കോർകമ്മിറ്റിയിലേക്ക് സുരേഷ് ഗോപി വരുമോ ? വെറും വാർത്തയെന്ന് ഒരു വിഭാഗം

0

സുരേഷ്‌ ഗോപി ബിജെപി സംസ്ഥാന കോർകമ്മിറ്റിയിലും നേതൃത്വത്തിലേക്കും എത്തുന്നുവെന്നത് വെറും പ്രചരണം എന്ന് വാർത്ത. സുരേഷ്‌ ഗോപിയെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നത്‌ വെറും തള്ള്‌ മാത്രമാണെന്ന്‌ ഒരു വിഭാഗം കരുതുന്നു. അത്തരത്തിൽ ഒരു കത്തും കേന്ദ്രനേതൃത്വം അയച്ചിട്ടില്ല. പിന്നെ ഏത് കത്താണ് ഉദ്ദരിക്കുന്നത് എന്നാണ് ചോദ്യം.

സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുകയാണെങ്കിൽ  പകരം സാധ്യത എതിർ ഗ്രൂപ്പ്‌ നേതാവ്‌ എം ടി രമേശിനാണ്‌. ഇത്‌ ഒരു കാരണവശാലും നടക്കരുതെന്ന ആശ്യക്കാരും ഉണ്ട്. ഇതിന്റെ ഭാഗമായാണ്‌ സുരേഷ്‌ ഗോപിയെ മുൻ നിർത്തിയുള്ള വാർത്ത എന്നാണ് ആരോപണം.

മുമ്പ്‌ അത്തരത്തിൽ നിർദേശം ദേശീയനേതാക്കൾ മുന്നോട്ടുവച്ചപ്പോൾ സുരേഷ്‌ ഗോപിതന്നെ അത്‌ തള്ളിയിരുന്നു. സംഘടനയിലെ സ്ഥാനമല്ല, സർക്കാരുമായി ബന്ധപ്പെട്ട പൊതുവായ സ്ഥാനങ്ങളിലാണ്‌ താൽപ്പര്യമെന്നും അറിയിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അതൃപ്തി ഏത് നിലയിൽ പ്രതിഫലിക്കും എന്നതാണ് വാർത്തകൾക്ക് പിന്നിലുണ്ടായിരുന്നത്.

സ്വപ്നയുടെ മൊഴി ഗുരുതരം, സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്നും മാറ്റാൻ ഇഡി

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന്  മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന്  ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത്  വ്യക്തമാണ്. മൊഴി ഗുരുതരമാണെന്ന് ചൂണ്ടികാട്ടിയാണ് ഇഡി വാദം ഉന്നയിച്ചത്.

സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം .ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കർ സമർപിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹർജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും

നാഷണൽ ഹൈവേ നിർമ്മാണത്തിനിടെ പാലം തകർന്നു വീണു

ദേശീയപാതയുടെ ഭാഗമായി നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണു. പുലര്‍ച്ചെ മൂന്ന് മണിയോടെ കാസറഗോഡ് പെരിയ ടൗണിലാണ് സംഭവം.അടിപ്പാതയുടെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റിനെ താങ്ങി നിര്‍ത്തുന്ന തൂണുകളുടെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തൂണുകളുടെ ബലക്ഷയം സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പിഴവ് ചൂണ്ടികാട്ടിയിട്ടും അധികാരികളുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

മേഘ കണ്‍സ്ട്രക്ഷനാണ് ഈ ഭാഗങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേശീയപാത അധികൃതര്‍ അറിയിച്ചു.

കാന്താരയിലെ പാട്ടിന് തൈക്കുടം ബ്രിഡ്ജിൻ്റെ കോപ്പിറൈറ്റ് കേസ്, കാണാനും കേൾക്കാനുമാവാതെ സിനിമാ പ്രേമികൾ

കന്താരയിലെ ‘വരാഹരൂപം…’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഹിറ്റ് കന്നട ചിത്രം കാന്താരയിലെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.

കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്.

തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് തൈക്കൂടം ബ്രിഡ്ജിനുവേണ്ടി കോടതിയില്‍ ഹാജരായത്.

കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തേ പറഞ്ഞിരുന്നു. നവരസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം ഇവർ അംഗീകിരിച്ചില്ല.

കേരളപോസ്റ്റ് ഡോട്ട് ഓൺലൈൻ നേരത്തെ ഇരു പാട്ടുകളും വാർത്തയായി നൽകിയിരുന്നു. വായനക്കാരും സാമ്യം ശരിവെക്കുന്ന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.

രണ്ട് പാട്ടുകളും ഇപ്പോൾ യുട്യൂബിൽ കേൾക്കാനാവുന്നില്ല എന്ന് പ്രേക്ഷകർ പ്രതികരിച്ചു. വിവാദമായതോടെ പിൻവലിച്ചതാവാം എന്നാണ് കരുതുന്നത്.

വിശദവിവരങ്ങൾ https://keralapost.online/100010026/ ഈ വാർത്താ ലിങ്കിലും ലഭിക്കും

KSU പ്രസിഡൻ്റായി അലോഷ്യസ് സേവ്യർ, അഭിജിത്ത് ദേശീയ തലത്തിലേക്ക്

കെ.എസ്.യു പ്രസിഡന്റായി അലോഷ്യസ് സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഷമ്മാസിനേയും ആന്‍ സെബാസ്റ്റിയനേയും വൈസ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചു. കെ.എം.അഭിജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് കെഎസ് യുവില്‍ പുനഃസംഘടന അനിവാര്യമായത്. നിലവില്‍ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അലോഷ്യസ്.

അഭിജിത്ത് NSUI ദേശീയ ജനറല്‍ സെക്രട്ടറി

സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെ NSUIയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെയാണ് നിയമനങ്ങള്‍.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ പിന്തുണയും അലോഷ്യസിനായിരുന്നു. എ ഗ്രൂപ്പിന്റെ കുത്തകയായ കെഎസ്‌യു അധ്യക്ഷ സ്ഥാനം ഇത്തവണയും അതേ പക്ഷത്തിൻ്റെ കയ്യിൽ തന്നെ എത്തിയ കാഴ്ചയാണ്.

തേവര എസ് എച്ച് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു അലോഷ്യസ്. പ്രായപരിധിയില്‍ ഇളവുവരുത്തിയാണ് 29-കാരനായ അലോഷ്യസിനെ പ്രസിഡന്റായിക്കിയത്.

27 വയസാണ് കെഎസ്‌യുവിന്റെ ഉയർന്ന പ്രായ പരിധിയായി നിശ്ചയിച്ചിരുന്നത്. പ്രായപരിധി അട്ടിമറിച്ചുള്ള നിയമനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി എങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളിൽ ശക്തി നേടി. വിവാദങ്ങളും പ്രതിഷേധങ്ങളും പതിവു പോലെ നിലനിൽക്കയും ചെയ്തു

നടിയെ ആക്രമിച്ച കേസിൽ തിരിച്ചടി, തുടരന്വേഷണ റിപ്പോർട്ട് തള്ളാനുള്ള ദിലീപിൻ്റെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും  സ്വകാര്യ  ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ  തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. 

നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ 
ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ  അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.  

കോയമ്പത്തൂർ സ്ഫോടനം, അന്വേഷണം ഇസ്ലാമിയ പ്രചാര പേരവൈയിലേക്ക്

കോയമ്പത്തൂര്‍ സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തുവെന്ന് എഫ്ഐആറിൽ പറയുന്നു. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം സ്ഫോടനത്തിനും സിആർപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിനുമാണ് ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ്.വിഗ്നേഷിനാണ് അന്വേഷണ ചുമതല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, നൈട്രോ ഗ്ലിസറിൻ, റെ‍ഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, ഫ്യൂസ് വയർ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ എന്നിവയടക്കം 109 വസ്തുക്കൾ തൊണ്ടിയായി പിടിച്ചെടുത്തുവെന്നും എഫ്ഐആറിൽ പറയുന്നു. കസ്റ്റഡിയിലുള്ള അഞ്ച് പേരുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയുടെ ഭാരവാഹി അബ്ദുൽ ഖാദർ, മേലപ്പാളയം സ്വദേശിയായ മുഹമ്മദ് ഹുസൈൻ എന്ന മറ്റൊരാൾ എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.

ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സ്ഫോടകവസ്തുക്കളുണ്ടാക്കാനുള്ള അസംസ്കൃത പദാർത്ഥങ്ങൾ ഓർഡർ ചെയ്യാൻ ഉപയോഗിച്ചത് അറസ്റ്റിലായ ആറാമൻ അസ്ഫർ ഖാന്‍റെ ലാപ്ടോപ്പാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കൂടുതൽ ഗാഡ്ഗെറ്റുകൾ ഈ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന പൊലീസ് കൂടുതൽ അനുബന്ധ കേസുകളും രജിസ്റ്റർ ചെയ്യും.

ജനങ്ങൾക്ക് ​ഗവർണറോടുള്ള പ്രീതി നഷ്ടമായി-എം വി ​ഗോവിന്ദൻ

0

ജനങ്ങൾക്ക് ​ഗവർണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സുപ്രീം കോടതി വിധി വിശദമായി സി പി എം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവർണർക്ക് ആണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വിധി അന്തിമമല്ല. പല ബില്ലുകളും ​ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുകയാണ്. ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയാൽ പ്രശ്നം പരിഹരിക്കില്ല. ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്നമല്ല. അതുകൊണ്ടൊന്നും മന്ത്രിയെ ഒഴിവാക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗഗൻയാൻ; മനുഷ്യരുമായുളള ബഹിരാകാശ യാത്രയ്ക്ക് തയാറായി ഇന്ത്യ

ഗഗന്‍യാൻ പരീക്ഷണപ്പറക്കല്‍ പരമ്പരയുടെ തുടക്കം ഫെബ്രുവരിയില്‍. ബഹിരാകാശയാത്രികരെ മൂന്നു ദിവസത്തേക്കു ഭ്രമണപഥത്തിലേക്കു കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ പരീക്ഷിക്കുന്നതിനു തയാറെടുപ്പ് തുടങ്ങി. വ്യോമസനേയുടെ ചിനൂക്ക് ഹെലികോപ്റ്ററും സി -17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനവും ഉപയോഗിക്കാന്‍ പദ്ധതി തയാറായതായി ഐ എസ് ആര്‍ ഒ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍ ഉമാമഹേശ്വരന്‍ അറിയിച്ചു.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ആളില്ലാ ബഹിരാകാശ യാത്ര ഐ എസ് ആര്‍ ഒ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് അടുത്ത വര്‍ഷം ഡിസംബറോടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുന്നോടിയായി കുറഞ്ഞത് 17 വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തും.

”ബഹിരാകാശയാത്രികര്‍ ഇരുന്ന് പറക്കേണ്ട ക്രൂ മൊഡ്യൂള്‍ പൂര്‍ത്തിയായി. ഫാബ്രിക്കേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ക്കു ക്രൂ മൊഡ്യൂള്‍ ലഭിക്കും,” സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉമാ മഹേശ്വരന്‍ പറഞ്ഞു.

”യാത്രികര്‍ക്ക് ഓക്‌സിജന്‍ നല്‍കണം.കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഈര്‍പ്പവും നീക്കം ചെയ്യണം. താപനില നിലനിര്‍ത്തണം. തീപിടിത്തമുണ്ടാവില്ലെന്ന് ഉറപ്പാക്കുകയും വേണം. ഒരു രാജ്യവും നമുക്കു തരാത്ത വളരെ സങ്കീണമായ സാങ്കേതികവിദ്യയാണിത്,” അദ്ദേഹം പറഞ്ഞു. എന്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റം തദ്ദേശീയമായി വികസിപ്പിക്കാന്‍ ഐ എസ് ആര്‍ ഒ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി അപ്രതീക്ഷിതമായുള്ള കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നീളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2024 അവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ദൗത്യം സാധ്യമാകാനാണു സാധ്യത.

കന്നി ബഹിരാകാശ യാത്രയ്ക്കായി നാല് പേരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ പ്രാഥമിക പരിശീലനം റഷ്യയില്‍ പൂര്‍ത്തിയായതായും ഉമാമഹേശ്വരന്‍ പറഞ്ഞു.ഐ എസ് ആര്‍ ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മത,ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകീകൃത നിയമത്തിന് കീഴിലാക്കണം- ഹൈക്കോടതി

ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും മറവിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി.

മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് പി.സോമരാജനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം മന്ത്രാലയത്തിന്റെ 2012-ലെ കണക്ക് പ്രകാരം 31,74,420 സന്നദ്ധ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ കണക്കിനേക്കാള്‍ വളരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) എല്ലാ പൗരന്മാര്‍ക്കും അസോസിയേഷനോ യൂണിയനോ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ അത് നിയമപരമായ അംഗീകാരത്തോടെ മാത്രമേ സാധ്യമാകൂ. ജീവകാരുണ്യത്തിൻ്റെയും മതത്തിൻ്റെയും മറവില്‍ വലിയ അളവിലുള്ള സമ്പത്തും സ്വത്തുക്കളും സമ്പാദിക്കുകയും ശേഖരിക്കുകയും ചെയ്യപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

പലരീതിയിലുള്ള നിയമങ്ങള്‍ കാരണം ഇന്ത്യയിലെ ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട് വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. അതുകൊണ്ട് തന്നെ ചാരിറ്റി സംഘടനകള്‍,മതസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത കേന്ദ്ര നിയമനിര്‍മാണത്തിന്റെ സാധ്യത ആരായണമെന്ന് കോടതി അഭിപ്രായപ്പെട്ടു. അത്തരം സംഘനടകളുടെ വരുമാനം, ചെലവ്, ഏറ്റെടുക്കല്‍, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ടതെല്ലാം ഈ നിയമത്തില്‍ ഉള്‍ക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.