ഗാന്ധി പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം; തലയറുത്തു

കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. അനാഛാദനം ചെയ്യാനിരുന്ന പ്രതിമയുടെ തല അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയതിന് .പിന്നാലെയാണ് ആക്രമണം.

നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു. ഇത് അക്രമികൾ തകർത്തു. ഈ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ആരോപണങ്ങൾ നിലനിൽക്കയാണ്. ഇതിന് പിന്നാലെയാണ് പുതിയ ഗാന്ധിപ്രതിമ സ്ഥാപിച്ചത്. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കയായിരുന്നു. തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോകുകയായിരുന്നു.

സംഭവത്തിൽ കൊല്ലം ഏഴുകോൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഷാരൂഖ് ഖാനെ തടഞ്ഞു വെച്ച വാർത്ത വ്യാജം, നിഷേധിച്ച് കസ്റ്റംസ്

0

ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചതായുള്ള വാർത്ത വ്യാജമെന്ന് കസ്റ്റംസ്. ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തി. മണിക്കൂറുകൾ തടഞ്ഞു നിർത്തിയ ശേഷം 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി അടപ്പിച്ചു എന്നായിരുന്നു വാർത്ത.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രി സ്വകാര്യ വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഷാരൂഖ് ഖാനേയും മാനേജരേയും തടഞ്ഞ് കസ്റ്റംസ് നടപടികള്‍ക്ക് ശേഷം പോകാന്‍ അനുവദിച്ചു. സംഘത്തിലുണ്ടായിരുന്ന ബോഡിഗാര്‍ഡിനെയും മറ്റു സുഹൃത്തുക്കളെയും ശനിയാഴ്ച രാവിലെ വരെ തടഞ്ഞു വെച്ചു എന്നുമായിരുന്നു വാർത്ത.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാന്‍ പങ്കെടുത്തത്. പുസ്തകോത്സവത്തില്‍ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുകയായിരുന്നു.

കസ്റ്റംസ് നടപടിയുടെ ഭാഗം മാത്രം

തടഞ്ഞു വെക്കുയായിരുന്നില്ല മറിച്ച് കസ്റ്റംസ് നടപടികളുടെ ഭാഗമായ പരിശോധനയ്ക്ക് എത്തിക്കുക മാത്രമായിരുന്നു ചെയ്തതത് എന്ന് ഇക്കണോമിക് ടൈംസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു. സ്വകാര്യ വിമാനങ്ങൾക്കുള്ള ജി എ ടെർമിനലിലാണ് ഷാരൂഖ് ഖാൻ എത്തിയത്. അവിടെ കസ്റ്റംസ് സൌകര്യമില്ല. ദിവസം പത്തോ പന്ത്രണ്ടോ യാത്രക്കാർ മാത്രമാണ് ഉണ്ടാവുന്നത്.

ഈ സാഹചര്യത്തിൽ ബാഗേജിൽ വാച്ചുകൾ കണ്ടെത്തിയതിനാൽ മുഖ്യ ടെർമിനലിലേക്ക് പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്ന് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തു. നൂറു കണക്കിന് വിമാനങ്ങൾ വന്നു പോകുന്ന ടെർമിനലലാണ്. അവിടെ പരിശോധനയക്ക് നാലു മണിക്കൂർ എടുത്തു. തുടർന്ന് താരത്തെ വിട്ടയക്കുകയും ബോഡി ഗാർഡിനെ നിർത്തുകയുമായിരുന്നു.

വാച്ച് പാരിതോഷികം കിട്ടിയതാണ് എന്നറിയിച്ചപ്പോൾ അതിൻ്റെ മൂല്യം കണക്കാക്കാനും സമയമെടുത്തു. നികുതി അടച്ച ശേഷം വിട്ടയച്ചു എന്നും വിശദീകരിക്കുന്നു.

മഷിനോക്കാനെത്തി ആചാര്യനെ ബോധം കെടുത്തി സ്വർണ്ണം കവർന്നു, ഒരാൾ പിടിയിൽ

0

മഷിനോട്ട തട്ടിപ്പുകാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) ആണ് അറസ്റ്റിലായത്.

ഈ മാസം ഒന്നിന് പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ട തട്ടിപ്പ് നടത്തിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയൻ്റെ (62) പരാതിയിലായിരുന്നു കേസ്. മഷി നോക്കിക്കാൻ എത്തി ഇയാളുടെ ശരീരത്തിലെ ആഭരണങ്ങൾ ലക്ഷ്യം വെച്ചു. തുടർന്ന് ബോധം കെടുത്തിയ ശേഷമായിരുന്നു കവർച്ച. വിജയനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയാണ് കവർച്ച ചെയ്തത്.

ശേഷം ശരീരത്തിൽ അണിഞ്ഞിരുന്ന മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം എന്നിവയടക്കം ഏഴേകാൽ പവന്റെ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നു.

മഷിക്കാരനെ ഉപേക്ഷിച്ച് പ്രതികൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മഷിനോട്ട തട്ടിപ്പിന് കേസ് ഇല്ല.

ആധാർ പുതുക്കിയാൽ നല്ലത്, നിർബന്ധമല്ല

0

 പത്തുവര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് പത്രവാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്. ഇത് ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾ ചേർത്താനും പുതുക്കാനും ഇത് പ്രയോജനപ്പെടും

കത്ത് വിവാദത്തിൽ മൊഴി നൽകിയെന്ന് ആനാവൂർ, ഇല്ലെന്ന് ക്രൈം ബ്രാഞ്ച്

0

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള കത്ത് നൽകിയതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ മൊഴി ലഭിച്ചിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ഔദ്യോഗികമായ മൊഴി ആനാവൂർ നാഗപ്പനില്‍നിന്ന് ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്, കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നൽകാനില്ല എന്നുമാണ്. അനൗദ്യോഗികമായി നൽകിയ ഈ വിശദീകരണം, മൊഴിയായി രേഖപ്പെടുത്തണോ, ടെലഫോൺ മൊഴി എന്ന തരത്തിൽ രേഖപ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷക സംഘം. രാഷ്ട്രീയ അധികാരത്തിന് മുന്നിൽ ഏജൻസി നിസ്സഹായമായി നിൽകുന്ന കാഴ്ചയാണ്. ക്രൈംബ്രാഞ്ചിന് മുമ്പിൽ മൊഴി നൽകി എന്നാണ് ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

‘എന്നോട് മൊഴി ആവശ്യപ്പെട്ടു, ഞാൻ മൊഴി കൊടുത്തു. അതൊന്നും പങ്കുവെക്കേണ്ട ആവശ്യമില്ല’- ഇതായിരുന്നു മൊഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

‘വിഷയത്തില്‍ മേയർ പരാതി നൽകി. അത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിജിലൻസും അന്വേഷിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കുന്നത്. കോൺഗ്രസ് ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഹൈക്കോടതി മേയർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഗവർണർക്ക് ബിജെപി പരാതി കൊടുത്തിട്ടുണ്ട്. ഗവർണർ എങ്ങനെയാണ് പരിശോധിക്കുന്നത് എന്ന് അറിയില്ല. കത്ത് വിവാദത്തിൽ ഡി.ആർ. കത്ത് വിവാദത്തിൽ മേയർ രാജിവെക്കേണ്ട ഒരാവശ്യവും ഇല്ല’ – ആനാവൂര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം കഴിഞ്ഞ് മതിയോ പാർട്ടിയുടെ അന്വേഷണം എന്ന ചോദ്യത്തിന്, ‘ഞങ്ങൾക്ക് ഞങ്ങളുടേതായ രീതിയുണ്ട്. കോൺഗ്രസ് അല്ല ഇത്, കോൺഗ്രസിന്റെ അന്വേഷണം വെച്ചാൽ പിന്നെ തെളിവ് കാണില്ല. പാർട്ടിയിൽ അന്വേഷണം നടത്തി കുറ്റവാളിയെന്ന് കണ്ടാൽ നടപടിയുണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആര് മൊഴിയെടുക്കാൻ വന്നാലും കൊടുക്കും. കത്തിനെക്കുറിച്ചുള്ള വാർത്ത മനസ്സിലാകും, എന്നാൽ മേയർക്കെതിരെ വ്യക്തിഹത്യ ചെയ്യുന്ന രീതിയാണ് നിലവിൽ കാണുന്നതെന്നും ആനാവൂർ ആരോപിച്ചു.

ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്ന് പാർട്ടി

മേയര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെടുന്നതാണെന്നാണ് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. അത് മുഖവിലയ്‌ക്കെടുത്ത് മേയര്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം. കത്ത് വിവാദമായപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനായി ഏതെങ്കിലും നേതാക്കളെ ചുമതലപ്പെടുത്തുകയോ പാര്‍ട്ടി കമ്മിഷന്‍ രൂപവത്കരിക്കുകയോ ചെയ്തിരുന്നില്ല. പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തതിനാല്‍, ആനാവൂര്‍ പറഞ്ഞ അന്വേഷണവും നടക്കില്ല.

നിയമനത്തിന് പാര്‍ട്ടി പട്ടികതേടി രണ്ടുകത്തുകളാണ് പ്രചരിച്ചത്. ഇതില്‍ ഒന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റേതും മറ്റൊന്ന് കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര്‍. അനിലിന്റെ പേരിലുള്ളതുമാണ്. കത്ത് മേയര്‍ നിഷേധിച്ചപ്പോള്‍, മറ്റേത് തയ്യാറാക്കിയത് താനാണെന്ന് അനില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിലും പാര്‍ട്ടി പരിശോധനയും നടപടിയുമുണ്ടാകില്ല. തിടുക്കപ്പെട്ട് പരിശോധനയും നടപടിയും ഉണ്ടാകുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാലാണ് പോലീസ് അന്വേഷണറിപ്പോര്‍ട്ടിനെ ആശ്രയിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.

അര്‍ജൻ്റീന ടീം പ്രഖ്യാപിച്ചു; കരുത്തുറ്റ ടീമുമായി ജർമ്മനി, സ്പെയിൻ, സെനഗൽ…

0

2022 ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി നയിക്കുന്ന 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്.

ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവര്‍ ടീമിലിടം നേടി.

അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ.  ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്ക് സ്കലോനി ടീമില്‍ ഇടം നല്‍കി.

പ്രതിരോധ നിര നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത്

മധ്യനിര റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ്

സൂപ്പര്‍താരം ലയണല്‍ മെസ്സി നയിക്കുന്ന മുന്നേറ്റനിരയും അതിശക്തമാണ്. ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല, എയ്ഞ്ജല്‍ ഡി മരിയ എന്നിവരും മെസ്സിയ്‌ക്കൊപ്പം മുന്നേറ്റനിരയിലുണ്ട്.

പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്.

ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930-ലും 1990-ലും 2014-ലും ഫൈനലിലെത്തിയിട്ടുണ്ട്.

ജർമ്മൻ ടീമിൽ 17 കാരനും

ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മനി ടീമിനെ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ജര്‍മനിക്കായി എക്സ്ട്രാ ടൈമില്‍ ഗോള്‍ഡന്‍ ഗോളടിച്ച മരിയോ ഗോട്സെ ഏഴ് വര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ 17കാരന്‍ സ്ട്രൈക്കര്‍ യൂസോഫ മൗക്കോക്കുവും ജര്‍മനിയുടെ 26 അംഗ ടീമില്‍ ഇടം നേടി.

അതേസമയം ബൊറൂസിയ ഡോര്‍‍ട്‌മുണ്ട് താരങ്ങളായ മാര്‍ക്കോ റൂസിനും മാറ്റ്സ് ഹമ്മല്‍സിനും കോച്ച് ഹന്‍സി ഫ്ലിക്ക് പ്രഖ്യാപിച്ച ടീമില്‍ ഇടം നേടാനായില്ല. ബൊറൂസിയ ഡോര്‍ട്മുണ്ടിനായി ഈ സീസണില്‍ 13 മത്സരങ്ങളില്‍ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നല്‍കി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

വെര്‍ഡന്‍ ബ്രെമന്‍ ഫോര്‍വേര്‍ഡായ നിക്ലാസ് ഫുള്‍ക്രുഗ് ആണ് ടീമിലെ മറ്റൊരു സര്‍പ്രൈസ് എന്‍ട്രി. പരിക്കേറ്റ ടിമോ വെര്‍ണറുടെ ഒഴിവിലാണ് ഫുല്‍ക്രുഗ് ടീമിലെത്തിയത്. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍, ജപ്പാന്‍, കോസ്റ്റോറിക്ക ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം.

സ്പെയിൻ റമോസിനെ മാറ്റി അൻസു ഫാറ്റി കളിക്കും

ലോകകപ്പ് ഫുട്ബോളിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ സെര്‍ജിയോ റാമോസിനെ തഴഞ്ഞപ്പോള്‍ ബാഴ്സ യുവതാരം അന്‍സു ഫാറ്റി ടീമിലെത്തി. പരിക്കുമൂലം കഴിഞ്ഞ രണ്ട് സീസണിലും ബാഴ്സക്കായി കാര്യാമായ മത്സരങ്ങളിലൊന്നും കളിക്കാന്‍ കഴിയാതിരുന്ന 20കാരനായ ഫാറ്റി ടീമിലെത്തുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും യുവതാരത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് ലൂയിസ് എന്‍റിക്വെ തയാറായി. അവസാന നിമിഷം വരെ അന്‍സു ഫാറ്റി ടീമിലെത്തുമോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ മികവ് ചോദ്യം ചെയ്യാനാവാത്തതാണെന്നും എന്‍റിക്വെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, പിഎസ്‌ജി താരവും സ്പെയിനിനായി 180 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട മുന്‍ നായകനുമായ സെര്‍ജിയോ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായി. റാമോസിനെ 26 അംഗ ടീമിലെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യൂറോ കപ്പിന് 26 അംഗ ടീമിനെ തെരഞ്ഞെടുക്കാമായിരുന്നിട്ടും 24 പെരെ മാത്രം ഉള്‍പ്പെടുത്തിയാണ് എന്‍റിക്വെ ടീമിനെ തെരഞ്ഞെടുത്തത് എങ്കിലും ഇത്തവണ 26 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ എന്‍റിക്വെ തയാറായി.

മുന്‍ ബാഴ്സ പരിശീലകനായിരുന്ന എന്‍റിക്വെ റയല്‍ മാഡ്രിഡ് താരങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ റയലിന്‍റെ ഡാനി കാര്‍വജാളിനെയും മാര്‍ക്കെ അസെന്‍സിയോയും എന്‍റിക്വെ ടീമിലെടുത്തു. ദേശീയ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എതെങ്കിലും ക്ലബ്ബിന് അമിത പ്രാധാന്യം നല്‍കുന്ന രീതി തനിക്കില്ലെന്നും ഏത് ക്ലബ്ബില്‍ നിന്ന് എത്ര കളിക്കാര്‍ എന്നോ അവരുടെ പ്രായമോ നോക്കാറില്ലെന്നും എന്‍റിക്വെ പറഞ്ഞു. സ്പാനിഷ് ലീഗിലെ മുന്‍നിരക്കാരായ ബാഴ്സയില്‍ നിന്ന് ഏഴ് താരങ്ങള്‍ സ്പെയിനിന്‍റെ 26 അംഗ ടീമിലുള്ളപ്പോള്‍ റയലില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്.

23ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പെയിനിന്‍റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

സാദിയോ മാനേ കളിക്കും, സെനഗൽ ഉറച്ചു തന്നെ

പരിക്കേറ്റ സാദിയോ മാനേയെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സെനഗല്‍. ആദ്യ മത്സരമാകുമ്പോഴേക്കും മാനെയുടെ പരിക്ക് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ അലിയു സിസെ പറഞ്ഞു. സെനഗല്‍ ടീം ഡോക്ടറെ മാനെയെ പരിശോധിക്കാനായി ജര്‍മ്മനിയിലേക്ക് അയച്ചിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലെന്ന റിപ്പോര്‍ട്ടാണ് തനിക്ക് കിട്ടിയതെന്നും സിസെ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെ പരിക്കേറ്റ മാനേക്ക് ,ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാൽ മാനെ ടീമിന്‍റെ സുപ്രധാന കണ്ണിയാണെന്നും, അതിനാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെയാണ് മാനെക്ക് പരിക്കേറ്റത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ ചാമ്പ്യന്‍മാരായപ്പോള്‍ വിജയഗോള്‍ നേടിയത് 30കാരായ മാനെയായിരുന്നു. ലിവര്‍പൂള്‍ താരമായിരുന്ന മാനെ ഈ സീസണിലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്.

തൊഴിലുറപ്പ് വേതനം 15 ദിവസത്തിനകം നൽകണം; വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം – മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകുന്ന പ്രശ്നത്തിന് പരിഹാരം പ്രഖ്യാപിച്ച് മന്ത്രി. വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പതിനാറാം ദിവസം മുതൽ പലിശ

ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള വേതനത്തിൻറെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പതിനഞ്ച് ദിവസം കൂടി കഴിഞ്ഞാൽ സമാനമായ രീതിയിൽ നഷ്ടപരിഹാരത്തിൻറെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്.

നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും

ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പ്രവൃത്തി പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ നടത്തും. ആറ് ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ ഐ.ടി. അസിസ്റ്റൻറ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളിൽ തന്നെ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

എം.ജി.എൻ.ആർ.ഇ.ജി.എ. മാനേജ്മെന്‍റ് ഇൻഫര്‍മേഷൻ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

‘ലവ് ഹര്‍ട്‌സ്’ – റോക്ക് സ്റ്റാർ ഡാൻ മാക്ഫേർട്ടി അന്തരിച്ചു

0

ഹാർഡ് റോക്ക് മ്യൂസിക് ബാൻ്റായ നസ്രേത്തിൻ്റെ ലീഡ് വോക്കലിസ്റ്റും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു.

എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ ബ്രോക്കൺ ഡൌൺ ഏഞ്ചൽ തുടങ്ങിയ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു. ശ്വാസകോശസംബന്ധമായ പ്രയാസങ്ങൾ കാരണൺ 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു. 1968 ലാണ് നസ്രേത്ത് ആരംഭിക്കുന്നത്.

ബീറ്റീൽസിൻ്റെയും റോളിങ് സ്റ്റോണിൻ്റെയും സംഗീത സമ്പ്രദായത്തെ പിന്തുടരുന്ന രീതിയായിരുന്നു. നസ്രേത്ത് ബാന്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. 2019-ലാണ് അവസാനമായി ഡാന്‍ സ്റ്റുഡിയോയില്‍ പാടിയത്.

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോൺഗ്രസ്

രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ശിക്ഷാ കാലയളവിലെ നല്ലനടപ്പ് ഇത്രയും ഗുരുതരമായ കേസിൽ പരിഗണനാ വിഷയമാകുന്നതെങ്ങനെയെന്ന് മനു അഭിഷേക് സിംഗ്വി ചോദിച്ചു.

 രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം തീര്‍ത്തും അസ്വീകാര്യവും തെറ്റായതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരുമാനം അസ്വീകാര്യമാണ്. രാജ്യത്തിന്റെ നിലപാടിനൊപ്പംനിന്ന് സുപ്രീംകോടതി ഔചിത്യപൂര്‍വം പെരുമാറിയില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ഗാന്ധി കുടുംബത്തിൻ്റെ നിലപാടല്ല കോൺഗ്രസിൻ്റേത്

മറ്റ് കേസുകളിലും നാളെ കോടതി ഇക്കാര്യങ്ങൾ മാനദണ്ഡമാക്കുമോ. രാജീവ് ഗാന്ധി വധക്കേസിലെ വിധി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. തമിഴ്നാട് സർക്കാരിൻ്റെ നിലപാടായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നത്. സുപ്രീം കോടതി മാതൃകാപരമായ നിലപാട് ഉയർത്തി പിടിക്കണമായിരുന്നു. കോൺഗ്രസ് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായി നേരിടും. ഗാന്ധി കുടുംബത്തിൻ്റെയും തമിഴ്നാട് സർക്കാരിൻ്റെയും നിലപാടല്ല കോൺഗ്രസിൻ്റേതെന്നും അദ്ദേഹം പറഞ്ഞു. 

മൂപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടേ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ  ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി പറഞ്ഞു .പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേസിന്റെ വാദത്തിനിടെ. കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കേസിലെ ആറ് പ്രതികളില്‍ രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, മുരുകന്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.

ജനാധിപത്യത്തിൻ്റെ ശബ്ദം – സ്റ്റാലിൻ

ജനാധിപത്യത്തിന്‍റെ ശബ്ദമാണ് സുപ്രീം കോടതി വിധിയെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പ്രതികരണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തീരുമാനങ്ങൾ നാമനിർദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്നവർ മാനിക്കണം. നളിനിയടക്കം പ്രതികളെ മോചിപ്പിക്കാനുള്ള മുൻ സർക്കാരിന്‍റേയും നിലവിലെ സർക്കാരിന്‍റേയും ശുപാർശകളിൽ തീരുമാനമെടുക്കാതെ മുൻ ഗവർണർ ബൻവാരിലാൽ പുരോഹിതും നിലവിലെ ഗവർണർ ആർ.എൻ. രവിയും വച്ചുതാമസിപ്പിച്ചിരുന്നു. ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

പയ്യോളിയിൽ ഇനി മട്ടുപ്പാവിലും പച്ചക്കറി വിളയും; റൂഫ് ടോപ്പ് പദ്ധതിക്ക് ആവേശകരമായ തുടക്കം

കാർഷിക വികസന വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതിക്ക് പയ്യോളിയിൽ ആവേശകരമായ തുടക്കം. വിത്തുകളോ നടീൽ വസ്തുക്കളോ മാത്രമായി ലഭിച്ചിരുന്ന പതിവ് രീതിയിൽ നിന്നും മാറി മണ്ണും ചെടിയും ചട്ടിയും വളവും സഹിതം ലഭിച്ചതോടെ വീട്ടു കൃഷിയിൽ താത്പര്യമുള്ളവർ മുന്നിട്ടിറങ്ങി.

റൂഫ് ടോപ് കൾട്ടി വേഷൻ ( ടെറസ് കൃഷി വികസന പദ്ധതി ) യിൽ 25 മൺചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് പച്ചക്കറി തൈകൾ നട്ട് വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് കീഴൂരിൽ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുൾ ഖാദർ ആദ്യ ചെടിച്ചട്ടി ഏറ്റുവാങ്ങി. ഒരുമ കുടുംബശ്രീ പ്രവർത്തകർ ആശംസകരായി. കൃഷി അസിസ്റ്റൻ്റ് മുഹമിൻ അലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പയ്യോളി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ 300 പേർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. 5000 രൂപ മുഴുവൻ വില വരുന്ന 25 ചട്ടികൾ അടങ്ങുന്ന യൂനിറ്റിന് 3000 രൂപ സർക്കാർ സബ്സിഡി നൽകിയാണ് ലഭ്യമാക്കിയത്. 2000 രൂപ ഗുണഭോക്താവ് നൽകുമ്പോൾ 25 ചട്ടിയും മണ്ണും ചെടിയും ലഭിക്കുന്നു.
മുൻസിപാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ മാത്രം കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്. നടീൽ വസ്തുക്കൾ മാത്രം നൽകുമ്പോൾ പലപ്പോഴും കൃഷി പാതിവഴി തടസപ്പെടുന്ന സാഹചര്യമായിരുന്നു. വീട്ടമ്മമാരുടെ നേതൃത്വത്തിൽ നഗരപരിധിയിൽ ഏറ്റവും എളുപ്പം ചെയ്യാവുന്ന കൃഷി രീതി എന്നനിലയ്ക്ക് ഇതിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് പഞ്ഞു.