എഴുത്തുകാരൻ ടി പി രാജീവൻ അന്തരിച്ചു

നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടി.പി.രാജീവന്റെ പ്രശസ്ത നോവലുകള്‍. കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി.ടി.കുമാരന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008-ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1959-ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രവര്‍ത്തിച്ചു.

വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. വടക്കുമ്പാട് ഹൈസ്‌കുള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി

കാർ കിണറ്റിൽ വീണു, കണ്ണൂരിൽ അച്ഛനും മകനും ദാരുണാന്ത്യം

ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു. അപകടത്തില്‍ അച്ഛനും പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി മകൻ വിന്‍സായിരുന്നു കാര്‍ ഓടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറ്റിൻ്റെ ആള്‍മറ തകര്‍ത്തു. തലകീഴായി കിണറ്റിലേക്ക് പതിച്ച നിലയിലാണ്.

വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ കയറും ഏണിയും ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി ഇരുവരേയും കാറില്‍ നിന്ന് പുറത്തെടുത്തു. മാത്തുക്കുട്ടി അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ വിന്‍സിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവ്വീസ് സംഘടനകൾ ഉയര്‍ത്തിയിരുന്നത്. 

അരി വില കൂടുന്നു, ആന്ധയിൽ നിന്നും എത്തിക്കാൻ സർക്കാർ

സംസ്ഥാനത്തെ അരി വില വർധന നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുള്ല അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ബാക്കി അരി എത്തിക്കുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

സപ്ലൈകോയുടെ അരി വണ്ടി .10 കിലോ 25 രൂപയ്ക്ക്

ഇത്തരത്തിൽ വിലക്കയറ്റം സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ ഇടതുപക്ഷ സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയുടെ അരി വണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അരിവണ്ടിയിൽ നിന്ന് 25 രൂപ നിരക്കിൽ ജയ, കുറുവ അരി ലഭിക്കും. മട്ടയരിക്ക് കിലോയ്ക്ക് 24 രൂപയും പച്ചരി കിലോയ്ക്ക് 23 രൂപയുമായിരിക്കും. 

ഒരു റേഷൻ കാർഡിന് പരമാവധി പത്ത് കിലോ അരി ഈ അരിവണ്ടിയിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ  ഔട്ട്‌ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക് / പഞ്ചായത്ത് കേന്ദ്രങ്ങളിൽ അരി വണ്ടി എത്തും. അരി വില നിയന്ത്രിക്കാനായി വിപണി ഇടപെടൽ പെട്ടെന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിൽ വി വി ഐ പി ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസിൽ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുന്നു

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്ത് യുവതിയ്‌ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ നിരവധി കോണില്‍നിന്ന് വന്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇതിന് പിന്നാലെ കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്തയയും പുറത്തുവന്നു.

ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഷാഡോ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

എഴുത്തച്ഛൻ പുരസ്കാരം സേതുവിന്

0

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിന്.

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.

സേതു എണ്‍പത് വയസ്സ് പിന്നീടുകയാണ്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്. നോവലിനും കഥയ്ക്കുമിടയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സിനിമകള്‍ക്കും അദ്ദേഹത്തിന്റെ കഥകള്‍ അടിസ്ഥാനമായി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തി

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം ഏകീകരിച്ചു. വിദഗ്ധ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ച് ഉത്തരവായി.

ഇതോടെ അടുത്ത മൂന്നു വർഷത്തേക്ക് നിയമന നിരോധനത്തിന് സമാനമായ സാഹചര്യം വരും. പ്രായപരിധി കഴിയാറായ ഉദ്യോഗാർഥികൾക്കും ഫലത്തിൽ അവസര നഷ്ടമാവും.

ശമ്പളം ഇനി ഗ്രേഡ് അനുസരിച്ചാവും

ഇതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികവനുസരിച്ച് ഗ്രേഡിങ് നല്‍കാനും തീരുമാനമായി. മികവും ഗ്രേഡും അനുസരിച്ചാകും ജീവനക്കാരുടെ ശമ്പളവും പ്രമോഷനും ട്രാന്‍സ്ഫറുമൊക്കെ പരിഗണിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളെ അവയുടെ മികവനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ നാലായി തരംതിരിക്കും. വളര്‍ച്ചയും പ്രവര്‍ത്തനമികവും കാണിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ശ്രേണിയിലേക്ക് ഉയരും. ഇങ്ങനെ എ, ബി, സി, ഡി എന്നാക്കി തിരിച്ചിരിക്കുന്നവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന എ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ ഡയമണ്ട് ബ്രാന്‍ഡ് ചെയ്യും.

സ്ഥാപനത്തിന്റെ ആകെ മൂല്യം, വിറ്റുവരവ്, ആകെ ജീവനക്കാര്‍, ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം, നിക്ഷേപം, വില്‍പന, ആസ്തി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിക്കുന്നത്.

ഈ ഘടകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഗണത്തില്‍ പെടും. ഓരോ മൂന്ന് വര്‍ഷത്തിന് ശേഷം പുനഃപരിശോധനയുണ്ടാകും. ഇങ്ങനെ ആദ്യഘട്ടത്തില്‍ പിന്നാക്കം പോയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുവരാന്‍ സാധിക്കും. അല്ലാത്തവ തരംതാഴ്ത്തപ്പെടും. പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിനാണ് ഇതിന്റെ ചുമതല. ക്ലാസിഫിക്കേഷന് സ്ഥാപനങ്ങള്‍ ബോര്‍ഡിന് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്ത സ്ഥാപനങ്ങളെയും നിശ്ചിത സമയപരിധിക്കുള്ളില്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റ് കൊടുക്കാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

ജാതകക്കൊല: ഷാരോണിനെ ഇഞ്ചിഞ്ചായ് കൊലപ്പെടുത്തിയ  ജൂസ് ചാലഞ്ച് നടപ്പാക്കിയത് ആസൂത്രിതം.

‘ജ്യൂസ് ചലഞ്ച്’എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുണ്ടോയെന്ന സംശയം ജനിച്ചത്.

എന്നാല്‍ ആരോഗ്യം തകരാറിലായി ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും ഗ്രീഷ്മ നല്‍കിയ ജ്യൂസിനെക്കുറിച്ചും കഷായത്തെക്കുറിച്ചും ഷാരോണിന് സംശയമുണ്ടായിരുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഗ്രീഷ്മ, ‘ജ്യൂസ് ചലഞ്ച്’ എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കിയിരുന്നു. രണ്ടുപേര്‍ക്കുമുള്ള മാംഗോ ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതിയിരിക്കും. ഇതില്‍ നിറവ്യത്യാസമുള്ള കുപ്പിയില്‍ നിന്നുള്ള ജ്യൂസാണ് ഷാരോണിന് കുടിക്കാനായി നല്‍കിയതെന്നാണ് ബന്ധുക്കളുടെ കണ്ടെത്തൽ .

ഇത് ഗ്രീഷ്മ തനിയെ ആലോചിച്ച് നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. ബന്ധുവായ ഒരു യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവൻ മാതാപിതാക്കൾ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നു.

ചലഞ്ച് എന്താണെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. ജ്യൂസ് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു.

അവസാനദിവസങ്ങളിലും ഇരുവരും നടത്തിയ ചാറ്റില്‍ ജ്യൂസ് കുടിച്ചതിനെക്കുറിച്ചും പിന്നീട് ഛര്‍ദിയുണ്ടായതായും ഷാരോണ്‍ പറയുന്നുണ്ട്.

രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോള്‍ കഷായം കുടിച്ചെന്ന് ഷാരോണ്‍ പറഞ്ഞിരുന്നില്ല. മുമ്പ് കുടിച്ച ജ്യൂസ് ഉപയോഗയോഗ്യമല്ലാത്തതാകാം എന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഷാരോണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ജ്യൂസില്‍ വിഷം കലര്‍ന്നതാകാമെന്ന സംശയമുന്നയിക്കുന്നത്. തുടര്‍ന്നിവര്‍ ഗ്രീഷ്മയോട് ഇതേക്കുറിച്ച് പലതവണ ചോദിക്കുന്നുണ്ട്.

എന്നാല്‍ താന്‍ ഷാരോണിന് വിഷം നല്‍കിയില്ലെന്നും ജ്യൂസ് കുടിച്ചിട്ട് ഒന്നും സംഭവിക്കില്ലെന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗ്രീഷ്മ പലതവണ ചലഞ്ചിന്റെ പേരില്‍ ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണ്‍ അമ്മയോടും അനുജനോടും പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വീട്ടിലെത്തിയപ്പോഴും വിഷം കലര്‍ന്ന കഷായം നല്‍കിയശേഷം ഗ്രീഷ്മ അരുചി മാറാന്‍ ജ്യൂസ് നല്‍കിയിരുന്നു.

ഗ്രീഷ്മയുടെ മൊഴി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണെന്ന് അന്വേഷക സംഘം കരുതുന്നു. എല്ലാം വിശ്വാസത്തിലെടുത്തിട്ടില്ല

ഷാരോണ്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരന്‍ ഷിമോണ്‍ ഗ്രീഷ്മയെ വിളിച്ച് കഷായത്തിന്റെ പേര് ചോദിച്ചു. ആയുര്‍വേദ ഡോക്ടറായ തനിക്ക് മരുന്നുകളെക്കുറിച്ച് അറിയാമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നും പറഞ്ഞു. കുപ്പി കഴുകിയെന്നും മരുന്നിന്റെ പേരും വിശദാംശങ്ങളും അടങ്ങുന്ന സ്റ്റിക്കര്‍ ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ പലതും പറഞ്ഞ് ഒഴിവാകുന്ന ശബ്ദസന്ദേശം ഷാരോണിന്റെ വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.

ആത്മഹത്യാ ശ്രമം

ഗ്രീഷ്മ ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാത്ത് റൂമിൽ പോയി വന്ന് ഛർദ്ദിക്കയായിരുന്നു. ഇത് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണെന്നാണ് വിലയിരുത്തൽ

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജാതകദോഷം അടക്കമുള്ള കഥകള്‍ പറഞ്ഞ് ഷാരോണിനെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. ഷാരോണിനെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മയുടെ അമ്മ പറയുന്ന ശബ്ദസന്ദേശവും അയച്ചുനല്‍കിയിരുന്നു. പക്ഷേ, ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കഷായത്തില്‍ കളനാശിനി കലക്കിയാണ് ഷാരോണിന് നല്‍കിയതെന്നും ഗ്രീഷ്മയുടെ മൊഴിയിലുണ്ട്.

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യചിത്രങ്ങളുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ ഇത് തിരികെനല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഇത് പൊലീസ് വിശ്വാസത്തിലെടുത്തില്ല.

ആദ്യഭര്‍ത്താവ് മരിക്കുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസമാണ് മകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോണ്‍ രാജിന്റെ അമ്മ പ്രിയ പറയുന്നു. തന്റെ ജാതകദോഷം മറികടക്കാന്‍ പെണ്‍കുട്ടി താലിയും കുങ്കുമവുമായെത്തി ഷാരോണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പ്രിയയുടെ ആരോപണം. ഭാര്യയായി അഭിനയിച്ചാണ് ഗ്രീഷ്മ തന്റെ മകന്റെ ജീവനെടുത്തതെന്നും ഇവര്‍ പറയുന്നു.

ഗ്രീഷ്മയെ താലികെട്ടിയെന്നും കുങ്കുമം അണിയിച്ചെന്നും അമ്മയോട് ഷാരോണ്‍ പറഞ്ഞിരുന്നു. ദിവസവും വൈകീട്ട് കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ ഷാരോണിന്റെ വാട്‌സ്ആപ്പിലേക്ക് ഗ്രീഷ്മ അയയ്ക്കുമായിരുന്നു. മഞ്ഞച്ചരടില്‍ കോര്‍ത്ത താലിയും സിന്ദൂരവും അണിഞ്ഞുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ ഫോണിലുണ്ട്.

ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. ഇതിനിടയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. സെപ്റ്റംബറില്‍ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. അതിന് മുമ്പ് ആദ്യം താലികെട്ടിയ ഷാരോണിനെ ജാതകദോഷം മാറ്റാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറയുന്നു.

മകന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഷാരോണിന്റെ അച്ഛന്‍ ജയരാജ് ഗ്രീഷ്മയോട് സംസാരിച്ചിരുന്നു. വീട്ടില്‍നിന്ന് വിഷാംശമുള്ളതൊന്നും ഷാരോണിന് നല്‍കിയില്ലെന്നും അങ്ങനെ സംശയമുണ്ടെങ്കില്‍ സിന്ദൂരം മായ്ക്കാന്‍ തയ്യാറാണെന്നും ഷാരോണിന്റെ അവസ്ഥ അറിഞ്ഞശേഷം കരയാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും ഗ്രീഷ്മ പറഞ്ഞതായി ജയരാജ് പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു.

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 98 പേർ മരിച്ചു

ഗുജറാത്തിൽ മോർബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന്‌ 98 പേർ മരിച്ചു. മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. നൂറിൽ അധികേ പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിനോദസഞ്ചാരികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. 70 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം രാത്രിവൈകിയും തുടര്‍ന്നു.

അപകടത്തിന് ഇരയായതിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ചാട്ട് പൂജയുടെ ഭാഗമായി വിനോദത്തിന് എത്തിയവരായിരുന്നു. ക്ലിയറൻസ് ഇല്ലാതെയാണ് പാലം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തത് എന്ന് വാർത്തയുണ്ട്. പാലത്തിൻ്റെ സൂക്ഷിപ്പും പരിപാലനവും ഒറേവ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയതായിരുന്നു.

തകർന്നത് കോടികൾ ചിലവഴിച്ച് നവീകരിച്ച പാലം

ആറുമാസംമുമ്പ്‌ നവീകരണത്തിനായി അടച്ച പാലം രണ്ടു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി 26നാണ്‌ വീണ്ടും തുറന്നുകൊടുത്തത്‌. ഗുജറാത്ത് പുതുവത്സരത്തോടനുബന്ധിച്ചാണ് പാലം തുറന്നത്.

അപകടസമയം സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മധ്യഭാഗമാണ്‌ തകർന്നുവീണത്‌. പാലത്തിന്റെ ഇരുഭാഗത്തുമായി നിരവധിപേർ തൂങ്ങിക്കിടക്കുന്ന ദൃശ്യം പുറത്തുവന്നു. വെള്ളത്തിൽവീണ കുറച്ചുപേർ നീന്തി രക്ഷപ്പെട്ടു.

ബ്രിട്ടീഷ് കാലത്തെ പാലം  
143 വർഷം പഴക്കമുള്ളതാണ്‌ 765 അടി നീളമുള്ള ഈ തൂക്കുപാലം. 1879 ഫെബ്രുവരി 20ന്‌ അന്നത്തെ ബോംബെ ഗവർണർ റിച്ചാർഡ്‌ ടെമ്പിളാണ്‌ ദർബാർഗഢും നാസർബാഗുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്‌ഘാടനം ചെയ്തത്‌. അന്ന്‌ 3.5 ലക്ഷം രൂപ ചെലവായ പാലത്തിന്റെ നിർമാണം 1880ൽ പൂർത്തിയായി. നിർമാണ സാമഗ്രികൾ മുഴുവനും ഇംഗ്ലണ്ടിൽനിന്ന്‌ എത്തിക്കുകയായിരുന്നു. അടുത്തിടെ വീണ്ടും കോടികൾ ചിലവഴിച്ച് പാലം ബലപ്പെടുത്തി.

തുലാവർഷം എത്തി, ഇടിയും മഴയും തുടരും

0

കേരളത്തില്‍ തുലാവര്‍ഷം എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതോടൊപ്പം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും സ്വാധീനഫലമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെയുള്ള തിയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാദ്ധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി / മിന്നല്‍ / മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

30-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. പാലക്കാട്.
31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം. എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.