ദീപാവലി ദിവസം കോയമ്പത്തൂരിൽ നടന്ന പൊട്ടിത്തെറി ആസൂത്രിതമെന്ന് സംശയം

ദീപാവലി ദിവസം കോയമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ കൂടൂതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സംശയം. ഉക്കടത്ത് കാറിലുണ്ടായ സ്‌ഫോടനത്തിൽ തകർന്ന കാറിനകത്ത് മരിച്ചയാളുടെ വീട് പൊലീസ് പരിശോധിച്ചു. ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാലുപേര്‍ എന്തോ പൊതിഞ്ഞനിലയില്‍ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.സ്‌ഫോടനത്തില്‍ മരിച്ച ജമീഷ മുബീന്റെ വീടിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.

ഒരാൾ കസ്റ്റഡിയിൽ,

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ ഈ ദൃശ്യങ്ങളിലുള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ഇതാണ് സംശയം ബലപ്പെടുത്തിയത്.

രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തതായി വാർത്തയുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തിയിട്ടുമുണ്ട്.

എന്‍ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീന് ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2019-ല്‍ എന്‍.ഐ.എ. ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ നേരത്തെ കേസൊന്നും നിലവിലില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ നിന്നും മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് വിലക്കി ഗവർണർ

0

നാല് മാധ്യമങ്ങളെ പ്രത്യേക വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്ര സമ്മേളനം നടത്തിയത് വിവാദത്തിൽ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും ആരോപിച്ചാണ് ബഹിഷ്കരണം.

ഗവർണർ തന്നെ നിർദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയിൽ നൽകിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയിൽ

പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചില വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ താൻ പറയുന്നതിനെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. 

കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഭരണഘടനാ സ്ഥാപനത്തിന് യോജിക്കാത്ത നടപടി – പത്രപ്രവർത്തക യൂണിയൻ

ഗവർണറുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധ കുറിപ്പ് ഇറക്കി. കേരള ഗവർണറുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്.

ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകും എന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.
കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. തൊഴിലിന്റെ ഭാഗമായി വാർത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരെ വേഷം മാറിവരുന്ന വ്യാജന്മാർ എന്ന തരത്തിൽ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരുടെയും കേഡർമാരല്ല. അത്യന്തം ദൗർഭാഗ്യകരമായ ഈ പ്രസ്താവന പിൻവലിക്കണമെന്ന് കെ യു ഡബ്ള്യു ജെ ആവശ്യപ്പെടുന്നു.
രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ.
റിപ്പോർട്ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ ഐക്യം തകർക്കാനുളള നീക്കമായിട്ട് കൂടിയേ ഈ നീക്കങ്ങളെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ യോജിച്ചു നിന്ന് പോരാടും.

ഗവർണറുടെ കസേരയിലിരുന്നു ചെയ്യരുതാത്തത് – വി ഡി സതീശൻ

മാധ്യമങ്ങളോടുള്ള വിവേചനത്തിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. നാല് മാധ്യമങ്ങൾക്ക്  മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ  ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരെയും ഒരു പോലെ കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

പരിഹാസ്യനാകരുത്, ഗവർണറെ ഓർമ്മിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനാകരുതെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിദ്യാർഥികൾ ഉപരി പഠനത്തിന് പുറത്തേക്ക് പോകുന്നു, മദ്യവില്‍പനയില്‍ നിന്നും ലോട്ടറി വില്‍പനയില്‍ നിന്നുമുള്ള നികുതിയാണ് കേരളത്തിൻ്റെ പ്രധാന വരുമാനമാര്‍ഗം എന്നിങ്ങനെ ഗവര്‍ണറുടെ പരിഹാസത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളുടെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാജിവെക്കാനുള്ള ഉത്തരവിനൊപ്പം ഇന്ന് 11 മണിക്ക് രാജി സമർപ്പിച്ചിരിക്കണം എന്ന അന്ത്യ ശാസനവും നൽകിയിരുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.

എണ്ണിപ്പറഞ്ഞ്, പ്രതിരോധിച്ച് പിണറായി

‘കഴിഞ്ഞ ദിവസം കേരള ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ, കേരളത്തിലേക്ക് മറ്റു നിക്ഷേപങ്ങളൊന്നും വരില്ലെന്നും മദ്യവും ലോട്ടറിയുമാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗമെന്നും പരിഹാസരൂപേണ പറഞ്ഞു. ഞാനും ആവര്‍ത്തിക്കുകയാണ് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയത്. – “സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യനാകരുത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്, ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്നാണ്. ഇത് ഗവര്‍ണര്‍ക്ക് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് നോക്കിയാല്‍ തന്നെ അറിയാം, മറ്റുനികുതി വിഭാഗങ്ങള്‍ എക്‌സൈസ് നികുതിയേക്കാള്‍ മുന്നിലാണ് എന്ന് കാണാനാകും”

നമ്മുടെ രാജ്യത്തിന്റെ ഭരണരീതി അനുസരിച്ച് കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതി അധികാരങ്ങളെ നിലവിലുള്ളൂ. മനുഷ്യ ഉപയോഗിത്താനായുള്ള മദ്യവും അതിൻ മേല്‍ നികുതി ചുമത്താനുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും കേരളത്തിനടക്കം നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പലവഴിക്ക് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. ആ ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല’, മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയമായും മുന്നറിയിപ്പ്

കേരളത്തിന്റെ ഉന്നതവിദ്യാഭാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയ വാദത്തിന് തീറെഴുതാന്‍ പല കാരണങ്ങളാല്‍ താത്പര്യമുണ്ടാകാം. എന്നാല്‍ അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായി തന്നെ എതിര്‍ക്കും. കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെല്ലാം പുറത്തേക്ക് പോകുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായതുകൊണ്ടല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഈ രീതിയില്‍ ആലോചിക്കാത്തത്. എന്തിനാണദ്ദേഹം അത് മറച്ചുവെക്കുന്നത്. ഇതിന് മാറ്റംവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാർട്ടി താത്പര്യങ്ങൾ ഒളിച്ചു കടത്തുന്നു

‘സംസ്ഥാന സര്‍ക്കാരിനെ സാധാരണഗതിയില്‍ എന്റെ സര്‍ക്കാര്‍ എന്നാണ് നയപ്രഖ്യാപനത്തിലും മറ്റും ഗവര്‍ണര്‍ അഭിസംബോധന ചെയ്യാറുള്ളത്. അങ്ങനെയുള്ള തന്റെ സര്‍ക്കാരിനെ അവസരം കിട്ടുന്ന എല്ലാ ഘട്ടത്തിലും ഇകഴ്ത്തി കാട്ടാന്‍ അദ്ദഹം എന്താണ് അമിതമായ താത്പര്യം കാണിക്കുന്നത്. സര്‍ക്കാരിലെ മന്ത്രിമാരെ അധിക്ഷേപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഇതെല്ലാം ആരെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന വസ്തുത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയിന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണം. അതിന്റെ ഈര്‍ഷ്യ മാധ്യമങ്ങളോട് അടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കുന്നുമുണ്ട്. താന്‍ ചാന്‍സലറായിട്ടുള്ള ഉന്നതമായ ഗ്രേഡുകള്‍ ലഭിച്ച സര്‍വകലാശാലകള്‍ നിലവാരമില്ലാത്തതാണെന്ന് പറയുന്ന ചാന്‍സലര്‍, ചാന്‍സലറെന്ന പദവിക്ക് യോജിച്ച ആളാണോ? അദ്ദേഹംകൂടി അംഗീകരിച്ച് നിയമിച്ച വൈസ് ചാന്‍സലര്‍മാരെ രായ്ക്കുരാമാനം നീക്കംചെയ്യാനുള്ള ഗവര്‍ണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താനുള്ളതല്ലേ. ഗവര്‍ണറുടെ പ്രീതി എന്നത് ഭരണഘടനയുടെ മൂല്യങ്ങളാലും സ്വാഭാവിക നീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകണം. അതിന് പകരം ചില രാഷ്ട്രീയപാര്‍ട്ടികളുടെ താത്പര്യപ്രകാരം പ്രവര്‍ത്തിക്കുന്നു.

പത്രസമ്മേളനം നടത്തിയും പൊതുസമ്മേളനങ്ങളിലും മന്ത്രിമാരേയും ജനപ്രതിനിധികളേയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേരുന്നതാണോയെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. വിവരമില്ലാത്തവന്‍ എന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. അധിക്ഷേപിക്കുന്നതിന് അദ്ദേഹത്തിന് സാധാരണ ഒരു പരിധിയും ഉണ്ടാകാറില്ല. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. അദ്ദേഹം ആരെയൊക്കെയാണ് അധിക്ഷേപിച്ചിട്ടുള്ളത്? വൈസ് ചാന്‍സര്‍ലമാരെയും ചരിത്രകാരന്‍മാരേയും അധിക്ഷേപിച്ചു.

ഇദ്ദേഹത്തെയാണ് മഹനീയ വ്യക്തിത്വം എന്ന് നമ്മള്‍ വിളിക്കേണ്ടത്. അതില്‍ ആശ്ചര്യമൊന്നുമില്ല. ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. നമ്മുടേത് ഒരു ജനാധിപത്യ സമൂഹം ആയതുകൊണ്ട് പ്രതിഷേധങ്ങള്‍ ഉയരും. അതിനെ അഭിമുഖീകരിക്കേണ്ടി വരും. അത് മനസ്സിലാക്കുന്നത് നല്ലതാണ്. ജുഡീഷ്യറിയുടെ അധികാരംപോലും സ്വയം കയ്യാളാനുള്ള ശ്രമമാണ് നടക്കുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാന്‍സലര്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാന്‍സലര്‍ക്കില്ല. ചാന്‍സലര്‍ എന്നത് സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ അധികാരം ഉള്ളയാളാണ്. അതിന് പുറത്ത് അധികാരമില്ല. കൂടാതെ കേരളത്തിന്റെ ഭരണകാര്യത്തിലും ചാന്‍സര്‍ക്ക് ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ആർക്കും ഇളവില്ല, നേർക്കുനേർ പോരാട്ടത്തിന് ഗവർണർ

സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണറും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.  കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.

രു വിസിയെയും താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവർക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവർണറുടെ വിശദീകരണം. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവെക്കേണ്ടെന്ന് നിർദ്ദേശം നൽകിയത്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാർക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവർക്കും അങ്ങനെ വീണ്ടും വരാം. നോട്ടീസ് നൽകിയിട്ടും രാജി വെക്കാത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ, നവംബർ 3 വരെ സമയം നൽകിയതായും അറിയിച്ചു.

കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്’. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ അലോചിക്കണമയിരുന്നുവെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസി നിയമത്തിന് അനുകൂലമായി അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവർണർ, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.

കാലടി വിസി നിയമനത്തിൽ ഒറ്റ പേര് മാത്രം നൽകിയതിനെ താൻ എതിർത്തിരുന്നുവെന്നും ഗവർണർ വിശദീകരിച്ചു. എം ജി, കാലടി വിസിമാർ അക്കാദമിക് പാണ്ഡിത്യമുള്ളവരാണ്. പക്ഷേ നിയമം അനുസരിക്കാതിരിക്കാൻ കഴിയില്ല. കേരള യൂണിവേഴ്സിറ്റിക്ക് നാല് മാസം മുമ്പ് തന്നെ കത്ത് അയച്ചിരുന്നു. എന്നാൽ അന്ന് അത് തടഞ്ഞു. ഗവർണറെന്ന നിലയിൽ തന്റെ നോമിനിയായി സർക്കാരിന് താൽപര്യമുള്ളയാളെ നിർദേശിക്കാൻ ധനമന്ത്രി ആവശ്യപ്പെട്ടു.  എന്നാൽ എഴുതി നൽകാൻ തയ്യാറായില്ല. സർക്കാർ എല്ലാം ദുരൂഹമായി ചെയ്യാനാണ് ശ്രമിച്ചതെന്നും ഗവർണർ വിമർശിച്ചു. 

സർവ്വകലാശാല വിസിമാരുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിങ്

0

ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ സമയ പരിധി അവസാനിച്ചു. ഒരാളും രാജിവെച്ചില്ല. ഗവര്‍ണറുടെ രാജി ആവശ്യം ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി. ഇന്ന് അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹർജി പരിഗണിക്കും. വൈകീട്ട് നാല് മണിക്ക് പ്രത്യേക സിറ്റിങ് നടത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.

രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാനായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, രാജിക്കില്ലെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖമൂലം അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വിസിമാര്‍ രാജ്ഭവനെ അറിയിട്ടിള്ളത്. എംജി, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാല വിസിമാര്‍ ഒഴികെയുള്ളവരാണ് കത്ത് നല്‍കിയിട്ടുള്ളത്. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.

വി.സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമർശനം ഉയര്‍ത്തി. സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉണ്ടെന്ന് സ്ഥാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവെക്കാന്‍ അനുവദിച്ച സമയം അവസാനിച്ച പശ്ചാത്തലത്തില്‍ തുടര്‍ നടപടികളിലേക്ക് ഗവണര്‍ ഇന്നുതന്നെ കടന്നേക്കും. സുപ്രീംകോടതി വിധി ഉയര്‍ത്തി വി.സിമാരെ പുറത്താക്കാനുള്ള നീക്കം അദ്ദേഹം നടത്തിയേക്കുമെന്നാണ് സൂചന.

രാജ്യത്തിനും മീതെ ഒരു പാർട്ടി, ആ പാർട്ടിക്ക് മുകളിൽ ഒരു നേതാവ് മാത്രം; ചൈനയിലും സർവ്വാധിപത്യം പരക്കുമ്പോൾ

0

“പാർടിയുടെ സൈദ്ധാന്തികവും പ്രായോഗികവും സ്ഥാപനപരവുമായ നവീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഷി ജിൻപിങ്‌ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കും. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള “ഷി ജിൻപിങ് ചിന്ത’ സമകാലിക ചൈനയുടെയും 21––ാം നൂറ്റാണ്ടിന്റെയും മാർക്സിസമാണ്, അത്  ചൈനീസ് സംസ്കാരവും ധാർമികതയും ഉൾച്ചേരുന്നു”-

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങിന് മൂന്നാം തവണയും അധികാരത്തിലേറാനായി വരുത്തിയ ഭരണഘടനാ ഭേദഗതിയിലെ വാചകങ്ങളാണ് ഇവ. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്‍റെ കീഴ്വഴക്കം അവസാനിപ്പിച്ച് മൂന്നാം തവണയും പാർട്ടി തലവനാകാൻ ഇതുവഴി താത്വിക ന്യായമായി. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപത്തെത്താൻ അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങ്ങ് സ്വന്തമാക്കിയത്.

2020 മുതൽ 2035 വരെ സോഷ്യലിസ്റ്റ് നവീകരണം സാക്ഷാൽക്കരിക്കുക, 2035 മുതൽ ഈ നൂറ്റാണ്ടിന്റെ പകുതി വരെ സമ്പന്നവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി പുരോഗമിച്ചതും യോജിപ്പുള്ളതും മനോഹരവുമായ  ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചൈനയെ കെട്ടിപ്പടുക്കുക എന്നിങ്ങനെ രണ്ടുഘട്ടമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി പ്രവർത്തന രേഖിലുള്ളത്.

ഞായറാഴ്‌ച ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂർണ യോഗത്തിലാണ്‌ പൊളിറ്റ്‌ ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്‌. അടുത്ത അഞ്ചു വർഷത്തേക്ക്‌ പാർടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂർണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ്‌ തെരഞ്ഞെടുത്തത്‌. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു.

അധികാരം സൈനിക ബലത്തെയും കേന്ദ്രീകരണത്തെയും മുദ്രാവാക്യമാക്കുമ്പോൾ

ചൈനയിലെ ഒൻപതര കോടി പാർട്ടി അംഗങ്ങളിൽ നിന്നും അരിച്ച് അരിച്ച് അരിച്ച് തെരഞ്ഞെടുത്ത 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സർവാധികാരിയാക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ. പാർട്ടിയും, രാജ്യവും, സൈന്യവും എല്ലാം ഇതോടെ ഒന്നായി.

20 ാം പാർട്ടി കോൺഗ്രസിലെ അവസാന വോട്ടിംഗിന് മുമ്പ് ലോകം കണ്ടത് വെറും പ്രഹസനമോ രാഷ്ട്രീയാധികാരം തിരിഞ്ഞു കുത്തുന്ന വൈരുദ്ധ്യാത്മകതയുടെ ഉദാഹരണ ചിത്രമോ എന്ന് ഇപ്പോഴും ചർച്ച തുടരുകയാണ്.

ക്യമാറകൾക്കും മാധ്യമ പ്രവർത്തകർക്കും അനുവദനീയമായ സെഷനായിരുന്നു. അവിടെ പ്രസിഡന്‍റ്  ഷീ യോട് എന്തോ പറയാൻ മുൻഗാമി ഹു ജിൻ്റാവോ ശ്രമിക്കുന്നതായി കാണാം. മുന്നിലുളള പേപ്പർ എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ വന്ന് ഹു ജിന്‍റാവോയെ തോളിൽ പിടിച്ച് ഉയർത്തി. തടയാൻ ശ്രമിച്ചിട്ടും ഹു പറഞ്ഞ എന്തോ കാര്യം മുഖം കൊടുക്കാതെ ഷീ തലയാട്ടുന്നു.

തൊട്ടപ്പുറത്ത് ശിഷ്യൻ ലീ കെക്വാങ്ങ് ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പുറത്ത് ഒന്ന് തട്ടി ഹു പുറത്തു പോയി. മാധ്യമങ്ങൾക്ക് ക്ഷണം അനുവദിച്ച സെഷനിൽ 100 കണക്കിന് ക്യാമറാ കണ്ണുകൾക്ക് മുന്നിലായിരുന്നു ഈ അത്യസാധാരണ സംഭവം. ഇറക്കിവിടലിന്‍റെ കാരണം 24 മണിക്കൂർ കഴിഞ്ഞിട്ടും ചൈന വിശദീകരിച്ചിട്ടില്ല.

ഇതേ ദിവസം തന്നെ കോൺഗ്രസ് യോഗത്തിൽ ഹു അനുയായിയും പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തിയതും കൂട്ടി വായിക്കപ്പെട്ടു. ലീ കൂടി ഒതുക്കപ്പെടുന്നതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി പക്ഷ മേധാവിത്തം പൂർണ്ണമാക്കപ്പെടുകയാണ്.

തുറന്ന വിപണിയുടെ വക്താവായിരുന്ന ലീ കെക്വാങ്ങ് ആശയ യുദ്ധത്തിന് തുടക്കമിട്ടിരുന്നു. പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ചൈനീസ് ഭരണത്തിൽ ലിക്കണോമിക്സും (LICONOMICS) ഷിക്കണോമിക്സും (XICONOMICS) തമ്മിലുള്ള ആശയ സംഘർഷം കൂടി പരസ്യമായി പുറത്ത് വരികയാണ്.

രാജ്യത്തിന് മീതെ ഒരു പാർട്ടി. ആ പാർട്ടിക്ക് മീതെ ഒരു നേതാവ്. വാ തുറന്നാൽ പുറത്ത്. അല്ലെങ്കിൽ രാജ്യദ്രോഹക്കുറ്റം, എന്നിങ്ങനെ അധികാരം സർവ്വശക്തരാൽ സംതൃപ്തരാക്കപ്പെട്ട ജനങ്ങളുടെ വിധേയത്വത്തിൻ്റെ അവസ്ഥ വെളിപ്പെടുത്തുകയാണ്.

മകനോടൊപ്പം ബൈക്കിൽ പോകവെ വസ്ത്രം കുരുങ്ങി വീട്ടമ്മ മരിച്ചു

0

ഇടുക്കി അടിമാലിയിൽ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ചക്രത്തിൽ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക് പോകുന്ന റോഡിലാണ് അപകടം.

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. കുരുങ്ങി വീണ മെറ്റില്‍ഡയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയതായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ മകനൊപ്പം ബൈക്കില്‍ കയറി. ഷാൾ പിന്നിലെ ചക്രത്തിൽ കുരുങ്ങി വീണു. തലയടിച്ച് വീണാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

ബൈക്കിൽ കയറുമ്പോൾ യാത്ര തുടങ്ങും മുൻപേ വസ്ത്രങ്ങൾ ഒതുക്കുക

ബൈക്കിൽ സാരിയും ഷാളും കുരുങ്ങിയുണ്ടാവുന്ന അപകടങ്ങൾ വർധിക്കയാണ്. പലപ്പോഴും കുഞ്ഞുങളുമായി പോകുന്നവർ വരെ ഇത്തരത്തിൽ വസ്ത്രം കരുങ്ങാനുള്ള സാധ്യത തിരക്കിൽ ശ്രദ്ധിക്കാറില്ല. പിൻ ചക്രത്തിൽ വസ്ത്രം കുരുങ്ങിയാൽ കഴുത്തിൽ ശരീരത്തിൽ മുറുകിയും തലയടിച്ച് വീണും അപകടം പതിവാണ്. നേരത്തെ കുടയുമായി ബൈക്കിൽ കയറിയുണ്ടാവുന്ന അപകടങ്ങൾ ആവർത്തിച്ചിരുന്നു. ഇത് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ കുറഞ്ഞു. പക്ഷെ അയഞ്ഞ വസ്ത്രങ്ങൾ കുരുങ്ങാനുള്ള സാധ്യത പലപ്പോഴും പരിഗണിക്കാതെ പോകുന്നത് അപകടം വരുത്തുന്നു.

“സ്വപ്ന ബിജെപിയുടെ ദത്തു പുത്രി; സ്വബോധമുള്ള മന്ത്രിമാർ ആരെങ്കിലും അങ്ങിനെ ചെയ്യുമോ” ലൈംഗിക ചുവയുള്ള ആരോപണങ്ങൾക്കെതിരെ തോമസ് ഐസക്

സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്‍റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. സ്വപ്‍ന ബിജെപിയുടെ ദത്തുപുത്രിയെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‍ന സുരേഷ്  ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്തെന്നായിരുന്നു സ്വപ്‍നയുടെ ആരോപണം. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

‘ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും  ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറ‌ഞ്ഞു. കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യു എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം ഫസ്ട്രേഷനുകള്‍ ഉള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന പറ‌ഞ്ഞിരുന്നു. 

കുറ്റാന്വേഷണ മികവിൽ കേരളാ പൊലീസ് ഒന്നാമത് – മുഖ്യമന്ത്രി

0

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കുറ്റാന്വേഷണ മികവിൽ കേരളാപൊലീസ് രാജ്യത്ത് ഒന്നാമതാണ്. കാര്യക്ഷമതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. വർഗീയധ്രുവീകരണ ശ്രമങ്ങൾ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയർത്തിപ്പിടിച്ചുകൊണ്ട് ഇടപെടാൻ പൊലീസിന് കഴിഞ്ഞു. ദുരന്തനിവാരണ-രക്ഷാപ്രവർത്തന രംഗത്തും പൊലീസ് ജനങ്ങളോട് കൈകോർത്തു.

പുകഴ്ത്തിയും മുന്നറിയിപ്പ് നൽകിയും മുഖ്യൻ

പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേർപ്പെടുന്നവർ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്. അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സേനയിൽ സ്ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷണ നടപടികളുണ്ടാവും. മികച്ച റെക്കോർഡുള്ള കേരള പൊലീസിനെ പൊതുജന മധ്യത്തിൽ തരംതാഴ്ത്തുന്ന ഏത് നീക്കത്തെയും കർക്കശമായി നേരിടും. ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. അതിനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. അതിന് മുതിരുന്നവർക്കെതിരെ കർശന നടപടി എടുക്കും.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുൻപായി രാജിവെക്കുക, ഒമ്പത് സർവ്വകലാശാല വിസിമാർക്കും ഗവർണറുടെ കല്പന

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടും രാജിവെക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഒരു ഗവർണർ ഇങ്ങനെ ഒരു കല്പന പുറപ്പെടുവിക്കുന്നത്. യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയാണ് ഉത്തരവിന് പിൻബലം. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന കല്പനയാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.

രാജിവെക്കാൻ ആവശ്യപ്പെട്ടവരിൽ തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ളയും ഉൾപ്പെടുന്നു. ഒമഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയാണ് ഉത്തരവിന് പിൻബലം

പ്രതികരണം ആർ എസ് എസ് ബ്രാൻ്റിങിൽ ഒതുക്കി സി പി എം

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തരവിനെതിരെ സി പി എം പ്രസ്താവന ഇറിക്കി. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഎം പ്രതികരിച്ചു.

“തെറ്റു തിരുത്തൽ” സ്വാഗതം ചെയ്ത് കോൺഗ്രസ്

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത്‌ പ്രതിപക്ഷം. ചെയ്ത തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു. 

കേരളത്തിൽ ശശി തരൂർ ഗ്രൂപ്പോ ? തരൂരിനിവിടെ എന്തു കാര്യം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ പുതിയൊരു ഗ്രൂപ്പ് ചർച്ച കൊഴുക്കുന്നു. മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശശി തരൂരിന്റെ മൈലേജ് ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ ഗ്രൂപ്പും ഉയര്‍ന്നുവരുന്നു എന്നാണ് ചർച്ച .

ഗാന്ധി കുടുംബത്തിന്റെ അനൗദ്യോഗിക പിന്തുണയില്‍ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരേ 1072 വോട്ടുകളാണ് തരൂര്‍ നേടിയത്. കേരളത്തിൽ കോൺഗ്രസ് അണികൾക്കിടയിലും പാര്‍ട്ടിക്കുള്ളിലും അദ്ദേഹത്തിന് ദൃശ്യമായ സ്വാധീനമുണ്ട്. പരാജയപ്പെട്ടതിന് ശേഷവും തരൂരിനെതിരേ പരസ്യവിമര്‍ശനവുമായി കേരളത്തിലെ നേതാക്കൾ രംഗത്ത് ഇറങ്ങുന്നതിൽ സ്വന്തം അണികളുടെ രാഷ്ട്രീയ സ്വപ്നങ്ങളെ കുറിച്ച് ആശങ്കയുണ്ട്.

പുതിയതായി ഒന്നും നൽകാനില്ലാതായിപ്പോയ നേതാക്കൾക്ക് സ്വാഭാവികമാണ് ഈ ആശങ്ക. ശശി തരൂർ കോൺഗ്രസിന് നെഹ്റുവീയൻ പിന്തുടർച്ചയുടെ ഒരു സ്വപ്ന പ്രതീക്ഷ പകർന്നു നൽകുന്നുണ്ട്. വിശേഷിച്ചു ലോകത്തിലെ പുതിയ രാഷ്ടീയ പ്രവർത്തന മാതൃകകളും പുതു നിലവാരവും ഏറ്റവും അടുത്ത് പരിചയിച്ച കേരളത്തിനും മലയാളി യുവത്വത്തിനും.

ആശങ്കയിൽ കാര്യമുണ്ട്. പക്ഷെ ശശി തരൂരിന് എന്തു കാര്യം

കോഴിക്കോട് നിന്ന് എം.കെ രാഘവന്‍, കെ.സി അബു എന്നിവരും എറണാകുളത്ത് നിന്ന് ഹൈബി ഈഡനും പത്തനംതിട്ടയില്‍ നിന്ന് മോഹന്‍രാജും തരൂരിന്റെ തോല്‍വിക്ക് ശേഷവും അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബറിടങ്ങളിലും തരൂര്‍ തന്നെയാണ് താരം.

‘ഷമ്മി തന്നെയാടാ ഹീറോ’ എന്നായിരുന്നു തരൂരിന്റെ തോല്‍വിക്ക് ശേഷം ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. യുവാക്കളും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരടക്കമുള്ളവരും വലിയ ആവേശത്തോടെയാണ് ഹൈബി ഈഡന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.

തരൂരായിരുന്നു മികച്ചതെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ വോട്ടുകിട്ടുമായിരുന്നല്ലോ എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ തരൂരിനെ പരസ്യമായി വെല്ലുവിളിച്ചു.  തരൂര്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കാമെന്ന സൂചനയാണ് അവരിൽ ആശങ്ക നിറയ്ക്കാം.

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘമെന്ന് വിലയിരുത്തപ്പെടുന്ന ജി-23 നേതാക്കളില്‍പ്പെട്ട യുവ തലമുറയിൽ നിന്നാണ് ശശി തരൂർ. എന്നാൽ സ്വന്തം സംഘത്തിന്റെ പോലും പിന്തുണ ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് നിലവിൽ കണ്ടത്. തരൂരിന് പിന്തുണ കൊടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ അപ്രമാദിത്വം നഷ്ടപ്പെടുമെന്ന തോന്നൽ കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കുള്ളത് സ്വാഭാവികമാവാം. തരൂരിന് പിന്തുണ കൂടിയാല്‍ പാര്‍ട്ടിയുടെ മേലുള്ള മേൽക്കൈ നഷ്ടമാവാം എന്നത് ഒന്നും വിശേഷിച്ച് പ്രതീക്ഷിക്കാനില്ലാത്ത ഇക്കാലത്ത് വലിയ നെഞ്ചിടിപ്പാണ്.

തരൂർ ഗ്രൂപ്പ് എന്തിന് തരൂരിന്

തരൂരിന് കേരളത്തിൽ ഒരു ഗ്രൂപ്പ് എന്തിനാണ്. ഗ്രൂപ്പിനപ്പുറം ഒരു പുതുതലമുറ രാഷ്ട്രീയ പ്രവർത്തന ശൈലിക്കും അടിത്തറയ്ക്കും കൊതിക്കുന്നവരുണ്ട്. അവരിലാണ് കണ്ണ് . പക്ഷെ കോൺഗ്രസിന്റെ പതിവ് മെക്കാനിസം അതിനെയും ഗ്രൂപ്പാക്കി ചമയ്ക്കുമോ .

അതല്ല എങ്കിൽ വലിയ ഒരു പരിവർത്തനത്തിന് നേതൃത്വം കൊടുക്കാൻ തരൂരിനാവണം. അതിനാവശ്യമായ ശേഷി ചെറുതല്ല.