പോക്സോ കേസിലെ കുട്ടിയെ പീഡിപ്പിച്ചു, എ എസ് ഐയെ തിരയുന്നു

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തിൽ എസ് ഇ- എസ് ടി കമ്മീഷനും കേസെടുത്തു. 

പൊലീസിനാകെ നാണക്കേട് വരുത്തിവെച്ച അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിനെ ഒരു ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. പ്രതി ഒളിവിൽ പോവാൻ സാധ്യതയുള്ള ഇടങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി വിശദീകരിക്കുന്നത്. ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പോക്സോയ്ക്ക് പുറമെ എസ് ഇ- എസ് ടി അതിക്രമ നിരോധന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവർക്കെതിരെയും ഉടൻ വകുപ്പുതല നടപടി ഉണ്ടാകും. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ പെൺകുട്ടിയ്ക്ക് പ്രത്യേക കൗൺസിലിംഗ് നൽകി. സംഭവത്തിൽ കേസെടുത്ത എസ് ഇ എസ് ടി കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ചാൽ സമരപരിപാടികളിലേക്ക് കടക്കാനാണ് വിവിധ ആദിവാസി സംഘടനകളുടെ തീരുമാനം.

സെഹ്‌റാബുദ്ദീന്‍ കേസിൽ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിരുന്നു, എന്നാൽ അതിൽ കാര്യമില്ലെന്ന് ജസ്റ്റീസ് യു യു ലളിത്

സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി താന്‍ ഹാജാരായിരുന്നുവെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ അല്ലാത്തതിനാല്‍ അതിന് പ്രധാന്യമില്ലെന്നും ലളിത് പറഞ്ഞു. വിരമിച്ച ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശരിയാണ്, ഞാന്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. എന്നാല്‍ പ്രധാന അഭിഭാഷകന്‍ രാംജഠ്മലാനി ആയിരുന്നതിനാല്‍ അതിന് പ്രസക്തിയില്ല’, ലളിത് വ്യക്തമാക്കി. 2014-ല്‍ ഭരണം മാറുന്നതിന് മുമ്പായിട്ടാണ് അമിത് ഷായ്ക്ക് വേണ്ടി തന്നെ ആദ്യം സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ താന്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു, പക്ഷേ ഒരിക്കലും ഒരു പ്രധാന അഭിഭാഷകനായിരുന്നില്ല. ഷായുടെ കൂട്ടുപ്രതികള്‍ക്ക് വേണ്ടിയാണ് താന്‍ ഹാജരായത്, അതും പ്രധാന കേസിലല്ല, അതുമായി ബന്ധപ്പെട്ട ഉപകേസിലായിരുന്നുവെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

2014-ല്‍ ജഡ്ജിയായി നിയമിതനാകും മുമ്പ് നിരവധി പ്രധാനപ്പെട്ടതും വിവാദപരവുമായ കേസുകളിലെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് യു.യു.ലളിത്. സെഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളിയായ തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ആരോപണം നേരിട്ട കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു ലളിത്.

2014-ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് യു.യു.ലളിതിനെ ജഡ്ജിയായി നിയമിച്ചത്. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ പുനഃപരിശോധനയ്ക്കായി തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍, പകരം ലളിതിനെ നിയമിക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍.എഫ് നരിമാന് ശേഷം രണ്ടു പതിറ്റാണ്ടിനിടെ അഭിഭാഷക റോളില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ആളാണ് ലളിത്.

‘ശബരിമലയിൽ ആചാരം മാറ്റേണ്ടതില്ല, ജ്യോതിഷത്തിൽ ജ്ഞാതവും അജ്ഞാതവും’ വിശദീകരിച്ച് ജി സുധാകരൻ

0

ശബരിമലയില്‍ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്‍. ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സുധാകരന്‍.

‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും. ശബരിമലയില്‍ പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കല്‍പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല’, സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2006-ലെ വിഎസ് സര്‍ക്കാരില്‍ ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോള്‍ അവരുടെ വയസ് 60 ആക്കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരന്‍ പറഞ്ഞു.

ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു ജീവി പിറന്ന് വീഴുമ്പോള്‍ ആ സമയത്തെ സോളാര്‍ സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര്‍ പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ പറ്റുമോ.. അവര്‍ പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന്‍ പറ്റില്ല’, സുധാകരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന് പറഞ്ഞത്. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളംകാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞിരുന്നു.

ഗുജറാത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ കലാപക്കേസിലെ പ്രതികൾ

0

ഗുജറാത്ത് കലാപത്തിലെ ദാരുണ ആക്രമണമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ടയാളുടെ മകളുടെ സ്ഥാനാത്ഥിത്വത്തിന് വിവാദങ്ങൾ കണക്കിലെടുക്കാതെ ബി ജെ പി പ്രചാരണം മുന്നേറുന്നു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിയെയാണ് നരോദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 2015-മുതല്‍ ജാമ്യത്തിലുള്ള മനോജ് കുക്രാനി ഇപ്പോള്‍ മകള്‍ക്കുവേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. പിതാവാണോ പുത്രിയാണോ മത്സര രംഗത്ത് എന്ന വിവേചനംഇല്ല.

അനസ്‌തേറ്റിസ്റ്റായ പായല്‍ കുക്രാനിക്ക് രാഷ്ട്രീയ മുന്‍പരിചയമില്ല. കലാപത്തിൽ പങ്കെടുത്തു എന്നതാണ് പ്രസിദ്ധി. പാർട്ടി പ്രവർത്തനത്തിൽ പരിചിതയല്ലാത്ത മകൾക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കയും ചെയ്തു. നരോദയിലെ സിറ്റിങ് എംഎല്‍എ ബല്‍റാം തവാനിയെ മാറ്റിയാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. കലാപത്തിലെ പ്രതികള്‍ക്ക് ബിജെപി നേരിട്ടു പ്രതിഫലംകൊടുക്കുന്നതിൻ്റെ തെളിവാണ് പായല്‍ കുക്രാനിയുടെ സ്ഥാനാര്‍ഥിത്വമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു എങ്കിലും പ്രചാരണ രംഗത്ത് പ്രതി സജീവമായി മുന്നേറുന്നു.

നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തില്‍ തന്നെയാണ് ബിജെപി പായലിനെ മത്സരിപ്പിക്കുന്നത് . 2002-ലെ ഗുജറാത്ത് കലാപത്തില്‍ നരോദയില്‍ 97 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പ്രതികളിൽ ഒരാളാണ് സ്ഥാനാർഥി പായലിന്റെ പിതാവ്.

2012-ലാണ് മനോജ് കുക്രണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എന്നാല്‍ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമേ മനോജിന് ജയിലില്‍ കഴിയേണ്ടി വന്നിട്ടുള്ളൂ. ഇയാളുടെ അയല്‍വാസികളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇടക്കാല ജാമ്യത്തില്‍ മിക്കവാറും സമയം ജയിലിന് പുറത്ത് തന്നെ കഴിഞ്ഞു എന്നാണ് വെളിപ്പെടുത്തിയത്.

പിതാവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി കോടതിയുടെ പരിഗണനയിലാണെന്നാണ് മനോജ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പായലിന്റെ മറുപടി. ‘എന്റെ പിതാവ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാണ്. പിതാവിന് ശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതിനെതിരെ ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോഴും അതിനെതിരെ പോരാടുകയാണ്. പക്ഷേ, എനിക്ക് നിങ്ങളോട് പറയാന്‍ കഴിയുന്നത് എന്റെ അച്ഛനും അമ്മയും എല്ലാ ബിജെപി നേതാക്കളും എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്നെ സഹായിക്കുന്നു എന്നതാണ്. വിഷയം വികസനമാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും’, എന്നും പായല്‍ പറഞ്ഞു.

ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്ന ചന്ദ്രസിങ് റൗള്‍ജിയെ ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്. ഗോധ്രയിലാണ് ഇയാള്‍ക്ക് ഇപ്രാവശ്യവും ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. ‘സംസ്‌കാരമുള്ള ബ്രാഹ്മണര്‍’ എന്നാണ് ഇയാള്‍ ബലാത്സംഗ കേസിലെ പ്രതികളെ വിശേഷിപ്പിച്ചിരുന്നത്. ഇത് വിവാദമുയർത്തിയതിനു പിന്നാലെയാണ് ഗുജറാത്ത് കലാപക്കേസിലെ പ്രതിയുടെ മകളെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാൻ ആഗ്രഹം പക്ഷെ അഭിമുഖീകരിക്കാൻ മടി – ജയിൽ മോചിതയായ നളിനി

രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ നളിനി ജയിൽ നിന്നും പുറത്തിറങ്ങിയത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. 

ഗാന്ധി കുടുംബത്തെ കാണാൻ സങ്കോചമുണ്ടെന്ന് നളിനി വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ അവസരമുണ്ടായാൽ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ലെന്നും അവർ പറഞ്ഞു. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നളിനി പത്ര സമ്മേളനത്തിൽ പ്രതികരിച്ചു.

ഭർത്താവ് മുരുകൻ തന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യുകെയിൽ ഉള്ള മകളെ കാണാൻ പോകണമെന്നുണ്ട്. മകൾ ഗ്രീൻ കാർഡ് ഹോൾഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാൽ എമർജൻസി വീസയും പാസ്പോർട്ടും കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേ‍ർത്തു.

മുപ്പത് വർഷത്തിന് ശേഷം മോചനം

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികളെ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു കാരണം. 

ബലാത്സംഗക്കേസിൽ റിമാൻ്റിൽ കഴിഞ്ഞ സി ഐ സർവ്വീസിൽ തിരിച്ചെത്തി; സമാനമായ കേസിൽ വീണ്ടും അറസ്റ്റിൽ

0

കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. നേരത്തെയും സമാനമായ കേസിൽ അകപ്പെട്ട ഇയാളെ സർവ്വീസിൽ തുടരാൻ അനുവദിച്ചിരിക്കെയാണ് രണ്ടാമത്തെ പരാതി.

മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി പി ആർ സുനുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.അറസ്റ്റിലായ എസ്എച്ച്ഒയുമായി അന്വേഷണ സംഘം തൃക്കാക്കരയിലേക്ക് പോയി.

ഭർത്താവ് ജയിലിലായ അവസരം മുതലാക്കി ചൂഷണം

യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്എച്ച്ഒ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. സിഐ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും വീട്ടമ്മ അറിയിച്ചിട്ടുണ്ട്. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. സിഐക്ക് പുറമേ ഒരു ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. ഇവരിൽ സിഐക്ക് പുറമേ മൂന്നുപേർ കൂടി കസ്റ്റഡിയിൽ ആയി. ഇന്നലെയാണ് വീട്ടമ്മ തൃക്കാക്കര പൊലീസിന് പരാതി നൽകിയത്. 

റിമാൻ്റ് തടവ് കഴിഞ്ഞിറങ്ങിയ സി ഐയെ വീണ്ടും നിയമിച്ചു

കൊച്ചി മരട് സ്വദേശിയായ പി.ആർ.സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ കേസിൽ ഇയാൾ റിമാൻഡിൽ ആയിട്ടുണ്ട്. തുടർന്നാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ 7 മാസമായി പി.ആർ.സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ്. 

നിയമപരമായി നേരിടാനാണെങ്കിൽ അങ്ങിനെ; ഓഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ

0

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല എന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.

ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. ശനിയാഴ്ചയാണ് പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതി നിശ്ചയിക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ്  ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും.

ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15 ന് പിരിയാതെ താൽക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്‍തുമസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും എന്ന സൌകര്യവും ഉണ്ട്.

മൂന്നാറിൽ മണ്ണിടിഞ്ഞ് ട്രാവലർ കൊക്കയിൽ വീണു, വടകരയിൽ നിന്നുള്ള യാത്രാ സംഘത്തിലെ യുവാവിനെ കാണാനില്ല

0

മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള പുതുക്കടിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ്‌ ഒരാളെ കാണാതായി. സഞ്ചാരികളുമായി മടങ്ങിയ ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.  ശനി പകൽ 3 ഓടെയായിരുന്നു അപകടം. വടകര സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് മണ്ണിന്നടിയിൽപ്പെട്ടത്.

ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 11 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന വടകര സ്വദേശി രൂപേഷ്‌ (40) ആണ്‌ ഓടി രക്ഷപ്പെടുന്നതിനിടെ മണ്ണിന്നടിയിൽ പെട്ടത്‌. രൂപേഷിനുവേണ്ടി തെരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. ആനയിറങ്ങുന്ന പ്രദേശമാണ്. രാത്രി തിരച്ചിൽ അസാധ്യമായി.

ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മൂന്ന് വാഹനങ്ങളിലാണ് സന്ദർശകർ മൂന്നാറിലേക്ക് മടങ്ങിയത്. മുമ്പേ പോയ വാഹനത്തിലേക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീണു. തുടർന്ന് വാഹനത്തിൽ  ഉണ്ടായിരുന്നവർ പുറത്തിറങ്ങി വാഹനം തള്ളി നീക്കുന്നതിനിടെ വീണ്ടും വെള്ളം കുത്തിയൊലിച്ച് വന്നു. വാഹനം തള്ളി നീക്കുന്നതിനിടെ വാഹനത്തിനുള്ളിൽ നിന്നും മൊബൈൽ ഫോൺ എടുക്കാൻ കയറിയതാണ് അപകടത്തിൽ പ്പെടാൻ കാരണമായതെന്ന് കൂടെയുള്ളവർ പറയുന്നു.

റോഡിൽ നിന്നും 500 മീറ്റർ താഴ്‌ചയിലേക്ക് വാഹനം ഒലിച്ചു പോയി. മൂന്നാറിൽ നിന്നും പൊലീസും അഗ്നിശമന സേനാ വിഭാഗവും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്  പ്രദേശത്ത് ശക്തമായ മഴ പെയ്‌തിരുന്നു. ആഗസ്‌ത്‌ 6 ന് പുതുക്കടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന്‌ നൂറ് മീറ്റർ അകലെ വളവിലാണ് വ്യാപകമായി റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. നൂറ്ക്കണക്കിന് വാഹനങ്ങൾ ഇതുവഴി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മലമുകളിൽ നിന്നും കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്.  ഗതാഗതം പൂർണമായി തടസപ്പെട്ടു. എല്ലപ്പെട്ടി വെസ്റ്റ് ഡിവിഷനിലും റോഡിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുണ്ട്‌. ടോപ് സ്റ്റേഷനിൽ നിന്നും മൂന്നാറിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്ന്‌ ദേവികുളം സബ്‌ കലക്‌ടർ അറിയിച്ചു.

വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ റെഡി, ഇനി ഗ്രൂപ്പുകൾക്ക് ഒന്നിച്ച് സന്ദേശം നൽകാം

വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് പതിപ്പിലും റെഡി. ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫീച്ചര്‍ ആണിത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളെല്ലാം പരസ്പരം ബന്ധിപ്പിക്കാം.

കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല

ഗ്രൂപ്പുകളുമായി സമാനതകളുണ്ടെങ്കിലും കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആളുകള്‍ക്കെല്ലാം ഒരു ചാറ്റില്‍ ഒന്നിക്കാന്‍ സാധിക്കും. അഡ്മിൻ ഓൺലി അല്ലെങ്കിൽ പരസ്പരം മിണ്ടാം പറയാം. വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ആവട്ടെ സമാനമായ ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാവുന്ന സൌകര്യമാണ്. സ്‌കൂളുകള്‍, ഓഫീസുകള്‍, കാമ്പസ് എന്നിങ്ങനെ സമാന താല്‍പര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫോണിൽ Chats ന് തൊട്ട് മുൻപായി കമ്മ്യൂണിറ്റീസ് ലോഗോ തലകൾ കാണാം. വാട്‌സാപ്പ് വെബ്ബില്‍ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ കാണാം.

പരസ്പരം ബന്ധിപ്പിക്കുന്നത് എങ്ങിനെ

  • വാട്‌സാപ്പില്‍ കമ്മ്യൂണിറ്റീസ് ടാബ് തുറന്ന്ന്യൂ കമ്മ്യൂണിറ്റീസ് തിരഞ്ഞെടുക്കുക
  • കമ്മ്യൂണിറ്റിയുടെ പേരും വിവരണവും പ്രൊഫൈല്‍ ചിത്രവും നല്‍കുക. ഗ്രൂപ്പ് നിർമ്മിക്കുന്നത് പോലെ തന്നെയാണിത്.
    • തുടർന്ന് പച്ച നിറത്തിലുള്ള ‘ആരോ’ ഐക്കണ്‍ ക്ലിക്ക് ചെയ്യുക
  • ഈ കമ്മ്യൂണിറ്റിയ്ക്ക് കീഴില്‍ നിലവിലുള്ള ഗ്രൂപ്പുകൾ ചേർക്കാനും പുതിയ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും കഴിയും.
  • ഗ്രൂപ്പുകള്‍ ചേര്‍ത്തതിന് ശേഷം പച്ച നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ബട്ടന്‍ ക്ലിക്ക് ചെയ്ത് ഫൈനലൈസ് ചെയ്യാം.

എത്ര പേർ എത്ര ഗ്രൂപ്പുകൾ

50 ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കാം. 5000 പേരടങ്ങുന്ന അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് നിര്‍മിക്കാം. കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് ഗ്രൂപ്പുകളില്‍ അംഗമാകാനും സാധിക്കും. അഡ്മിന്‍മാര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാനാവൂ. എല്ലാ ഗ്രൂപ്പുകളിലേയും അംഗങ്ങളിലേക്ക് സന്ദേശം എത്തിക്കാന്‍ ഇതുവഴി സാധിക്കും. അനൗണ്‍സ്‌മെന്റ് ഗ്രൂപ്പില്‍ അഡ്മിന്‍മാരുടെ നമ്പറുകള്‍ അല്ലാതെ മറ്റ് അംഗങ്ങളുടെ ഒന്നും നമ്പര്‍ പ്രദര്‍ശിപ്പിക്കില്ല. എന്നാൽ ഇത് എല്ലാ അംഗങ്ങൾക്കും കാണാം.

ഗ്രാമ പഞ്ചായത്ത് സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ  പി.കെ. ഭാസ്കരൻ 2019-20  കാലഘട്ടത്തിൽ നിർമ്മാണമേറ്റടുത്ത് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൻറെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറിനൽകുന്നതിനായാണ് സഹനാഥന്‍ കൈക്കൂലി വാങ്ങിയത്. 

ബില്ല് മാറാനായി പഞ്ചായത്തിൻറെ മോണിറ്ററിംഗ്‌ കമ്മിറ്റിയിൽ അംഗമായ പി. സഹനാഥൻ ഒപ്പ് വെക്കണം.  ഈ ഒപ്പ് വെക്കുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ  മാർച്ചിൽ പഞ്ചായത്തിന് നൽകിയ ബിൽ തുക നാളിതുവരെ മാറിനൽകാത്തതിനെ തുടർന്ന് കരാറുകാരനായ   പി.കെ ഭാസ്കരൻ  അന്വേഷിച്ചപ്പോൾ മോണിറ്ററിംഗ് കമ്മിറ്റി അംഗവും, പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാനുമായ പി. സഹനാഥൻ ഒപ്പിടാത്തതുകൊണ്ടാണ് തനിക്ക് ബില്ല് പാസാവത്തതെന്ന് മനസിലാക്കി.  ഒപ്പിടാത്തതിന്‍റെ കാരണം ചോദിച്ചള്‍ പതിനായിരം രൂപ പ്രതിഫലം ആവശ്യപ്പെട്ടു. 

ബില്ല് മാറിയശേഷം തുക നൽകാമെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന്  ഈ മാസമാദ്യം പി.സഹനാഥൻ ബില്ല്‌ ഒപ്പിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിൽ തുക പാസ്സാവുകയും ചെയ്തു. ഇതറിഞ്ഞ പി.സഹനാഥൻ പരാതിക്കാരനായ  ഭാസ്കരനെ ഫോണിൽ വിളിച്ച് തുക നൽകാൻ നിർബന്ധിച്ചു. തുടർന്ന്, കരാറുകാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി   ഗംഗാധരനെ അറിയിക്കുകയായിരുന്നു.  അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം  ഇന്ന് ഉച്ചയ്ക്ക് ഒന്നേകാൽ മണിയോടെ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ കാത്തു നിന്നു. ഇവിടെ വച്ച്  ഭാസ്കരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ സഹനാഥനെ കൈയ്യോടെ വിജിലൻസ് സംഘം അറസ്റ് ചെയ്യുകയായിരുന്നു. 

നിർമ്മാണ പ്രവൃത്തിയുടെ ആദ്യ ബില്ല്  പാസ്സാക്കിനൽകുന്നതിനും പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാനായ സഹനാഥൻ പരാതിക്കാരനായ ഭാസ്കരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലന്‍സ് അറിയിച്ചു. പ്രതിയെ  തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.