സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ സ്വന്തം പേര് വെളിപ്പെടുത്തി യുവതി

ഇരയാക്കപ്പെട്ട യുവതിയുടെ സ്വന്തം വാക്കുകളിലുള്ള പ്രതികരണം കേരള പോസ്റ്റ്. ഓൺലൈൻ പ്രസിദ്ധപ്പെടുത്തുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം
പ്രിയരേ,
അസ്വസ്ഥതയുടെ ദിനരാത്രങ്ങള്‍ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവില്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയാവുന്ന ഭാഷയിലെ വാക്കുകള്‍ക്ക് പ്രാപ്തിയില്ല. വളരെക്കാലത്തിന് ശേഷം ആശ്വാസമെന്തെന്ന് അറിയുകയാണ്. ഇത് സാമൂഹിക നീതിയുടെ വിജയം. ഭരണഘടന ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കിയ നിമയത്തിന്റെ സംരക്ഷണം. സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് ആത്മാഭിമാനം പണയപ്പെടുത്തി സമൂഹത്തില്‍ ഉയര്‍ച്ചയും അംഗീകാരവും ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ആത്മധൈര്യം നല്‍കിയ വിധി. ഇതേ കേസിന് മുന്‍പുണ്ടായ വിധിയില്‍ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം ഞാന്‍ ഇപ്പോള്‍ വീണ്ടെടുക്കുന്നു. ഉന്നതബന്ധങ്ങളോ സ്വാധീനമോ പ്രിവിലേജോ ഇല്ലാത്ത സമൂഹത്തില്‍ ജനിച്ച് എഴുത്തിന്റെ ലോകത്ത് കൂടുതലായി ഇടപഴകാന്‍ ആഗ്രഹിച്ച എനിയ്ക്ക്, എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും ഇത്തരമൊരനുഭവം ഉണ്ടാകരുത്. പൊതുസമൂഹം നല്‍കുന്ന പ്രിവിലേജുകളില്ലെന്ന മുന്‍വിധിയോടെ, ധരിച്ച വസ്ത്രം നോക്കി സ്ത്രീയെ അളക്കുന്ന, പുരോഗമന ചിന്താഗതി എന്നാല്‍ സ്ത്രീകളെ കണ്‍സെന്റില്ലാതെ ആക്രമിക്കാമെന്ന മനോഭാവത്തോടെ ഒരു സ്ത്രീയെയും ചൂഷണം ചെയ്യാന്‍ ഇനി മേലില്‍ ഒരു പുരുഷനും മുതിരരുത്. അത്തരക്കാര്‍ക്കുള്ള ഒരു പാഠമായിരിക്കട്ടെ ഈ വിധി.

ഇത്രകാലം ആരെന്നുപോലുമറിയാതെ എന്നെ കേട്ടതിന് നന്ദി. ഈ സംഭവത്തിനു മേലുണ്ടായ നിരവധി സംവാദങ്ങളില്‍ ഒരു വ്യക്തി എന്ന നിലയില്‍ സമൂഹത്തിനുമുമ്പില്‍ മുഖമോ ശബ്ദമോ ഇല്ലാതെ അധിക്ഷേപിക്കപ്പെടുമ്പോള്‍ ഈ പ്രശ്‌നത്തിന്റെ നിജസ്ഥിതി പൊതുസമൂഹത്തിനോട് പങ്കുവെയ്ക്കാന്‍ എനിക്ക് ഒരു സ്‌പേസ് തന്ന് സഹായിച്ചവരോട് നന്ദി രേഖപ്പെടുത്തുകയാണ്. ഇപ്പോള്‍ എന്റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാന്‍ ചുമന്ന അതിനെതിരായുള്ള എന്റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാന്‍ മന:പൂര്‍വ്വം മറന്നുകളയുന്നു. ഇതിന്റെ പേരില്‍ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാന്‍ തയാറായിരിക്കുന്നു. ഈ സംഭവത്തില്‍ അനുകൂലമായ ഒരു വിധി വന്നു കഴിഞ്ഞാല്‍ ഈ മറഞ്ഞിരിക്കല്‍ അവസാനിപ്പിക്കണമെന്ന് മുമ്പേ തീരുമാനിച്ചതാണ്.

കഴിഞ്ഞ ഏപ്രില്‍ 17 ന് ഈ സംഭവം നടന്നത് മുതല്‍ പിന്നീട് പുറത്തുപറഞ്ഞതിന് ശേഷം ഇതുവരെ സാംസ്‌കാരിക കേരളം ഈ വിഷയത്തില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നടത്തി. നിങ്ങള്‍ ഇത്രയും കാലം തേടിയ, കണ്ടെത്തിയ, പിന്തുണച്ച, വഞ്ചിച്ച , പരിഹസിച്ച, ശാസിച്ച, ഉപദേശിച്ച, കുറ്റപ്പെടുത്തിയ, പ്രതിസന്ധിയിലാക്കിയ ആ ദലിത് സ്ത്രീമുഖം ഈയുളളവളാണ്. സിവിക് അല്ലാത്ത സിവിക് ചന്ദ്രനെതിരെ ആദ്യമായി പോലീസില്‍ പരാതി നല്‍കിയത് ഞാനാണ്. 75 വയസ്സുള്ള അയാള്‍ ഇത്രയും കാലം നിരവധി സ്ത്രീകളെയാണ് ഇത്തരത്തില്‍ അപമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ ആരും അയാള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല. അത്രയേറെ പൊതുസമ്മതനായിരുന്നു അയാള്‍. അതിന്റെ കാരണം പാഠഭേദം മാസികയിലൂടെ അയാള്‍ നടത്തിയ ഗീര്‍വ്വാണങ്ങള്‍. സ്ത്രീപക്ഷവാദിയെന്നും ദലിത് സംരക്ഷകനെന്നും നടിച്ച് അയാള്‍ ചെയ്തു കൂട്ടിയ പ്രവര്‍ത്തനങ്ങള്‍. സ്വന്തം ആശയങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്ത കപട ദലിത് ഫെമിനിസ്റ്റ് മൃദുലാദേവിയുടെ നിരുപാധികമായ പിന്തുണ. അറിയപ്പെടുന്ന അക്കാദമിക് പണ്ഡിതയായ ഡോ. ജെ. ദേവികയുടെ കടുത്ത സപ്പോര്‍ട്ടോടു കൂടിയ ‘അറക്കല്‍’ നീതി. അയാളുടെ ശ്രമദാനം കൊണ്ട് ഉയര്‍ന്നുവന്ന ചില സാഹിത്യകാരികള്‍/ കാരന്‍മാര്‍, ആക്റ്റിവിസ്റ്റുകള്‍, കവികള്‍, സമാന രീതിയില്‍ പെരുമാറുന്നവര്‍ ഇത്യാദി ഇരട്ടത്താപ്പുകാര്‍. സിവിക് ചന്ദ്രന്‍ സാമൂഹികപരിഷ്‌കര്‍ത്താവും കലക്ടറും കോളേജ് അധ്യാപികയുമായ മക്കളുടെ പിതാവും എന്ന നിലയ്ക്ക് ഇത്തരമൊരു അതിക്രമം നടത്താന്‍ ഇടയില്ലെന്നും ഇത് കേവലം tarnish മാത്രമാണെന്ന് പറഞ്ഞുകൊണ്ട് എസ് എസ്ടി അട്രോസിറ്റി ആക്ട് തകിടം മറിച്ച കോഴിക്കോട് സെഷന്‍സ് കോടതി വിധി നല്‍കിയ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയ ഈ വേളയില്‍ ഒരു കാര്യം കൂടി പറഞ്ഞുനിര്‍ത്തുന്നു.

പാഠഭേദം എഡിറ്റര്‍ മൃദുലാദേവി ദലിത് സമൂഹത്തിനോട്, സ്ത്രീകളോട് മാപ്പുപറയുക. കാലങ്ങളായി ദലിത് സ്ത്രീകളെ മാനിപ്പുലേറ്റ് ചെയ്തുകൊണ്ടിരുന്ന സിവിക് ചന്ദ്രനെതിരെ കൃത്യമായ തെളിവുകളുണ്ടായിട്ടും വ്യാജ ICC ക്കുള്ളില്‍ ഒതുക്കി അയാളെ പിന്തുണച്ച് രക്ഷിക്കാന്‍ ശ്രമിച്ച് പരാതി കൊടുത്ത എന്നെ സംശയത്തില്‍ നിര്‍ത്തി സിവിക് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പാഠഭേദത്തിന്റെ എഡിറ്റര്‍ഷിപ്പില്‍ ഇപ്പോഴും തുടരുന്ന അവര്‍ ദലിതര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സംസാരിക്കാന്‍ അര്‍ഹതയില്ല എന്ന് മനസ്സിലാക്കാനുള്ളതുകൂടിയാണീ വിധി.

ഇത്തരമൊരു വിധി പ്രഖ്യാപിച്ച് ദളിത് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിച്ച ബഹുമാനപ്പെട്ട കോടതിക്ക് നന്ദി. ഈ പോരാട്ടത്തില്‍ എന്നോടൊപ്പമുള്ള മുഴുവന്‍ പേരെയും ഈ വേളയില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു. അതിജീവിത ഐക്യദാര്‍ഢ്യ സമിതി, ഫെമിനിസ്റ്റ് ലോയേഴ്‌സ് കലക്ടീവ് തുടങ്ങി ഞാന്‍ ഒരിക്കല്‍ പോലും കാണുകയോ നേരിട്ട് അറിയുകയോ ചെയ്യാത്ത നീതിക്ക് വേണ്ടി സംസാരിച്ച ഒരുപാട് മനുഷ്യരുണ്ട്… ഈ വിജയം നിങ്ങളുടേതാണ് നീതിയുടേതാണ്. ഇത് സത്യം തുറന്നുപറയാനാകാതെ ജീവിക്കുന്ന, പോരാടുന്ന എല്ലാ അതിജീവിതമാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഒപ്പം നിന്നവര്‍ക്ക് നന്ദി. എന്നെ വിശ്വസിച്ചതിന്. സിവിക് ലൈംഗികാതിക്രമം നടത്തിയെന്ന് രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും അയാളെ മഹത്വവത്കരിച്ച് പിന്തുണച്ചവര്‍ക്കും നന്ദി. മനുഷ്യരെ മനസിലാക്കാന്‍ ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്, നിങ്ങളെ ഏറ്റവും നന്നായി മനസിലാക്കാന്‍ അവസരം തന്നതിന്…

പോരാട്ടം നിലയ്ക്കുന്നില്ല! അഭിവാദ്യങ്ങള്‍

സസ്‌നേഹം
ലിസ പുല്‍പറമ്പില്‍

വാഗ്ദാനങ്ങൾ പാലിക്കാനായില്ല: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വെച്ചു

0

ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ്ട്രസിന്റെ രാജി വെച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾ ഉൾക്കൊണ്ടാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബ്രിട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം തന്നെ നികുതി വെട്ടിക്കുറക്കുമെന്നും രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പം കുറക്കുമെന്നും വാഗ്ദാനം ചെയ്താണ് ലിസ്ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായത്. എന്നാൽ വാഗ്ദാനം പാലിക്കാനായില്ല. അധികാരത്തിലേറി 45ാം ദിവസം പണപ്പെരുപ്പം മൂലം അവർ രാജിവെച്ചു.

തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ട് ലിസ്ട്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബ്രിട്ടനിൽ പണപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഉയർന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്. ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും അടുത്തിടെ ലിസ് ട്രസ് തുറന്നുപറഞ്ഞിരുന്നു

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.

സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും പരാതിക്കാരിയും നൽകിയ ഹര്‍ജിയിലാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്.

ഏപ്രില്‍ 17-ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തെ, പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം പിന്നാലെ ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.

ഹിജാബ് ധരിക്കാതെ കായിക മത്സരത്തിൽ പങ്കെടുത്ത വനിതാ താരത്തിന് വൻ വരവേൽപ്; പിന്നാലെ കൂടി മത പൊലീസ്

0

മത ഭരണകൂടത്തെ കൂസാതെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന കായിക മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കടുത്ത ഇറാനില്‍ നിന്നുള്ള ക്ലൈമ്പിങ് താരം എല്‍നാസ് റെഖാബിയ്ക്ക് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ ജനകീയ വരവേല്‍പ്പ്.

ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട് ക്ലൈമ്പിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് എല്‍നാസ് റെഖാബി ഹിജാബ് ധരിക്കാതെ മത്സരിച്ചത്. വിമാനത്താവളത്തിന് പുറത്ത് ഒരുമിച്ച് കൂടിയ ജനക്കൂട്ടം ആര്‍പ്പുവിളികളോടെയാണ് താരത്തെ സ്വീകരിച്ചത്.

മത്സരം കഴിഞ്ഞയുടനെ 33 കാരിയായ റെഖാബിയെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. പതിനായരങ്ങൾ സ്വീകരിക്കാൻ എത്തി എങ്കിലും മത ഭരണകൂടത്തിൻ്റെ വിചാരണയ്ക്ക് വേധേയമാവേണ്ടി വരും എന്നാണ് വാർത്തകൾ. ഇവരെ വിമാനത്താവളത്തിൽ നിന്നും അധികാരികൾ ഇടപെട്ട് അജ്ഞാതമായ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും വാർത്തകളുണ്ട്.

ഇത് ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചാണെന്ന് കാണിച്ച് ഇറാന്‍ ഗവണ്‍മെന്റ് താരത്തെ തിരിച്ചുവിളിച്ചിരുന്നു. ഹിജാബ് ധരിക്കാതെ മത്സരത്തിന് ഇറങ്ങിയത് മന:പൂര്‍വ്വമല്ലെന്നും തന്റെ നടപടികള്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ക്ക് പറയേണ്ടി വന്നു.

താരത്തിന്റെ ഫോണും പാസ്‌പോര്‍ട്ടും അധികൃതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് ഇറാന്‍ എംബസിയുടെ വിശദീകണം.

എയര്‍പോര്‍ട്ടില്‍ എത്തിയ മാധ്യമങ്ങളോടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലെ വാക്കുകള്‍ തന്നെയാണ് എല്‍നാസ് ആവര്‍ത്തിച്ചത്. തന്നെ അപ്രതീക്ഷിതമായി മത്സരത്തിന് വിളിച്ചെന്നും ധൃതിയില്‍ ഹിജാബ് മറന്നതാണെന്നുമാണ് എല്‍നാസിന്റെ വിശദീകരണം. എന്നാൽ പ്രതിഷേധത്തിൻ്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് ജനക്കൂട്ടം ഒന്നായി എത്തി.

പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കാനായി പുറപ്പെട്ട കശ്മീരി പത്രപ്രവർത്തകയെ വിമാനത്താവളത്തിൽ തടഞ്ഞു

യാത്രാ രേഖകളും മതിയായ രേഖകളും ഉണ്ടായിട്ടും പുലിസ്റ്റർ പുരസ്കാര ജേതാവായ കശ്മീരി മാധ്യമപ്രവർത്തയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. അവാർഡ് സ്വീകരിക്കാനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത്.

പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകാനെത്തിയതായിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ യാത്ര വിലക്കിയത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.

‘കാരണമില്ലാതെ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്’, സന്ന പറഞ്ഞു.

റോയിട്ടേഴ്‌സിനുവേണ്ടി സന്ന പകര്‍ത്തിയ കോവിഡ് മഹാമാരിയുടെ തീവ്രത തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു അവരെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. ബേർഡ് ഐ ഷോട്ടുകൾ പ്രസിദ്ധമായിരുന്നു. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്നത്. 2018 മുതല്‍ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റായാണ് സന്ന പ്രവര്‍ത്തിച്ചുവരുന്നത്.

മാധ്യമ ലോകത്ത് ആശങ്ക

കഴിഞ്ഞ മാസം വാഷിങ്ടൺ പോസ്റ്റ് ലേഖിക റാണ അയൂബിനെ മുംബെ വിമാനത്താവളത്തിൽ സമാനമായ രീതിയിൽ തടഞ്ഞു വെച്ചിരുന്നു. ഏപ്രിലിൽ അംനെസ്റ്റി ഇൻറർ നാഷണൽ ഇന്ത്യ തലവൻ അഖർ പട്ടേലിനെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു വെച്ച സംഭവവും വാർത്തയായി. എമ്മി പുരസ്കാര ജേതാവ് അംഗദ് സിങ് സമാനമായ രീതിയിൽ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ തിരിച്ചു പോയിരുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ശവശരീരങ്ങൾ ഒഴുകി നടന്നത് ചിത്രീകരിച്ചു. കർഷക സമരം റിപ്പോർട്ട് ചെയ്തു എന്നിങ്ങനെ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിച്ച വ്യക്തികളാണ്. നരവംശ ശാത്രജ്ഞൻ ഫിലിപ്പോ ഒസല്ലയെ ഇന്ത്യയിൽ പ്രവേശനിക്കാനനുവദിക്കാതെ തടഞ്ഞതും ലോക മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

പത്ര സ്വാതന്ത്ര്യ പട്ടികയിൽ കൂപ്പുകുത്തി

ഇൻ്റർ നാഷണൽ പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഈ വർഷം 142 ൽ നിന്നും 150 ലേക്ക് താഴ്ന്നിരുന്നു. ലോകത്തിലെ 180 രാജ്യങ്ങളെ ലിസ്റ്റ് ചെയ്തപ്പോഴാണ് ഇത്. റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് ലിസ്റ്റിങ് പ്രകാരമാണിത്.

ദുൽഖർ,ദുർഗകൃഷ്ണ മികച്ച അഭിനേതാക്കൾ ആവാസ വ്യൂഹം സിനിമ- ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു

0

45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനായും ‘ഉടലി’ലെ പ്രകടനത്തിന് ദുർഗകൃഷ്ണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മാർട്ടിൻ പ്രക്കാട്ട് ആണ് മികച്ച സംവിധായകൻ. ചിത്രം ‘നായട്ട്’.കൃഷാന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ആവാസവ്യൂഹ’മാണ് മികച്ച സിനിമ.(45th kerala film critics awards)

മികച്ച രണ്ടാമത്തെ ചിത്രം ‘മിന്നിൽ മുരളിയും. ജനപ്രിയ ചിത്രം ‘ഹൃദയ’വുമാണ്. മികച്ച സഹനടനായി ഉണ്ണി മുകുന്ദനും (മേപ്പടിയാൻ) സഹനടിയായി മഞ്ജു പിള്ളയും (ഹോം) തെരഞ്ഞെടുക്കപ്പെട്ടു.

സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ജോഷിക്ക് നൽകും. ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സുരേഷ് ഗോപിക്കും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

പുരസ്കാര പട്ടിക

മികച്ച രണ്ടാമത്തെ ചിത്രം: മിന്നൽ മുരളി
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: ബേസിൽ ജോസഫ്
മികച്ച രണ്ടാമത്തെ നടൻ : ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ)
മികച്ച രണ്ടാമത്തെ നടി : മഞ്ജു പിള്ള (ഹോം)
മികച്ച ബാലതാരം : മാസ്റ്റർ ആൻ മയ് (എന്റെ മഴ), മാസ്റ്റർ അഭിമന്യു (തുരുത്ത്)
മികച്ച തിരക്കഥ: ജീത്തു ജോസഫ് (ദൃശ്യം2), ജോസ് കെ. മാനുവൽ (ഋ)
മികച്ച ഗാനരചയിതാവ് : ജയകുമാർ കെ. പവിത്രൻ (എന്റെ മഴ)
മികച്ച സംഗീത സംവിധാനം: ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം, മധുരം)
മികച്ച പിന്നണി ഗായകൻ : സൂരജ് സന്തോഷ് (ഗഗനമേ – മധുരം)
മികച്ച പിന്നണി ഗായിക : അപർണ രാജീവ് (തിര തൊടും തീരം മേലെ – തുരുത്ത്)
മികച്ച ഛായാഗ്രാഹകൻ : അസ്ലം കെ. പുരയിൽ (സല്യൂട്ട്)
മികച്ച ചിത്രസന്നിവേശകൻ : പ്രജീഷ് പ്രകാശ് (ഹോം)
മികച്ച ശബ്ദലേഖകൻ : ഡാൻ ജോസ് (സാറാസ്)
മികച്ച കലാസംവിധായകൻ : മനു ജഗത് (മിന്നൽ മുരളി)
മികച്ച മേക്കപ്പ്മാൻ : ബിനോയ് കൊല്ലം (തുരുത്ത് )
മികച്ച വസ്ത്രാലങ്കാരം: അരുൺ മനോഹർ (സബാഷ് ചന്ദ്രബോസ്)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം

മികച്ച നവാഗത പ്രതിഭകൾ

സംവിധാനം: സാനു ജോൺ വർഗീസ് (ആർക്കറിയാം), ഫാ വർഗീസ് ലാൽ (ഋ), ബിനോയ് വേളൂർ (മോസ്‌കോ കവല), കെ.എസ്. ഹരിഹരൻ (കാളച്ചേകോൻ), സുജിത് ലാൽ (രണ്ട്)

സംവിധായക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: വി.സി അഭിലാഷ് (സബാഷ് ചന്ദ്രബോസ്)
ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ചലച്ചിത്രം (സംവിധാനം – അബ്ദുൽ ഗഫൂർ)

ലഹരിവിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: കോളജ് ക്യൂട്ടീസ് (സംവിധാനം – എ.കെ.ബി കുമാർ)

നിർമ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ശാന്ത മുരളി (സാറാസ്), മാത്യു മാമ്പ്ര (ചെരാതുകൾ).

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം

ഭീമൻ രഘു (കാളച്ചേകോൻ), പ്രിയങ്ക നായർ (ആമുഖം), കലാഭവൻ റഹ്‌മാൻ (രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചിത്രം : രണ്ട്, റെഡ് റിവർ), ശ്രുതി രാമചന്ദ്രൻ (മധുരം), രതീഷ് രവി (ധരണി), അനൂപ് ഖാലിദ് (സിക്‌സ് അവേഴ്‌സ്).

ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ലേഖ ബി. കുമാർ (കോളജ് ക്യൂട്ടീസ്)
ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ. മേദിനി (തീ )
ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം : ഉണ്ണി മടവൂർ (ഹോളി വൂണ്ട്)
വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ധരണി (സംവിധാനം – ശ്രീവല്ലഭൻ), ഹോളി വൂണ്ട് (സംവിധാനം – അശോക് ആർ. നാഥ്), ആ മുഖം (സംവിധാനം – അഭിലാഷ് പുരുഷോത്തമൻ)

പ്രതിരോധ രംഗത്ത് ഗുജറാത്ത് പ്രധാന കേന്ദ്രമാവും- പ്രധാനമന്ത്രി

0

ഗുജറാത്തിലെ ഡീസ പ്രദേശത്ത് നിര്‍മാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുധനാഴ്ച ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രതിരോധമേഖലയുടെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്നും രാജ്യസുരക്ഷയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സംസ്ഥാനത്തിനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘പുതിയ വ്യോമതാവളത്തിന്‍റെ നിര്‍മാണത്തില്‍ ജനങ്ങള്‍ ഏറെ ആഹ്‌ളാദചിത്തരാണ്. അതിര്‍ത്തിയില്‍നിന്ന് 130 കിലോ മീറ്റര്‍ മാത്രമാണ് ഡീസയിലേക്കുള്ള അകലം. പദ്ധതി നടപ്പിലാവുന്നതോടെ വ്യോമസേനക്ക് രാജ്യത്തിന്റെ പശ്ചിമഭാഗത്തുനിന്നുള്ള ഏതു ഭീഷണിയേയും ഉത്തമമായി പ്രതിരോധിക്കാനാകും’, ഗുജറാത്തിയില്‍ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് മോഡി പറഞ്ഞു

മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിമാനത്താവളനിര്‍മാണത്തിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദസര്‍ക്കാരിന്റെ അനാസ്ഥ മൂലം വര്‍ഷങ്ങളോളം പദ്ധതി വൈകി. താന്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ പ്രതിരോധസേനയിലെ അംഗങ്ങളുടെ സ്വപ്നം സഫലമാകാന്‍ പോകുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

ദയാബായി നിരാഹാരം അവസാനിപ്പിച്ചു

0

എൻഡോസൾഫാൻ ഇരകൾക്ക് നീതി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റങ്ങൾ വരുത്തിയതിന് തുടർച്ചയായാണ് തീരുമാനം. അവസാനിപ്പിക്കുന്നത് നിരാഹാരം മാത്രമാണെന്നും ദയാബായി പറഞ്ഞു. ആവശ്യങ്ങൾ നടപ്പിലാകുന്നത് വരെ പോരാട്ടം തുടരും.

ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയായിരുന്നു. 

എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മികച്ച ചികിൽസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി സമരം ശക്തമാക്കി.സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഐക്യദാർഢ്യ ഉപവാസം. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എൻഡോ സൾഫാൻ ഇരകളെ പങ്കെടുപ്പിച്ച് ബഹുജന മാർച്ചും സംഘടിപ്പിക്കും.

ശശി തരൂരിന് 1072 പേരുടെ പിന്തുണ, വൻ ഭൂരിപക്ഷത്തിൽ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

0

 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചു. 1072 വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.

ശശി തരൂർ കോൺഗ്രസിലെ ജനാധിപത്യം നിലനിൽക്കുന്നു എന്നു കാണിക്കാനുള്ള പടയാളിയായി. ഇതര പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നെല്ലാം വ്യത്യസ്തമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അധ്യക്ഷൻ എന്ന ബഹുമതി കൂടി മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് സ്വന്തമായി.

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷപദവിയിലേക്ക് എത്തി. അതേ കുടുംബത്തിന്റെ വിശ്വസ്തനാണ് പകരം വരുന്നത്. സുതാര്യ തിരഞ്ഞെടുപ്പാണ് നടന്നത് എങ്കിലും ഔദ്യോഗിക പരിവേഷം ഖാര്‍ഗെയ്ക്ക് തന്നെയായിരുന്നു.

ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു തിരഞ്ഞെടുപ്പിൻ്റെ ഓളം നിലനിർത്തിയിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചത് ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്. ഇത് വെറും മത്സരം എന്ന പ്രതീതിയെ കുറച്ചു.

ഖാർഗെ മുന്നിൽ നിൽക്കും

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

നിയമസഭയിലേക്കേും ലോക്‌സഭയിലേക്കുമായി 12 തവണ തിരഞ്ഞെടുപ്പിനെ നേരിട്ടു. 2019-ൽ മാത്രമാണ് പരാജയം ഏറ്റത്. 1972ല്‍ ആദ്യമായി മത്സരിച്ചത് മുതല്‍ 2008വരെ തുടര്‍ച്ചയായി ഒമ്പത് തവണ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവരണ സീറ്റായ ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായ വിജയം. ഒരു തവണ ചിതാപുരില്‍ നിന്ന് ജയിച്ചു. 2009ലും 2014ലും ഗുല്‍ബര്‍ഗയില്‍ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2019-ല്‍ സ്വന്തം ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. തുടര്‍ന്നാണ് രാജ്യസഭയിലെത്തിയത്. കേന്ദ്രമന്ത്രിയായും കര്‍ണാടകത്തില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവും രാജ്യസഭയിലെ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്നു.

രാഹുൽ ഗാന്ധി

കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. തന്റെ നിർദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ഖർഗേയും തരൂരും മിടുക്കരാണ്. കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാൻ അർഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുൽ പറഞ്ഞു. 

മാധ്യമ പ്രവർത്തകൻ ബഷീറിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയതായ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും വിടുതൽ

 മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരായ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി എന്ന കുറ്റത്തിൽ നിന്നും കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലായ് 20-ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല, താന്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നുമായിരുന്നു ശ്രീറാം കോടതിയില്‍ പറഞ്ഞത്. ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

രണ്ടുപ്രതികളുടെയും വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സംഭവത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ വൈദ്യപരിശോധന വൈകിപ്പിച്ചതും ആദ്യഘട്ടത്തില്‍ വഫയാണ് വാഹനമോടിച്ചതെന്ന മൊഴി നല്‍കിയതും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.