രാജീവ് ഗാന്ധി വധക്കേസിലെ ആറു പ്രതികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

 രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍,രവിചന്ദ്രന്‍ രാജ എന്നിവരുടെ ഹരജിയിലാണ് ഉത്തരവ്. ഇവർക്കൊപ്പം റോബര്‍ട്ട് പൈസ്, ശ്രീഹരന്‍, ജയകുമാര്‍ എന്നിവരെയും മോചിപ്പിക്കുന്നതിനാണ്‌ കോടതി ഇന്ന് ഉത്തരവ് നൽകിയത്.മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പേരറിവാളനെ മോചിപ്പിച്ച വിധി പ്രകാരം ഇവർക്കും മോചനം ആവാം എന്നാണ് നിരീക്ഷണം.

ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസ്

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികൾ 1998 ജനുവരിയിൽ സ്‌പെഷ്യൽ ടാഡ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേൽക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ൽ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവർ സമർപ്പിച്ച ദയാഹർജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം. 

രാജീവ് ഗാന്ധിക്കൊപ്പം 14 പേരും കൊല്ലപ്പെട്ടു. തനു എന്ന തേൻമൊഴി രാജരത്നം രാജീവ് ഗാന്ധിയുടെ കാൽ തൊട്ട് വണങ്ങുന്നതിനിടയിൽ ബെൽറ്റ് ബോംബ് പൊട്ടിച്ച് ചിതറുകയായിരുന്നു. എൽ ടി ടി പ്രവർത്തകരാണ്.

1998 ൽ 26 പേർക്കെതിരെ ശിക്ഷ വിധിച്ചു. മുഖ്യ പ്രതികൾക്ക് വധശിക്ഷ വിധിച്ചെങ്കിലും 2014 അത് ജീവപര്യന്തമായി ഇളവ് ചെയ്തു.

31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു.

മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142ന്‍റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

മേയറുടെ ശുപാർശ കത്ത് വിവാദത്തിൽ മൊഴി നൽകാൻ എത്താതെ ജില്ലാ സെക്രട്ടറിയും കൌൺസിലറും

0

തിരുവനന്തപുരം കോർപ്പേറേഷൻ ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡിആർ അനിലിൻെറയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സന്നദ്ധമായില്ലെന്നാണ് പൊലീസ് വിശദീകരണം.

ഇന്നലെ വൈകുന്നേരം  മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴി‍‌ഞ്ഞു മാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്ച റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിൻെറ ശ്രമം.

നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ നിർബന്ധിതമാവും.

ജാതി സെൻസസിലൂടെ രണ്ടാം മണ്ഡൽ ഭീഷണിയിൽ ബി ജെ പി; പൌരത്വ നിയമവും സിവിൽ കോഡും ഇറക്കി പ്രതിരോധം

0

സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ജാതി സെൻസസ് വേണമെന്ന ആവശ്യം മറികടക്കാൻ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍  ചര്‍ച്ച സജീവമാക്കി ബിജെപി. ഒരേ സമയം മത വിഭാഗീയ ചിന്തകളെ വോട്ടാക്കി മാറ്റാനും അവശ ജാതികളുടെ ഐക്യ ശ്രമത്തെ തടയിടാനുമാണ് തന്ത്രം.

ജാതി സെന്‍സസിനായി പ്രാദേശിക പാര്‍ട്ടികള്‍ സമ്മര്‍ദ്ദം തുടങ്ങിയ സാഹചര്യത്തിലാണ് ബിജെപിയുടെ മറുനീക്കം. ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രചാരണത്തിന്‍റെ അവസാന ദിനവും അമിത്ഷാ ആവര്‍ത്തിച്ചു. പൌരത്വ നിയമം നടപ്പാക്കുന്നതും സജീവ ചർച്ചയിൽ കൊണ്ടു വന്നു.

രണ്ടാം മണ്ഡൽ പ്രക്ഷോഭം ഏറ്റവും വലിയ വെല്ലുവിളി

മണ്ഡൽ കമ്മീഷൻ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതി തന്നെ തിരിച്ചു വിട്ട ഓർമ്മകളാണ്. വി പി സിങ്ങ് എന്ന രാഷ്ട്രീയ നക്ഷത്രം ഉയർന്നു വന്നത് ഈ സാഹചര്യത്തിലാണ്. ജാതി സെൻസസ് നടക്കുന്ന സാഹചര്യം ഉണ്ടായാൽ വൻ വെല്ലുവിളിയാവും സവർണ താത്പര്യങ്ങളുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നേരിടേണ്ടി വരിക. ഇതര ജാതികളുടെ സാമൂഹിക രാഷ്ട്രീയ പ്രാതിനിധ്യം വെളിവാകുന്നതോടെ സാമ്പത്തിക സംവരണം പോലുള്ള രാഷ്ട്രീയ നാടകങ്ങളിൽ തിരിച്ചടി നേരിടേണ്ടി വരും എന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.

സംവരണത്തിലെ അന്‍പത് ശതമാനം പരിധി എടുത്ത് കളഞ്ഞ് ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ ആവശ്യം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മുന്നാക്ക സംവരണം സുപ്രീംകോടതി ശരിവച്ച പശ്ചാത്തലത്തില്‍ ജാതി സെന്‍സസ് ആവശ്യം പല സംസ്ഥാനങ്ങളില്‍ നിന്നും ഉയരുകയാണ്.

രണ്ടാം മണ്ഡൽ നീക്കം മറികടക്കാന്‍ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി ചര്‍ച്ചകള്‍ ബിജെപി വീണ്ടും എടുത്തിടുകയാണ്. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ച  ബിജെപി സജീവമാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കും ചര്‍ച്ച വ്യാപിക്കുകയാണ്. ദേശീയ തലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ  നീക്കം. ഹിമാചലില്‍ അധികാരത്തില്‍ തിരിച്ചെത്തിയാലുടന്‍ ഏക സിവില്‍ കോ‍ഡ് നടപ്പാക്കുമെന്ന് അമിത്ഷാ വ്യക്തമാക്കിയത് ഇത് ഉന്നംവച്ചാണ്. 

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള നടപടികള്‍ ഇതിനോടകം തുടങ്ങിയിട്ടുമുണ്ട്. നിയമസഭ എതിർ പ്രമേയം പാസാക്കിയ പശ്ചിമബംഗാളില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്  പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണഭോക്താക്കളായ സമുദായങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തിയുള്ള രാഷ്ട്രീയ നീക്കവും   ബിജെപി ഉന്നമിടുന്നു.

ആശ്രമം കത്തിച്ച കേസിൽ ആർഎസ് എസ് ബന്ധം; ശബരിമല യവതീപ്രവേശന സമരത്തിൻ്റെ പ്രതികാരം

ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിനെ അറിയാമായിരുന്നെന്ന് സന്ദീപാനന്ദഗിരി.  ഒന്നര വര്‍ഷം മുമ്പ് പ്രകാശ് ആശ്രമത്തിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ട്. സമഗ്രമായി അന്വേഷിച്ചാല്‍ അക്രമവും ഇയാളുടെ മരണവും ചുരുളഴിയുമെന്നും സന്ദീപാനന്ദഗിരി ടിവി ന്യൂസ് അവറില്‍ പറഞ്ഞു. വൻവിവാദമായ കേസിൽ നാലുവര്‍ഷത്തിന് ശേഷമാണ് പ്രതി ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്യും മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞതായി സഹോദരൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുമുണ്ട്. ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം കൊണ്ടാണ് പ്രകാശിന്‍റെ ആത്മഹത്യയെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

2018 ഒക്ടോബർ 27 ന് പുലർച്ചെയായിരുന്നു കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. പ്രതിയെ കുറിച്ച് ഒരു സൂചനയും ഇല്ലാതെ അന്വേഷണം അവസാനിപ്പിക്കുന്നു എന്ന പ്രചാരണങ്ങൾക്കിടെയാണ് പ്രതിയെ കണ്ടെത്തിത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു ആർഎസ്എസ് പ്രവർത്തകനായിരുന്നു പ്രകാശിന്‍റെ ആത്മഹത്യ.

പ്രകാശാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സഹോദരൻ പ്രശാന്തിന്‍റെ മൊഴിയെടുത്തത്. ഒരാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് ആശ്രമം കത്തിച്ച കാര്യം പ്രകാശ് തന്നോട് പറഞ്ഞുവെന്നാണ് പ്രശാന്തിന്‍റെ മൊഴി. ശബരിമല യുവതീപ്രവേശന വിവാദത്തിൽ സന്ദീപാനന്ദ ഗിരി സർക്കാരിന് അനുകൂലമായ നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്.

ഇനി അയൽ ഗ്രഹങ്ങളിലേക്കുള്ള യാത്ര സുഖകരമാവും, പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് നാസ

ഇതര ഗ്രഹങ്ങളിലേക്കുള്ള യാത്രയും തിരിച്ചു വരവും സുഖമമാക്കുന്നതിന് സഹായകമായ  Low-Earth Orbit Flight Test of an Inflatable Decelerator (LOFTID) നൂതന സങ്കേതം വിജയകരമായി പരീക്ഷിച്ച് നാസ. വായുനിറച്ച് വൃത്താകൃതിയിൽ കൂൺ മാതൃകയിൽ ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിച്ച് താപ കവചവും പേടകവും പ്രപൊപ്പല്‍ഷന്‍ സംവിധാനവും ഉക്കൊള്ളുന്ന മാതൃകയാണിത്.

ഹൈപ്പര്‍സോണിക് ഇന്‍ഫ്‌ളേറ്റബിള്‍ എയറോഡൈനാമിക് ഡിസെലറേറ്റര്‍ (HIAD) എന്ന് വിളിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനകം രണ്ട് സബ് ഓര്‍ബിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്നാമത്തേതാണ് ഇന്ന് നവംബർ 10 ന് നടന്ന ലോഫ്റ്റിഡ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് ടെസ്റ്റ്. ഒരു പേടകമോ മറ്റെന്തെങ്കിലും വസ്തുവോ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കാനും അതുമൂലമുണ്ടാകുന്ന കടുത്ത താപനില നിയന്ത്രിക്കാനും കൂടുതല്‍ സുരക്ഷിതമായി പേടകം താഴെയിറക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

ചൂട് ഏൽക്കാത്ത അൽഭുത ബലൂൺ

വായു നിറയ്ക്കാവുന്ന ട്യൂബുകൾ ചേർന്നുള്ള കുട മാതൃകയിലുള്ള സംവിധാനമാണ് ലോഫ്റ്റിഡ്. ഭാവിൽ വിവിധ ഗ്രഹങ്ങളിലേക്ക് ഭാരം കൊണ്ടു പോകാവുന്ന സംവിധാമായി ഇത് മാറും. ഇന്നത്തെ പരീക്ഷണത്തിൽ ഒരു ചെറു കാറിനോളം ഭാരം വഹിച്ചു. 18000 കി മി വേഗതയിലും 3000 ഡിഗ്രി ഫാറൻഹീറ്റിലും ഇത് അതിജീവിക്കും.

മനുഷ്യര്‍ യാത്രചെയ്യുന്ന പേടകങ്ങളെ കൂടാതെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് ഭാഗങ്ങള്‍ തിരികെ ഭൂമിയിലിറക്കാനും പുനരുപയോഗിക്കാനും ഈ സംവിധാനത്തിലൂടെ അവസരമൊരുങ്ങും.21 അടി വ്യാസമാണ് വായുനിറച്ച എയറോഷെല്‍ സംവിധാനത്തോടുകൂടിയ ലോഫ്റ്റിഡിനുള്ളത്. ഈ വലുപ്പം അന്തരീക്ഷത്തിലൂടെയുള്ള കുതിപ്പിന്റെ വേഗം കുറയ്ക്കുകയും സാധാരണ ഉപയോഗിക്കാറുള്ള വായുനിറച്ച എയറോഷെല്ലുകളേക്കാള്‍ സുരക്ഷിതമായ ലാന്‍ഡിങ് സാധ്യമാക്കുകയും ചെയ്യുന്നു.

മോഷണം പതിവാക്കിയ സംഘത്തെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞു, കൊയിലാണ്ടിയിൽ രണ്ടു യുവതികൾ പിടിയിൽ

സ്വര്‍ണക്കടകളില്‍ മോഷണം പതിവാക്കിയ യുവതികൾ കൊയിലാണ്ടിയിൽ കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. ആന്ധ്രാ സ്വദേശികളായ യുവതികളെ സ്വർണ്ണക്കടക്കാരുടെ ജാഗ്രതയിൽ വലയിലാക്കുകയായിരുന്നു. ഏറെ നാളായി പൊലീസ് തിരയുന്ന പ്രതികളെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം നൽകുകയായിരുന്നു. കഴിഞ്ഞദിവസം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തി കടന്നുകളഞ്ഞ യുവതികളെ തിരയുന്നതിനിടെ ജ്വല്ലറി കൂട്ടായ്മയുടെ ജാഗ്രതയാലാണ് തിരിച്ചറിഞ്ഞ് പൊലീസിൽ എത്തിച്ചത്.

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. യുവതികളെ പെരുമാറ്റവും മുഖ സാദൃശ്യവും കണ്ട് സംശയിച്ച് വിവരം കൈമാറി. തുടന്ന് ഗ്രൂപ്പിലെ ചിത്രങ്ങളുമായി ഒത്തു നോക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് തിരിച്ചറിയാൻ സഹായകമായി. എന്നാൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ഓടി രക്ഷപെട്ടു. തുടർന്ന് ജ്വല്ലറി ഉടമ മറ്റ് രണ്ട് യുവതികളെയും കടയില്‍ തടഞ്ഞു വെച്ചു. വിവരമറിയിച്ചതോടെ പിങ്ക് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

പിടിയിലായ ആന്ധ്രാ സ്വദേശികളായ സഹോദരിമാർ കനിമൊഴി(38), ആനന്ദി(40) എന്നിവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്ഥലങ്ങള്‍ മനസ്സിലാക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇവര്‍ക്ക് പിന്നില്‍ ശക്തമായ ശൃംഖല ഉണ്ടെന്ന് കരുതുന്നു.

കലാമണ്ഡലം ചാൻസലർ സ്ഥാനത്തു നിന്നും ആരിഫ് മുഹമ്മദ്ഖാനെ നീക്കി

0

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സർക്കാരിന് ഇവിടെയുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി. കലാമണ്ഡലം സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ഇവിടെ ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറെ നീക്കിയത്.

2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഗവര്‍ണറെ നീക്കിയതായി അറിയിച്ചിരിക്കുന്നത്. കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ സ്‌പോണ്‍സറായ സര്‍ക്കാര്‍ ഇനി ചാൻസലറെ കണ്ടെത്തി അധികാരം ഏല്പിക്കണം.

75 വയസ്സിന് മുകളില്‍ പ്രായമുള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് ഭേദഗതി വരുത്തി ചാന്‍സലറെ മാറ്റാന്‍ കഴിയുമെന്നതാണ് കല്‍പിത സര്‍വകലാശാലയിലെ സൌകര്യം. ഇതാണ് ഗവര്‍ണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്.

ബിഎസ് എൻഎൽ ഉയിർത്തെഴുന്നേൽക്കുമോ, ജനുവരിയോടെ സ്വന്തമായി 4ജി തുടങ്ങാൻ കരാർ

0

രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്പെക്ട്രം നൽകാതെയും വികസന പ്രവർത്തന സാധ്യതകൾ മരവിപ്പിച്ചും രാജ്യത്ത് ഒന്നാമതായിരുന്ന ബി എസ് എൻ എല്ലിനെ തകർച്ചയുടെ അവസാന പടിയിൽ എത്തിച്ച സാഹചര്യമായിരുന്നു.

ഫൈവ് ജിയിലും ഇതേ അവഗണന നേരിട്ടു. ഇപ്പോൾ ടി സി എസുമായി കരാർ ഏർപ്പെടുത്തിയാണ് പുനരുജ്ജീവനത്തിന് ശ്രമം തുടങ്ങിയിട്ടുള്ളത്. രാജ്യം മുഴുവനുമുള്ള പ്രധാന കേന്ദങ്ങളിൽ എല്ലാം ഭീമമായ തുകയ്ക്കുള്ള ആസ്തി ബി എസ് എൻ എല്ലിന് ഉണ്ട്. ഫോണും ലൈനും റിപ്പയർ ചെയ്യാൻ പോലും ആളില്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ വിട്ടു പോകാൻ നിർബന്ധിക്കപ്പെട്ട സാഹചര്യമായിരുന്നു. ആധുനികവൽക്കരണ ശ്രമങ്ങൾ എല്ലാം നിർത്തലാക്കപ്പെട്ടു.

ബിഎസ് എൻ എൽ കരാർ സ്വന്തമാക്കി ടി സി എസ്

ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഉടനെ ടിസിഎസിന് നല്‍കുമെന്നാണ് വാർത്ത. 4ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വര്‍ഷത്തെ പരിപാലനവും ടിസിഎസിനാണ്.

നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി നേരത്തെ തന്നെ ചൂണ്ടികാട്ടുന്നുണ്ട്.

4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്തവര്‍ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇരു സേവനങ്ങള്‍ക്കുമള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരേ സമയംതന്നെ ഒരുക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

4ജി സേവനം എങ്കിലും നല്‍കാന്‍ കഴിയുന്നതോടെ ഉപഭോക്താക്കളുടെ തിരിച്ച് വരവ് ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഏറ്റവും അധികം പേർ ബിഎസ്എന്‍എലിനെ ആശ്രയിച്ചിരുന്ന കേരളത്തിൽ പോലും ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്താൻ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഫൈവ് ജി നിരക്ക് വർധിക്കുന്നതോടെ ബി എസ് എൻ എൽ താങ്ങാവും എന്നു കരുതപ്പെടുന്നു.

സ്വന്തം രാജ്യത്ത് നിര്‍മിച്ച ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നല്‍കുന്ന കമ്പനിയാകും ബിഎസ്എന്‍എല്‍. യുഎസ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തമായി വിസിപ്പിച്ചെടുത്ത സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ബി എസ് എൻ എല്ലിനെ ഇതിന് പ്രാപ്തരാക്കുന്നതിന് പകരം സ്പെക്ട്രം ലേലത്തിൽ ഉൾപ്പെടെ തള്ളുന്ന സമീപനമായിരുന്നു.

ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റുന്ന പരിഷ്കാരത്തിന് മാതൃക ഗുജറാത്ത്

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള കേരള സര്‍ക്കാരിൻ്റെ തീരുമാനം ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിൻ്റെ മാതൃകയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എടുത്തു മാറ്റിയിരുന്നു. നരേന്ദ്രമോഡി അധികാരത്തിൽ ഇരുന്നപ്പോഴാണ് സംസ്ഥാനത്ത് ഈ പരിഷ്കാരം വരുത്തിയത്. അതേ മാതൃകയിലാണ് ഇപ്പോൾ കേരള സർക്കാരിൻ്റെയും നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാന്‍സിലര്‍ വിഷയത്തില്‍ കേരള സർക്കാരിൻ്റെ ഇപ്പോഴത്തെ നീക്കത്തിന് സമാനമായ നടപടിയാണ് എടുത്തിരുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സിലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള എല്ലാ അധികാരങ്ങളും എടുത്തുമാറ്റുന്ന ബില്‍ (ഗുജറാത്ത് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ 2013 ) സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.

ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല

യുപിഎ സര്‍ക്കാര്‍ നിയമിച്ച അന്നത്തെ ഗവര്‍ണ്ണര്‍ കമലാ ബെന്നിവൽ ബില്ലില്‍ ഒപ്പിട്ടില്ല. മോഡി പ്രധാനമന്ത്രിയായ ശേഷം ഗവര്‍ണ്ണര്‍ പദവിയിലെത്തിയ ഓ.പി. കോഹ്ലിയാണ് ബില്ലില്‍ ഒപ്പിട്ടത്. 2015 ജൂണ്‍ മുതല്‍ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെ ഭരണപരമായ ഒരു അധികാരവുമില്ലാത്ത ആലങ്കാരിക ചാന്‍സലര്‍ പദവി മാത്രമാണ് ഗുജറാത്തിലെ ഗവര്‍ണ്ണര്‍ വഹിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റ അധികാരപരിധിയിലേയ്ക്ക് മാറ്റപ്പെട്ടു. ഇതിന് മോഡി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത് വരെ കാത്തിരുന്നു.

കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര സര്‍ക്കാരും ഈ വര്‍ഷം തമിഴ്‌നാട് സര്‍ക്കാരും ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണ്ണര്‍ക്കുള്ള അധികാരങ്ങള്‍ എടുത്തുമാറ്റുന്ന ബില്‍ പാസാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ബില്ല് പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കുകയുണ്ടായി. മൂന്ന് സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലിനും ഇതുവരെയും ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ കേന്ദ്ര സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ആവശ്യം വന്നപ്പോൾ ഇത് നടപ്പാക്കിയെടുത്തു. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നിലവില്‍ വന്നതിനാല്‍ ബില്ലിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു.

ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരായ ഹരജി തള്ളി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് തുടങ്ങി 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലാണ് ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോജ് യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

32 പേരെ കുറ്റ വിമുക്തരാക്കി 2020 സെപ്റ്റംബര്‍ 30-ന് പ്രത്യേക കോടതി ജഡ്ജി എസ്. കെ. യാദവാണ് വിധി പ്രഖാപിച്ചത്. ഇതിനെതിരെ അയോധ്യ നിവാസികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സെയ്ദ് അഖ്‌ലഖ് അഹമ്മദ് എന്നിവർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുന്‍കൂറായി തയ്യാറാക്കിയ പദ്ധതിയോ ക്രിമിനല്‍ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക കോടതി 32 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നത്. ദൃക്‌സാക്ഷികളായത് മാത്രമല്ല ബാബറി മസ്ജിദ് തകര്‍പ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ വീടുകള്‍ നശിപ്പിക്കപ്പെടുകയും സമ്പത്ത് കൊള്ളയടിക്കപ്പെടുകയും ചെയ്തതായി രണ്ടാം ഹര്‍ജിക്കാരന്‍ അപ്പീലിലൂടെ കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ അന്വേഷണ ഏജന്‍സിയുടേയോ പോലീസിന്റേയോ സര്‍ക്കാരിന്റേയോ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വെളിപ്പെടുത്തി.