാലം തകര്‍ന്നതിനെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും ഇത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തരമന്ത്രാലയം, മുന്‍സിപ്പാലിറ്റീസ് കമ്മീഷണര്‍, മോര്‍ബി മുന്‍സിപ്പാലിറ്റി, ജില്ലാ കലക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെയായിരുന്നു കേസില്‍ കക്ഷി ചേര്‍ത്തിരുന്നത്.
അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയായിരുന്നു ആമിർഖാൻ്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഇതിനുശേഷം സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ആമിർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ച് അഭിനയ രംഗത്തു നിന്നും വിടുതൽ പ്രഖ്യാപിച്ചിരിക്കയാണ് താരം
ടോം ഹാങ്ക്സ് നായകനായി 1994-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കായിരുന്നു ആമിറിന്റെ കഴിഞ്ഞ ചിത്രമായ ലാൽ സിംഗ് ഛദ്ദ. റീലീസിനോടടുപ്പിച്ച് ട്വിറ്ററിൽ വ്യാപകമായ രീതിയിൽ ചിത്രത്തിനെതിരെ ബഹിഷ്കരണ പ്രചാരണം അഴിച്ചുവിടപ്പെട്ടു. അസഹിഷ്ണുതയ്ക്ക് എതിരായ നടൻ്റെ അഭിപ്രായ പ്രകടനം മുൻനിർത്തിയായിരുന്നു ആക്രമണം. ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നതിനാൽ രാജ്യം വിടണമെന്ന് മുൻഭാര്യ കിരൺ റാവു പറഞ്ഞതായി 2015-ലെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു. ഇതിന്റെ ക്ലിപ്പുകൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചാണ് ലാൽ സിങ് ഛദ്ദ വിരുദ്ധ വിദ്വേഷ പ്രചാരണം .
ഇനി മക്കൾക്കും കുടുംബത്തിനും ഒപ്പം ചിലവഴിക്കണം
ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്. അഭിനയത്തിൽ നിന്ന് തത്ക്കാലം ഇടവേളയെടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽ സിങ് ഛദ്ദയ്ക്കുശേഷം ചാമ്പ്യൻസ് എന്നൊരു ചിത്രത്തിൽ ഞാൻ അഭിനയിക്കേണ്ടിയിരുന്നു. മനോഹരമായ കഥയും തിരക്കഥയുമായിരുന്നു അതിന്റേത്. പക്ഷേ കുടുംബത്തിനൊപ്പം ചെലവിടാൻ ഒരു ഇടവേളയെടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ആമിർ പറഞ്ഞു.
35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ തുടങ്ങിയവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ എനിക്കായില്ല. മകൾക്ക് ഇപ്പോൾ 23 വയസ്സായി. കുട്ടിക്കാലം തൊട്ട് അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. പക്ഷേ അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ എല്ലാം മനസ്സിലാകുന്നു, ആമിർ പറഞ്ഞു.
നടൻ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കും എന്നു പറഞ്ഞായിരുന്നു വിടുതൽ.
തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ്. എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷക സംഘം കേരളത്തിൽ. കൂറുമാറ്റാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതതിന് തുടർച്ചയായാണ് അന്വേഷക സംഘം എത്തിയത് എന്നാണ് കരുതുന്നത്. സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായി കൊച്ചിയിലും കൊല്ലത്തും തുടരുകയാണ്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഓപ്പറേഷൻ താമര ബന്ധം വെളിപ്പെടുത്തിയത്. തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന അന്വേഷണം തുടരുകയാണ്.
കേസിലെ മുഖ്യപ്രതി സതീഷ് ശര്‍മ്മയെന്ന രാമചന്ദ്രഭാരതി കാസര്‍ഗോഡുകാരനായ മലയാളിയാണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാളും രാമചന്ദ്രഭാരതിയും സുഹൃത്തുക്കളാണ്. തുഷാർ വെള്ളാപ്പള്ളിയും ഇതേ സംഘത്തിൻ്റെ ഭാഗമായി കുതിരക്കച്ചവടത്തിന് ദല്ലാളായി എന്നതാണ് കേസ്. ഇക്കാര്യങ്ങൾ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവിലാണ്. പരിചയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് തന്നെ സമീപിച്ചിട്ടില്ലെന്നാണ് കേസിനോട് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്.
യുവാവ് തൻ്റെ ലിവിങ് ടുഗദര്‍ പങ്കാളിയായ യുവതിയെ വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാനായി പല രാത്രികളിലായി കാട്ടിലും ഓടകളിലും മറ്റുമായി ഉപേക്ഷിച്ചു. 35 കഷണങ്ങളാക്കിയ പ്രിയതമയുടെ മൃതദേഹം പുതിയ റഫ്രിജറേറ്റർ വാങ്ങി ശീതീകരിച്ച് സൂക്ഷിച്ചു. ഇതിനു ശേഷം 18 ദിവസമെടുത്ത് വിവിധ സ്ഥലങ്ങളിൽ കളഞ്ഞു.
ഡൽഹിയിലെ മെഹ്റൗളി പൊലീസ് പരിധിയിലാണ് സംഭവം. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ വാക്കർ (26) എന്ന യുവതിയേയാണ് അഫ്താബ് അമിൻ പൂനെവാല (28) എന്ന കൂട്ടൂ പങ്കാളി വെട്ടിക്കീറിയത്. ആറുമാസം മുൻപ് നടന്ന കൊലപാതകം ഡൽഹി പൊലീസ് ആണ് ചുരുളഴിച്ചത്. ലിവിങ് ടുഗദർ ബന്ധത്തിന് ശേഷം വിവാഹത്തിന് നിർബന്ധിച്ചത് ഇരുവരുമായി നിരന്തര വഴക്കിന് കാരണമായി. ഇതിനിടയിൽ ഒരു ദിവസം ശ്രദ്ധ കൊല്ലപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബന്ധം തുടങ്ങിയത് ഡേറ്റിങ് ആപ്പിലൂടെ
ശ്രദ്ധ വാക്കർ മുംബൈയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്പോഴാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഡേറ്റിങ്ങിൽ ഏർപ്പെട്ടു. തുടര്‍ന്ന് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചില്ല. തുടർന്ന് ഇവര്‍ ഡല്‍ഹിയിലെ മെഹ്റൗളിയിലെ ഫ്‌ളാറ്റിലേക്ക് താമസംമാറി. ഇരുവരും ഒരുമിച്ച് ഫ്ലാറ്റിൽ താമിസിച്ചു. ഇടയ്ക്കിടയ്ക്ക് ഇരുവർക്കുമിടയിൽ തർക്കങ്ങളും ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പ്രിയപ്പെട്ടവളുടെ ശരീരം നുറുക്കി സൂക്ഷിക്കാൻ പുത്തൻ റഫ്രിജറേറ്റർ
മെയ് 18ന് ഇതേച്ചൊല്ലി തർക്കത്തിലേർപ്പെട്ടു. കലഹത്തിനിടെ യുവതി കൊല്ലപ്പെട്ടു. തുടർന്ന് യുവാവ് തെളിവ് നശിപ്പിക്കാനും കേസിൽ നിന്നും രക്ഷപെടാനുമായി തന്ത്രങ്ങൾ ആവഷ്കരിച്ചു. ധൈര്യം സംഭരിക്കാനായി നിരന്തരം ക്രൈം സീരീസുകൾ കണ്ടു. അമേരിക്കൻ ക്രൈം സീരീസ് ഡക്സ്റ്റർ നിരന്തരം കണ്ടിരുന്നതായി പൊലീസ് കണ്ടെത്തി.
ഇതിനു തുടർച്ചയായി മൃതദേഹം 35 കഷണങ്ങളാക്കി കൊത്തിനുറുക്കി. ഇതു സൂക്ഷിക്കാൻ വേണ്ടി 300 ലിറ്റർ ശേഷിയുള്ള ഒരു ഫ്രിഡ്ജും വാങ്ങിച്ചു. മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ തണുപ്പിച്ച് സൂക്ഷിച്ചു. കഷണങ്ങളായി സൂക്ഷിച്ച മൃതദേഹം പതിനെട്ടിടങ്ങളിലായിട്ടാണ് ഉപേക്ഷിച്ചത്.
മൃതദേഹം ഉപേക്ഷിക്കാൻ രാത്രി രണ്ടു മണി കഴിഞ്ഞാൽ ഓരോ കഷ്ണങ്ങളുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതായിരുന്നു പതിവ്. ഇത് കാടുകളിലടക്കം പതിനെട്ടിടങ്ങളിലായി നിക്ഷേപിച്ചു. സ്വാഭാവികതയോടെ തിരിച്ചെത്തി കിടന്നുറങ്ങി. 10 കഷണങ്ങൾ പൊലീസ് കണ്ടെടുത്തു. ഓരോ ദിവസവും ശരീര ഭാഗങ്ങൾ ഉപേക്ഷിക്കാൻ പോകുമ്പോൾ അവളുടെ മുഖം നോക്കിയിരുന്നു. റഫ്രിജറേറ്ററിന് അരികിൽ തന്നെയാണ് കിടന്നുറങ്ങാറുണ്ടായിരുന്നത് എന്നും പ്രതി പൊലീസിന് മൊഴി നൽകി.
തുമ്പായത് കലഹം സംബന്ധിച്ച പിതാവിൻ്റെ മൊഴി
ദിവസങ്ങളോളം യുവതിയെ കാണാതായപ്പോൾ സുഹൃത്ത് ശ്രദ്ധയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായിട്ട് ശ്രദ്ധയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് സഹോദരനെ അറിയിച്ചു. മുംബൈ പൊലീസിനാണ് ആദ്യം പരാതി നൽകിയത്. അഫ്താഫ് അമിനെ മുംബൈ പൊലാസ് ഇതു പ്രകാരം ചോദ്യം ചെയ്തു എങ്കിലും പരസ്പരം കലഹത്തിനിടെ ഇറങ്ങിപ്പോയി എന്ന മറുപടിയാണ് ആദ്യം നൽകിയത്. എന്നാൽ പൊലീസ് ശ്രദ്ധുടെ ബാങ്ക് അക്കൌണ്ട് പരിശോധിച്ചപ്പോൾ ഇടപാടുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നു കണ്ടെത്തി.
ഇരുവരുടെയും ടവർ ലൊക്കേഷൻ പരിശോധിച്ച് കേസ് ഡൽഹി പൊലീസിന് കൈമാറി. നവംബർ എട്ടിന് ശ്രദ്ധയുടെ അച്ഛൻ വികാസ് മദൻ വാക്കർ ഡൽഹിൽ എത്തി ഫ്ലാറ്റ് സന്ദർശിച്ചപ്പോൾ അടഞ്ഞു കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. മെഹ്റൗളി പോലീസ് സ്റ്റേഷനിൽ മകളെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പിതാവ് പുതിയ പരാതിയും നൽകി. മാത്രമല്ല ഇരുവരും കലഹിച്ചിരുന്നതായും മൊഴി നൽകിയതോടെയാണ് പൊലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തത്.
ഇതോടെയാണ് അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കുട്ടികളോട് മോശമായി പെരുമാറിയതിന് പോലീസുകാരനെതിരെ പോക്സോകേസെടുത്തു. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്.
പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയ കേസിലാണ് നടപടി. രണ്ട് പോക്സോ കേസുകളിലാണ് പ്രതി ചേര്‍ത്തത്. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്. പിന്നാലെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ജാമ്യത്തിലുള്ള വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് കൂരാച്ചുണ്ട് പോലീസ് പറയുന്നു.
മുഖ്യമന്ത്രി പറഞ്ഞിട്ടും ക്രിമിനലുകൾ അകത്തു തന്നെ
744 ക്രിമിനല്‍ കേസ് പ്രതികളാണ് കേരളത്തിലെ പോലീസ് സേനയിലുള്ളതെന്നാണ് കണക്ക്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവർ സർവ്വീസിൽ തുടുരന്നു. ഇവരിൽ 65 ഉദ്യോഗസ്ഥര്‍ സ്ത്രീ പീഡനക്കേസുകളിൽ പ്രതികളാണ്.ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥര്‍ അവിശുദ്ധബന്ധം പുലര്‍ത്തുന്നു. എന്നാൽ രാഷ്ട്രീയ- സംഘടനാ ബലത്തിൽ ഇവർ സേനയിൽ അകത്ത് തന്നെ തുടരുന്നു.
സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയിലേര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത സേനയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. പറയേണ്ടി വന്നു. വെറും 18 പേരെ മാത്രമാണ് ഇങ്ങനെ പുറത്താക്കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതും ഫ്രീസറിലാണ്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പോലീസുകാര്‍ വേറെയുമുണ്ട്.
ക്രിമിനലുകളെ രക്ഷപെടുത്താൻ സംഘടനാ ലോബി
വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്പെന്‍ഷൻ നല്‍കുകയാണ് പതിവ്. ആറുമാസത്തെ സസ്പെന്‍ഷനുശേഷം, അല്ലെങ്കില്‍ വിഷയം മാധ്യമങ്ങളും നാട്ടുകാരും മറക്കുന്നതോടെ സര്‍വീസില്‍ തിരികെ എടുക്കും. നല്ലനടപ്പ്, സ്ഥലംമാറ്റം തുടങ്ങിയ മുഖം രക്ഷിക്കൽ ശിക്ഷാമുറകളിൽ ഒതുക്കും. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരികെ എത്തുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഇഴഞ്ഞുനീങ്ങും. റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉദ്യോഗസ്ഥന്‍ വിരമിക്കാറായിരിക്കും. പെന്‍ഷന്‍ മുടങ്ങാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തും. ഇതാണ് പൊലീസിലെ പൊലീസ് അന്വേഷണ രീതി.
പണിഷ്മെൻ്റ് ട്രാൻസ്ഫർ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക്, സി ഐ പിന്നെയും പഴയ പണി തുടങ്ങി
മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന് ശേഷം ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു കീഴ്വഴക്കം പാലിക്കപ്പെടുന്നില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി.ഐ സുനു മുമ്പും സമാനമായൊരു പീഡനക്കേസില്‍ പ്രതിയായിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇയാള്‍ക്ക് വീണ്ടും ക്രമസമാധാന ചുമതല നല്‍കി. മാത്രമല്ല ബേപ്പൂരിലെ ഏറ്റവും അധികം വിനോദ സഞ്ചാരികളും കുടുംബങ്ങളും എത്തുന്ന കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ തന്നെ നിയമനം നൽകി. കെവിന്‍ കൊലക്കേസില്‍ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ എസ്.ഐ ഷിബുവിനെ സസ്പെന്‍ഷനുശേഷം തിരിച്ചെടുത്തിരുന്നു.
നിയമം ഉണ്ട്, പക്ഷെ പ്രവർത്തിക്കില്ല
മൂന്ന് തരത്തില്‍ പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ വ്യവസ്ഥകളുണ്ട്. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായും പെരുമാറ്റംകൊണ്ടും പൊലീസ്ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പൊലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.
മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. കാര്‍ഷിക, വെറ്റിനറിസര്‍വകലാശാലകളിലെ രണ്ടംഗ വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്നാണ് കണ്ടെത്തൽ.
നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപ ചലവ് വരും. 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയാവും. പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് ചിലവ്. എന്നാൽ സംഭരണ വില 37.76 രൂപ മാത്രമാണ്.
ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ സൂചിപ്പിച്ചിരുന്നു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ്. പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ്. ആർ.എസ്.എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് എം.കെ. മുനീർ പറഞ്ഞു. സുധാകരൻ നെഹ്റുവിന്റെ ചരിത്രം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞത് ആർ.എസ്.എസ്. ചിന്തയുള്ള, മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു എന്ന് തോന്നുവെങ്കിൽ അവർക്ക് പുറത്തേക്ക് പോകാം എന്നാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ ഓരോ വ്യക്തികളും അവർ സംസാരിക്കുമ്പോൾ അതിന് ഒരേ സ്വരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാർട്ടിക്കും ബാധകമായിട്ടുള്ളതാണ്’
‘ഇത്തരം ഒരു പരാമര്‍ശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞത്. അന്ന് ജനതാ പാര്‍ട്ടിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഇരകളാകുന്നവരെ സംരക്ഷിക്കും എന്നുള്ളത് എല്ലാ കാലത്തിലും തന്റെ പൊതുസ്വഭാവമാണെന്നും സുധാകരന്‍ പറഞ്ഞു’, മുനീര്‍ പറഞ്ഞു. സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ ലീഗിനായിട്ടില്ലെന്നും എം.കെ. മുനീർ പറഞ്ഞു.
വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്ന കെ. സുധാകരന്റെ പരാമർശം വിവാദമായിരുന്നു. കണ്ണൂര്‍ ഡി.സി.സി. സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെയാണ് എം.കെ മുനീര്‍ രംഗത്തെത്തിയത്.
ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു. വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗൺസിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ധനമന്ത്രി പറഞ്ഞു.
കേരളം സാമ്പത്തിക ഞെരുക്കത്തിൽ
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത നിയന്ത്രണത്തിന് കേന്ദ്രം ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
യുജിസി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ മുഴൻവൻ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസര്‍ക്കാര്‍ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻ്റെ നിര്‍ദേശാനുസരണം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു. ഈ ഇനത്തിൽ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല. എന്നാൽ ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയതിലെ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർവകലാശാലയുടെ മാത്രം കാര്യമാണ് ഹൈക്കോടതി പരിഗണിച്ചത്. ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെടുന്നത് പൊതുവായിട്ടാണ്. അതിന് ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്നും ബാലഗോപാൽ ദില്ലിയിൽ പറഞ്ഞു