ആശങ്ക നിറച്ച് മണിമല ക്വാറി വീണ്ടും തുടങ്ങാൻ നീക്കം

0

വേളം പഞ്ചായത്തിലെ ലക്ഷംവീട് ന് സമീപം മണിമലയിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ചെങ്കുത്തായി നിൽക്കുന്ന സ്ഥലത്ത് കരിങ്കൽ ക്വാറി പുനരാരംഭിക്കുന്നതിൽ പരക്കെ ആശങ്ക. നേരത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾമൂലം നിർത്തി വെച്ച ക്വാറി വീണ്ടും ആരംഭിക്കയാണെങ്കിൽ ഈ പ്രദേശത്തെ പ്രകൃതിയും ജനങ്ങളും ഭീഷണി നേരിടും എന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

അനുമതി വീണ്ടും നൽകാനുളള നീക്കം പിൻവലിക്കണമെന്ന് സ്ഥലം സന്ദർശിച്ച UDF പ്രതിനിധി സംഘം അതികൃതരോട് ആവശ്യപ്പെട്ടും.
കുറുവങ്ങാട് കുഞ്ഞബ്ദുല്ല, മഠത്തിൽ ശ്രീധരൻ ,കെ.സി മുജീബ് റഹ്മാൻ , ടി.വി.കുഞ്ഞിക്കണ്ണൻ, കെ.കെ.അബ്ദുല്ല, ഇ.കെ. കാസിം, ടി.കെ. കരീം, യൂസഫ് പള്ളിയത്ത്, കരീം മാങ്ങോട്ട്
എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഭൂമിയിൽ ഏറ്റവും ഉയർന്ന ചൂട്; ആശങ്കകൾ പങ്കുവെച്ച് കാലാവസ്ഥാ ഉച്ചകോടി

ഭൂമി രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന ചൂടിൽ ഉരുകുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ ആണ് ഇത്തവണത്തെ (COP 27) ഉച്ചകോടി.

2015 മുതൽ പിന്നിട്ട എട്ടുവർഷങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ചൂടേറിയ വർഷങ്ങൾ എന്ന റിപ്പോർട്ട് ഞായറാഴ്ച ഐക്യരാഷ്ട്രസഭ യു.എൻ പുറത്തുവിട്ടു. വ്യവസായവിപ്ലവം തുടങ്ങിയശേഷം അന്തരീക്ഷ താപനില ശരാശരി 1.15 ഡിഗ്രി സെൽഷ്യസ് ഉയർതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാപ്രശ്നങ്ങളുടെ ആഖ്യാനമാണ് ഈ റിപ്പോർട്ടെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

മനുഷ്യർ നിർമ്മിച്ച കാലാവസ്ഥാ അരാജകത്വം

1993-നുശേഷം കടൽനിരപ്പ് ഇരട്ടിയായി. 2020 ജനുവരിമുതലുള്ള രണ്ടരവർഷംകൊണ്ടുമാത്രം കടൽനിരപ്പ് 10 മില്ലിമീറ്റർ ഉയർന്നു. നേരത്തേ വർഷം 2.1 മില്ലിമീറ്റർ വീതം ഉയർന്നിരുന്ന കടൽ നിലവിൽ അഞ്ച്‌ മില്ലിമീറ്റർ വീതമാണ്‌ ഉയരുന്നത്‌. ആഗോളതാപനം കാരണം ഐസ്‌ ഉരുകുന്നതാണ്‌ സമുദ്രനിരപ്പ്‌ ഉയരാൻ കാരണം.  1971നെ അപേക്ഷിച്ച്‌ കഴിഞ്ഞ 15 വർഷമായി 67 ശതമാനം വേഗത്തിലാണ് ചൂട് കൂടുന്നത്‌. ലോകത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി കുറയുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. ലോക കാലാവസ്ഥാ റിപ്പോർട്ട്‌ കാലാവസ്ഥ അരാജകത്വത്തിന്റെ ചിത്രമാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

120-ലേറെ രാഷ്ട്രനേതാക്കൾ രണ്ടാഴ്ച നീളുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള താപനം ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക്‌  ഉത്തരവാദികളായ ധനിക രാജ്യങ്ങൾ പാരിസ്ഥിതികകെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നൽ‍കണമോ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ആദ്യമായാണ് ഇക്കാര്യം കാലാവസ്ഥ ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നത്.

ഗ്ലാസ്ഗോവിൽ നിശ്ശബ്ദത കൊണ്ട് മറച്ച വിഷയം

പ്രകൃതിദുരന്തങ്ങൾ വർധിക്കുന്നതിന്റെ മുഖ്യകാരണം ധനികരാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ വൻതോതിൽ പുറന്തള്ളുന്നതാണെന്നും കെടുതി അനുഭവിക്കേണ്ടിവരുന്നവിഭാ​ഗത്തിന് നഷ്ടപരിഹാരം നൽകണമെന്നും വികസ്വര രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്‌. ഗ്ലാസ്‌കോ ഉച്ചകോടിയിൽ  ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിഷയം ഉന്നയിച്ചിരുന്നു. വൻകിട രാജ്യങ്ങൾ ഇതിൽ ചർച്ചയ്ക്ക് തയ്യാറായല്ല. ഇത്തവണ വിഷയം അജൻഡില്‍ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളോടുള്ള ഐക്യദാർഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്‌ സി‌ഒ‌പി 27 പ്രസിഡന്റ് സമേഹ് ഷൗക്രി ഉദ്ഘാടന പ്രസം​ഗത്തില്‍ പറഞ്ഞു.


GK lines

എന്താണ് സി ഓ പി

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് തടയിട്ട് അതുവഴി ആഗോള താപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1995 ല്‍ ബെര്‍ലിനിലായിരുന്നു കാലാവസ്ഥാ ഉച്ചകോടിയുടെ, അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (COP) ആരംഭം. ഇത്തവണത്തെ 27-ാമത് COP ഉച്ചകോടി നടക്കുന്നത് ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖിലാണ്.

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, മധ്യ-കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ് എന്നീ പ്രദേശങ്ങള്‍ ഊഴം വെച്ചാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

നവംബര്‍ ആറ് മുതല്‍ 18 വരെ നടക്കുന്ന ഉച്ചകോടിയില്‍ 198 രാജ്യങ്ങളില്‍ നിന്നായി 45000-ഓളം പ്രതിനിധികള്‍ പങ്കെടുക്കും. രാഷ്ട്രത്തലവന്‍മാര്‍, ലോക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്ര സമൂഹം, വ്യവസായ പ്രമുഖര്‍,ഇന്ധന കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമാകും. 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നയിക്കും.

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ലോകരാജ്യങ്ങള്‍ ഇത്തവണയും ഒരു കുടക്കീഴില്‍ ഒന്നിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരുമിച്ച് പോരാടുക എന്നതു തന്നെയാണ് പ്രധാന വിഷയം. ഇതനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ ആവിഷ്‌കരിച്ച പദ്ധതികളും പ്രവര്‍ത്തനങ്ങളും

COP 27 ലക്ഷ്യങ്ങള്‍

  • ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക- ഇതിനായി ഗ്ലാസ്‌ഗോ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തുക. രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികളും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും വിലയിരുത്തുക.
  • കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക- രാജ്യങ്ങള്‍ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും തീരുമാനിക്കുക
  • കാലാവസ്ഥാ സഹായധന വിതരണം ത്വരിതപ്പെടുത്തുക- കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം ഉറപ്പു വരുത്തുക.

COP 26

അന്തരീക്ഷത്തിലെ മീഥെയ്ന്‍ എന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ്‌ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍, 2021 ഒക്ടോബറില്‍ നടന്ന cop 26 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ആദ്യമായി കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാല്‍ COP 26 ഉച്ചകോടിയില്‍ 193 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നെങ്കിലും 23 രാജ്യങ്ങള്‍ മാത്രമാണ് തങ്ങളുടെ പദ്ധതി രേഖ സമര്‍പ്പിച്ചിരിക്കുന്നത്.

പാരീസ് ഉടമ്പടി

പരിസ്ഥിതി സംരക്ഷണത്തിനായുള്ള 1997ലെ ക്യോട്ടോ പ്രോട്ടാകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട കരാറിൽ 2015 ഡിസംബറിലാണ് ലോകരാജ്യങ്ങൾ ഒപ്പുവെച്ചത്.

പാരീസ് ഉടമ്പടിയിലെ പ്രധാന നിർദേശങ്ങൾ

  1. ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക.
  2. ഭൗമതാപനിലയിലെ വർധന 2 ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുക. ക്രമേണ ആ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക.
  3. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
  4. കാലാവസ്ഥാമാറ്റം നേരിടാൻ വികസ്വര രാഷ്ട്രങ്ങൾക്ക് 2020 ഓടെ ഒരോ വർഷവും 10,000 കോടി ഡോളർ സഹായം നൽകുക. 2025ൽ ഈ തുക വർധിപ്പിക്കും.

കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചു; എസ് പിയുടെ അന്വേഷണ റിപ്പോർട്ട്

കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ യുവാവ് ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പൊലീസ് കാര്യഗൗരവത്തോടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് റൂറല്‍ എസ്.പി.യുടെ അന്വേഷണറിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

തലശ്ശേരി എസ്.എച്ച്.ഒ. എം.അനില്‍, എസ്.ഐ. വരീഷ്‌കുമാര്‍, ജി.ഡി. ചാര്‍ജിലുണ്ടായിരുന്ന സുരേഷ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ‘സംഭവസ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ല.’ ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷനും പോലീസിനോട് റിപ്പോര്‍ട്ട് തേടി.

കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. പ്രതിക്കെതിരേ ബാലനീതി വകുപ്പുകള്‍ കൂടി ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അ

സാമ്പത്തിക സംവരണം ഭരണഘടനാ ബെഞ്ച് ശരിവെച്ചു; ചീഫ് ജസ്റ്റീസ് വിയോജിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവെച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി.

അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്.

മൂന്നൂ പേർ അനുകൂലിച്ചും ചീഫ് ജസ്റ്റീസ് ഉൾപ്പെടെ രണ്ടുപേർ വിയോജിച്ചും

 സംവരണത്തെ എതിര്‍ത്ത ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ഭിന്നവിധിയോട് താന്‍ അനുകൂലിക്കുന്നതായി വിധി പ്രസ്താവത്തിന്റെ ഒടുവിലാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ടുപേര്‍ സംവരണത്തെ എതിര്‍ത്തെങ്കിലും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും ജെബി പര്‍ദിവാലയും സംവരണത്തെ അനുകൂലിച്ചതോടെ 3:2 എന്ന അനുപാദത്തില്‍ ഭേദഗതിയെ സുപ്രീംകോടതി ശരിവക്കുകയായിരുന്നു.

സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍നിന്ന് എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ മാറ്റിക്കൊണ്ടുള്ള നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹിക നീതിക്കും എതിരാണെന്നും അതിനാല്‍ 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാപരമല്ലെന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാണിച്ചത്. ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. ഈ വിധിയോടാണ് തനിക്ക് യോജിപ്പെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുപ്രീം കോടതിയുടെ കേസ് പട്ടിക പ്രകാരം ചീഫ് ജസ്റ്റിസ് യുയു ലളിത് ജസ്റ്റിസ് ദിനേശ് മഹേശ്വരി എഴുതുന്ന വിധിക്കൊപ്പമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ദിനേശ് മഹേശ്വരിയും ഭേല എം ത്രിവേദിയും രവീന്ദ്ര ഭട്ടും തങ്ങളുടെ വിധി പ്രസ്താവം വായിച്ചുകഴിഞ്ഞ ശേഷമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ ഭിന്ന വിധിക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിലപാട് രേഖപ്പെടുത്തിയത്.

വിധി കേന്ദ്ര നിലപാട് ശരിവെച്ചു

സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടനാ ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

എന്താണ് 103-ാം ഭരണഘടനാ ഭേദഗതി

2019 ജനുവരിയിലാണ് 103-ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി ചെയതാണ് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.

ആദ്യം നടപ്പാക്കിയത് കേരളം

103-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതനുസരിച്ച് വിദ്യാഭ്യാസ രംഗത്തും പി.എസ്.സി നിയമനത്തിലും സാമ്പത്തിക സംവരണം നടപ്പാക്കാനായി ഉത്തരവിറങ്ങിക്കഴിഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും കേന്ദ്രസര്‍വകലാശാലാ പ്രവേശനങ്ങള്‍ക്കുമെല്ലാം സാമ്പത്തിക സംവരണം നടപ്പിലാക്കിക്കഴിഞ്ഞു.

2020 ഒക്ടോബര്‍ 23നാണ് സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് 23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം പി.എസ്.സി പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്ക് സംവരണം ബാധകമായിരിക്കും. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ പി.എസ്.സി വിജ്ഞാപനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു. 

എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കുകയാണുണ്ടായത്. അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. 

കവുങ്ങിൽ കാറ്റു പിടിച്ചു, മെസിയുടെ കട്ടൗട്ട് ഒടിഞ്ഞു വീണു; റെക്കോഡ് ഉയരത്തിൽ വീണ്ടും സ്ഥാപിക്കാനായി ക്രെയിനുമായി ആരാധകർ

0

ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വാർത്തയായതിന് പിന്നാലെ മലപ്പുറം എടക്കരയിൽ മെസി ആരാധകർ ഉയർത്തിയ കേരളത്തിലെ ഏറ്റവും കട്ടൗട്ട് ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഒടിഞ്ഞുവീണത്. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ആരാധകര്‍ ആവേശത്തോടെ എത്തി ഉയരമേറിയ കവുങ്ങുകള്‍ക്ക് മീതെ ഇത് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഒടിഞ്ഞുവീണത്. അപകടം ഒന്നും സംഭവിച്ചിട്ടില്ല. അടുത്ത ദിവസം ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള തീരുമാനത്തിലാണ് ടീം. അറ്റകുറ്റപണി തീർത്ത് കട്ടൗട്ട് റെഡിയാണ്. ക്രെയിൻ എത്തിയാൽ ഉയർത്തും.

പുഴയിലെ കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിട്ടില്ലെന്ന് പഞ്ചായത്തിൻ്റെ മൈനസ് പാസ്

കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ ചാത്തമംഗലം പഞ്ചായത്ത് മലക്കം മറിഞ്ഞു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നില്‍ക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. കട്ടൗട്ട് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ലോകകപ്പിന് മുന്നോടിയായി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫാന്‍സ് സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഫോക്സ് ന്യൂസ് വരെ ഇത് വാർത്തയാക്കി. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നൽകുകയായിരുന്നു. 

അയൽക്കാരെ ഒളിഞ്ഞു നോക്കേണ്ട, ഹലോ പറയാനാണ് പറഞ്ഞതെന്ന് പൊലീസ്

 ‘വാച്ച് യുവർ നെയ്ബർ’ എന്ന പേരിൽ കേരള പോലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് ‘സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour-SHYNe-ഷൈന്‍)’ എന്ന പദ്ധതിയാണെന്നും പോലീസ് വകുപ്പിൻ്റെ വാർത്താക്കുറിപ്പ്.

വാച്ച് യുവർ നെയിബറും സി സി ടിവി റോഡിലേക്ക് തിരിക്കലും

റെസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് പോലീസിന്റെ നേതൃത്വത്തിൽ ‘ വാച്ച് യുവർ നെയ്ബർ’ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അനിൽകാന്തിൻ്റെതായി വന്ന പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിൽ വൻ വിമർശനങ്ങൾക്കും പരിഹാസത്തിനും കാരണമായിരുന്നു. അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പോലീസിനെ അറിയിക്കുന്ന ജനമൈത്രി പൊലീസിങ് തന്ത്രം എന്ന നിലയാക്കാണ് ഇത് വിശദീകരിക്കപ്പെട്ടത്

കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ച കാര്യങ്ങളായാണ് വാർത്തകൾ വന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെല്ലിന്റെ ബോധവത്കരണ പരിപാടികൾ റെസിഡൻസ് അസോസിയേഷനുകൾ വഴി വ്യാപിപ്പിക്കാനും ചർച്ചയിൽ തീരുമാനമായിരുന്നു.

സ്വകാര്യാത ലംഘനത്തിനുള്ള ആഹ്വാനമായി

വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നവർ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയും വിധം സ്ഥാപിക്കാൻ ശ്രദ്ധിക്കണമെന്നും ഇത്തരത്തിൽ ചെയ്യുന്നത് വഴി ഗുണം ചെയ്യുമെന്നും യോഗ നിർദ്ദേശമായതും വാർത്തയായി.

പൊതു സ്ഥലങ്ങളിൽ സി സി ടിവി വെക്കുന്നത് സ്വകാര്യതാ ലംഘനമാണ്. വ്യക്തികൾക്ക് വീടുകളിലും സ്ഥാപനങ്ങളിലും അവരവരുടെ സുരക്ഷാ പരിധിയിലാണ് സി സി ടി വി അംഗീകരിച്ചത്. ഇത് നേരെ മറിച്ച് പൊലീസ് തന്നെ റോഡിലേക്ക് തിരിക്കാൻ ആഹ്വാനം ചെയ്തത് വൻ വിമർശനം ഉയർത്തി. ആലോചനയില്ലാത പറയുന്ന കാര്യങ്ങളായി സോഷ്യൽ മീഡിയ പരിഹാസം നിറച്ചു.

. ആവശ്യഘട്ടങ്ങളിൽ ഫോൺ വിളിക്കുമ്പോഴുള്ള പോലീസ് പ്രതികരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോലീസ് സേവനങ്ങൾക്കായി 112 എന്ന ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടാൽ ഏഴ് മിനിറ്റിനകം പ്രതികരണം ലഭിക്കും.ഈ സമയം കുറയ്‌ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കൂട്ടത്തിൽ പറഞ്ഞിരുന്നു.

പുതിയ വിശദീകരണം

Say Hello to Your NEighbour-SHYNe-ഷൈന്‍

അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പോലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ ടു യുവര്‍ നെയ്ബര്‍. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍പക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പോലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്. ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ധിക്കും.

അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

തിരുപ്പതി ക്ഷേത്രത്തിൻ്റെ ആസ്തി വെളിപ്പെടുത്തി, 2.5 ലക്ഷം കോടി രൂപ, ഓരോ വർഷവും ഭക്തർ നൽകുന്നത് ആയിരം കോടി

തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി. 2.5 ലക്ഷം കോടി രൂപയുടെ ആസ്തി സ്വന്തമായുണ്ട്. ഇന്ത്യയിലെ ഓയിൽ കമ്പനികളെക്കാളും വിപ്രോ, നെസ്ലെ തുടങ്ങിയ കോർപ്പറേറ്റുകളെക്കാളും ആസ്തിയിൽ മുന്നിലാണ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം പുറത്തുവിട്ടത്.

പത്ത് ടൺ സ്വർണ്ണം, 15,938 കോടിയും സ്ഥിര നിക്ഷേപം, 7123 ഏക്കർ ഭൂമി

വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 2.5 ടൺ ആഭരണങ്ങളും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്. ട്രസ്റ്റ് പുറത്തു വിട്ട കണക്കു പ്രകാരം ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ട്. 2019 ല്‍ 13,025 കോടി രൂപയായിരുന്ന ബാങ്ക് നിക്ഷേപമാണ് 15938 കോടിയായി വര്‍ദ്ധിച്ചത്. ആഭരണങ്ങളിൽ അധികവും പുരാതനങ്ങളും മൂല്യ നിർണ്ണയിക്കാൻ പോലും പറ്റാത്ത വിലയുള്ളവയുമാണ്.

ലോകത്തിലെ കൽക്കരി കമ്പനിയെക്കാൾ ആസ്തി

ലോകത്തിൽ ഏറ്റവും അധികം കോൾ ഉല്പാദിപ്പിക്കുന്ന കോൾ ഇന്ത്യ ലിമിറ്റഡിന് ഇത്രയും ആസ്തിയില്ല. ടാററാ മോട്ടോഴ്സും മഹീന്ദ്രയും പോലുള്ള കോർപ്പറേറ്റ് കമ്പനികൾക്ക് ഇതിനടുത്ത് എത്താനാവില്ല. നടപ്പു വർഷം തിരുമല തിരുപ്പതി ദേവസ്വത്തിൻ്റെ TTD ബജറ്റ് 3,100 കോടി രൂപയുടേതാണ്. ഇതിൽ 668 കോടി രൂപയുടെ വരവ് പ്രതീക്ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഇനത്തിലാണ്. 1000 കോടി രൂപ ഭക്തരിൽ നിന്നും ലഭിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. ഒഡിഷ ഹരിയാന ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും ട്രസ്റ്റിന് കീഴിൽ ക്ഷേത്രങ്ങളുണ്ട്.

ഇന്ത്യയില്‍ അങ്ങോളമുള്ള 960 സ്ഥലങ്ങളിലായി 7123 ഏക്കറോളം ഭൂമിയും ക്ഷേത്രത്തിന്റെ കൈവശമുണ്ട്. 1933 ൽ സ്ഥാപിതമായ ക്ഷേത്രത്തിൻ്റെ ആസ്തി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്.

ക്ഷേത്രത്തിന്റെ പക്കലുള്ള അധിക ഫണ്ട് ആന്ധ്ര സര്‍ക്കാരിന് നല്‍കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അവ ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്നും ട്രസ്റ്റ് അറിയിച്ചു.

കരസേനയിൽ ലഫ്റ്റനൻ്റാവാം, പ്ലസ് ടു കാർക്ക് അവസരം

0

കരസേനയില്‍ 49-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സിലേക്ക് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും.

പ്രായപരിധി: 16 1/2 – 19 1/2 വയസ്സ്

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ പ്ലസ്ടു വിജയം. അപേക്ഷകര്‍ 2022-ലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതിയിരിക്കണം.


എസ്.എസ്.ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ: നവംബര്‍ 15 മുതല്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം വിശദവിവരങ്ങളും സൈറ്റിൽ ലഭിക്കും.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 14

കണ്ണൂർ ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് തുടങ്ങി

0

കണ്ണൂർ- ജിദ്ദ- കണ്ണൂർ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍നിന്നും 172 പേരുമായി IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. യാത്രക്കാരില്‍ കൂടുതലും ഉമ്ര തീര്‍ഥാടകരായിരുന്നു.

ഇനി എല്ലാ ഞായറാഴ്ചകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 എയര്‍ക്രാഫ്റ്റ് കണ്ണൂര്‍-ജിദ്ദ സര്‍വ്വീസ് നടത്തും. അടുത്ത ദിവസങ്ങളിൽ എല്ലാം ടിക്കറ്റ് ഫുൾ ആയിരിക്കയാണ്. ഏറെനാളായി അവശ്യപ്പെടുന്ന സർവ്വീസാണ്.

മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം; ഭരണഘടനാ ഭേദഗതിക്ക് എതിരായ ഹരജിയിൽ ഇന്ന് വിധി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും.

103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിക്കുക.

തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണമാണ് മുന്നാക്ക വിഭാഗത്തിന് ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 27-നാണ് വിധിപറയാൻ വെച്ചത്. ഏഴ് ദിവസം നീണ്ട വാദങ്ങൾക്ക് ഒടുവിലാണിത്.