ശബരിമല ഡ്യൂട്ടിക്ക് പൊലീസുകാർക്കുള്ള മെസ് സൌജന്യം നിർത്തലാക്കി

0

 ശബരിമല ഉൽസവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാർക്ക് മെസ് സബ്സിഡി നൽകാനാകില്ലെന്ന് സർക്കാർ. മെസ് നടത്തിപ്പിനായി ഒരു കമ്മിറ്റിയും ഫണ്ടും രൂപവൽകരിച്ച് മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി മെസ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ വർഷങ്ങളായി ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസുകാർക്ക് ലഭിച്ചിരുന്ന സർക്കാർ സൗകര്യമാണ് നഷ്ടമാവും. 2012 ലാണ് പൊലീസുകാർക്ക് മെസ് സൗജന്യമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതൽ മെസ് നടത്തിപ്പിനുള്ള തുക പൊലീസുകാരുടെ കീശയിൽ നിന്നും എടുത്ത് ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

ആംഡ് ബറ്റാലിയൻ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പൊലീസ് മെസ് ഉപയോഗിക്കാൻ താൽപര്യമുള്ള മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മെസ് കമ്മിറ്റി രൂപവൽകരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ കമ്മിയുടെ പ്രവർത്തനങ്ങൾക്കായി ഒരു ട്രഷറി സേവിംഗസ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും അവരുടെ നിത്യേന അലവൻസിൽ നിന്നും മെസ് തുക ഈടാക്കുക. ഒരു ദിവസം നൂറ് രൂപ നിരക്കിൽ ഇത് ഈടാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും മെസ് ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ അഡ്വാൻസായി മെസ് കമ്മിറ്റിയിലേക്ക് തുക വാങ്ങണം. മെസ് ചാർജ് ഈടാക്കുന്നതിനും പേയ്മെന്‍റിനുമായി ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താം. മെസിന്‍റെ വരവ് ചിലവ് കണക്കുകൾ തുടർപരിശോധനക്ക് സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സി ബി എസ് സി 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നു മുതൽ

0

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കും. ശൈത്യകാലത്ത് സ്കൂളുൾ അവധി നൽകി വരുന്ന പ്രദേശങ്ങളിൽ പ്രാക്ടിക്കൽ നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിലാവും.

സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് പരീക്ഷാ തീയതി വ്യക്തമാക്കി സ്കൂൾ മേധാവികൾക്ക് സർക്കുലർ നൽകി. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള എക്സ്‌റ്റേണൽ അധ്യാപകരെ ബോർഡ് നേരിട്ട് നിയമിക്കും. സ്കൂളുകൾക്ക് സ്വന്തംനിലയ്ക്ക് ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുമതിയില്ല.

തിയറി പരീക്ഷകൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ബോർഡ് നേരത്തേ അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/

എടപ്പാൾ ടൌണിൽ പൊട്ടിത്തെറി, പരിഭ്രാന്തരായി ജനം

 എടപ്പാൾ ടൗണിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെ റൗണ്ട് എബൊട്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു തെറിച്ചു പോയി. സംഭവമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് അന്വേഷണം തുടങ്ങി.

ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ഉദ്ദേശവും വ്യക്തമല്ല. ദീപാവലി കഴിഞ്ഞ ദിവസമാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളും പൊലീസ് പരിശോധിക്കയാണ്.

സെറ്റ് പരീക്ഷ, അപേക്ഷാ തീയതി നീട്ടി

0

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച് വരെ പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

ഒക്ടോബര്‍ 25 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 2023 ജനുവരി 22-നാണ് പരീക്ഷ. വിശദവിവരങ്ങള്‍ക്ക്: https://lbsedp.lbscentre.in/setjan23/

കോയമ്പത്തൂർ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് പത്ത്തവണ കൈമാറി എത്തിയ കാർ

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി കമ്മീഷണർ വി ബാലകൃഷ്ണൻ. അഞ്ചു പേർക്ക് എതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പത്ത് തവണ കൈമറിഞ്ഞെത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. 

സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്‍റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂർ ജി.എം.നഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്.എ.ബാഷയുടെ സഹോദരപുത്രനാണ്.

സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഒരു ഐസിസ് ഉപഗ്രൂപ്പുമായി ജമേഷയും സംഘവും അടുത്ത ബന്ധം പുലർത്തിയിരുന്നു എന്ന സൂചനയും പൊലീസ് പങ്കു വെക്കുന്നു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് ബോംബ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുശേഖരം കണ്ടെത്തിയിരുന്നു. 

സ്ഫോടനം ദീപാവലി ദിനത്തിൽ

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിൻ തത്സമയം മരിച്ചിരുന്നു.

കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയിലേക്ക്

എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ സർക്കാർ തുടർ നിയമ നടപടിക്ക്. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം.

അഡി. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.

മൊബൈൽ ഫോൺ എൽദോസ് ഇന്നലെ അന്വേഷണസംഘത്തിന് നൽകി. ഈ ഫോൺ തന്നെയാണോ സംഭവ ദിവസങ്ങളിൽ എംഎൽഎ ഉപയോഗിച്ചത് എന്ന് അറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.  മുൻകൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.

മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ട് സ്വപ്ന സുരേഷ്

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് ചിത്ര സഹിതം മറുപടി നല്‍കി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ അവർ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. മുൻ മന്ത്രിമാരായ തോമസ് ഐസ്ക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ഉൾപ്പെടെ മാനനഷ്ട കേസ് നൽകാൻ വെല്ലുവിളിച്ചാണ് പോസ്റ്റ്.

ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.

ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ചിത്രവധം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്’ എന്ന തലക്കെട്ടോടെയുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി.ശ്രീരാമകൃഷ്ണന്‍ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നത്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേര്‍ ഉണ്ടാകാറുണ്ട്. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ആരോപണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ എന്നും വ്യക്തമാക്കി.

തോളിൽ കൈയിട്ടത് കള്ളം, കടകംപള്ളി

തോളില്‍ പിടിച്ച് ഫോട്ടോയെടുത്തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം വ്യാജമാണെന്നും സ്വപ്‌നയ്‌ക്കൊപ്പം താന്‍ ഫോട്ടോയെടുത്തിട്ടില്ലെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ അവരുടെ വീട്ടില്‍ പോയി എന്നതാണ് ആദ്യത്തെ ആക്ഷേപം. രാമപുരത്താണ് അവരുടെ വീട്. അവിടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെന്ന നിലയില്‍ പോയിരുന്നു. ചടങ്ങിന് വൈകിയാണ് എത്തിയത്. ചടങ്ങ് കഴിഞ്ഞശേഷം സംഘാടകരുടെ നിര്‍ബന്ധപ്രകാരം ഞാനടക്കം ചടങ്ങില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഓഫീസിന്റെ നേരേ എതിര്‍വശത്തുള്ള വീട്ടില്‍പോയി ചായ കുടിച്ചു. അത് അവരുടെ വീടാണെന്ന് അവിടെ ചെന്നശേഷമാണ് മനസിലായത്. അഞ്ചോ പത്തോ മിനിറ്റ് ചായ കുടിക്കാനെടുത്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചാണ് മടങ്ങിയത്.

ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈയിട്ടു എന്നതാണ് മറ്റൊരു ആക്ഷേപം. അവരോടൊപ്പമുള്ള തന്റെ ഫോട്ടോയ്ക്ക് വേണ്ടി എല്ലാവരും പരിശ്രമിച്ചില്ലേ. എന്നിട്ട് സംഘടിപ്പിക്കാന്‍ സാധിച്ചോ. ഞാന്‍ അവരോടൊപ്പംനിന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.

അവരുടെ രണ്ട് പരിപാടികളില്‍ സ്ഥിരമായി കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം പോകാറുണ്ട്. ഒന്ന് യുഎഇയുടെ സ്ഥാപകദിനം, അന്നത്തെ പ്രധാന അതിഥി ഞാനായിരിക്കും. രണ്ടാമത്തേത് കോവളത്ത് പെരുന്നാളിന്റെ ഭാഗമായി നടക്കാറുള്ള ആഘോഷ പരിപാടിയും. അതിലെല്ലാം ഞാന്‍ വൈകിയാണ് എത്താറുള്ളത്. അതിനാലാകും ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നത്. ഒരുതരത്തിലും അവരുടെ തോളില്‍ പിടിക്കുകയോ അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോയുണ്ടെങ്കില്‍ അവര്‍ തന്നെ കൊടുക്കട്ടെ.

സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഞാന്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടാനായി ഒരുമാസക്കാലം നീണ്ടുനിന്ന യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് വാസ്തവമാണ്. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് വലിയ പോരാട്ടം നടത്തിയത് – കടകംപള്ളി പറഞ്ഞു

എതിർ വാദങ്ങൾ സ്വയം തള്ളി ഹൈക്കോടതിയിൽ ഗവർണറുടെ സത്യവാങ്മൂലം

സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതിന് യു.ജി.സി നിയമപ്രകാരമായിരിക്കണം സെര്‍ച്ച് കമ്മിറ്റി രൂപികരിക്കുന്നത് എന്ന നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാമെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി അംഗം ആയിരിക്കുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനം അല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

സെപ്റ്റംബര്‍ പതിമൂന്നിനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ദോത്തവത്തിന്റെ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. രൂപവത്കരണവും, സെര്‍ച്ച് കമ്മിറ്റിയിലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യവും ചട്ടവിരുദ്ധം അല്ലെന്ന് ഇതിൽ പറയുന്നു.

2010 ലേയും, 2013 ലെയും യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച് കമ്മിറ്റിയുടെ രൂപവത്കരണം സര്‍വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ആകാം എന്നാണ് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

അവലംബം പഴയ വിധി

മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ബാബു സെബാസ്റ്റിയന്റെ നിയമനം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ചീഫ് സെക്രട്ടറി സെര്‍ച് കമ്മിറ്റിയിലെ അംഗമാകുന്നത് ശരിവച്ചിരുന്നു. ഒരു എംഎല്‍എ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകുന്നത് ചട്ടവിരുദ്ധമാണെന് വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ നോമിനേറ്റ് ചെയ്തതിനെ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സാധൂകരിക്കുന്നത്.

2010 ലെ യുജിസി ചട്ടങ്ങള്‍ സമയപരിധിക്ക് ഉള്ളില്‍ തന്നെ കേരളം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ 2022 ല്‍ സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്‌സിറ്റി കേസില്‍ സുപ്രീംകോടതി പുറപ്പടിവിച്ച വിധി രാജശ്രീയുടെ കേസിന് ബാധകം അകില്ല. എന്നീ കാര്യങ്ങളും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല കേസിലെ ഈ വിധിയുടെ ചൂണ്ടിക്കാട്ടിയാണ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവായി പ്രഖ്യാപിച്ചിരുന്നത്.

വാട്‌സ് ആപ്പ് നിലച്ചു, പുതു നിര ഫോണുകളിലും പ്രശ്നം

ഉച്ചയ്ക്ക് 12 മണിയോടെ ഒരു വിഭാഗം ഉപഭോക്താക്കളുടെ വാട്‌സ് ആപ്പ് നിലച്ചു. ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചു. പുതിയ തലമുറ ഫോണിൽ ഉൾപ്പെടെയാണ് പ്രശ്നം.

പഴയ ഫോണുകളിൽ നിർത്തലാക്കിയപ്പോൾ പുതിയവയും അകപ്പെട്ടു

ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് ഇന്നു മുതൽ വാട്സ് ആപ്പ് ലഭിക്കാതെ വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പഴയ ഐഫോൺ ഉപയോക്താക്കളിൽ പലർക്കും നേരത്തെ തന്നെ വാട്സ് ആപ്പ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നവയാണ് ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് തുടങ്ങിയവ. ഈ മോഡലുകള്‍ക്കായിരിക്കും പ്രധാനമായും ഈ പ്രശ്നം വരുന്നത്. എന്നാൽ ഇപ്പോൾ ആൻഡ്രോയിഡിലും ഇതേ പ്രശ്നം സംഭവിച്ചിരിക്കയാണ്. ആൻഡ്രോയ്ഡ് വേർഷൻ നാലുവരെയാണ് വാട്സ്ാപ്പ് പ്രവർത്തനം ലഭിക്കില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 10 വരെ വേർഷൻ ഉപയോഗിക്കുന്ന പുതിയ നിര ഫോണുകളിലും പ്രശ്നം സംഭവിച്ചിരിക്കയാണ്.

സാങ്കേതിക പിഴവോ, വിപണിയിലെ വില്പന തന്ത്രമോ

ഇത് വെറും സാങ്കേതിക പിഴവാണ് എന്നാണ് കരുതുന്നത്. എന്നാൽ പഴയ വേർഷനുകളിൽ വാട്സ്ാപ്പ് നിഷേധിച്ചതിന് ഒപ്പം ഓൺലൈൻ സൈറ്റുകൾ വലിയ ഓഫറുകൾ വെച്ചതിന് പിന്നിൽ വില്പന തന്ത്രം സംശയിക്കുന്നവരും ഉണ്ട്.

നിയമിച്ചവർ തന്നെ നിയമനത്തിന് വിശദീകരണം ചോദിക്കുമ്പോൾ എന്തു പറയാനെന്ന് കണ്ണൂർ വി സി

0

സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതിന് വിശദീകരണം നൽകേണ്ടത് ആരാണ്. അത് താന്‍തന്നെയല്ലെന്നും നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍.

‘ഞാന്‍ പറഞ്ഞിട്ടല്ല എനിക്ക് ജോലി തന്നത്. നിയമനം നടത്തുമ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എന്ത് മറുപടിയാണ് നല്‍കേണ്ടത്’ – ഗോപിനാഥ് രവീന്ദ്രന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കയായിരുന്നു ആദ്ദേഹം.

സെര്‍ച്ച് കമ്മിറ്റിയില്ലാതെ തന്നെയാണ് മുമ്പും നിയമനങ്ങൾ നടന്നത്. മുന്‍ സര്‍ക്കാരിൻ്റെ കാലത്തും അതെ. തുടര്‍ന്ന് പോരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നാണ് കരുതുന്നതെന്നും വി.സി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും ബാധകമാവും. കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി കൊടുക്കാന്‍ അഞ്ചാം തീയതി അഞ്ചുമണിവരെ സമയമുണ്ട്. മറുപടി നല്‍കുമെന്നും വി.സി പറഞ്ഞു.

അവധിയിലാണ്, മാറ്റം വേണം

സര്‍വകലാശാലയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോവും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്‍മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ അടിയാണ്. നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.